എം. ടി. യുടെ സ്ത്രീകൾ

ഗോപിക വിശാലം (എം. എ. മലയാളം വിദ്യാർത്ഥി, എസ്. ബി. കോളേജ്)

ലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ് എം. ടി. വാസുദേവൻ നായർ.കാലം എത്ര മുന്നോട്ടുപോയാലും അദ്ദേഹത്തിന്റെ രചനകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ വികാരങ്ങളും ബന്ധങ്ങളുടെ സങ്കീർണ്ണതകളും സമൂഹത്തിന്റെ യാഥാർഥ്യങ്ങളും അതീവ ലാളിത്യത്തോടെയും ആഴത്തോടെയും അവതരിപ്പിക്കാൻ എം.ടിക്ക് കഴിഞ്ഞിട്ടുണ്ട്. എം.ടിയുടെ കഥാലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ് അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങൾ. അവർ കഥയുടെ അലങ്കാരങ്ങളല്ല; ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പേറുന്ന, സ്വന്തം വികാരങ്ങളും സ്വപ്നങ്ങളും സംഘർഷങ്ങളും നിശ്ശബ്ദമായ പ്രതിരോധങ്ങളും ഉള്ള മനുഷ്യരാണ്. ഓരോ സ്ത്രീ കഥാപാത്രവും വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ സമൂഹത്തെയും മനുഷ്യബന്ധങ്ങളെയും വായനക്കാരന് പുതിയ കാഴ്ചപ്പാടിൽ കാണിച്ചുതരുന്നു.ഈ ലേഖനം എം. ടി. വാസുദേവൻ നായരുടെ കഥകളിലെ തിരഞ്ഞെടുത്ത അഞ്ച് സ്ത്രീ കഥാപാത്രങ്ങളും അവരുടെ സ്വഭാവവും മാനസികലോകവും സാമൂഹിക സ്ഥാനവും സാഹിത്യപ്രാധാന്യവും വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ്. എം. ടി. വാസുദേവൻ നായരുടെ സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങൾ, മാനസിക സംഘർഷങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, വ്യക്തിത്വത്തിന്റെ വികാസം എന്നിവ വിശകലനം ചെയ്യുന്നതിലൂടെ എം.ടിയുടെ സ്ത്രീകഥാപാത്ര സൃഷ്ടിയുടെ ആഴവും വൈവിധ്യവും വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. എം. ടി. വാസുദേവൻ നായരുടെ സ്ത്രീ കഥാപാത്രങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും സാമൂഹിക പശ്ചാത്തലത്തിന്റെയും തുടർച്ചകളാണ്. അദ്ദേഹം വളർന്നുവന്ന കേരളീയ സമൂഹത്തിൽ സ്ത്രീകൾ പലപ്പോഴും അടിച്ചമർത്തപ്പെട്ടവരും, സാമൂഹിക ആചാരങ്ങളുടെയും കുടുംബവ്യവസ്ഥയുടെയും ചട്ടക്കൂടിൽ ശബ്ദമില്ലാത്തവരായി ജീവിക്കാൻ നിർബന്ധിതരുമായിരുന്നു. എം. ടി. വാസുദേവൻ നായരുടെ സ്ത്രീ കഥാപാത്രങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും സാമൂഹിക പശ്ചാത്തലത്തിന്റെയും തുടർച്ചകളാണ്. അദ്ദേഹം വളർന്നുവന്ന കേരളീയ സമൂഹത്തിൽ സ്ത്രീകൾ പലപ്പോഴും അടിച്ചമർത്തപ്പെട്ടവരും, സാമൂഹിക ആചാരങ്ങളുടെയും കുടുംബവ്യവസ്ഥയുടെയും ചട്ടക്കൂടിൽ ശബ്ദമില്ലാത്തവരായി ജീവിക്കാൻ നിർബന്ധിതരുമായിരുന്നു. ഈ യാഥാർഥ്യങ്ങളെ അടുത്തറിഞ്ഞ എം. ടി. തന്റെ രചനകളിൽ സ്ത്രീകളെ വെറും സഹകഥാപാത്രങ്ങളായി അവതരിപ്പിച്ചില്ല. ജീവിതത്തിന്റെ ഭാരം പേറുന്നവരും, തങ്ങളുടെ ഉള്ളിൽ സംഘർഷങ്ങളും സ്വപ്നങ്ങളും പ്രതിരോധങ്ങളും സൂക്ഷിക്കുന്നവരുമായ മനുഷ്യരായാണ് അദ്ദേഹം അവരെ ചിത്രീകരിച്ചത്. അബലയായി തോന്നുന്നവളും, സാധാരണക്കാരിയായ സ്ത്രീയും, പ്രതിസന്ധികളെ അതിജീവിക്കുന്ന ശക്തയായ സ്ത്രീയും അദ്ദേഹത്തിന്റെ കഥകളിൽ ഒരുപോലെ ഇടംപിടിക്കുന്നു.

