GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India` A Dialogue
ഇന്ത്യ എന്ന ആശയം (The Idea of India) രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് 78 വർഷമായിട്ടും ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. എന്നാണ് ഇന്ത്യം രൂപംകൊണ്ടത്, എങ്ങനെയാണ് രൂപംകൊണ്ടത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ജെഎൻയു അധ്യാപികയായ വിശ്വവിഖ്യാത ചരിത്രപണ്ഡിത പ്രൊഫ. റൊമില ഥാപ്പറും കൊളംബിയ സർവകലാശാലാ അധ്യാപിക പ്രൊഫ. ഗായത്രി ചക്രവർത്തി സ്‌പിവാക്കും തമ്മിലുള്ള സംഭാഷണത്തിൽ.
ഇരുവരും സ്വാതന്ത്ര്യപൂർവകാല സുഹൃത്തുക്കളാണ്. ഇന്ത്യയെന്ന രാഷ്‌ട്രം രൂപംകൊണ്ടതുമുതൽ സ്വാതന്ത്ര്യാനന്തരം ഇരുവരും സ്വപ്‌നംകണ്ട ഇന്ത്യ എങ്ങനെ മുന്നോട്ടുപോയെന്നും അതിൽ സമ്പദ്‌ഘടനയും ജാതിയും മതവും കൂറുമാറ്റ രാഷ്‌ട്രീയവുമൊക്കെ എങ്ങനെ ഇന്ത്യയെ പരുവപ്പെടുത്തിയെന്നും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ പ്രൊഫ. ഥാപ്പർ വിശദമായി പറയുന്നു.
സമകാലിക ഇന്ത്യയിൽ വർഗീയതയ്‌ക്കും അഴിമതിക്കും പുതിയ മാനവും അഭിമാനവും കൈവരുന്ന ഗുരുതര സാഹചര്യത്തിലാണ് 2024ൽ ഈ പുസ്‌തകം പുറത്തിറങ്ങുന്നത്. ഒരു രാജ്യം ഒരു മതം ഒരു തിരഞ്ഞെടുപ്പ് പോലുള്ള മുദ്രാവാക്യങ്ങളും അതിന്റെ മറപറ്റിയുള്ള വർഗീയവൽക്കരണവും ഇതിനകം മതനിരപേക്ഷ ഇന്ത്യക്ക് കനത്ത വെല്ലുവിളിയായിക്കഴിഞ്ഞിരിക്കുന്നു. തൊഴിലാളി‐കർഷക‐വിദ്യാർഥി‐യുവജന ഐക്യനിരയുയർത്തി വർഗീയതയെ പ്രതിരോധിക്കുക എന്ന പോംവഴിയേ നമുക്ക് മുന്നിലുള്ളൂ. ആ സമരത്തിൽ നിർവഹിക്കേണ്ട ആശയപരമായ പ്രതിരോധത്തിൽ The Idea of India എന്ന ഈ ചെറുഗ്രന്ഥം ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യ എന്ന ആശയത്തെ ഉൾക്കാമ്പുള്ള കാഴ്‌ചപ്പാടുകൾകൊണ്ട് സമ്പന്നമാക്കുന്നു നാനാവിഷയങ്ങളെ മുൻനിർത്തിയുള്ള ഗായത്രി സ്‌പിവാക്കിന്റെ ചോദ്യങ്ങളും ഗഹനമായ ചിന്തയ്‌ക്ക് പാത്രമാകുന്ന പ്രൊഫ. ഥാപ്പറുടെ ഉത്തരങ്ങളുമാണ് ഗ്രന്ഥം മുഖ്യമായും അവതരിപ്പിക്കുന്നത്.
ഇന്ത്യ എന്ന ആശയത്തെ എങ്ങനെയാണ് പ്രൊഫ. ഥാപ്പർ തന്റെ വിദ്യാർഥികൾക്ക് കൈമാറുന്നതെന്ന ചോദ്യത്തിനുള്ള ദീർഘമായ ഉത്തരംതന്നെയാണ് പുസ്‌തകത്തിന്റെ മൗലിക ഭാഗം. ഇന്ത്യയെന്ന ആശയത്തിന്റെ കാലം കൃത്യമായ നിർവചനത്തിന് അതീതമാണെന്നും കോളനിവാഴ്‌ചക്കാലത്തുതന്നെ ഈ ആശയം ആവിർഭവിച്ചിരുന്നു എന്നും പ്രൊഫ. ഥാപ്പർ പറയുന്നു.
വേദകാലത്തും ഗുപ്‌തകാലത്തും മുഗൾകാലത്തുമൊക്കെ ഇന്ത്യയെന്ന ആശയം നിലവിലിരുന്നുവെന്ന് ചിലർ വാദിക്കാറുണ്ട്. എന്നാൽ തനിക്ക് ഇതിനോട് വിയോജിപ്പുണ്ടെന്ന് ഥാപ്പർ പറയുന്നു. ദേശങ്ങളുടെയും രാജ്യങ്ങളുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ അവരെത്തന്നെ എങ്ങനെ കണ്ടിരുന്നെന്ന് പറയാനാവില്ല.
ബിസി മൂന്നാം സഹസ്രാബ്ദത്തിൽ (BCE 3000 to 2001) സുമേറിയക്കാർ അവരുടെ കിഴക്കുള്ള രാജ്യങ്ങളെ പ്രത്യേകിച്ച് അവർക്ക് വ്യാപാരബന്ധമുള്ള പ്രദേശത്തെ സിന്ധു സമതല (INDUS) മെന്നാണ് വിശേഷിപ്പിച്ചത്. അത് സിന്ധു നദിതടസംസ്‌കാരത്തെയാണ് എന്നാണ് നമ്മൾ കരുതുന്നത്. സുമേറിയക്കാർ മെലൂഹ (MELUHA) എന്നാണ് സിന്ധു നദീതട സംസ്‌കാരത്തെ വിളിച്ചിരുന്നത്.
വേദകാലത്ത് ‘ആര്യാവർത്തം’ എന്ന് വിളിക്കപ്പെടാനുള്ള വാച്യപരമായ (Textual) പരാമർശങ്ങൾ കിട്ടിയെന്നും എന്നാലത് മാറിക്കൊണ്ടേയിരുന്നെന്നും പ്രൊഫ. ഥാപ്പർ സൂചിപ്പിക്കുന്നു. രണ്ടു നദികൾക്കിടയിലുള്ള ഭൂപ്രദേശമായ ദോബ് (DOAB) മുതൽ ഗംഗാനദിയുടെ മധ്യഭാഗം വരുന്ന പ്രദേശമത്രെ ആര്യാവർത്തം.
ബൗദ്ധപ്രമാണങ്ങൾ അനുസരിച്ച് ആര്യാവർത്തം കിഴക്കോട്ടും ജൈനപ്രമാണങ്ങൾ പ്രകാരം കൂടുതൽ കിഴക്കോട്ടുമാണത്രെ.
അശോക ചക്രവർത്തി (BC 232)യുടെ ശിലാലിഖിതത്തിൽ ആര്യാവർത്തത്തെ ജമ്പു ദ്വീപ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇത് എവിടെയായിരുന്നെന്നോ അതിർത്തി ഏതായിരുന്നെന്നോ എന്നത് അജ്ഞാതമാണ്.
മനുസ്‌മൃതി പ്രകാരം (ഏകദേശം എഡി ഒന്നും രണ്ടും നൂറ്റാണ്ട്) ഹിമാലയത്തിനും വിന്ധ്യനുമിടയിലുള്ള ഭൂപ്രദേശവും രണ്ടു കടലുകൾക്കിടയിലെ വടക്കൻ ഭൂപ്രദേശവുമാണ് ആര്യവർത്തം. എന്നാൽ ഇന്ന് നമ്മൾ സംസാരിക്കുന്ന ഇന്ത്യയൊന്നുമല്ലിത്.
ഏതാണ്ട് AD 12‐ാം നൂറ്റാണ്ടു മുതലാണ് പടിഞ്ഞാറൻ ഏഷ്യയിൽനിന്ന് നോക്കുമ്പോൾ സിന്ധു നദീതടത്തിന് കുറുകെയുള്ള ഭൂപ്രദേശത്തെയാകെ അൽഹിന്ദ് എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്.
