
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനു തൊട്ടുപിന്നാലെ, ഒരു കൗതുകത്തിന് വെറുതേ ഒരു കൗതുകത്തിന് പെര്‍പ്ലക്‌സിറ്റി എ ഐ യോട് ചോദിച്ചു-
മോഹന്‍ലാലിനെ കേരളത്തിലെ യുവതലമുറയ്ക്കും ഇത്രമേല്‍ പ്രിയങ്കരനാക്കുന്ന ആ ഒരു ഘടകം എന്താണ്?
മോഹന്‍ലാലിനെ യുവതലമുറമലയാളിയുമായി ഇത്രമേല്‍ താദാത്മ്യപ്പെടുത്തുന്ന ഘടകമെന്താണ്?
പെര്‍പ്ളെക്സിറ്റി എ ഐ തന്ന മറുപടി വിസ്മയകരമാണ്-
മോഹൻലാൽ തലമുറകളില്‍ നിന്നു തലമുറകളിലേക്ക് പകരുന്ന ‘കളക്ടീവ് നൊസ്റ്റാള്‍ജ്യ’ അഥവാ സഞ്ചിതഗൃഹാതുരത്വത്തിന്റെ
ആള്‍രൂപമായതുകൊണ്ട് !
സൂപ്പര്‍താരമെന്നതിലുപരി മലയാളിയുടെ സാംസ്‌കാരിക മുഖവും മലയാളിത്തത്തിന്റെ ജീവിക്കുന്ന ഇതിഹാസവുമാണ് മോഹന്‍ലാല്‍. കഴിഞ്ഞ അഞ്ചാറു തലമുറ മലയാളികള്‍ അരനൂറ്റാണ്ടോളമായി മനസ്സുകൊണ്ട് തിരിച്ചറിഞ്ഞ കാര്യമാണ് കോടിക്കണക്കിന് ഡാറ്റകളില്‍ നിന്ന് പെര്‍പ്ളക്സിറ്റി എഐ അരിച്ചുപെറുക്കി കണ്ടെത്തിയത്. യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ഈ നടന്‍ സമാനതകളില്ലാത്തവിധം അഭിനയമികവിലും പൊതുജനപ്രീതിയിലും ഒരുപോലെ സ്വീകാര്യത നേടുന്നത്? ആ ചോദ്യത്തിനു മുറുപടി പറയണമെങ്കില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ, മോഹന്‍ലാല്‍ എന്ന താരത്തിന്റെ പ്രഭാവചരിത്രം തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്.
മാധ്യമസൈദ്ധാന്തികൻ റിച്ചാര്‍ഡ് ഡയറുടെ അഭിപ്രായത്തില്‍, താരപ്രഭാവം എന്നത് മാധ്യമസ്ഥാപനങ്ങള്‍ ലാഭത്തിനായി നിര്‍മ്മിക്കുന്ന വാണിജ്യവസ്തുക്കളാണ്. ഓരോ താരത്തിന്റെയും പ്രതിച്ഛായ അതിസൂക്ഷ്മമായി നിര്‍മ്മിക്കുകയും, ഒരു പ്രത്യേക പ്രേക്ഷകവിഭാഗവുമായി ബന്ധപ്പെട്ട് അവര്‍ക്കു മാത്രമായ സവിശേഷ വിപണനസാധ്യത (USP) നല്‍കുകയുമാണ് താരനിര്‍മ്മിതിയില്‍ സംഭവിക്കുന്നത് എന്നദ്ദേഹം വാദിക്കുന്നു..
