ചലനാത്മകമായ പ്രകൃതിദൃശ്യങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

‌‌‌ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്‌ചപ്പാട്‌ നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (1776‐1837) ചിത്രകാരനാണ്‌ ജോൺ കോൺസ്റ്റബിൾ (John Constable). ബ്രിട്ടനിലായിരുന്നു ജനനം. പ്രകൃതിദൃശ്യരചനകളോടുള്ള താൽപര്യവും കാഴ്‌ചാനുഭവങ്ങളുമാണ്‌ അതുല്യ കലാപാടവം ദൃശ്യമാകുന്ന അദ്ദേഹത്തിന്റെ ഭൂഭാഗ രചനകൾ.

ചിത്രകലയുടെ ചരിത്രം പരിശോധിക്കുമ്പോൾ പ്രകൃതിപഠനത്തിന്റെ പ്രസക്തിയും സാധ്യതകളും മനസ്സിലാക്കാവുന്നതാണ്‌. നൂറ്റാണ്ടുകൾ പിന്നിലേക്കുള്ള ചരിത്രവഴികളിലും നമ്മുടെ ചുവർ ചിത്രരചനാ സങ്കേതങ്ങളിലടക്കം പ്രകൃതിദൃശ്യ രചനകളുടെ സ്വാധീനം കാണാം. ഛായാചിത്രങ്ങളുടെ പശ്ചാത്തലത്തിൽ, ഛായാചിത്രത്തിനനുസൃതമായി പ്രകൃതിദൃശ്യങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ള വിശ്വോത്തര രചനകളും നമുക്ക്‌ മുന്നിലുണ്ട്‌.

വിശ്വോത്തര ചിത്രകാരനായ ജോൺ കോൺസ്റ്റബിൾ ഛായാചിത്രരചനയിലൂടെ തന്റെ കലാസപര്യക്ക്‌ തുടക്കമിടുകയായിരുന്നു. പ്രകൃതിയും മനുഷ്യരും മറ്റ്‌ ജീവജാലങ്ങളും ചേരുന്ന ഭൂഭാഗ ദൃശ്യങ്ങളിലൂടെയാണ്‌ ജോൺ കോൺസ്റ്റബിളിന്റെ കല വികാസംപ്രാപിക്കുന്നത്‌. ശൈലിയിലും മാധ്യമ സ്വീകരണത്തിലും രൂപനിർമിതിയിലും വർണപ്രയോഗത്തിലുമുള്ള സമീപനത്തിലെ സവിശേഷതകളാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളെ വേറിട്ടതാക്കുന്നത്‌. യഥാതഥമായ രീതിയിലുള്ള ഈ ചിത്രങ്ങളിൽ വർണപ്രയോഗ രീതിയും നിഴലിന്റെയും വെളിച്ചത്തിന്റെയും അവതരണവുമൊക്കെ ചേർന്ന ഘടകങ്ങളാണ്‌ ലോകത്തിലെ ശ്രദ്ധേയ കലാകാരരുടെ പട്ടികയിലേക്ക്‌ അദ്ദേഹം ഉയർത്തപ്പെട്ടതെന്ന്‌ കലാനിരൂപകർ ചൂണ്ടിക്കാട്ടുന്നു. രൂപനിർമിതികളിലെ ഏകീകൃത സ്വഭാവത്തോടെ കെട്ടിടങ്ങളും മരങ്ങളും നദിയും ആകാശവും മനുഷ്യരും ചേരുന്ന കാലത്തെ അടയാളപ്പെടുത്തുന്ന ഗ്രാമാന്തരീക്ഷങ്ങളാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങൾ. തീവ്ര വർണങ്ങൾക്ക്‌ പകരം ഇരുണ്ട നിറച്ചേരുവകളിലൂടെ വെളിച്ചത്തിന്റെ ശക്തി ആവാഹിച്ചവതരിപ്പിക്കുകയായിരുന്നു പ്രസ്‌തുത ചിത്രങ്ങൾ. കല അടിസ്ഥാനപരമായി യഥാർഥ ദൃശ്യങ്ങളുടെ സ്വപ്‌നമാണെന്ന്‌ വിശ്വസിക്കുന്ന കലാകാരനായിരുന്നു അദ്ദേഹം.

