ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

സുരേഷ് കോടൂര്‍

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത് ഇന്ന് ഒരു അവശ്യ സേവനം ആയിത്തീ൪ന്നിരിക്കുന്നു. ഓൺലൈൻ ക്ലാസുകൾ മുതൽ പല സ൪ക്കാ൪ സേവനങ്ങൾക്കും വരെ ഇന്റർനെറ്റ് നി൪ബന്ധമായിരിക്കുന്നു. വിവര ശേഖരണം മുതൽ അഭിപ്രായ ആവിഷ്കാരത്തിനും ജനാധിപത്യ പ്രതിഷേധങ്ങൾക്കും വരെ ഒഴിച്ചുകൂടാനാവാത്ത പ്ലാറ്റ്ഫോം ആയിരിക്കുന്നു ഇന്റർനെറ്റ്. ഡിജിറ്റൽ സേവനങ്ങളും പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനുള്ള സൌകര്യവും അവയുടെ ലഭ്യതയും സൈബ൪ ലോകത്തേക്കുള്ള കണക്റ്റിവിറ്റിയും ജീവിത ഗുണനിലവാരത്തെ (quality of life) നി൪ണയിക്കുന്ന സുപ്രധാന ഘടകങ്ങളായിരിക്കുന്നു. അന്തസ്സോടെ ജീവിക്കാനും, അഭിപ്രായം പറയാനും, അറിവ് നേടാനുമുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണ് ആധുനിക ലോകത്ത് ഇന്റർനെറ്റ് എന്നത്.

ഈ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി സുപ്രധാനമാവുന്നത്. ഒക്ടോബർ 15-ന് പുറപ്പെടുവിച്ച ഒരു നി൪ണായക വിധിയിലാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ ജെ. ബി. പർദിവാലയും കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ആർട്ടിക്കിൾ 19(1)(a) അഭിപ്രായപ്രകടനത്തിനും സംസാരസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നൽകുന്നു. ഈ രണ്ട് ഭരണഘടനാവ്യവസ്ഥകളുമായി ബന്ധപ്പെടുത്തിയാണ് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശത്തെ സുപ്രീംകോടതി മൗലികാവകാശമായി പ്രഖ്യാപിച്ചത്. Just Rights for Children Alliance versus S. Harish എന്ന കേസിലാണ് രാജ്യത്തെ ഉന്നത കോടതിയുടെ ഈ പ്രഖ്യാപനം ഉണ്ടായത്. ഇതിനു മു൯പ് 2020ൽ സുപ്രീം കോടതി മറ്റൊരു കേസില്‍ ഇന്റര്‍നെറ്റ് വഴിയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും, വാണിജ്യപരമായ പ്രവര്‍ത്തനങ്ങൾക്കും ഒക്കെ പരിരക്ഷ നല്‍കിയിരുന്നെങ്കിലും അന്ന് ഇന്റ൪നെറ്റ് ഉപയോഗിക്കാനുള്ള അവകാശം ഒരു മൌലികാവകാശമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴത്തെ വിധി ആ ചോദ്യത്തിനാണ് ഉത്തരം നല്‍കിയിരിക്കുന്നത്.