ഈ നിര്‍മ്മിതപ്രതിച്ഛായ, പ്രേക്ഷകരുടെ അനുഭവങ്ങളുമായി പൊരുത്തപ്പെടുന്ന, അവരുടെ വികാരങ്ങളോട് താദാത്മ്യപ്പെടുന്ന ഒരാളായി താരത്തെ ചിത്രീകരിക്കുന്നു. അതുവഴി സൃ്ഷ്ടിക്കപ്പെടുന്ന പ്രേക്ഷക/ജനസ്വാധീനശേഷി പിന്നീട് വിപണന-പ്രചാരണങ്ങള്ക്കായിപ്പോ
ഈ സിദ്ധാന്തം ജീവിതത്തിന്റെ സര്‍വതുറകളിലുമുള്ള താരനിര്‍മ്മിതികള്‍ക്കു ബാധകമാണെങ്കിലും ഇന്ത്യയില്‍ അത് സിനിമ, ക്രിക്കറ്റ് മേഖലകളിലാണ് വ്യാപകം. വ്യത്യാസം സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ്താരങ്ങള്‍ക്കും ദൈവസദൃശ സ്ഥാനമാണ് ആരാധകര്‍ക്കിടയിലുള്ളത്. ഇന്ത്യയിലെ താരാരാധന അത്രമേല്‍ തീവ്രവും വൈകാരികവുമായതുകൊണ്ടുതന്നെ, താരങ്ങള്‍ക്കു രാഷ്ട്രീയ/പൊതുമണ്ഡലങ്ങളില്‍ വന്‍ സ്വാധീനം സൃഷ്ടിക്കാനായിട്ടുണ്ട്. തമിഴ്നാടിനെയും ആന്ധ്രാപ്രദേശിനെയും പോലെ രാഷ്ട്രീയം ഭരിക്കുന്ന സിനിമാക്കാരെയോര്‍ക്കുക.
എന്നാല്‍, ഇവരില്‍ നിന്നൊക്കെ വിഭിന്നമായ രണ്ടപവാദങ്ങള്‍ ഉണ്ട് – രജനീകാന്തും മോഹന്‍ലാലും. മുഖ്യധാരാവാണിജ്യ സിനിമയില്‍ വില്ലന്മാരായി കടന്നുവന്ന് നിലംതൊട്ടുനിന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന് താരസിംഹാസനത്തിലെത്തിയവര്‍. സിനിമാനടനു പറ്റിയ മുഖകാന്തിയോ ശരീരമോ ഇല്ലാത്തവര്‍. അവര്‍ ആരാധകലക്ഷങ്ങളുടെ കണ്ണിലുണ്ണിയായത് അനിഷേധ്യമായ പ്രതിഭയിലൂടെ മാത്രമാണ്. അഭിനജയജീവിതത്തില്‍ അനവധി ഉയര്‍ച്ചതാഴ്ചകളുണ്ടായിട്ടും, അവര്‍ ഇന്നും ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന, ദക്ഷിണേന്ത്യന്‍ സിനിമയുടെ കേന്ദ്രബിന്ദുക്കളാണ്. ഇവരില്‍ മോഹന്‍ലാലിനെ രജനിയില്‍ നിന്ന് വേര്‍തിരിക്കുന്ന മുഖ്യകാരണം അദ്ദേഹത്തിന്റെ അപാര നടനമികവാണ്. കമല്‍ഹാസന്റെ അഭിനയസിദ്ധിയും രജനീകാന്തിന്റെ താരപ്രഭാവവും ഒരുപോലെ സമന്വയിക്കുന്നൊരു താരപ്രഭാവമാണ് ലാലിന്റേത്. അതാണ് ലാലിനെ രജനിയില്‍ നിന്നു വിഭിന്നനാക്കുന്നത്.
1978ല്‍ താന്‍കൂടി പങ്കാളിയായിനിര്‍മ്മിച്ച തിരനോട്ടത്തിലൂടെയാണ് സിനിമാപ്രവേശമെങ്കിലും 1981ല്‍ പുറത്തുവന്ന നവോദയയുടെ പൂര്‍ണമായും പുതുമുഖങ്ങളെ വച്ചുള്ള പരീക്ഷണചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണല്ലോ മോഹന്‍ലാല്‍ എന്ന മലയാളിക്ക് പരിചയമില്ലാത്ത പേരുമായി ആ ചെറുപ്പക്കാരന്‍ അഭിനയയാത്ര തുടങ്ങുന്നത്. പിന്നീട് അദ്ദേഹം നടനായി, നിര്‍മ്മാതാവായി, ഗായകനായി, ഒടുവില്‍ സംവിധായകനുമായി. അരനൂറ്റാണ്ടാവുമ്പോഴും ഈ നടന് മലയാളി പ്രേക്ഷകര്‍ക്കിടയിലുള്ള ജനസമ്മതി അനന്യമാണ്. ഇന്നും അദ്ദേഹത്തിന്റെ സിനിമയ്ക്കുള്ള ആദ്യദിവസ കളക്ഷന്‍ സമാനതകളില്ലാത്തതാണ് .
