എം.ടി.യെ ആദ്യം കണ്ടത് എഴുപതുകളുടെ ആദ്യ പകുതിയിൽ എന്നോ ആവണം. അന്നത്തെ ദേശാഭിമാനി സ്റ്റഡിസർക്കിൾ കോഴിക്കോട് ജില്ലയിലെ മുക്കത്ത് വെച്ച് നടത്തിയ ചെറുകഥാ സാഹിത്യശിൽപ്പശാലയിൽ ഉദ്‌ഘാടകനായോ അധ്യക്ഷനായോ അദ്ദേഹം എത്തിയിരുന്നു. പക്ഷേ നേരിട്ട് സംസാരിക്കുന്നത് മറ്റൊരു സന്ദർഭത്തിലാണ്.
കുറച്ചു വർഷങ്ങൾക്കു ശേഷം.
എൻ്റെ നാട്ടുകാരനും കൂട്ടുകാരനുമായ വിൻസൻ്റ് ചിറ്റിലപ്പിള്ളിക്ക് തൻ്റെ ഒരു ജീവിതാനുഭവം സിനിമയാക്കണമെന്നു തോന്നി. എം.ടി. അത് തിരക്കഥയെഴുതി സംവിധാനം ചെയ്യണമെന്നും. ഞാൻ അന്ന് ഒരു ബാലപംക്തി എഴുത്തുകാരനാണ്. ആ ഒരു ചങ്കൂറ്റത്തിൽ വിൻസൻ്റിൻ്റെ അനുഭവം ഒരു വൺലൈൻ ആയി എഴുതിയുണ്ടാക്കി. ഞങ്ങൾ കോഴിക്കോട്ടേക്കു യാത്രയായി. കാലത്ത് കൊട്ടാരം റോട്ടിലെ സിത്താരയിൽ ചെന്ന് എം.ടി.യെ കണ്ടു. വൺലൈൻ സമർപ്പിച്ചു.
വൈകീട്ട് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് എം.ടി. വന്നു. വളരെ സ്നേഹത്തിലും അനുഭാവത്തിലും അദ്ദേഹം പറഞ്ഞു: താൻ ഈ പ്രോജക്ടിൽ സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം, നമ്മൾ ഓരോ കഥ എഴുതുമ്പോഴും സിനിമ നിർമ്മിക്കുമ്പോഴും മനസ്സിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ട്. വായനക്കാരന് /പ്രേക്ഷകന്, എന്നുവെച്ചാൽ സമൂഹത്തിന് ഇതുകൊണ്ടെന്ത് കിട്ടുന്നു? വിൻസൻ്റിന് തൻ്റെ അനുഭവം വളരെ പ്രധാനമായിരിക്കും. പക്ഷേ പ്രേക്ഷകന് അതിൽ താൽപ്പര്യമുണ്ടാവണമെന്നില്ല.
വിൻസൻ്റ് നിരാശാപ്പെട്ടു. ആ അനുഭവം കൈവിടാൻ അദ്ദേഹത്തിന് വയ്യ.
ഇടക്ക് എം.ടി. ചോദിച്ചു:
“ഈ വൺലൈൻ ആരാണ് എഴുതിയത്.?”
വിൻസൻ്റ് സത്യം പറഞ്ഞു.
“നന്നായിട്ടുണ്ടല്ലോ. അശോകൻ തന്നെ സ്ക്രിപ്റ്റ് എഴുതട്ടെ. എന്താ കുഴപ്പം? ഞാൻ വായിച്ചു നോക്കാം.”
വിൻസൻ്റിന് ആ നിർദ്ദേശം സ്വീകാര്യമായി. പക്ഷേ എനിക്കതിന് ധൈര്യമുണ്ടായില്ല. പക്ഷേ എം.ടി.യുടെ ഉപദേശം സ്വീകരിച്ച് വിൻസൻ്റ് പിന്നീട് മികച്ചെ രണ്ടു സിനിമകൾ നിർമ്മിച്ചു. കെ.ജി.ജോർജ് സംവിധാനം ചെയ്ത “ആദാമിൻ്റെ വാരിയെല്ല്”, സി.രാധാകൃഷ്ണൻ്റെ “ഒറ്റയടിപ്പാതകൾ.”
