“Free borders, free choices, free bodies and freedom from fear”
2025 ലെ ട്രംപ് ഭരണകാലത്തിന് കീഴിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന അമേരിക്കയിൽ നിന്ന് പോൾ തോമസ് ആൻഡെഴ്സൺ രചനയും സംവിധാനവും നിർവഹിച്ച അമേരിക്കൻ ചലച്ചിത്രമായ ‘One Battle After Another’ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ഇത്. ഒരു ചലച്ചിത്രം എന്ന നിലയിൽ അതിന്റെ ദൃശ്യഖ്യാനത്തിനുള്ളിലൂടെ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം കൊണ്ടും ചലച്ചിത്രമെന്ന നിലയിലെ കലാമികവ് കൊണ്ടും ലോകമെമ്പാടുമുള്ള പ്രേക്ഷകർ ‘One Battle After Another’നെ കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായി വിലയിരുത്തിക്കഴിഞ്ഞു.
ഒരു ചലച്ചിത്രം എന്ന നിലയിൽ ‘One Battle After Another’ പൂർണ്ണമായും പ്രേക്ഷകരിലേക്ക് അവരുടെ ഇഷ്ടത്തിന് വിലയിരുത്താൻ പാകത്തിന് രണ്ട് വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളെ വിട്ടുതരികയും ഈ രണ്ട് വിശ്വാസങ്ങളിൽപ്പെട്ട കഥാപാത്രങ്ങളിലൂടെ പറയാനുള്ള കഥ പറഞ്ഞുപോവുകയും ചെയ്യുന്നു. അതേസമയം സിനിമ അതിന്റെ രാഷ്ട്രീയപക്ഷം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
പോൾ തോമസ് ആൻഡേഴ്സനെന്ന സംവിധാന പ്രതിഭയുടെ മികവ് ഈ സിനിമയിലേ ഓരോ ഷോട്ടുകളിലും സീക്വൻസുളിലും കാണാം. ഒപ്പം ലിയോനാഡോ ഡികാപ്രിയോ, ഷോൺ ജസ്റ്റിൻ പെൻ, ടെയാനാ ടൈലർ എന്നീ അഭിനേതാക്കളുടെ തിളക്കമാർന്ന പെർഫോമൻസ് കൂടി ഈ സിനിമയെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവമാക്കുന്നു.
വിപ്ലവകാരികളും തീവ്രവലതുപക്ഷവും
‘One Battle After Another’ അതിന്റെ ആരംഭദൃശ്യങ്ങളിൽ തന്നെ ഒരു പൊലീസ് സ്റ്റേറ്റിലാണ് ഈ കഥ നടക്കുന്നത് എന്ന കാര്യം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അമേരിക്കയിൽ നിലനിൽക്കുന്ന സൈനിക അപ്രമാദിത്തത്തിന്റെ രാഷ്ട്രീയ ഭൂമികയെ കഥ പറയാൻ സംവിധായകൻ തെരഞ്ഞെടുത്തത് വഴി അമേരിക്കൻ തീവ്ര വലതുപക്ഷത്തിന്റെ വംശീയ ക്രൗര്യങ്ങളുടെയും തോക്ക് സംസ്കാരത്തിന്റെയും വിദ്യാർത്ഥി-വിമത പ്രക്ഷോഭങ്ങളുടെയും മറ്റൊരു മുഖം സിനിമയിലുടനീളം പ്രേക്ഷകർ കാണുന്നു. അമേരിക്കൻ സിനിമകളിൽ സ്ഥിരം കാണുന്ന തിളക്കമാർന്ന അമേരിക്കൻ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിൽ നാം കാണുന്ന കുറച്ചുകൂടി പരുക്കമാർന്ന ഭൂപ്രതലങ്ങൾ സിനിമയുടെ മൂഡിനോട് ചേർന്ന് നിൽക്കുന്നുണ്ട്.
