
(സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി സുദിപ് ദത്തയുമായി
ആർ പാർവതിദേവി നടത്തിയ അഭിമുഖം)
??സി ഐ ടി യു സംസ്ഥാന സമ്മേളനത്തിനാണല്ലോ കേരളത്തിൽ വന്നിരിക്കുന്നത് ? ഈ സമ്മേളനത്തിന്റെ പ്രസക്തി എന്താണ്?
♠ സി.ഐ.ടി.യുവിന്റെ ആകെയുള്ള അംഗങ്ങളിൽ പകുതിയും കേരളത്തിൽ നിന്നാണ് . ഇക്കാര്യം ഞാൻ സമ്മേളനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു . സി.ഐ.ടി.യുവിന് ഇന്ത്യയിൽ വളർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനമാണ് . അതുകൊണ്ട് കേരള സമ്മേളനത്തിന് അതീവ പ്രാധാന്യമുണ്ട്. അതേസമയം, കേരളത്തിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന് മുന്നിൽ വലിയ വെല്ലുവിളിയുമുണ്ട്.
ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത്, കേരളം പോലുള്ള ഒരു ഫെഡറൽ സംസ്ഥാനത്ത്, ഇടതുസർക്കാർ നിരവധി ജനക്ഷേമ കാര്യങ്ങൾ ചെയ്തിട്ടുണ്ട് . അതേസമയം, തൊഴിലാളിവർഗ്ഗത്തിന് അറിയാം, അത് മുതലാളിത്ത വ്യവസ്ഥിതിക്കുള്ളിലെ ഒരു സർക്കാരാണ് എന്ന്. അത് ഒരു സോഷ്യലിസ്റ്റ് സർക്കാരല്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പരിമിതികൾ എങ്ങനെ മറികടക്കും? സർക്കാരിന്റെ പരിമിതികളെക്കുറിച്ച് ജനങ്ങളെ എങ്ങനെ ബോധവാന്മാരാക്കും? കേരള രാഷ്ട്രീയത്തിന്റെ സവിശേഷതകൾ കണക്കിലെടുത്ത് ഭാവിപ്രവർത്തനങ്ങൾ എങ്ങനെ ആവിഷ്കരിക്കും ? ഈ അധിക കടമയും കേരള തൊഴിലാളിപ്രസ്ഥാനത്തിനുണ്ട് . അതുകൊണ്ടാണ് കേരളത്തിന്റെ സമ്മേളനത്തിന് പ്രാധാന്യമേറുന്നത്.
?? ലോകമെമ്പാടും തൊഴിലാളികൾ പ്രക്ഷോഭരംഗത്താണ് . ഈ സമരങ്ങളുടെ വിജയത്തിൽ പ്രതീക്ഷയുണ്ടോ ?

♠ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മുതലാളിത്തം നൽകിയ വാഗ്ദാനങ്ങൾ തകരുകയാണ് എന്ന് എല്ലാവരും മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു . മുതലാളിത്തത്തിന്റെ ഫലമായി മുതലാളിത്ത ലോകമെങ്കിലും സംരക്ഷിക്കപ്പെടും എന്ന് കരുതിയിരുന്ന വികസിത രാജ്യങ്ങളിൽ പോലും ഇപ്പോൾ അത് തകർന്നുകൊണ്ടിരിക്കുകയാണ്.
ഫ്രാൻസ് മുതൽ ഇറ്റലി വരെ, പോർച്ചുഗൽ മുതൽ സ്പെയിൻ വരെ, അൽബേനിയയിൽ ,ബ്രസീലിൽ …. അമേരിക്കയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഉൾപ്പടെ വ്യക്തമാക്കുന്നത് ജനങ്ങൾ നവലിബറൽ ക്രമത്തിലും അതിന്റെ പ്രതിരൂപമായ നവ ഫാസിസ്റ്റ് അതിതീവ്ര വലതുപക്ഷ ഭരണകൂടത്തിലും മടുത്തിരിക്കുന്നു എന്നാണ്. ആഗോളതലത്തിൽവലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
സി.ഐ.ടി.യു വിഭാവനം ചെയ്തത് പോലെ, ആഗോള മുതലാളിത്തം വ്യവസ്ഥാപരമായ പ്രതിസന്ധി എന്ന് വിളിക്കപ്പെടുന്ന ഒരു പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ്. അത് മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും – സാമ്പത്തികം മുതൽ രാഷ്ട്രീയം വരെ, സാമൂഹികം മുതൽ സാംസ്കാരികം വരെ, വ്യക്തിപരമായ സ്വകാര്യ ജീവിതം വരെ – വിഴുങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മുതലാളിത്തത്തിന് ഒരു ഉത്തരവുമില്ല.
