അലക്സാണ്ട്ര കൊല്ലന്തായി ജീവിതവും ദർശനവും

നവീൻ പ്രസാദ്‌ അലക്‌സ്‌

ആദ്യകാല ആക്ടിവിസം
ഖാവ് അലക്സാണ്ട്ര മിഖൈലോവ്ന കൊല്ലന്തായി 1872 മാർച്ച് 31ന് സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരു പ്രഭുകുടുംബത്തിലാണ് ജനിച്ചത്. പരമ്പരാഗത ജീവിത പാത നിരസിച്ച അവർ, പഠനത്തിനും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനും വേണ്ടി എഞ്ചിനീയറായ വ്ളാഡിമിർ കൊല്ലന്തായിയുമായുള്ള വിവാഹബന്ധം ഉപേക്ഷിച്ചു. തുടർന്ന് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ ചേരുകയും ടെക്സ്റ്റൈൽ തൊഴിലാളികൾക്കിടയിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്‌തു. 1905ലെ വിപ്ലവത്തോടെ അവർ പാർട്ടിയിലെ ഒരു സമർത്ഥയായ പ്രഭാഷകയും എഴുത്തുകാരിയുമായി, സ്ത്രീ വിമോചനത്തിന് ലിബറൽ പരിഷ്കരണമല്ല, സോഷ്യലിസ്റ്റ് പരിവർത്തനം ആവശ്യമാണെന്ന് ആദ്യമായി വാദിച്ച സൈദ്ധാന്തികരിൽ ഒരാളായി കൊല്ലന്തായി മാറി. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ റഷ്യ വിടേണ്ടി വന്ന 1908-1917 കാലഘട്ടത്തിൽ ഭൂരിഭാഗവും വിദേശത്ത് ചെലവഴിച്ചു, യൂറോപ്യൻ സോഷ്യലിസ്റ്റുകളുമായി ബന്ധം സ്ഥാപിക്കുകയും സ്ത്രീകളെയും തൊഴിലാളികളെയും കുറിച്ചുള്ള കൃതികൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1915 ഓടുകൂടി അവർ മെൻഷെവിക് വിഭാഗവുമായിയുള്ള ബന്ധം വേർപെടുത്തുകയും, ലെനിന്റെ യുദ്ധവിരുദ്ധ നിലപാടിനെ പിന്തുണക്കുകയും ചെയ്തു. ഫെബ്രുവരി വിപ്ലവത്തോടുകൂടി റഷ്യയിലേക്ക് മടങ്ങി.

ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി
ഒന്നാം സോവിയറ്റ് സർക്കാരിൽ അവർ പീപ്പിൾസ് കമ്മിസാർ ഫോർ സോഷ്യൽ വെൽഫെയർ ആയി പ്രവർത്തിച്ചു, അതോടെ ലോക ചരിത്രത്തിൽ കാബിനറ്റ് തലത്തിലുള്ള ഒരു പദവി വഹിക്കുന്ന ആദ്യ വനിത എന്ന വിശേഷണത്തിന് കൊല്ലന്തായി അർഹയായി. ഈ റോളിൽ അവർ പ്രസവ സംരക്ഷണം, പ്രത്യുൽപാദന അവകാശങ്ങൾ, അനാഥരായ കുട്ടികളുടെ ക്ഷേമം, സാമൂഹിക ഇൻഷുറൻസ്, സൗജന്യ സാർവത്രിക ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള നടപടികൾക്ക്‌ മുൻകൈയെടുത്തു. സോവിയറ്റ് കുടുംബ നിയമത്തിൽ പുരോഗമന-ജനകീയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന് അവർ നേതൃത്വം നൽകി, വിവാഹമോചന പ്രക്രിയ കൂടുതൽ എളുപ്പമാക്കുകയും, വിവാഹം മതേതരമാക്കുകയും, ഒറ്റ അമ്മ കുടുംബങ്ങളുടെ നിയമപരമായ പദവി തുല്യമാക്കുകയും