വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

കെ.ടി.കുഞ്ഞിക്കണ്ണൻ

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി ഐ എം ഒരു മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയെന്ന നിലയിൽ അതിന്റെ പ്രത്യയശാസ്ത്ര നിലപാടുകൾ കയ്യൊഴിഞ്ഞ് വിശ്വാസികളെയും ഭക്തരെയും സംഘടിപ്പിക്കുകയാണെന്ന ആരോപണം സംഘപരിവാർ ശക്തികൾക്കൊപ്പം ചേർന്ന് യു.ഡി.എഫും ലിബറൽ ബുദ്ധിജീവികളും മാധ്യമങ്ങളുമെല്ലാം ഉയർത്തിക്കൊണ്ടുവരികയുണ്ടായി. യഥാർത്ഥത്തിൽ ഇന്ത്യ പോലെ വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന മതഗോത്ര സമൂഹങ്ങളുള്ള ഒരു രാജ്യത്ത് വിശ്വാസി സമൂഹങ്ങളെയാകെ ഉൾക്കൊണ്ടുകൊണ്ടേ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തിക്കാനാവൂ. ‘നാട്ടിൻപുറത്തെ പട്ടിണിപാവങ്ങളോട്’ എന്ന വിഖ്യാതമായ കൃതിയിൽ ലെനിൻ മതവിശ്വാസികൾക്ക് അവരുടെ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഭൂമിയിൽ അവരുടെ ഭൗതികജീവിതം മെച്ചപ്പെടുത്താനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ കഴിയണമെന്ന് ആ രീതിയിൽ മതവിശ്വാസികളെ കമ്യൂണിസ്റ്റ് പാർട്ടി ഉൾക്കൊള്ളണമെന്നും എഴുതുന്നുണ്ട്. വിശ്വാസികളായ മനുഷ്യരോട് ലെനിൻ അഭ്യർത്ഥിക്കുന്നത് നിങ്ങൾ മരണാനന്തര സ്വർഗത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ആരാധനകളിലേർപ്പെടുകയും ചെയ്യുന്നതോടൊപ്പം ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ പ്രയത്‌നങ്ങൾക്കൊപ്പം ചേരണമെന്നാണ്.

