ഹിംസയുടെ തിരക്കാഴ്‌ച

കെ എ നിധിൻ നാഥ്‌


ലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌ വരാൻ തുടങ്ങി. യാഥാർഥ്യത്തോട് അടുത്തതും റിയലിസ്റ്റിക്കുമായ കഥപറച്ചിലിന് പേരുകേട്ട മലയാള സിനിമ, ആ രീതികളെ അവഗണിച്ച്‌ പാൻ-ഇന്ത്യൻ തരംഗങ്ങളുടെയും ഹൈപ്പർ-മസ്‍കുലിൻ ആക്ഷൻ ട്രെൻഡുകളുടെയും പുറകേ പോകാൻ തുടങ്ങിയതോടെയാണ്‌ ഇ‍ൗ മാറ്റം തുടങ്ങുന്നത്‌. ക്രൂരമായ അക്രമ രംഗങ്ങളെ വലിയ രീതിയിൽ ആഘോഷമാക്കുക അതിന്‌ കമ്പോളസാധ്യതയുണ്ട്‌ എന്ന തിരിച്ചറിവാണ്‌ ഒരുപരിധി വരെ ഇതിലേക്ക്‌ വഴിവെച്ചത്‌. തിയറ്ററിനപ്പുറം ഒടിടിയിലൂടെയുള്ള കച്ചവട സാധ്യതയാണ്‌ ഇ‍ൗ രീതിയ്‌ക്ക്‌ വലിയ തോത്തിൽ നിർമാതാക്കളും അണിയറ പ്രവർത്തകരും പിന്തുണയ്‌ക്കാൻ കാരണം.

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായാണ്‌ മാർക്കറ്റ ചെയ്‌തത്‌. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ക്രൂരമായ ‘അനിമൽ’, ‘കിൽ’ തുടങ്ങിയ സിനിമകളോട് താരതമ്യം ചെയ്യാൻ കഴിയുന്ന രക്തച്ചൊരിച്ചിലാണ് മാർക്കോയിലുള്ളത്‌. സിനിമയുടെ സൗന്ദര്യശാസ്ത്രം പൂർണമായും ഉപേക്ഷിച്ച്‌ കേവലം അതിരുകടന്ന വയലൻസും ഹിംയും രക്തചൊരിച്ചലും മാത്രമായി ഇ‍ൗ സിനിമ മാറി. എന്നാൽ ഇ‍ൗ സിനിമയ്‌ക്ക്‌ ലഭിച്ച പിന്തുണ മാറിയ മലയാള പ്രേക്ഷക സ്വഭാവത്തിന്റെ കൂടി സാക്ഷ്യമായിരുന്നു.ചിത്രം തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും, അമിതമായ ഹിംസകാരണം ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ സെൻസർ ബോർഡ് വിലക്കി. ഫഹദ്‌ ഫാസിൽ ചിത്രം ആവേശത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ‘രംഗൻ’ എന്ന ഗുണ്ടാ കഥാപാത്രവും അതിലെ അക്രമങ്ങളും യുവാക്കൾക്കിടയിൽ തരംഗമായി. ആർഡിഎക്സ് ടർബോ, ഭീഷ്മപർവ്വം തുടങ്ങി ഇടിപ്പടങ്ങളും ഗ്യാങ്സ്റ്റർ പോരാട്ടങ്ങളും വഴി വലിയ രീതിയിൽ വയലൻസിനെ ‘മാസ്സ്’ ഘടകമായി ചിത്രങ്ങൾ ഉപയോഗിച്ചു.

