“സമയം 5.17. ശിവറാം ഗോധ്ര പോക്കറ്റിൽനിന്നു 9mm ബെരേറ്റ കൈയിലെടുത്തു.
“തീവ്രവാദിയെ കൊല്ല്. രാജ്യദ്രോഹിയെ കൊല്ല്.” ജനം ആർത്തട്ടഹസിച്ചു.
വണ്ടി കുലുങ്ങി. താൻ താഴെ വീഴുമെന്ന് ആബിയയ്ക്ക് തോന്നി.
കൺപോളകൾക്കു കനംവെച്ചു. കണ്ണടഞ്ഞുപോകുന്നു.
ശിവറാം ഗോധ്ര കാഞ്ചിയിൽ വിരൽ തൊട്ടു. നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിയെ കൊല്ലുന്നതിനു തൊട്ടുമുമ്പ് അനുഭവിച്ച അതേ സംഘർഷം, ആത്മസുഖം ശിവറാം ഗോധ്രയും അറിഞ്ഞു.
വെടി പൊട്ടി.
“യാ അള്ളാഹ്.”
രക്തസാക്ഷിത്വം സ്വാതന്ത്ര്യസമരമാണ് “
വിനോദ് കൃഷ്ണയുടെ 2022 ൽ പുറത്തിറങ്ങിയ 9mm ബെരേറ്റ എന്ന നോവൽ അവസാനിക്കുന്നത് ചരിത്രത്തിൻ്റെ ആപത്കരമായ മറ്റൊരു സന്ധിയിലാണ്. ഗാന്ധിയുടെ ഹൃദയം ഭേദിച്ച തോക്കിൻ്റെ ചരിത്രസഞ്ചാരമായ നോവൽ അതിസൂക്ഷ്മമായി ഹിന്ദുത്വ ഇന്ത്യയുടെ വികാസ ചരിത്രമാണ് രചിക്കുന്നത്. മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഹൃദയം ഭേദിച്ചാണ് ഹിന്ദുത്വ ഇന്ത്യൻ മണ്ണിൽ വേരാഴ്ത്തിയത്. വെറുപ്പിൻ്റെ മഹാകാശം അത് മനുഷ്യരിൽ തീർത്തു. ഏറ്റവും ക്രൂരവും അതിനിന്ദ്യവുമായ പ്രവൃത്തികളാൽ ഇന്ത്യൻ ജനതയുടെ ജീവിതത്തെ ഇന്ന് അത് ശിഥിലമാക്കുന്നു. മലയാളഭാവന ഹിന്ദുത്വയോട് നടത്തിയ സവിശേഷമായ അഭിമുഖീകരണമായി 9mm ബെരേറ്റയെ കണക്കാക്കാം. വർത്തമാനവും ചരിത്രവും നോവലിൻ്റെ സൂക്ഷ്മശരീരത്തിൽ ഇടകലരുന്നു. വിനോദ് കൃഷ്ണയുടെ ബേപ്പൂർ കേസിലെ കഥകളിലും ഈ വർഗ്ഗീയ രാഷ്ട്രീയത്തോടും അമിതാധികാരത്തോടുമുള്ള കലാപ്രതികരണങ്ങൾ കാണാം. ഒരേ സമയം കലാപരമായ സുഭദ്രതയും രാഷ്ട്രീയമായ സൂക്ഷ്മതയും ഈ ആഖ്യാനങ്ങളിൽ സമ്മേളിക്കുന്നു. ഗാന്ധിയുടെ ഓർമ്മകളുള്ള ഒക്ടോബർ രണ്ടിൽ 9mm ബെരേറ്റ തുറന്നു വച്ച് കഥാകൃത്തും നോവലിസ്റ്റും ചലച്ചിത്രകാരനുമായ വിനോദ് കൃഷ്ണയുമായി സംസാരിക്കുന്നു.
പി കൃഷ്ണദാസ് : ഗാന്ധിയെ ഓർമ്മിക്കുന്ന ഒരു സന്ദർഭത്തിലാണ് നമ്മൾ സംസാരിക്കുന്നത്. ഗാന്ധിയുടെ ഓർമ്മ ഉടനീളം നിറഞ്ഞുനിൽക്കുന്ന നോവൽ എഴുതിയ വിനോദ് കൃഷ്ണ രാജ്ഘട്ടിലും ഡൽഹിയിലെ ഗാന്ധി മ്യൂസിയത്തിലും ചമ്പാരനിലും ഗാന്ധി ഓർമ്മയെ പുന:സന്ദർശിക്കുന്നുണ്ട്. ഗാന്ധിയുടെ ഓർമ്മകളിലൂടെ ആഴത്തിൽ സഞ്ചരിച്ച ഒരാൾ എന്ന നിലയിൽ വർത്തമാനകാല ഇന്ത്യയിൽ വിനോദ് കൃഷ്ണയ്ക്ക് എന്താണ് ഗാന്ധി? ഗാന്ധിയുടെ ജീവിത വൈരുധ്യങ്ങൾ ചൂണ്ടി കാട്ടുന്ന അഭിപ്രായ രൂപീകരണങ്ങൾ ഒരു വശത്ത്. മറുവശത്ത് ഗാന്ധി ഘാതക പൂജയും. ഈ പശ്ചാത്തലത്തിൽ വർത്തമാനകാലത്ത് വിനോദ് കൃഷ്ണ എങ്ങനെയാണ് ഗാന്ധിയെ കാണുന്നത്?
വിനോദ് കൃഷ്ണ : ബുദ്ധിപരമായ സത്യസന്ധത പുലർത്തിയിരുന്ന ആളായിരുന്നു ഗാന്ധി. അനുദിനം പുതുക്കി കൊണ്ടിരുന്ന ഒരാൾ. താൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് തിരുത്താനുള്ള വ്യക്തിശുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാൻ 100% സത്യസന്ധതയുള്ള, അഹിംസയിൽ പൂർണ്ണമായും വിശ്വസിക്കുന്ന ഒരാൾക്ക് മാത്രം സാധ്യമായ കാര്യമാണ്. ഞാനൊരു സനാതന ഹിന്ദുവാണെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. പക്ഷേ സനാതനധർമ്മവും അതിന്റെ ഭാഗമായ അയിത്തവും വർണ്ണ വ്യവസ്ഥയും പ്രാക്ടീസ് ചെയ്ത ഒരാളല്ല ഗാന്ധി. സത്യാഗ്രഹത്തെ ശ്രീനാരായണ ഗുരുവും അംബേദ്കറും വർണാശ്രമ ധർമ്മ ഭഞ്ചനത്തിനുള്ള ഉപാധിയായി ദർശിച്ചപ്പോൾ, ഗാന്ധിയുടെ സത്യാഗ്രഹ ആശയങ്ങൾ അവർണ്ണ ജനതയുടെ സമത്വലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്ന ഒന്നായിരുന്നില്ല എന്ന ആരോപണം നിലനിൽക്കെ തന്നെ നാം ഒന്നോർക്കണം, സനാതന ധർമ്മം നടപ്പിലാക്കാൻ വെമ്പൽ കൊണ്ട ഒരു പ്രത്യയശാസ്ത്രമാണ് ഗാന്ധിയെ ഇല്ലാതാക്കിയത്. ബ്രാഹ്മിണിസത്തിന്റെ ഇരയാണ് ഗാന്ധി. തൊട്ടുകൂടായ്മക്കും തീണ്ടായ്മക്കും എതിരെ ഉറച്ച നിലപാടെടുത്തതിന്റെ പേരിൽ ഗാന്ധി രൂക്ഷമായി വിമർശിക്കപ്പെടുകയും പല കാലങ്ങളിൽ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യാഥാസ്ഥിതിക ഹിന്ദുക്കൾ അദ്ദേഹത്തെ മുഖ്യശത്രുവായി കണ്ടു. ജനകീയനായ ഗാന്ധിക്ക് ഹിന്ദുക്കൾക്കിടയിലുള്ള അസൂയാവഹമായ സ്വാധീനം യാഥാസ്ഥികരെ തെല്ലൊന്നുമല്ല അലട്ടിയത്. തിണ്ടായ്മക്കെതിരെ ഹിന്ദുമതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെയാണ് ഗാന്ധി സമരം ചെയ്തത്. തിണ്ടായ്മ ഹിന്ദുയിസത്തിന്റെ ഭാഗമല്ലെന്ന് ഗാന്ധി ആവർത്തിച്ചുകൊണ്ടിരുന്നു. 1934 ൽ തിണ്ടായ്മക്കെതിരെ ഗാന്ധി നടത്തിയ പ്രചാരണത്തിൽ എല്ലാ നഗരങ്ങളിലും യാഥാസ്ഥിതിക ഹിന്ദുക്കൾ കരിങ്കൊടി പ്രകടനം നടത്തിയിരുന്നു. ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുക മാത്രമല്ല വധിക്കാൻ പദ്ധതിയിടുകയും ഉണ്ടായി. ഗാന്ധി സഞ്ചരിക്കുകയായിരുന്ന കാറെന്നു കരുതി ബോംബെറിഞ്ഞു. സംഭവത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. വർണ്ണ വ്യവസ്ഥ പുലരണമെന്ന് അതിയായി ആഗ്രഹിച്ചവരാണ് ഗാന്ധിയെ ഏറ്റവും കൂടുതൽ ആക്രമിച്ചത്. ഇങ്ങനെയുള്ള ഒരു ഗാന്ധിയെ ആധുനിക ഇന്ത്യക്ക്, ഒരു ഡീപ്പ് സ്റ്റേറ്റ് നിലനിൽക്കുന്ന കാലത്ത് തീർച്ചയായും ആവശ്യമുണ്ട്. നമ്മുടെ സമരമുഖങ്ങൾക്ക് ശക്തി പകരാൻ ഗാന്ധിയുടെ ഇത്തരം ഓർമ്മകൾ ധാരാളം മതിയാവും. ഈ ഒരു അർത്ഥത്തിലാണ് വിയോജിപ്പുകൾ ഉണ്ടെങ്കിലും ഗാന്ധിയെ നാം ഏറ്റെടുക്കേണ്ടത്.
