അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

ബൈജു ലൈലാ രാജ്

ൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ സാംസ്കാരിക ഇടങ്ങളിലും, ഇടപെടലുകളിലും കണ്ടുതുടങ്ങിയിരുന്നു. ഇത്തരം വിപൽസന്ദേശങ്ങളുടെ പ്രത്യയശാസ്ത്രപരമായ വിശകലനം പ്രത്യക്ഷപ്പെട്ടത് ചിന്ത രവീന്ദ്രൻ എഡിറ്റ് ചെയ്ത “കലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡം” എന്ന കൃതിയിലാണ്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തിന്റെ ധൈഷണിക പരിസരങ്ങളെ ഗൗരവമായി നോക്കിക്കാണുന്ന രണ്ടു ലേഖനങ്ങൾ അതിലുണ്ട്. പൗരാണികതയും പാരമ്പര്യരീതികളും സമകാലിക ചിത്രകലയിൽ പുനരാവർത്തനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കാലത്ത്, ചിത്രകലയുടെ സത്യസന്ധമായ വർത്തമാനചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനം ഒരുക്കിയത് ചിന്ത രവീന്ദ്രൻ ഫൌണ്ടേഷൻ ആണെന്നുള്ളത് ആകസ്മികമല്ല, പ്രസക്തമാണ്.

“അപൂർണ്ണ സ്വപ്നത്തിൻ പ്രതിധ്വനികൾ” ( Echoes of an Unfinished Dream ) എന്ന പേരിൽ നിന്നും രവീന്ദ്രചിന്തകളുടെ തുടർച്ചകളും പ്രതീക്ഷകളും പ്രസരിക്കുന്നുണ്ട്. സാമാന്യ ദൃശ്യങ്ങൾക്കുപോലും ദാർശനിക മാനങ്ങൾ നൽകിയ ചിന്തിക്കുന്ന കലാകാരനെ ഓർമ്മിക്കുവാൻ മാത്രമല്ല, അദ്ദേഹം നമ്മളെ ഏൽപ്പിച്ച ഉത്തരവാദിത്തം മറക്കാതിരിക്കുവാനും ഈ എക്സിബിഷൻ ഉതകുന്നു. ചിന്ത രവീന്ദ്രൻ മുന്നോട്ടുവെച്ച സാംസ്കാരിക സക്രിയത, ഈ കെട്ടകാലത്ത് പോലും ഉണർവ്വും ചലനവും പോരാട്ടവീര്യവും നമ്മളിലേക്ക് വിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ശേഷിപ്പുകളിൽനിന്നും ഉയർത്തെഴുന്നേൽപ്പുകൾ സാധ്യമാണെന്ന് കാണിച്ചുതരുന്ന ഒരുതരം ഉന്മാദകരമായ ഉണർവ്വ്. അതാണീ പ്രദർശനം നൽകുന്ന അർത്ഥസൂചനകളിൽ പ്രധാനമെന്ന് തോന്നുന്നു. പൊലിഞ്ഞുപോയ സ്വപ്നങ്ങളെ ഓർത്തുള്ള വിലാപരൂപങ്ങൾക്ക് പകരം പുതിയ സ്വപ്നദർശനങ്ങളുടെ ആകൃതികളും അടയാളങ്ങളും പ്രമേയങ്ങളും കയറിയിറങ്ങുന്ന ക്യാൻവാസ്സുകൾ. ഊർജ്ജസ്വലത ഇരമ്പിപ്പെയ്യുന്ന വർണ്ണരാജികൾ. “അപൂർണ്ണ സ്വപ്നത്തിൻ പ്രതിധ്വനികൾ” ഒച്ചവെച്ച് ചിലയ്ക്കുന്നതിന് പകരം വിയോജിപ്പിന്റെ ഉൾമുരൾച്ചകളും എതിർപ്പിന്റെ അകപ്പൊരുളുകളും നിറമുഴക്കങ്ങളാക്കി നിറങ്ങളിലൂടെ ഊറിയിറങ്ങുന്നു. കാണികളെ സുഖാലസ്യങ്ങളിലേക്ക് ആനയിക്കുന്നതിനു പകരം ആലോചനകളിലേക്ക് സൗമ്യമായി തള്ളിവിടുന്ന ഒരു തട്ടൽ ( nudge ), വളരെ സ്വാഭാവികമായിട്ടാണ് നടപ്പിലാക്കപ്പെടുന്നത്. ചിത്രപ്രദർശനം വൻ വിജയമായത്, അതിലടങ്ങിയ അതിസൂക്ഷ്മമായ പ്രേരണകൾ കാണികളിലേക്ക് അവർപോലുമറിയാതെ കടന്നുകയറി എന്നതുകൊണ്ടായിരിക്കണം. നേർമ്മയേറിയ ചിത്രഭാഷയുടെ പ്രയോഗം തന്നെയാണ് ഈ എക്സിബിഷൻ നോക്കിപോകുന്നവരെ പിടിച്ചുനിർത്തുന്നതും നോക്കിക്കാണുന്നവരാക്കുന്നതും. നിസ്സംഗ നേത്രങ്ങൾക്ക് നിൽക്കക്കള്ളി ഇല്ലാതാകുന്ന ഉൾക്കൊള്ളിക്കൽ നടക്കുന്ന ഇടമാകുന്നുണ്ട് പ്രദർശനഹാൾ.