അതിന്റെ നിരാശയിൽ, അമേരിക്ക പോലുള്ള മുതലാളിത്തത്തിന്റെ കേന്ദ്രങ്ങൾ ഇന്ത്യ പോലുള്ള ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലേക്ക് പ്രതിസന്ധി കൈമാറാൻ ശ്രമിക്കുകയാണ്. ഇന്ത്യസർക്കാർ ഇന്ത്യൻ കുത്തകകളുമായും അവരുടെ ഇന്ത്യൻ പങ്കാളികളുമായും അടുത്ത സഹകരണത്തിൽ പ്രതിസന്ധിയുടെ ഭാരം ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ജനതയുടെ മുന്നിൽ വലിയ കടമയാണുള്ളത്
മനസ്സുമുഴുവൻ അർപ്പിച്ച് സ്വയം ഉയർന്നുവന്ന്, ഈ ചൂഷണത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്, ഒരു പുതിയ സമൂഹത്തെക്കുറിച്ചുള്ള സങ്കൽപ്പം സൃഷ്ടിക്കുക . നിസ്സംശയമായും, ലോകമെമ്പാടും സംഭവിക്കുന്നത് പോലെ, തൊഴിലാളിവർഗ്ഗം ആ സമരത്തിന് നേതൃത്വം നൽകണം.
ഞങ്ങൾ പ്രതീക്ഷയിൽ തന്നെയാണ് .

?? സമ്മേളനങ്ങളിൽ ഈ പ്രശ്നങ്ങൾ ചർച്ചയിൽ വരാറുണ്ടോ ?
♠തീർച്ചയായും. ഇതെല്ലാം ഞങ്ങൾ ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഒരു പുതിയ പാതയിലൂടെ സഞ്ചരിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
??സി.ഐ.ടി.യുവിന്റെ പ്രസിഡന്റ് എന്ന നിലയിൽ, ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്?
♠ മുതലാളിത്തം തന്നെ പ്രതിസന്ധിയിലായിരിക്കുമ്പോൾ, ഞങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി, ആധുനിക തലമുറയെ തൊഴിലാളിവർഗ്ഗത്തിലേക്ക് എത്തിക്കാൻ കഴിയുന്ന, അവരുടെ ആശയങ്ങളിലും ലോകവീക്ഷണത്തിലും ആവശ്യങ്ങൾ രൂപപ്പെടുത്താൻ കഴിയുന്ന, പുതിയ സംഘടനാ രൂപം, ആധുനിക സംഘടനാ രൂപം കണ്ടെത്തുക എന്നതാണ്. അതേസമയം സമൂഹത്തെ സോഷ്യലിസത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന നമ്മുടെ ഭരണഘടനാപരമായ ധാരണയുടെ കാതൽ നിലനിർത്തുകയും വേണം . ഇതിനെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ അസംഘടിത മേഖലയിലെ തൊഴിലാളിവർഗ്ഗം പോലും വീരോചിതമായ പോരാട്ടങ്ങൾ കെട്ടിപ്പടുക്കുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട്.