ഇവിടെ കൗതുകകരമായ ഒരു കാര്യം, ഈ കേസ് ആരംഭിച്ചത് ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തവരുടെ പ്രശ്നം പരിഗണിക്കാനായിരുന്നില്ല എന്നതാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നത് തടയുന്നതിലും അത്തരം ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലും പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലുമായിരുന്നു കേസിന്റെ പ്രധാന ശ്രദ്ധ. എന്നാൽ, കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ പേരിൽ അവരെ ഇന്റർനെറ്റിൽനിന്ന് പൂർണമായി അകറ്റിനിർത്തുന്നത് ശരിയായ പരിഹാരമല്ലെന്ന് കോടതി വ്യക്തമാക്കി. കാരണം, ഇന്റർനെറ്റ് ഇന്ന് വിനോദത്തിനുള്ള ഒരു മാധ്യമം മാത്രമല്ല. വിദ്യാഭ്യാസത്തിനും വിവരങ്ങൾ അറിയുന്നതിനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും സമൂഹത്തിൽ സജീവമായി പങ്കെടുക്കുന്നതിനും അതിന് നിർണായകമായ പങ്കുണ്ട് എന്നാണു കോടതി അഭിപ്രായപ്പെട്ടത്. അപകടസാധ്യതയുണ്ടെന്ന കാരണത്താൽ ഒരു അവകാശം തന്നെ നിഷേധിക്കാനാവില്ല. പകരം, അപകടങ്ങളെ നേരിടാനുള്ള ഫലപ്രദമായ സുരക്ഷാസംവിധാനങ്ങളാണ് സൃഷ്ടിക്കേണ്ടത് എന്നതാണ് കോടതി പറഞ്ഞതിന്റെ പൊരുൾ. ഇന്റർനെറ്റ് ലഭ്യതയുടെ പ്രശ്നം സാങ്കേതികവിദ്യയുടെ മാത്രം പ്രശ്നമല്ല. അത് അവസരങ്ങളുടെ തുല്യതയുടെയും സാമൂഹിക നീതിയുടെയും കൂടി പ്രശ്നമാണ്.

ഇന്റർനെറ്റ് മൗലികാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചതുകൊണ്ട് മാത്രം എല്ലാവർക്കും സൗജന്യ ഇന്റർനെറ്റ് ലഭിക്കുമെന്ന് അർത്ഥമില്ല. അതുപോലെ, ഓരോ സ്ഥലത്തും അതിവേഗ കണക്ഷൻ ഉടൻ ഉറപ്പാക്കപ്പെടും എന്നും പറയാനാവില്ല. എന്നാൽ ഡിജിറ്റൽ സൗകര്യങ്ങളിലേക്കുള്ള പ്രവേശനം ജനങ്ങൾക്ക് നിഷേധിക്കപ്പെടുമ്പോൾ, അതിന്റെ ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഗൗരവമായി പരിശോധിക്കേണ്ട സാഹചര്യം ഈ വിധി ശക്തിപ്പെടുത്തുന്നു. പ്രത്യേകിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭരണകൂടം തങ്ങള്‍ക്കെതിരെയുള്ള സമരങ്ങളെയും പ്രക്ഷോഭങ്ങളെയും നേരിടാനുള്ള ഒരു മാര്‍ഗമായി ഇന്റര്‍നെറ്റ് നിരോധനം വ്യാപകമായ ഉപയോഗിക്കുന്ന സാഹചര്യത്തിൽ. കാശ്മീരിലും, മണിപ്പൂരിലും, ദല്‍ഹിയിലും, മറ്റ് പല സംസ്ഥാനങ്ങളിലും  ഒക്കെ ഇന്റര്‍നെറ്റ് നിരോധന൦ ആവര്‍ത്തിച്ച് നടപ്പിലാക്കുന്നതിനു രാജ്യം സാക്ഷിയായിട്ടുണ്ട്. ഇത്തരുണത്തിലാണ് സുപ്രീം കോടതിയുടെ വിധി പ്രധാനമാവുന്നത്.

2025ൽ ഇന്റർനെറ്റ് നിരോധനത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് രണ്ടാമതായിരുന്നു. 65 പ്രാവശ്യമാണ് 2025ൽ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് shutdown ഉണ്ടായത്. മ്യാന്‍മ൪ മാത്രമായിരുന്നു 2025ൽ ഇന്ത്യക്ക് മുന്നിൽ. 2025ൽ ലോകത്താകമാനം ഉണ്ടായ ഇന്റര്‍നെറ്റ് shutdownന്റെ 21ശതമാനവും ഇന്ത്യയിലായിരുന്നു. ലോകത്തെ ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്റര്‍നെറ്റ് നിരോധനം ഉണ്ടാവുന്ന രാജ്യമാണ് ഇന്ത്യ. 2023ൽ 116തവണയും, 2024ൽ 84 തവണയും ആണ് ഇന്റര്‍നെറ്റ് നിരോധനം ഉണ്ടായത്. മൊബൈൽ നെറ്റ്-വ൪ക്കുകൾ ആവ൪ത്തിച്ച് shutdown ചെയ്യപ്പെടുമ്പോൾ ദുരിതത്തിലാവുന്നത് ബാങ്കിംഗ് അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്കും, വിവിധതരം ക്ഷേമ പദ്ധതി സേവനങ്ങള്‍ക്കും, അടിയന്തിര സേവനങ്ങള്‍ക്കും ഒക്കെ ഫോണിനെ ആശ്രയിക്കുന്ന സാധാരണ ജനങ്ങളാണ്. ഉന്നത നീതിപീഠത്തിൽ നിന്നുണ്ടായ ഇത്തരമൊരു വിധി അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഡിജിറ്റൽ ഭാവിയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും പ്രധാനമായ ഒരു നാഴികക്കല്ലാണ്.