2026 ജൂലൈ 20 മുതൽ 25 വരെ ആര് ദിവസത്തേക്ക് നിശ്ചയിച്ച എക്സിബിഷൻ ജനങ്ങളുടെ ആവശ്യപ്രകാരം അഞ്ചുനാളുകൾ കൂടി നീണ്ടുനിന്നു. കോഴിക്കോട് ലളിതകലാ അക്കാഡമിയുടെ രണ്ടുനിലകളിൽ നിറഞ്ഞുതുളുമ്പിനിന്ന പ്രദർശനത്തിൽ എഴുപത്തിയഞ്ചോളം ചിത്രകാരുടെ നൂറിലേറെ ചിത്രങ്ങൾ പ്രദര്ശിപ്പിക്കപ്പെട്ടു. അതിൽ ഇരുപത്തിനാല് കലാകാരികൾ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. വിവിധവ്യാപ്തിയുള്ള ( eclectic ) കലാസൃഷ്ടികൾ തിരഞ്ഞെടുക്കുന്നതിൽ പ്രദർശന ക്യൂറേറ്റർ ആയ പ്രശസ്ത ചിത്രകാരൻ സുനിൽ അശോകപുരം കാഴ്ചവെച്ച നൈപുണ്യം എന്തുകൊണ്ടും പ്രശംസനീയമാണ്. ആശയപ്രാധാന്യവും ലാവണ്യമൂല്യവും സമകാലികതയും ഒത്തുചേരുന്ന ഇത്രയധികം ക്യാൻവാസ്സുകൾ ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞുനോക്കിയെടുക്കുക എന്ന ഭാരിച്ച യജ്ഞം ഏറ്റെടുത്ത് നടപ്പിലാക്കിയതിന് ചിന്ത രവീന്ദ്രൻ ഫൌണ്ടേഷൻ സുനിൽ അശോകപുരത്തെ പ്രത്യേകം ആദരിക്കുകയുണ്ടായി. കേരളത്തിലെ പതിനാലു ജില്ലകളിലും വിപുലമായി നടന്നുകൊണ്ടിരിക്കുന്ന “ഗാസയുടെ പേരുകൾ” എന്ന പരിപാടിയുടെ ഭാഗാമായിട്ടാണ് ചിന്ത രവീന്ദ്രൻ ഫൌണ്ടേഷൻ “അപൂർണ്ണ സ്വപ്നത്തിൻ പ്രതിധ്വനികൾ” എന്ന ചിത്രപ്രദർശനം കോഴിക്കോട്ട് നടത്തിയത്. കാണാൻ പോകുന്ന ചിത്രവർണ്ണ പൂരത്തിനുള്ള തിരശീല ഉയർത്തുന്ന അജയകുമാർ രചന കറുപ്പിലും ചുവപ്പിലും സംസാരിക്കുന്നുണ്ട്. ആരംഭം കുറിക്കുവാൻ അനുയോജ്യമായ ചെറുചിത്രം മലയാള കളിയാട്ടങ്ങളുടെ സാമ്പ്രദായക തുടക്കങ്ങൾ ഓർമ്മിപ്പിക്കുന്നു. എന്തിന് കഥകളിയുടെ തിരശീല ? കലയുടെ സവർണ്ണ പ്രമാണിത്തം പ്രക്ഷേപണം ചെയ്യുന്ന സൃഷ്ടി എന്ന ആരോപണം ഒരു പ്രത്യയശാസ്ത്രശാഠ്യമായി കാണുന്നതായിരിക്കും നല്ലത്. ഇത്തരം ഡോഗ്മകളിൽനിന്നും മോചനം നേടിക്കഴിഞ്ഞു സമകാലീന ചിത്രകല എന്നതിന്റെ പ്രഖ്യാപനമായി ഈ രചനയെ വായിക്കാവുന്നതാണ്.