സിനിമയിലെ അക്രമ രംഗങ്ങൾ കൗമാരക്കാരുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുന്നുവെന്നും അവരെ അക്രമാസക്തരാക്കാൻ പ്രേരിപ്പിക്കുന്നുവെന്നും മനഃശാസ്ത്രജ്ഞരും സാമൂഹ്യ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നുണ്ട്‌. കേരളത്തിൽ അടുത്ത കാലത്തുണ്ടായ ചില ലഹരി-ഗുണ്ടാ ആക്രമണങ്ങൾക്ക് പിന്നിൽ സിനിമകളുടെ സ്വാധീനമുണ്ടെന്ന തരത്തിൽ നിയമസഭയിൽ വരെ ചർച്ചകൾ നടന്നു. സിനിമകളിൽ അക്രമങ്ങളെ മഹത്വവൽക്കരിക്കുന്നത് തടയാൻ താരങ്ങളുടെ സഹായം തേടാൻ പോലും കേരള പൊലീസ് ആലോചിച്ചിരുന്നു. പഴയകാലത്തെപ്പോലെ കുടുംബങ്ങൾ ഒത്തൊരുമിച്ചിരുന്ന് ആസ്വദിക്കുന്ന നല്ല ഹാസ്യചിത്രങ്ങൾ കുറയുകയാണെന്നും, തിയേറ്ററുകൾ ‘കശാപ്പുശാലകൾ’ പോലെ ചോരക്കളമായി മാറുകയാണെന്നും വിമർശിച്ചത്‌ അന്തരിച്ച നടൻ സലിം കുമാനാണ്‌. എന്നാൽ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്നതിനെ ലളിതവൽക്കരിക്കാനാണ്‌ എപ്പോഴും സിനിമ മേഖല ശ്രമിച്ചത്‌.
യുവ തലമുറയെയും കുട്ടികളെയും ബാധിക്കുന്ന വിഷയത്തെ ലളിതവൽകരിക്കാനാണ്‌ ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ ശ്രമിച്ചത്‌. ലോകത്ത് ഏറ്റവും കൂടുതൽ ക്രൈം സിനിമകൾ നിർമിക്കുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണെന്നും, സാമൂഹിക-–സാമ്പത്തിക പ്രശ്നങ്ങളാണ് വയലൻസിന് കാരണമെന്നും അവരുടെ വാദം. യഥാർഥ സമൂഹത്തിലുള്ള വയലൻസിന്റെ ചെറിയൊരു ശതമാനം മാത്രമേ സിനിമയിൽ കാണിക്കുന്നുള്ളൂ എന്നാണ് ‘മാർക്കോ’യുടെ വിജയത്തിന് ശേഷം അണിയറപ്രവർത്തകർ പ്രതികരിച്ചത്.

മലയാള സിനിമ അതിന്റെ ഉള്ളടക്കത്തിലും പുതുമ സൃഷ്ടിക്കുന്നതിലും കഴിയാതെ വന്നതോടെ നേരിട്ട തിരിച്ചടിയെ മറികടക്കാനുള്ള ശ്രമമാണ്‌ അമിതമായ വയലൻസിന്റെ ഉപയോഗത്തിനു വഴിതുറന്നത്‌. സിനിമ പ്രവർത്തകർ വയലൻസ് നിറയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കച്ചവട കാരണം ‘തിയേറ്റർ എക്സ്പീരിയൻസ്’ നിലനിർത്താനുള്ള നിർമാതാക്കളുടെ ശ്രമമാണ്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ പ്രേക്ഷകരുടെ സിനിമാ കാഴ്ചാ ശീലങ്ങൾ മാറിയതാണ് ഈ ട്രെൻഡിന് പിന്നിലെ പ്രധാന ഘടകം. ഒടിടി പ്ലാറ്റ്‌ഫോമുകൾ ജനകിയമായതോടെ പ്രണയകഥകൾ, കുടുംബ ചിത്രങ്ങൾ, ചെറിയ കോമഡി സിനിമകൾ എന്നിവ തിയറ്ററിൽ പോയി കാണാൻ ആളുകൾ താൽപര്യം കാണിക്കാതെയായി. എല്ലാത്തപക്ഷം പ്രേമലു പോലെ മികച്ച ക്രാഫ്‌റ്റുള്ള സിനിമകൾ മാത്രമാണ്‌ ഇത്തരത്തിൽ തിയറ്ററിൽ പ്രേക്ഷക പിന്തുണ ലഭിക്കുന്നത്‌. എല്ലാത്ത പക്ഷം ഇത്തരം സിനിമകൾ ഒരു മാസം കഴിഞ്ഞാൽ ഒടിടിയിൽ വരുമെന്നും അപ്പോൾ കാണാമെന്നുമാണ്‌ പ്രേക്ഷക നിലപാട്‌. തിയറ്ററിൽ വന്ന് പണം മുടക്കണമെങ്കിൽ വീട്ടിലിരുന്ന് മൊബൈലിലോ ടിവിയിലോ കണ്ട് ആസ്വദിക്കാൻ പറ്റാത്ത എന്തെങ്കിലും വേണമെന്നാണ്‌ പ്രേക്ഷകർ ആഗ്രഹിക്കുന്നത്‌.

