നഗരജീവിതവും അതിന്റെ സാമൂഹിക – രാഷ്‌ട്രീയ സാഹചര്യങ്ങളും ആഴത്തിൽ പകർത്തുന്ന ചിത്രങ്ങളാണ് വിഖ്യാതചിത്രകാരൻ സുധീർ പട്‌വർധന്റേത്. മുംബൈ നഗരജീവിതത്തെ അടയാളപ്പെടുത്തിയുള്ള സുധീർ പട്‌വർധന്റെ “സിറ്റീസ്: ബിൽഡ്, ബ്രോക്കൺ’ ചിത്രപ്രദർശനം ചുറ്റുമുള്ള മനുഷ്യജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. നഗരത്തിലെ തിരക്കേറിയ തെരുവുകൾ, ട്രെയിനുകൾ, നിർമ്മാണസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കണ്ടുമുട്ടുന്ന മനുഷ്യരെയാണ് അദ്ദേഹം കാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. തൊഴിലാളികളും സാധാരണക്കാരുമാണ് ചിത്രങ്ങളിൽ ഏറെയും. തിരക്കേറിയ ദൈനംദിന ജോലികളിൽ മുഴുകുന്ന മനുഷ്യരുടെ മുഖങ്ങൾ. ആ മുഖങ്ങൾ തന്നെയാണ് ആദ്യം കാഴ്ചക്കാരന്റെ കണ്ണിലുടക്കുക. പിന്നീടാകും ചിത്രത്തിലെ നഗരപരിസരം ശ്രദ്ധിക്കുക. നഗരത്തിനുണ്ടാകുന്ന മാറ്റങ്ങളും മനുഷ്യ ജീവിതങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും പരസ്‌പരം രൂപപ്പെടുത്തുന്ന ഘടകങ്ങളായാണ് ചിത്രകാരൻ അവതരിപ്പിച്ചിരുക്കുന്നത്. നഗരത്തിന്റെ വളർച്ച, മാറുന്ന ഭൂപ്രകൃതി, അതിജീവനത്തിനായുള്ള പോരാട്ടങ്ങൾ, കുടിയേറ്റം, മാനസിക സംഘർഷങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളിലുണ്ട്. ചിത്രത്തിലെ മുഖങ്ങളിൽ ആ മനുഷ്യരുടെ വികാരങ്ങൾ, സന്തോഷമായാലും, സങ്കടമായാലും, സംഘർഷമായാലും കൃത്യമായി പ്രതിഫലിക്കുന്നു. ഭാവനയിലെ രംഗങ്ങൾക്ക് പകരം ദൈനംദിന ജീവിതത്തെ കൃത്യമായി പകർത്തുകയാണ് സുധീർ പട്‌വർധൻ ചിത്രങ്ങളിൽ.
“അണ്ടർ എ ക്ലിയർ ബ്ലൂ സ്‌കൈ’ എന്ന ചിത്രം മുസ്ലിം വിഭാഗക്കാരുടെ കടകളും വീടുകളും ബുൾഡോസർകൊണ്ട് തകർത്തതിനെക്കുറിച്ചുള്ളതാണ്. തകർന്നടിയുന്ന കെട്ടിടങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന മനുഷ്യനെ അതിൽ കാണാം. “ഇറാനി കഫേ’, “അനദർ ഡേ ഇൻ ദി ഓൾഡ് സിറ്റി’, “ബസ് സ്‌റ്റോപ്പ്’, “ഹോംലെസ്’, “ആസ്‌പയർ’ തുടങ്ങിയ ചിത്രങ്ങളെല്ലാം നഗരജീവിതത്തിന്റെ വിവിധ മാനങ്ങൾ പകർത്തുന്നു. ചുറ്റുമുള്ള ജീവിതം പറയുന്നതിനൊപ്പം വർത്തമാനകാലത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾകൂടി ഉൾക്കൊള്ളുന്നുണ്ട് അവ. മുംബൈ നഗരത്തെയാണ് ചിത്രകാരൻ കൂടുതലും പകർത്തിയിട്ടുള്ളതെങ്കിലും ചില കാഴ്‌ചകൾ എല്ലാ ഇന്ത്യൻ നഗരങ്ങളിലും കാണാമെന്ന് തോന്നും.
പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽനിന്ന് ബിരുദം നേടിയശേഷം, റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്നതിനാണ് പട്‌വർധൻ മുംബൈയിലേക്ക് വരുന്നത്. അതിനുശേഷമാണ് ചിത്രരചന ആരംഭിക്കുന്നത്. 1970കൾ മുതൽ ഇൗ അടുത്തകാലത്തുവരെ അദ്ദേഹം വരച്ച ചിത്രങ്ങളുടെ ശേഖരമാണ് കൊച്ചിയിലെ ദർബാർഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനത്തിലുള്ളത്. തൊഴിലാളികളോടുള്ള ചിത്രകാരന്റെ ഐക്യപ്പെടൽ എന്ന നിലയിൽ വരച്ച ചിത്രങ്ങൾ “വർക്കർ സിരീസ്’ എന്ന പേരിലാണ് പ്രദർശിപ്പിക്കുന്നത്. അക്രിലിക്, ഓയിൽ, ക്രയോൺസ് എന്നിവയിലാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. പ്രദർശനം സെപ്‌റ്റംബർ 28വരെ തുടരും. l