ഗാന്ധിയുടെ സനാതനം മതപരമായ ഒരു ആത്മീയതയല്ല. അത് മതാനുഷ്ഠാനവും ആയിരുന്നില്ല. വേദങ്ങൾ അയിത്തം അനുവദിക്കുന്നുവെങ്കിൽ താൻ അവയെ തള്ളിപ്പറയുകയും ഹിന്ദുമതം ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഗാന്ധി പ്രസ്താവിച്ചിട്ടുണ്ട്. വില്യം മേക്ലിന്റെർ സൽട്ടർ (William MacIntyre Salter ) എഴുതിയ എത്തിക്കൽ റിലീജിയൻ എന്ന പുസ്തകം തർജ്ജമ ചെയ്തത് ഗാന്ധിജിയാണ്.
ഹിന്ദുത്വയെ ഗാന്ധി തന്റെ ധാർമിക മതം കൊണ്ടാണ് നേരിട്ടത്. നൈതികതയിൽ നിന്നാണ് ഗാന്ധി സത്യാന്വേഷിയാകുന്നത്. സനാതനത്തിന്റെ പാഠം അല്ല അത്. ഗാന്ധി സത്യം കണ്ടെത്തുന്നത് അനുഭവത്തിൽ നിന്നാണ്. പുരാണങ്ങളിൽ നിന്നോ ശങ്കരന്റെ ധർമ്മശാസ്ത്രങ്ങളിൽ നിന്നോ അല്ല.
1915 ലാണ് ഗാന്ധി അഹമ്മദാബാദിനടുത്ത് ആദ്യത്തെ ആശ്രമം സ്ഥാപിക്കുന്നത്. ജീവൻലാൽ വക്കീൽ വാടകക്ക് നൽകിയ കൊച്ചറബ് ( kochrab) ജില്ലയിലെ ബംഗ്ലാവിലായിരുന്നു ആശ്രമം. സത്യാഗ്രഹാശ്രമം എന്നാണ് പേരിട്ടിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകാനും തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്യാനുമായിരുന്നു ആശ്രമം സ്ഥാപിച്ചത്. ദുതാഭായ് ( Dudabhai ) എന്ന അസ്പൃശ്യനായ മനുഷ്യനെയും കുടുംബത്തെയും ഗാന്ധി ആശ്രമത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. ജാതി ഹിന്ദുക്കൾക്ക് ഇത് സഹിച്ചില്ല. വരേണ്യ വർഗ്ഗം ഇളകി. അദ്ദേഹത്തിന്റെ അനുയായികൾക്ക് പോലും ഇതിൽ എതിർപ്പുണ്ടായി. ഈ പ്രശ്നത്തിൽ കുപിതനായ ഒരു വൈഷ്ണവ ബിസിനസുകാരൻ ആശ്രമത്തിന് നൽകാമെന്നേറ്റ ഫണ്ട് പിൻവലിക്കുകയും ചെയ്തു. എന്നിട്ടും ഗാന്ധി തന്റെ നിലപാടിൽ നിന്ന് പിന്മാറിയില്ല. ദളിതർ തൊട്ടാൽ ജലം പോലും അശുദ്ധമാകുമെന്ന് കരുതിയ ഒരു സമൂഹത്തെ തിരുത്താൻ തന്നെയാണ് ഗാന്ധി തീരുമാനിച്ചത്. ദളിതനെ ആശ്രമത്തിൽ പാർപ്പിക്കുന്നതിനെതിരെ ഇനിയും കടുത്ത നിലപാടെടുത്താൽ, ആശ്രമം തന്നെ ദളിത് കോളനിയിലേക്ക് മാറ്റുമെന്ന് ഗാന്ധി ജാതി ഹിന്ദുക്കളെ വെല്ലുവിളിച്ചു. ഉറച്ച പ്രഖ്യാപനമായിരുന്നു അത്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഒരാളായിരുന്നുവെങ്കിൽ ഗാന്ധി ഒരിക്കലും ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുകയില്ലായിരുന്നു. ദുതാഭായിയെ പോലുള്ള ദളിതനെ ആശ്രമത്തിൽ പാർപ്പിക്കില്ലായിരുന്നു. ഇതിനർത്ഥം ഗാന്ധി സനാതന ധർമ്മത്തിലോ മനുസ്മൃതിയിലോ ഊറ്റം കൊണ്ടിരുന്നില്ല എന്നാണ്.1927 മാർച്ച് 20-ന് അംബേദ്കറുടെ നേതൃത്വത്തിൽ പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി ദലിതർ നടത്തിയ മഹദ് സത്യാഗ്രഹം നടക്കുന്നതിന്റെ 12 വർഷങ്ങൾക്ക് മുമ്പാണ് ഗാന്ധി ജാതിവ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും വെല്ലുവിളിച്ചത് എന്നോർക്കണം. സനാതനി ആയിരുന്നുവെങ്കിൽ ഗാന്ധി ഒരിക്കലും ഇങ്ങനെ ചെയ്യുമായിരുന്നില്ല. ദണ്ഡി യാത്രയിൽ പോലും ദളിത് വിഭാഗത്തിൽപ്പെട്ട അനേകം പേരെ ഗാന്ധി തനിക്കൊപ്പം നടക്കാൻ തിരഞ്ഞെടുത്തിരുന്നു. തൊട്ടുകൂടായ്മയുടെ പേരിൽ ബ്രാഹ്മണിസം അകറ്റിനിർത്തിയ മനുഷ്യരെ ഗാന്ധി ചേർത്തുനിർത്തി.