ഭരണഘടന ഇന്ത്യയിലെ എല്ലാ പൗരർക്കും നൽകുന്ന വിശ്വാസസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയെന്നത് നിയോഫാസിസ്റ്റ് ഭീഷണിയുടെ കാലത്ത് ഏതൊരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്വമായി തീരുന്നുണ്ട്. ആ ഒരു നിലപാടിൽ നിന്നുകൊണ്ടാണ് സി പി ഐ എം രാജ്യവ്യാപകമായി ന്യൂനപക്ഷ മതസമൂഹങ്ങളായ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരായി സംഘപരിവാർ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കെതിരായ പ്രതിരോധം വളർത്തിക്കൊണ്ടുവരുന്നത്. ശബരിമല വിശ്വാസികൾക്കെന്നപോലെ മുസ്ലീം മതവിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനമുൾപ്പെടെയുള്ള കാര്യങ്ങളിലും സി പി ഐ എം സ്വീകരിക്കുന്ന നിലപാട് ഇതുതന്നെയാണ്. 1957-ൽ അധികാരത്തിൽവന്ന ഇ എം എസ് സർക്കാരാണ് മലബാറിലെ മുസ്ലീങ്ങൾക്ക് പള്ളിപണിയാനുള്ള അനുമതി നിഷേധിക്കുന്ന നിയമങ്ങൾ എടുത്തുമാറ്റിയത്. അന്ന് ഇ എം എസ് പറഞ്ഞത് ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന് വിരുദ്ധമാണ് മലബാറിലെ മുസ്ലീങ്ങൾക്ക് ആരാധനാലയം പണിയാൻ പ്രത്യേക പെർമിഷൻ വേണമെന്ന വ്യവസ്ഥയെന്നാണ്. ശബരിമലയിൽ അയ്യപ്പഭക്തർക്ക് അവിടുത്തെ ഭക്തബാഹുല്യം കണക്കിലെടുത്തുള്ള സൗകര്യമുണ്ടാക്കാനാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. കരിപ്പൂരിൽ ഇടതുപക്ഷസർക്കാർ ഹജ്ജ് തീർത്ഥാടകർക്ക് സുഗമവും സമാശ്വാസകരവുമായ യാത്ര ഉറപ്പുവരുത്താനാണ് ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിന് മുൻകൈയെടുത്തത്. ഇതെല്ലാം ഒരു മതനിരപേക്ഷ ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. യാഥാർത്ഥ്യങ്ങളെയും മനുഷ്യരുടെ ചരിത്രപരമായ വളർച്ചയുടെയും അതിന്റെ ഗതിയിൽ രൂപപ്പെട്ടുവന്ന വിശ്വാസ ആചാരങ്ങളുടേതുമായ ജീവിതത്തെയുമൊന്നും പരിഗണിക്കാതെയുള്ള യാന്ത്രികമായ നിലപാടുകൾ, അതായത് അതിഭൗതികവാദപരമായ നിലപാടുകൾ ഫലത്തിൽ അങ്ങേയറ്റം പ്രതിലോമപരമായി തീരുമെന്ന് ‘ലൂദ്‌വിഗ്‌ഫൊയർബാഗ്: ജർമ്മൻ തത്വശാസ്ത്രത്തിന്റെ അന്ത്യം’ എന്ന കൃതിയിൽ എംഗൽസ് വിശദീകരിക്കുന്നുണ്ട്.

എംഗൽസിന്റെ ‘ലൂദ്‌വിഗ്‌ഫൊയർബാഗ്: ജർമ്മൻ തത്വശാസ്ത്രത്തിന്റെ അന്ത്യം’

ഹിന്ദുത്വം രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദളിതുകളെയുമെല്ലാം വേട്ടയാടുകയും അത്യന്തം വിദ്വേഷപൂർണമായ പ്രചരണങ്ങളിലൂടെ വിഭജനവും ധ്രുവീകരണവും ഉണ്ടാക്കി തങ്ങളുടെ ഫാസിസ്റ്റ് അജണ്ട പ്രയോഗിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളെ ആർ.എസ്.എസിന്റെ നവഫാസിസ്റ്റ് അജണ്ടയ്ക്ക് വിട്ടുകൊടുക്കാതിരിക്കുകയെന്നത് മതനിരപേക്ഷ ജനാധിപത്യരാഷ്ട്രീയശക്തികളുടെ ആകെ ഉത്തരവാദിത്വമാണ്. വിശ്വാസത്തെയും ദൈവാരാധനയെയുമെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മതനിരപേക്ഷതക്കെതിരായി എല്ലാകാലത്തും സംഘപരിവാറും മതതീവ്രവാദ സംഘടനകളും തങ്ങളുടെ വർഗീയ അജണ്ടയിലേക്ക് ആളെ കൂട്ടിക്കൊണ്ടിരുന്നത്. വിശ്വാസികൾ കൂടി ഉൾക്കൊള്ളുന്ന ജനസമൂഹങ്ങളെയാകെ അണിനിരത്തിയേ ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വഫാസിസത്തിനെതിരായ ഫലപ്രദമായ പ്രതിരോധം ഉയർത്താനാകൂ.

