
നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ ‘ഐ, നോബഡി’ മികച്ച ആക്ഷൻ രംഗങ്ങളും സാങ്കേതിക തികവുമുള്ള ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ്. എന്നാൽ അപകടരമായ രാഷ്‌ട്രീയ പറയുന്ന ചിത്രവുമാണ്. പ്രത്വിരാജ് അവതരിപ്പിക്കുന്ന രാജീവൻ എന്ന സാധാരണക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ അപ്രതീക്ഷിതമായി ഒരു ബാങ്ക് കവർച്ചയ്ക്ക് സാക്ഷിയാകുന്നതും തുടർന്ന് അധികാര സംവിധാനങ്ങൾക്കെതിരെ അയാൾക്ക് നടത്തേണ്ടി വരുന്ന അതിജീവനവുമാണ് സിനിമയുടെ പ്രമേയം. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിലാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്. റോഷാക്കിലൂടെ മലയാള ഫിലിം മേക്കിങിൽ പുതിയ സാധ്യതകൾ തുറന്ന നിസാം ബഷീർ പക്ഷെ പുതിയ ആഖ്യാനങ്ങൾ, പരീക്ഷണം എന്നിവയ്‌ക്ക് മുതിർന്നിട്ടില്ല. പകരം സ്ഥിരം രീതിയിൽ തന്നെയുള്ള അവതരണത്തിലാണ് ഉൗന്നിയത്. ഇത് ഒരു പോലെ മികവും പാളിച്ചയുമായി മാറുന്നുണ്ട്. കഥയിൽ പലയിടത്തും യുക്തിരഹിതമായ കാര്യങ്ങളും ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ഉണ്ടാവുന്ന ആശയക്കുഴപ്പവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. രാജീവൻ ഒരു ബാങ്ക് കവർച്ചയിൽ അയാൾ യാദൃശ്ചികമായി ഉൾപ്പെടുകയും തുടർന്ന് കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും അയാളിലേക്ക് വിരൽ ചൂണ്ടുകയാണ്. ഇതോടെ അയാൾ പൊലീസിന്റെയും നിയമത്തിന്റെയും മുന്നിൽ ഒരു പ്രധാന കുറ്റവാളിയാകുന്നു. അധികാരമുള്ളവർ സാധാരണക്കാരെ വേട്ടയാടുന്ന സമൂഹത്തിൽ, ഇരയാക്കപ്പെടുന്ന ഒരു ‘നോബഡി’ (ആരുമല്ലാത്തവൻ) എങ്ങനെ തിരിച്ചടിക്കുന്നു എന്നതാണ് സിനിമയുടെ കാതൽ. ഇതിനിടയിലേക്ക് ഒരുപാട് രാഷ്‌ട്രീയം കുത്തിക്കയറ്റിയ ഇടത്താണ് സിനിമ എന്ന നിലയിൽ ചിത്രം പാളി പോകുന്നത്. ഇൗ രാഷ്‌ട്രീയം കൃത്യമായി സന്നിവേശിപ്പിക്കാൻ കഴിയുന്നില്ല, അതിനൊപ്പം രാഷ്‌ട്രീയ ചിത്രം അരാഷ്‌ട്രീയ ചിത്രമായും മാറുന്നുണ്ട്. തിരക്കഥയിലെ പ്രശ്‌നങ്ങളാണ് ഐ നോബഡി ഇത്തരമൊരു പ്രശ്‌നത്തിലേക്ക് തള്ളിവിട്ടത്.
