മലയാള സിനിമയുടെ സ്വഭാവത്തിലും ആഖ്യാനത്തിലും അവതരണത്തിലുമെല്ലാം മാറ്റം സംഭവിച്ചപ്പോഴും ജനപ്രിയ ജോണറായി നിലനിൽക്കുന്ന ഒന്നാണ് കുടുംബചിത്രങ്ങൾ. വിപണിയിലെ ഏറ്റവും സുരക്ഷിതമായ ജോണർ കൂടിയാണിതെന്ന് പലപ്പോഴും ബോക്‌സോഫീസ് വിജയങ്ങൾ തെളിയിച്ചിട്ടുമുണ്ട്. കുടുംബ പ്രേക്ഷകർ തിയേറ്ററിൽ എത്തിയാൽ സിനിമ വലിയ വിജയം നേടുമെന്നാണ് പൊതുധാരണ. ഇതിന് ഏറ്റവും സഹായകരമായിട്ടുള്ളത് ഇൗ ശ്രേണി സിനിമകളുമാണ്. ഇൗ സൂത്രവാക്യത്തിലൂടെ ഏറ്റവും വലിയ നേട്ടം കൊയ്‌തവരിൽ ഒരാളാണ് മോഹൻലാൽ. ഇൗ ശ്രേണി സിനിമകൾ ഒരുക്കുന്നതിൽ മാസ്റ്റർ സംവിധയാകനാണ് സത്യൻ അന്തിക്കാട്. കുറുക്കന്റെ കല്യാണം മുതൽ ആരംഭിച്ച ഇൗ കൂട്ടുകെട്ടിൽ പിറന്നതിൽ അധികവും ഹിറ്റുകളായിരുന്നു. ഇരുവരും 10 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതാണ് ‘ഹൃദയപൂർവ’ത്തിന്റെ യുഎസ്‌പി (unique selling point).
മലയാള സിനിമയിലുണ്ടായ അടിമുടി മാറ്റങ്ങളൊന്നും ഇൗ കൂട്ടുകെട്ടിനെ ബാധിച്ചിട്ടില്ല എന്ന് ഹൃദയപൂർവത്തിന്റെ അവതരണം അടിവരയിടുന്നുണ്ട്. പഴയ ടിപ്പിക്കൽ സത്യൻ അന്തിക്കാട് സിനിമയായി തന്നെയാണ് ചിത്രത്തിന്റെ വികാസം. സാങ്കേതിക, വിഷ്വൽ, കളർ ഗ്രേഡിങ് തുടങ്ങി മലയാള സിനിമയുടെ പുത്തൻ സങ്കേതങ്ങളൊന്നും പരിഗണിക്കാതെയുള്ള അവതരണവും കഥപറച്ചിലും തന്നെയാണ് ഹൃദയപൂർവത്തിന്റേത്. അതേസമയം, സത്യൻ അന്തിക്കാട് സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഒരു തലമുറ വിട പറഞ്ഞു. ഇന്നസെന്റ്, മാമൂക്കോയ തുടങ്ങിയവർ ഒഴിച്ചിട്ട ശൂന്യതയിലേക്ക് പുതുതലമുറയെ ഉൾച്ചേർക്കുന്ന കാഴ്‌ച കൂടിയാണ് ചിത്രം. സിനിമയിലെ പുതുമ എന്ന് പറയുന്നത് ഇൗ ഉൾച്ചേർക്കൽ മാത്രമാണ്.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ സന്ദീപ് ബാലകൃഷ്ണനായാണ് മോഹൻലാൽ എത്തുന്നത്. ദാതാവിന്റെ മകളായ ഹരിതയായി മാളവിക മോഹനും അഭിനയിക്കുന്നു. സന്ദീപിനെ തേടി ഹൃദയ ദാതാവിന്റെ മകൾ എത്തുന്നതും തുടർ സംഭവങ്ങളുമാണ് കഥ. സന്ദീപിനെ പരിചരിക്കുന്ന ഹോം നേഴ്‌സ് ജെറിയായി സംഗീത് പ്രതാപും എത്തുന്നു. ഹരിതയുടെ അമ്മയായി സംഗീതയും സന്ദീപിന്റെ അളിയനായി സിദ്ദിഖും. ഇവരാണ് പ്രധാന കഥാപാത്രങ്ങൾ.