ചെയ്യുന്ന വ്യാപകമായ സിവിൽ നിയമ പരിഷ്കാരങ്ങൾ ഈ കാലത്ത് നടപ്പാക്കപ്പെട്ടു. ഇതിന്റെ ഭാഗമായി സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള പ്രസവാവധിയും തൊഴിലിടങ്ങളിൽ സംരക്ഷണവും, ശിശുക്കൾക്കും അമ്മമാർക്കും സൗജന്യ മെഡിക്കൽ സേവനങ്ങളും ഉറപ്പാക്കുന്ന നിയമങ്ങൾ നിർമ്മിക്കപ്പെടുകയും അതിനു പുറമേ ഈ സൗകര്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുകയും ചെയ്തു. തൊഴിലിടത്തിലെ സുരക്ഷാ മാനദണ്ഡങ്ങളുടെയും തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സാമൂഹിക ഇൻഷുറൻസിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, സ്ത്രീകൾക്ക് രാത്രി ജോലിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് അലക്സാണ്ട്ര കൊല്ലന്തായി ശക്തമായി വാദിച്ചു. പ്രസവ പരിചരണ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള പുരോഗമനപരമായ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കുന്നതിലും, ജോലി ചെയ്യുന്ന സ്ത്രീകളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പൊതു അടുക്കളകളും നഴ്സറികളും സ്ഥാപിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. സ്ത്രീകൾക്ക് വിവാഹമോചനം, കസ്റ്റഡി, തൊഴിൽ അവകാശങ്ങൾ എന്നിവയിൽ മാർഗ്ഗനിർദ്ദേശം ലഭിക്കാൻ ഉപദേശക ബ്യൂറോകൾ സ്ഥാപിച്ചു. നിയമങ്ങൾ വിശദീകരിക്കുന്നതിനും സ്ത്രീകളും കർഷകരും തൊഴിലാളികൾക്കും അടക്കമുള്ളവർക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് ആക്ടിവിസ്റ്റുകളെ (ഡെലിഗറ്റ്കി) ഫാക്ടറികളിലേക്കും ഗ്രാമങ്ങളിലേക്കും അയച്ചു. സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന ഗർഭഛിദ്രം നിയമവിധേയമാക്കുന്ന 1920-ലെ ഉത്തരവിനു വേണ്ടി വാദിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു.

കൊല്ലന്തായിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തങ്ങളിൽ ഒന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ വകുപ്പായ ഷെനോട്ട്ഡെലിന്റെ സ്ഥാപനം. 1919-ൽ ഇനെസ്സ അർമാന്ത്‌, നടേഷ്ദ ക്രുപ്സ്കായ, അലക്സാണ്ട്ര കൊല്ലന്തായി എന്നിവരുടെ നേതൃത്വത്തിലാണ് ഇത് സ്ഥാപിതമായത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീകൾക്കായി ഷെനോട്ട്ഡെൽ സാക്ഷരതാ പരിപാടികൾ, നിയമ അവബോധ പരിപാടികൾ, ട്രേഡ്-യൂണിയൻ പ്രവർത്തന പരിപാടികൾ, സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഈ കാലഘട്ടത്തിലെ ഒരു നാഴികക്കല്ല് 1920 നവംബറിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയതാണ്. ഇത് സോവിയറ്റ് റഷ്യയെ ഗർഭഛിദ്രം ക്രിമിനൽ കോഡിൽ നിന്ന് നീക്കം ചെയ്യുകയും സർക്കാർ ആശുപത്രികളിൽ നടപടിക്രമങ്ങൾ നൽകുകയും ചെയ്ത ആദ്യത്തെ സംസ്ഥാനമാക്കി മാറ്റി കൊല്ലന്തായി ഉൾപ്പെടെയുള്ള ഷെനോട്ട്ഡെൽ നേതാക്കൾ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായുണ്ടായ നേട്ടമാണിത്. അതിനുശേഷം കൊല്ലന്തായി പീപ്പിൾസ് കമ്മീഷണറേറ്റ് ഫോർ ഫോറിൻ അഫയേഴ്സ് ആയി പ്രവവർത്തിച്ചു. ആദ്യകാല മാർക്സിസ്റ്റ്- ഫെമിനിസ്റ്റായ അലക്സാണ്ട്ര കൊല്ലന്തായി വിപ്ലവകാരിയും ചരിത്രത്തിലെ ആദ്യത്തെ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച വനിതയും മാത്രമല്ല, ഒരു പ്രധാപ്പെട്ട മാർക്സിസ്റ്റ് സൈദ്ധാന്തിക കൂടിയാണ്. സോഷ്യലിസം, ജൻഡർ, കുടുംബബന്ധങ്ങൾ എന്നീ വിഷയങ്ങളെ പരപസ്പരം ബന്ധിപ്പിക്കുന്നവയായിരുന്നു, അങ്ങനെ മാർക്സിസ്റ്റ് ഫെമിനിസ്റ്റ് കൊല്ലന്തായി ചിന്തകരിലെ തുടക്കക്കാരിൽ ഒരാളായി കണക്കാക്കാം. തന്റെ സമകാലികരിൽ പലരിൽ നിന്നും വ്യത്യസ്തമായി, സ്ത്രീ വിമോചനം വർഗസമരത്തിൽ നിന്നും വേർപെട്ട ഒരു വിഷയമാകാൻ പാടില്ലെന്നും, മറിച്ച് ഇത് രണ്ടും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ തറപ്പിച്ചു പറഞ്ഞു. ഇത് അവരെ വർഗബോധമുള്ള ഒരു ഫെമിനിസ്റ്റായി വേറിട്ടു നിർത്തി.

ബോൾഷെവിക് വിപ്ലവത്തിനുശേഷം, കൊല്ലന്തായി തന്റെ ഏറ്റവും പ്രശസ്തമായ സൈദ്ധാന്തിക സംഭാവന പ്രസിദ്ധീകരിക്കുന്നത് കുടുംബം, പുനരുൽപാദനം, സോഷ്യലിസം എന്നിവ തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ളതായിരുന്നു. മുതലാളിത്തത്തിൻ കീഴിലുള്ള അണുകുടുംബം സ്ത്രീകളെ അടിച്ചമർത്തുന്ന ഒരു സംവിധാനമാണെന്ന് അവർ വാദിച്ചു, അത്‌ അവരെ വേതനമില്ലാത്ത വീട്ടുജോലിക്കാരായി പരിമിതപ്പെടുത്തുകയും, തൊഴിലാളി സ്ത്രീകളുടെ കാര്യത്തിൽ അവർ വീട്ടിൽ നിന്നും തൊഴിലിടത്തു നിന്നും ഇരട്ട ചൂഷണം നേരിടുന്നതായി കൊല്ലന്തായി വിശദികരിച്ചു. ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ നഴ്സറികൾ, പൊതു അടുക്കളകൾ, അലക്കുശാലകൾ, പ്രസവ പരിചരണം എന്നിവയുടെ സാമൂഹികവൽക്കരിക്കണത്തിന്റെ ആവശ്യം അവർ ഉന്നിപ്പറഞ്ഞു. വിമോചനം എന്നാൽ കുടുംബത്തിന്റെ “നാശം’ അല്ല, മറിച്ച് സമൂഹം പിന്തുണയ്ക്കുന്ന ഒരു സംവിധാനത്തിലേക്കുള്ള പരിവർത്തനമാണ്.

