മലയാള സിനിമയുടെ മാറ്റക്കാലത്തിനൊപ്പം ഏറ്റവും മാറിയത് പ്രേക്ഷക സമൂഹമാണ്. ഒരു ഘട്ടത്തിൽ മലയാളത്തിന്റെ നടപ്പ് സിനിമാരീതികളോട് മാറി ചിന്തിക്കാൻ ആവശ്യപ്പെടുന്ന തലത്തിലേക്ക് പ്രേക്ഷകർ മാറിയിരുന്നു. സ്ഥിരം ടെംപ്ലേറ്റ് രീതികളോട് പ്രേക്ഷകർ അകലം പാലിച്ചപ്പോഴാണ് പല സ്ഥിരം സിനിമാ രീതികളും നിരന്തരം ബോക്‌സോഫീസിൽ തിരസ്‌കരിക്കപ്പെട്ടത്. വിജയ ഫോർമുലകൾ പലതും നിരന്തര പരാജയം ഏറ്റുവാങ്ങി. താരമൂല്യം പോലും ഇൗ മാറ്റക്കാലത്തിൽ അടിപതറി. ഇതിനു വലിയൊരു കാരണം ചലച്ചിത്രമേളകൾക്കപ്പുറം ലോകത്തിൽ സംഭവിക്കുന്ന വിവിധ ജോണറുകളിലുള്ള സിനിമകൾ കാണാനുള്ള അവസരം തുറന്നതാണ്. ചലച്ചിത്രമേളാ കാഴ്‌ചക്കപ്പുറം സിനിമാ കാഴ്‌ചയുടെ വളർച്ചയാണ് ഇതിൽ നാഴികക്കല്ലായത്. നിയമപരവും അല്ലാതെയും സിനിമാ കാഴ്‌ചയുടെ വികാസം വളരെ നിർണായകമായി. ടെലിഗ്രാം ഇതിന് വലിയ പങ്കുവഹിച്ചു. ഇതിനു ശേഷമാണ് ഒടിടി സജീവമാകുന്നത്. ലോകത്തിലെ എല്ലാത്തരം സിനിമകളും വിരൽത്തുമ്പിലേക്ക് എത്തിയതോടെ ഭാഷയുടെ അതിരുകൾ സബ് ടൈറ്റിലിലൂടെ മാഞ്ഞു. പല ഭാഷയും ദേശവും എല്ലാം നമ്മുടെ കാഴ്‌ചയായി മാറി. കൊറിയൻ, ജാപ്പനീസ്, സ്‌പാനിഷ് തുടങ്ങി ഇംഗ്ലീഷ് സിനിമകൾക്ക് അപ്പുറത്തേക്ക് വളർന്നു. ഈ മാറിയ കാഴ്‌ച പരിസരത്ത് വലിയ ജനപ്രീതി നേടിയ വിഭാഗമാണ് അനിമേഷൻ സിനിമകൾ. മലയാളിക്ക് അത്രമേൽ പരിചിതമല്ലാത്ത ഈ ശ്രേണിയിലുള്ള സിനിമയ്‌ക്ക് കേരളത്തിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. ഹരുവോ ടോനോസാക്കി സംവിധാനം ചെയ്‌ത ‘ഡെമൺ സ്ലേയർ: -ഇൻഫിനിറ്റി കാസിൽ’ എന്ന ജാപ്പനീസ് അനിമേഷൻ പടത്തിന് സൂപ്പർ സ്റ്റാർ പടത്തിന് കിട്ടുന്ന തരത്തിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.
ജനപ്രിയ ജാപ്പനീസ് മാംഗയാണ് ഡെമൻ സ്ലീയർ. ജപ്പാനിൽനിന്ന് ഉത്ഭവിച്ച കോമിക്സ് അല്ലെങ്കിൽ ഗ്രാഫിക് നോവലുകൾ മാംഗ എന്നാണ് അറിയപ്പെടുന്നത്.