ജനങ്ങളുടെ വികാരമായിരുന്ന വലിയ ആളുകളുടെ ജീവിതത്തെയും ആശയങ്ങളെയും ഹൈ ജാക്ക് ചെയ്തു തങ്ങളുടെ പ്രത്യയശാസ്ത്ര വളർച്ചയ്ക്ക് ഫാസിസ്റ്റുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഗാന്ധിയെ ഗോൾവാൾക്കറും സംഘവും ഹൈജാക്ക് ചെയ്തത് കുപ്രസിദ്ധമായ സാംസ്കാരിക ഇടപെടലാണ്. നാല്പതുകളിൽ മഹാരാഷ്ട്രയിൽ ഉണ്ടായ ഒരു സംഭവം അതിനു തെളിവാണ്. ബാബു ജെനു ( Babu Jenu ) എന്നയാളെ ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്നു. ഗാന്ധിക്ക് അനുകൂലമായി മുദ്രവാക്യം വിളിച്ചതായിരുന്നു കാരണം. അദ്ദേഹം ഒരു കറവക്കാരനായിരുന്നു. ഗാന്ധിയിൽ ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്രസമരത്തിന്റെ ഭാഗമായി. ജാഥയിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിക്കുമ്പോഴായിരുന്നു വെടിയുണ്ട ജീവൻ അപഹരിച്ചത്. ഈ സംഭവം ഗോൾവാൾക്കർ രാഷ്ട്രീയമായി മുതലെടുത്തു. ” മൺതരികളെ സ്വർണ അയിരുകളാക്കിയവനാണ് ഗാന്ധി. അദ്ദേഹം സാധാരണക്കാരെ അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു” ബാബു ജെനുവിന്റെ രക്തം വീണ തെരുവിൽ നിന്ന് ഗോൾവാൾക്കർ പ്രസംഗിച്ചത് ഇങ്ങനെയാണ്. സമൂഹത്തിന്റെ വൈകാരികത തങ്ങളുടെ ആശയ പ്രചരണത്തിന് വളമാക്കി മാറ്റുന്നതരത്തിൽ ദുഷ്ടലാക്കോടെയുള്ള പ്രവർത്തനം ഫാസിസ്റ്റുകൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കും. സാമൂഹ്യമായ ഓർമ്മകളിലും സാംസ്കാരിക ഇടങ്ങളിലും കയറിപ്പറ്റിയാൽ മാത്രമേ രാഷ്ട്രീയ അധികാരം ഉറപ്പിക്കാനാവുകയുള്ളൂ എന്ന് ഗോൾവാൾക്കർ മനസ്സിലാക്കിയിരുന്നു.
ഗാന്ധി കൊല്ലപ്പെടുന്നതിന് മുമ്പും അതിനുശേഷവും ഗോൾവാൾക്കർ ഗാന്ധിജിയുടെ ടെർമനോളജികൾ നിരന്തരം പ്രസംഗങ്ങളിലും എഴുത്തുകളിലും ഉപയോഗിച്ചതായി സാമൂഹ്യ ശാസ്ത്രജ്ഞനായ ഹാരി ജെയിംസ് നിരീക്ഷിക്കുന്നുണ്ട്.
ഒരു ഭാഗത്ത് ഗാന്ധിയെ തള്ളിപ്പറയുകയും മറുഭാഗത്ത് ഗാന്ധിയെ ഹൈജാക്ക് ചെയ്യുകയുമാണ് സംഘപരിവാറിന്റെ തന്ത്രം. വിചാരധാരയുടെ ആമുഖത്തിൽ ആന്റി കമ്മ്യൂണിസ്റ്റായ എം എ വെങ്കിട്ടറാവു ഗാന്ധിയെ വെള്ള പൂശുന്നുണ്ട്. ഗാലക്സി ഓഫ് ലീഡേഴ്സ് എന്ന് പത്ത് വ്യക്തികളെ പറയുമ്പോൾ, ആദ്യം എഴുതിയത് ഗാന്ധിയുടെ പേരാണ്. ഏറ്റവും അവസാനമാണ് ആർഎസ്എസിന്റെ സ്ഥാപക നേതാവ്, ഹെഡ്ഗെവാറിന്റെ പേര് വരുന്നത്. ഇതേ ആളുകൾ തന്നെയാണ് ഗാന്ധിജയന്തി ദിനത്തിലും രക്തസാക്ഷി ദിനത്തിലും ഗാന്ധിയെ പ്രതീകാത്മകമായി വെടിവെക്കുന്നത്.
ഗാന്ധിയെ വെടിവെക്കാൻ ഉപയോഗിച്ച 9 mm ബെരേറ്റ തോക്ക് ആധുനിക ഇന്ത്യയിൽ നിർമ്മിക്കാൻ അനുമതി നൽകുന്നത്.
പി കൃഷ്ണദാസ് : സംഘപരിവാർ വളരെ സൂക്ഷ്മമായി നമ്മുടെ ചരിത്രത്തിൽ ഇടപെടുകയും വിലപ്പെട്ട ആർക്കൈവ് രേഖകൾ നശിപ്പിക്കുകയോ അപനിർമ്മിക്കുകയോ ചെയ്യുന്നുണ്ട്. ടിസ്റ്റ സെതൽവാദിനെ പോലെയുള്ള പത്രപ്രവർത്തകർ ഇത് സവിശേഷമായി ചൂണ്ടി കാട്ടിയിട്ടുണ്ട്. 9mm ബെരേറ്റ എന്ന നോവൽ ആർക്കൈവൽ രേഖകളുമായി ബന്ധപ്പെടുന്നുണ്ട്. ചരിത്രത്തിൻ്റെ ഈ മായ്ച്ചുകളയൽ നാം ഗൗരവമായി പരിഗണിക്കുന്നുണ്ടോ?
വിനോദ് കൃഷ്ണ: ചരിത്രത്തിന്റെ പിൻബലത്തിലാണ് ഏതൊരു സമൂഹവും ബലപ്പെടുന്നത്. ഒരു രാഷ്ട്രത്തിന് വളരാൻ ചരിത്രത്തിന്റെ ഓക്സിജൻ വേണം. ചരിത്രത്തിന്റെ അപനിർമ്മാണമാണ് ഇപ്പോൾ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്നത്. പെട്രോളിന് വില കൂടുന്നതുപോലെ നിസ്സാരമായി കണക്കാക്കേണ്ട ഒരു കാര്യമല്ല ഇത്. പുരോഗമനപരമായതെല്ലാം അന്ധവിശ്വാസമാണെന്ന് വിചാരിക്കുന്ന ഇക്കൂട്ടർക്ക് അധികാരത്തിൽ ഇരിക്കാനും പണമുണ്ടാക്കാനും സുഖിക്കാനും ചരിത്ര സത്യങ്ങൾ തടസ്സമാണ്. അതുകൊണ്ടാണ് അവർ അപനിർമിക്കുന്നത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട 25,000ത്തിലധികം രേഖകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് ആരെ വെള്ളപൂശാനാണെന്ന് നമുക്കറിയാം. ചരിത്രരേഖകളും സ്മാരകങ്ങളും വളരെ പ്രധാനമാണ്. സാമൂഹ്യമായ ഓർമ്മകളിൽ നിന്ന് മാത്രം നമുക്ക് ചരിത്രത്തെ ദീർഘകാലം നിലനിർത്താനാവില്ല. സാമൂഹ്യമായ ഓർമ്മ രാജ്യത്തിന്റെ ആസ്തിയായി മാറുന്നത് ഒരു സമൂഹം പടുത്തുയർത്തുന്ന സ്മാരകങ്ങളിലൂടെയാണ്. അത് പൊളിക്കുമ്പോൾ ഒരു ഓർമ്മ മാത്രമല്ല മണ്ണടിയുന്നത്. നമ്മുടെ തന്നെ ചരിത്രമാണ്. ഇതുകൊണ്ടൊക്കെയാണ് ബുൾഡോസർ രാഷ്ട്രീയം സംഘപരിവാർ നടപ്പിലാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ അവർ ഇല്ല എന്ന് അവർക്ക് നന്നായി അറിയാം. പട്ടേലിന്റെ പ്രതിമ പോലും ഈ ഒരു യാഥാർത്ഥ്യത്തെ മറികടക്കാനാണ് അവർ പണിഞ്ഞത്.