1796ൽ ഛായാചിത്ര രചനയിലൂടെയായിരുന്നു ജോൺ കോസ്റ്റബിൾ ചിത്രകലയിൽ സജീവമാകുന്നത്‌. അതിന്റെ തുടർച്ചയായാണ്‌ അദ്ദേഹം പ്രകൃതിയെ തൊട്ടറിയുന്ന ഗ്രാമദൃശ്യങ്ങളിലേക്കെത്തപ്പെടുന്നത്‌. പ്രകൃതിയുടെ പ്രസന്നഭാവങ്ങളോടൊപ്പം ഒറ്റനിറത്തിന്‌ പ്രാധാന്യം നൽകി വൈവിധ്യമാർന്ന ടോണുകളിലൂടെ പ്രകൃതിയെ ആവിഷ്‌കരിക്കുകയായിരുന്നു. മറ്റൊരർഥത്തിൽ, പ്രകൃതിയുടെ ഭാവങ്ങളെ സമഗ്രമായി പഠിച്ചുകൊണ്ട്‌ പ്രകൃതിയെ അറിയുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്‌. ആദ്യകാല പ്രകൃതിദൃശ്യ രചനകളിൽ നിന്നുള്ള അനുക്രമമായ വളർച്ചയോടെയുള്ള രൂപവർണ വികാസവും രചനാസ്വാതന്ത്ര്യവും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ദൃശ്യമായിരുന്നു. പ്രകൃതിദൃശ്യ രചനകളുടെ മാർഗദർശങ്ങളാണ്‌ ഈ ചിത്രങ്ങളെന്ന്‌ കലാവിദഗ്‌ധർ അദ്ദേഹത്തിന്റെ രചനകളെ അടയാളപ്പെടുത്തുന്നു.

ജോൺ കോൺസ്റ്റബിളിന്റെ ഭൂഭാഗ രചന പരിശോധിക്കുമ്പോൾ പച്ചപ്പിന്റെ നിഴൽ വീണ മരങ്ങൾ നിറഞ്ഞ പ്രകൃതി, മനുഷ്യരും കെട്ടിടങ്ങളും കുതിരയുമൊക്കെ ചേർന്ന രൂപങ്ങൾ പശ്ചാത്തലമാകുന്ന ആകാശദൃശ്യം, മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നുള്ള പ്രകാശവിതാനം ഇവയെല്ലാം പ്രകൃതിവസ്‌തുക്കളിലേക്കെത്തുന്നതുപോലെ ആസ്വാദകരിലേക്കുമെത്തുന്നു. മേഘക്കീറുകളിൽനിന്ന്‌ വീഴുന്ന വെളിച്ചത്തിൽ നദിയും പരിസരവും മറ്റൊരു നിറച്ചാർത്തായി മാറുന്നു.

വാട്ടർ മില്ലുകളുടെയും വിൻഡ്‌ മില്ലുകളുടെയും ഉടമയുടെ മകനായിരുന്നു ജോൺ കോൺസ്റ്റബിൾ. പഠനകാലത്ത്‌ ചിത്രകലയിൽ താൽപര്യം കാണിച്ച അദ്ദേഹത്തെ പുരോഹിതവൃത്തിയിലേക്ക്‌ വിടാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്‌. അത്‌ സഫലമായില്ലെന്നു മാത്രമല്ല പതിനെട്ടാം വയസ്സിൽ അച്ഛനെ സഹായിക്കാൻ മില്ലിൽ ജോലിക്കാരനായി ചേർന്നു. മില്ലിൽ ജോലി ചെയ്യുമ്പോഴും ചുറ്റുപാടുമുള്ള ദൃശ്യങ്ങളുടെ ഡ്രോയിങ്ങുകൾ പകർത്തുക അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. അക്കാലത്ത്‌ കാലാവസ്ഥയെ ആശ്രയിച്ചാണ്‌ മില്ലുകൾ പ്രവർത്തിച്ചിരുന്നത്‌. ധാന്യങ്ങൾ പൊടിച്ചിരുന്നത്‌ വിൻഡ്‌ മില്ലിലും വാട്ടർ മില്ലിലുമായിരുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥ മാറുന്നത്‌ ശ്രദ്ധിക്കുക ജോൺ കോൺസ്റ്റബിളിന്റെ ജോലിയുടെ ഭാഗമായിരുന്നു. ആകാശത്ത്‌ ഒഴുകിനടക്കുന്ന മേഘപാളികളെ അദ്ദേഹം സൂക്ഷ്‌മമായി നിരീക്ഷിച്ചു. ഹിമപാതമുണ്ടാക്കുന്ന മേഘം, മഴ ചൊരിയുന്ന മേഘം, ആലിപ്പഴം പൊഴിക്കുന്ന മേഘം അങ്ങനെ മേഘക്കീറുകളുടെ രീതിഭേദങ്ങൾ മനസ്സിലാക്കി അവയിൽ വർണവൈവിധ്യമുണ്ടാകുന്നതെങ്ങനെയെന്നും അവയുടെ പരസ്‌പരബന്ധമെന്താണെന്നും മനസ്സിലാക്കി. പ്രഭാതത്തിന്റെ സൗന്ദര്യവും കൊടുങ്കാറ്റിന്റെ ഭീകരതയും ഇടിമിന്നലിന്റെ തീക്ഷ്‌ണഭാവവുമൊക്കെ അദ്ദേഹത്തിന്റെ ചിത്രതലങ്ങളിൽ അവാച്യമായ വർണാനുഭവം പകർന്നുനൽകി. അത്‌ കൃത്യമായി ആസ്വാദകരിലേക്കെത്തിക്കുംവിധമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട കലാനിരൂപകരും ഇക്കാര്യം ശരിവയ്‌ക്കുന്നു. ബോട്ട്‌ യാഡും നദീതീരങ്ങളും അദ്ദേഹത്തിന്റെ ധാരാളം പെയിന്റിങ്ങുകളിൽ കാണാം. ചലനാത്മകമായ മേഘക്കൂട്ടങ്ങളും പ്രകാശം വീണുകിടക്കുന്ന നദിയും തടാകങ്ങളും അദ്ദേഹത്തിന്റെ പ്രകൃതിദശ്യ രചനകളുടെ ഭാഗമാണ്‌.

