
കേന്ദ്രസർക്കാരിനെതിരെ ഇന്ത്യയിൽ നടന്നുവരുന്ന ജനാധിപത്യസംരക്ഷണ പ്രക്ഷോഭങ്ങൾ ശ്രദ്ധേയമാകുന്നതിൽ സ്ത്രീപങ്കാളിത്തം നിർണായകപങ്ക് വഹിക്കുന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ നടന്ന സമരത്തിലും ഇപ്പോൾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം അഭൂതപൂർവമാണ് .
ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളോട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഏറ്റുമുട്ടുന്ന സന്ദർഭങ്ങളിലും
ദേശീയസ്വാതന്ത്ര്യ സമരകാലത്തും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും പ്രതിഷേധത്തിന്റെ മുഖം സ്ത്രീയുടെയായി മാറിയിരുന്നില്ല. ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത് നിർണ്ണായകമായ മാറ്റത്തിന്റെ സൂചനയാണ്. ഇന്ത്യൻയുവത്വം തെരുവുകൾ കീഴടക്കുമ്പോൾ സ്ത്രീകളാണ് മുൻപന്തിയിൽ നിൽക്കുന്നത് . തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ ഇടപെടുന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ റിതിക ചോപ്രയിൽ ആരംഭിക്കുകയാണ് പെൺപ്രതിരോധത്തിന്റെ സമകാലിക ചരിത്രം. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് എങ്ങനെ സമൂഹത്തെ സ്വാധീനിക്കാനാകുമെന്ന് റിതികയുടെ റിപ്പോർട്ട് കാണിച്ചു തരുന്നു.

ഈ വാർത്തക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട യുവജന രോഷം സാമ്പ്രദായിക രീതികൾ അട്ടിമറിച്ചു കൊണ്ട് മുന്നേറുകയാണ് ചെയ്തത്. കോക്രോച്ച് ജനത പാർട്ടി ,എസ് എഫ് ഐ ,ഡി വൈ എഫ് ഐ ,ഐസ ,എ ഐഎസ് എഫ് , എഐവൈഎഫ് ,എൻ എസ് യു തുടങ്ങിയവക്ക് പുറമേ ജനാധിപത്യ മഹിളാ അസോസിയേഷനും മഹിളാ സംഘവും ഉൾപ്പടെയുള്ള വനിതാ സംഘടനാ നേതാക്കളും പ്രവർത്തകരും സമരവീഥിയിലേക്ക് കുതിച്ചെത്തുകയായിരുന്നു. 75 വയസ്സ് കഴിഞ്ഞ സിപിഐഎം നേതാവ് ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ശ്രീമതിടീച്ചറും ആനി രാജയും ശൈലജ ടീച്ചറും സി എസ് സുജാതയും സംഘർഷഭരിതമായ തെരുവുകളിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് യുവാക്കൾക്കിടയിൽ ജ്വലിച്ചു നിന്നു .
എസ്എഫ്ഐ യുടെ ഐഷി ഘോഷും ഐസയുടെ നേഹാബോറയും ആണ് പ്രക്ഷോഭസമരത്തിന്റെ കടിഞ്ഞാൺ കയ്യാളുന്നതെന്നത് സ്ത്രീവിമോചനത്തിന്റെയും ജനാധിപത്യപോരാട്ടങ്ങളുടെയും ചരിത്രത്തിൽ പുത്തനാദ്ധ്യായം തുന്നിച്ചേർത്തിരിക്കുന്നു.