സ്മിത. എം. ബാബു

ചട്ടക്കൂടുകൾ തകർത്ത് പുറത്തുവരിക എന്ന ഭാഷാപ്രയോഗം അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ് സ്മിത. എം. ബാബു. ചതുരങ്ങളേയും വൃത്തങ്ങളേയും ത്രികോണങ്ങളേയും നിരാകരിച്ച് അമീബാ രൂപികളായ രണ്ടു ചിത്രങ്ങൾ. എന്തായി തീരണം എന്ന സമസ്യയെ എന്തുമായി തീരാം എന്ന് പൂരിപ്പിക്കുന്ന ചിത്രങ്ങൾ. ആദ്യനോട്ടത്തിൽ ഉടലെടുക്കുന്ന കേവല കൗതുകം ഉപേക്ഷിച്ച് അമൂർത്തമായ ആകൃതിയിൽ നിന്നും പലതും കാണിക്ക് അനുഭവപ്പെടും. ഒരു അയോണെസ്‌കോ നാടകം കാണുന്ന എക്സ്പീരിയൻസ്. ഒരു ഫ്രെയിമിലും ഒതുങ്ങാത്ത സ്ത്രീസ്വത്വത്തെ നേർക്കുനേർ അഭിമുഖീകരിക്കാൻ വൈമനസ്യമുള്ള മലയാളിയുടെ സാമൂഹ്യമിഴികളിൽ മണ്ണുവാരിയിടുന്ന വേറിട്ട രചന. കെ. സുധീഷ് നിറം പകർന്ന ദീർഘചതുരം, ലക്ഷണമൊത്ത രചന എന്നൊക്കെ വിളിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. നിർമ്മിത ഹൈന്ദവ ബിംബങ്ങൾക്കുമുൻപിൽ അവ്യക്ത മുഖഭാവത്തോടെ നോക്കിനിൽക്കുന്ന തട്ടമിട്ട പെൺകുട്ടി. കാലിക യാഥാർഥ്യങ്ങൾക്കുമുന്നിൽ സ്തബ്ധയായി തീരുന്നവളുടെ ഭാവങ്ങൾ പലതാണ്. സ്നിഗ്ദതയിൽ നിന്നും സന്ദിഗ്ധതയിലേക്ക് സഞ്ചരിക്കുന്ന അനേകം ഭാവവ്യതിയാനങ്ങൾ. അൻപത്തിയാറാം വയസ്സിൽ വരകളിലേക്കും വർണ്ണങ്ങളിലേക്കും വിരുന്നുവന്ന കെ. മാധവി. രണ്ടു വർഷംകൊണ്ട് കൈയ്യൊതുക്കമുള്ള ചിത്രകാരിയായി മാറിത്തീർന്നത് വിസ്മയം ജനിപ്പിക്കുന്ന വാസ്തവം. കെ.മാധവിയുടെ രണ്ടു രചനകളും ഗ്രാമീണ പരിസരങ്ങളുടെ പച്ചപ്പും ലാളിത്യവും ഉടൽവിയർപ്പുകളും കാണികളിലേക്ക് പ്രക്ഷേപണം ചെയ്യുന്നവയാണ്. വെയിലുകൊണ്ടു തൊലി പൊള്ളിയ സ്ത്രീരൂപങ്ങൾ തവിട്ടുനിറങ്ങളിൽ വന്നുനിന്ന് കരുത്തിന്റെ കവിതകൾ ആലപിക്കുകയാണ്.