കഴിഞ്ഞ നാല് പതിറ്റാണ്ടായി സത്യൻ അന്തിക്കാട് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടെയും. കുടുംബം, മകൾ, അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയ അച്ചുവിന്റെ അമ്മയിൽ പറഞ്ഞ് വിജയിപ്പിച്ച അതേ ഫോർമുല ഇവിടെയും ഉപയോഗിക്കുകയാണ്. കുടുംബം എന്ന പഴഞ്ചൻ സങ്കൽപത്തിൽ നിന്ന് പുതിയ ന്യൂ ജനറേഷനിലേക്ക് പശ്ചാത്തലം പറിച്ച് നടുന്നുണ്ട്. എന്നാൽ പഴയ അതേ കാഴ്‌ചപ്പാടിലാണ് സിനിമ ഉൗന്നുന്നത്. മികച്ച തിരക്കഥയാണ് എല്ലാ കാലത്തും സത്യൻ അന്തിക്കാട് സിനിമയുടെ നട്ടെല്ലായിട്ടുള്ളത്. ശ്രീനിവാസനായിരുന്നു ഇതിൽ പ്രധാന പങ്കുവഹിച്ചത്. അതാത് കാലഘട്ടത്തിലെ സമൂഹ വിഷയങ്ങൾ ഉൾച്ചേർക്കുന്ന തിരക്കഥകൾ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ എത്തിയിരുന്നു. ശ്രീനിവാസൻ തിരക്കഥകളോട് രാഷ്‌ട്രീയമായി വിയോജിക്കുമ്പോഴും എഴുത്തിൽ സൃഷ്ടിച്ച മികവിനെ അവഗണിക്കാനാകില്ല.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടി പി സോനുവിന്റേതാണ് തിരക്കഥ. സത്യൻ അന്തിക്കാടിന്റെ മറ്റൊരു മകനും സംവിധായകനുമായ അനൂപും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇൗ പുതിയ തലമുറയുടെ വരവ് സിനിമയുടെ കാഴ്‌ചാ ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ വളരെ രസകരമായ ആശയത്തെ മുഴുനീള സിനിമയിലേക്ക് വളർത്താൻ ഉതകുന്നതൊന്നും തിരക്കഥയിലില്ല. ഇതാണ് സിനിമയുടെ പ്രധാന പോരായ്‌മ. ഇൗ പ്രതിസന്ധികളെയെല്ലാം മോഹൻലാലിന്റെ മറവിൽ മറികടക്കുന്ന രീതിയാണ് സിനിമ ഉപയോഗിച്ചിട്ടുള്ളത്. ആ പരിശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. മോഹൻലാൽ സംഗീത് കൂട്ടുകെട്ടിന്റെ ബലത്തിലാണ് സിനിമയുടെ മുന്നോട്ടുപോക്ക്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ചെറു തമാശകളും കൗണ്ടറുകളുമായി സിനിമയുടെ ഉൗർജമായി ഇൗ രംഗങ്ങൾ മാറുന്നുണ്ട്.
