
ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ. Dystopia എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രപരമ്പര കണ്ടപ്പോൾ അത്ര എളുപ്പത്തിലൊന്നും അവയുടെ മുന്നിൽ നിന്നും കടന്നു പോകാൻ പറ്റില്ലെന്ന് മനസ്സിലായി. ഏറെ ഗൗരവത്തോടെയുള്ള സമീപനമാണ് ആ സൃഷ്ടികൾ ആവശ്യപ്പെടുന്നത്. സമഗ്രാധിപത്യം, പാരതന്ത്ര്യം, ഭയപ്പാടുകൾ, ദുരവസ്ഥ എല്ലാം നിറഞ്ഞ വ്യവസ്ഥിതികൾ കണ്ട് ആകുലപ്പെടുന്ന മനുഷ്യമനസ്സിൻ്റെ പരിഛേദം ഈ ചിത്രങ്ങളിലെല്ലാം കാണാം. അത്തരം ഭ്രമചിന്തകൾ സൃഷ്ടിക്കുന്ന ഒരു സാങ്കല്പിക ലോകത്തിലെ കാഴ്ചകളുടെ വേറിട്ട വാതായനം തുറക്കുന്നവയാണ് ഈ കാൻവാസുകളെല്ലാം. ചിന്തകളുടെ പരിണാമമാണ് ഇതിലെ ചിത്രകാഴ്ചകളെല്ലാം. അതുകൊണ്ട് തന്നെ വിപുലമായ അർത്ഥകല്പനകളുള്ള ചിത്രങ്ങളായാണ് ചിത്രകാരൻ ഇവയെ ആവിഷ്കരിച്ചിട്ടുള്ളത്. ചിത്രകാരന്റെ അന്വേഷണ ത്വരയും, ദീർഘമായ മനന സ്വഭാവവും ഈ സൃഷ്ടികളെല്ലാം വിളിച്ചോതുന്നുമുണ്ട്. ഉദാഹരണമായി മൃഗ ശരീരമോ ശിരസ്സോ ഉള്ള മനുഷ്യ ശരീര രൂപങ്ങളെ ബിംബങ്ങളാക്കുന്ന ഒരു ചിത്രം കാണാം. കുതിരത്തലയുള്ള ഹയഗ്രീവനെപ്പോലുള്ളവർ, സിംഹ ശിരസ്സുള്ള നരസിംഹം, ആനത്തലയുള്ള ഗണനായകൻ തുടങ്ങിയവയെ സമർത്ഥമായാണ് ആഗോള ചതുരംഗ കരുക്കളായി ഉപയോഗിച്ചിട്ടുള്ളത്. അരാജകത്വത്തിൻ്റെ പരിസമാപ്തിയുടെ ദൗത്യമായിരുന്നു ഇത്തരം Zoomorphic കഥാപാത്രങ്ങൾ പണ്ടേ കൈകാര്യം ചെയ്തത്.

ഗളച്ഛേദം നടത്തി രക്തം ചീറ്റുന്ന ചിന്നമസ്തയെന്ന ഒരു ശില്പ സങ്കല്പമുണ്ട് നമ്മുടെ പുരാവൃത്തത്തിൽ. സമാനമായി ഇവിടെ ശിരസ്സറ്റ മനുഷ്യ ശരീരത്തെ കൂരമ്പുകൾ നിറച്ചുവെക്കാനുള്ള ആവനാഴിയാക്കുന്നുണ്ടു ചിത്രകാരൻ -ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തിലേക്കുള്ള അരാജകത്വത്തിൻ്റെ നാൾവഴികൾ കാണിച്ചുതരാനുള്ള ശ്രമഫലമാണ് ചിത്രങ്ങളിലെ വിപുലമായ ഇത്തരം ബിംബങ്ങളുടെ പ്രസരണങ്ങൾ. അതിനായി ചിത്രപ്രതലത്തെ തിരശ്ചീന തലത്തിലും ലംബതലത്തിലും സമർഥമായി വിഭജിച്ച് കാഴ്ചയുടെ വേറിട്ട കഥാ തന്തുക്കളെ നിരത്തി വെക്കുന്നുണ്ടു ചിത്രകാരൻ. ഒരു ചതുരംഗ പലകയുടെ ദൗത്യം. അതുകൊണ്ട് തന്നെ ഈ ശ്ലഥബിംബങ്ങളിൽ വിജയത്തിന്റേയും പരാജയത്തിൻ്റേയും ഓർമ്മകൾ ധാരാളം വാരിവിതറിയിട്ടുമുണ്ടു. രാഷ്ട്ര ഗതികളിലെ കറുത്ത പാതകൾ, പ്രകൃതിയുടെ കാലുഷ്യം, ഭൂമിയുടെ വേദനകൾ – എത്രയെത്ര ചിന്തകളാണ് ഈ കാൻവാസുകളിൽ നിറഞ്ഞ് നിൽക്കുന്നത്!

