
ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന് ഇന്ത്യ മുക്തമായിട്ട് അധികമായിട്ടില്ല. ശമ്പളം പറ്റുന്നവരും പെന്‍ഷന്‍കാരും ചെറുകിടസംരംഭകരും തങ്ങളുടെ വരുമാനവും ചെലവുകളും കൃത്യമായി രേഖപ്പെടുത്തി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കേണ്ട ബാദ്ധ്യത നിറവേറ്റിയ ദിനരാത്രങ്ങളാണ് കഴിഞ്ഞുപോയത്. നികുതി അടക്കുന്നത് ഒരു സാധാരണ പൗരന്‍റെ അനിവാര്യ ഉത്തരവാദിത്വമായി അനുഭവപ്പെടുന്ന ഈ ഘട്ടത്തില്‍, മറ്റൊരു അടിസ്ഥാന ചോദ്യം സ്വാഭാവികമായും ഉയരുന്നു. സമൂഹത്തിലെ അതിസമ്പന്നര്‍ അവരുടെ സാമ്പത്തികശേഷിക്കനുസരിച്ച് യഥാര്‍ത്ഥത്തില്‍ ന്യായമായ നികുതി അടയ്ക്കുന്നുണ്ടോ? ഇന്ത്യയില്‍ ശമ്പളം പറ്റുന്നവരുടെ ആദായനികുതി സാധാരണയായി TDS മുഖേന നേരിട്ട് ഈടാക്കപ്പെടുന്നു.
അതിനാല്‍ അവരുടെ യഥാര്‍ത്ഥ വരുമാനം നികുതിവകുപ്പിന് വ്യക്തമായി ലഭിക്കുന്നു.
എന്നാല്‍ അതിസമ്പന്നരുടെ വരുമാനത്തിന്‍റെ വലിയ ഭാഗം ശമ്പളമായിട്ടല്ല; മറിച്ച്
ആസ്തികളില്‍ നിന്നുള്ള മൂലധനലാഭം, ലാഭവിഹിതം, ഓഹരി ഉടമസ്ഥാവകാശം,
ട്രസ്റ്റുകള്‍, ഹോള്‍ഡിംഗ് കമ്പനികള്‍ തുടങ്ങിയ ഘടനകളിലൂടെയാണ് ഉണ്ടാകുന്നത്.
ഒരു ബില്യണയര്‍ കൈവശം വെയ്ക്കുന്ന ഓഹരികളുടെ മൂല്യം വര്‍ഷത്തില്‍ ആയിരക്കണക്കിന് കോടി രൂപ വര്‍ദ്ധിച്ചേക്കാം. എന്നാല്‍ അദ്ദേഹം ആ ഓഹരികള്‍ വില്ക്കാത്തിടത്തോളം അത് നികുതി ബാധകമായ വരുമാനമാകുന്നില്ല. അതിനാല്‍ സമ്പത്ത് വര്‍ദ്ധിച്ചാലും അയാള്‍ നികുതി വലയില്‍ ഉള്‍പ്പെടുന്നില്ല. മാത്രവുമല്ല ഇന്ത്യയില്‍ ദീര്‍ഘകാല മൂലധന,ലാഭനികുതി നിരക്കുകള്‍ സാധാരണ ഉയര്‍ന്ന വ്യക്തിഗത ആദായനികുതി നിരക്കുകളേക്കാള്‍ കുറവാണ്. ഇതുവഴി ശമ്പളവരുമാനത്തേക്കാള്‍ നിക്ഷേപവരുമാനത്തിന് കുറഞ്ഞ നികുതിഭാരമേ യാഥാര്‍ത്ഥ്യമാകുന്നുള്ളൂ. വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ പലപ്പോഴും
നിരവധി കമ്പനികള്‍, സഹസ്ഥാപനങ്ങള്‍, നിക്ഷേപസ്ഥാപനങ്ങള്‍ എന്നിവയുടെ ശൃംഖലയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വ്യക്തിഗത സമ്പത്തും കോര്‍പ്പറേറ്റ് ആസ്തികളും തമ്മിലുള്ള അതിര്‍ത്തി സങ്കീര്‍ണ്ണമാക്കുകയും യഥാര്‍ത്ഥഫലപ്രദനികുതിഭാരം വിലയിരുത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