തിരിഞ്ഞു നോക്കുമ്പോൾ അന്നത്തെ ആ ഹോട്ടൽ മുറിയിലെ സംഭാഷണം എൻ്റെ എഴുത്തുജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാക്കി എന്നു കാണുന്നു. അത് കേരളത്തിൻ്റെ സവിശേഷമായ “ആധുനികരു”ടെ കാലമാണ്. വായനക്കാരനും സമൂഹവും മനുഷ്യജീവിതപുരോഗതിയും ഒന്നും എനിക്കു വിഷയമല്ല; ഞാൻ എൻ്റെ ആത്മസംതൃപ്തിക്കു വേണ്ടി മാത്രമാണ് എഴുതുന്നത് എന്ന ഉദ്ഘോഷങ്ങൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. അതു സംബന്ധിച്ച നിരന്തരമായ ചർച്ചകൾ, പുരോഗമന സാഹിത്യപ്രസ്ഥാനത്തെ പാടെ റദ്ദുചെയ്യുന്ന മട്ടിൽ പത്രപംക്തികളിൽ നടക്കുകയാണ്. അന്നേരമാണ് മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ മുന്നിലിരുന്ന് പറയുന്നത്: “നിങ്ങളുടെ അനുഭവം നിങ്ങൾക്ക് ഏറെ പ്രധാനമാണ്. പക്ഷേ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അത് സമൂഹത്തിന് എന്തു നൽകുന്നു എന്നതാണ്.”
ഈയൊരു സാമൂഹ്യവീക്ഷണം എം.ടി.യുടെ എല്ലാ കൃതികളുടെയും അന്തർധാരയായി നമുക്കുകാണാം. ഓരോ എഴുത്തുകാരനും ഓരോ അനുഭവലോകമുണ്ടായിരിക്കും. തകർന്ന തറവാടുകൾ എന്നത് എം.ടി.യുടെ അനുഭവലോകമാണ്. ഓരോ ബാല്യവും നിരവധി സ്വപ്നങ്ങൾ നിർമ്മിച്ചുകൊണ്ടും നിക്ഷേപിച്ചു കൊണ്ടുമാണ് കടന്നുപോകുന്നത്. പക്ഷേ തന്നെ രൂപപ്പെടുത്തിയ ഗൃഹാതുരതയുടെ കുരുക്കിൽ ബന്ധിക്കപ്പെട്ടു കിടക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. തൻ്റെ നായകൻ അപ്പുണ്ണിയെ പ്രാപ്തനാക്കി അദ്ദേഹം ആ ഇരുട്ടറ പൊളിക്കുന്നു. ഭഗവതി കുടിയിരിക്കുന്ന മച്ചുള്ള തറവാടാണെന്ന് ഓർക്കണം. ‘വെളിച്ചം കടക്കട്ടെ’ എന്നാണ്. ആ വെളിച്ചത്തിന് നവോന്മേഷം പകരുന്ന നിരവധി അർത്ഥങ്ങളുണ്ട്. അമ്മയുടെ പുതിയ പങ്കാളിയെ വീട്ടിലേക്കു ക്ഷണിക്കുക വഴി മനുഷ്യബന്ധങ്ങൾക്കും പുതിയ വ്യാഖ്യാനം നൽകുന്നു. മറ്റൊരു വഴിയിൻ ‘അസുരവിത്തി’ലെ സുലൈമാനായി മാറിയ ഗോവിന്ദൻകുട്ടിയും ഈ പൊളിച്ചടുക്കലിനു കൂട്ടുനിൽക്കുന്നു. ‘രണ്ടാമൂഴ’ക്കാരനായ ഭീമനും പൊളിക്കാൻ ഗദയുമായി പിറകെയുണ്ട്. എല്ലാറ്റിനും അവലംബമായി കരുതിയ ദേവി തൻ്റെ വേദനകൾക്കു മുന്നിൽ വെറും ബിംബമായി നിന്നപ്പോൾ കലി വേറൊന്നായ വെളിച്ചപ്പാടും തകർത്തു തന്നെയാണ് മുന്നേറുന്നത്.