ദാമ്പത്യ ബന്ധങ്ങളിലെ കമ്മ്യൂണിസ്റ്റ് ധാർമ്മികതയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ, ‘ചിറകുള്ള ഇറോസിന് വഴിയൊരുക്കുക’ (Make way for winged eros) എന്നീ കൃതികളിലാണ് ലൈംഗികതയെ സംബന്ധിച്ച പ്രശ്‌നം കൊല്ലന്തായി വിശദീകരിക്കുന്നത്. സ്വത്തിലോ ആധിപത്യത്തിലോ അല്ല മറിച്ചു ഐക്യദാർഢ്യം, സമത്വം, ഉത്തരവാദിത്തം എന്നിവയിൽ അധിഷ്ഠിതമായ ഒരു പുതിയ ലൈംഗിക ധാർമ്മികത കമ്മ്യൂണിസത്തിന് ആവശ്യമാണെന്ന് അവർ തറപ്പിച്ചു പറഞ്ഞു. “ഒരു ഗ്ലാസ് വെള്ളം’ (ലൈംഗികത വെള്ളം കുടിക്കുന്നതുപോലെ തന്നെ ആകസ്മികമായിരിക്കണമെന്ന ആശയം) എന്ന ആശയം വ്യക്തികേന്ദ്രീകൃതമായതിനാൽ തന്നെ അവർ അതിനെ തള്ളിക്കളഞ്ഞു. അതേസമയം, സ്ത്രീകളെ വസ്തുവല്കരിക്കുന്ന ബൂർഷ്വാ വിവാഹത്തെ അവർ വിമർശിച്ചു. പകരം അവർ “കോമ്രേഡ്ലി ലവ്’‐ പരസ്പര ബഹുമാനം, ഐക്യദാർഢ്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയാൽ നിറഞ്ഞ ബന്ധങ്ങൾ‐ എന്ന സങ്കൽപനമാണ്‌ അവർ മുന്നോട്ടുവച്ചത്‌. അവരുടെ ഈ പുതിയ ചട്ടക്കൂട് സ്വകാര്യ അടുപ്പത്തെ കൂട്ടായ ധാർമ്മികതയുമായി ബന്ധിപ്പിച്ചുകൊണ്ട്, സോഷ്യലിസ്റ്റ് ബന്ധങ്ങൾ വ്യക്തിപരമായ ആഗ്രഹങ്ങളെ പോലും പുനർനിർമ്മിക്കണമെന്ന് വാദിച്ചു. ചിറകുള്ള ഇറോസിന് (winged eros) വഴിയൊരുക്കുക എന്ന അടുത്ത ഉപന്യാസത്തിൽ ഈ ആശയങ്ങളെ കൂടുതൽ പരിഷ്കരിച്ചവതരിപ്പിക്കുന്നതായി കാണാം. ക്ഷണികവും കേവല ശാരീരികവും എളുപ്പത്തിൽ ചരക്കുവൽക്കരിക്കാവുന്നതുമായ ബന്ധങ്ങളെ കൊല്ലന്തായി തള്ളിക്കളയുകയും കൂടുതൽ സോഷ്യലിസ്റ്റ് സ്വഭാവമുള്ള അഭിനിവേശം, സൗഹൃദം, കോമ്രേഡ്ഷിപ്പ് എന്നിവയെ ഒന്നിപ്പിക്കുന്ന ഒരു ഉയർന്നതരം ബന്ധങ്ങൾക്കായി വാദിച്ചു. ഈ ആശയം ആദർശപരവും പ്രായോഗികവുമായിരുന്നു – വിപ്ലവ സമൂഹങ്ങളിൽ ഐക്യദാർഢ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഒരു സാമൂഹിക ശക്തിയായി അത് സ്നേഹത്തെ പുനർനിർവചിച്ചു.