മികച്ച സിനിമകൾ ഒരുക്കുക എല്ലായിപ്പോഴും സാധ്യമല്ലാത്തതിനാൽ അതിനെ മറികടക്കാനുള്ള സൂത്രപ്പണിയാണ്‌ വലിയ ശബ്ദസംവിധാനവും വലിപ്പമേറിയ സ്‌ക്രീനും ആവശ്യമുള്ള സിനിമകളിലൂടെ ആളുകളെ തിയറ്ററിലേക്ക് ആകർഷിക്കുക എന്നത്‌. തിയറ്ററുകളെ പൂരപ്പറമ്പ് പോലെയാക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങൾ, ചെവിടുപൊട്ടുന്ന പശ്ചാത്തല സംഗീതം , സ്ലോ-മോഷൻ ഇടിയും ചോരക്കളങ്ങളും എന്നിവയാണ് ഈ ‘എക്സ്പീരിയൻസ്’ നൽകാൻ ഏറ്റവും എളുപ്പമുള്ള വഴി എന്നവർ കണ്ടെത്തി. തിയറ്ററിൽ കൂട്ടമായി ഇരുന്ന് ബഹളം വെക്കാനും, കൈയടിക്കാനും പറ്റുന്ന ‘ഫാൻ ബോയ്’ നിമിഷങ്ങൾ ആക്ഷൻ സിനിമകളിലാണ് കൂടുതൽ ഉണ്ടാകുന്നത്. ആവേശം ടർബോ , മാർക്കോ തുടങ്ങിയ സിനിമകളിലെ ക്രൂരമെങ്കിലും സ്റ്റൈലിഷ് ആയ വയലൻസ് രംഗങ്ങൾ തിയറ്ററുകളിൽ വലിയ തരംഗമുണ്ടാക്കിയത് കൂട്ടത്തോടെയുള്ള ഈ ആഘോഷം സാധ്യമാക്കുന്നതിനാലാണ്‌. മൗത്ത് പബ്ലിസിറ്റിയും തിയറ്ററിൽ അനുഭവിക്കുന്ന ആ ആവേശം പ്രേക്ഷകർ തിയറ്ററിന് പുറത്തിറങ്ങി സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന സാധ്യതയും പ്രേക്ഷകർ കണ്ടെത്തി. പലപ്പോഴും ഉയർന്ന്‌ നിൽക്കുന്ന മൊബൈൽ ഫോണുകളുടെ കാരണവും ഇതാണ്‌. ഒരു സിനിമയിൽ ‘ഇടിപ്പൂരമാണ്’, ‘ചോരക്കളമാണ്’ എന്നൊക്കെയുള്ള റിവ്യൂകൾ വരുന്നത് യുവാക്കളെ തിയറ്ററുകളിലേക്ക് വേഗത്തിൽ ആകർഷിക്കാൻ കഴിയുമെന്നതിനാൽ സിനിമ പ്രചാരണം തന്നെ ഇതിനെചുറ്റിയാണ്‌. സിനിമയെ ഒരു കഥ പറച്ചില്ലായി കാണാതെ, ഒരു വിനോദ റൈഡ് ആക്കി മാറ്റാൻ തിയറ്ററുകൾ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ചോരയും വയലൻസും നിറഞ്ഞ ദൃശ്യങ്ങൾ സ്ക്രീനുകളിൽ നിറക്കുന്നത്.

​ഇ‍ൗ പുതിയ സിനിമ സംസ്‌കാരത്തിന്റെ ഉപ ഉൽപനമാണ്‌ മലയാള സിനിമയിൽ ഇന്ന് കാണുന്ന ഏറ്റവും പുതിയതും തീവ്രവുമായ ‘ഹൈപ്പർ-വയലൻസ്’ തരംഗം. മുൻകാലങ്ങളിൽ സിനിമകളിൽ ഇടിയും അക്രമങ്ങളും ഉണ്ടായിരുന്നുവെങ്കിലും, ശരീരഭാഗങ്ങൾ വെട്ടിമാറ്റുന്നതും രക്തം ചീറ്റുന്നതുമായ ക്രൂരമായ ദൃശ്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ നേരിട്ട് കാണിക്കുകയും അതിലേക്ക്‌ ആഘോഷ സ്വഭാവമുള്ള പശ്ചാത്തല സംഗീതം കൊടുക്കുന്ന രീതി മലയാള സിനിമയിൽ അന്യമായിരുന്നു. എന്നാൽ ഇന്ന് അത് പൂർണമായി മാറുകയും ഈ ഹൈപ്പർ-വയലൻസ് തരംഗത്തിന്‌ കീഴ്‌പെടുകയും ചെയ്തു. വെറും അടികൾക്ക് അപ്പുറം, മനുഷ്യശരീരത്തിന് ഏൽക്കുന്ന മാരകമായ പരിക്കുകളെ വളരെ വ്യക്തതയോടെ സ്ക്രീനിൽ കാണിക്കുകയാണ്‌. കഴുത്തറുക്കൽ, കൈകാലുകൾ അറുത്തുമാറ്റൽ, ചോര ഒലിക്കുന്ന ദൃശ്യങ്ങൾ എന്നിവ സെൻസർ ഭയമില്ലാതെ അവതരിപ്പിക്കപ്പെടുകയും സംഘപരിവാറിന്റെ സെൻസർ ബോർഡ്‌ അതിനു പച്ചകൊടി വീശുകയും ചെയ്യുകയാണ്‌. രാഷ്‌ട്രീയ ഉള്ളടങ്ങൾ മോദി ഭക്ത സംഘത്തിന്റെ അനിഷ്ടം കാരണം വെട്ടി മാറ്റുന്ന അതേ സെൻസർ ബോർഡാണ്‌ ഇ‍ൗ അമിത ഹിംസയും രക്തച്ചൊരിച്ചലും അനുവദിക്കുന്നത്‌.

