ഇന്ത്യൻ നിയമചരിത്രത്തിലെ ഒരു വിപ്ലവകരമായ നിയമമാണ് 2005 ലെ വിവരാവകാശ നിയമം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഖ്യാതിക്ക് അടിവരയിടുന്നതായിരുന്നു പ്രസ്തുത നിയമം. ഇന്ത്യൻ ഭരണഘടനാപ്രകാരം പൗരന് നൽകിയിട്ടുള്ള മൗലികാവകാശങ്ങളിൽ അനുഛേദം 19 (1) (a) അഭിപ്രായസ്വാതന്ത്ര്യം പൗരന് അനുവദിച്ച് നൽകുന്നുണ്ട്. ഈ സ്വാതന്ത്ര്യം ഫലപ്രദമായി വിനിയോഗിക്കണമെങ്കിൽ കൃത്യമായി വിവരങ്ങളെക്കുറിച്ച് വേണ്ടത്ര അറിവ് ലഭിക്കണം. അറിയാനുള്ള അവകാശമുണ്ടെങ്കിൽ മാത്രമേ സ്വതന്ത്രവും, നീതിയുക്തവുമായ അഭിപ്രായം രൂപീകൃതമാവുകയുള്ളൂ. ഈ ഉദ്ദേശ്യത്തിന്റെ സാക്ഷാൽക്കാരത്തിനായാണ് ഇന്ത്യൻ പാർലമെന്റ് 2005 ൽ വിവരാവകാശ നിയമം പാസ്സാക്കിയത്. ഓരോ ഇന്ത്യൻ പൗരനും അറിയാനുള്ള അവകാശം മൗലികമായി പ്രഖ്യാപിക്കുന്ന 3‐ാം വകുപ്പാണ് ഈ നിയമത്തിന്റെ ആത്മാവ്. വിവരാവകാശത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം എല്ലാ പൗരർക്കും വിവരാവകാശം അഥവാ അറിയുവാനുള്ള അവകാശം നിയമപ്രകാരം സ്ഥാപിച്ച് നൽകുന്നു. ഒരു പൊതുസ്ഥാപനത്തിന്റെ കൈവശത്തിലോ, നിയന്ത്രണത്തിലോ ഉള്ള ഫയലുകൾ, രേഖകൾ, പ്രമാണങ്ങൾ തുടങ്ങിയ ഏത് വിവരവും നേരിൽ കണ്ട് പരിശോധിക്കുന്നതിനും, അവയുടെ പകർപ്പുകളോ, സാമ്പിളുകളോ, എടുക്കുന്നതിനും ഇന്ത്യൻ പൗരനുള്ള അവകാശമാണ് 3‐ാം വകുപ്പിലൂടെ പ്രകാശിതമാവുന്നത്. വിവരങ്ങൾ ആവശ്യപ്പെടുന്ന പൗരനോട് അത് എന്താവശ്യത്തിനാണെന്ന് ചോദിക്കുവാൻ പാടുള്ളതല്ലെന്ന് നിയമത്തിൽ കൃത്യമായി പ്രസ്താവിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിലും സർക്കാരിന്റെ നിയന്ത്രണത്തിലോ, അധീനതയിലോ ഉള്ള സ്ഥാപനങ്ങളിലും സുതാര്യതയും ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്വബോധവും ജനിപ്പിക്കുകയും, അതുവഴി അഴിമതി ഇല്ലാതാക്കുകയും, ജനാധിപത്യം വിഭാവനം ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മുടെ രാജ്യത്തെ എത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ നിയമത്തിന്റെ മുഖ്യമായ ഉദ്ദേശ്യലക്ഷ്യം.
