ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ ചക്രവർത്തി. ഇരുപതാം നൂറ്റാണ്ടിൽ ത്രിപുരയിലെ ആദിവാസികളുടെ പോരാട്ടങ്ങൾക്ക് വീര്യം പകർന്ന കമ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം. ബംഗാളിയെന്നോ ഗോത്രവർഗക്കാരനെന്നോ ഉള്ള ഭേദമില്ലാതെ ത്രിപുരയിലെ ജനങ്ങളെ ചെങ്കാടിക്കു കീഴിൽ അണിനിരത്തുന്നതിൽ നൃപൻ ചക്രവർത്തി വഹിച്ച പങ്ക് അതുല്യമാണ്. എണ്ണമറ്റ ദുരന്തങ്ങളോടും പ്രതിസന്ധികളോടും പ്രതിബന്ധങ്ങളോടും മല്ലടിച്ച് ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിലൊരാളായി മാറാൻ അദ്ദേഹത്തിനു സാധിച്ചു.
ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ആദിദാക്ക ജില്ലയിലെ ബിക്രംപൂർ എന്ന ഗ്രാമത്തിലാണ് നൃപൻ ജനിച്ചത്. പിതാവിന്റെ പേര് രാജ്‌കുമാർ ചക്രവർത്തി. ഉത്തം സുന്ദരിദേവി എന്നായിരുന്നു അമ്മയുടെ പേര്. മാതാപിതാക്കളുടെ ഒമ്പത് മക്കളിൽ എട്ടാമനായിരുന്നു നൃപൻ. പഠിത്തത്തിൽ വളരെ സമർഥനായിരുന്ന അദ്ദേഹം ഉയർന്ന മാർക്കോടെയാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ധാക്ക സർവകലാശലയിൽനിന്ന് ഡിസ്റ്റിങ്‌ഷനോടെയാണ് അദ്ദേഹം ബിഎ പാസായത്. ഉപരിപഠനത്തിനായി കൊൽക്കത്തയിലേക്ക് അദ്ദേഹം വണ്ടികയറി. കൊൽക്കത്ത സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്‌ത്രത്തിൽ എംഎ പാസായി. തുടർന്ന് നിയമപഠനത്തിനു ചേർന്നെങ്കിലും സജീവ രാഷ്‌ട്രീയപ്രവർത്തനത്തിനിറങ്ങിതുമൂലം അത് പൂർത്തിയാക്കാനായില്ല.
വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ നൃപൻ പൊതുപ്രവർത്തനത്തിൽ ആകൃഷ്‌ടനായി. കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയ പ്രവർത്തനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. 1930ൽ ധാക്കയിൽ നടന്ന നിയമലംഘന പ്രക്ഷോഭത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അതിന്റെ പേരിൽ അദ്ദേഹം ജയിലിലായി. ആദ്യത്തെ അറസ്റ്റും ജയിൽവാസവുമായിരുന്നു അത്. 1931ൽ അരംബാഗിൽ നടന്ന നിയമലംഘന പ്രസ്ഥാനത്തിലും അദ്ദേഹം പങ്കെടുത്തു. ആ പ്രക്ഷോഭത്തിലും അദ്ദേഹം തടവിശിക്ഷ അനുഭവിച്ചു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയോട് അനുഭാവം തോന്നിയ അദ്ദേഹം താമസിയാതെ അതിന്റെ സജീവ പ്രവർത്തകനായി. ബംഗാൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ജോയിന്റ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഹിരൺ മുഖർജിയായിരുന്നു മറ്റൊരു ജോയിന്റ് സെക്രട്ടറി. ഈ കാലയളവിൽ തൊളിലാളികളെ സംഘടിപ്പിക്കുന്നതിനായി ഒരു ചണമിൽ തൊഴിലാളിയായി ജോലിചെയ്‌തു. ചണമിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. തുടർന്ന് കോർപറേഷൻ തൊഴിലാളികളെയും കുടനിർമാണ തൊഴിലാളികളെയും സംഘടിപ്പിച്ചു.