വിശ്വാസികളെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കുമെതിരെ തിരിച്ചുവിടാനും ദൈവാരാധനയുടെയും വിശ്വാസത്തിന്റെയുമൊക്കെ മറപറ്റി തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ബഹുജനപിന്തുണയുണ്ടാക്കിയെടുക്കാനുള്ള ആർ.എസ്.എസ് അജണ്ടയെ തിരിച്ചറിയാനും അതിനെതിരായി പ്രതിരോധമുയർത്താനുമുള്ള രാഷ്ട്രീയ കടമ ഏറ്റെടുക്കാൻ വിസമ്മതിക്കുന്നവരുമാണ് അയ്യപ്പസംഗമത്തെ വിവാദമാക്കുന്നതും അതിഭൗതികവാദവാചകമടികൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. അതിൽ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ക്വട്ടേഷൻ ഏറ്റെടുത്ത നവനാസ്തികർതൊട്ട് അതിതീവ്രവാചകമടിക്കാർവരെയുണ്ട്. ശബരിമലപോലെ ലോകപ്രശസ്തമായൊരു തീർത്ഥാടനകേന്ദ്രത്തെ വികസിപ്പിക്കുകയെന്നത് അതിനാവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കുകയെന്നത് ഏതൊരു ജനാധിപത്യസർക്കാരിന്റെയും ഉത്തരവാദിത്വമാണ്.

മാത്രമല്ല ശബരിമല ലോകത്തിലെതന്നെ സവിശേഷമായ മതാതീത ആത്മീയതയുടേതായ ചരിത്രവും ദർശനസമീപനവുമുള്ള ക്ഷേത്രമാണ്. ജാതിമതഭേദമില്ലാതെ എല്ലാവർക്കും ആരാധനയ്ക്ക് കടന്നുചെല്ലാവുന്ന ക്ഷേത്രവുമാണ്. ഒരർത്ഥത്തിൽ മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയാണ് ശബരിമല അയ്യപ്പക്ഷേത്രം അതിന്റെ ചരിത്രത്തിലൂടെയും മിത്തുകളിലൂടെയും സന്ദേശിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ബ്രാഹ്മണ്യവും ജാതിവരേണ്യതയും അതിന്റെ സംസ്‌കാരത്തെയും ആചാരങ്ങളെയുമെല്ലാം പുനരുജ്ജീവിപ്പിച്ചുകൊണ്ടുവരുന്ന വർത്തമാനകാലത്ത് ശബരിമല അതിനെല്ലാമെതിരായ ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗത്തുനിന്നുള്ള പ്രതിരോധം കൂടിയാണ്. ശബരിമലദർശനമെന്നത് വാവരും അർത്തുങ്കൽപള്ളിയും എല്ലാം ചേർന്ന സർവ്വമതസമ്മിശ്രമായൊരു ആത്മീയവഴിയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെകാലത്ത് ചരിത്രത്തെയും സംസ്‌കാരത്തെയും ശരിയായ രീതിയിൽ സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിശ്വാസികൾക്കിടയിൽ സർവ്വധർമ്മസമഭാവനയുടേതായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ശബരിമലയെ ശക്തിപ്പെടുത്തുകയെന്നത് വിഭജനവിദ്വേഷചിന്തകൾക്കെതിരായ പ്രതിരോധ സാധ്യതകൂടിയാണ്.