സെൻസർ ബോർഡ്‌ സുഖമായി കടത്തി വിടുന്നതിനാൽ ഈ സിനിമാ ശൈലി ഇപ്പോൾ മലയാളത്തിലും സാധാരണമായി മാറ്റപ്പെട്ടു. പഴയ സിനിമകളിൽ നായകന്റെ അക്രമത്തിന്‌ ഒരുപരിധി വരെ കഥാഗതിയിൽ പ്രാധാനമുണ്ടായിരുന്നു. എന്നാൽ ഹൈപ്പർ-വയലൻസ് സിനിമകളിൽ നായകൻ ഒരു ദയയുമില്ലാത്ത കൊലയാളിയോ സൈക്കോപാത്തോ ആകുകയാണ്‌. വില്ലന്മാരെ ക്രൂരമായി കൊല്ലുന്ന നായകന്റെ ക്രൂരതയെ പ്രേക്ഷകരും കൈയടിയോടെയാണ് സ്വീകരിക്കുന്നത്. ‘മാർക്കോ’ എന്ന ചിത്രം മലയാള സിനിമയിലെ ഹൈപ്പർ-വയലൻസിന്‌ വഴി തുറക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അക്രമ രംഗങ്ങളെ വളരെ മനോഹരമായ വിഷ്വലുകൾ, സ്ലോ-മോഷൻ ഷോട്ടുകൾ, മികച്ച പശ്ചാത്തല സംഗീതം എന്നിവ ഉപയോഗിച്ച് ‘സ്റ്റൈലിഷ്’ ആയി അവതരിപ്പിക്കുകയാണ്‌. ഇത് കാണികളിൽ അക്രമങ്ങളോട്‌ ഭയത്തിന് പകരം ഒരു തരം ആവേശം ഉണ്ടാക്കാനാണ്‌ ശ്രമിച്ചത്‌. ഇത്‌ വലിയ തോത്തിൽ വിജയിക്കുകയും ചെയ്‌തു. ഇത്തരം സിനിമകൾക്ക് തിയേറ്ററിൽസർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും, ഇവ ടെലിവിഷനിലോ ഒടിടിയിലോ വരുമ്പോൾ കുട്ടികളിലേക്ക് എളുപ്പം എത്തുന്നു എന്നത് വലിയ ആശങ്കയാണ്. ക്രൂരമായ ദൃശ്യങ്ങൾ നിരന്തരം കാണുന്നത് വഴി യഥാർഥ ജീവിതത്തിലെ അക്രമങ്ങളോട് മനുഷ്യർക്കുള്ള ഭയവും സഹതാപവും കുറയാൻ ഇത് കാരണമാകുമെന്നാണ്‌ മനശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.

ഈ ഹൈപ്പർ-വയലൻസ് തരംഗം സിനിമകളുടെ കഥയുടെ നിലവാരത്തെ ആഴത്തിൽ തന്നെ സാരമായി ബാധിച്ചു. അമിതമായ അക്രമരംഗങ്ങൾ പലപ്പോഴും ശക്തമായ തിരക്കഥകൾക്ക് പകരമായി മാറുകയാണ്. പല സിനിമകളും രക്തച്ചൊരിച്ചിലിനും ആക്ഷനും പ്രാധാന്യം നൽകുമ്പോൾ കഥയുടെ കാമ്പും യുക്തിയും നഷ്ടപ്പെടുകയാണ്‌. പ്രേക്ഷകരെ ഞെട്ടിക്കാൻ വേണ്ടി മാത്രം ക്രൂരമായ രംഗങ്ങൾ ഉൾപ്പെടുത്തുന്നു. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോ വികാരങ്ങളോ വ്യക്തമാക്കുന്നതിന് പകരം അവരുടെ അക്രമവാസനയ്ക്ക് മാത്രം പ്രാധാന്യം നൽകുകയാണ്‌. വില്ലനും നായകനും തമ്മിലുള്ള വൈരാഗ്യം കേവലം ശാരീരികമായ ഒന്നായി മാറുകയാണ്‌. ഒരു ഹൈപ്പർ-വയലൻസ് ചിത്രം വിജയിക്കുമ്പോൾ, അതേ പാറ്റേൺ പിന്തുടർന്ന് നിരവധി ചിത്രങ്ങൾ ഉണ്ടാകുന്നു. ഇത് പുതുമകൾക്കുള്ള ശ്രമം എന്ന സാധ്യതയെ ഇല്ലാതാക്കുകയാണ്‌. സാങ്കേതികവിദ്യയും ബിജിഎമ്മും ഉപയോഗിച്ച് വയലൻസ് രംഗങ്ങൾ ഗംഭീരമാക്കാൻ ശ്രമിക്കുമ്പോൾ സംവിധായകർ കഥപറച്ചിലിൽ പരാജയപ്പെടുകയാണ്‌.