ചില ലെഗസിയെ അവർ ഹൈജാക്ക് ചെയ്തു അവരുടെ വ്യാജചരിത്രം ഉണ്ടാക്കുന്നു. ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ സംബന്ധിച്ച് ഹിസ്റ്ററി പ്രധാനമാണ്. നമുക്ക് കൂടുതൽ നൂറ്റാണ്ടുകൾ പുറകോട്ട് പോകേണ്ട കാര്യമൊന്നുമില്ല, അടുത്തകാലത്ത് അവർ നടത്തുന്ന കാര്യങ്ങൾ തന്നെ, എടുത്താൽ നമുക്ക് അത് മനസ്സിലാവും. ഷാജഹാൻ നിർമ്മിച്ച റെഡ് ഫോർട്ടിൽ കയറി നിന്നുകൊണ്ടാണ്, ആർഎസ്എസിനെ ഒരു പ്രധാനമന്ത്രി വെള്ള പൂശുന്നത്. ക്രിയാത്മകമായ ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു വാക്ക് പോലും അദ്ദേഹം അവിടെ പറഞ്ഞിട്ടില്ല. മറിച്ച് ഇന്ത്യയിൽ രണ്ടു തവണ നിരോധിക്കപ്പെട്ട ഒരു തീവ്രവാദ സംഘടനയെ വെള്ള പൂശുകയാണ്. വിരോധാഭാസം ഇതൊന്നുമല്ല, മുഗളന്മാരുടെ ചരിത്രം കുഴിച്ചുമൂടാൻ ഇറങ്ങിത്തിരിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉടമ, മുഗളന്മാർ തന്നെ നിർമ്മിച്ച റെഡ് ഫോർട്ടിൽ കയറിനിന്ന് വീമ്പുപറയുന്നു എന്നുള്ളതാണ്. ഷാജഹാനാണ് റെഡ് ഫോർട്ട് നിർമ്മിച്ചതെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് അറിയില്ലായിരിക്കാം. അമ്പതു വർഷക്കാലം ത്രിവർണ പതാകയെ അംഗീകരിക്കാതിരുന്ന സംഘപരിവാറുകാർക്ക് അവസാനം അത് ഉയർത്തേണ്ടി വന്നു. കീഴ്‌വഴക്കം കൊണ്ടോ ഗതികേട് കൊണ്ടോ അല്ല അത് സംഭവിച്ചത്. ഇത്രയും കാലം ഫ്ലാഗ് കോഡ് ലംഘിച്ചവർക്ക് കാലം കൊടുത്ത ശിക്ഷയാണ്. മുഗളന്മാരുടെ ചരിത്രത്തെ കുഴിച്ചുമൂടാൻ ഇറങ്ങി തിരിച്ചവർക്ക്, റെഡ് ഫോർട്ട് മറുപടി പറയിക്കുകയാണ്. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരുടെ ചരിത്രം ഇടിച്ചു തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് റെഡ് ഫോർട്ട് ഇടിച്ചു പൊളിക്കാൻ ധൈര്യമുണ്ടോ? തൊടാൻ ആവില്ല!

UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉള്ളതുകൊണ്ട് ഈ ചരിത്രത്തെ തൊടാനാവില്ല. ചരിത്രത്തിന്റെ മുന്നിൽ നുണകളുടെ രാഷ്ട്രീയം മുട്ടുകുത്തും. അതുകൊണ്ട് ചരിത്ര നിർമിതികൾ പ്രധാനമാണ്. അത് വെറും കല്ലും കട്ടയുമല്ല. രാജ്യത്തിന്റെ ലൈറ്റ് ഹൗസ് ആണ് സ്മാരകങ്ങൾ. ചരിത്ര രേഖകൾ നാം വരും തലമുറക്ക് കരുതിവെക്കുന്ന ജീവവായുവാണ്. ചരിത്രത്തിന്റെ മായ്ച്ചു കളയൽ നമ്മളെത്തന്നെ മയ്ച്ച് കളയുന്ന ഏർപ്പാടാണെന്ന കാര്യം നാം ഓർക്കാറില്ല. ഒരു പൗരന്റെ ശരീരത്തിൽ നിന്നും ഊർന്നുവീഴുന്ന ഒരു രോമം പോലും രാഷ്ട്രത്തിന്റെ ചരിത്രമാണെന്ന ബോധ്യത്തോടെയാണ് ഞാൻ 9 mm ബെരേറ്റ എഴുതിയത്. നമ്മൾ ആരായിരുന്നു എന്ന ചിന്ത മാത്രമല്ല ചരിത്രം ഉല്പാദിപ്പിക്കുന്നത് നാം എന്താകണമെന്ന ബോധ്യവും അതുണ്ടാക്കുന്നു. അതുകൊണ്ട് ബോധമലിനീകരണത്തിന്റെ കാലത്ത് ചരിത്രവൽക്കരിക്കുക എന്ന രാഷ്ട്രീയ ദൗത്യം പൗരന്മാരുടെ ഉത്തരവാദിത്വമാണ്. എന്തെങ്കിലും ഒരു പ്രിവിലേജിൽ ഇരുന്നുകൊണ്ട് ചെയ്യേണ്ട ഒരു കാര്യമല്ല അത്.
ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവായ വർഗീസ് കുര്യനാണ് അമൂലിന്റെ സ്ഥാപകനെന്ന് നമുക്കെല്ലാവർക്കും അറിയാം. അമൂലിന്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ, ഗുജറാത്തിലെ ഫ്ലക്സ് ബോർഡുകൾ പറഞ്ഞത് അമിത് ഷായും മോദിയുമാണ് അമൂൽ സ്ഥാപിച്ചത് എന്നാണ്, നുണ ഒരിക്കലും ചരിത്രമാകില്ല. പക്ഷേ ഇങ്ങനെയുള്ള കല്ലുവെച്ച നുണകൾക്കെതിരെ ചരിത്രം സംസാരിക്കണമെങ്കിൽ നമ്മൾ ചരിത്രത്തിന്റെ നൈതികതയുള്ള ആളുകൾ ആയിരുന്നേ പറ്റൂ. സ്വയം മറുപടി പറയാൻ ചരിത്രത്തെ നാം കാത്തുസൂക്ഷിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്. റെഡ് ഫോർട്ട് അങ്ങനെയൊന്നാണ്. ഗാന്ധി മ്യൂസിയത്തിലെ രക്തസാക്ഷി ഗാലറിയിൽ നിന്ന് 9mm ബെരേറ്റ തോക്ക് എടുത്തുമാറ്റിയത് പോലെ, ചരിത്രത്തെ മൂടിവയ്ക്കാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും.
പി കൃഷ്ണദാസ് : ഫാസിസം ഇന്ത്യയോടൊപ്പം ലോകത്തിന്റെ പല ഭാഗത്തും അമിതാധികാരമായും അധിനിവേശമായും ജനതയെ ഈ നാട്ടിലെന്ന പോലെ അലോസരപ്പെടുത്തുന്നുണ്ട്. ഗാസയിലെ കുഞ്ഞുങ്ങളുടെ മുഖം നമ്മുടെ മുന്നിലുണ്ട്. നിസ്സഹായരായ എത്രയോ മനുഷ്യരുടെ ഭീതിദമായ മുഖം. അതേ സമയം നവനാസികൾ പെരുകുന്നു. ഈ കാലം എങ്ങനെയാണ് അസ്വസ്ഥമാക്കുന്നത്?