പിന്നീട് ബ്രിട്ടീഷുകാരുടെ വരവോടെയാണ് സിന്ധു നദീതട പ്രദേശത്തെ സൂചിപ്പിക്കുന്ന, ഗ്രീക്കുകാരുടെ Indu`sൽ നിന്ന്, ഇന്ത്യയെന്ന് അവർ വിളിക്കാനാരംഭിച്ചത്.
ചരിത്രം ഇന്ത്യയെന്ന സഞ്ചാരം ഇത്രയൊക്കെ നടത്തിയെങ്കിലും ഇന്ത്യ എന്ന ആശയത്തെ കേവലം ഭൂപരമായ സങ്കൽപ്പമായി മാത്രമല്ല പ്രൊഫ. ഥാപ്പർ കാണുന്നത്. ഒരു പ്രദേശം എന്നതിനേക്കാൾ അതിന്റെ സംസ്‌കാരം, ഭാഷ, മതം എന്നിവയെല്ലാം ചേർന്നതാണ് ഇന്ത്യയെന്ന് ഥാപ്പർ പറയുന്നു. അന്തിമമായി, എന്നാകാം ഇന്ത്യ രൂപംകൊണ്ടിരിക്കുക? 1920കളിൽ എന്നാണ് ഉത്തരം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ മഹാത്മാഗാന്ധി ഒരു ബഹുജനപ്രസ്ഥാനമായി മാറ്റുന്നത് 1920കളിലാണ്. അങ്ങനെ പറയുമ്പോഴും അത് എത്രത്തോളം ഒരു ബഹുജനപ്രസ്ഥാനമായിരുന്നു എന്നത് സംബന്ധിച്ച് കീഴാളപഠന (Subaltern Studies) വിഭാഗമടക്കമുള്ളവയുടെ കാഴ്‌ചപ്പാടിനോട് ഥാപ്പർ തർക്കിക്കുവാൻ നിൽക്കുന്നില്ല. പക്ഷേ ഒരു വലിയ വിഭാഗം ആളുകളെ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചു കൊണ്ടുവന്നു എന്ന നിലയ്‌ക്ക് നോക്കുമ്പോൾ സാങ്കേതികമായി അതൊരു ബഹുജനപ്രസ്ഥാനം തന്നെയായിരുന്നുവെന്ന് ഥാപ്പർ പറയുന്നു. അതേസമയം, മതരാഷ്ട്രവാദമുയർത്തിയ മുസ്ലിം ലീഗും ആർഎസ്‌എസും രൂപീകരിക്കപ്പെട്ടതും ഇതേ കാലഘട്ടത്തിലാണ്. സോഷ്യലിസ്റ്റ് ഇന്ത്യക്കായി രൂപീകരിച്ച കമ്യൂണിസ്റ്റ് പാർട്ടിയെയും ഇന്ത്യ എന്ന ആശയം ചർച്ചചെയ്യുമ്പോൾ ഒഴിച്ചുനിർത്താനാവില്ല.
‘50കളിൽ വിദ്യാർഥിയായി ഇംഗ്ലണ്ടിലായിരുന്ന ഥാപ്പർ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ‘‘സമ്പദ്‌വ്യവസ്ഥ വലിയ മാറ്റം സൃഷ്ടിക്കുമെന്ന ചിന്ത അതിശക്തമായിരുന്നതിനാൽ കാര്യമായ ശ്രദ്ധ ജാതിക്കും മതത്തിനും നൽകിയിരുന്നില്ല. എന്നാൽ, ഇവയുടെ അതിപ്രസരം കണ്ടപ്പോൾ നമ്മളെല്ലാം അത്ഭുതപ്പെട്ടുപോയി’’ ഥാപ്പർ ഓർക്കുന്നു. അതുപോലെ തന്നെ സ്വതന്ത്ര ഇന്ത്യ ആവിഷ്‌കാരസ്വാതന്ത്ര്യം യാഥാർഥ്യമാക്കുമെന്ന് ഥാപ്പർ കരുതി. എന്നാൽ അവിടെയും ഭംഗമുണ്ടായി.