 

അമിതമായ ചോരക്കളി എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കാതെ വരുന്നുണ്ട്‌. മലയാളത്തിൽ നിന്നു വ്യത്യസ്ഥമായി ജോൺ വിക്ക് പോലുള്ള ചില ചിത്രങ്ങൾ വയലൻസിനൊപ്പം ശക്തമായ മേക്കിങും കഥാ പശ്ചാത്തലവും നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഭൂരിഭാഗം സിനിമകളിലും ഹൈപ്പർ-വയലൻസ് എന്നത് മോശം കഥയെ ഒളിച്ചുവെക്കാനുള്ള ഒരു ആയുധമായി മാറുന്നു എന്നതാണ് പ്രധാന പോരായ്മ. മലയാള സിനിമയിലെ വയലൻസ് ട്രെൻഡിനെ ഏറ്റവും കൂടുതൽ വളർത്തുന്നത് ‘മാസ്‌’ ഇമേജും റീൽസ് സംസ്കാരവും തമ്മിലുള്ള കൂട്ടുകെട്ടാണ്. ഇന്ന് ഒരു സിനിമ തിയറ്ററിൽ സിനിമ എത്തുന്നതിന്‌ മുന്പും ശേഷവും സിനിമ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ‘റീൽസ്’ അല്ലെങ്കിൽ ‘ഷോർട്ട്സ്’ ആയി തരംഗമാകുക എന്നത്‌ വിജയത്തിന്റെ പ്രധാന കാരണമായി മാറുന്ന അവസ്ഥയുണ്ട്. ഈ സംസ്കാരം സിനിമകളെയും പ്രേക്ഷകരെയും വലിയ തോത്തിൽ സ്വാധീനിക്കുകയാണ്‌. ഇന്ന്‌ സംവിധായകർ സിനിമ ചെയ്യുമ്പോൾ തന്നെ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ട്രെൻഡിങ്‌ ആകാൻ സാധ്യതയുള്ള 30 സെക്കൻഡ് “മാസ്‌” രംഗങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്താണ് ചിത്രീകരിക്കുന്നത്. നായകന്റെ സ്ലോ-മോഷൻ എൻട്രി, പുകവലിക്കുന്ന സീനുകൾ, ക്രൂരമായി വില്ലനെ അടിച്ചു വീഴ്ത്തിയ ശേഷം പറയുന്ന ഡയലോഗുകൾ എന്നിവ റീൽസ് പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണ്‌.

റീൽസ് സംസ്കാരത്തിന്റെ പ്രധാന പ്രശ്നം അത് അക്രമങ്ങളെ വളരെ ‘കൂൾ’ അല്ലെങ്കിൽ ‘സ്റ്റൈലിഷ്’ ആയി കാണിക്കുന്നു എന്നതാണ്. പശ്ചാത്തലത്തിൽ ചെവിടുപൊട്ടുന്ന ബിജിഎം ഇട്ട്, ചോര ചീറ്റുന്ന ഇടി രംഗങ്ങൾ വരുമ്പോൾ യുവാക്കൾക്ക് അതൊരു ക്രൂരതയായി തോന്നുന്നില്ല; പകരം അതൊരു വലിയ ആഘോഷമായി മാറുകയാണ്‌. ‘ആവേശം’ സിനിമയിലെ രംഗൻ, ‘ഭീഷ്മപർവ്വം’ സിനിമയിലെ മൈക്കിൾ തുടങ്ങിയ കഥാപാത്രങ്ങൾ റീൽസിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. ഇത്തരം സിനിമകൾ നിർമിക്കുന്നത്‌ തന്നെ നായകന്മാരുടെ ‘ഹൈപ്പർ-മസ്‍കുലിൻ’ ഇമേജ് കേന്ദ്രീകരിച്ചാണ്‌. നിയമവും പൊലീസും നോക്കാതെ സ്വന്തം കൈ കരുത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്ന നായകന്മാർക്കാണ് റീൽസിലെ ട്രെൻഡ്‌.ഒരു നടന്റെ ‘മാസ്‌ ഇമേജ്’ വർധിപ്പിക്കാൻ ഇന്ന് റിയലിസ്റ്റിക് സിനിമകളേക്കാൾ ഇത്തരം വയലൻസ് ചിത്രങ്ങളാണ് സഹായിക്കുന്നത്. ഇത് യുവതാരങ്ങളെ കൂടുതൽ ഇത്തരം സിനിമകളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. സിനിമ കാണുമ്പോൾ മൊബൈലിൽ മാസ്സ് സീനുകൾ റെക്കോർഡ് ചെയ്ത് തിയേറ്ററിൽ വെച്ചുതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒരു രീതി പുതിയ തലമുറയ്ക്കുണ്ട്.ഇത്തരം റീൽസുകൾ വൈറലാകുമ്പോൾ, അത് സിനിമയ്ക്ക് വലിയ തോതിലുള്ള ഫ്രീ പ്രൊമോഷനും മൗത്ത് പബ്ലിസിറ്റിയും തിയേറ്ററുകളിലേക്ക് കൂടുതൽ കളക്ഷനും നേടിക്കൊടുക്കുന്നു.ചുരുക്കത്തിൽ, കഥയുടെ നിലവാരത്തേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ തരംഗമാകാൻ പാകത്തിലുള്ള വയലൻസും മാസ്സും നൽകുക എന്നതിലേക്ക് സിനിമകൾ മാറുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