വിജയത്തിന്റേയും പരാജയത്തിന്റേയും ഓ 6ൾ ധാരാളം വാരിവിതറിയിട്ടുമുണ്ടു. രാഷ്ട്ര ഗതികളിലെ കറുത്ത പാതകൾ, പ്രകൃതിയുടെ കാലുഷ്യം, ഭൂമിയുടെ വേദനകൾ – എത്രയെത്ര ചിന്തകളാണ് ഈ കാൻവാസുകളിൽ നിറഞ്ഞ് നിൽക്കുന്നത്! തനിക്ക് പറയാനുള്ളത് മുഴുവൻ പറയാൻ ഏറ്റവും പറ്റിയ വർണ, രൂപ ഭാഷയാണ് ശ്രീ പുഷ്പരാജ് തിരഞ്ഞെടുത്തിരിക്കുന്നത്. വർണങ്ങളുടെ വൈവിദ്ധ്യവും സ്ഫോടനാത്മക സ്വഭാവവും, അവയുടെ കരുത്തുറ്റ പ്രസരണ രീതിയുമാണ് അതിൽ മുഖ്യമായ ഒരു ഘടകം. ശ്ലഥബിംബങ്ങളുടെ സമാഹാരം മറ്റൊരു ജീവൽഘടകം. വിഷയത്തിൻ്റെ ആന്തരിക ശക്തിയെ പ്രകടിപ്പിക്കാനുതകുന്ന ഭ്രമകല്പനകൾ മറ്റൊരു ഘടകം. ഇതിനായി റിയലിസവും, സർറിയലിസവും, ഹൈപ്പർ റിയലിസവുമെല്ലാം ചേർന്ന പരീക്ഷണങ്ങൾ. എതിർ ചിന്തകളിലൂടെ പ്രകൃതിയേയും ജീവിതത്തേയും വ്യവസ്ഥിതികളേയും കീഴ്മേൽ മറിച്ച വാൻഗോയും, ദാലിയുമെല്ലാം അനുഭവിച്ച വിഭ്രമാത്മക കാഴ്ചകളെ ചിത്രകാരൻ ഇവിടെ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ടു. അവയെ അനുകരണമായി കരുതേണ്ട കാര്യമേയില്ല. പകരം അവയേയും ബിംബങ്ങളായി തന്നെ കാണേണ്ടിയിരിക്കുന്നു. സാഹിത്യ രചനകൾക്ക് ശക്തി പകരാൻ പലപ്പോഴും ഉപയോഗിക്കാറുള്ള ഉദ്ധരണികളുടെ ദൗത്യമാണ് യഥാർത്ഥത്തിൽ അവയെല്ലാം ഇവിടെ കാഴ്ചവെക്കുന്നത്.

ചിത്രങ്ങളെക്കുറിച്ച് എൻ്റെ മനസ്സിലുദിച്ച ഒരു സാമാന്യ അവലോകനം മാത്രമാണിത് -. കൂടുതൽ പറയുന്നില്ല. കാരണം എല്ലാവരുടേയും കണ്ണുകൾക്ക് നേരെ അദ്ദേഹം ഇവ ഒരു കണ്ണാടി പോലെ പിടിക്കുന്നുണ്ടല്ലോ.
Dystopia യെന്ന ഈ ചിത്രസൃഷ്ടികൾ അസന്തുഷ്ടിയും വ്യാകുലതകളും നിറഞ്ഞ തുരുത്തുകളിൽ നിന്നും പ്രതീക്ഷകളുടെ കരകളിലേക്കുള്ള ദൂരവും കാലവും പാതയും കണ്ടെത്താനുള്ള ചിന്താ ദർശിനികൾ കൂടിയായി മാറണമെന്ന ആഗ്രഹ മാണല്ലൊ ചിത്രകാരൻ ലക്ഷ്യമാക്കുന്നത് . ശ്രീ, നേമം പുഷ്പരാജൻ്റെ ഈ യജ്ഞം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.