1930‐35 കാലത്തെ രാഷ്‌ട്രീയ സംഭവവികാസങ്ങൾ നൃപൻ ചക്രവർത്തിയെ മാർക്‌സിസത്തിലേക്ക് കൂടുതലായി ആകർഷിച്ചു. മാർക്‌സിസ്റ്റ് കൃതികൾ ധാരാളമായി അദ്ദേഹം പഠിച്ചുു; അവയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് വിശകലനം നടത്തി.
അതിനിടയിൽ ആനന്ദ് ബസാർ പത്രികയിൽ സബ് എഡിറ്ററായി അദ്ദേഹം പ്രവർത്തിച്ചു. പത്രപ്രവർത്തനത്തോടുള്ള അതീവ താൽപര്യമായിരുന്നു അതിനു കാരണം. ആനന്ദ് ബസാർ പത്രികയിൽ പ്രവർത്തിക്കവെയാണ് 1935ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 1936ൽ തന്നെ അദ്ദേഹം പാർട്ടിയുടെ ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായി നിയോഗിക്കപ്പെട്ടു. അതീവ രഹസ്യമായ പ്രവർത്തനങ്ങളാണ് അന്ന് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയിരുന്നത്.
1938ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം രഹസ്യ സമ്മേളനം ചന്ദർനഗറിൽ ചേർന്നു. അപ്പോഴേക്കും സംഘടനാ പാടവംകൊണ്ടും അക്ഷീണ പ്രവർത്തനങ്ങൾകൊണ്ടും ശ്രദ്ധേയനായി അദ്ദേഹം മാറി. ആ സമ്മേളനം നൃപൻ ചക്രവർത്തിയെ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.
1939ൽ രണ്ടാംലോകയുദ്ധം ആരംഭിച്ചതോടെ രാഷ്‌ട്രീയ സ്ഥിതിഗതികളാകെ മാറി. യുദ്ധത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത കമ്യൂണിസ്റ്റ് പാർട്ടിയെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു. ഒളിവിൽ പോയ നൃപൻ ചക്രവർത്തി പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതനായി. 1940ൽ വടക്കൻ കൊൽക്കത്തയിലെ ഒരു ഒളിവുസങ്കേതത്തിൽനിന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഹിജലി തടവ് ക്യാമ്പിലേക്ക് നൃപനെ താമസിയാതെ മാറ്റി.
1941ൽ സാഹസികരായ ചില സഖാക്കൾക്കൊപ്പം അദ്ദേഹം ജയിൽചാടി. പാർട്ടി സംഘടിപ്പിക്കുന്നതിൽ അതീവ സാഹസികമായി അദ്ദേഹം പ്രവർത്തിച്ചു. 1942ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം സർക്കാർ പിൻവലിച്ചു. എന്നാൽ ജയിൽ ചാടിയതിന്റെ പേരിൽ നൃപൻ ചക്രവർത്തിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. അതിനാൽ നൃപന് ഒളിവിൽ തന്നെ പ്രവർത്തിക്കേണ്ടിവന്നു.
1943ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിനുശേഷം ഒളിവു ജീവിതത്തിൽ നിന്ന് നൃപൻ പുറത്തുവന്നു. കൽക്കത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുക എന്ന ദൗത്യമാണ് പാർട്ടി അദ്ദേഹത്തെ ഏൽപിച്ചത്.
1945ൽ പാർട്ടിയുടെ ബംഗാൾ ഘടകത്തിന്റെ മുഖപത്രമായ ‘സ്വാധീനത’ ആരംഭിച്ചു. നൃപൻ അതിന്റെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു. പത്രപ്രവർത്തനം നേരത്തെ തന്നെ ഹരമായിരുന്ന അദ്ദേഹത്തിന് പാർട്ടി പത്രത്തിൽ പ്രവർത്തിച്ച് പത്രപ്രവർത്തനത്തെ പാർട്ടി പ്രവർത്തനമാക്കി മാറ്റാൻ കഴിഞ്ഞു. സോമനാഥ് ലാഹിരിയായിരുന്നു അന്ന് ‘സ്വാധീനത’യുടെ എഡിറ്റർ. പത്രപ്രവർത്തനത്തിന്റെ എല്ലാ ചുമതലകളും നിർവഹിക്കാൻ നൃപന് സാധിച്ചു.