എന്ന് സ്വന്തം ജാനകിക്കുട്ടി

എം. ടി. വാസുദേവൻ നായർ തിരക്കഥ രചിക്കുകയും ഹരിഹരൻ സംവിധാനം ചെയ്യുകയും ചെയ്ത 1998-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ മലയാള ചലച്ചിത്രമാണ് എന്റെ സ്വന്തം ജാനകിക്കുട്ടി. എം.ടിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ നടി ജോമോൾ അവതരിപ്പിച്ച ജാനികിക്കുട്ടിയാണ് കേന്ദ്രകഥാപാത്രം, ചിത്രം ബാല്യവും കൗമാരവും, ഏകാന്തതയും, ഭാവനയും, സ്ത്രീമനസ്സിന്റെ സൂക്ഷ്മ വികാരങ്ങളും അതീവ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്നു. കേന്ദ്രകഥാപാത്രമായ ജാനകിക്കുട്ടിയിലൂടെ ഒരു പെൺകുട്ടിയുടെ ആന്തരിക ലോകവും അവൾ അനുഭവിക്കുന്ന അവഗണനയും സ്നേഹത്തിനായുള്ള ആഗ്രഹവും സാമൂഹിക സാഹചര്യങ്ങളും ചിത്രം സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. ജാനകിക്കുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അസാധാരണമൊന്നുമല്ല; ഓരോ കൗമാരക്കാരിയും കടന്നുപോകുന്ന സ്വാഭാവികമായ ശാരീരികവും മാനസികവുമായ പരിവർത്തനങ്ങളാണ് അവയും. എന്നാൽ ആ മാറ്റങ്ങളെക്കുറിച്ച് അവളോട് തുറന്നു സംസാരിക്കാനോ, അവളുടെ ആശയക്കുഴപ്പങ്ങൾ മനസ്സിലാക്കാനോ, സ്നേഹപൂർവം ചേർത്ത് നിർത്താനോ കുടുംബത്തിൽ ആരും തയ്യാറാകുന്നില്ല. അതിന്റെ ഫലമായി, അവൾ തന്റെ വികാരങ്ങളുമായി തനിച്ചാകുന്നു. കൗമാരത്തിൽ സ്വാഭാവികമായി ഉടലെടുക്കുന്ന ഇഷ്ടങ്ങളും ആകർഷണങ്ങളും പോലും അവൾക്ക് സ്വന്തം ഇച്ഛപ്രകാരം ജീവിക്കാൻ കഴിയുന്നില്ല. അന്യപുരുഷനോട് തോന്നുന്ന സ്നേഹവും ആഗ്രഹവും സ്വന്തം സഹോദരിയുടെ ജീവിതത്തിനുവേണ്ടി അവൾ ത്യജിക്കേണ്ടിവരുന്നു. വീട്ടിലെ മൂത്ത സഹോദരിമാർ രഹസ്യങ്ങൾ പങ്കുവെക്കുമ്പോൾ, “ഇവൾ ഇപ്പോഴും കുഞ്ഞാണ്” എന്ന പേരിൽ അവളെ അകറ്റിനിർത്തുന്നു. അതേസമയം, “നീ ഇപ്പോൾ വലിയ കുട്ടിയാണ്” എന്ന പേരിൽ മാതാപിതാക്കൾ അവളിൽ പക്വതയും അനുസരണയും മാത്രം പ്രതീക്ഷിക്കുന്നു. കുട്ടിയെന്ന നിലയിൽ അംഗീകരിക്കപ്പെടാനും മുതിർന്നവളെന്ന നിലയിൽമനസ്സിലാക്കപ്പെടാനും കഴിയാതെ, ഈ രണ്ടിനുമിടയിൽ കുടുങ്ങിപ്പോകുന്ന ഒരു
കൗമാരമനസ്സാണ് ജാനകിക്കുട്ടിയുടേത്.

ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ സ്വന്തം അസ്തിത്വം എന്താണെന്നും താൻ ആരാണെന്നും അന്വേഷിച്ചുകൊണ്ടാണ് ജാനകിക്കുട്ടി മുന്നോട്ടുപോകുന്നത്. അത്തരമൊരു ഏകാന്തതയിൽ, അവളുടെ സാങ്കൽപ്പിക ലോകത്തിലെ കുഞ്ഞാത്തോൾ ഒരു യക്ഷി മാത്രമല്ല; അവളെ കേൾക്കുന്ന, മനസ്സിലാക്കുന്ന, ആശ്വസിപ്പിക്കുന്ന ഒരു ആത്മസുഹൃത്തും മാനസിക ആശ്രയവുമാണ്. അതുകൊണ്ടുതന്നെ ജാനകിക്കുട്ടി ഒരു സിനിമയിലെ കഥാപാത്രം മാത്രമായി ഒതുങ്ങുന്നില്ല. ബാല്യത്തിൽ നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്രയിൽ അവഗണനയും ഏകാന്തതയും തിരിച്ചറിയലിനായുള്ള അന്വേഷണവും അനുഭവിക്കുന്ന അനേകം പെൺകുട്ടികളുടെ പ്രതിനിധിയായി അവൾ മാറുന്നു. ജാനകിക്കുട്ടിയിലൂടെ എം. ടി. വാസുദേവൻ നായർ കൗമാരത്തിന്റെ സങ്കീർണ്ണമായ മനോലോകത്തെയും ഒരു പെൺകുട്ടിയുടെ വളർച്ചയുടെ നിശ്ശബ്ദ വേദനകളെയും അത്യന്തം സൂക്ഷ്മമായി ആവിഷ്കരിക്കുന്നു.