സോഷ്യലിസ്റ്റും ഇടതുപക്ഷക്കാരനുമായ സഹോദരൻ റൊമേഷ് ഥാപ്പർ മുംബൈയിൽ ക്രോസ്‌റോഡ്‌സ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ ഒരുദിവസം ഥാപ്പർ അതിന്റെ പ്രൂഫ് നോക്കിയ അടുത്ത ലക്കത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കെതിരെ ഒരു വാർത്തയുടെ തലക്കെട്ടിൽ ‘ക്രിമിനൽ’ എന്ന് കൂട്ടിച്ചേർക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയാണ് ആ തലക്കെട്ട് നൽകിയത്. ദിവസങ്ങൾക്കുള്ളിൽ സെൻസർഷിപ്പ് നടപ്പാക്കപ്പെടുകയും ക്രോസ്‌റോഡ്‌സ് നിരോധിക്കുകയും ചെയ്‌തു. കേസ് കോടതിയിലെത്തി റൊമേഷ് വിജയിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യം എപ്പോഴൊക്കെ വിവാദമകകുമോ അപ്പോഴെല്ലാം `Romesh Thapar Vs The State of Madras` എന്ന വിധി എല്ലാവരും പരാമർശിക്കും.
സ്‌പിവാക്ക് ചോദിക്കുന്നുണ്ട്, ‘ഇന്ത്യ എന്ന ആശയത്തെ സുരക്ഷിതമായ ആശയം എന്ന നിലയിൽ എങ്ങനെയാണ് നമുക്ക് തിരിച്ചുപിടിക്കാനാവുക.
1960‐70കളിൽ സാമൂഹ്യമായ ഉൾച്ചേരൽ (Social Inclusion) എന്നതിൽ ഒരു ചർച്ചയും നടന്നിരുന്നില്ല. ജാതി ഇല്ലായ്‌മചെയ്യപ്പെടുമെന്ന് കരുതി. എന്നാൽ, അടിസ്ഥാനപരമായി വ്യവസ്ഥയിൽനിന്നുതന്നെ വഴുതിമാറാൻ ഇടയാകുംവിധം ഒന്നും ചെയ്‌തില്ലെന്ന് ഥാപ്പർ പറയുന്നു. മറിച്ച്, ആ കാലത്താണ് രാഷ്‌ട്രീയത്തിൽ ജാതി സ്വത്വങ്ങൾ തിരിച്ചറിയപ്പെടാൻ തുടങ്ങിയതും.
നെഹ്‌റുവിന്റെ സാർവത്രിക വോട്ടവകാശം ഓരോരുത്തരെയും രാജ്യത്തിന്റെ ഭാവി രൂപീകരിക്കാൻ സ്വതന്ത്രരാക്കുമെന്നായിരുന്നു നെഹ്‌റു കരുതിയത്. വസ്‌തുത നേരെ തിരിച്ചായി. വോട്ടുബാങ്കുകൾ രൂപംകൊള്ളുകയും തിരഞ്ഞെടുപ്പുകൾ അവയെ അടിസ്ഥാനപ്പെടുത്തിയാവുകയും രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങളെ സമർഥമായി കൈയിലെടുക്കുകയും ചെയ്യുന്നുവെന്ന് ഥാപ്പർ ചൂണ്ടിക്കാട്ടുന്നു.
എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ടിത് എന്ന് ഥാപ്പർ പറയുന്നില്ല. ബ്രിട്ടീഷ് ചൂഷണവാഴ്‌ച രാജ്യത്ത് അരക്കിട്ടുറപ്പിക്കുമ്പോഴും അവരുടെ ഭരണസംവിധാന സൗകര്യങ്ങൾക്കനുസരിച്ചാണ് വ്യവസ്ഥകൾക്ക് രൂപംനൽകിയത്. അപ്പോഴും ഫ്യൂഡലിസം നിലനിന്നു. 1947നു ശേഷവും മാറിയ സാഹചര്യത്തിലും അത് അഭംഗുരം തുടർന്നു. അതിന്റെമേൽ കെട്ടിയുയർത്തിയ മുതലാളിത്തമാണ് ഇന്നും ഫ്യൂഡലിസത്തെ സാമൂഹ്യ‐രാഷ്‌ട്രീയമണ്ഡലത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സാന്നിധ്യമായി നിലനിൽക്കാനും മനുഷ്യബന്ധങ്ങളിൽ ശക്തമായി നിഴലിച്ചുകാണാനും കഴിവുള്ളതാക്കിയത് എന്നത് വിസ്‌മരിക്കേണ്ട. l