മുദ്രാവാക്യം വിളിക്കുവാനും വാർത്താസമ്മേളനങ്ങൾ നടത്താനും ബാരിക്കേഡുകൾ ചാടിക്കടക്കുവാനും ക്രൂരമായ പോലീസ് മർദ്ദനങ്ങൾ നേരിടാനും ജയിലിൽ പോകാനും പെൺകുട്ടികൾ മുന്നിട്ടിറങ്ങുന്നു . വിദ്യാർഥിപ്രക്ഷോഭങ്ങളിൽ കേരളത്തിൽ ഉൾപ്പടെ പെൺകുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും ജയിലിൽ പോകുകയും ചെയ്തിട്ടുണ്ടെങ്കിലും നേതൃത്വപരമായ പങ്ക് പെൺകുട്ടികൾ ഏറ്റെടുക്കുന്നത് അത്യപൂർവമാണെന്ന് പറയാതെ വയ്യ . രാഷ്ട്രീയ അധികാരത്തോടും ഭരണകൂടത്തോടും ചോദ്യം ചോദിക്കുന്ന സ്ത്രീകൾ ഇന്ത്യൻ പൊതുമണ്ഡലത്തിൽ പുതിയ പ്രതിഭാസമല്ല. എന്നാൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഇടപെടലിന്റെ സ്വഭാവവും വ്യാപ്തിയും സാമ്പ്രദായികതയുടെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു.
നേഹയേയും ഐഷിയേയും വീരനായികമാരായി ചിത്രീകരിക്കുവാൻ മുഖ്യധാരാമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും മത്സരിക്കുന്ന കാഴ്ചയും കൗതുകകരമാണ് . ശരീരഭാഷയും സംസാരരീതിയും ഉടുപ്പും നടപ്പും ഏവരുടെയും ഓമനയാക്കി നേഹയെ മാറ്റിയിരിക്കുന്നു. ഇടതുപക്ഷ പ്രവർത്തകർക്ക് സാധാരണനിലയിൽ ലഭിക്കാത്ത സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ നേഹക്കു കഴിഞ്ഞിട്ടുണ്ട്. നേഹയെ പോലെയുള്ള ഒരു പ്രക്ഷോഭകാരിയെ മകളായി വേണമെന്ന് ആഗ്രഹിക്കുന്ന മധ്യവർഗപിതാക്കന്മാരെ ആദ്യമായാണ് നമ്മൾ കാണുന്നത് .
ആധുനിക ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും സംഘർഷഭരിതമായ സമരകാലമാണ് ഇപ്പോൾ കടന്നുപോകുന്നത്. പെൺകുട്ടികൾ അചഞ്ചലമായി സമരരംഗത്തുറച്ചു നിൽക്കുമ്പോൾ അവർ നൽകുന്ന വില ചെറുതല്ല. ഡൽഹി പോലീസ് ലൈംഗിക അതിക്രമങ്ങളാണ് ട്രാൻസ് വിഭാഗങ്ങൾക്ക് നേരെയും പെൺകുട്ടികൾക്കും വനിതാ മാധ്യമപ്രവർത്തകർക്ക് നേരെയും അഴിച്ചു വിട്ടത്. സമരത്തെ ക്ഷീണിപ്പിക്കുവാൻ വളരെ ബോധപൂർവം, നിർദ്ദേശാനുസരണം നടത്തുന്ന അക്രമ മാണിതെന്നതിനു സംശയമില്ല . ഞെട്ടിക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് .
ഒരു വീഡിയോയിൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു യുവതിയെ ബസിനോട് ചേർത്ത് നിർത്തി സ്വയം അമർത്തുന്നത് കാണാം, വ്യക്തമായ ലൈംഗികാതിക്രമമാണിത് .

എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്റെ മാറിടത്തിൽ പിടിച്ചതായി ഒരു യുവമാധ്യമപ്രവർത്തക ആരോപിച്ചിട്ടുണ്ട്. അവർ പരാതി നൽകാൻ ശ്രമിച്ചപ്പോൾ അവരെ കസ്റ്റഡിയിലെടുക്കുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. പോലീസ് സ്റ്റേഷനുള്ളിൽ വനിതാ മാധ്യമപ്രവർത്തകരോട് പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്രാൻസ് സ്ത്രീകളും ട്രാൻസ് പുരുഷന്മാരും സ്ത്രീ-പുരുഷ പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി ആക്രമിക്കുകയും ജനനേന്ദ്രിയത്തിൽ അടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. വനിതാസംഘടനകൾ സംയുക്ത പ്രസ്താവനയിൽ പോലീസിന്റെ ലൈംഗികാതിക്രമത്തെ അപലപിക്കുകയും പൊതുരംഗത്തു നിന്നും സ്ത്രീകളെ മാറ്റി നിർത്താനുള്ള ഗൂഢനീക്കമാണിതെന്ന് ആരോപിക്കുകയും ചെയ്തു .
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വനിതാ മാധ്യമപ്രവർത്തകരെ തടങ്കലിൽ വയ്ക്കുന്നതും ശാരീരികമായി കൈകാര്യം ചെയ്യുന്നതും ബലപ്രയോഗത്തിലൂടെ അവിടെനിന്ന് നീക്കം ചെയ്യുന്നതും ഭരണഘടനയുടെ 14-ാം അനുച്ഛേദം, 19(1)(a), 19(1)(d), 21 എന്നീ അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ (NWMI), സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഈ ആരോപണങ്ങൾക്ക് ഒരു മുതിർന്ന പോലീസുദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നല്കാൻ കോടതി ഉത്തരവിട്ടു .