ഇന്ത്യയില്‍ 2015 ല്‍ സമ്പത്ത് നികുതി റദ്ദാക്കിയശേഷം സമ്പത്തിന്‍റെ ഉടമസ്ഥതയ്ക്ക് പൊതുവായ വാര്‍ഷിക നികുതിയില്ലാത്ത സാഹചര്യമുണ്ട്. വരുമാനമുണ്ടാകുമ്പോഴോ ആസ്തി കൈമാറ്റം ചെയ്യുമ്പോഴോ മാത്രമാണ് പ്രധാനമായും നികുതി ബാധകമാകുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ അതിസമ്പന്നര്‍ നികുതി സംവിധാനത്തിന് പുറത്താണ് എന്ന് പറയുന്നതിനേക്കാള്‍ അവരുടെ സമ്പത്തിന്‍റെ വളര്‍ച്ചയുടെ അനുപാദത്തില്‍ നികുതിഭാരം മതിയായതാണോ എന്ന ചോദ്യം നിലനില്‍ക്കുകയാണ്. ഈ ചോദ്യത്തോടാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഗബ്രിയേല്‍ സുക്മാന്‍റെ We need to tax billionaires എന്ന ഗ്രന്ഥം സംവദിക്കുന്നത്. നികുതിവെട്ടിപ്പ്, നികുതി സ്വര്‍ഗരാജ്യങ്ങള്‍, സമ്പത്തിന്‍റെ ആഗോളകേന്ദ്രീകരണം എന്നിവ വിശകലനം ചെയ്യുന്ന സുക്മാന്‍ നികുതിചര്‍ച്ചയെ വെറും ധനകാര്യവിഷയമായല്ല; ജനാധിപത്യ നീതിയുടെയും സാമൂഹിക സമത്വത്തിന്‍റെയും പ്രശ്നമായിഅവതരിപ്പിക്കുന്നു.

കുറഞ്ഞപക്ഷനികുതി അനിവാര്യമോ?
19-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ജനാധി
പത്യത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണ്ണായക മുന്നേറ്റമായിരുന്ന ആദായനികുതിയി
ലൂടെ ആരംഭിച്ച പ്രക്രിയയെ ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട ഘട്ടമാണ്. ഇതുവരെ ഫലപ്രദമായി ആദായനികുതി സംവിധാനത്തിന്‍റെ പരിധിക്ക് പുറത്ത് നിന്നിരുന്ന ശതകോടീശ്വരന്മാരേയും അതിന്‍റെ പരിധിയിലാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. നിയമത്തിനു മുമ്പിലുള്ള സമത്വമെന്ന ജനാധിപത്യത്തിന്‍റെ അടിസ്ഥാനമൂല്യത്തെ യാധാര്‍ത്ഥ്യമാക്കണമെങ്കില്‍, പൂര്‍ത്തിയാകാതെ കിടക്കുന്ന ഈ വിപ്ലവം പരിസമാപ്തിയിലേക്ക് എത്തിക്കപ്പെടണമെന്ന് ഗബ്രിയേല്‍ സുക്മാന്‍ അഭിപ്രായപ്പെടുകയാണ്.
അതിനാല്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കായി ഒരു കുറഞ്ഞപക്ഷനികുതി (Minimum Tax) നടപ്പാക്കണമെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇത് അത്യന്തം ആയാസകരമായ പ്രവര്‍ത്തിയായിത്തന്നെയാണ് അദ്ദേഹം കാണുന്നത്. പക്ഷെ, അതിനുവേണ്ടിയുള്ള പോരാട്ടം അങ്ങേയറ്റം അര്‍ത്ഥവത്തും ന്യായവുമാണെന്ന് സുക്മാന്‍ മനസ്സിലാക്കുന്നു. വര്‍ഷങ്ങളായുള്ള ഗവേഷണ ശ്രമങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിന് ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ഒരു സംവിധാനത്തെക്കുറിച്ചുള്ള വ്യക്തവും സമഗ്രവും വസ്തുനിഷ്ഠവുമായ വിശദീകരണമാണ് ഈ ഗ്രന്ഥത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ സുക്മാന്‍ പരിശ്രമിക്കുന്നത്.