ഇൻസ്റ്റാഗ്രാം റീലുകളിലും യൂട്യൂബ് ഷോർട്‌സുമെല്ലാം നിറഞ്ഞുനിൽക്കുന്ന ‘മാസ്സ്’ വയലൻസ് ട്രെൻഡുകൾ കൗമാരക്കാരായ കുട്ടികളുടെ ചിന്താഗതിയെയും പെരുമാറ്റത്തെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങളും സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. നിരന്തരം ഇത്തരം ദൃശ്യങ്ങൾ കാണുന്നത് കുട്ടികളിൽ അക്രമങ്ങളോടുള്ള ഭയം കുറയുകയാണ്‌. സിനിമകളിലെയും റീലുകളിലെയും അതിക്രൂരമായ വയലൻസ് രംഗങ്ങൾ നിരന്തരം കാണുന്നത് വഴി, യഥാർഥ ജീവിതത്തിലെ അക്രമങ്ങളോടും ചോരയോടും കുട്ടികൾക്കുള്ള സ്വാഭാവികമായ ഭയവും സഹതാപവും കുറയുന്നു. ക്രൂരത എന്നത് വളരെ സാധാരണമായ ഒരു കാര്യമാണെന്ന ചിന്താഗതി കൗമാരക്കാരിൽ വളരാനും ഇത് കാരണമാകുകയാണ്‌. അക്രമങ്ങളെ ‘ഹീറോയിസം’ ആയി കാണുന്നതിലൂടെ വ്ലിയ തെറ്റ്‌ ധാരണ സൃഷ്ടിക്കപെടും. റീലുകളിൽ മാസ്സ് ബിജിഎമ്മിന്റെ അകമ്പടിയോടെ നായകൻ നിയമം കൈയിലെടുക്കുന്നതും വില്ലന്മാരെ ക്രൂരമായി നേരിടുന്നതും കാണുമ്പോൾ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴി ‘കൈക്കരുത്ത്’ ആണെന്ന് കുട്ടികൾ തെറ്റിദ്ധരിക്കുന്നു.

സ്കൂളുകളിലും കോളേജുകളിലും ഉണ്ടാകുന്ന ചെറിയ തർക്കങ്ങളിൽ പോലും സിനിമയിലെ ഡയലോഗുകളും ആക്ഷനുകളും അനുകരിച്ച് ‘മാസ്സ്’ കാണിക്കാൻ കുട്ടികൾ മുതിരുന്നത് ഇതിന്റെ ഉദാഹരണമാണ്. അക്രമ സിനിമകളിലെ ‘ലോക്കൽ ഗ്യാങ്സ്റ്റർ’ ഗ്രൂപ്പുകളെയും അവരുടെ സൗഹൃദങ്ങളെയും വലിയ കാര്യമായി ചിത്രീകരിക്കുന്നത് കണ്ട്, കൗമാരക്കാർ യഥാർഥ ജീവിതത്തിലും ഇത്തരം കൂട്ടായ്മകളും ക്ലബ്ബുകളും ഉണ്ടാക്കാൻ പ്രേരിതരാകുന്നു. അടുത്ത കാലത്തായി കേരളത്തിൽ കൗമാരക്കാർ ഉൾപ്പെടുന്ന ബൈക്ക് റേസിങ്‌, ലഹരി ഉപയോഗം, ഗുണ്ടാ ആക്രമണങ്ങൾ എന്നിവയ്ക്ക് പിന്നിൽ ഇത്തരം സോഷ്യൽ മീഡിയ ട്രെൻഡുകളുടെ സ്വാധീനമുണ്ടെന്നാണ്‌ പൊലീസ് പറയുന്നത്‌.റിയൽ-ലൈഫ് ഗ്യാങ്സ്റ്റർ സംസ്കാരമാണ്‌ ഇതിന്റെ ബാക്കിപത്രം.