വിവരാവകാശ നിയമത്തിന്റെ അനന്തമായ സാധ്യതകൾ
പൊതു അധികാരിയുടെ കൈവശമോ, നിയന്ത്രണത്തിലോ ഉള്ള വിവരങ്ങൾ അറിയുന്നതിന് ഓരോ ഇന്ത്യൻ പൗരനും അവകാശമുണ്ട്. “പൊതു അധികാരി’ യെന്നാൽ ഇന്ത്യൻ ഭരണഘടനപ്രകാരമോ, പാർലമെന്റോ, നിയമസഭകളോ നിർമ്മിച്ച നിയമം വഴിയോ, സർക്കാർ വിജ്ഞാപനം വഴിയോ, നിലവിൽ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ സ്ഥാപനങ്ങളും പൊതു അധികാരികളാണ്. സർക്കാരിന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ ഉള്ളതോ, സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നതോ ആയ സർക്കാരിതര സ്ഥാപനങ്ങളും “പൊതു അധികാരി’ നിർവചനത്തിൽ പെടും. വിവരാവകാശ അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ തൃപ്തികരമായ മറുപടി ലഭിക്കാൻ പൗരന് അവകാശമുണ്ട്. എന്നാൽ ഒരു വ്യക്തിയുടെ ജീവനെയോ, സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണെങ്കിൽ 48 മണിക്കൂറിനകം വിവരം ലഭ്യമാക്കേണ്ടതുണ്ട്. 2005 ലെ വിവരാവകാശ നിയമപ്രകാരം കേന്ദ്ര തലത്തിലും, സംസ്ഥാന തലത്തിലും ഇൻഫർമേഷൻ കമ്മീഷനുകൾ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപിച്ചതോ, അതിന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ ഉള്ളതോ, സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പരിധിയിലും, കേന്ദ്രസർക്കാരുമായി മേൽ വിവരിച്ച പ്രകാരം ബന്ധപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രവിവരാവകാശ കമ്മീഷന്റെ പരിധിയിലുമാണ് വരിക. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ ന്യായമായ കാരണങ്ങളില്ലാതെ, വിവരങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയോ, നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ വിവരങ്ങൾ ലഭ്യമാക്കാതിരിക്കുകയോ, ദുരുദ്ദേശ്യത്തോടെ വിവരം നിരസിക്കുകയോ, അറിഞ്ഞുകൊണ്ട് തെറ്റായതും അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകുകയോ, ആവശ്യപ്പെട്ടിരുന്ന വിവരങ്ങൾ നശിപ്പിക്കുകയോ ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ വിവരാവകാശ കമ്മീഷന് ഏതെങ്കിലും പരാതിയിലോ അപ്പീലിലോ തീരുമാനമെടുക്കുന്ന സമയത്ത്, വിവരങ്ങൾ ലഭ്യമാക്കിയതുവരെയുള്ള ഓരോ ദിവസത്തേക്കും 250 രൂപ പിഴ ചുമത്താവുന്നതാണ്. എന്നാൽ പരമാവധി പിഴസംഖ്യ ഇരുപത്തയ്യായിരം രൂപയിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
വിവരാവകാശ നിയമം വിലക്കുന്ന രേഖകൾ
വിവരാവകാശ നിയമത്തിലെ 8 (1) വകുപ്പ് ചില വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവരെ വിലക്കിയിരിക്കുന്നു. ഭാരതത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും രാജ്യത്തിന്റെ സുരക്ഷതത്വത്തെയും തന്ത്രപ്രാധാന്യത്തെയും ശാസ്ത്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളെയും വിദേശ രാജ്യവുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുന്നതും അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതുമായ വെളിപ്പെടുത്തലുകൾ ഈ ഗണത്തിൽ പെടുന്നു. കോടതികളോ ട്രിബ്യൂണലുകളോ ഏതെങ്കിലും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ നിന്ന് തടയുന്നുണ്ടെങ്കിലും പാർലമെന്റിന്റെയോ, സംസ്ഥാന നിയമസഭകളുടെയോ അവകാശലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, പൊതുജനങ്ങളുടെ ഭൂരിപക്ഷ താൽപര്യം ഉൾക്കൊള്ളാത്ത വിവരങ്ങൾ, ഒരാൾക്ക് വിശ്വാസാധിഷ്ഠിതമായ ബന്ധത്തിലൂടെ ലഭിച്ചതും, പൊതുതാൽപര്യമില്ലാത്തതുമായ വിവരങ്ങൾ, ഏതെങ്കിലും വ്യക്തിയുടെ ജീവനോ, ശാരീരിക സുരക്ഷിതത്വത്തിനോ അപകടകരമായിത്തീർന്നേക്കാവുന്ന കാര്യങ്ങൾ, അന്വേഷണത്തിന്റേയോ കുറ്റവാളികളുടെ അറസ്റ്റിന്റേയോ പ്രോസിക്യൂഷന്റെയോ നടപടിക്രമത്തെ തടസ്സപ്പെടുത്തുന്നത്, കാബിനറ്റ് രേഖകൾ പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപുള്ള വിവരങ്ങൾ എന്നിവ വിവരാവകാശനിയമം വിലക്കുന്ന വിവരങ്ങളാണ്.