നികുതിയില്‍ ന്യായമായ പങ്കുവഹിക്കല്‍ വേണ്ടേ?
2024 ല്‍ ഫ്രാന്‍സിന്‍റെ ദേശീയവരുമാനം സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി കണക്കാക്കിയിരി
ക്കുന്നത് 2.44 ട്രില്യണ്‍ യൂറോയാണ്. ഏകദേശം 269.6 ലക്ഷം കോടി രൂപയ്ക്ക് തത്തു
ല്യമായ തുകയാണത്. ദേശീയവരുമാനമെന്നത് – ശമ്പളം, പലിശയിനത്തിലുള്ള
വരുമാനം, വാടകയിനത്തില്‍ ലഭിക്കുന്ന വരുമാനം, സ്വയം തൊഴിലിലൂടെ ലഭി
ക്കുന്ന വരുമാനം, ഒരു കമ്പനിയുടെ ലാഭം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യു
കയോ സ്ഥാപനത്തിനുള്ളില്‍ വീണ്ടും നിക്ഷേപിക്കുകയോ ചെയ്താലും, ആ ലാഭം പ്രസ്തുതരാജ്യത്തെ പൗരന്മാരുടെ വരുമാനത്തില്‍ ഉള്‍പ്പെടുന്നു. അങ്ങിനെ നോക്കിയാല്‍ ഫ്രാന്‍സിലെ 2024 ലെ ആളോഹരി വരുമാനം 48,000 യൂറോ ആണെന്ന് ഗ്രന്ഥകാരന്‍ കണക്കുകൂട്ടുന്നു. 2024 ല്‍ ഫ്രാന്‍സിന്‍റെ ദേശീയവരുമാനമായ 2.44 ട്രില്യണ്‍ യൂറോയില്‍ 1.25 ട്രില്യണ്‍ യൂറോ വേതന നികുതികള്‍, മൂല്യവര്‍ദ്ധിത നികുതി, വരുമാന നികുതി, കോര്‍പ്പറേറ്റ് നികുതി, സ്വത്ത് നികുതികള്‍, മറ്റ് നിര്‍ബന്ധിത വിവിധ ചുമതലകള്‍ എന്നിവയായി സര്‍ക്കാരിന് നല്കപ്പെട്ടു. അതിനാല്‍, ദേശീയവരുമാനത്തോടുള്ള നികുതിയുടെ അനുപാതം 51 ശതമാനമാണ്. നോര്‍ഡിക്ക് രാജ്യങ്ങളിലെ നിരക്കുകളോടു സാമ്യമുള്ള ഈ താരതമ്യേന ഉയര്‍ന്ന നിരക്ക്, എല്ലാവര്‍ക്കും ഗുണമേന്മയുള്ള പൊതു വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുന്നതിനായി സാമൂഹ്യ-ജനാധിപത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നയപരമായ തെരഞ്ഞെടുപ്പുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ, ഈ രാജ്യങ്ങളില്‍ ഉല്പാദന ക്ഷമതയില്‍ ഉണ്ടായ ഗണ്യമായ വര്‍ദ്ധനക്കും അസമത്വം കുറയുന്നതിനും ജനാധിപത്യത്തിന്‍റെ പുരോഗതിക്കും ഇത് നിര്‍ണ്ണായക ഘടകങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഈ രീതിക്ക് നിഷേധിക്കാനാവാത്ത മറ്റൊരു സ്വാധീനവും ഉണ്ടായിരുന്നു.
ഈ രാജ്യങ്ങളിലെ ശരാശരി പൗരന്‍ വലിയ തോതില്‍ നികുതി അടയ്ക്കേണ്ടിവരുന്നുണ്ട്.