യാന്ത്രികവും യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാൻ വിസമ്മതിക്കുന്നതുമായ ഭൗതികവാദ നിലപാടുകളോടുള്ള ധൈഷണികമായ കലാപം കൂടിയായിരുന്നു മാർക്‌സിസത്തിന്റെ ദാർശനിക ഇടപെടലുകളെന്നത്. മാർക്‌സ് മതത്തെയും ദൈവചിന്തയെയുമെല്ലാം കണ്ടത് ചരിത്രപരമായിട്ടാണ്. മാർക്‌സിസത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലെയും സമീപനം ചരിത്രപരതയിലധിഷ്ഠിതമാണ്. മാർക്‌സിന്റെ ഡോക്ടറേറ്റ് തിസീസ് കൂടിയായിട്ടുള്ള ഡെമോക്രാറ്റിസിന്റെയും എപ്പിക്യൂറസിന്റെയും പ്രപഞ്ചദർശനങ്ങളിലെ അന്തരം എന്ന കൃതി തുടങ്ങുന്നത്; ഈ ഭൂമിയിൽ സാമൂഹ്യജീവിതത്തിന്റെ ആദ്യചുവടുകൾ വെച്ചുതുടങ്ങിയ ആദ്യകാല മനുഷ്യരുടെ ദർശനങ്ങളിൽ ഏറ്റവും പ്രധാനം മതവും ദൈവചിന്തയുമായിരുന്നുവെന്ന വാചകത്തോടെയാണ്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണവും പ്രതികൂലവുമായ അനവധിയായ പ്രകൃതിപ്രതിഭാസങ്ങളെ ഇന്ദ്രജാലപരമായ വിദ്യകളിലൂടെയാണ് മനുഷ്യർ അതിജീവിച്ചത്. ഏതൊരു സമൂഹത്തിന്റെയും സ്വത്വവും സത്തയുമൊക്കെ കുടികൊള്ളുന്നത് അത് രൂപപ്പെടുത്തിയ സാംസ്‌കാരികമുദ്രകളിലൂടെയും ബിംബങ്ങളിലൂടെയുമൊക്കെയാണ്. സംശയരഹിതമായും മനുഷ്യന്റെ ആദ്യകാലദർശനപദ്ധതിയായ മതവും വിശ്വാസങ്ങളുമെല്ലാമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ് മനുഷ്യരുടെ സംസ്‌കാരമെന്നത്. ഏതൊരു പൂർവ്വസംസ്‌കാരത്തെയും സംബന്ധിച്ച നമ്മുടെ പഠനങ്ങൾ സാംസ്‌കാരിക ബിംബങ്ങളുടെ പരിശോധനയിലൂടെയാണ് നടക്കുന്നത്. പ്രകൃതിയുമായി ഇടപെട്ടും പ്രതിപ്രവർത്തിച്ചും അതിന് വഴങ്ങിയും അതിനെ പുനർനിർമ്മിച്ചുമാണ് മനുഷ്യരാശി ഒരു ജീവവംശമെന്ന നിലയിൽ ഈ ഭൂമിയിൽ അവരുടെ ജീവിതത്തിന്റെ ചുവടുകൾ ഉറപ്പിച്ചത്.

മാർക്‌സ് ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ സംഭവബഹുലമായ ഈ ചരിത്രഗതിയിൽ സംഭവിച്ച അപചയങ്ങൾക്കും അതിന്റെ അനിവാര്യഫലമെന്ന നിലയിൽ അവർ നേരിട്ട അനവധിയായ വ്യഥകൾക്കും അവർ പരിഹാരം തേടിയത് ഇന്ദ്രജാലപരമായ ഇടപെടലുകളിലൂടെയാണ്. അതിന്റെ ഒരു ഉയർന്ന ഘട്ടത്തിലാണ് മതവും ആചാരവിശ്വാസങ്ങളുമൊക്കെ മനുഷ്യജീവിതത്തെ നിർണ്ണയിക്കാൻ തുടങ്ങിയത്. ഗോൾഡൻചൈൽഡിനെപോലുള്ള പ്രാചീന ചരിത്രപഠിതാക്കളും പുരാവസ്തുഗവേഷകരും വിശദീകരിക്കുന്നത് പ്രകൃതിയെ അതിജീവിക്കാനുള്ള ഇന്ദ്രജാലപരമായ ഇടപെടലുകൾ ഈ ഭൂമിയിൽ പ്രകൃതിയുടെ ബലപ്രയോഗങ്ങളെ അതിജീവിച്ച് ഇച്ഛാശക്തിയോടുകൂടി ജീവിക്കാൻ മനുഷ്യർക്ക് കരുത്തും ആത്മവിശ്വാസവും പകർന്നിട്ടുണ്ടെന്നാണ്. ജോർജ്ജ് തോംസൺ തന്റെ ‘റിലീജ്യൻ’ എന്ന കൃതിയിൽ ഗോത്രസമൂഹങ്ങളിലെ ഇന്ദ്രജാലപരമായ അനുഷ്ഠാനങ്ങളെയാണ് വർഗസമൂഹത്തിൽ ആധിപത്യവർഗങ്ങൾ മതവും ദൈവവുമെല്ലാമായി രൂപാന്തരപ്പെടുത്തിയെടുത്തതെന്ന് സൂചിപ്പിക്കുന്നുണ്ട്. മതത്തിന് രണ്ട് ധർമ്മങ്ങളുണ്ടെന്ന് മാർക്‌സ് തന്റെ ‘ഹെഗലിന്റെ നിയമദർശന വിമർശനത്തിനൊരാമുഖം’ എന്ന കൃതിയുടെ അവതാരികയിൽ വ്യക്തമാക്കുന്നുണ്ട്. മതത്തെയും ദൈവത്തെയുമെല്ലാം ചൂഷകവർഗങ്ങൾ തങ്ങളുടെ ആധിപത്യത്തെ ഉറപ്പിച്ചുനിർത്താനുള്ള പ്രത്യയശാസ്ത്രായുധമാക്കി മാറ്റുന്നതുപോലെ ചൂഷണവും മർദ്ദനവും അനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യർ തങ്ങളുടെ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും വഴിയായി മതത്തെയും ദൈവത്തെയുമെല്ലാം പുൽകുന്നു. ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമായി മതം പ്രവർത്തിക്കുന്നുവെന്നാണ് മാർക്‌സ് എഴുതിയിട്ടുള്ളത്.