വ്യാജ വാർത്തകൾ ചമയ്ക്കുന്ന ചില യൂട്യൂബ് ചാനലുകളും സോഷ്യൽ മീഡിയയും ചേർന്നൊരുക്കുന്ന മാധ്യമ വേട്ടയും, അത് ഒരു സാധാരണ കുടുംബത്തിന്റെ സമാധാനം എങ്ങനെ തകർക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന കഥാപരിസരമാണ്. നിയമത്തിന് മുന്നിൽ നിരപരാധിത്വം തെളിയിക്കാനും തന്റെ കുടുംബത്തെ സംരക്ഷിക്കാനും ആരുമല്ലാത്ത ഒരു സാധാരണക്കാരൻ നടത്തുന്ന അതിജീവനത്തിന്റെ കഥയായി ഐ, നോബഡി നിൽക്കുന്നത്. തകർന്ന വ്യവസ്ഥിതിയും അതിൽ ഒരു സാധാരണ പൗരന്റെ നിസ്സഹായാവസ്ഥയുമാണ് സിനിമയിൽ ഉടനീളമുള്ളത്. ഒരു വ്യക്തിഗത ത്രില്ലർ എന്ന നിലയിൽ തുടങ്ങി, രണ്ടാം പകുതിയോടെ ചിത്രം പൂർണ്ണമായും ഒരു രാഷ്ട്രീയ തിയറ്ററായി മാറുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. സിനിമയുടെ തുടക്കത്തിൽ തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നായകനോട് സമൂഹത്തിലെ ഭക്ഷണ ശൃംഖലയെക്കുറിച്ച് പറയുന്നുണ്ട്. പാമ്പ് തവളയെ തിന്നുന്നതുപോലെ, അധികാരമുള്ളവർ സാധാരണക്കാരെ വിഴുങ്ങുന്ന വ്യവസ്ഥിതിയുമായി സംഭാഷണം ബന്ധിപ്പിക്കുന്നുണ്ട്. ഈ വ്യവസ്ഥിതിയിൽ നിലനിൽക്കണമെങ്കിൽ താഴേത്തട്ടിലുള്ള ‘പുൽച്ചാടി’ പോലെയുള്ള സാധാരണക്കാരൻ തിരിച്ച് തവളയെ തിന്നാൻ തയാറാകണം എന്നും ഓർമപെടുത്തുന്നുണ്ട്. സാധാരണക്കാരന് തുണയാകേണ്ട പൊലീസ് സ്റ്റേഷൻ, നിയമം, ഭരണ സംവിധാനം തുടങ്ങിയവ എങ്ങനെയാണ് അവരെ കൂടുതൽ വേട്ടയാടുന്നത് എന്ന് പറയാനാണ് ചിത്രം ശ്രമിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കേരള രാഷ്ട്രീയത്തോട് സാമ്യമുള്ള മുഖ്യമന്ത്രി കഥാപാത്രവും, ലൈംഗികാരോപണം നേരിടുന്ന ഒരു എംഎൽഎയുടെ സബ്-പ്ലോട്ടും കടന്നുവരുന്നുണ്ട്. രാഷ്ട്രീയക്കാർ തങ്ങളുടെ നേട്ടങ്ങൾക്കായി സാധാരണക്കാരുടെ ജീവിതത്തെ ഉപയോഗിക്കുന്നുവെന്ന് പറയാനാണ് ഇൗ രംഗങ്ങൾ ഉപയോഗിച്ചിട്ടുള്ളത്.
അതേസമയം കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ലൈംഗിക കുറ്റവാളിയായ രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്‌തത് മുഖ്യമന്ത്രിയ്‌ക്ക് അഭ്യന്തര വകുപ്പിനും പറ്റിയ മറ്റൊരു വീഴ്‌ച മറച്ചു പിടിക്കാനാണെന്ന നിലപാട് കൂടി ഇൗ രംഗങ്ങളിലൂടെ സിനിമ പ്രഖ്യാപിക്കുന്നുണ്ട്. സത്യാവസ്ഥ അന്വേഷിക്കാതെ വെറും കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വ്യാജ വാർത്തകൾ ചമയ്ക്കുന്ന യൂട്യൂബ് ചാനലുകളുടെയും സോഷ്യൽ മീഡിയയുടെയും രാഷ്ട്രീയത്തെ ചിത്രം കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. മറുനാടൻ മലയാളിയുംഷാജൻ സ്‌കറിയയെയും സൂചിപ്പിക്കുന്ന ഇൗ വിമർശനം മാത്രമാണ് സിനിമയിൽ കൃത്യമായുള്ളത്. വിവാദങ്ങൾക്ക് വേണ്ടി മാത്രം വിശന്നിരിക്കുന്ന ഒരു സമൂഹത്തിന്റെ ഹ്രസ്വമായ ശ്രദ്ധാപരിധിയെയും ചിത്രം പരിഹസിക്കുന്നുണ്ട്. സിനിമയുടെ ആദ്യപകുതിയിലെ രാഷ്ട്രീയം വളരെ സൂക്ഷ്മവും ആഴത്തിലുള്ളതുമാണെങ്കിലും, രണ്ടാം പകുതിയിൽ അത് വലിയൊരു സാമൂഹ്യ സന്ദേശത്തിലേക്ക് വഴിമാറുമ്പോൾ അരാഷ്‌ട്രീയമായി മാറുകയാണ്. ഇത് രാഷ്‌ട്രീയ ബോധ്യമില്ലാതെ രാഷ്‌ട്രീയ സിനിമ ഒരുക്കിയതിൽ തുടങ്ങുന്ന വീഴ്‌ചയാണ്.
സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്നം, അത് തിരക്കഥയുടെ കെട്ടുറപ്പിനെ ബാധിക്കുകയും പലയിടങ്ങളിലും അമിതമായ പ്രസംഗ രൂപത്തിലേക്ക് മാറുന്നു എന്നതാണ്. ഒരു ഹീസ്റ്റ്-ത്രില്ലറായി തുടങ്ങി സിനിമ പെട്ടെന്നാണ് മാധ്യമ വിചാരണ, തകർന്ന ഭരണഘടനാ സ്ഥാപനങ്ങൾ, മുഖ്യമന്ത്രി പദം, എംഎൽഎയുടെ ലൈംഗികാരോപണം എന്നിങ്ങനെ ഒരുപാട് വലിയ വിഷയങ്ങളിലേക്ക് വഴിമാറുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം രാഷ്ട്രീയ വിഷയങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ പലതും ഉപരിപ്ലവമായിപ്പോയി. സിനിമയുടെ അവസാന ഭാഗങ്ങളിൽ കേരള രാഷ്ട്രീയ സാഹചര്യങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതരുടെയും രാഷ്ട്രീയ ഇടപെടലുകൾ കടന്നുവരുന്നുണ്ട്. എന്നാൽ ഈ ഭാഗങ്ങളെല്ലാം വളരെ പ്രവചനീയവും, കഥയിലേക്ക് നിർബന്ധിച്ച് ചേർത്തതുപോലെയും അനുഭവപ്പെടുന്നു. സംവിധായകൻ പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയ സന്ദേശങ്ങൾ പലതും കൃത്യമായ ആഴമില്ലാത്തതുകൊണ്ട് ഒരു സ്വാഭാവിക ക്ലൈമാക്സിലേക്ക് എത്തുന്നതിന് പകരം വലിയൊരു ആശയക്കുഴപ്പത്തിലാണ് അവസാനിക്കുന്നത്. സിനിമ പങ്കുവെക്കുന്ന മാധ്യമ വിമർശനവും വ്യവസ്ഥിതിയോടുള്ള ചോദ്യങ്ങളും പ്രസക്തമാണെങ്കിലും, അവയെ ഒരു നല്ല ത്രില്ലർ തിരക്കഥയ്ക്കുള്ളിൽ ഭംഗിയായി ഇണക്കിചേർക്കാൻ തിരക്കഥാകൃത്ത് സമീർ അബ്ദുല്ലിന് സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രശ്നം.
സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അപക്വത, സങ്കീർണ്ണമായ സാമൂഹിക-വ്യവസ്ഥിതി പ്രശ്നങ്ങളെ വളരെ ഉപരിപ്ലവമായി കൈകാര്യം ചെയ്യുകയും വികലമായ ഒരു പൊതുബോധ നിർമിതിക്ക് ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിൽ നിന്നു രാഷ്ട്രീയ നാടകങ്ങളിലേക്ക് മാറുമ്പോൾ, അത് കേവലം വിലകുറഞ്ഞ ജനപ്രിയ വാദങ്ങളായി ഒതുങ്ങുകയാണ്. ജനങ്ങൾക്ക് നിയമവ്യവസ്ഥയിലും ഭരണഘടനാ സ്ഥാപനങ്ങളിലും ഉള്ള വിശ്വാസം പൂർണമായി തകർക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നത്. നിയമം വഴി നീതി ലഭിക്കില്ലെന്നും, സിസ്റ്റത്തെ നേരിടാൻ നായകൻ ചെയ്യുന്നതുപോലെയുള്ള നിയമവിരുദ്ധമായ അതിക്രമങ്ങളും കടത്തിക്കൊണ്ടുപോകലുകളും മാത്രമാണ് വഴി എന്നുമുള്ള ഒരു അപകടകരമായ അരാജകത്വ രാഷ്ട്രീയമാണ് ചിത്രം പങ്കുവെക്കുന്നത്. വ്യവസ്ഥിതിയെ വെറുതെ കുറ്റപ്പെടുത്തുക എന്നതിനപ്പുറം, ആ വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് ഒരു പൗരന് എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച് ചിത്രം യാതൊരുവിധ പക്വതയുള്ള സൂചനകളും നൽകാൻ താൽപര്യപെടുന്നില്ല. ‘പാലനാടൻ മലയാളി’ എന്ന പേരിൽ യുട്യൂബ് മാധ്യമങ്ങളുടെ മഞ്ഞപ്പത്ര ശൈലിയെ പരിഹസിക്കാൻ ശ്രമിക്കുമ്പോൾ, അത് വളരെ തമാശ രൂപത്തിലുള്ള ഒന്നായി ഒതുങ്ങിപ്പോകുകയാണ്. യഥാർഥത്തിൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിഹത്യയും വ്യാജവിവരങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന വലിയ പ്രത്യാഘാതങ്ങളെ ഗൗരവമായി കാണുന്നതിൽ പരാജയപ്പെട്ടു. സമൂഹം വെറും വിവാദങ്ങൾക്ക് പുറകെ മാത്രം പോകുന്നവരാണെന്ന് സ്ഥാപിക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെ വളരെ ബാലിശമായ സബ്-പ്ലോട്ടുകളിലൂടെ അവതരിപ്പിച്ചത് വഴി സിനിമയുടെ ഗൗരവം തന്നെ നഷ്ടപ്പെട്ടു.
സിനിമയിലെ പൊതുസമൂഹം സ്വന്തമായി ചിന്താശേഷിയില്ലാത്ത, സോഷ്യൽ മീഡിയ വിഷ്വലുകൾ കണ്ട് ആരുടെയെങ്കിലും വീട് ആക്രമിക്കാൻ പോകുന്ന ഒരു കൂട്ടം ‘സോമ്പികളെ’ പോലെയാണ് ചിത്രീകരിക്കുന്നത്. ഈ വികലമായ പൊതുബോധ നിർമിതി യഥാർഥ സമൂഹത്തിലെ രാഷ്ട്രീയ പ്രബുദ്ധതയെയും കൂട്ടായ പ്രതികരണ ശേഷിയെയും കുറച്ചുകാണിക്കുന്ന ഒന്നാണ്. സിനിമയുടെ രണ്ടാം പകുതിയിൽ കടന്നുവരുന്ന മുഖ്യമന്ത്രിയുടെയും എംഎഎൽഎയുടെയും കഥകൾ സമകാലിക കേരള രാഷ്ട്രീയത്തെ വളരെ ബാലിശമായി അനുകരിക്കാൻ ശ്രമിച്ചതാണെന്ന് വ്യക്തമാണ്. ഇത് ഒരു ഗൗരവമുള്ള രാഷ്ട്രീയ സിനിമ എന്നതിനു പകരം കേവലം വാട്സാപ്പ് ഫോർവേഡ് സന്ദേശങ്ങളുടെ നിലവാരത്തിലുള്ള ഒരു പൊതുബോധമാണ് നൽകുന്നത്. കേരളത്തിലെ സമകാലിക രാഷ്ട്രീയ വിവാദങ്ങളെയും ചർച്ചകളെയും യാതൊരുവിധ ആഴവുമില്ലാതെ, വെറും വാട്സാപ്പ് ഫോർവേഡ് സന്ദേശങ്ങളുടെയോ ട്രോളുകളുടെയോ നിലവാരത്തിലാണ് സിനിമയിൽ പുനഃസൃഷ്ടിക്കാൻ ശ്രമിച്ചിരിക്കുന്നത്. ചിത്രത്തിൽ കടന്നുവരുന്ന എംഎൽഎയുടെ ലൈംഗികാരോപണവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രധാന കഥയുമായി യാതൊരുവിധ സ്വാഭാവിക ബന്ധവുമില്ലാതെ നിർബന്ധിച്ച് എഴുതിച്ചേർത്തതുപോലെയാണ്. ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വളരെ ബാലിശമായ രാഷ്ട്രീയ കളികളിലും ഒത്തുതീർപ്പുകളിലും ഏർപ്പെടുന്നവരായി കാണിക്കുന്നത് സിനിമയുടെ ഗൗരവത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്. രാജീവൻ എന്ന സാധാരണക്കാരന്റെ അതിജീവന പോരാട്ടത്തിൽ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ തിരിച്ച്, കേവലം രാഷ്ട്രീയ പരിഹാസങ്ങളിലേക്ക് സിനിമ വഴിമാറുന്നത് ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ സിനിമയുടെ ഗൗരവം പൂർണമായും ഇല്ലാതാക്കി. തിയറ്ററിൽ കൈയടി വാങ്ങാൻ വേണ്ടി മാത്രം എഴുതിച്ചേർത്ത ഇത്തരം നാടകങ്ങൾ സിനിമയുടെ ആകെ നിലവാരത്തെ തകർക്കുകയാണ് ചെയ്തത്. അതായത് ‘ഐ, നോബഡി’ വ്യക്തികളുടെ നിസഹായാവസ്ഥയെയും വ്യവസ്ഥിതിയോടുള്ള രോഷത്തെയും നന്നായി മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അത് പങ്കുവെക്കുന്ന രാഷ്ട്രീയം തികച്ചും അപക്വവും സമൂഹത്തിൽ തെറ്റായ അരാഷ്ട്രീയ പൊതുബോധം വളർത്താൻ മാത്രം ഉതകുന്നതുമാണ്.
സിനിമ മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ അരാഷ്ട്രീയത, അത് പൊതുസമൂഹത്തെ സ്വന്തമായി ചിന്താശേഷിയില്ലാത്ത വെറും വിഢികളായ ഒരു ജനക്കൂട്ടമായി ചിത്രീകരിക്കുന്നു എന്നതാണ്. സമകാലിക മലയാള സിനിമകളിൽ പലപ്പോഴും കണ്ടുവരുന്ന ‘ജനവിരുദ്ധ പൊതുബോധം’ ഈ ചിത്രത്തിലും വളരെ ശക്തമായി ദൃശ്യമാണ്. ഒരു വാർത്തയുടെ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാനോ ചിന്തിക്കാനോ ശ്രമിക്കാതെ, ഏതെങ്കിലും ഒരു യൂട്യൂബ് ചാനൽ കൊടുക്കുന്ന തമ്പ്‌നെയിലും വ്യാജ വിഷ്വലുകളും കണ്ട് പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് പൊതുജനങ്ങൾ എന്ന് സിനിമ സ്ഥാപിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു വാർത്ത കണ്ട ഉടനെ, യാതൊരു ബോധ്യവുമില്ലാതെ നായകന്റെ വീട് ആക്രമിക്കാൻ ഓടിക്കൂടുന്ന ജനക്കൂട്ടത്തെയാണ് സിനിമ കാണിക്കുന്നത്. സമൂഹത്തിന് കൂട്ടായ പ്രതികരണ ശേഷിയോ നീതിബോധമോ ഇല്ലെന്ന തരത്തിലാണ് ഈ ചിത്രീകരണം. ചായക്കടകളിലും ബസ് സ്റ്റാൻഡുകളിലും ഇരുന്ന് മൊബൈൽ സ്ക്രീനുകളിലെ വിവാദങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന, സ്വന്തമായി രാഷ്ട്രീയ പ്രബുദ്ധതയോ സാമൂഹിക ബോധമോ ഇല്ലാത്തവരായി പൊതുജനങ്ങളെ ഇതിൽ അടയാളപ്പെടുത്തുന്നു.