നരുട്ടോ, ഡ്രാഗൺ ബോൾ മുതൽ വൺ പീസ്, യു-ഗി-ഓ വരെയുള്ള ഏറ്റവും പ്രശസ്തമായ ചില പരമ്പരകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ദീർഘകാല മാംഗ മാസികയായ വീക്കിലി ഷോണൻ ജമ്പിലാണ് ഡെമോൺ സ്ലേയർ സീരിയൽ ചെയ്തത്. ഈ പരമ്പര മാസികയുടെ 2016 ലക്കത്തിലാണ് ആദ്യം എത്തിയത്. 2020 വരെ പ്രസിദ്ധീകരണം തുടർന്നു. ആദ്യ വർഷങ്ങളിൽ ജപ്പാനിൽ പ്രിന്റ് ചെയ്‌തു വന്നപ്പോൾ ചെറിയ വിജയമാണ് നേടിയത്. എന്നാൽ 26 എപ്പിസോഡുകളുള്ള ടെലിവിഷൻ പതിപ്പ് സംപ്രേഷണം ചെയ്ത 2019ൽ ജനപ്രീതി കുതിച്ചുയർന്നു. ജാപ്പനീസ് സ്റ്റുഡിയോ യുഫോട്ടബിൾ നിർമ്മിച്ച ടിവി പരമ്പര അതിലെ ആക്ഷൻ രംഗങ്ങളും അതിശയകരമായ ആനിമേഷനും വലിയ പ്രശംസ നേടി. ഡെമോൺ സ്ലേയർ എക്കാലത്തെയും മികച്ച ആക്ഷൻ ആനിമേഷനുകളിൽ ഒന്നായി കണക്കാക്കാൻ തുടങ്ങി. ടിവി പരമ്പര അവസാനിച്ചതിനു പിന്നാലെ 2020-ൽ ജപ്പാനിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മാംഗയായി ഡെമോൺ സ്ലേയർ മാറി. 82 ദശലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടതലൊണ് കണക്കാക്കപ്പെടുന്നത്. ഇത് രണ്ടാം സ്ഥാനത്തുള്ള മാംഗയേക്കാൾ ഏകദേശം 10 മടങ്ങ് കൂടുതലാണ്. അവസാന വാല്യത്തിന്റെ 3.95 ദശലക്ഷം കോപ്പികളാണ് പ്രസിദ്ധീകരിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തായ്ഷോ കാലഘട്ടത്തിൽ ജപ്പാനിലെ സാങ്കൽപ്പിക ലോകമാണ് കഥാ ഭൂമിക. 13 വയസ്സുള്ള തൻജിറോ ഒരു ദിവസം രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ തന്റെ മുഴുവൻ കുടുംബവും കൊല്ലപ്പെട്ടതായി കാണുന്നു. മരണത്തിൽ നിന്നും രക്ഷപ്പെട്ട സഹോദരി നെസുക്കോ പക്ഷേ ഒരു പിശാചായി മാറിയിരിക്കുന്നു. കുടുംബത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാനും നെസുക്കോയെ വീണ്ടും മനുഷ്യനാക്കി മടക്കി കൊണ്ടുവരാനുമുള്ള തൻജിറോയുടെ ശ്രമമാണ് പശ്ചാത്തലം. ഇതിനായി തൻജിറോ ഡെമോൺ സ്ലേയർ കോർപ്സിൽ പരിശീലനം നേടുന്നതിനായി ഒരു യാത്ര പുറപ്പെടുന്നു. ദുഷ്ടജീവികളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിക്കുന്ന വൈദഗ്ധ്യമുള്ള പോരാളികളുടെ ഈ സംഘടനയിൽ അവൻ ചേരുന്നതും തുടർസംഭവങ്ങളുമാണ് പശ്ചാത്തലം. 2020ലാണ് ഡെമൺ സ്ലേയറിൽ ആദ്യ സിനിമ വരുന്നത്. ഡെമൺ സ്ലേയർ: കിമെറ്റ്സു നോ യയ്ബ ദി മൂവി: മുഗെൻ ട്രെയിൻ എന്ന ചിത്രം 2019ലെ പരമ്പര അവസാനിക്കുന്നിടത്ത് നിന്നാണ് ആരംഭിക്കുന്നത്. ഇതിന്റെ അടുത്ത ഭാഗമായാണ് ഡെമൺ സ്ലേയർ ഇൻഫിനിറ്റി കാസിൽ ഒരുക്കിയത്.