മാർക്‌സ് എഴുതിയ ‘ഹെഗലിന്റെ നിയമദർശന വിമർശനത്തിനൊരാമുഖം’

ഇന്ത്യൻ സമൂഹത്തിന്റെ മതനിരപേക്ഷ ഉദ്ഗ്രഥനത്തിനും സാംസ്‌കാരിക അഭ്യുന്നതിക്കും തടസ്സമായി നിൽക്കുന്ന വർഗഘടനക്കെതിരായ സമരങ്ങളുമായി ബന്ധപ്പെട്ടതാണ് ഫ്യൂഡൽ ആചാരങ്ങൾക്കും ജാതീയ സമ്പ്രദായങ്ങൾക്കുമെതിരായ സമരങ്ങൾ. അങ്ങേയറ്റം വരേണ്യവും ദളിത് വിരുദ്ധവും പുരുഷാധിപത്യപരവുമായ മൂല്യങ്ങളാണ് ഇന്ത്യൻ സമൂഹത്തെ ഭരിക്കുന്നത്. നവോത്ഥാനത്തിന്റെ സുദീർഘമായ ചരിത്രമുള്ള കേരളീയസമൂഹത്തിലും പുനരുത്ഥാനശക്തികൾ ആപൽക്കരമായ മാനങ്ങളിൽ വളർന്നുവരികയാണ്. ഹിന്ദുത്വം പൊതുബോധമായിക്കൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിൽ നിന്ന് വിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളെയും നവഫാസിസ്റ്റ് ഹിന്ദുത്വശക്തികൾക്കെതിരെ അണിനിരത്താനുള്ള തന്ത്രപരവും മൂർത്തസാഹചര്യങ്ങൾ ആവശ്യപ്പെടുന്നതുമായ ഇടപെടലുകളാണ് വേണ്ടത്.

Hot this week

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

Topics

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...

വർഗസമരവും മാധ്യമങ്ങളും

അധ്യായം: 3 ചരക്കുവത്‌കരണം ആശയവിനിമയ രംഗം ചരക്കുവൽക്കരിക്കപ്പെട്ടതിന്റെ ഭാഗമായി സംഭവിച്ച ഒരു സുപ്രധാനമാറ്റം...
spot_img

Related Articles

Popular Categories

spot_imgspot_img