ജന്ദർ മന്ദിറിൽ രാജ്യത്തെ യുവതയും ജെൻസി സമൂഹവും വലിയ സമരവിജയം നേടിയ കാലത്താണ് ഇവരെ ഇത്തരത്തിൽ ചിത്രീകരിച്ചത്. അധികാരവർഗവും മാധ്യമങ്ങളും ചേർന്ന് എന്ത് നുണ പറഞ്ഞാലും അത് അതേപടി വിഴുങ്ങുന്ന ഒരു കൂട്ടം വിഢികളാണ് വോട്ടർമാരും പൊതുജനങ്ങളും എന്ന തരത്തിലുള്ള ഉപരിപ്ലവമായ ജനപ്രിയ വാദമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. കേരളീയ സമൂഹത്തിന്റെ യഥാർഥ രാഷ്ട്രീയ പ്രബുദ്ധതയെ പൂർണമായും റദ്ദ് ചെയ്ത്, പൊതുജനങ്ങളെ കേവലം മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കൈയിലെ പാവകളായി ചിത്രീകരിച്ചു എന്നത് ഈ സിനിമയുടെ വലിയൊരു പോരായ്മയാണ്.
സിനിമ അതിന്റെ ഉള്ളടക്കത്തിലും സമീപനത്തിലും ഒരു പരിധി വരെ ‘അരാഷ്ട്രീയ വലതുപക്ഷ’ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നതാണ്. വ്യവസ്ഥിതിയെയും അതിന്റെ സ്ഥാപനങ്ങളെയും പൂർണ്ണമായി അവിശ്വസിക്കുകയും, വ്യക്തികേന്ദ്രീകൃതമായ നീതി നടപ്പാക്കലിനെ മഹത്വവത്കരിക്കുകയും ചെയ്യുന്നതിലൂടെ ചിത്രം ഈ രാഷ്ട്രീയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. നിയമവ്യവസ്ഥയോ, കോടതിയോ, ജനാധിപത്യ ഭരണകേന്ദ്രമോ ഒരു സാധാരണക്കാരന് ഒരുകാലത്തും തുണയാകില്ല എന്ന വലതുപക്ഷബോധം ചിത്രം പങ്കുവെക്കുന്നത്. സിസ്റ്റം പൂർണമായും അഴുകിയതാണെന്നും, അതിനാൽ തന്നെ അതിന് പുറത്തുനിന്നുള്ള വ്യക്തിപരമായ ആയുധമെടുക്കലുകളാണ് പോംവഴി എന്നും ചിത്രം അവകാശപെടുന്നു. ഒരു വലിയ സാമൂഹിക പ്രതിസന്ധി വരുമ്പോൾ കൂട്ടായ പോരാട്ടങ്ങളിലൂടെയോ സാമൂഹിക ഇടപെടലുകളിലൂടെയോ അതിനെ നേരിടുന്നതിന് പകരം, നായകൻ ഒറ്റയ്ക്ക് നടത്തുന്ന അമാനുഷികമായ അതിജീവനത്തെയാണ് ചിത്രം ഉയർത്തിക്കാട്ടുന്നത്. ഇത് വലതുപക്ഷ സിനിമകളിൽ സാധാരണയായി കാണാറുള്ള ‘ഒറ്റയാൾ പോരാളി’ സങ്കൽപ്പമാണ്. ഇടതുപക്ഷ സിനിമകൾ സാധാരണയായി ജനക്കൂട്ടത്തെ അല്ലെങ്കിൽ പൊതുസമൂഹത്തെ ഒരു വലിയ ശക്തിയായി കാണുമ്പോൾ, ഈ സിനിമ പൊതുജനങ്ങളെ സ്വന്തമായി തലച്ചോറില്ലാത്ത, എളുപ്പത്തിൽ പറ്റിക്കാവുന്ന വിഢികളായ ജനക്കൂട്ടമായി കാണിക്കുകയാണ്. വോട്ടർമാരെയും പൗരന്മാരെയും ഇത്രത്തോളം ബാലിശമായി ചിത്രീകരിക്കുന്നത് വലതുപക്ഷ വരേണ്യതയും സിനിമയിൽ നിറയുന്നുണ്ട്. ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയെയും ഭരണസംവിധാനങ്ങളെയും പക്വതയില്ലാത്ത രീതിയിൽ അപഹസിക്കുന്നതിലൂടെ, ജനാധിപത്യ പ്രക്രിയകളോടുള്ള കടുത്ത അവിശ്വാസമാണ് ചിത്രം ജനങ്ങളിൽ വളർത്താൻ ശ്രമിക്കുന്നത്. ‘ഐ, നോബഡി’ സമകാലിക രാഷ്ട്രീയ നാടകങ്ങളെയും മാധ്യമ വിചാരണകളെയും വിമർശിക്കുന്നുണ്ടെങ്കിലും, അതിന്റെ ആത്യന്തികമായ രാഷ്ട്രീയ നിലപാട് ജനാധിപത്യ സ്ഥാപനങ്ങളെ തള്ളിപ്പറയുന്നതും അപകടകരമായ അരാഷ്ട്രീയ-വലതുപക്ഷ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