വരുമാനവിതരണ ക്രമത്തില്‍ താഴത്തെ 50 ശതമാനത്തില്‍പ്പെടുന്ന ജനവിഭാഗമായ
തൊഴിലാളിവര്‍ഗ്ഗം, ശരാശരിയായി തങ്ങളുടെ വരുമാനത്തിന്‍റെ ഏകദേശം 45 ശത
മാനം നികുതികളായി നല്‍കേണ്ടിവരുന്നു. മധ്യവര്‍ഗ്ഗം – മധ്യവരുമാനമുള്ളവരില്‍
നിന്ന് ഏറ്റവും സമ്പന്നരായ 10 ശതമാനത്തിന് താഴെയുള്ളവരെ ഉള്‍ക്കൊള്ളുന്ന
വിഭാഗം – ശരാശരിയായി അവരുടെ വരുമാനത്തിന്‍റെ ഏകദേശം 50 ശതമാനം നികു
തിയായി അടക്കേണ്ടിവരുന്നുണ്ട്. 10 ശതമാനം വരുന്ന ഏറ്റവും സമ്പന്നരായവര്‍ തങ്ങ
ളുടെ വരുമാനത്തിന്‍റെ പകുതിയിലേറെയായ ഭാഗം നികുതിയായി സര്‍ക്കാരിന്
നല്‍കിവരുന്നുണ്ട്. എന്നാല്‍ അതിസമ്പന്നര്‍ (ശതകോടീശ്വരന്മാര്‍) ക്ക് ദേശീയവരുമാ
നത്തോടുള്ള നികുതിയുടെ അനുപാതം കേവലം 25 ശതമാനം മാത്രമാണ്! ലളിത
മായി പറഞ്ഞാല്‍ ഫ്രാന്‍സിലെ ഏകദേശം നൂറ് ശതകോടീശ്വരന്മാര്‍, അവരുടെ വരുമാനത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍, ഒരു ശരാശരി ഫ്രഞ്ച് പൗരന്‍ അടക്കുന്ന നികുതിയുടെ പകുതി മാത്രമാണ് അടയ്ക്കുന്നത്. അതിസമ്പന്നര്‍ നേടുന്ന ദേശീയവരുമാനത്തിലെ ഓരോ യൂറോക്കും – ആ യൂറോ എങ്ങനെ സമ്പാദിച്ചതാണെന്നതിനെക്കുറിച്ച് വകവെക്കാതെ – ഏകദേശം 0.25 യൂറോ മാത്രമാണ് നികുതിയായി പോകുന്നത്. എന്നാല്‍ ഒരു ശരാശരി ഫ്രഞ്ച് പൗരന്‍റെ കാര്യത്തില്‍ അത് 0.51 യൂറോയാണ്.
ഈ അസാധാരണ സാഹചര്യത്തിന് പ്രധാനമായും കാരണമാകുന്നത് സാധാരണ
യായി നികുതിയിലെ പുരോഗമനസ്വഭാവത്തിന്‍റെ (Tax Progressivity) മുഖ്യ അധി
ഷ്ഠാനമായി കണക്കാക്കപ്പെടുന്ന വരുമാനനികുതി, സമ്പത്തിന്‍റെ വിതരണത്തിലെ
ഏറ്റവും മുകളിലുള്ള തലത്തില്‍ പ്രായോഗികമായി അപ്രത്യക്ഷമാകുന്നു. അതിന്‍റെ
ഫലമായി, ശതകോടീശ്വരന്മാര്‍ വെറും 2 ശതമാനം മാത്രമാണ് വരുമാന നികു
തിയായി അടയ്ക്കുന്നത്.
ഇന്ത്യന്‍ സാഹചര്യത്തിലോ?