1948ൽ നെഹ്‌റു സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. രണ്ടാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച തീസിസിന്റെ പേരിലായിരുന്നു നിരോധനം. നൃപൻ വീണ്ടും ഒളിവിൽ പോയി.
1950ൽ പാർട്ടി നിർണായകമായ ഒരു തീരുമാനമെടുത്തു. നൃപൻ ചക്രവർത്തിയുടെ ജീവിതത്തെയും അടിമുടി മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. നൃപൻ തൃപുരയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തട്ടെ എന്നതായിരുന്നു ആ തീരുമാനം. അതനുസരിച്ച് അദ്ദേഹം ത്രിപുരയിലേക്ക് പോയി. ത്രിപുരയിലെ കുന്നുകളിലും മലകളിലും വനാന്തരങ്ങളിലുമായിരുന്നു അന്ന് ആദിവാസി ഗോത്ര ജനവിഭാഗങ്ങൾ ഏറെയും അധിവസിച്ചിരുന്നത്. അവരെ രാഷ്‌ട്രീയമായി ബോധവത്‌കരിക്കുകയും മുഖ്യധാരയിൽ അണിനിരത്തുകയും ചെയ്യുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ത്യാഗോജ്വലവും സമർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനവും മൂലം ആ ലക്ഷ്യം നേടാൻ അദ്ദേഹത്തിന് സാധിച്ചു. ആദിവാസികളുടെ അനിഷേധ്യ നേതാവായിരുന്ന ദശരഥ് ദേബ്, ഗോത്രേതര വിഭാഗത്തിന്റെ നേതാവ് ബിരൺദത്ത എന്നിവരുമായി ചേർന്നാണ് നൃപൻ പ്രവർത്തനങ്ങൾ നടത്തിയത്.
1952, 1962, 1972, 1977, 1983, 1988, 1993 എന്നീ വർഷങ്ങളിൽ നൃപൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാർലമെന്റേറിയനെന്ന പേര് ആദ്യംതന്നെ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
1962ലും 1965ലും 1975ലും കോൺഗ്രസ് സർക്കാരുകൾ അദ്ദേഹത്തെ ജയിലിലടച്ചു. പലപ്പോഴായി 18 വർഷക്കാലം അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു.
1978ൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ആദ്യമായി അധികാരത്തിൽ വന്നപ്പോൾ നൃപൻ ചക്രവർത്തിയാണ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടത്. ഏറെ പ്രയാസകരമായ ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ത്രിപുരയുടെ ഭരണസാരഥ്യം ഏറ്റെടുത്തത്. അവഗണിക്കപ്പെട്ടു കിടന്ന ഈ ഭൂപ്രദേശത്ത് ഒരു പുതിയ രാഷ്‌ട്രീയ മുന്നേറ്റമുണ്ടാക്കുന്നതിന് അമൂല്യമായ സംഭാവനയാണ് നൃപൻ നിർവഹിച്ചത്. മറ്റു പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെന്നപോലെ വിഘനവാദശക്തികൾ ത്രിപുരയിലും സജീവമായിരുന്നു. ത്രിപുരയിലെ ബംഗാളികളായ കുടിയേറ്റക്കാരെയും തദ്ദേശീയരായ ഗോത്രവർഗക്കാരെയും പരസ്‌പരം ശത്രുക്കളാക്കി മാറ്റാനും അതിൽനിന്ന് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുമാണ് തീവ്രവാദികൾ ശ്രമിച്ചത്. ബംഗ്ലാദേശ് താവളമാക്കിക്കൊണ്ട് സായുധ തീവ്രവാദി സംഘങ്ങൾ നിരന്തരം ത്രിപുരയ്‌ക്ക് നേരെ കടന്നാക്രമണം നടത്തിക്കൊണ്ടിരുന്നു. അധികാര കുത്തക തകർന്ന കോൺഗ്രസാകട്ടെ ആകെ വെറിപിടിച്ച അവസ്ഥയിലുമെത്തി. സായുധരായ തീവ്രവാദിസംഘങ്ങളെ പരസ്യമായി സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തന്നെ കോൺഗ്രസ് പലതവണ ശ്രമിച്ചു. 1988ൽ അട്ടിമറിയിലൂടെ കോൺഗ്രസ് ഭരണം പിടിക്കുകയും ചെയ്‌തു.
പത്തുവർഷക്കാലത്തെ തുടർച്ചയായ ഭരണത്തിലൂടെ ത്രിപുരയിലെ ജനങ്ങളുടെ സർവതോമുഖമായ പുരോഗതിക്ക് നിരവധി കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. ആദിവാസികളുടെ അവകാശവും സംസ്‌കാരവും സംരക്ഷിക്കാൻ പ്രത്യേക ആദിവാസി സ്വയംഭരണ കൗൺസിലിനു രൂപം നൽകിയത് നൃപൻ ചക്രവർത്തി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മികച്ച ഭരണാധികാരി എന്ന നിലയിൽ നൃപൻ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.
1988ൽ തിരഞ്ഞെടുപ്പ് ക്രമക്കേടിലൂടെ കോൺഗ്രസ് അധികാരം പിടിച്ചെടുത്ത കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ? അവിടെ കടുത്ത ആക്രമണങ്ങളും അടിച്ചമർത്തലുമാണ് കോൺഗ്രസ് സർക്കാർ നടത്തിയത്. എന്നാൽ അതിനെതിരെ അനാരോഗ്യം തീരെ വകവെക്കാതെ നൃപൻ രംഗത്തുവന്നു. ജനങ്ങളെ അണിനിരത്തി സർക്കാരിന്റെ നരനായാട്ടിനെതിരെ പ്രതിഷേധിക്കുന്നതിന് അസാധാരണമായ വൈഭവവും ഇച്ഛാശക്തിയുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ത്രിപുര രാഷ്‌ട്രീയത്തിലെ അതികായനായിരുന്ന അദ്ദേഹത്തെ 1972ൽ മധുരയിൽ ചേർന്ന സിപിഐ എം ഒന്പതാം കോൺഗ്രസ്, കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. 1983ൽ പൊളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
പാർട്ടിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് 1995ൽ അദ്ദേഹത്തെ സിപിഐ എമ്മിൽനിന്ന് പുറത്താക്കി. എങ്കിലും മരണംവരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് സംരക്ഷിച്ചത് പാർട്ടി തന്നെയാണ്. നൃപൻ ചക്രവർത്തി പാർട്ടിക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു.
വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. വസ്‌ത്രങ്ങളും പുസ്‌തകങ്ങളുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നില്ല. അവിവാഹിതനായിരുന്ന അദ്ദേഹം അഗർത്തല എംഎൽഎ ഹോസ്റ്റലിലെ ഒരു മുറിയിലായിരുന്നു കഴിഞ്ഞുകൂടിയത്. നൃപൻ ചക്രവർത്തിയെക്കുറിച്ച് സിപിഐ എം നേതാവായിരുന്നു ഇ ബാലാനന്ദൻ ഇങ്ങനെ രേഖപ്പെടുത്തി: ‘‘സഖാവ് നൃപൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാൻ ത്രിപുരയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം പാർട്ടി ഓഫീസിനടുത്തുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പത്രാസോ പദവിയോ ഒരിക്കലും അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞില്ല. എന്നും ലളിത ജീവിതമാണ് നയിച്ചത്’’.
2004 ഡിസംബർ 25ന് നൃപൻ ചക്രവർത്തി അന്തരിച്ചു. l