സിനിമ മുന്നോട്ടുവെക്കുന്ന അരാഷ്ട്രീയ വലതുപക്ഷ രാഷ്ട്രീയം, അടിസ്ഥാനപരമായി ജനാധിപത്യപരമായ കൂട്ടായ്മകളെയും വ്യവസ്ഥിതികളെയും റദ്ദ് ചെയ്തുകൊണ്ട് വ്യക്തികേന്ദ്രീകൃതമായ നായകത്വത്തെ പ്രതിഷ്ഠിക്കുന്ന ഒന്നാണ്. രാഷ്ട്രീയ പ്രക്രിയകളോടോ നിലവിലുള്ള ഭരണഘടനാ സ്ഥാപനങ്ങളോടോ യാതൊരുവിധ പ്രതിബദ്ധതയും കാണിക്കാതെ, അവയെല്ലാം പൂർണമായി അഴുകിയതാണെന്ന് വരുത്തിത്തീർക്കുകയാണ് ചിത്രം ചെയ്യുന്നത്. കോടതിയും നിയമസംവിധാനവും കൊണ്ട് ഒരു സാധാരണക്കാരന് നീതി ലഭിക്കില്ല എന്ന പൊതുബോധത്തിൽ നിന്നാണ് ഈ രാഷ്ട്രീയം രൂപപ്പെടുന്നത്. നായകൻ നിയമം കൈയിലെടുത്ത് നടത്തുന്ന ആക്രമണങ്ങളെയും, സിസ്റ്റത്തെ വെല്ലുവിളിക്കുന്നതിനെയും സിനിമ പൂർണമായി ന്യായീകരിക്കുകയും അതിന് കയ്യടി വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളോ, സന്നദ്ധ സംഘടനകളോ, കൂട്ടായ ജനകീയ ഇടപെടലുകളോ അല്ല ഒരു പ്രതിസന്ധിയിൽ രക്ഷയാകുന്നത് എന്ന് സിനിമ പറയുന്നു. മറിച്ച്, എല്ലാം ഒറ്റയ്ക്ക് നേരിടുന്ന ‘ഒറ്റയാൾ പോരാളി’ എന്ന വരേണ്യ വലതുപക്ഷ നായക സങ്കൽപ്പത്തിന് ചിത്രം അടിവരയിടുന്നു. സിനിമയിലെ രാഷ്ട്രീയക്കാരും ഭരണസംവിധാനങ്ങളും കേവലം കോമാളികളോ അല്ലെങ്കിൽ തികഞ്ഞ അഴിമതിക്കാരോ മാത്രമാണ്. ജനാധിപത്യപരമായ സംവാദങ്ങളെയോ രാഷ്ട്രീയ ബോധ്യങ്ങളെയോ അപ്പാടെ തള്ളിക്കളയുന്ന ‘എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണ്’ എന്ന തരത്തിലുള്ള അപകടകരമായ അരാഷ്ട്രീയ സിനിസിസം ജനങ്ങളിൽ വളർത്താൻ ഇത് കാരണമാകുന്നു. സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തമായി ചിന്താശേഷിയില്ലെന്നും അവർ വെറും വിഡ്ഢികളായ ഒരു ജനക്കൂട്ടം മാത്രമാണെന്നും സിനിമ ചിത്രീകരിക്കുന്നു. അതേസമയം നായകൻ അവരേക്കാൾ ബുദ്ധിമാനും ഉയർന്ന ചിന്താഗതിയുള്ളവനുമായി മാറുന്നു. ജനങ്ങളെ ഇത്തരത്തിൽ മോശമായി കാണിക്കുന്നത് വലതുപക്ഷ വരേണ്യതയുടെ വ്യക്തമായ ലക്ഷണമാണ്. സമകാലിക മാധ്യമങ്ങളെയും സിസ്റ്റത്തെയും വിമർശിക്കുന്നു എന്ന വ്യാജേന, ജനാധിപത്യത്തിന്റെ കാതലായ സ്ഥാപനങ്ങളെയും ജനങ്ങളുടെ കൂട്ടായ രാഷ്ട്രീയ ശേഷിയെയും പൂർണമായി തള്ളിക്കളയുന്ന ഒരു ‘ലിബർട്ടേറിയൻ വലതുപക്ഷ’ ശൈലിയാണ് ചിത്രം പിന്തുടരുന്നത്.