വിനോദ് കൃഷ്ണ : ഫാസിസ്റ്റുകൾ സോഷ്യോപ്പാത്തുകളാണ്. ഈ കാര്യമാണ് അവർ അധികാരത്തിൽ വരുമ്പോൾ അലട്ടിയിരുന്നത്. പുരോഗമനപരമായതെല്ലാം അന്ധവിശ്വാസമാണെന്ന് വിശ്വസിക്കുന്നവരാണ് ഈ കൂട്ടം. അവർ രാജ്യത്തെ ജനതയെ ഭരിക്കാൻ നിയോഗിക്കപ്പെടുമ്പോൾ, ശരിക്കും ഭയക്കണം.
കഴിഞ്ഞ പത്തുവർഷക്കാലം ഇന്ത്യൻ ജനതയെ സംബന്ധിച്ച് ഒരു പരീക്ഷണമായിരുന്നു. ബോധ മലിനീകരണം സോഷ്യൽ എൻജിനീയറിങ്, വ്യാജ ദേശീയത, സാംസ്കാരിക ദേശീയത, വികസനത്തിന്റെ പേരിലുള്ള വിൽപ്പന… ഇതെല്ലാം തന്നെ അധികാരം നിലനിർത്താനും ആളുകളെ തമ്മിലടിപ്പിക്കാനും അവർ നിരന്തരം ഉപയോഗിച്ചിരുന്നു. അപരവൽക്കരണം കൊടുമ്പിരി കൊണ്ടു. Being a muslim in hindu india വായിച്ചപ്പോളാണ് അതിന്റെ ഡെൻസിറ്റി എനിക്ക് മനസ്സിലായത്. പക്ഷേ ജനം അവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേ എനിക്ക് തോന്നിയിരുന്നു ഹൈന്ദവ ഫാസിസ്റ്റുകൾ തോറ്റു എന്ന്. അത് സത്യവുമാണ്. പണവും സകല മിഷനറിയും ഉണ്ടായിട്ടും അവർ തോറ്റു. മുൻ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നുലക്ഷം വോട്ട് കുറവാണ് മോദിക്ക് ഇപ്രാവശ്യം വാരണാസിയിൽ ലഭിച്ചത്. അതിനർത്ഥം മോദി മൂന്നുലക്ഷം വോട്ടിന് തോറ്റു എന്നാണ്. സ്വന്തം മണ്ഡലത്തിൽ മൂന്നുലക്ഷം ആളുകൾ തള്ളിക്കളഞ്ഞു. പൊളിറ്റിക്കൽ രാമക്ഷേത്രം ഉയർന്ന അയോധ്യയിലും അവർ തോറ്റു. മിസ്കോൾ അടിച്ച് മെമ്പർഷിപ്പ് എടുത്ത ഒരാളല്ല തങ്ങളുടെ രാമൻ എന്ന് ഫാസിസ്റ്റുകളെ ജനം ബോധ്യപ്പെടുത്തി. ആർഎസ്എസിന്റെ നൂറുവർഷം പൂർത്തിയാകുന്ന ദിനത്തിൽ, ഇന്ത്യൻ ജനത അവരെ തോൽപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ജനങ്ങൾക്ക് തങ്ങളെ വേണ്ട എന്നുള്ള കാര്യം അവരും തിരിച്ചറിഞ്ഞതുകൊണ്ടാണ് ‘ വോട്ട്ചോരി’ പോലുള്ള മാസ്റ്റർ പ്ലാനുകളിലേക്ക് അവർ പോയത്. വ്യാജ വോട്ടിലൂടെ അധികാരത്തിൽ നിലനിൽക്കാൻ ശ്രമിക്കുന്നു എന്നതിനർത്ഥം ജനങ്ങൾ അവരുടെ കൂടെയില്ല എന്നതാണ്, അവർ തോൽക്കുമ്പോഴും നാം ഭയക്കണം എന്നുള്ളതാണ് മറ്റൊരു കാര്യം. പട്ടാള അട്ടിമറി പോലുള്ളതോ ഭരണഘടനയെ കാറ്റിൽ പറത്തുന്നതോ ആയ നീക്കങ്ങൾ ഉണ്ടായേക്കാം. ഫ്ലാഗ് കോഡിന്റെ ലംഘനങ്ങൾ നടത്തുന്ന ഇക്കൂട്ടർക്ക് അതിനൊന്നും ഒരു മടി ഉണ്ടാവില്ല. ബീഹാറിൽ 30% ജെൻസി ആണ്. അവർക്ക് ഫാസിസ്റ്റുകളോട് പ്രത്യേകിച്ച് മമത ഒന്നുമില്ല. ഈ ജനറേഷന്റെ ഇടയിൽനിന്ന്, ഹിന്ദുത്വ നവ നാസികൾക്കെതിരെ അത്തരത്തിലുള്ള ഒരു റിവോൾട്ട് രാജ്യം മുഴുവനും ഉണ്ടായേക്കാം. എന്തായാലും ബഹുസ്വരതയ്ക്ക് മുന്നിൽ, നമ്മുടെ ഭരണഘടനയ്ക്ക് മുന്നിൽ ഹൈന്ദവഫാസിസം രാഷ്ട്രീയമായി തോറ്റിട്ടുണ്ട്. അതൊരു നല്ല സൂചനയാണ്. ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചത് മുസ്ലിം തീവ്രവാദികൾ ഒന്നുമല്ല. ആർ എസ് എസാണ്. ഗോൾവാൾക്കറുടെ നേതൃത്വത്തിൽ. പശുവിന്റെ പേര് പറഞ്ഞാണ് കലാപം ഉണ്ടാക്കിയ, വിചാരധാര ഇറങ്ങിയ 1966 ൽ തന്നെയാണ് ഗോവധ നിരോധന പ്രശ്നം കത്തിച്ചു നിർത്താൻ ഗോൾവാൾക്കർ പരമാവധി ശ്രമിച്ചത്. പുരി ശങ്കരാചാര്യരേയും നാഗ സന്യാസിമാരെയും കൂടെ നിർത്തി ഗോൾവാൾക്കർ ഇതിനു ചുക്കാൻ പിടിച്ചു. പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തിലും അനേകം പേർ കൊല്ലപ്പെട്ടു. അന്നത്തെ ആഭ്യന്തരമന്ത്രി ഗുൽസാരിലാൽ നന്ദയ്ക്ക് രാജിവെക്കേണ്ടി വന്നു. പാർലമെന്റ് ആക്രമിച്ചവരെ നമുക്ക് രാജ്യസ്നേഹികൾ എന്ന് വിളിക്കാനൊക്കുമോ!
പി കൃഷ്ണദാസ് : ബിഹാറിൽ ജനനം. കോഴിക്കോട് വിദ്യാഭ്യാസം അതിനിടയിൽ ഡൽഹി പ്രസ്സിൽ എഡിറ്റർ ജോലി. ചലച്ചിത്രങ്ങൾ നിർമ്മിക്കുന്നു പോരാടി ഇൻസ്റ്റലേഷനിൽ ഏർപ്പെടുന്നു. ഇങ്ങനെ വ്യത്യസ്ത കലാപ്രവർത്തനങ്ങൾ. ഉറുമ്പ് ദേശം, കണ്ണുസൂത്രം ബേപ്പൂർ കേസ് തുടങ്ങിയ കഥാസമാഹാരങ്ങൾ എഴുതുന്നു. അങ്ങനെ വ്യത്യസ്ത ആവിഷ്കാരങ്ങളിലൂടെ പല ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് താങ്കൾ. യാത്രകൾ എങ്ങനെയാണ് എഴുത്തിനെ പ്രചോദിപ്പിച്ചത്? ദേശാന്തര യാത്രകൾ എങ്ങനെ എഴുത്തിനെ വികസിപ്പിച്ചു?