മേഘ്ന. കെ. സി

ഇളംപ്രായക്കാരി മേഘ്‌നാ.കെ.സി യുടെ വിദഗ്ദ്ധമായി വിരൽസൂത്രം വിളിച്ചോതുന്ന രണ്ടു ചിത്രങ്ങളുണ്ട് .കറുപ്പുമഷിയുടെ അപാരസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് യുവചിത്രകാരി. നവതലമുറയുടെ ഡൂഡിൾ ശൈലിയെ ഗൗരവകലയുമായി കൂട്ടിയോജിപ്പിക്കുന്നതിൽ കലാകാരി വിജയിക്കുന്നുമുണ്ട്. ഭീമൻ തിമിംഗലവും വ്യാളീരൂപവും കുനുകുനാ വരകളിൽനിന്നും ഗരിമയോടെ എന്തെല്ലാമോ നമ്മളോട് വിളിച്ചുപറയുന്നുണ്ട്. അന്തർസങ്കർഷങ്ങളുടെ അലമുറകൾ അമർത്തിവെച്ച അടുക്കും ചിട്ടയുമുള്ള ചിത്രങ്ങൾ. നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാതെവരുന്ന ജനറേഷൻ ആൽഫയുടെ സങ്കീർണ്ണ സങ്കടങ്ങൾ കറുപ്പിനും വെളുപ്പിനും ഇടയിലെവിടെയോ കുടികൊള്ളുന്ന ചാരമേഖലയിൽ ആലേഖനം ചെയ്തശേഷം മേഘ്‌ന.കെ.സി കയ്യുംകെട്ടി ഒന്നും സംഭവിക്കാത്തപോലെ നമ്മളെ നോക്കിനിൽക്കുകയാണ്. ഈയൊരു ദൂരഭാവം തന്നെയാണോ വരാനിരിക്കുന്ന കലാഭാവുകത്വം ?

