വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന് വടക്കും കാസർഗോഡ് ജില്ലയിലും മാത്രമാണ് മുസ്ലിം തെയ്യങ്ങളെ കാണാൻ കഴിയുന്നത്. പഴയ കാലത്ത് നിലനിന്നിരുന്ന മത സൗഹാർദ്ദത്തിൻ്റെ ഉത്തമോദാഹരണമായി മുസ്ലിം നാമധാരികളായ ഇസ്ലാമിക ആചാരങ്ങളുമായി ചേർന്ന് ആയ തെയ്യങ്ങൾ കെട്ടിയാടുന്നത് കാണാൻ കഴിയും.
ജാതി-മത അതിർവരമ്പുകൾ ഇല്ലാതിരുന്ന പഴയകാലത്ത്, സ്നേഹത്തിൻ്റെ പ്രതീകമായിരുന്ന ജീവിതവ്യവസ്ഥയെ അനാവരണം ചെയ്യുന്ന നിലയിലാണ് എല്ലാ ഇസ്ലാമിക തെയ്യങ്ങളും അവതരിപ്പിച്ചത്. എന്നാൽ ഉമ്മച്ചി തെയ്യം എന്നത് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്ത് കാക്കാട് കോവിലകത്താണ് കെട്ടിയിറങ്ങാറ്.
പൂക്കട്ടിയോടെ മുടിയും അരിച്ചാന്ത് കൊണ്ടുള്ള ദേഹാലങ്കാരവും ഉമ്മച്ചി തെയ്യത്തിൻ്റെ പ്രത്യേകതയാണ്. യോഗ്യാർ അകമ്പടി തെയ്യമാണ് കെട്ടിയിറങ്ങുന്നത്. എന്നാൽ തെയ്യാട്ടത്തിനിടെ പർദ്ദ ധരിച്ച് ഉമ്മച്ചിതെയ്യമായി മാറുകയാണ് പതിവ്. പർദ്ദ ധരിച്ചിറങ്ങുന്ന തെയ്യം ഈ ഉമ്മച്ചി തെയ്യമല്ലാതെ മറ്റൊന്ന് കാണാൻ കഴിയില്ല. എല്ലാ വർഷവും മേടം 9നാണ് ഈ തെയ്യം കെട്ടിയാടുന്നത്.
ഉമ്മച്ചി തെയ്യത്തിൻ്റെ ഐതിഹ്യം രസകരമാണ്. നീലേശ്വരം രാജവംശത്തിൻ്റെ ഉത്സവ കഥയുമായി ബന്ധപ്പെട്ട ചരിതമാണ് തെയ്യം പറയുന്നത്. ജാതി-മത ഭേദം കൂടാതെ ഏവരും ജീവിച്ച കാലമായതിനാൽ നീലേശ്വരം കോവിലകത്തു ജോലിക്കാരിയായി മുസ്ലിം സ്ത്രീയുമുണ്ടായിരുന്നു. പരിസരത്ത് എല്ലാ കോവിലകങ്ങളിലും മത പരിഗണന കൂടാതെ ജോലിക്കാർ ഉണ്ടായിരുന്നു. നീലേശ്വരം കോവിലകത്തുനിന്നും നെല്ല് ഉരളിലിട്ട് കുത്തിയെടുക്കുകയായിരുന്നു ഒരു മുസ്ലിം സ്ത്രീ. സാധാരണ നെല്ല് കുത്തുന്നതിനിടയിൽ പാകമായോ എന്ന് നോക്കാൻ കൈക്കുമ്പിളിൽ അരി കോരിയെടുത്തു നോക്കുക പതിവുണ്ട്. ഇതിനിടയിൽ നെല്ല് കുത്തുന്ന മുസ്ലിം സ്ത്രീ തവിട് തിന്നു എന്ന് പരാതിയുണ്ട്. ഈ കണ്ട കാര്യസ്ഥൻ യോഗ്യാർ നമ്പടി തികഞ്ഞ കോപിഷ്ടനാവുകയും ഉലക്ക കൊണ്ട് മുസ്ലിം സ്ത്രീയെ തല്ലി കൊല്ലുകയുമായിരുന്നു. ഇതോടുകൂടി ദുർനിമിത്തങ്ങൾ കോവിലകത്താകെയും സംഭവിക്കുന്ന നിലയിലായി. വേദനാജനകമായ സംഭവങ്ങൾ തുടരുന്നത് ഒഴിവാക്കാനായി ഉമ്മച്ചിതെയ്യം കെട്ടിയാടുവാൻ തീരുമാനിക്കുകയായിരുന്നു. തെയ്യം യോഗ്യാർ നമ്പടിയായും പുനർജനിക്കുന്ന നിലയുണ്ടായി.