വിനോദ് കൃഷ്ണ : സത്യത്തിൽ യാത്രകളല്ല യാത്രകളിൽ കണ്ടുമുട്ടുന്ന മനുഷ്യരാണ് പ്രചോദിപ്പിക്കുന്നത്. യാത്ര പോകുമ്പോൾ, ആ അനുഭവങ്ങൾ ഞാൻ എഴുതി വയ്ക്കാറില്ല, നമ്മെ സ്പർശിച്ചതൊക്കെയും നമ്മുടെ ഉള്ളിൽ ഒരു ബ്ലാക്ക് ബോക്സ് പോലെ കിടക്കും. എഴുതാനിരിക്കുമ്പോഴോ, ക്രിയാത്മകമായ മറ്റ് ആലോചനകളിൽ മുഴുകുമ്പോഴോ ഓർമ്മകൾ ആവിഷ്കാരങ്ങളായി രൂപപ്പെടും എന്ന ചിന്തയാണ് ഉള്ളത്. അതുകൊണ്ട് ഞാൻ ഒന്നും പകർത്തി വയ്ക്കാറില്ല. സത്യത്തിൽ രാജ്യാന്തര യാത്രകൾ ആണല്ലേ മാറ്റിമറിച്ചത്. ലോസ് ഏജൻസിലെ ദിനങ്ങൾ, കാലിഫോർണിയയിലെ മാസങ്ങൾ, ടെക്സാസിലെ വർഷങ്ങൾ… 9mm ബെരേറ്റയിൽ അതൊക്കെ കുറച്ചുണ്ട്. എനിക്ക് ഞാൻ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. പക്ഷേ അവിടെ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ച് അവർ പകർന്നുതന്ന ജീവിതാവബോധത്തെക്കുറിച്ച് വേറെ ഓർക്കാനുണ്ട് താനും.
സത്യത്തിൽ ഞാൻ ഒരു നാടില്ലാത്തവനാണ്. കുട്ടിക്കാലത്ത് നാം ദീർഘകാലം താമസിച്ച ഒരു ഇടം ആണല്ലോ സത്യത്തിൽ ഒരാളുടെ ജീവിതത്തെ നിർണയിക്കുന്നത്. കുട്ടിക്കാലത്ത് നാം നിരന്തരം കണ്ട മരങ്ങൾ കുളങ്ങൾ മനുഷ്യർ, അവരുമായി ഇടപെടുമ്പോൾ ഉണ്ടാകുന്ന ഭാഷ ( ഉച്ചാരണം), പ്രകൃതി, ഉത്സവങ്ങൾ, ഭക്ഷണം… ഇതെല്ലാം സത്യത്തിൽ ഒരു ജോഗ്രഫിയിൽ / ഡെമോഗ്രാഫിയിൽ നാം ഏറെക്കാലം സഹവസിക്കുമ്പോൾ കിട്ടുന്ന അനുഭവ സമ്പത്താണ്. വർക്ക് ഓഫ് ആർട്ട് ഉണ്ടാക്കുമ്പോൾ ഈ അനുഭവസമ്പത്താണ് നാം ഉരുക്കഴിക്കുന്നത്. എനിക്ക് പക്ഷേ ആ ഒരു പ്രിവിലേജ് ഇല്ല. ഞാൻ പല കാലങ്ങളിൽ പലയിടങ്ങളിൽ ചിതറിപ്പോയ ഒരാളാണ്. ജനനം ബീഹാറിൽ, സ്കൂൾ പഠനം ഒറീസയിൽ, കോളേജ് കാലം കോഴിക്കോട്, കുറച്ചുകാലം മുംബൈ, ഡൽഹി… അതുകഴിഞ്ഞപ്പോൾ കൊച്ചി. എനിക്ക് ഒരു പ്രത്യേക സ്ഥലത്തോട് മമതയില്ല. ‘പ്രാദേശിക നാഷണലിറ്റി’ ഇല്ലാത്ത ഒരാളാണ് ഞാൻ എന്നും പറയാം. വേരുകൾ ഇല്ലാത്തവർക്ക് നല്ല സാഹിത്യമോ കലയോ ഉണ്ടാക്കാൻ സാധിക്കുമോ? അതുകൊണ്ട് എന്തെങ്കിലും ആവിഷ്കരിക്കാൻ ഇരിക്കുമ്പോൾ ഞാൻ എന്റേതായ സങ്കല്പികദേശം ഉണ്ടാക്കുന്നു. പല കഥകളിലും അങ്ങനെയുള്ള ദേശമാണ് ഉള്ളത്. ഇത് എന്റെ എഴുത്തിന്റെ ഒരു ന്യൂനതയാണ്, ശക്തിയുമാണ്. ഇങ്ങനെ വേരുകൾ ഇല്ലാതിരിക്കുന്നതിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാൽ, ഞാൻ ഇന്ന ദേശക്കാരനാണ് എന്ന് പറയുന്ന പ്രൈഡ് ഉണ്ടാവില്ല എന്നുള്ളതാണ്. ഇങ്ങനെയുള്ളവർ മണ്ണിൻ മക്കൾ വാദത്തിൽ നിന്ന് മോചിതരായിരിക്കും. ഒരു പ്രത്യേക സ്ഥലത്ത് മാത്രം ജീവിച്ചിട്ടും അത് ഇല്ലാത്തവരും ഉണ്ട്. അവർ മഹത്തായവർ. ടാഗോർ അത്തരത്തിൽ ഒരാൾ ആയിരുന്നുവല്ലോ. ദേശീയതയെ കുറിച്ചുള്ള പൊള്ളത്തരമാണ് രാജ്യാന്തര യാത്രകൾ എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം.
പി കൃഷ്ണദാസ് : ഇന്ത്യയുടെ വ്യത്യസ്തതയും വൈവിധ്യങ്ങളും ഹിന്ദുത്വരാഷ്ട്രീയത്തെ ആന്തരികമായി പ്രതിരോധിക്കുന്നുണ്ടോ? അതോ ഹിന്ദുത്വവാദത്തിന് ഈ വൈവിധ്യ ലോകം ഒരു വിളനിലമാണോ?