പ്രകൃതിയിലെ നിയമപ്രകാരം പുൽച്ചാടി പുല്ല് തിന്നുന്നു, തവള പുൽച്ചാടിയെ തിന്നുന്നു, പാമ്പ് തവളയെ തിന്നുന്നു, പരുന്ത് പാമ്പിനെയും തിന്നുന്നു. എന്നാൽ ഇന്നത്തെ മനുഷ്യസമൂഹത്തിൽ നിലനിൽക്കണമെങ്കിൽ ഈ നിയമം പോരാ എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ഈ സിസ്റ്റത്തിൽ വെറുമൊരു ‘പുൽച്ചാടി’ മാത്രമായ സാധാരണക്കാരൻ ജീവനോടെ ഇരിക്കണമെങ്കിൽ, അവൻ പുല്ല് മാത്രം തിന്നാൽ പോരാ, മറിച്ച് തന്നെ വേട്ടയാടാൻ വരുന്ന തവളയെ (സിസ്റ്റത്തെ/അധികാരികളെ) തിരിച്ച് വിഴുങ്ങാൻ തയ്യാറാകണം. അതിനായി ആരുടെ തല വേണമെങ്കിലും കടിച്ചുതിന്നാൻ പരുവപ്പെടണം എന്നതാണ് ഈ സിദ്ധാന്തം. ഈ ഭക്ഷണ ശൃംഖലയുടെ രാഷ്ട്രീയം നവലിബറൽ അല്ലെങ്കിൽ ‘അരാഷ്ട്രീയ വലതുപക്ഷ’ നിലപാടുകളാണ്. സാമൂഹിക നീതിയോ തുല്യതയോ ജനാധിപത്യപരമായ സംരക്ഷണമോ ഒരിടത്തും സാധ്യമല്ല എന്ന ചിന്തയാണിത്. ലോകം ക്രൂരമാണെന്നും, അവിടെ കരുത്തർ മാത്രമേ അതിജീവിക്കൂ എന്നും ഈ സിദ്ധാന്തം പറയുന്നത്. വ്യവസ്ഥിതിയിലെ അഴിമതികളെയും അനീതികളെയും കൂട്ടായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ മാറ്റിയെടുക്കാൻ സിനിമ പറയുന്നില്ല. പകരം, ആ അഴുക്ക ചാലിൽ ജീവിക്കാൻ നായകൻ സ്വയം ഒരു വേട്ടക്കാരനായി മാറുക എന്ന അങ്ങേയറ്റം അപകടരവും അരാഷ്ട്രീയവുമായ പരിഹാരമാണ് സിനിമ നൽകുന്നത്. “ഞാൻ അടങ്ങിയിരുന്നാൽ എന്നെ അവർ തിന്നും, അതുകൊണ്ട് ഞാൻ അവരെ തിന്നുന്നു’ എന്ന ലളിത യുക്തിയിലൂടെ നായകൻ ചെയ്യുന്ന ക്രൂരതകളെയും നിയമലംഘനങ്ങളെയും ഈ സിദ്ധാന്തം വെച്ചു സിനിമ ന്യായീകരിക്കുന്നു. l