കൂടാതെ ആഗോളതലത്തിൽ മൂലധനവുമായുള്ള വിലപേശൽ ശേഷി തൊഴിലാളികളിൽ ദുർബലമായിരിക്കുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. നവലിബറൽ വ്യവസ്ഥയിൽ മൂലധനവും ചരക്കുകളും സേവനങ്ങളും അതിർത്തി കടന്ന് സ്വതന്ത്രമായി സഞ്ചരിക്കുന്നു. പക്ഷേ തൊഴിലാളികൾക്ക് അതിന് കഴിയില്ല, അവർ നിയന്ത്രിക്കപ്പെടുന്നു. . മൂലധനം ഉൽപ്പാദന പ്രക്രിയയെ ഛിന്നഭിന്നമാക്കി, തൊഴിലാളികൾ ഉൽപ്പാദന ശൃംഖലയിൽ വിതരണം ചെയ്യപ്പെട്ടു.അതുകൊണ്ട് അവരെ സംഘടിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി. അതേസമയം, തൊഴിൽ ബന്ധം കുത്തകകൾ വഴക്കമുള്ളതും ദുർബലവുമാക്കി, സ്ഥിരമായ ഒരു ജോലി എന്നത് ഇപ്പോൾ നിലവിലില്ല.
ഗിഗ്, ഓട്ടോമേറ്റഡ് രൂപത്തിലുള്ള ജോലികൾ ഉൽപ്പാദന രംഗത്ത് വർദ്ധിച്ചിരിക്കുന്നു. അതേസമയം, ഈ അവസ്ഥയിൽ ജീവിക്കുന്ന തൊഴിലാളികൾ നിരാശരാണെന്നതും നമ്മൾ കാണുന്നുണ്ട്. തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശേഷി കുറഞ്ഞിരിക്കുമ്പോൾ തന്നെ, തൊഴിലാളിവർഗ്ഗ സമരത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു എന്നതവർ തിരിച്ചറിയുന്നുണ്ട്.
?? ഇന്ത്യയിൽ നടക്കുന്ന അത്തരം പ്രക്ഷോഭങ്ങൾ ആണോ ഉദ്ദേശിക്കുന്നത് ?
♠ഞാൻ പറയുന്നത് ഉത്തരേന്ത്യയിൽ നടന്ന സമരങ്ങളെ കുറിച്ചാണ്. നോയിഡയിൽ അസംഘടിത തൊഴിലാളിവർഗ്ഗം ഇത്തരത്തിലുള്ള ധീരമായ സമരങ്ങൾ നടത്തിയത് നമുക്ക് ആത്മവിശ്വാസം നൽകുന്നു, അവരെ സംഘടിപ്പിക്കാനും പോരാട്ടവീര്യം കെട്ടിപ്പടുക്കാനും വലിയ സാധ്യതയുണ്ട്.
?? തമിഴ്നാട്ടിൽ സാംസങ് തൊഴിലാളികളുടെ സമരവും ശ്രദ്ധേയമായിരുന്നല്ലോ. , ഗിഗ് , ഐ.ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് സിഐടിയു പ്രാധാന്യം നൽകി കാണുന്നുണ്ടല്ലോ ?
♠ തീർച്ചയായും ഞങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട് . എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾ പുതിയ സംഘടനകൾ രൂപീകരിക്കാൻ ശ്രമിക്കുകയാണ്. ഐ.ടി തൊഴിലാളികൾക്ക് 20 വർഷം മുമ്പ് സംഘടിക്കാൻ താൽപ്പര്യം കുറവായിരുന്നു, കാരണം അവർക്ക് കൂടുതൽ കൂട്ടായ വിലപേശൽ ശേഷിയുണ്ടായിരുന്നു, മെച്ചപ്പെട്ട വേതനമുണ്ടായിരുന്നു. ഇപ്പോൾ അവർ കൂട്ടത്തോടെ പിരിച്ചുവിടപ്പെടുകയാണ്. നിർമിത ബുദ്ധിയുടെ വരവോടെ കൂടുതൽ ആളുകൾ തൊഴിൽ വിപണിയിൽ നിന്ന് പുറത്താകുന്നു. അവർക്ക് കൂട്ടായ വിലപേശൽ ശേഷി നഷ്ടപ്പെടുന്നു.