രാധാ ഗോമതി

ചരിത്രത്തിന് നിങ്ങളുടെമേലൊരു കണ്ണുണ്ട് എന്ന് വലിയ ആംഗ്ലേയ ലിപികളിൽ ചിത്രത്തിനുള്ളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട് ഗണേഷ് ബാബു. സ്ത്രീപുരുഷ രൂപങ്ങളും വദനങ്ങളുടെ സമീപദൃശ്യങ്ങളും ക്യാൻവാസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അതിൽനിന്നും സ്ഫുരിക്കുന്നത് ഭീതിയും നിർമ്മമതയും ചേർന്നുള്ള ഒരുതരം മിശ്രഭാവമാണ്. Fundamentally എന്ന ഒറ്റവാക്ക് ചിത്രകോണിൽ കാണാം. അടിസ്ഥാനപരം എന്ന അർത്ഥവും കടന്ന് മൗലികവാദം എന്ന ധ്വനിയിലേക്ക് നമ്മളെ അത് നയിക്കുന്നില്ലേ എന്ന് സംശയിക്കാവുന്നതാണ്. പാഠങ്ങളിൽനിന്നും പാഠഭേദങ്ങളിലേക്ക് ചിത്രകല നീങ്ങുവാൻ തുടങ്ങിയിരിക്കുന്നു എന്നൊരു സൂചന ഗണേഷ് ബാബു നമുക്ക് നൽകുന്നുണ്ട്. ചിത്രകാരി, ശില്പി, കവയിത്രി, ക്യൂറേറ്റര്‍, സംരംഭക, അഭിനേത്രി, അങ്ങിനെ പലപല വേഷങ്ങൾ. ബഹുമുഖ പ്രതിഭയായ രാധാ ഗോമതിയുടെ പതിമൂന്ന് ചിന്നച്ചിത്രങ്ങൾ ഈ പ്രദർശനത്തെ ഉയർത്തി പ്രതിഷ്ഠിക്കാൻ നല്ലവണ്ണം സഹായിക്കുന്നുണ്ട്. ബറോഡയും ശാന്തിനികേതനും നൽകിയ ശിക്ഷണം അവരുടെ രചനകളിലൂടെ അന്തർലീനമായി പ്രവഹിക്കുന്നത് സ്വാഭാവികം. എന്നാൽ, മഷിക്കറുപ്പിനെ പെൺകരുത്താക്കുന്നതിൽ അവർ കാണിക്കുന്ന അനന്യമായ നിസർഗ്ഗനെെപുണ്യം അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്നു. രാധാഗോമതിയുടെ പെണ്ണുങ്ങൾ ചിന്തിക്കുന്ന നേരത്ത് റോദാങ് കൊത്തിവെച്ച പുരുഷ ചിന്തകൻ ഉടഞ്ഞുവീഴുന്നു. അവർ ഒന്നല്ല രണ്ടു പൈതങ്ങളെ ഒരേസമയം മുലയൂട്ടുന്നു. മുഷ്ടിചുരുട്ടി പ്രഹരിക്കാൻ തയ്യാറെടുത്ത് നിൽക്കുന്നു. കല്ലെറിയുവാൻ ഉന്നംപിടിക്കുന്നു. അറുത്തെടുത്ത ശിരസ്സും, ത്രിശൂലവും, രാക്ഷസരൂപങ്ങളും അവളുടെ മസ്തിഷ്ക്കം കലുഷിതമാക്കുന്നുണ്ട്. ചിലനേരങ്ങളിൽ അവൾക്ക് കിരാതഭാവം, മറ്റുചിലപ്പോൾ മദാലസ, ചിലപ്പോൾ അമ്മക്കനിവ്, മറ്റുചിലപ്പോൾ പോരാളി. സ്ത്രീയുടെ ബഹുത്വം രേഖപ്പെടുത്തുന്ന കരിമഷിക്കോലങ്ങൾ കാലത്തിന് നേർക്കുള്ള കൂർത്ത നോട്ടങ്ങളാകുന്നു. പെണ്ണൂക്കിൻ മാനിഫെസ്റ്റോ എന്നുതന്നെ വിളിക്കാവുന്ന പതിമൂന്ന് പ്രഹരങ്ങൾ.