മുസ്ലിം സംസ്കാരത്തിൻ്റെ ഭാഗമായുള്ള പാട്ടുകളിലും സംഭാഷണങ്ങളിലും അവരുടെ ഭാഷ ഒട്ടും വ്യതിചലിക്കാതെ ഉമ്മച്ചിതെയ്യത്തിൻ്റെ പ്രത്യേകതയാണ്. സമീപകാലത്ത് തെയ്യം പാടുന്നതിൽ ‘ഇക്കാൻ്റെ കരളേ ഉമ്മാൻ്റെ പൊരുളെ….’ തുടങ്ങിയ സിനിമാ ഗാനങ്ങൾ പോലുമുണ്ട്. തെയ്യം കെട്ടി ഇറങ്ങിയാൽ ഭക്തർ കോടിമുണ്ട് തെയ്യത്തിന് സമർപ്പിക്കാറുണ്ട്. ഇത് മുസ്ലിം ആചാരപ്രകാരമുള്ള തട്ടം പോലെ ധരിക്കുന്നതിനാണ് സമർപ്പിക്കുന്നത്. ഭക്തിയാദരവോടെ വിശ്വാസികൾ ഉമ്മച്ചിതെയ്യം കെട്ടിയാടുമ്പോൾ ഉലക്കയെടുത്ത് നെല്ല് കുത്തുന്ന കാഴ്ചയും തികച്ചും വേറിട്ടത് തന്നെയാണ്. നെല്ല് കുത്തുമ്പോഴും മാപ്പിളപ്പാട്ട് ആലപിക്കാറുണ്ട്.
ഏവരും സൗഹാർദ്ദത്തോടെ ജീവിക്കുന്നയിടത്ത് പട്ടിണിയും ദാരിദ്ര്യവുമുള്ള മനുഷ്യർ അസഹ്യമായ വിശപ്പടക്കാൻ ഒരുപിടി തവിടുപോലും വായിലിടുന്നത് അക്ഷന്തവ്യമായ കുറ്റമായി കാണുന്നത് മനുഷ്യവിരുദ്ധം തന്നെയാണ്. എന്നാൽ ഇവിടെ ശിക്ഷിക്കപ്പെട്ട ഭൗതിക ശരീരം മാത്രമേ ഇല്ലാതാക്കാൻ കഴിയൂ എന്നും അവരുടെ ചിന്തകളും ഓർമകളും പലവിധ ദുരന്തങ്ങളായി പെയ്തിറങ്ങുന്നതും ഈ തെയ്യത്തിൻ്റെ ഐതിഹ്യം ഓർമ്മപ്പെടുത്തുന്നു. ഏറ്റുവാങ്ങേണ്ടി വരുന്ന തുടർച്ചയായ തിരിച്ചടികൾക്ക് പ്രതിവിധി ഉമ്മച്ചിതെയ്യം തന്നെ കെട്ടിയാടി പശ്ചാതാപം രേഖപ്പെടുത്തുകയാണ് അഭികാമ്യമെന്ന് ഈ തെയ്യത്തിൻ്റെ പുരാവൃത്തം നമ്മെ ഓർമ്മപ്പെടുത്തുന്നു.