സിനിമയോടുള്ള അടങ്ങാത്ത ആസക്തി തന്നെയാണ് മോഹന്‍ലാലിനെ’ ദ് കംപ്‌ളീറ്റ് ആക്ടര്‍’ എന്ന വിശേഷണത്തിന് അര്‍ഹനാക്കുന്നത്. സ്വാഭാവികാഭിനയത്തില്‍ വിശ്വസിക്കുന്ന മോഹന്‍ലാല്‍ എന്ന നടന്‍ സംവിധായകനു മുന്നില്‍ എന്നും ഇന്നും കളിമണ്ണാണ്. ഏതു രൂപത്തിലും ഭാവത്തിലും പരുവപ്പെടുത്തിയെടുക്കാന്‍ പാകത്തിന് അയവും വഴക്കവുമുള്ള കളിമണ്ണ്. ഇന്ത്യകണ്ട മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്മാരിലൊരാളായ സാക്ഷാല്‍ മണിരത്‌നത്തോട് അദ്ദേഹത്തിന്റെ ‘ഇരുവറി’ലെ മുഖ്യവേഷമഭിനയിക്കാനെത്തിയ മോഹന്‍ലാല്‍ പറഞ്ഞത് മണിതന്നെ പിന്നീട് തുറന്നുപറഞ്ഞ് ലോകം കേട്ടു- ഞാനൊരു ഗോള്‍കീപ്പറാണ്. നിങ്ങള്‍ പന്തെങ്ങോട്ടു തട്ടുന്നുവോ ഞാനങ്ങോട്ടു പായും. നിങ്ങള്‍ മറുവശത്തേക്കു തട്ടിയാല്‍ ഞാനതിലേ പോകും! സംവിധായകന്‍ സൂചിപ്പിക്കുന്ന വഴിയേ പിന്നാലെ പായുകയല്ല, സംവിധായകന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത സൂക്ഷ്മതലങ്ങളെപ്പോലും മുഖത്തും ശരീരത്തിലും ആവാ ഹിച്ചുകൊണ്ട് കഥാപാത്രത്തെ നയിക്കുന്നതാണ് മോഹന്‍ലാലിന്റെ സ്വാഭാവികശൈലി. അതുകൊണ്ടാണല്ലോ, സംസ്‌കൃതം പഠിക്കാത്ത മോഹന്‍ലാല്‍ ഒന്നരമണിക്കൂര്‍ ‘കര്‍ണഭാരം’ എന്ന സംസ്‌കൃതഏകാംഗ നാടകം അവതരിപ്പിച്ച വേദിയില്‍ വച്ച് മലയാളത്തിന്റെ എഴുത്തുവൃക്ഷം എം.ടി.വാസുദേവന്‍ നായര്‍ ലാലിനെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്നുവിളിക്കാന്‍ സന്നദ്ധനായത്
ഡയര്‍ പറഞ്ഞപോലെ എല്ലാ അഭിനേതാക്കളും താരങ്ങളായി മാറുന്നില്ല. എന്നാല്‍ മോഹന്‍ലാലിനെ ഇത്രയും വലിയ താരമാക്കിയതും, സിനിമ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഇപ്പോഴും നിലനിര്‍ത്തുന്നതും എന്താണ്? ഇന്ത്യന്‍ പട്ടാളവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ പ്രവര്‍ത്തന പ്രചാരണങ്ങള്‍ക്ക് അദ്ദേഹത്തെ മുഖമാക്കുന്നത് എന്തുകൊണ്ടാണ്? 45 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ നിരവധി വിവാദങ്ങള്‍ക്കു ശേഷവും അദ്ദേഹം വിജയകരമായി മുന്നോട്ട് പോവുന്നതിന്റെ കാരണങ്ങള്‍ എന്താണ്?