എൻ. ബലമുരളീ കൃഷ്ണൻ

വിശദാംശങ്ങളിൽ ശ്രദ്ധയൂന്നി നിറംപകർന്ന ധന്യയുടെ ചിത്രം കാഴ്ചാ സുഖത്തിനും അപ്പുറത്തേക്ക് കാണിയെ ആനയിക്കുന്നു. ഒരു തെങ്ങിൻകുറ്റിയും രണ്ട് അണ്ണാറക്കണ്ണന്മാരും. പഴയൊരു ബെർഗ്മാൻ സിനിമയിൽ കണ്ടുമറന്ന രൂപകം. അറുത്തുമാറ്റപ്പെട്ട വൃക്ഷാവശിഷ്ട്ടം, നിശ്ചലത, എങ്കിലും, വേരുകളിലൂടെ ഓടിക്കളിക്കുന്ന അണ്ണാനും ഇണയും ചലനത്തിൻ പ്രതീകമാകുന്നു. ധന്യയുടെ ചിത്രത്തിൽ നിന്നും പ്രതീക്ഷയാണ് ചിലയ്ക്കുന്നത്. കാടുകയറിയ പോലീസ് വണ്ടി കോറിയിട്ട എൻ. ബലമുരളീ കൃഷ്ണൻ വെച്ചുപുലർത്തുന്നതും ഒരുതരം പ്രതീക്ഷ തന്നെയാണ്. അൽത്യുസർ പറഞ്ഞുറപ്പിച്ച അടിച്ചമർത്തുന്ന ഭരണകൂട ഉപകരണം ( Repressive State Apparatus ) ഒരു മൂലക്കിരുന്ന് തുരുമ്പെടുക്കുന്ന കാഴ്ച “അപൂർണ്ണ സ്വപ്നത്തിൻ പ്രതിധ്വനി ” തന്നെയാണ്. പോലീസ് വണ്ടിയെ മൂടുന്ന ചെടിപടലങ്ങളും, കാട്ടുവള്ളികളും, അതിസൂക്ഷ്മ രേഖകൾകൊണ്ടാണ് വരച്ചിട്ടുള്ളത്. കറുപ്പ് ഇവിടെ ഒരു നിറമല്ല, നിലപാടാണ്. ഇടിവണ്ടി ഇവിടൊരു ബിംബമോ പ്രതീകമോ അല്ല. അതൊരു ചരിത്ര സ്മാരകമാണ്.

Pushkin.E.H

തുന്നിപ്പിടിപ്പിച്ച ഉടഞ്ഞുപോയ വെളുത്ത കാപ്പിക്കപ്പ് വരയ്ക്കുമ്പോൾ ഇ.എച്. പുഷ്കിൻ എന്തായിരിക്കും ചിന്തിച്ചത് ? കടും ചുകപ്പ് പശ്ചാത്തലം ഒരുക്കുമ്പോൾ എന്തെല്ലാം ഓർമ്മകളായിരിക്കും ചിത്രകാരൻ അയവിറക്കിയത് ? റാഡിക്കൽ പെയിന്റേഴ്‌സ് ആൻഡ് സ്കൾപ്റ്റെർസ് അസോസിയേഷൻ എൺപതുകളുടെ വസന്തനാളുകളിൽ നടത്തിയ വെടിക്കെട്ട് പ്രദര്ശനങ്ങളോ ? സ്വയം ജീവനെടുത്ത കെ.പി.കൃഷ്ണകുമാറിന്റെ തുന്നിക്കെട്ടിയ കിനാക്കളോ ? ഉണ്മയുടെ ഭാഷ വെളിപ്പെടുമ്പോൾ ജീവിതം കൊള്ളയടിക്കപ്പെട്ടു എന്ന സത്യാവസ്ഥയോ ? ഉടഞ്ഞുപോയതെല്ലാം കൂട്ടിയോജിപ്പിക്കാം എന്ന പ്രതീക്ഷയോ ? മറ്റാർക്കും മാറിയെടുക്കാൻ ആവാത്തവിധം അക്കൗണ്ട് പേയീ ക്രോസ്സ് ചെയ്ത സുധാകരൻ എടക്കണ്ടിയുടെ അതിസുന്ദരമായ പ്രകൃതിചിത്രം ഒരു കരുതലാണ്. കണ്ടൽക്കാടും തെളിനീർക്കുളവും വെള്ളക്കൊക്കുകളും പച്ചക്കുന്നും പഞ്ഞിമേഘങ്ങളും നിറഞ്ഞ കുളിർ ക്യാൻവാസ്സിന് കുറുകെ വരച്ച ഇരട്ടവര സുരക്ഷിതത്വം ഉറപ്പുവരുത്തുവാനുള്ള കുസൃതികലർന്ന പ്രയോഗമായി മാറുന്നു.