ഉയർന്ന ശമ്പളമുള്ള ഒരു ജീവനക്കാരൻ പോലും ഇപ്പോൾ ദുർബലനാണ്. കാരണം കുറഞ്ഞ ശമ്പളമുള്ള ജീവനക്കാരെ നിയമിച്ച് ഉയർന്ന ശമ്പളമുള്ള ജീവനക്കാരുടെ ജോലികൾ എടുത്തുകളയുകയാണ് ഐടി കമ്പനികൾ ഇപ്പോൾ ചെയ്യുന്നത് . അതുകൊണ്ട് ഐ.ടി വിപണി തീർത്തും ദുർബലമായിരിക്കുന്നു, കൂടുതൽ കൂടുതൽ ഐ.ടി ജീവനക്കാർ യൂണിയനിലേക്ക് വരുന്നു. അതേസമയം ഗിഗ് തൊഴിലാളികൾ അവരുടെ സ്വന്തം കൂട്ടായ പ്രവർത്തന രൂപം കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഐ.ഡികൾ ബ്ലോക്ക് ചെയ്യപ്പെടുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
അവർ പ്രാദേശികമായ ഫ്ലാഷ് സ്ട്രൈക്ക്-മിന്നൽ പണിമുടക്ക് – എന്ന കൂട്ടായ സമരരൂപം സ്വീകരിക്കുന്നു. പിന്നീട് മാനേജ്മെന്റുമായി വിലപേശി വീണ്ടും അവരുടെ ഐ.ഡികൾ തിരിച്ചെടുക്കുന്നു. അതുകൊണ്ട് ഈ പുതിയ വിഭാഗം തൊഴിലാളികൾ കൂടുതലായി യൂണിയനിലേക്ക് വരുന്നു, അവർ തന്നെ സംഘടനയായി മാറുന്നു.

?? ഇന്ത്യയിലെ സ്ത്രീകൾ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരാണ്, ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന സമൂഹമാണ്. സി.ഐ.ടി.യു എന്തൊക്കെ പദ്ധതികളാണ് സ്ത്രീതൊഴിലാളികൾക്ക് വേണ്ടി
ഏറ്റെടുക്കുന്നത്?
♠വളരെക്കാലം കരുതിയിരുന്നത് തൊഴിലാളി പ്രസ്ഥാനം ഫാക്ടറികളിലോ ജോലിസ്ഥലങ്ങളിലോ മാത്രം ഒതുങ്ങുമെന്നാണ് . പക്ഷേ മൂലധന-തൊഴിൽ ബന്ധത്തിന്റെ പുതിയ രൂപത്തിൽ, പ്രത്യുൽപാദന മേഖല – കുടുംബം, ഗാർഹിക ജോലി – എന്നിവ കൂടി പ്രധാനമാണെന്ന് നമ്മൾ മനസ്സിലാക്കി.
ഉൽപ്പാദന മേഖല ,അതായത് നിങ്ങളുടെ പുറത്തുള്ള ജോലിയും പ്രത്യത്പാദന മേഖലയിലെ ജോലികളും പരസ്പരം ലയിച്ചുകൊണ്ടിരിക്കുകയാണ്, പരസ്പരം കടന്നുകയറുകയാണ്. അതുകൊണ്ട് പ്രത്യുൽപാദന മേഖലയും ഉൽപ്പാദന മേഖലയും ചേർന്ന് സമഗ്രമായ ഏകകമായി കണക്കാക്കണം , രണ്ട് മേഖലകളിലും വർഗ്ഗ പ്രവർത്തനം നടക്കണം
സി.ഐ.ടി.യു ഈ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർക്കിംഗ് കമ്മിറ്റി മീറ്റിംഗിൽ സി.ഐ.ടി.