French 75 എന്ന തീവ്ര ഇടതുപക്ഷ വിപ്ലവസംഘടന കാലിഫോർണിയയിലെ ഒരു കുടിയേറ്റ ഡിറ്റൻഷൻ സെന്റർ ആക്രമിച്ചു അവരെ മോചിപ്പിക്കുന്ന രംഗത്തിലൂടെയാണ് സിനിമയുടെ പ്രാരംഭം. ആ ഓപ്പറേഷനിടയിൽ പാറ്റ് കാൾഹൗൻ, പ്രേഫീഡിയ, എന്നീ വിപ്ലവകാരികൾക്കിടയിൽ ഉടലെടുക്കുന്ന പ്രണയവും അതിനിടയിൽ അവരുടെ ജീവിതത്തിൽ കടന്നുവരുന്ന സ്റ്റീവൻ ലോക്ക്ജ എന്ന മിലിറ്ററി ഓഫീസറും അയാളുമായി പ്രേഫീഡിയയ്ക്ക് ഉണ്ടാകുന്ന ശാരീരികബന്ധവും ആണ് ഈ ചലച്ചിത്രത്തിനെ മുന്നോട്ട് നയിക്കുന്ന പ്രധാന സംഭവങ്ങൾ.

കാൾഹൗനുമായി വിവാഹിതയാകുന്ന പ്രോഫീഡിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷവും തന്റെ വിപ്ലവപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നില്ല. അതിന്റെ ഭാഗമായി ഒരു ബാങ്ക് കൊള്ളയ്ക്കിടെ സ്റ്റീവൻ ലോക്ക്ജ പ്രോഫീഡിയയെ അറസ്റ്റ് ചെയ്യുകയും അവളെ മാപ്പുസാക്ഷിയാക്കി ഫ്രഞ്ച് 75 ൽ പ്രവർത്തിക്കുന്ന സഖാക്കളെ വേട്ടയാടിപിടിച്ചു കൊണ്ട് അയാളുടെ കരിയറിൽ മിലിറ്ററി സ്ഥാനനേട്ടങ്ങൾ കൊയ്യുകയും ചെയ്യുന്നു. അതേ തുടർന്ന് സംഘടനയുടെ ഭാഗമായിരുന്ന കാൾഹൗൻ കുഞ്ഞുമായി ബോബ് എന്ന പേര് സ്വീകരിച്ച് നാടുവിടുന്നു.
16 വർഷങ്ങൾക്ക് ശേഷം കേണലായി മാറിയ സ്റ്റീവൻ ലോക്ക്ജ തന്റെ ശിഷ്ടകാലം Christmas Adventures Club എന്ന വലതുപക്ഷ വംശീയ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കാൻ ആഗ്രഹിച്ചു. അപ്പോഴാണ് തന്റെ ഭൂതകാലത്തിൽ പ്രോഫീഡിയയുമായി ഉണ്ടായിരുന്ന ബന്ധവും അവൾക്ക് പിറന്ന കുഞ്ഞ് തന്റെയാണോ എന്ന സംശയവും അയാളിൽ ഉടലെടുക്കുന്നത്. Christmas Adventures Club ന്റെ ഭാഗമാകുന്നതിന് വേണ്ട വംശശുദ്ധി തെളിയിക്കാൻ ആ കുഞ്ഞിന്റെ DNA പരിശോധന നടത്താൻ അയാൾ ബോബിനെയും 16 വയസുള്ള അയാളുടെ മകളെയും തന്റെ സകല അധികാരവും ഉപയോഗിച്ച് വേട്ടയാടി കണ്ടെത്താൻ ഇറങ്ങിത്തിരിക്കുന്നതാണ് സിനിമയുടെ അടിസ്ഥാന കഥാതന്തു.
പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആക്ഷൻ ത്രില്ലർ സ്വഭാവവും ഒപ്പം കറുത്ത ഹാസ്യത്തിന്റെ വിനോദ സാധ്യതകളും ചേരുംപടി ചേർത്തുകൊണ്ട് പറഞ്ഞുപോകുന്ന കഥയുടെ ഉള്ളിൽ സംവിധായകൻ വ്യത്യസ്ത രാഷ്ട്രീയങ്ങളെയും ലോക ബോധത്തെയും ഉൾകൊള്ളുന്ന കഥാപാത്രങ്ങളെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് തന്റെ വംശീയ താല്പര്യങ്ങൾക്ക് വേണ്ടി ഒരു ഉദ്യോഗസ്ഥൻ സിസ്റ്റത്തിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ചുകൊണ്ട് മനുഷ്യരെ വേട്ടയാടുന്നത് എന്നും അതിനെ എങ്ങനെയാണ് ഒരു രഹസ്യ വിപ്ലവസംഘടന ചെറുത്തു നിൽക്കുന്നത് എന്നുമുള്ളതിനെ ദൃശ്യവൽക്കരിക്കുകയാണ് സിനിമ ഉടനീളം ചെയ്യുന്നത്.

നായകനായ ബോബ് ഒരു ലഹരിയടിമയാണ് തന്റെ മകളെ രക്ഷിക്കാൻ ശ്രമിക്കുന്ന അച്ഛനായ അയാളുടെ എതിർവശത്ത് നിൽക്കുന്നത് വംശീയവെറിയനായ ഒരു ഉയർന്ന മിലിറ്ററി ഉദ്യോഗസ്ഥനും. പ്രതിനായകന് പിന്നിൽ അയാളുടെ സിസ്റ്റവും നായകന്റെ ഒപ്പം അയാൾ പ്രവർത്തിച്ചിരുന്ന വിപ്ലവസംഘടനയും അണിനിരക്കുമ്പോൾ ഈ രണ്ട് കഥാപാത്രങ്ങൾക്കും രാഷ്ട്രീയമാനങ്ങൾ കൈവരുന്നു. ഈ നിലയിലാണ് ചലച്ചിത്രം അതിന്റെ രാഷ്ട്രീയപക്ഷം പ്രഖ്യാപിക്കുന്നത്.
അമേരിക്കയിൽ നിലനിൽക്കുന്ന വിമത സ്വരങ്ങളുടെയും സംഘടനകളുടെയും സിസ്റ്റത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ പശ്ചാത്തലം കഥ പറയാൻ തെരഞ്ഞെടുത്തത് തന്നെയാണ് സംവിധായകൻ നിർവഹിച്ച ഏറ്റവും ധീരമായ പ്രവർത്തി. അത് ഈ സിനിമയ്ക്ക് അമേരിക്കയിലെ അധികാര വ്യവസ്ഥിതികൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ ഒരു രേഖപ്പെടുത്തൽ സ്വഭാവം കൂടി നൽകുന്നു.
സിനിമയിൽ അവതരിപ്പിക്കുന്ന ഫ്രഞ്ച് 75 എന്ന വിപ്ലവ സംഘടനയും Christmas Adventures Club എന്ന വംശീയ രഹസ്യസംഘടനയുമെല്ലാം വർത്തമാനകാലത്തെ ലോകരാഷ്ട്രീയ ഭൂപടത്തിൽ പ്രേക്ഷകർക്ക് കണ്ടെത്താൻ പാകത്തിന് കൃത്യമായ സൂചകങ്ങളായാണ് നിലകൊള്ളുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ ഉള്ളിൽ പല മനുഷ്യർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥകളെ സിനിമ തിരശീലയിൽ യഥാതഥമായി തന്നെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ വൈകാരിക ജീവിതസന്ധിയ്ക്കപ്പുറം ‘One Battle After Another’ തീവ്ര വലതുപക്ഷ വംശീയതയും ഇടതുപക്ഷ വിപ്ലവാശയങ്ങളും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരം കൂടിയാണ് എന്ന് നിസ്സംശയം പറയാം.