വിനോദ് കൃഷ്ണ: തീർച്ചയായും. ബഹുസ്വരതയാണ് ഹിന്ദുത്വവാദത്തിന് തടയിടുന്നത്. രാഷ്ട്രീയമായി ഹിന്ദുത്വവാദം ഇന്ത്യയിൽ തോറ്റ പ്രത്യയശാസ്ത്രമാണ്. പ്രധാനമന്ത്രിയുടെ കാര്യം തന്നെ എടുത്താൽ അദ്ദേഹം തോറ്റ ഒരു പ്രധാനമന്ത്രിയാണ്. വാരണാസിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ച വോട്ടിനേക്കാൾ മൂന്നുലക്ഷം വോട്ടുകൾ കുറവാണ് ഇപ്രാവശ്യം കിട്ടിയത്. അതിനർത്ഥം മൂന്നുലക്ഷം ആളുകൾ സ്വന്തം മണ്ഡലത്തിൽ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു എന്നാണ്. വിശ്വഗുരു സ്വന്തം മണ്ഡലത്തിൽ തോറ്റു എന്ന് അർത്ഥം. ആളുകളെ തമ്മിലടിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
തങ്ങളുടെ രാമൻ മിസ്കോൾ അടിച്ച് പാർട്ടി മെമ്പർഷിപ്പ് എടുത്ത ഒരാളല്ല എന്ന് ജനം അവരോട് പറഞ്ഞു. രാമക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലത്തിൽ ഇവർക്ക് ദയനീയ പരാജയമാണ് ഉണ്ടായത്. ഇതൊക്കെ സൂചിപ്പിക്കുന്നത് ജനം ഇവരുടെ പക്ഷത്ത് അല്ല എന്നാണ്. ഈ തിരിച്ചറിവ് അവർക്ക് ഉണ്ട് താനും. അതുകൊണ്ടാണ് വോട്ട് ചോരി നടത്തുന്നത്. തങ്ങളെ ആവശ്യമില്ലാത്ത ജനങ്ങൾ, തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കില്ലെന്ന് ഇവരുടെ തിങ്ക് ടാങ്കുകൾക്ക് അറിയാം. അതിനാൽ അവർ സോഷ്യൽ എൻജിനീയറിങ് നടത്തുന്നു. വ്യാപകമായ വോട്ട് കൊള്ള നടത്തുന്നു. ഇവരുടെ പ്രത്യയശാസ്ത്രത്തെയും വികസനമാതൃകകളെയും വ്യാജ വികസനവാഗ്ദാനങ്ങളെയും ജനം സ്വീകരിച്ചിട്ടുണ്ടായിരുന്നെങ്കിൽ, ഇത്രയും പണം മുടക്കി വോട്ടു കൊള്ളയും വ്യാജ ചരിത്രനിർമ്മിതിയും ചെയേണ്ടിവരുമായിരുന്നില്ല. ബീഹാറിലെ ഒരു സംഭവം ഞാൻ പറയാം. ബിഹാറിലെ മാരി ഗ്രാമത്തിൽ പല ജാതിമതസ്ഥർ ഒന്നിച്ച് താമസിച്ചിരുന്നു. അന്നന്ന് കിട്ടുന്ന കാശ്, അന്നന്ന് കഴിയാൻ പറ്റുന്നതായിരുന്നില്ല. അതിനാൽ പലരും ജോലി തേടി മറ്റ് ഗ്രാമങ്ങളിലേക്ക് പോയി. അങ്ങനെ അവിടെ കഴിഞ്ഞിരുന്ന മുസ്ലീം ജനത മുഴുവൻ ഒഴിഞ്ഞു പോയി. പക്ഷേ അവിടെ ഇരുനൂറ് വർഷം പഴക്കമുള്ള ഒരു പള്ളിയുണ്ടായിരുന്നു. മാരിയിലെ ഗ്രാമവാസികൾ ആ പള്ളി സംരക്ഷിച്ചു. തങ്ങളുമായി കൂടിക്കഴിഞ്ഞതിന്റെ സ്നേഹത്തിന്റെ ഓർമ്മയ്ക്ക് അവർ ആ പള്ളി നിലനിർത്തി. നിത്യവും അടിച്ചുതുടച്ചു വൃത്തിയാക്കി വച്ചു. നാലുനേരവും വാങ്ക് റെക്കോർഡ് പ്ലെയറിൽ കേൾപ്പിച്ചു. അത് കേൾക്കാൻ ആ മതവിശ്വാസികൾ അവിടെ ഇല്ല എന്ന് അറിയുമായിരുന്നിട്ടും അവർ ഈ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നു. ഇതാണ് ഇന്ത്യ. ഹിന്ദുത്വ തോറ്റുപോകുന്ന ഇടങ്ങളാണിത്.
പി കൃഷ്ണദാസ് : മലബാറിന്റെ സൂക്ഷ്മമായ രാഷ്ട്രീയകാലാവസ്ഥയെ ആവിഷ്കരിക്കുന്ന നിരവധി കഥകൾ ബേപ്പൂർ കേസ് എന്ന സമാഹാരത്തിൽ കാണാം. മലബാർ മലയാളചെറുകഥാ ചരിത്രത്തിൽ നിരവധി കഥകൾക്ക് പശ്ചാത്തലമായിട്ടുണ്ടെങ്കിലും രാഷ്ട്രീയപരിതോവസ്ഥയിലെ സൂക്ഷ്മമായ മാറ്റം ഗോൾവാൾക്കർ, ബേപ്പൂർ കേസ്, കാനോലി കനാൽ തുടങ്ങിയ കഥകളിൽ കാണാം. ഈ ഭൂമിക കഥാഖ്യാനങ്ങൾക്ക് എത്രത്തോളം പ്രേരണയേകിയിട്ടുണ്ട് ?
വിനോദ് കൃഷ്ണ: നാം കഴിഞ്ഞുകൂടിയ ഇടങ്ങൾ നമ്മുടെ എഴുത്തിനെ സ്വാധീനിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഞാൻ നേരത്തെ പറഞ്ഞുവല്ലോ ഒരു പ്രത്യേക സ്ഥലത്തിന്റെ ഉടമയായിരിക്കാൻ എനിക്ക് അങ്ങനെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരു സാങ്കല്പികദേശം സൃഷ്ടിച്ചുകൊണ്ടാണ് ഞാൻ എഴുതുന്നത്. കനോലി കനാൽ പക്ഷേ അങ്ങനെയല്ല, കോഴിക്കോടിന്റെ ഒരു ഭൂമിക അതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കനോലിക്കനാലിന്റെ കരയിലാണ് അമ്മ വീട്. അവിടെ പക്ഷേ എനിക്ക് കുട്ടിക്കാലമില്ല. ബിഹാറിൽ നിന്ന് അവധിക്കാലത്ത് വരുമ്പോൾ കണ്ട കാഴ്ചകൾ. പിന്നീട് കുറച്ചുകാലം അവിടെ ജീവിക്കേണ്ടി വന്നപ്പോൾ ഇടപെട്ട മനുഷ്യരൊക്കെയാണ് ആ കഥയിലുള്ളത്. കഥയിലെ ശാരദ ശരിക്കും ജീവിച്ചിരിക്കുന്ന ആളാണ്. ഞാൻ പേരു മാറ്റി ഉപയോഗിച്ചു എന്നേ ഉള്ളൂ. അവർ ഒരു കല്യാണവീട്ടിൽ ചെന്ന് വധൂവരന്മാർക്ക് നൽകിയ പൊതി ശരിക്കും എനിക്ക് എന്റെ വിവാഹത്തിന് അവർ തന്നതാണ്. അതൊരു കൊടുവാളായിരുന്നു. കഥയിൽ ആ കാര്യം പറയുന്നുണ്ട്. ആ ആയുധത്തിന് അവരുടെ വിവാഹ ജീവിതത്തിൽ എന്തു പങ്കാണുള്ളതെന്ന്, കഥ വായിച്ചവർക്ക് മനസ്സിലാവും. അതിലെ കഥാപാത്രങ്ങൾ എല്ലാം ഞാൻ കണ്ട മനുഷ്യരോ, പറഞ്ഞറിഞ്ഞ ജീവിതങ്ങളോ ആണ്. അവിടെ വേരുകളുള്ള ഒരാളാണ് ആ കഥ എഴുതിയിരുന്നതെങ്കിൽ ഒരുപക്ഷേ അതിന്റെ മാനം മറ്റൊന്നാകുമായിരുന്നു.

ബേപ്പൂരിൽ ഞാൻ ആദ്യമായി പോയത് പത്തേമാരി നിർമ്മാണം കാണാനാണ്. എന്റെസുഹൃത്തിന്റെ വീട് അവിടെ ഉണ്ടായിരുന്നു. കണ്ട കാഴ്ചകളിൽ നിന്നാണ് ആ ഒരു പ്രകൃതിയെയും മനുഷ്യരെയും ഞാൻ കഥയിലേക്ക് മറ്റൊരു രീതിയിൽ ആവാഹിച്ചത്.
വാസ്കോപോപ്പയിൽ ഞാൻ ജീവിച്ച ഇടമേ ഇല്ല. മഹാനായ വാസ്കോപോപ്പയുടെ കവിത വായിച്ചതിൽ നിന്നുണ്ടായ പ്രേരണയിൽ എഴുതിയ കഥയാണത്. കഥയിലെ ടൈമും സ്പേസും ഞാൻ ഭാവനയിൽ സെറ്റ് ചെയ്തതാണ്. ഡീപ് സ്റ്റേറ്റിനെ കുറിച്ച് പറയാൻ, എനിക്കൊരു സങ്കല്പികദേശം വേണമായിരുന്നു. വാസ്കോപോപ്പയിൽ ആ ഒരു ക്രാഫ്റ്റ് ആണ് ഉപയോഗിച്ചത്. ആഴത്തിൽ വേരോട്ടമുള്ള, ഒരു ദേശം ഇല്ലാത്തതിനാൽ, അൺറിയൽ ആയിട്ടുള്ള ഒന്നിനെ റിയലായി അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ മൂന്ന് കഥകളും അതിന്റെ ഫലമാണ്.