ഉത്തരങ്ങള്‍ പലതാണ്:
1. യുവാക്കളും, കുട്ടികളും, സ്ത്രീകളും മോഹന്‍ലാലിനെ സഹോദരനെപ്പോലെ സ്വീകരിക്കുന്നു
2. തുടക്കം മുതല്‍ അദ്ദേഹം വളര്‍ത്തിയെടുത്ത കരുതലുള്ള, നിഷ്‌കളങ്ക പ്രണയിയുടെ പ്രതിച്ഛായ.
3.ഏതൊരു മലയാളി സ്ത്രീയും ഹൃദയത്തില്‍ കാംക്ഷിക്കുന്ന ഭര്‍ത്താവിന്റെ രൂപത്തിന് മോഹന്‍ലാലെന്ന താരത്തിന്റെ പ്രതിച്ഛായയുമായുള്ള സാത്മ്യം
4.ചോക്ലേറ്റ് ഛായയില്ലാത്ത മുഖവും, അയത്‌നലളിതമായ ശരീരഭാഷയും.
5.സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍,സിബി മലയില്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ വളര്‍ത്തിയെടുത്ത സാധാരണക്കാരന്റെ പ്രതിച്ഛായ.
6.ഷാജി കൈലാസ്,രഞ്ജി പണിക്കര്‍, രഞ്ജിത് സിനിമകളിലൂടെ നിര്‍മ്മിച്ചെടുത്ത ആക്ഷന്‍ നായകന്റെ അതിമാനുഷ പരിവേഷം.
7.വാനപ്രസ്ഥം, വാസ്തുഹാര പോലുള്ള ബദല്‍ ചലച്ചിത്ര പരീക്ഷണങ്ങളെ പിന്തുണയ്ക്കുക വഴി നേടിയ ദേശീയ രാജ്യാന്തര അംഗീകാരം.
8. കഥകളി, ഭരതനാട്യം, താണ്ഡവം പോലുള്ള കലാരൂപങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍.
9. സിനിമയ്ക്കായി ഏത് പ്രയാസവും സാഹസവും സഹിക്കാന്‍ തയ്യാറാകുന്ന മനോഭാവം.
10. സിനിമയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണവും ആര്‍ജ്ജവമുള്ള സമീപനവും.
ഇവയെല്ലാമാണ് അദ്ദേഹത്തിന്റെ താരപ്രാധാന്യത്തെ ഉറപ്പിച്ചത്. അതിന്റെ തെളിവാണ്.ആരാധകര്‍ നല്‍കിയ ‘ലാലേട്ടന്‍’ എന്ന വിളിപ്പേര് തന്നെ!
മോഹൻലാൽ സ്വയം നിര്‍മ്മിച്ച സിബിമലയില്‍-ലോഹിതദാസ് സഖ്യത്തിന്റെ ഭരതം (1991), ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം (1999) തുടങ്ങിയ സിനിമകളിലെ അനന്യവും അനശ്വരവുമായ പ്രകടനം അദ്ദേഹത്തിന് ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കലാമണ്ഡലം ഗോപി, കീഴ്പടം കുമാരന്‍ നായര്‍, കലാമണ്ഡലം ശങ്കരന്‍കുട്ടി തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം തിരയിടം പങ്കിട്ട ‘വാനപ്രസ്ഥം’ കാനില്‍ മലയാളത്തിന്റെ കൊടിക്കൂറ വീണ്ടുമുയര്‍ത്തി. ആറുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള ഏക നടനായി മോഹൻലാൽ മാറി.