സിനിമയിലെ കലാമികവുകൾ
തോമസ് പിൻചോൺ എഴുതിയ ‘Vineland’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ആൻഡെഴ്സൺ സിനിമയുടെ തിരക്കഥ തയാറാക്കിയത്. ഓരോ കഥാപാത്രങ്ങൾക്കും ആഴത്തിലുള്ള വ്യക്തിത്വവും കഥാഗതിയിലെ സന്ദർഭങ്ങൾക്കിടയിൽ രാഷ്ട്രീയവും ചേർത്തുവച്ച മികച്ച തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ മികവ്. തിരക്കഥാകൃത്ത് തന്നെ സംവിധായകനാകുമ്പോൾ സംഭവിക്കുന്ന ഓരോ സീനുകളുടെ ഉള്ളിലും സബ്‌ടെക്സ്റ്റുകളും ചേരുന്ന മേക്കിങ്ങാണ് സിനിമയുടെ മിഴിവ്.
സിനിമയിൽ നായകകഥാപാത്രമായ ബോബിനെ അവതരിപ്പിച്ച ലിയോനാഡോ ഡികാപ്രിയോയും പ്രതിനായക കഥാപാത്രമായ സ്റ്റീവൻ ലോക്ജയേ അവതരിപ്പിച്ച ഷോൺ പെന്നും ഇരുവരുടെയും അഭിനയജീവിതത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന അഭിനയമുഹൂർത്തങ്ങളാണ് ഈ സിനിമയിൽ കാഴ്ചവച്ചത്. ഇരു പ്രതിഭകളുടെയും സൂക്ഷ്മമായ അഭിനയത്തികവ് എക്കാലവും ഈ സിനിമയെ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമയാക്കി നിലനിർത്തും എന്നുറപ്പ്.
എടുത്തു പറയേണ്ട മറ്റൊരു പെർഫോമൻസ് സിനിമയിലെ ഏറ്റവും കേന്ദ്ര കഥാപാത്രമെന്ന് പറയാൻ സാധിക്കുന്ന പ്രേഫിഡിയ ബീവറി ഹിൽസ് എന്ന തീവ്ര വിപ്ലവകാരിയായുള്ള ടെയാന ടൈലറിന്റെ പെർഫോമൻസ് ആണ്. സിനിമയിലെ ഏറ്റവും ശക്തമായ പ്രഹരശേഷിയുള്ള ഒരു രംഗം നിറഗർഭിണിയായ വയറോടെ തോക്ക് വച്ച് പരിശീലനം നടത്തുന്ന ടെയാനയുടെ സീൻ ആണ്. ഈ സിനിമ കാണുന്ന ഏതൊരു പ്രേക്ഷകരുടെയും മനസ്സിൽ ആഴത്തിൽ പതിയുന്ന രംഗമാണത്. വളരെ കുറച്ചു സമയത്തെ സ്‌ക്രീൻ സ്പേസ് കൊണ്ട് ഒരു വിപ്ലവകാരിയും അമ്മയും കാമുകിയുമായെല്ലാം തന്റെ കഥാപാത്രത്തിന് സവിശേഷമായ വ്യക്തിത്വം നൽകാൻ ടെയാനോയുടെ പെർഫോമൻസിനായി. 16 വയസുകാരി വില്ലയുമായുള്ള ചേസ് ഇൻഫിനിറ്റിയുടെ പ്രകടനവും എടുത്തു പറയണം.
