ആക്ഷന് പ്രാധാന്യം നൽകി സ്ഥിരം മാസ് മസാല ചേരുവകൾ കൃത്യമായി ചേർത്ത ചിത്രമാണ് ഷെയിൻ നിഗം നായകനായ ബൾട്ടി. കേരള-– തമിഴ്നാട് അതിർത്തിയായ വേലംപാളയത്തെ, എന്തിനും ഏതിനും പോന്ന നാലു കൂട്ടുകാരുടെ കഥയാണ്. കേവലം ഒരു ഇടിപ്പടം എന്നതിനപ്പറം വിവിധ ജോണറുകൾ ഉൾച്ചേരുന്ന ചിത്രം സ്‌പോർട്ട് ആക്ഷൻ ജോണറിൽ നിന്ന് ഗാങ്‌സ്റ്റർ സ്വഭാവത്തിലേക്കും മാറുന്നുണ്ട്. അതിനൊപ്പം മാസ് മസാല സിനിമയുടെ ചേരുവകളായ പ്രണയവും പ്രതികാരവും സൗഹൃദവുമെല്ലാം വൈകാരികമായി സന്നിവേശിപ്പിച്ചാണ് സിനിമയുടെ കഥപറച്ചിൽ. തിയറ്ററില്‍ കൈയടിച്ചും വിസിലടിച്ചും ആർപ്പുവിളിച്ചും കാണാവുന്ന രംഗങ്ങൾ ഏറെയുണ്ട്. അതേസമയം, ഇൗ രീതിയിലുള്ള ചിത്രങ്ങൾ അധികം പ്രാധാന്യം നൽകാത്ത കഥാപശ്ചാത്തലവും ബൾട്ടിയിലുണ്ട്. കഥയും കഥാപാത്രങ്ങളും കൃത്യമായി ചേർത്തിട്ടുള്ള ചിത്രം കുടുംബപ്രേക്ഷകരെകൂടി ആകർഷിക്കാൻ കഴിയുന്ന രീതിയിലാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്. ഇത് സിനിമയ്‌ക്ക് ഗുണകരമാകുന്നുമുണ്ട്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് തന്റെ 25‐ാമത്തെ ചിത്രത്തിൽ ഷെയിൻ നിഗം എത്തിയിട്ടുള്ളത്.
അടിപ്പടം എന്ന രീതിയില്‍ ബള്‍ട്ടി ചര്‍ച്ചയാകുമ്പോഴും കഥയിലെ എല്ലാ അടികള്‍ക്കും കൃത്യമായൊരു കാരണം സൃഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. ആക്ഷന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന് കബഡിയുടെ പശ്ചാത്തലമാണുള്ളത്. എന്നാൽ കബഡി കോർട്ടിന് പുറത്ത് നടക്കുന്ന ഓരോ അടിയും കഥയുമായി ചേർത്തുവെച്ചാണ് അവതരിപ്പിക്കുന്നത്. ആദ്യ രംഗങ്ങൾ മുതൽതന്നെ വലിയ ഉൗർജമാണ് സ്‌ക്രീനിലെത്തുന്നത്. അത് സിനിമയിലുടനീളം നിലനിർത്തുന്നുമുണ്ട്. ഇതുതന്നെയാണ് സിനിമയുടെ മികവ്. സ്പോർട്സ് സിനിമ എന്ന് പറയുമ്പോഴും കബഡി കളിക്കുന്ന നായകന്റെ കോർട്ടിനകത്തെയും പുറത്തെയും ചെറുത്തുനിൽപ്പുകളാണ് ചിത്രം. കബഡി കേവലം പശ്ചാത്തലമാക്കാതെ സിനിമയിൽ കബഡി ഒരു കഥാപാത്രം എന്നപോലെയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഗാങ്‌സ്റ്റർ ആക്ഷൻ സിനിമയായി മാറുമ്പോഴും സിനിമയിലെ സംഘട്ടനരംഗങ്ങൾക്കെല്ലാം കബഡികളിയുടെ മാനറിസങ്ങളുണ്ട്. കബഡി ഗ്രൗണ്ടിലെ ട്രിക്കുകൾ ഉപയോഗിച്ചാണ് സംഘട്ടനങ്ങൾ ഒരുക്കിയിട്ടുള്ളത്. കബഡിയിലെ ഒരോ ചുവടുകളും നീക്കങ്ങളും അടിയിലേക്കും ഉൾച്ചേർത്തിരിക്കുന്നു. ഇത് കാഴ്‌ചയ്‌ക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. വിക്കി, ആക്‌ഷന്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്.
പലിശയ്ക്കു പണം കടംകൊടുക്കുന്ന മൂന്നുപേരാണ് വേലംപാളയം അടക്കിവാഴുന്നത്. തമിഴിലെ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സെല്‍വരാഘവനാണ് പോർത്തമരൈ ഭൈരവനെ അവതരിപ്പിക്കുന്നത്. സോഡ ബാബുവെന്ന കഥാപാത്രമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ജി‐ മായായി പൂർണിമ ഇന്ദ്രജിത്തും എത്തുന്നു. അവർ തമ്മിലുള്ള പകയിൽ ഷെയിൻ നിഗം അവതരിപ്പിക്കുന്ന ഉദയനും സംഘവും ഭാഗമാകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം. ഉദയന്റെ സുഹൃത്തായി കുമാർ (സന്തനു ഭാഗ്യരാജ്) മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്.