യു ഈ നിലയിലുള്ള തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഗാർഹിക ജോലി, സാമൂഹിക-സാംസ്കാരിക രൂപത്തിലുള്ള തൊഴിലുകൾ എന്നിവക്കായി ബദൽ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കണമെന്ന് ആലോചിക്കുന്നുണ്ട്. ക്രഷുകൾ ,സമൂഹ അടുക്കളകൾ എന്നിവ സ്ത്രീകളെ ഗാർഹികാധ്വാനത്തിൽ നിന്നും മോചിപ്പിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു പ്രവർത്തന രൂപമാണ്. ഞങ്ങൾ അത് പൈലറ്റ് രൂപത്തിൽ ചില സ്ഥലങ്ങളിൽ ചെയ്യാൻ തീരുമാനിച്ചു. ചിലയിടങ്ങളിൽ അത് നടക്കുന്നുണ്ട്, കൊൽക്കത്തയിൽ ചില പദ്ധതികൾ ഉണ്ട്. ഞങ്ങൾ അത് ചെയ്യാൻ ശ്രമിക്കുകയാണ്, പക്ഷേ വരും ദിവസങ്ങളിൽ സി.ഐ.ടി.യുവിന്റെ കൂടുതൽ സ്ഥാപനപരമായ ശ്രമമായി ഇത് മാറും. സി.ഐ.ടി.യു സ്ത്രീകളുടെ പ്രശ്നങ്ങൾ ഗൗരവമായി തന്നെ ഏറ്റെടുക്കാൻ നിശ്ചയിച്ചിരിക്കുന്നു. അവരാണ് ഇന്ത്യയിലെ ഏറ്റവും പോരാട്ടവീര്യമുള്ള, ഏറ്റവും നിർണായകമായ ശക്തി എന്ന് ഞങ്ങൾ കരുതുന്നു. ഡിസംബർ 1-ന് പാർലമെന്റിലേക്ക് ഞങ്ങൾ നടത്താൻ തീരുമാനിച്ച മാർച്ചിന് സ്ത്രീകൾ നേതൃത്വം നൽകും. 1500-ൽ 1000 പേർ സ്ത്രീകളായിരിക്കും, അവർ മുന്നിൽ നയിക്കും, അവർ മുൻനിരയിലായിരിക്കും.
?? എന്തുകൊണ്ടാണ് തുല്യ ജോലിക്ക് തുല്യ വേതനം എന്നത് സിഐടിയു സുപ്രധാനമായ മുദ്രാവാക്യമായി ഉയർത്താത്തത്?
♠ ഞങ്ങൾ ആ മുദ്രാവാക്യം ഉയർത്തുന്നുണ്ട്. മനസ്സിലാക്കേണ്ട കാര്യം പൊതുമേഖലാ സ്ഥാപനങ്ങൾ പോലും, സർക്കാർ ഓഫീസുകളിൽ പോലും തുല്യ ജോലിക്ക് തുല്യ വേതനം നൽകുന്നില്ല. മുഴുവൻ വ്യവസ്ഥിതിയും തുല്യ വേതനം നൽകുന്നതിന് എതിരാണ്. അവർ തുല്യ വേതനം നൽകാൻ തയ്യാറാണെങ്കിൽ, അവർ സ്ഥിരമായ രൂപത്തിൽ ജോലിക്ക് നിയമിക്കാൻ തയ്യാറാകും. അവർ വഴക്കമുള്ള, സ്ഥിരമല്ലാത്ത, താൽക്കാലിക രൂപത്തിൽ നിയമനം നടത്തുന്നത് , ഒരേ ജോലി കുറഞ്ഞ വേതനത്തിൽ ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് അത് നമ്മുടെ മുന്നിലുള്ള വലിയ പോരാട്ടമാണ്. പക്ഷേ ഒരു കാര്യം നമുക്ക് പറയാം, സി.ഐ.ടി.യു ഈ പ്രശ്നത്തിന് മുൻഗണന നൽകിയിട്ടുണ്ട്. സ്ത്രീ തൊഴിലാളികൾ, യുവ തൊഴിലാളികൾ, സ്ഥിരമല്ലാത്ത കരാർ രൂപത്തിലുള്ള തൊഴിലാളികൾ – ഇവർക്ക്ഞങ്ങളുടെ സംഘടനാ രേഖയിൽ മുൻഗണന നൽകിയിട്ടുണ്ട്. പൊതുമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപടിയിലേക്ക് ഞങ്ങൾ കടക്കുകയാണ്. കരാർ തൊഴിലാളികളുടെ ആവശ്യങ്ങൾ പ്രധാന ആവശ്യങ്ങളുടെ മുൻനിരയിൽ സ്ഥിരം തൊഴിലാളികളുടെ യൂണിയൻ കണക്കാക്കണമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് . സ്ഥിരം തൊഴിലാളികൾ അല്ലാത്തവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ പുതിയ സംവിധാനങ്ങൾ ആവിഷ്കരിച്ച് വരുന്നു.
