നമ്മുടെ ചിന്താധാരകളെയും അന്തർദർശനങ്ങളെയും എങ്ങനെ ഉദാത്തമായി ആവിഷ്‌കരിക്കാനാവുമെന്ന് ചിന്തിക്കുകയും ചിത്രതലത്തിലേക്ക് രൂപവർണങ്ങളായി ആവിഷ്‌കരിക്കുകയുമാണ് കലാകാരർ. സമകാലിക കലയിൽ പുതിയകാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് മികച്ച രചനകളാൽ അവർ സമ്പന്നമാവുകയാണ്. നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഊർജം പേറുന്ന ഉൾക്കരുത്തിലുടെയാണ് കലാകാരർ കടന്നുപോകുന്നത്. ഇത്തരം ചിന്തകളിലും കാഴ്‌ചാനുഭവങ്ങളിലൂടെയുമാണ് പുതിയ കലാവിഷ്‌കാരങ്ങൾ രൂപപ്പെടുന്നതും. ആശയ ലോകത്തുനിന്ന് കലാവിഷ്‌കാരങ്ങൾ രൂപപ്പെടുന്നതുപോലെയാണ് ആശയങ്ങൾക്കപ്പുറത്തേക്കുള്ള വാതായനം തുറന്ന് വർണക്കാഴ്‌ചകൾ നമ്മെ കാട്ടിത്തരുന്നത്. ഈ കലാസൃഷ്ടികൾ കാലാതീതമായി നിലനിൽക്കുന്നത് അവയിൽ ആത്മാർഥതയുടെയും സത്യത്തിന്റെയും ഉൾക്കനമുള്ളതുകൊണ്ടു കൂടിയാണ്.
ഇത്തരം കാഴ്‌ചകളുടെ നവീനമായ ഭാവതലങ്ങളിലേക്ക് ആസ്വാദകരെ നയിക്കുന്ന ക്യൂറേറ്റഡ് ചിത്ര ശിൽപ പ്രദർശനങ്ങൾ മികവാർന്ന രീതിയിൽ കേരളത്തിൽ സംഘടിപ്പിക്കുന്നുണ്ട്. അവയിലൊരു പ്രദർശനമാണ് ചിത്രകാരൻ ഒ സുന്ദർ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഗ്യാലറിയിൽ സംഘടിപ്പിച്ചത്. കലയും ജീവിതവും തമ്മിലുള്ള കാവ്യാത്മക പ്രദർശനത്തിന്റെ ശീർഷകത്തിലൂടെ ചിത്രതലങ്ങളിലേക്ക് സഞ്ചരിക്കുന്നു ‘തണുത്ത കാറ്റിൽ ഇലകളുലയുമ്പോഴുള്ള സൂക്ഷ്‌മശബ്ദം, പ്രകൃതിയുടെ ചലനവുമായി ഇഴചേരുന്ന വിസ്‌മയ മുഹൂർത്തങ്ങളാകുന്നു’ സുന്ദർ പറയുന്നു.
‘ഋതുക്കൾക്ക് ഈണമുണ്ട്‐ താളമുണ്ട്. ഋതുമതിയാകുന്ന ഋതുക്കളുടെ കൂടിച്ചേരലിലാണ് പ്രണയം സംഭവിക്കുന്നതെന്ന്’ വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ വാക്കുകൾ. പ്രകൃതിക്കുള്ളിലെ ജൈവവ്യൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പമാണ് ഋതുക്കളുടെ ലാവണ്യതലങ്ങൾക്ക് രൂപപരിണാമം സംഭവിക്കുകയെന്ന കാഴ്‌ചാനുഭവത്തിലേക്കാണ് ഈ ചിത്രപ്രദർശനവും ആസ്വാദകരെ സ്വീകരിക്കുന്നത്.