ആദ്യ രംഗങ്ങൾ മുതൽ നേരിട്ട് സിനിമയിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയാണ് സിനിമയുടേത്. കാര്യമായ പരിചയപ്പെടുത്തലുകളോ പരിസര അനാവരണമോ ഇല്ലാതെ നേരെ ഇടിച്ചിറങ്ങി കഥയിലേക്ക് എത്തുകയാണ് ബൾട്ടി. കബഡിക്കളവും അതിലുള്ള പോരുമാണ് ആദ്യ ഭാഗം. അത് കളത്തിന് പുറത്തേക്ക് എത്തുന്നിടത്താണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഷെയിൻ നിഗം എന്ന അഭിനേതാവനിനെയും താരസാധ്യതയെയും ഒരുമിച്ച് സിനിമ ഉപയോഗിച്ചിട്ടുണ്ട്. ആർഡിഎക്‌സിലെ കഥാപാത്രത്തിൽ നിന്ന് പൂർണമായും വ്യത്യസ്‌തമായ ഒന്നാണ് ഉദയൻ. സിനിമയുടെ പ്രധാന സവിശേഷതയായ ആക്ഷൻ രംഗങ്ങൾക്ക് പൂർണത നൽകാൻ ഷെയിൻ നടത്തിയ പരിശ്രമം എടുത്തുപറയേണ്ടതാണ്. വലിയ ശരീരമല്ലെങ്കിലും ‘ക്വിന്റൽ ഇടി’ ഫീൽ ഉണ്ടാക്കാൻ ഷെയിൻ നിഗത്തിന് കഴിഞ്ഞു. കബഡി രംഗങ്ങളിൽ ഷെയിനിന്റെ പ്രകടനത്തിന് കൈയടിച്ചേ മതിയാകു. വില്ലനിഷ് ആഖ്യാനത്തിൽ സെൽവരാഘവൻ നല്ല ഇംപാക്‌റ്റ് ഉണ്ടാക്കുന്നുണ്ട്. വില്ലനായി നിൽക്കുന്ന കോമിക് അവതരണത്തിലൂടെ അൽഫോൺസ് പുതിയ കാഴ്‌ച സൃഷ്ടിക്കുകയാണ്.
നവാഗതനായ ഉണ്ണിശിവലിംഗമാണ് സംവിധായകൻ. എന്നാൽ, ഒരു പുതുമുഖ സംവിധായകന്റെ പതർച്ചകൾ ഏതുമില്ലാതെയാണ് ഉണ്ണി ബൾട്ടി സാധ്യമാക്കിയത്. വലിയ ക്യാൻവാസിൽ ഒരുക്കിയ ചിത്രം മേക്കിങ്ങിൽ മികവ് പുലർത്തുന്നുണ്ട്. എന്നാൽ, തിരക്കഥ ഒരുക്കുന്നതിൽ സംവിധായകന് പോരായ്‌മ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇൗ പാളിച്ചകളെ മേക്കിങ്ങിന്റെ മികവിൽ ഒരുപരിധി വരെ മറികടക്കുന്നുണ്ട്. പാലക്കാട്– തമിഴ്‌നാട് അതിർത്തിപ്രദേശമാണ് കഥാഭൂമികയെങ്കിലും കഥാപാത്രങ്ങളുടെ സംസാരവും ഡയലോഗുകളും അതിനോട് നീതിപുലർത്തുന്നില്ല. മാസ് സിനിമയുടെ എല്ലാ സാങ്കേതിക ചേരുവകളും സിനിമയിൽ കൃത്യമായി ചേർത്തിട്ടുണ്ട്. അലക്സ് ജെ പുളിക്കന്റെ ഛായാഗ്രഹണം സിനിമയുടെ മാസ് അപ്പീലിനെ സഹായിക്കുന്നുണ്ട്. ഗാനങ്ങളും പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്. മെലഡി നിറഞ്ഞ ‘ജാലക്കാരിയും’ അതേസമയം കബഡി രംഗങ്ങളിലും ആക്ഷനിലും മികച്ച അനുഭവമാക്കുന്നതിൽ പശ്ചാത്തലസംഗീതം നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരത്തിൽ സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവന്നത് സായ് അഭ്യങ്കാറാണ്. ഒട്ടേറെ തമിഴ് ഗാനങ്ങളൊരുക്കി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംഗീതസംവിധായകൻ സായ് അഭ്യങ്കാറിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം മികച്ചതായി. സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മിച്ചത്. ബോളിവുഡ് ചിത്രങ്ങളായ കിൽ, ഉറി എന്നിവ എഡിറ്റുചെയ്ത ശിവകുമാർ വി പണിക്കരാണ് എഡിറ്റിങ് നിർവഹിച്ചത്. l