15-30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള അതിവേഗ ആക്ഷൻ റീലുകൾ നിരന്തരം കാണുന്നത് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കും. ഇത് അവരിൽ പെട്ടെന്ന് ദേഷ്യം വരാനും, ആലോചിക്കാതെ പെട്ടെന്ന് പ്രതികരിക്കാനുമുള്ള മാനസികാവസ്ഥ സൃഷ്ടിക്കുകയാണ്‌. ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും, ഗ്രൂപ്പായി നടന്ന് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതുമായ വീഡിയോകൾ റീൽസ് ആയി പങ്കുവെക്കുമ്പോൾ ലഭിക്കുന്ന ലൈക്കുകളും വ്യൂസും കുട്ടികൾക്ക് ഒരു തരം വ്യാജമായ ഹീറോയിസ പ്രതിഫലനം സൃഷ്ടിക്കുന്നു. കൂടുതൽ ലൈക്കുകൾക്കായി കൂടുതൽ അപകടകരമായ കാര്യങ്ങൾ ചെയ്യാനും അവർ തുനിയും. സിനിമയിലെ വയലൻസിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ അത് സോഷ്യൽ മീഡിയയിലൂടെ വീണ്ടും വീണ്ടും റീപാക്ക് ചെയ്ത് കുട്ടികളുടെ മൊബൈൽ സ്‌ക്രീനുകളിൽ എത്തുകയും ചെയ്യും. തിയറ്ററുകളിൽ വെച്ച് സിനിമയിലെ ‘മാസ്സ്’ രംഗങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്ത് ഇൻസ്റ്റാഗ്രാം റീൽസ് ആക്കുന്ന പുതിയ രീതി സിനിമകളുടെ കച്ചവട വിജയത്തെയും തിയേറ്റർ അന്തരീക്ഷത്തെയും ഒരേസമയം പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കുന്നുണ്ട്. പ്രേക്ഷകർ തിയേറ്ററിലെ കയ്യടികളും മാസ്സ് ബിജിഎം രംഗങ്ങളും ഫോണിൽ പകർത്തി റീൽസ് ആയി പങ്കുവെക്കുമ്പോൾ അത് സിനിമയ്ക്ക് വലിയ പ്രചാരണം നൽകും.. ‘ആവേശം’, ‘മാർക്കോ’ തുടങ്ങിയ സിനിമകളുടെ തുടക്കത്തിലുള്ള ഹൈപ്പ് വർധിപ്പിച്ചത് ഇത്തരം റീൽസുകളാണ്. സോഷ്യൽ മീഡിയയിൽ തിയറ്റർ റീൽസുകൾ വൈറലാകുമ്പോൾ, ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കേണ്ട ഒന്നാണ് എന്ന ചിന്താഗതി മറ്റുള്ളവരിലും ഉണ്ടാകും


മലയാള സിനിമകളിലെ കുറ്റകൃത്യങ്ങളുടെ ആസൂത്രണവും രീതികളും കണ്ട് പ്രചോദനം ഉൾക്കൊണ്ട് യഥാർഥ ജീവിതത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിച്ച നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമയിലെ ദൃശ്യങ്ങൾ കുറ്റവാളികൾക്ക് തെളിവ് നശിപ്പിക്കാനും പൊലീസിനെ വെട്ടിക്കാനും സഹായകരമായി മാറിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്. ‘ദൃശ്യം’ സിനിമയുടെ സ്വാധീനം ഇതിൽ വളരെ വലുതാണ്‌. മലയാള സിനിമയിൽ കുറ്റകൃത്യങ്ങൾ മറയ്ക്കാൻ ഏറ്റവും കൂടുതൽ ആളുകൾ മാതൃകയാക്കിയത് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം എന്ന ചിത്രമാണ്. മലപ്പുറം നിലമ്പൂരിലെ കോൺഗ്രസ് ഓഫീസ് ജീവനക്കാരിയായ രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ‘ദൃശ്യം’ സിനിമ കണ്ടാണ് തെളിവ് നശിപ്പിക്കാൻ പഠിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. മൃതദേഹം ചാക്കിലാക്കി കുളത്തിൽ താഴ്ത്താനും മൊബൈൽ ഫോൺ ദൂരെയുള്ള ലോറിയിൽ എറിയാനും ഇവർക്ക് പ്രചോദനമായത് ഈ സിനിമയായിരുന്നു. കേരളത്തിന് പുറമെ കർണാടക, തമിഴ്‌നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന പല കൊലപാതകങ്ങളിലും മൃതദേഹം ഒളിപ്പിക്കാനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കുറ്റവാളികൾ ‘ദൃശ്യം’ സിനിമയിലെ ജോർജുകുട്ടിയുടെ ബുദ്ധിയാണ് ഉപയോഗിച്ചതെന്ന് അവിടുത്തെ പൊലീസും വ്യക്തമാക്കുകയുണ്ടായി.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത സൈക്കോ-ത്രില്ലർ ചിത്രം ‘അഞ്ചാം പാതിര’ റിലീസ് ചെയ്തതിന് ശേഷം ഇതിലെ കൊലപാതക രീതികൾ ചില ക്രിമിനലുകൾ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയിൽ കൊലപാതകത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നതും, ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതെ മൊബൈൽ ഫോണുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതുമായ രീതികൾ യഥാർഥ ജീവിതത്തിലെ ചില മോഷ്ടാക്കളും ക്രിമിനലുകളും മാതൃകയാക്കി. അടുത്ത കാലത്തുണ്ടായ ക്രൂരമായ ചില കുറ്റകൃത്യങ്ങൾക്ക് പിന്നിലും സിനിമകളുടെ സ്വാധീനമുണ്ടെന്ന ചർച്ചകൾ ശക്തമാണ്. തിരുവനന്തപുരത്ത് യുവാവ് സ്വന്തം കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി കടുത്ത സിനിമാ പ്രേമിയായിരുന്നുവെന്നും റിലീസായ ‘മാർക്കോ’ പോലുള്ള അമിത വയലൻസ് ചിത്രങ്ങൾ ഇയാൾ സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും പൊലീസിനു മൊഴി നൽകിയിരുന്നു. സിനിമ നേരിട്ട് സ്വാധീനിച്ചു എന്ന് ഉറപ്പിച്ചു പറയാനാകില്ലെങ്കിലും, ഇത്തരം ക്രൂര ദൃശ്യങ്ങൾ പ്രതിയുടെ മനോഭാവത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