എം. ടി. വാസുദേവൻ നായരുടെ പരിണയം

വ്യക്തിയുടെ മനഃസംഘർഷങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും ചരിത്രത്തിന്റെ നിഴലുകളും ഒരുപോലെ ഇടംപിടിക്കുന്ന, അത്തരത്തിൽ കേരളത്തിന്റെ സാമൂഹികചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നായ “സ്മാർത്തവിചാരം“എന്ന ആചാരത്തെ ആസ്പദമാക്കി രചിച്ച തിരക്കഥയാണ് പരിണയം. ഹരിഹരൻ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മോഹിനി അവതരിപ്പിച്ച ഉണ്ണിമായ അന്തർജനം എന്ന കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. പിതൃാധിപത്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും സ്ത്രീശരീരത്തിന്മേലുള്ള സാമൂഹിക നിയന്ത്രണത്തിന്റെയും ശക്തമായ വിമർശനമാണ്. ഒരു വ്യക്തിയുടെ ദുരന്തത്തെ അവതരിപ്പിക്കുന്നതിനപ്പുറം, ഒരു കാലഘട്ടത്തിന്റെ അനീതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും സിനിമ തുറന്നുകാട്ടുന്നു. അറുപത് വയസ്സിനോടടുത്ത പ്രായമുള്ള നമ്പൂതിരി തന്റെ മൂന്നാം ഭാര്യയായി ഉണ്ണിമായ അന്തർജനത്തെ സ്വീകരിക്കുന്നു. യൗവനത്തിന്റെ പ്രസരിപ്പും വേദങ്ങളിലും ശാസ്ത്രങ്ങളിലും പ്രാവീണ്യവുമുള്ള, ബുദ്ധിയിലും സംസ്കാരത്തിലും മുന്നിട്ടുനിൽക്കുന്ന സ്ത്രീയാണ് ഉണ്ണിമായ. എന്നാൽ സമൂഹം അവൾക്ക് നൽകുന്നത് സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല; മറിച്ച് പിതാവിന്റെ പ്രായമുള്ള ഒരാളുടെ ഭാര്യയാകാനുള്ള വിധിയാണ്. വ്യക്തിയുടെ ആഗ്രഹങ്ങളെക്കാൾ ജാതിയും ആചാരവുമായിരുന്നു അന്നത്തെ സമൂഹത്തിൽ പ്രധാനം. വിവാഹശേഷം അധികം താമസിയാതെ നമ്പൂതിരി മരണപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ വിധവയാകേണ്ടിവന്ന ഉണ്ണിമായയുടെ ജീവിതം അതോടെ കൂടുതൽ ദുസ്സഹമാകുന്നു. വിധവയ്ക്ക് പുനർവിവാഹത്തിനോ സ്വന്തം ജീവിതം പുനർനിർമിക്കാനോ അവകാശമില്ലാത്ത സമൂഹത്തിലാണ് അവൾ ജീവിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ അവൾ ഒരു യുവ കഥകളിക്കാരനുമായി പ്രണയത്തിലാവുകയും പിന്നീട് അദ്ദേഹവുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ആ ബന്ധത്തിന്റെ ഫലമായി അവൾ ഗർഭിണിയാകുന്നു. എന്നാൽ ഉണ്ണിമായ ചെയ്തതിനെ വെറും വ്യക്തിപരമായ തെറ്റായി മാത്രം കാണാൻ കഴിയില്ല. ദാമ്പത്യജീവിതത്തിന്റെ സ്നേഹവും മാനസിക അടുപ്പവും ശാരീരിക സംതൃപ്തിയും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ സ്വാഭാവികമായ മനുഷ്യവികാരങ്ങളുടെ പ്രകടനമായാണ് അതിനെ വായിക്കേണ്ടത്. പക്ഷേ അന്നത്തെ സമൂഹം അതിനെ അംഗീകരിച്ചില്ല. ഒരു വിധവ ഗർഭിണിയാകുക എന്നത് നമ്പൂതിരി സമൂഹത്തിന്റെ കണ്ണിൽ പൊറുക്കാനാവാത്ത കുറ്റമായിരുന്നു. അങ്ങനെ ഉണ്ണിമായ സ്മാർത്തവിചാരണയ്ക്ക് വിധേയയാകുന്നു. ഈ ഘട്ടത്തിൽ ഏറ്റവും വേദനാജനകമായ മറ്റൊരു യാഥാർഥ്യം കൂടി എം. ടി. അവതരിപ്പിക്കുന്നു. ജീവിതം മുഴുവൻ വിശ്വസിച്ച പ്രണയിതാവ് പോലും അവളെ സംരക്ഷിക്കാൻ മുന്നോട്ടുവരുന്നില്ല. എല്ലാ കുറ്റവും ഉണ്ണിമായയുടെ ചുമലിൽ മാത്രം വീഴുന്നു. എന്നാൽ