മനുഷ്യരുടെയും പ്രകൃതിയുടെയും അനുഭവപ്രകാശത്തെ ദാർശനികമായ തലത്തിലൂടെ നോക്കിക്കാണുകയും തീവ്ര വർണക്കാഴ്‌ചകളിലൂടെ അവതരിപ്പിക്കുകയുമാണ് ബോസ് കൃഷ്‌ണമാചാരിയുടെ ചിത്രം. നമ്മുടെ സാംസ്‌കാരിക‐രാഷ്‌ട്രീയ അവബോധത്തിലേക്കുള്ള ഓർമപ്പെടുത്തലുകൾ വായിച്ചെടുക്കാനാകുന്നു. പ്രകൃതികാഴ്‌ചകൾ, നിത്യജീവിത കാഴ്‌ചകൾ ഇവയൊക്കെച്ചേർന്ന രൂപവർണ പ്രയോഗത്തിലൂടെ ഗ്രാമവഴികളിലൂടെയും പച്ചപ്പിന്റെ ടോണുകളിലൂടെയും സഞ്ചരിക്കുകയാണ് അഖിലേഷ് ഡി ആറിന്റെ ചിത്രം. സർഗാത്മക ചിന്തകളും ക്രിയാത്മകമായ സദ്‌ഭാവനകളുമാണ് നമ്മുടെ സ്വത്വത്തെ തിരിച്ചറിയുന്നതെന്ന വെളിപാടിനെ ലഘൂകരിച്ചവതരിപ്പിക്കുകയാണ് മനോജ് വെയിലൂരിന്റെ ചിത്രങ്ങൾ. സംഗീതം, ചിത്രകല, സാഹിത്യം തുടങ്ങിയ കലകളുടെ സമന്വയത്തിലൂടെ രൂപപ്പെടുന്ന സൗന്ദര്യശാസ്‌ത്രത്തെ വിശകലനം ചെയ്യുന്ന ചിത്രം. ജീവിതത്തിന്റെ ചെറിയൊരു കോണിൽനിന്ന് വിശാലമായ പ്രപഞ്ചത്തിലേക്ക് കടന്നുപോകുന്ന മനസിന്റെ സങ്കീർണഭാവങ്ങൾ മുടിച്ചുരുളുകളിലൂടെ അവതരിപ്പിക്കുന്ന സൂരജ കെ എസിന്റെ ചിത്രം തുടങ്ങിയവ സ്വതന്ത്രമായൊഴുകുന്ന പുഴപോലെ ഭാവനയുടെ സവിശേഷമായ കൽപനകൾ ദൃശ്യമാക്കിത്തരുന്നു.
നിശബ്ദതയുടെ താളലയങ്ങളെ സർഗാത്മക ജീവിതമുഹൂർത്തങ്ങളായി ചാലിച്ചുചേർക്കുന്ന മനുഷ്യരൂപവും (ബൈജുദേവ് വരച്ചത്) തെരുവിന്റെ സ്വാതന്ത്ര്യത്തിലൂടെ ഒഴുകുന്ന രേഖകളുമായി ഗോപിദാസിന്റെ ചിത്രവും ശ്രദ്ധേയമാകുന്നു.
നേർരേഖകളിൽനിന്ന് വക്രരേഖകളിലൂടെ രൂപവർണമേളനങ്ങളിൽ വിഷയത്തോടു പുലർത്തുന്ന സമീപനത്തോടൊപ്പമാണ് നിറങ്ങളുടെ തിരഞ്ഞെടുപ്പും. ആഴത്തിൽ പതിയുന്ന അനുഭവങ്ങളും ഋതുഭേദങ്ങളുടെ നിറക്കൂട്ടുകളും മനോഹരമായി ഈ ചിത്രതലങ്ങളിലൊക്കെ പ്രകടമാകുന്നുണ്ട്. പരിമിതമായ നിറച്ചാർത്തിലൂടെ മനുഷ്യനെയും പ്രകൃതിയെയും ഉൾക്കൊള്ളുന്ന വിശാലമായ ആശയപ്രപഞ്ചമാണ് റിഷിൻ സമൻ രചിച്ച ശ്രദ്ധേയമായ വുഡ്‌കട്ട്.
സ്വപ്‌നപശ്ചാത്തലമൊരുക്കി ഭാവനയുടെ ക്രിയാത്മക രൂപകൽപനകളോടെയാണ് മാറുന്ന ലോകത്തെയും ജീവിതത്തെയും ശിൽപരൂപങ്ങളിലൂടെ ആവിഷ്‌കരിക്കുകയാണ് സുമേഷ് ബി എസ്, നിതിൻ ദാസ് എന്നിവരുടെ ശിൽപങ്ങൾ.
കലയുടെ ഊർജം പ്രസരിപ്പിക്കുന്ന മുപ്പതോളം രചനകളുടെ പ്രദർശനമാണിത്. സാമൂഹിക പ്രതിബദ്ധതയോടൊപ്പം ദിശാബോധം നൽകുകയെന്ന ലക്ഷ്യവും ഇത്തരം കലാപ്രവർത്തനങ്ങളിലും കലാസൃഷ്ടികളിലും തെളിയുന്നു. ഓരോ മനുഷ്യന്റെയും നിലനിൽപിനാധാരമാകുന്ന പ്രകൃതിയെ ചേർത്തുപിടിക്കുകയെന്ന സത്യത്തിലേക്ക് വിരൽചൂണ്ടുന്ന ദൃശ്യപ്പൊലിമ കൂടിയാണ് സുന്ദർ ക്യൂറേറ്റ് ചെയ്‌ത ഈ പ്രദർശനം. l