15‐16 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ക്ലോഡ്‌ ലോറേൻ, തോമസ്‌ ഗെയിൻബറോ തുടങ്ങിയ ചിത്രകാരരുടെ പ്രകൃതിദൃശ്യ രചനാശൈലിയുടെ സ്വാധീനം ജോൺ കോൺസ്റ്റബിളിന്റെ രചനകളിൽ കാണാമെങ്കിലും നിറങ്ങളുടെ പ്രത്യേകതയും പ്രസാദാത്മക പ്രകാശത്തിന്റെ വിതാനരീതിയിലൂടെ മാത്രം ഒബ്‌ജക്ടുകളെ കാണുന്ന രീതിയുമാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. പരുക്കൻ വർണത്തേപ്പുകളിലൂടെ യഥാതഥമായ രൂപവർണ പ്രയോഗങ്ങളുടെ സൗന്ദര്യശാസ്‌ത്രമാണ്‌ അദ്ദേഹം സ്വരൂപിച്ചതും ആവിഷ്‌കരിച്ചതും. സാലിസ്‌ബറി കത്തീഡ്രൽ, ദ ഹെ വെയ്‌ൻ, സ്റ്റഫോർഡ്‌ മിൽസ്‌, വൈക്കോൽ വണ്ടി, കുതിച്ചോടുന്ന കുതിര, ചോളവയൽ, മില്ലിനടുത്ത്‌ ബോട്ട്‌ നിർമാണം തുടങ്ങിയവ അദ്ദേഹത്തിന്റെ വിഖ്യാത രചനകളിൽപെടുന്നു. റോയൽ അക്കാദമിയിലടക്കം പാരീസ്‌, ഫ്രാൻസ്‌ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പ്രദർശനത്തെ ‘സംശുദ്ധമായ കല ഫ്രഞ്ച്‌ കലാകാരർക്ക്‌ ദർശനവും പ്രചോദനവുമാകുന്നു’ എന്ന്‌ ആസ്വാദകർ വിലയിരുത്തി. 1803ൽ ജോൺ കോൺസ്റ്റബിൾ ഇങ്ങനെ കുറിച്ചു: ‘‘ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ വിശിഷ്ടമായ ചില ചിത്രങ്ങൾ രചിക്കുവാൻ എനിക്ക്‌ സാധിക്കുമെന്ന സുനിശ്ചിതമായ വിശ്വാസം എനിക്കുണ്ട്‌. അവയുടെ പ്രയോജനം ഞാൻ അനുഭവിച്ചില്ലെങ്കിലും ഭാവി തലമുറകൾക്ക്‌ ആ ചിത്രങ്ങൾ അമൂല്യമായിത്തീർന്നേക്കാം’.

ബാല്യംമുതൽ പരിചിതരായിരുന്ന മേരി ബിക്ക്‌ നെല്ലിനെ 1816ൽ ജോൺ കോൺസ്റ്റബിൾ ജീവിതസഖിയാക്കി. 1828ൽ അവർ ക്ഷയരോഗബാധിതയായി അകാലമൃത്യുവിനിരയായി. തുടർന്ന്‌ മാനസികമായി തകർന്ന കോൺസ്റ്റബിൾ ചിത്രരചനയിൽ സജീവമായെങ്കിലും 1837ൽ 61‐ാം വയസ്സിൽ വിടപറഞ്ഞു. l

Hot this week

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

Topics

ഇന്ത്യ എന്ന ആശയം

GAYATHRI CHAKRAVORTHY SPIVAK- ROMILA THAPPAR `The Idea of India`...

നൃപൻ ചക്രവർത്തി

ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ...

വർഗസമരവും മാധ്യമങ്ങളും

അധ്യായം 4: ആഗോള അസ്തിത്വങ്ങൾ ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട...

വിശ്വാസി സമൂഹവും ഇടതുപക്ഷവും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...
spot_img

Related Articles

Popular Categories

spot_imgspot_img