സെപ്‌തംബർ 12ന് റിലീസ് ചെയ്‌ത ചിത്രം ഇപ്പോഴും കേരളത്തിലെ തിയറ്ററിൽ സിനിമ പ്രദർശനം തുടരുകയാണ്. ആദ്യ ദിനത്തിൽ പുലർച്ചെ നാല് മണിക്കാണ് ആദ്യ ഷോ നടന്നത്. മാളുകളിലെ മൾട്ടിപെക്സുകളിലും ഒറ്റ സ്‌ക്രീൻ തിയറ്ററുകളിലുമെല്ലാം ചിത്രമെത്തി. 300 സ്‌ക്രീനിലാണ് ചിത്രം റിലീസ് ചെയ്‌തത്. ചിത്രത്തിന്റെ ജാപ്പനീസ് പതിപ്പും ഇംഗ്ലീഷ് പതിപ്പുമാണ് പ്രദർശിപ്പിക്കുന്നത്. പ്രേക്ഷകരിൽ അധികവും തെരഞ്ഞെടുത്തത് ജാപ്പനീസ് ഭാഷയിൽ കാണാനാണ്. ആദ്യ ദിനങ്ങളിൽ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. പലയിടത്തും രാത്രി 12മണിക്ക് അധിക പ്രദർശനം നടത്തുകയും ചെയ്‌തു. മലയാള സിനിമ ലോക വലിയ വിജയം ഉറപ്പിച്ച് തിയറ്ററിൽ മുന്നേറുന്ന ഘട്ടത്തിൽ കൂടിയാണ് ഡെമൺ സ്ലേയർ മുന്നേറ്റം നടത്തിയത്. കണക്കുകൾ പ്രകാരം ആദ്യദിനത്തിൽ ഒരു കോടി രൂപയ്‌ക്കടുത്താണ് ചിത്രത്തിന്റെ കളക്ഷൻ. പല മലയാള ചിത്രങ്ങളും ആദ്യ ഷോ പോലും പ്രേക്ഷകരില്ലാതെ ഹോൾ ഓവറാവുന്ന കാലം കൂടിയാണിത്. അതിനിടയിലാണ് ജപ്പാനീസ് അനിമേയുടെ പ്രകടനം. രാജ്യാന്തര അനിമേഷൻ സിനിമക്ക് ഇത്തരമൊരു സ്വീകാര്യത കേരളത്തിൽ ആദ്യമാണ്. ഇന്ത്യയിലും സമാനമാണ് സ്ഥിതി. ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ വാർ 2 ഒഴികെയുള്ള സിനിമകളുടെ പ്രീ റിലീസ് ബിസിനസിനെ ഡെമൺ സ്ലേയർ മറികടന്നു. ഇന്ത്യൻ ബോക്‌സോഫീസിൽ നിന്ന് 15 കോടിയിലധികം നേടിയ ചിത്രം 100 കോടി നേടുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ 81.64 കോടിരൂപയാണ് ഗ്രോസ് കളക്ഷൻ.
അതേസമയം ജെൻസിയാണ് ചിത്രത്തിന്റെ കാഴ്‌ചക്കാർ എന്നാണ് സിനിമ മേഖലയുടെ വിലയിരുത്തൽ. എന്നാൽ പുതുമ ആഗ്രഹിക്കുന്ന തിയറ്റർ കാഴ്‌ചയുടെ അനുഭൂതി ലഭിക്കാൻ ഇഷ്ടപ്പെടുന്ന വലിയ വിഭാഗം ടെമൻ സ്ലേയറിനായി തിയറ്ററിലെത്തിയിട്ടുണ്ട്. ഇന്ത്യയിലും കേരളത്തിലും ടയർ 2ഉം 3ഉം നഗരങ്ങളിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഇതാണ് തെളിയിക്കുന്നത്. ലോക ചാപ്‌റ്റർ വൺ: ചന്ദ്ര മലയാളത്തിന്റെ ഇൻഡസ്‌ട്രിയൽ ഹിറ്റായി മാറിയത് പുതുമ ആഗ്രഹിക്കുന്ന പ്രേക്ഷകനെ തൃപ്‌തരാക്കിയതിനാലാണ്. അതുതന്നെയാണ് ഡെമൺ സ്ലേയർ ഇൻഫിനിറ്റി കാസിലിന്റേയും നേട്ടം. അതിനാൽ തന്നെ ഇത് ഒറ്റപ്പെട്ടതോ അപൂർവമായതോ ആയ നേട്ടമല്ല. മറിച്ച് പുതുമയും വ്യത്യസ്തതയും ആവശ്യമാണ് എന്ന ഓർമപ്പെടുത്തലാണ്. l