താത്രിക്കുട്ടിയെപ്പോലെ മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്തി പ്രതികാരം ചെയ്യാനോ അവൾ ശ്രമിക്കുന്നില്ല. അപമാനവും ഒറ്റപ്പെടലും നിശ്ശബ്ദമായി ഏറ്റുവാങ്ങി സമൂഹത്തിന്റെ പുറത്തേക്കുള്ള യാത്രയാണ് അവൾ തിരഞ്ഞെടുക്കുന്നത്. ഇവിടെയാണ് പരിണയം ഒരു വ്യക്തിയുടെ കഥയിൽ നിന്ന് സമൂഹത്തിന്റെ ചരിത്രമായി മാറുന്നത്. എന്തുകൊണ്ടാണ് ഉണ്ണിമായയെപ്പോലെ വിദ്യാഭ്യാസവും ബുദ്ധിശക്തിയും വ്യക്തിത്വവുമുള്ള ഒരു സ്ത്രീ പോലും ഇത്തരമൊരു ക്രൂരമായ വിചാരണയ്ക്ക് ഇരയാകേണ്ടി വന്നത്? അതിന്റെ ഉത്തരം സമൂഹം തന്നെ സൃഷ്ടിച്ച പിതൃാധിപത്യ വ്യവസ്ഥയിലാണ്. ‘അന്തർജനം’ എന്ന പദം തന്നെ സ്ത്രീയെ വീടിന്റെ ഉള്ളറകളിൽ ഒതുക്കി ജീവിക്കേണ്ടവളായി നിർവചിക്കുന്നു. അവൾക്ക് സ്വന്തം ഇച്ഛകളോ സ്വപ്നങ്ങളോ ശരീരത്തിന്മേലുള്ള അവകാശമോ അനുവദിക്കപ്പെട്ടിരുന്നില്ല. അതേസമയം പുരുഷന് ഒന്നിലധികം വിവാഹങ്ങൾ കഴിക്കാനും, മറ്റു ബന്ധങ്ങൾ സ്ഥാപിക്കാനും സമൂഹം അനുമതി നൽകിയിരുന്നു. എന്നാൽ സ്ത്രീയുടെ ജീവിതത്തിന് മേമേൽ കർശനമായ ധാർമ്മിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുരുഷന്റെ തെറ്റുകൾ സമൂഹം മറച്ചുവെച്ചപ്പോൾ സ്ത്രീയുടെ ജീവിതം മുഴുവൻ ശിക്ഷിക്കപ്പെട്ടു. ഈ ഇരട്ടനീതിയെയും സ്ത്രീയുടെ മനുഷ്യാവകാശങ്ങൾ നിഷേധിച്ച സാമൂഹിക വ്യവസ്ഥയെയുമാണ് എം. ടി. വാസുദേവൻ നായർ പരിണയം എന്ന തിരക്കഥയിലൂടെ ശക്തമായി വിമർശിക്കുന്നത്. എന്നിരുന്നാലും, പരിണയം ദുരന്തത്തിൽ അവസാനിക്കുന്ന കഥയല്ല. എല്ലാ അപമാനങ്ങളെയും ഒറ്റപ്പെടലുകളെയും അതിജീവിച്ച്, സ്വന്തം ജീവിതത്തെ സ്വയം തിരഞ്ഞെടുക്കുന്ന ഉണ്ണിമായ അന്തർജനത്തിന്റെ ധീരമായ തീരുമാനത്തിലൂടെയാണ്
എം. ടി. കഥയ്ക്ക് സമാപനം കുറിക്കുന്നത്. സമൂഹം അവളെ കുറ്റക്കാരിയാക്കി വിധിച്ചപ്പോഴും, അവളുടെ ഗർഭത്തിൽ വളരുന്ന കുഞ്ഞിനെ അതിന്റെ പിതാവ് നിഷേധിച്ചപ്പോഴും, സ്വന്തം പിതാവും സമൂഹവും അവളെ കൈവിട്ടപ്പോഴും, ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ ഉണ്ണിമായ തയ്യാറാകുന്നില്ല. സമൂഹത്തിന്റെയോ ജാതിയുടെയോ അംഗീകാരത്തേക്കാൾ ഒരു ജീവന്റെ മൂല്യമാണ് അവൾ തിരഞ്ഞെടുക്കുന്നത്. സമുദായത്തിൽനിന്ന് പുറത്താക്കപ്പെടുമെന്ന ഭീഷണിയെയും സാമൂഹിക അപമാനത്തെയും അവൾ ഭയപ്പെടുന്നില്ല. മറിച്ച്, ഒരു അമ്മയായും ഒരു മനുഷ്യസ്ത്രീയായും തന്റെ കുഞ്ഞിനെ വളർത്തി ജീവിക്കാനുള്ള ധൈര്യമാണ് അവൾ പ്രകടിപ്പിക്കുന്നത്. ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രമാണ് കുഞ്ഞുണ്ണി. മനോജ് കെ. ജയൻ അവതരിപ്പിച്ച ഈ കഥാപാത്രം കഥയിൽ മാനവികതയുടെ പ്രതിനിധിയായി
നിലകൊള്ളുന്നു. സമൂഹം ഉണ്ണിമായയെ കുറ്റവാളിയായി മുദ്രകുത്തുമ്പോൾ, അവളെ മനസ്സിലാക്കാനും അവളുടെ മനുഷ്യാവകാശത്തെ അംഗീകരിക്കാനും ശ്രമിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് കുഞ്ഞുണ്ണി. ഉണ്ണിമായയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചമായി അദ്ദേഹം മാറുന്നു. എന്നിരുന്നാലും, പരിണയം ഒടുവിൽ ഉയർത്തിക്കാട്ടുന്നത് കുഞ്ഞുണ്ണിയുടെ കരുണയല്ല; ഉണ്ണിമായയുടെ ആത്മധൈര്യമാണ്. സമൂഹം വിധിച്ച എല്ലാ ശിക്ഷകളെയും അതിജീവിച്ച്, സ്വന്തം ജീവിതത്തിന്റെയും മാതൃത്വത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്ത്രീയായാണ് അവൾ മാറുന്നത്. അതുകൊണ്ടുതന്നെ ഉണ്ണിമായ ഒരു ഇര മാത്രമല്ല; പിതൃാധിപത്യ വ്യവസ്ഥയെ തന്റെ ജീവിതംകൊണ്ട് ചോദ്യം ചെയ്യുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ്. ഒരു സ്ത്രീയുടെ നിശ്ശബ്ദമായ അതിജീവനത്തിന്റെയും സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെയും ശക്തമായ പ്രഖ്യാപനമാണ് എം. ടി. വാസുദേവൻ നായർ പരിണയം എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്.