സുനിൽ അശോകപുരം

ബാര ഭാസ്കരൻ ഉയർത്തിനിർത്തുന്ന ലംബ ബിംബങ്ങൾ വശീകരണക്ഷമതയുള്ള അഭൗമിക ദൃശ്യഭംഗി പകരുന്നതായി അനുഭവപ്പെടാം. നമ്മുടെ പൂർവികരുടെ അജ്ഞേയമായ ഏതോ അനുഷ്ട്ടാന കർമ്മത്തിൻ അവശിഷ്ടം പോലെ അവ തലയെടുപ്പോടെ നിലകൊള്ളുകയാണ്. തന്റെ സബാൾട്ടേൺ പഠനങ്ങളിൽ നിന്നും ആർജിച്ച ബിംബകല്പനകൾ കാൻവാസിലേക്ക് പ്രവേശിക്കുമ്പോൾ സംഭവിക്കുന്ന ലാവണ്യപരിണാമം അലൗകികമാകുന്നതിൽ അത്ഭുതപ്പെടാൻ സാധിക്കില്ല. അന്യഗൃഹ ജീവികളുടെ സഞ്ചാരപേടകങ്ങൾ ആണെന്നുപോലും സംശയിക്കാൻ തോന്നി. ബാര എന്ന കാസർഗോഡ് ഗ്രാമത്തിൽ നിന്നും ആംസ്റ്റർഡാം വരെ നീണ്ടുകിടക്കുന്ന കാഴ്ചയുടെ ലോകം ബാര ഭാസ്കരനെ ഇതുപോലുള്ള എക്ക്സോട്ടിക് ചിത്രങ്ങൾ വരയ്ക്കാൻ പ്രാപ്തനാക്കുന്നു. പ്രദർശനം ക്യൂറേറ്റ് ചെയ്ത സുനിൽ അശോകപുരം തീർത്ത ചിത്രം അടരുകളിലൂടെയാണ് സംവദിക്കുന്നത്. ക്യാൻവാസ്സിനെ വിഭജിക്കുന്ന അതിരുകൾ പലതാണ്. നീണ്ടുമെലിഞ്ഞ നടപ്പാത. അതിനപ്പുറമിപ്പുറം തമ്മാമ്മിൽ പോരാടാൻ ഓടിയടുക്കുന്ന കാട്ടുപന്നികൾ. പാടവും പച്ചപ്പും ഒരുവശത്ത്. വരണ്ട നഗര ഭൂമിക മറുവശത്ത്. ജലപ്പരപ്പും നദിക്കരയും വേർതിരിക്കുന്ന തിരശ്ചീനരേഖ. കേവുവള്ളത്തിലെ ഏകാന്തസഞ്ചാരിണി. അവളുടെ കടുംചുവപ്പ് കുപ്പായം. ആദ്യനോട്ടത്തിൽ നിഷ്ക്കളങ്കമെന്ന് തോന്നുന്ന ചിത്രചതുരം. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ കാണാം, അനുഭവിക്കാം, വരാനിരിക്കുന്ന കാലം നമുക്കായി സ്വരുക്കൂട്ടി വെച്ചുകൊണ്ടിരിക്കുന്ന അപ്രിയ വിഭവങ്ങൾ. വിപൽസന്ദേശങ്ങളുടെ അടക്കിപ്പിടിച്ച അലമുറയായി മാറുകയാണ് ചിത്രം.