??ചില വ്യക്തിപരമായ ചോദ്യങ്ങൾ, താങ്കൾ എങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്?
♠ ഞാൻ സർവകലാശാലയിൽ പഠിക്കുമ്പോൾ,ഇടതുവിദ്യാർത്ഥി സംഘടനയിലുണ്ടായിരുന്നു. ഞാൻ സ്കൂൾ വരെ സിലിഗുരിയിൽ പഠിച്ചു. ഫിസിക്സിൽ ഓണേഴ്സും മാസ്റ്റേഴ്സും ചെയ്തു.
നാനോ സയൻസിൽ പി.എച്ച്.ഡി തുടങ്ങിയെങ്കിലും ഇടയിൽ ഉപേക്ഷിച്ചു. ട്രേഡ് യൂണിയന്റെയും പാർട്ടിയുടെയും മുഴുവൻ സമയ പ്രവർത്തകനായി. എന്റെ നാട്ടിലേക്ക് തിരിച്ചുപോയി തേയിലത്തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി.
??തേയിലത്തോട്ടം തൊഴിലാളികളുടെ ജീവിതം അടുത്ത് നിന്നും കാണാൻ കഴിഞ്ഞു കാണുമല്ലോ ?
♠ അതേ , അവരാണ് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളിവർഗ്ഗ സമൂഹം. 90% തൊഴിലാളികളും ആദിവാസികളാണ്, 90% സ്ത്രീ തൊഴിലാളികളാണ്. അവരിൽ നിന്ന് പഠിക്കാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. 10 വർഷം ഞാൻ അവരോടൊപ്പം പ്രവർത്തിച്ചു. പിന്നെ സി.ഐ.ടി.യു കേന്ദ്രം എന്നോട് ദേശീയ കേന്ദ്രത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു. 2022 ഡിസംബറിൽ ഡൽഹിയിൽ ദേശീയ കേന്ദ്രത്തിലേക്ക് വന്നു. വൈദ്യുതി മേഖലയിൽ, ഊർജ്ജ മേഖലയിൽ പ്രവർത്തിക്കാൻ പാർട്ടി എന്നോട് ആവശ്യപ്പെട്ടു.
ഇപ്പോൾ ഞാൻ വൈദ്യുതി ജീവനക്കാരുടെ യൂണിയന്റെ ചുമതല വഹിക്കുന്നു. കൽക്കരി, പെട്രോളിയം മേഖലയും ഞാൻ നോക്കുന്നു. ഈ 3 മേഖലകളും ഒരുമിച്ച് ചേർത്ത് ഊർജ്ജ മേഖലയാക്കി. അതാണ് എന്റെ ഇപ്പോഴത്തെ പ്രധാന ചുമതല.

?? താങ്കളുടെ കുടുംബം ??
♠ എന്റെ ഭാര്യ പ്രീത പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകയാണ്. അവർ കൊൽക്കത്തയിലെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണ് . അവർ 2012-ൽ കൊല്ലപ്പെട്ട രക്തസാക്ഷിയുടെ മകളാണ്. അദ്ദേഹം പാർട്ടി ജില്ലാ കമ്മിറ്റി അംഗവും എം.എൽ.എയുമായിരുന്നു. ബർധമാനിൽ ഒരു റാലിയിൽ 2 സഖാക്കൾ കൊല്ലപ്പെട്ടത് താങ്കൾക്ക് ഓർമ്മയുണ്ടാകും. പ്രദീപ്തയും കമൽ ഗയാനും, കോൺഗ്രസുകാരാണ്അ വരെ കൊലപ്പെടുത്തിയത് . സർക്കാർ മാറിയതിന് ശേഷമുള്ള ആദ്യത്തെ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു അത്. പ്രദീപ്തയുടെ മകളാണ് പ്രീത .