ഇന്റർനെറ്റ് മൗലികാവകാശമാവുന്നതോടെ ആ അവകാശം യാഥാ൪ത്ഥ്യമാക്കാനും സംരക്ഷിക്കാനും സർക്കാരിന് ഇനിമുതൽ പ്രത്യേക ഉത്തരവാദിത്തം ഉണ്ടായിരിക്കുകയാണ്. ഡിജിറ്റൽ വിഭജനം കുറയ്ക്കണം. നഗരങ്ങളിൽ മികച്ച കണക്ഷൻ ലഭിക്കുമ്പോൾ ഗ്രാമപ്രദേശങ്ങളും പിന്നാക്ക മേഖലകളും പിന്നിലാകുന്ന സാഹചര്യം തുടരാൻ പാടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം പ്രയോജനപ്പെടുത്താൻ അവസരമുണ്ടാകണം. ഇന്റർനെറ്റ് സേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാകണം. സർക്കാർ സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നത് മാത്രം പോരാ. അവ ഉപയോഗിക്കാൻ ആവശ്യമായ സൗകര്യങ്ങളും കഴിവുകളും ജനങ്ങൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കണം. ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാൻ കഴിയാത്തവരെ പൊതുസേവനങ്ങളിൽനിന്ന് പുറത്താക്കരുത്.

ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഭരണഘടനാപരമായ പരിശോധനയ്ക്ക് വിധേയമാകണം. ദേശീയസുരക്ഷ, പൊതുസമാധാനം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്റർനെറ്റ് നിയന്ത്രിക്കുന്ന സാഹചര്യങ്ങളിൽ നിയമപരമായ സാധുതയും, ആവശ്യകതയും, ആനുപാതികതയും നിർണായകമാണ്. ഈ വിധി വന്നതോടെ എല്ലാ ഇന്റർനെറ്റ് നിയന്ത്രണങ്ങളും നിയമവിരുദ്ധമായെന്നോ ഇനി ഒരിക്കലും ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കാനാവില്ലെന്നോ കരുതാനാവില്ല. ഓരോ നിയന്ത്രണവും നിയമ സാധുതയും, ഭരണഘടനാപരമായ മാനദണ്ഡങ്ങളും അനുസരിച്ച് കൃത്യവും കര്‍ശനവുമായി വിലയിരുത്തി മാത്രം നടപ്പിലാക്കാ൯ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കും എന്നതാണ് ഈ വിധിയുടെ പ്രാധാന്യം.

ഈ വിധിയുടെ മറ്റൊരു പ്രധാന വശം കുട്ടികളുടെ സുരക്ഷയാണ്. ഇന്റർനെറ്റ് കുട്ടികൾക്ക് അറിവിന്റെ വലിയ ലോകം തുറന്നുകൊടുക്കുന്നു. അതേസമയം, ഓൺലൈൻ ചൂഷണം, വ്യാജ അക്കൗണ്ടുകൾ, സൈബർ കെണികൾ, അനുചിതമായ ഉള്ളടക്കങ്ങൾ എന്നിവയുടെ അപകടസാധ്യതയും അവിടെയുണ്ട്. അതിനുള്ള പരിഹാരം പക്ഷേ കുട്ടികളെ ഇന്റർനെറ്റിൽനിന്ന് പൂർണമായി അകറ്റിനിർത്തലല്ലെന്ന് കോടതി വ്യക്തമാക്കുന്നു. പകരം, പ്രായത്തിന് അനുയോജ്യമായ സുരക്ഷാസംവിധാനങ്ങൾ, രക്ഷിതാക്കളുടെ മാർഗനിർദേശം, ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ, കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള വിദ്യാഭ്യാസം എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. സോഷ്യൽ മീഡിയ കമ്പനികൾക്കും ഇവിടെ വലിയ ഉത്തരവാദിത്തമുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ചൂഷണപരമായ ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുക്കുകയും നിയമപരമായ ബാധ്യതകൾ പാലിക്കുകയും വേണം.