പി കൃഷ്ണദാസ് : ദേശസഞ്ചാരം പോലെ തന്നെ പ്രധാനമാണ് വായനാ സഞ്ചാരവും . താങ്കളുടെ വായനയുടെ ആഴം കൃതികളിൽ കാണാം. ബരേറ്റയിലൊക്കെ സ്വഭാവികമായും വായനയുടയും അന്വേഷണത്തിന്റെയും പ്രതിഫലനം വ്യക്തമാണ്. വിനോദ്കൃഷ്ണയുടെ ഒരു വായനാജീവചരിത്രം എന്താണ്?

വിനോദ് കൃഷ്ണ: വൈകി മലയാളം പഠിച്ച ഒരാൾ എന്ന നിലയ്ക്ക്, ആദ്യകാലങ്ങളിൽ ഞാൻ ധാരാളം വായിക്കാൻ ശ്രമിച്ചിരുന്നു. ഇന്ന രചന എന്നൊന്നുമില്ല, കിട്ടുന്നതൊക്കെ വായിക്കുക എന്നതായിരുന്നു ആ കാലത്തെ ശീലം. ഇപ്പോൾ തിരഞ്ഞെടുത്ത വായനകളേ ഉള്ളൂ. മാസ്റ്റേഴ്സിനെ ധാരാളം വായിക്കുക എന്നതാണ് ഒരിടയ്ക്ക് ഞാൻ പിന്തുടർന്നിരുന്നത്. ഗുമേറിയോ റോസയുടെ The Third Bank of the River വായിച്ചതിനുശേഷം ആണ് ചെറുകഥ എഴുത്തിലെ എന്റെ ഷിഫ്റ്റ് സംഭവിക്കുന്നത്. ഇങ്ങനെയും ഒരു ലോകം ഉണ്ടാക്കാം എന്ന് അതെന്നെ പഠിപ്പിച്ചു. ആലിസ് മൺറോയുടെ Boys & Girls എന്നെ മാറ്റിമറിച്ച കഥയാണ്. സ്ത്രീ കഥാപാത്രങ്ങളെ എത്രമാത്രം ബഹുമാനത്തോടെ അവതരിപ്പിക്കണമെന്ന് മൺറോയുടെ കഥകൾ നമ്മെ പഠിപ്പിക്കും. എന്നെ എഴുത്തിലേക്ക് നയിച്ചത് രണ്ടുപേരാണ്. ഗിരീഷ് ആനന്ദ്, പിന്നെ കുന്നത്തൂർ രാധാകൃഷ്ണേട്ടൻ. മലയാള ചെറുകഥയിലെ വസന്തത്തിന്റെ ഇടിമുഴക്കത്തെക്കുറിച്ചൊക്കെ ഞാൻ ബോധവാനായത് രാധാകൃഷ്ണേട്ടൻ ഉള്ളതുകൊണ്ടാണ്. എം സുകുമാരനെയും യു പി ജയരാജനെയും പി കെ നാണുവിനെയും പുള്ളി എന്റെ വായനാലോകത്തേക്ക് വച്ചുതന്നു. ഗൗരവമുള്ളത് വായിക്കണമെന്ന കലാപ്രചോദിതമായ ആഗ്രഹം തുടങ്ങുന്നത് ഇവരെ വായിച്ചതിനുശേഷമാണ്. എഴുത്തിലെ രാഷ്ട്രീയം ഗൗരവമായി കൈകാര്യം ചെയ്യേണ്ട ഒരു സംഗതിയാണെന്ന ബോധ്യം ഇത്തരം വായനകൾ എന്നിൽ ഉണ്ടാക്കി. ജാക്ക്‌ലണ്ടനും അസ്തൂരിയാസും ക്ലാരിസ് ലിസ്സ്പെക്ടറും മൽമൂതും യോസയും വായനയിൽ ഉണ്ടായിരുന്നു. ഇപ്പോൾ വായിക്കുന്നത് ഇഗ്നാസിയോ സിലോണെയുടെ ഫോന്തമാര എന്ന നോവലാണ്. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ എഴുതപ്പെട്ടിട്ടുള്ള ഒരു കൃതിയാണിത്. മാർക്സിയൻ ചിന്ത കലാപരമായി അടയാളപ്പെടുത്തിയിട്ടുള്ള ആഖ്യാനമാണ് ഈ നോവലിന്റെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്.
പെയിന്റിങ്ങുകൾ എന്റെ എഴുത്തിനെ സ്വാധീനിക്കാറുണ്ട്. ചില സിനിമകളുടെ സംഗീതം സ്വാധീനിക്കുന്നത് പോലെ… 9mm ബെരേറ്റക്ക് എഴുതിയ ഒരു ചാപ്റ്റർ ഞാൻ മാറ്റി എഴുതിയത്, തോലിൽ സുരേഷേട്ടൻ ചാപ്റ്ററിന് വരച്ച ചിത്രങ്ങൾ കണ്ടതിനുശേഷമാണ്. സിനിമയിൽ എന്നതുപോലെ ചിത്രകലയിലും അപാരമായ ദൃശ്യാനുഭവം ഉണ്ടാക്കുമെന്ന് ഞാൻ മനസ്സിലാക്കിയത് സുരേഷേട്ടൻ 9mm ബെരേറ്റക്ക് വരച്ച ചിത്രങ്ങളിലൂടെയാണ്. നോവലിൽ കാശ്മീരിലാൽ മദൻലാൽ പഹ്‌വയെ പൊലീസുകാർ മൂന്നാംമുറ ഉപയോഗിച്ച് ചോദ്യം ചെയ്യുന്ന രംഗമുണ്ട്. നിഴലും വെളിച്ചവും കൊണ്ട് ഈ രംഗത്തിന്റെ തീവ്രതയെ സുരേഷേട്ടൻ എഴുത്തുകാരന്റെ ഭാവനയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നു. ആഖ്യാനത്തെക്കാൾ ഉജ്ജ്വലമാണ് വര. ആഖ്യാനത്തിൽ നിഴലിന്റെയും വെളിച്ചത്തിന്റെയും പ്രാധാന്യം ഈ ചിത്രം എന്നെ പഠിപ്പിച്ചു. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ അവർ നിൽക്കുന്ന പരിസരത്തിന്റെ/ ഉപയോഗിക്കുന്ന വസ്തുവിന്റെ സ്വഭാവത്തിലൂടെ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ എഴുത്തിനെയും വായനയെയും മൗലികമാക്കാൻ സഹായിക്കുന്നുണ്ട്.
9mm ബെരേറ്റയ്ക്ക് വേണ്ടി വരച്ചപ്പോഴൊക്കെ സുരേഷേട്ടൻ ഒരു ചായഗ്രഹകൻ കൂടിയായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചിത്രങ്ങൾ അതിനു സാക്ഷി. അദ്ദേഹത്തിന് വരയ്ക്കാൻ സകല സ്വാതന്ത്ര്യത്തിന്റെ ചിറകുകളും സമ്മാനിച്ച ബിജുരാജ് ആർ കെയുടേതുകൂടിയാണ് ഈ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ എന്ത് എഴുതരുത് എന്നുകൂടി എന്നെ പഠിപ്പിക്കുന്നു. എഴുത്തിൽ ഇനി ഈ ചിത്രങ്ങളാണ് എനിക്ക് ഗുരു. ഞാൻ പറഞ്ഞു വരുന്നത്, കലാരൂപങ്ങളെല്ലാം അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടത്തുന്നുണ്ട് എന്നാണ്. വാൻഗോഗിന്റെ ജീവചരിത്ര നോവൽ എഴുതിയ ഏർവിങ് സ്റ്റോൺ, യാദൃശ്ചികമായി അദ്ദേഹത്തിന്റെ ഒരു പെയിന്റിംഗ് കാണാൻ ഇടയായത് കൊണ്ടാണ് ലസ്റ്റ് ഫോർ ലൈഫ് എന്ന നോവൽ എഴുതാൻ ഇടയായത്!