വളരെ ചെറിയ മൊമന്റുകളും അതിൽ ഉടലെടുക്കുന്ന വളരെ ഹൃദ്യമായ തമാശകളുമാണ് സിനിമ. പുതുമ അവകാശപ്പെടാനില്ലാതെയിരിക്കുമ്പോഴും ഇൗ രംഗങ്ങൾ സ്‌ക്രീനിൽ നിന്ന് പ്രേക്ഷകനിലേക്ക് കൂടി വളരുന്നിടത്താണ് ഹൃദയപൂർവം വിജയമാകുന്നത്. ടിപ്പിക്കൽ സത്യൻ അന്തിക്കാട് സ്‌കൂളിൽ നിന്നും പുതിയ കാലത്തിന് അനുസരിച്ച് അപ്‌ഡേറ്റാകുന്ന സിനിമയായി മാറുന്നത് ഇവിടെയാണ്. ആളുകൾ തമ്മിൽ സാഹചര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന വൈകാരിക ഇഴയടുപ്പം ഏറ്റവും രസകരമായി ഒരുക്കുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ആ മെറിറ്റിലേക്ക് കുറച്ചുകൂടി മെച്ചപ്പെട്ട തിരക്കഥയും നല്ല കഥാപശ്ചാത്തലവും സൃഷ്ടിച്ചു നൽകാൻ എഴുത്തുകാർക്കായില്ല. എന്നാൽ മോഹൻലാൽ തന്റെ കംഫർട്ട് സോണിൽ നിന്ന് അനായാസേന സന്ദീപ് ബാലകൃഷ്ണനായി. അയാളുടെ ആശകൾ, നിരാശകൾ, സന്തോഷങ്ങൾ ഇതിനെയെല്ലാം രണ്ടര മണിക്കൂറിൽ പ്രേക്ഷകനുമായി പങ്കുവെക്കുന്നുണ്ട്. സത്യൻ അന്തിക്കാട് സിനിമകളിലെ ഒരു തലമുറ വിട്ടുപോയപ്പോൾ സൃഷ്ടിക്കപ്പെട്ട വിടവിലേക്ക് വളരെ എളുപ്പത്തിൽ സംഗീത് പ്രതാപ് നടന്ന് കയറുന്നുണ്ട്. ബിഹേവിയറൽ റിയാക്ഷൻസിൽ സംഗീത് അത്രമേൽ കിടുവാണ്. പ്രേമലുവിൽ നസ്ലിനൊപ്പം സൃഷ്ടിച്ച രംഗങ്ങൾ, അതേ ഉൗർജത്തിലും താളത്തിലും മോഹൻലാലിനൊപ്പം ജെറിയായി സംഗീത് തുടരുന്നുണ്ട്.
മോഹൻലാലിനെ സംബന്ധിച്ച് ഒരു തരത്തിലും വെല്ലുവിളി സൃഷ്ടിക്കാത്ത അത്രമേൽ അനായാസമായ കഥാപാത്രമാണ്. ഹൃദയപൂർവം ചിരിച്ച് കണ്ട് തീർക്കാൻ കഴിയുന്ന ഒരു സന്തോഷപ്പടമാകുമ്പോഴും സത്യൻ അന്തിക്കാടിനെപ്പോലെ ഒരു മാസ്റ്റർ സംവിധായകൻ ഇങ്ങനെ ഒരേ രീതിയിലും കാഴ്‌ചകളിലും സിനിമ ഒരുക്കിയാൽ മതിയോ എന്ന സ്വഭാവിക ചോദ്യവും ഇൗ വിജയത്തിനൊപ്പം ഉയരുന്നുണ്ട്. മോഹൻലാൽ എന്ന നടനെ താരത്തിനെ കൃത്യമായി ഉപയോഗിച്ചാൽ അത്ഭുതപ്പെടുത്തുന്ന സിനിമകൾ ഇനിയും ഉണ്ടാകുമെന്ന് ‘തുടരും’ സിനിമയിലൂടെ തരുൺ മൂർത്തി തെളിയിച്ചു. അമാനുഷിക പരിവേഷത്തിനപ്പുറം മലയാളിയുടെ മോഹൻലാൽ എന്ന സാധ്യതയിലേക്ക് ഇനിയും സംവിധായകർ പോകണം എന്ന് കൂടിയാണ് തുടരും നേടിയ വിജയം ഓർമപ്പെടുത്തിയത്. അത്തരമൊരു മലയാളി ഇഷ്ടപ്പെടുന്ന ലാലേട്ടൻ സ്വഭാവത്തിനോട് ചേർന്ന് നിൽക്കുന്നതാണ് ഹൃദയപൂർവത്തിലെ സന്ദീപ്. എന്നാൽ, കുടുംബം, പ്രതിസന്ധി, സങ്കടം, അതിലേക്ക് യുക്തി രഹിതമായി കടത്തി വിടുന്ന ‘പ്രണയം’ തെറ്റുധാരണ ഇതെല്ലാമായി സിനിമയെ ചുരുക്കുകയാണ് ഹൃദയപൂർവം ചെയ്‌തത്. മോഹൻലാൽ എന്ന താരത്തിനെക്കാൾ കൂടുതൽ മോഹൻലാൽ എന്ന നടനെയാണ് സിനിമ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ മോഹൻലാൽ എന്ന താരമൂല്യമാണ് സിനിമയുടെ ബോക്‌സോഫീസ് വിജയം ഉറപ്പാക്കിയത്. l