സിബിയുടെ ‘കിരീടം’, ബ്‌ളെസിയുടെ ‘പ്രണയം’ പോലെയുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ അദ്ദേഹം മനുഷ്യജീവിതത്തിന്റെ ഗൗരവവും ക്ഷണികതയും അവതരിപ്പിച്ചു. പ്രിയന്റെ ‘കാലാപാനി ‘പോലുള്ള മലയാളത്തിന് സങ്കല്പിക്കാനാവുന്നതിനമുപ്പു
അഭിനയിച്ചതും അല്ലാത്തതുമായ അമ്പതോളം സിനിമകളില്‍ ശിക്ഷിത ഗായകനല്ലാതിരിക്കെ 52 ഗാനങ്ങള്‍ ആലപിച്ച മറ്റൊരു മലയാള നടനില്ല, മോഹന്‍ലാലല്ലാതെ.ഭക്തിഗാനങ്ങളും ആല്‍ബം ഗാനങ്ങളുമിതിലുള്‍പ്പെടും.
‘ആഗ്രഹം കൊണ്ടു പാടിപ്പോയവന്‍ ‘എന്നാണ് ലാല്‍ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. കവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്ത കര്‍ണഭാരം (2001), മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ ‘കഥയാട്ടം’ സ്‌റ്റേജ് ഷോ, മുകേഷിനൊപ്പം കാളിദാസ കലാകേന്ദ്രത്തിന്റെ ബാനറില്‍ നടത്തിയ ‘ഛായാമുഖി’ നാടകം എന്നിവ അതിന്റെ ഉദാഹരണങ്ങളത്രേ.
തലമുറകള്‍ക്കിപ്പുറവും ഒപ്പം, പുലിമുരുകന്‍, ദൃശ്യം, ലൂസിഫര്‍, വിവാദമേറെ ഏറ്റുവാങ്ങിയ എംപുരാന്‍ എന്നിവ മലയാള സിനിമയെ ദശകോടികളുടെ ക്ലബ്ബിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ചരിത്രം. എല്ലാ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമപ്പുറവും വിജയിയായി മാത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന താരവ്യക്തിത്വമാണ് മോഹന്‍ലാലിന്റേത് എന്നു തെളിയിക്കുന്നതാണ് 2025ലെ ‘തുടരും’ എന്ന സിനിമയുടെ മഹാവിജയം.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍ താരമായിരിക്കെ, ഉല്‍പ്പന്നത്തെയും സ്ഥാപനത്തെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഒരു പരസ്യചിത്രം അതിന്റെ പ്രമേയത്തിലും ഇതിവൃത്തത്തിലും പാത്രനിര്‍മ്മിതിയിലും പുലര്‍ത്തിയ സാഹസികമായ സവിശേഷത കൊണ്ട് ആഗോള ശ്രദ്ധ നേടിയതിനും മോഹന്‍ലാല്‍ നിമിത്തമായി .വിന്‍സ്‌മേരയുടെ ജ്വല്ലറി പരസ്യം വൈറലായത് രാജ്യാതിര്ത്തികള്ക്കപ്പുറമാ
ആറോളം പുസ്തകങ്ങളെഴുതിയിട്ടുള്ള, ഓഷോയെ ആരാധിക്കുന്ന ലാല്‍ സ്ഥിരമായി ബ്ലോഗുകളും എഴുതുന്നുണ്ട്. മലയാള താരസംഘടനയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് 2001-ല്‍ പദ്മശ്രീയും 2019-ല്‍ പദ്മഭൂഷണും ലഭിച്ചു. ഏറ്റവുമൊടുവില്‍, ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് രാഷ്ട്രം ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിക്കുമ്പോള്‍, ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍, മലയാളത്തില്‍ നിന്ന് ഇതേറ്റുവാങ്ങുന്ന രണ്ടാമന്‍ എന്നീ റെക്കോര്‍ഡുകള്‍ക്കു കൂടി ഉടയോനാവുകയാണ് മോഹന്‍ലാല്‍.