ഫ്രാന്‍സിലെപ്പോലെ ഇന്ത്യയിലും പുരോഗമന നികുതി സംവിധാനം നിയമപര
മായി നിലവിലുണ്ടെങ്കിലും, അതിസമ്പന്നരുടെ സാമ്പത്തിക നേട്ടങ്ങളുടെ ഘടന സാധാരണ വരുമാനക്കാരില്‍ നിന്നും വ്യത്യസ്തമാണ്. ശമ്പളവരുമാനം ഉയര്‍ന്ന നിര
ക്കില്‍ നികുതിക്ക് വിധേയമാകുമ്പോള്‍, മൂലധന ലാഭത്തിനും മറ്റ് നിക്ഷേപവരു
മാനങ്ങള്‍ക്കും ലഭിക്കുന്ന പ്രത്യേക നികുതി പരിഗണനകള്‍ കാരണം ഏറ്റവും സമ്പന്നരുടെ ഫലപ്രദനികുതിഭാരം താരതമ്യേന കുറയാമെന്ന ആശങ്ക സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ചര്‍ച്ചകളില്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്.
അതിസമ്പന്നരുടെ ന്യായമായ നികുതിവിഹിതം:
ഫ്രാന്‍സിന്‍റെ പശ്ചാത്തലത്തില്‍ ഈ സാഹചര്യത്തെ മറികടക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗവും ഗ്രന്ഥകാരന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സമ്പത്തിനെ അടിസ്ഥാനമാക്കി ശതകോടീശ്വരന്മാരില്‍ നിന്നും ഈടാക്കുന്ന കുറഞ്ഞപക്ഷനികുതി, അതിസമ്പന്നര്‍ തങ്ങള്‍ക്ക് ന്യായമായി ബാധകമായ നികുതി അടയ്ക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നേരിട്ടുള്ള മാര്‍ഗ്ഗമാണെന്ന് അദ്ദേഹം കാണുന്നു. ഹോള്‍ഡിംഗ് കമ്പനികള്‍, ട്രസ്റ്റുകള്‍, ഷെല്‍ കമ്പനികള്‍ തുടങ്ങിയ ഘടനകള്‍ ഉപയോഗിച്ച് നികുതി ഒഴിവാക്കാനുള്ള വഴികള്‍ അടച്ചുപൂട്ടാന്‍ ഇതിനു കഴിയും. കുറഞ്ഞ പക്ഷ നികുതി സംവിധാനത്തിന്‍റെ ഏറ്റവും വലിയ സവിശേഷത ഇതുതന്നെ
യാണ്. സമ്പത്തിന്മേല്‍ കുറഞ്ഞപക്ഷനികുതി എന്ന ആശയം ഇന്ത്യന്‍ നികുതിവ്യവസ്ഥയില്‍ നിലവിലില്ലെങ്കിലും, അതിസമ്പന്നരുടെ ഫലപ്രദ നികുതിഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഹോള്‍ഡിംഗ് കമ്പനികള്‍, ട്രസ്റ്റുകള്‍, ഷെല്‍ഫ് സ്വാപനങ്ങള്‍ എന്നിവ വഴിയുള്ള നികുതി ആസൂത്രണത്തെ നിയന്ത്രിക്കുന്നതിനും ഇത് ഒരു സാധ്യതാപരമായ നയോപാധിയായി ചില സാമ്പത്തിക ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. സമഗ്രമായ വിശകലനത്തിലൂടെ മാത്രമേ
ഇതിന് പരിഹാരം കാണുവാന്‍ കഴിയൂ. സൂചിപ്പിക്കപ്പെട്ട പുസ്തകത്തിന്‍റെ വായനയില്‍
ഏറെ ഹൃദ്യമായിത്തോന്നിയത് എഴുത്തുകാരന്‍ നികുതിവര്‍ദ്ധനയെ ശിക്ഷാത്മക നടപടിയായി കാണാതെ ജനാധിപത്യപരമായ സാമൂഹിക കരാറിന്‍റെ അനിവാര്യ ഘടകമായി അവതരിപ്പിച്ചതാണ്. ഗുണമേന്മയുള്ള പൊതു വിദ്യാഭ്യാസം, ആരോഗ്യ
പരിരക്ഷ, സാമൂഹിക സുരക്ഷ, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കുള്ള വിഭവങ്ങള്‍ സമാഹരിക്കുന്നതില്‍ അതിസമ്പന്നര്‍ ന്യായമായ വിഹിതം വഹിക്കണമെന്ന് എഴുത്തുകാരന്‍ ആവശ്യപ്പെടുകയാണ്.