വർക്കേഴ്സ് ഓപ്പോസിഷൻ എന്ന തന്റെ ലഘുലേഖയിൽ, ബോൾഷെവിക് പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ഉദ്യോഗസ്ഥവൽക്കരണത്തെ അവർ വിമർശിച്ചു. ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി കൊല്ലന്തായി സാഹിത്യത്തെയും ഉപയോഗിച്ചു. ലവ് ഓഫ് വർക്കർ ബീസ് (1923), റെഡ് ലവ് (1927) എന്നീ കൃതികളിൽ സ്നേഹം, ജോലി, രാഷ്ട്രീയ കടമ എന്നിവയിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ ചിത്രീകരിച്ചു. കൂട്ടായ പ്രവർത്തനത്തോടുള്ള അഭിനിവേശത്തിനും പ്രതിബദ്ധതയ്ക്കുമിടയിൽ അകപ്പെട്ട കഥാപാത്രങ്ങളിലൂടെ, സോഷ്യലിസ്റ്റ് ധാർമ്മികതയുടെ പിരിമുറുക്കങ്ങളെ അവർ ചിത്രീകരിച്ചു. ഉപന്യാസങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവരുടെ ഫിക്ഷൻ വൈരുദ്ധ്യങ്ങളെ നാടകീയമാക്കാൻ അവരെ അനുവദിച്ചു: സ്വതന്ത്രരായ സ്ത്രീകളുടെ ഏകാന്തത, പുതിയ ബന്ധങ്ങളുടെ ദുർബലത, ഇപ്പോഴും പുരുഷാധിപത്യത്താൽ രൂപപ്പെട്ട ഒരു സമൂഹത്തിലെ സ്വാതന്ത്ര്യത്തിന്റെ വില എന്നിവ അവരുടെ സാഹിത്യകൃതികളിൽ മുന്നിട്ടുനിൽക്കുന്നു. കൊല്ലന്തായിയുടെ ജീവിതകാലത്ത് അവരുടെ ആശയങ്ങൾ വിവാദപരമായിട്ടായിരുന്നു സ്വീകരിക്കപ്പെട്ടത്‌. എന്നാൽ രണ്ടാം തരംഗ ഫെമിനിസ്റ്റുകൾ (1960-70) സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ മുന്നോടിയായി അവരെ വീണ്ടെടുത്തു. പിന്നീട് സിൽവിയ ഫെഡറിസി, മരിയറോസ ഡല്ല കോസ്റ്റ തുടങ്ങിയ പണ്ഡിതർ കൊല്ലന്തായിയുടെ ആശയങ്ങളെ വികസിപ്പിച്ചെടുത്തു. അവരുടെ എന്ന ആശയങ്ങൾ ക്വിയർ മാർക്സിസം, ബന്ധ ധാർമ്മികത, പരിചരണ സമ്പദ്‌വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള സമകാലിക ചർച്ചകളുമായി പ്രതിധ്വനിക്കുന്നവയാണ്.

സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, ലൈംഗികത എന്നിവയെ ഏകീകൃത വിമോചന ദർശനവുമായി ബന്ധിപ്പിക്കുന്നതിനാൽ അലക്സാണ്ട്ര കൊല്ലന്തായിയുടെ പ്രത്യയശാസ്ത്ര കൃതികൾ അസാധാരണമാണ്. ലിബറൽ ഫെമിനിസത്തിന്റെ ഇടുങ്ങിയ ശ്രദ്ധയെയും “സ്ത്രീ പ്രശ്നം’ മാറ്റിവെക്കാനുള്ള യാഥാസ്ഥിതിക പ്രവണതയെയും അവർ നിരാകരിച്ചു. പകരം, സോഷ്യലിസം തൊഴിലിടങ്ങളെയും, പൊതുമണ്ഡലത്തെയും കുടുംബത്തെയും പുനർനിർമ്മിക്കണമെന്ന് അവർ ഒരു സമൂലമായ സമന്വയം നിർദ്ദേശിച്ചു. വിപ്ലവം ദൈനംദിന ജീവിതത്തിന്റെ ആഴമേറിയ ഘടനകളിലേക്ക് എത്തണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഈ ധീരതയിലാണ് അവരുടെ പൈതൃകം കുടികൊള്ളുന്നത്. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img