ഇന്ന് അറിവിലേക്കുള്ള വഴി ഇന്റർനെറ്റിലൂടെയാണ്. വിദ്യാഭ്യാസത്തിലേക്കുള്ള നിരവധി വാതിലുകൾ ഇന്റർനെറ്റിലൂടെയാണ് തുറക്കപ്പെടുന്നത്. തൊഴിലവസരങ്ങളും സർക്കാർ സേവനങ്ങളും, പൊതുചർച്ചകളും, ആശയപ്രചാരണവും, രാഷ്ട്രീയ സംവാദങ്ങളും ഒക്കെ ഡിജിറ്റൽ ലോകവുമായി കൂടുതൽ കൂടുതൽ ബന്ധപ്പെടുകയാണ്. അങ്ങനെയൊരു കാലത്ത് ഇന്റർനെറ്റ് ലഭ്യത ചിലരുടെ മാത്രം സൗകര്യമായി മാറിയാൽ, ഡിജിറ്റൽ ലോകം പുതിയൊരു അസമത്വത്തിന്റെ ഉപകരണമായി മാറും.

അതുകൊണ്ടാണ് ഈ വിധി ഉയർത്തുന്ന അടിസ്ഥാനചോദ്യം പ്രസക്തമാകുന്നത്. സാങ്കേതികവിദ്യയുടെ പുരോഗതി എല്ലാവർക്കും പ്രയോജനപ്പെടുന്നുണ്ടോ, അതോ ചിലർക്കു മാത്രമായി അത് പരിമിതപ്പെടുകയാണോ എന്ന ചോദ്യം. മൗലികാവകാശം പ്രഖ്യാപിക്കുന്നത് തുടക്ക൦ മാത്രമാണ്; ആ അവകാശം യാഥാർഥ്യത്തിൽ അനുഭവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് യഥാർത്ഥ വെല്ലുവിളിയും ഉത്തരവാദിത്തവും. കോടതിവിധി വന്നതുകൊണ്ട് മാത്രം ഡിജിറ്റൽ അസമത്വം അവസാനിക്കില്ല. അതിന് ശരിയായ സര്‍ക്കാ൪ നയങ്ങളും, നിക്ഷേപങ്ങളും, ഉത്തരവാദിത്തവും, ഫലപ്രദമായ നടപ്പാക്കലും ഒക്കെ ആവശ്യമാണ്. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ഈ വിധിപ്രസ്താവം  അതിനുവണ്ടിയുള്ള ഭരണഘടനാപരമായ ചർച്ചയ്ക്ക് പുതിയൊരു ദിശ നൽകിയിരിക്കുകയാണ്.

Hot this week

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

Topics

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

നിറങ്ങൾ തൻ നൃത്തം – ജോഗൻ ചൗധരി

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം   ജോഗൻ...

പ്രകൃതിയിലെ വിസ്മയങ്ങൾ – അന്തിപൃക്കിണി

    13 വർഷം മുമ്പ് (2013-ൽ), കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ആലത്തൂരിലെ എന്റെ...

ഒടുവിൽ പ്രതീക്ഷ ജയിക്കുക തന്നെ ചെയ്യും

ലോകത്തെ പിടിച്ചുകുലുക്കാൻ പോകുന്ന നാല് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകൾക്കിടയിലാണ് നമ്മൾ. മൂന്ന് രാജ്യങ്ങളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img