കെ. പ്രഭാകരൻ

ജീവിച്ചിരുന്ന കാലമത്രയും കമ്പോളം വച്ചുനീട്ടിയ ചക്കരച്ചട്ടിയിൽ കൈമുക്കാതെ പിടിച്ചുനിന്ന പോരാളിയായിരുന്നു കെ. പ്രഭാകരൻ. കറകളഞ്ഞ റാഡിക്കൽ ചിത്രകാരൻ. ചിന്ത രവീന്ദ്രന്റെ സ്വന്തം സഹോദരൻ. പ്രഭാകരൻ നിറംപകർന്ന ഈയൊരു മാസ്റ്റർപീസ് ആയിരിക്കും “അപൂർണ്ണ സ്വപ്നത്തിൻ പ്രതിധ്വനികൾ” എന്ന പ്രദർശനം അർത്ഥപൂർണ്ണമാക്കുന്ന രചന. ക്യാൻവാസിൽ ആപൽക്കാരമായി നിറഞ്ഞുനിൽക്കുന്ന ഭീമൻ തിമിംഗലം. എന്തിനേയും ഏതിനേയും വിഴുങ്ങാൻ കാത്തിരിക്കുന്ന അതികായൻ. പ്രഭാകരൻ അതിനെ സുതാര്യമാകുകയാണ്. തവിട്ടു നിറം ഉപയോഗിച്ചുകൊണ്ടുള്ള കരവിരുതിനുമുന്നിൽ ജലഗോലിയാത്ത് പൊള്ളയാണെന്ന് കാണിച്ചുതരികയാണ് കലാകാരൻ. ദാവീദ് ചുഴറ്റിയെറിയുന്ന തെറ്റാലിക്കല്ലാവുകയാണ് കല. കവലച്ചരക്കാവാൻ മനസ്സില്ല എന്ന പ്രസ്താവന “ആയിത്തീരുകയാണ് “ കലാസൃഷ്ടി. തോരണങ്ങളും കെട്ടുകാഴ്ചയും വിൽപ്പനലാക്കും നിഷേധിച്ചുകൊണ്ടൊരു ചിത്രപ്രദർശനം സംഘടിപ്പിക്കുവാൻ സാധിക്കുമെന്ന ശങ്കയില്ലാത്ത പ്രഖ്യാപനമാവുകയാണ് “അപൂർണ്ണ സ്വപ്നത്തിൻ പ്രതിധ്വനികൾ”. ലാവണ്യധാരയും രാഷ്ട്രീയധ്വനിയും ചേർന്നുള്ള ഒരു സർഗ്ഗാത്മക ജുഗൽബന്ദി. ഇന്നിൽ കാലൂന്നി നിന്നുകൊണ്ട് നാളെയിലേക്ക് കണ്ണെറിയുന്നൊരു പ്രതീക്ഷാവീക്ഷണം. പ്രശസ്തരും പുതുനാമ്പുകളും കൈകോർത്ത പ്രതിഭാസംഗമം. കാണികളുടെ തോളത്ത് കൈയ്യിട്ട് ആശയങ്ങൾ കൈമാറാൻ സാധിച്ച ഇടം.
ഇത്രയും മാത്രമല്ല, മറ്റെന്തെല്ലാമോ ആയിത്തീരുകയായിരുന്നു പ്രദര്ശനപരിസരം.

 

 

 

 

 

Hot this week

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

Topics

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...

വിലപേശലിന്റെ രാഷ്ട്രീയം: NEET-ന്റെ ജാതി-വർഗ്ഗ യുക്തിയും, ഒരു രാജിയിൽ അവസാനിക്കുന്ന പ്രതിഷേധത്തിന്റെ പരിധികളും

മെറിറ്റ് എന്ന വാക്ക് ഇന്ത്യൻ പൊതുബോധത്തിൽ ഒരു നിഷ്പക്ഷ അളവുകോലായാണ് പ്രവർത്തിക്കുന്നത്....

എം. ടി. യുടെ സ്ത്രീകൾ

മലയാള സാഹിത്യചരിത്രത്തിൽ എക്കാലവും തെളിഞ്ഞുനിൽക്കുന്ന, ഇന്നും നാളെയും വായിക്കപ്പെടുന്ന ഒരു നാമമാണ്...

ബഹിരാകാശത്തെ ആദ്യ മലയാളി സ്പർശം

ഇക്കഴിഞ്ഞ ജൂലൈ 14 ന്  ഇന്ത്യൻ സമയം രാത്രി 8.17. കസാക്കിസ്ഥാനിലെ...

ഗാന്ധിജിയും മാർക്‌സും ബഷീറും

മലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ...

വി. എസ്. ഇല്ലാത്ത ഒരാണ്ട്

കണ്ണേ..കരളേ വി എസ്സേ.. ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… 2025 ജൂലൈ 21ന് സഖാവ്...
spot_img

Related Articles

Popular Categories

spot_imgspot_img