മരണം, കൊലപാതകം, ഗുഡാലോചന എന്നിവ ആസ്‌പദമാക്കിയുള്ള സിനിമകളുടെ വർധനവ്‌ ഒരു തരത്തിൽ സാമൂഹ്യ പ്രശ്‌നമായി മാറുന്നുണ്ട്‌. വയലൻസ്‌ പഴയകാല സിനിമകളിലുമുണ്ട്‌. എന്നാൽ ഹിംസയെ മഹത്വവൽക്കരിക്കുമ്പോഴാണ്‌ പ്രശ്‌നം. ‘പാപത്തിന്റെ ഫലം മരണമാണ്‌’ എന്ന്‌ പറയുന്ന, വില്ലനെ കൊല്ലേണ്ടത്‌ നായകന്റെ ചുമതലയാണെന്ന്‌ കരുതുന്ന തരം അപകടകരമാണ്‌ സിനിമ ഉൽപാദിപ്പിക്കുന്നത്‌. നീതിയും നിയമവും വിഷയമല്ലാത്ത നായകന്റെ ‘പുതിയ നിയമം’ പ്രശ്‌നമാണ്‌. സിനിമയുടെ സ‍ൗന്ദര്യശാസ്‌ത്രം ഒന്നും വിഷയമല്ലാതെയായി. വിപണി മാത്രമാണ്‌ പരിഗണിക്കുന്നത്‌. വയലൻസിന്‌ ഒപ്പം വൈകാരികതയും കൂടി ചേർത്താണ്‌ തിരക്കഥകൾ ഒരുക്കുന്നത്‌. ഇത്‌ വിപണിയുടെ സാധ്യത വർധിപ്പിക്കുന്നു. ആദിവാസികൾ, ദളിതർ എന്നിവരെയെല്ലാം പ്രതിഷ്‌ഠിക്കുന്ന രീതിയെല്ലാം ബോധപൂർവമാണ്‌. കോടികൾ കിട്ടുമെന്നതിനാൽ വയലൻസ്‌ കാണിക്കുന്നത്‌ ശരിയല്ല. തമിഴിൽ രാഷ്‌ട്രീയം പറയുന്ന സിനിമകളിൽ വയലൻസ്‌ കാണിക്കുന്നുണ്ട്‌. എന്നാൽ അതിന്റെ മഹത്വവൽക്കരണമില്ല. ചലച്ചിത്ര സാക്ഷരതയിലേക്ക്‌ നീങ്ങുന്ന മലയാള സിനിമ നീങ്ങുന്ന കാലത്ത്‌ അതിനെ പിന്നോട്ട്‌ അടിപ്പിക്കാനാണ്‌ ഇ‍ൗ പുതിയ തന്ത്രം വഴിയൊരുക്കുന്നത്‌.

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ കൂത്തുപറമ്പ്...

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...

വേദനകൾ അരുന്ധതിക്ക് പൊരുതാനുള്ള ഇന്ധനം

പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാരജേതാവുമായ അരുന്ധതി റോയ് തന്റെ അമ്മയായ മേരി...
spot_img

Related Articles

Popular Categories

spot_imgspot_img