അവർ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ട്രേഡ് യൂണിയനിൽ പ്രവർത്തിക്കാൻ തുടങ്ങി, മുഴുവൻ സമയ പ്രവർത്തകയായി. അവർ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകയാണ്. ഇപ്പോൾ അവർ തേയിലത്തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുകയാണ്.

അവർ ബർധമാനിലാണ് ജനിച്ചതും വളർന്നതും , പിന്നെ അവരുടെ വിദ്യാഭ്യാസം കൊൽക്കത്തയിലായിരുന്നു. അവിടെ അവർ പാർട്ടി പ്രവർത്തനം നടത്തുകയായിരുന്നു. 2 വർഷം മുമ്പ് തേയിലത്തോട്ടം മേഖലയിലേക്ക് പാർട്ടി മാറ്റി. എനിക്ക് ഒരു ആൺകുഞ്ഞുണ്ട്.
നാലോക്. അവന് 3 മാസം മാത്രമേ ആയിട്ടുള്ളൂ. പ്രീത ഇതിനകം ജോലി തുടങ്ങി . 3 മാസം കൂടി കാത്തിരിന്നുകൂടെ എന്ന് ഞാൻ ചോദിച്ചതാണ് , പക്ഷേ അവൾക്ക് തിടുക്കമായി. തോട്ടം മേഖലയിൽ കുഞ്ഞുമായി അവൾ പ്രവർത്തിക്കുന്നു .
?? യുവതലമുറ ഇടതുപക്ഷ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് സി.പി.എമ്മിൽ അത്ര താൽപ്പര്യമുള്ളവരല്ല എന്നൊരു ആരോപണമുണ്ട്. താങ്കൾ വളരെ ചെറുപ്പമാണ്. 40 വയസ്സിൽ സിഐടിയുവിന്റെ പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണല്ലോ. ??
♠ അങ്ങനെയല്ല,അത് കാണേണ്ടത് . ഇപ്പോൾ ഞങ്ങൾ യുവാക്കളുടെയോ പ്രായമായവരുടെയോ സ്ത്രീകളുടെയോ പുരുഷന്മാരുടെയോ രാഷ്ട്രീയത്താൽ നയിക്കപ്പെടുന്നില്ല, വർഗ്ഗത്തിന്റെ രാഷ്ട്രീയം മുന്നിൽ വരണം. ഇന്ത്യയിലെ 65% തൊഴിലാളി ജനസംഖ്യ 35 വയസ്സിന് താഴെയുള്ളവരാണ്.
അതായത്, വർഗ്ഗത്തെ കൊണ്ടുവന്നാൽ, ഇവരെല്ലാം തൊഴിലാളി പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നു. ഉത്തരേന്ത്യയിൽ തൊഴിലെടുക്കുന്നവരെല്ലാം യുവതികളാണ്, സ്ത്രീ തൊഴിലാളികൾ, 20-21 വയസ്സ് പ്രായമുള്ള പെൺകുട്ടികൾ. മനുഷ്യത്വരഹിതമായ ദുരിതപൂർണമായ അവർ ജോലി ചെയ്യുന്നു. എല്ലാത്തരം കഷ്ടപാടുകളോടെ 12 മണിക്കൂർ ജോലി ചെയ്യുന്നു.
അവർ പണിമുടക്കുമ്പോൾ, അതാണ് ഏറ്റവും മനോഹരമായ, ഏറ്റവും ഊർജ്ജസ്വലമായ, ഏറ്റവും ശക്തമായ പ്രവർത്തന രൂപം. അതുകൊണ്ട് ആളുകൾ വർഗ്ഗത്തിൽ നിന്ന് വരുന്നുണ്ടോ എന്ന് നമ്മൾ നോക്കണം. വർഗ്ഗമാണോ അല്ലയോ എന്നതാണ് ഏറ്റവും പ്രധാനം. ചങ്ങലയല്ലാതെ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് മാത്രമേ സമരത്തിന് നേതൃത്വം നൽകാൻ കഴിയൂ.