ഛായഗ്രഹണത്തിലും എഡിറ്റിംഗിലും ഓരോ സീനുകളിലും ഷോട്ടുകളിലും പോലും സിനിമ പുലർത്തിയ സൂക്ഷ്മമായ തികവ് ഒരു കലാസൃഷ്ടി എന്ന നിലയിൽ ഈ സിനിമയ്ക്ക് ക്ലാസിക് പരിവേഷം നൽകുന്നുണ്ട്. മൈക്കിൽ ബൌമെന്റെ ക്യാമറ സിനിമയുടെ ഓരോ രംഗവും അതിന്റെ തീവ്രസ്വഭാവത്തിൽ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. അതിനോട് ചേർത്ത് പറയാവുന്ന എഡിറ്റിംഗ് മികവാണ് ആന്റി ജൂർഗൻസൺ നിർവഹിച്ചത്. സിനിമയുടെ ക്ലൈമാക്സിൽ ഊഷരമായ ഒരു മരുഭൂപ്രദേശത്തെ നീണ്ട ഹൈവേയിലൂടെ നടത്തുന്ന കാർ ചെയ്സിങ് സീക്വൻസ് ഒരുപക്ഷേ സമീപകാല ലോക സിനിമയിൽ തന്നെ ചിത്രീകരിക്കപ്പെട്ട ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നായിരിക്കും. ഇതുവരെ സിനിമ ഇത്തരം സീനുകളിൽ പുലർത്തിയിരുന്ന ആവർത്തനങ്ങളെയെല്ലാം തിരുത്തിക്കൊണ്ട് ചലച്ചിത്രനിർമ്മാണത്തിന്റെ പുതിയൊരു ദൃശ്യസാധ്യത തന്നെ സംവിധായകൻ പ്രേക്ഷകർക്ക് കാണിച്ചു തരുന്നുണ്ട്. തങ്ങൾ ഒരു കാറിനുള്ളിൽ ഇരിക്കുകയാണ് എന്ന പ്രതീതി സംവിധായകന് ഈ രംഗം കാണുന്ന പ്രേക്ഷകരിൽ സൃഷ്ടിക്കാൻ കഴിയുന്നു. സിനിമയുടെ രസച്ചരട് മുറിയാതെ ഉടനീളം ജോണി ഗ്രീൻവുഡിന്റെ പശ്ചാത്തലസംഗീതം പ്രേക്ഷകരെ സിനിമയ്ക്കുള്ളിൽ തന്നെ നിലനിർത്തുന്നുണ്ട്. ഒരു സിനിമയുടെ എല്ലാ മേഖലകളും മികച്ചു നിൽക്കുന്നു എന്നത് തന്നെയാണ് ‘One Battle After Another’ നെ ഏറെ വ്യത്യസ്തവും മികച്ച സിനിമയുമാക്കുന്നത്.
ഏറെ നിരൂപകപ്രശംസ ഇതിനോടകം സിനിമ നേടിക്കഴിഞ്ഞു. പുതിയ കാലത്ത് ഇറങ്ങിയ ഒരു ക്ലാസിക് പദവി One Battle After Another നിസ്സംശയം നേടിയിട്ടുണ്ട്. 2025 ലെ അക്കാദമി അവാർഡിലടക്കം ഒരുപാട് മേഖലകളിൽ സിനിമ വലിയ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയും ചലച്ചിത്രപ്രേമികൾക്കിടയിലുണ്ട്.
തന്റെ മുൻ ചലച്ചിത്രങ്ങൾ കൊണ്ടുതന്നെ ലോകസിനിമയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ പോൾ തോമസ് ആൻഡേഴ്സൺ തന്റെ പത്താമത്തെ സിനിമയായ ‘One Battle After Another’ കൊണ്ട് ശക്തമായ രാഷ്ട്രീയം ലോകത്തോട് പറയുന്നു. ഒരേസമയം കല എന്ന നിലയിൽ തികവ് പുലർത്തിക്കൊണ്ട് കൃത്യമായി രാഷ്ട്രീയം സിനിമയിലൂടെ സംസാരിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുക കൂടി ചെയ്തു. വരും കാലത്ത് ഒരു കൾട്ട് പദവി നേടി ഏറെ തലമുറകൾ സിനിമാനിർമ്മാണത്തിന്റെ പല ഘടകങ്ങളിലും പാഠപുസ്തകമാക്കാൻ പോകുന്ന ഒരു ചലച്ചിത്രമായി ‘One Battle After Another’ മാറും എന്നത് തീർച്ചയാണ്.