Hot this week

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

Topics

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...

വിപ്ലവം,വിഷാദം, വിട – ഒഴുക്കിന്റെ കബനി ചുവപ്പുകൾ

ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന്...

‘പ്രെക്കേറിയറ്റ് വർഗം’ മാർക്സിയൻ കാഴ്ചപ്പാട്

അനിശ്ചിതാവസ്ഥയിലുള്ളത് എന്നർഥം വരുന്ന Precarious (‘പ്രെക്കേറിയസ്') എന്ന പദവും , തൊഴിലാളിവർഗ്ഗം...

ഹിഡുംബിയുടെ പുനർവായന വർത്തമാനകാലത്തിൽ

  യുവ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സിന്ദൂരിയുടെ "ഹിഡുംമ്പി" എന്ന നോവൽ വായിക്കുകയുണ്ടായി ഇതിഹാസത്തിൽ...

8 വർഷങ്ങൾക്ക് ശേഷവും ‘തുമ്പട്’ നമ്മളെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ട് ?

2018 അവസാനത്തോടെ തിയറ്റർ റിലീസായ 'തുമ്പട് 'എന്ന ഹിന്ദിചലച്ചിത്രം ഭാവനയും ,കാല്പനികതയും...
spot_img

Related Articles

Popular Categories

spot_imgspot_img