ഭാഷകളുടെയും അതുൾക്കൊള്ളുന്ന സാഹിത്യത്തിൻ്റെയും ചരിത്രം പരിശോധിച്ചാൽ നീണ്ട കാലങ്ങൾക്കിടയിലുണ്ടാവുന്ന ചില വിസ്മയങ്ങൾ കാണാനാവും. ഒരു ഷേക്സ്പിയർ, ഒരു ദസ്തയോവിസ്കി, ഒരു വിക്ടർ ഹ്യൂഗോ, ഒരെഴുത്തച്ഛൻ, ഒരു കുമാരനാശാൻ, ഒരു ബഷീർ, ഒരു വൈലോപ്പിള്ളി. മലയാള സാഹിത്യചരിത്രത്തിലെ മറ്റൊരു വിസ്മയമാണ് എം.ടി.വാസുദേവൻ നായർ. മലയാളത്തിലെ എഴുത്തിൽ സ്വാതന്ത്ര്യത്തിൻ്റെയും തല കുനിക്കാത്ത ആത്മബോധത്തിൻ്റെയും കൊടിയടയാളമായി അദ്ദേഹം നിലകൊള്ളുന്നു.
സ്വാതന്ത്ര്യലബ്ദിക്കും – പ്രത്യേകിച്ച് കേരളപ്പിറവിക്കും – ശേഷം ജനിച്ച എല്ലാ മലയാളികളേയും പോലെ എന്നെയും വായനാലോകത്ത് എത്തിച്ചത് എം.ടി.യാണ്. ‘കാല’മാണ് ആദ്യം വായിച്ചത്. പിന്നെ നാലുകെട്ട് അസുരവിത്ത്, രണ്ടാമൂഴം. വളർത്തുമൃഗങ്ങളിൽ തുടങ്ങി കർക്കിടകം, നിൻ്റെ ഓർമ്മക്ക്, നീലക്കടലാസ് പോലെ ജീവിതാവസ്ഥകളുടെ സൗന്ദര്യം മുന്നോട്ടു വെക്കുന്ന ഒരുപാട് കഥകൾ. അധികാരത്തിൻ്റെ ഔദാര്യമില്ലാത്ത നടത്തിയ യാത്രകളെക്കുറിച്ചുള്ള കുറിപ്പുകൾ. ഒരേയൊരു നാടകം: ഗോപുരനടയിൽ.
പിന്നീടുവന്നവർക്ക് തൻ്റെ എഴുത്തുകൊണ്ടും ജീവിതംകൊണ്ടും എഴുത്തുകാരൻ /എഴുത്തുകാരി എന്ന ഉന്നതസ്ഥാനവും പദവിയും നൽകിക്കൊണ്ടാണ് എം.ടി. രംഗം വിടുന്നത്. മനുഷ്യജീവിതത്തെക്കുറിച്ച് നിരന്തരം ഉൽക്കണ്ഠപ്പെടുകയും തനിക്കു ചുറ്റുമുള്ള സമൂഹത്തെ നിരന്തരം ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരൻ എന്ന നിലയിൽ സംഘടനകളും സർക്കാരും സ്ഥാപനങ്ങളുമായി എം.ടി. സഹകരിച്ചിട്ടുണ്ട്. അതെല്ലാം തികച്ചും ആശയപരമായ ആശയപരമായ അനുഭാവങ്ങളും സഹവർത്തിത്തങ്ങളും മാത്രമായിരുന്നു. അധികാരത്തിൻ്റെ ഇന്ത്യൻരൂപമായ രാഷ്ട്രീയഹിന്ദുത്വത്തോട് കലഹിക്കാൻ അദ്ദേഹം മടി കാണിച്ചില്ല. സംഘപരിവാർ വൈതാളികരുടെ ഓരിയിടലുകളെ തൃണവൽഗണിച്ചു.
പുതിയ എഴുത്തുകാർക്ക് എന്നും പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ. വലിയ നോവലുകളെഴുതി പ്രശസ്തിലെത്തിയവരും ഇന്നു ബാലപംക്തിയിൽ ഒരു കുഞ്ഞുകഥ എഴുതുന്നവനും ആത്മാവിൻ ഒരേയിനം അഹന്തയാണ് പേറുന്നത് എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ഏറെകാലം പിന്നിട്ട വൻമരത്തിൻ്റെ ഗൗരവവും മണ്ണിൽ ഇന്നലെ മുളയെടുത്ത പുൽക്കൊടിയുടെ തെറിച്ചുനിൽപ്പും തമ്മിൽ വ്യത്യാസമയില്ല.
കേവലം ഒരെഴുത്തുകാരൻ്റെ മരണമല്ല; മലയാളത്തിൻ്റെ എഴുത്തിലും സംസ്കാരത്തിലും ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. l