നീറ്റ്സമരവേളയിൽ സഹപ്രവർത്തകരെ പോലീസ് വാഹനം തടഞ്ഞു നിർത്തി മോചിപ്പിച്ച റിയ അഹീറും ശുഭ്രപതാകയുമേന്തി സമരവീഥിയിലൂടെ പോലീസിനെ വെട്ടിച്ചോടുന്ന പവിത്രയും മുഴങ്ങുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ശരണ്യയും സമരഭൂമിയിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളാണ്. എൻ എസ് യു നേതാവ് മലയാളിയായ അശ്വതിയുടെ ചെകിടടിച്ചു പൊട്ടിക്കുകയാണ് പോലീസ് ചെയ്തത്. പേരറിയാത്ത ,അറിയപ്പെടാത്ത എത്രയോ പെൺകുട്ടികളാണ് നീതിക്ക് വേണ്ടി രാജ്യതലസ്ഥാനത്ത് സ്വയം സമർപ്പിച്ചിരിക്കുന്നത് .

” നിങ്ങളെ പോൽ നുണയനായ മറ്റൊരാളില്ല ‘ എന്ന ഗാനം ഇന്ന് വൈറലാണ്. ഭോജ്പുരി ഗായിക നേഹ സിങ് റാത്തോർ പാടിയ പാട്ട് മലയാളത്തിൽ ഉൾപ്പടെ തർജമ ചെയ്യപ്പെടുകയും ജന്ദർ മന്തർ സമരത്തിന്റെ മുദ്രാഗാനമായത് മാറുകയും ചെയ്തു. എന്നാൽ സംഘപരിവാർ അനുകൂല മാധ്യമങ്ങൾ നേഹയോടുള്ള വൈരാഗ്യം തീർത്തത് സെക്സ് റാക്കറ്റ് നടത്തുന്ന സ്ത്രീയായി അവരെ അവതരിപ്പിച്ചു കൊണ്ടാണ്. ഇതിനെ നിയമപരമായി നേരിടാൻ നേഹ ഒരുങ്ങിയപ്പോൾ മാപ്പ് പറഞ്ഞു തടിതപ്പാൻ അവർ ശ്രമിച്ചുവെന്ന് മാത്രം .
സ്ത്രീകൾ തെരുവിലിറങ്ങുമ്പോഴും അധികാരപ്രമത്തതയോട് ചോദ്യങ്ങ ൾ ചോദിക്കുമ്പോഴും സമരം ചെയ്യുമ്പോഴും ആണധികാരവ്യവസ്ഥിതിക്കെതിരായ പോരാട്ടമായി കൂടി അതിനെ കാണണം . സ്ത്രീകളുടെ പോരാട്ടം സ്വന്തം അവകാശങ്ങൾക്കുവേണ്ടി മാത്രമല്ല കൂടുതൽ സുതാര്യമായ, ഉത്തരവാദിത്തമുള്ള, തുല്യനീതിയിൽ അധിഷ്ഠിതമായ ജനാധിപത്യത്തിനുവേ ണ്ടിക്കൂടിയാണ്.
മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം സ്ത്രീകേന്ദ്രീകൃതമാകുന്നത് ആകസ്മികമല്ല. കാരണം ഫാസിസം ആദ്യം ചങ്ങലക്കിടുന്നത് സ്ത്രീകളെയാണ്. അതിനാൽ പ്രതിരോധവും തുടങ്ങുന്നത് അവിടെനിന്നാകും .