ഡിജിറ്റൽ പെഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് (2023) ഒറ്റനോട്ടത്തിൽ
2023ൽ രൂപീകരിക്കപ്പെട്ട ഡിജിറ്റൽ പെഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ള വിവരാവകാശനിയമത്തിന്റെ 8 (1) (j) ഉപവകുപ്പിന്റെ ഭേദഗതി ലക്ഷ്യം വെച്ചായിരുന്നു. ഈ ഉപവകുപ്പ് പ്രകാരം വ്യക്തിഗത വിവരവുമായി ബന്ധപ്പെട്ടിരിക്കുന്നിടത്തും, അതിന്റെ വെളിപ്പെടുത്തൽ പൊതുതാൽപര്യവുമായോ, അല്ലെങ്കിൽ പൊതുപ്രവർത്തനവുമായോ, യാതൊരു ബന്ധമില്ലാത്തിടത്തും, അതുമല്ലെങ്കിൽ വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്ന് ഉറപ്പുള്ളപ്പോഴും കേന്ദ്ര പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർക്കോ, അല്ലെങ്കിൽ അപ്പീൽ അധികാരസ്ഥാനത്തിനോ, അതാത് സംഗതി പോലെ, അത്തരത്തിലുള്ള വെളിപ്പെടുത്തലിനെ ഭൂരിപക്ഷ പൊതുജന താൽപര്യം ന്യായീകരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നുവെങ്കിലല്ലാതെയും, നൽകുന്നതിന് ബാധ്യത ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ്. എന്നാൽ പാർലിമെന്റിനെയോ, അല്ലെങ്കിൽ സംസ്ഥാന നിയമസഭയ്‌ക്കോ നിഷേധിക്കാവുന്നതല്ലാത്ത വിവരം ഏതെങ്കിലും വ്യക്തിക്ക് നിഷേധിക്കരുതെന്നും, 8 (1) (a) ഉപവകുപ്പ് വ്യക്തമാക്കുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഉപവകുപ്പ് പ്രകാരം വ്യക്തിഗത വിവരങ്ങൾ പൊതുജനതാൽപര്യത്തിന് അനുപേക്ഷണീയമായതല്ലെങ്കിൽ നിഷേധിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് അധികാരം നൽകുന്നതാണ്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ നിരുൽസാഹപ്പെടുത്തുന്നതാണ് പ്രസ്തുത ഉപവകുപ്പ്. പക്ഷേ പൊതുജനതാൽപര്യത്തിനാണ് പരമപ്രാധാന്യം. അതിനുപുറമെ ഈ വകുപ്പ് പ്രകാരം പാർലമെന്റിനോ, സംസ്ഥാന നിയമസഭകൾക്കോ നൽകാവുന്ന വിവരം വ്യക്തികൾക്ക് നിഷേധിക്കുന്ന സാഹചര്യത്തെ ഒരു കാരണവശാലും പ്രോൽസാഹിപ്പിക്കുന്നുമില്ല. 2023 ൽ തയ്യാറാക്കിയ നിയമമനുസരിച്ച് വ്യക്തിഗതമായ വിവരങ്ങൾ പൊതുജന താൽപര്യത്തിനുതകുന്നതാണെങ്കിലും നിഷേധിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ്. സൂക്ഷ്മാർത്ഥത്തിൽ ഏതൊരു വിവരവും വ്യക്തിഗത വിവരമാകാം. വ്യക്തിഗത വിവരമായതുകൊണ്ട് മാത്രം പൊതുജന താൽപര്യമുള്ള ഒരു വിവരം നൽകാതിരിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിന് തുല്യമാണ്. മാത്രവുമല്ല, ഡിജിറ്റൽ പെഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് ലംഘനത്തിന് വലിയ തോതിലുള്ള പിഴയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ സാഹചര്യം വിവരങ്ങൾ നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നിരുൽസാഹപ്പെടുത്താൻ പര്യാപ്തവുമാണ്. ഫലത്തിൽ പുതിയ നിയമത്തിന്റെ വരവോടെ വിവരാവകാശ നിയമം വിവരങ്ങൾ നിഷേധിക്കുന്ന നിയമമായി മാറിയെന്ന് ചുരുക്കം. മുൻ വിവരാവകാശ കമ്മീഷണർ ആയിരുന്ന ആചാര്യലു പുതിയതായി രൂപീകൃതമായ നിയമത്തെ RDI (റൈറ്റ് ടു ഡിനൈൽ ഇൻഫർമേഷൻ) എന്ന് ആക്ഷേപിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
വിവരാവകാശത്തിന്റെ അന്തകനോ?
വിവരാവകാശ നിയമത്തിന്റെ അനന്തമായ സാധ്യതകളെ ഗളഹസ്തം ചെയ്യുന്നതാണ് പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പെഴ്സൺ ഡാറ്റാ പ്രൊട്ടക്ഷൻ റൂൾ. അഴിമതി അർബുദം പോലെ നമ്മുടെ രാഷ്ട്രശരീരത്തെ കാർന്നുതിന്നുന്ന ഘട്ടത്തിൽ വലിയൊരു പ്രതിരോധമായിരുന്നു വിവരാവകാശ നിയമം. പൗരന്റെ പൊതു ഉത്തരവാദിത്വം വർദ്ധിതവീര്യത്തോടെ സാക്ഷാൽക്കരിക്കുന്നതിൽ വിവരാവകാശ നിയമം വഹിച്ച പങ്ക് ചെറുതല്ല. പൗരൻമാർ രാഷ്ട്രത്തിന്റെ കാവൽക്കാരാവുന്ന തരത്തിൽ പ്രജയിൽ നിന്ന് ഉത്തരവാദപ്പെട്ട പൗരനിലേക്കുള്ള അവസ്ഥാന്തരം അടയാളപ്പെടുത്തിയ നിയമമാണ് അതിന്റെ അന്തഃസത്ത മുഴുവൻ ചോർന്നുപോകുന്ന നിലയിലേക്ക് പതിച്ചത്. ഈ സാഹചര്യത്തിൽ അഴിമതി തടയുന്ന സർക്കാർ സംവിധാനങ്ങളായ വിജിലൻസ്, ആന്റികറപ്ഷൻ ബ്യൂറോകൾ, ലോക്പാൽ എന്നിവരുടെ പ്രവർത്തനം ഏതുവിധത്തിലായിരിക്കും പുരോഗമിക്കുകയെന്ന ഉത്കണ്ഠ നമ്മെയേവരെയും അലോസരപ്പെടുത്തുന്നതാണ്. രസകരമായ ഒരു കാര്യം ഒരു വ്യക്തി അയാളുടെ മാർക്ക് ഷീറ്റ് തിരുത്തിയെന്നറിഞ്ഞ് മറ്റൊരു പൗരൻ വിവരാവകാശത്തിന് അപേക്ഷ നൽകിയാലും വ്യക്തിപരമായ വിവരമാണെന്ന് പരാമർശിച്ച് അപേക്ഷ നിരസിക്കാൻ കഴിയുന്ന രീതിയിലേക്കാണ് കാര്യങ്ങൾ എത്തപ്പെട്ടിരിക്കുന്നതെന്ന് ചിരുക്കം. വിവരാവകാശ നിയമം ഈ രീതിയിൽ അപ്രസക്തമാകുന്നതോടെ മാധ്യമങ്ങൾ അഴിമതിയും കെടുകാര്യസ്ഥതയും അധികാരദുർവിനിയോഗവും നിക്ഷിപ്ത താൽപര്യങ്ങളും തടയുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളുടെ ഗതിയെന്താകും? അന്വേഷണാത്മക പത്രപ്രവർത്തനം ചരിത്രത്തിന്റെ ഭാഗമാകുന്ന നിലയിലേക്ക് പിൻവാങ്ങുകയില്ലേ? ഈ സാഹചര്യത്തിലാണ് മാധ്യമരംഗത്തുള്ള പ്രൊഫഷണലുകളും, നാഷണൽ കാമ്പയിൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ (NCPRI) പ്രവർത്തകരും പൊതുരംഗത്തെ സുതാര്യതക്ക് വേണ്ടി അക്ഷീണം പോരാടിക്കൊണ്ടിരിക്കുന്ന അഡ്വ. പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടിനെ എതിർത്ത് രംഗത്തുവന്നത്.
ഉപസംഹാരം
ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി നമ്മുടെ രാഷ്ട്രം മേനിനടിക്കുന്നുവെങ്കിൽ അതിന്റെ നിലനിൽപ്പിന് ശക്തമായ വിവരാവകാശം നിയമം കൂടിയേ തീരൂ. സർക്കാരുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എന്തുകൊണ്ട് ഒരു പ്രത്യേകകാര്യത്തിൽ ഈ വിധം പ്രവർത്തിച്ചുവെന്നുമൊക്കെ യുക്തിസഹമായ രീതിയിൽ വിലയിരുത്തണമെങ്കിൽ മേൽസൂചിപ്പിച്ച രീതിയിലൊരു നിയമം അനിവാര്യമാണ്. വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പറയുന്നതുപോലെ ജനാധിപത്യം പ്രബുദ്ധരായ പൗരൻമാരും, വിവരാവകാശ വിനിമയരംഗത്തെ സുതാര്യതയും അത്യന്താപേക്ഷിതമാക്കുന്നുണ്ട്. രണ്ട് പതിറ്റാണ്ട് കാലം പൊതുരംഗത്തെ സുതാര്യത ഉറപ്പാക്കുന്നതിൽ ഒരു ധ്രുവനക്ഷത്രം കണക്കെ പ്രവർത്തിച്ച വിവരാവകാശ നിയമത്തെയാണ് പുതിയ നിയമനിർമ്മാണത്തിലൂടെ റദ്ദാക്കിയിരിക്കുന്നത്. പൊതുജന താൽപര്യം സംരക്ഷിച്ചുകൊണ്ട്, ഉചിതമായ വിഷയങ്ങളിൽ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള സന്തുലിതാവസ്ഥയിലുള്ള നിയമനിർമ്മാണമാണ് വേണ്ടിയിരുന്നത്. സ്വകാര്യതയുടെ പേരിൽ സുതാര്യതയെ ബലികഴിക്കുന്ന വികൃതമായ നിയമനിർമ്മാണമല്ല യാഥാർത്ഥ്യമാവേണ്ടിയിരുന്നത്. പാർലമെന്റിൽ പാസ്സാക്കുകയും, രാഷ്ട്രപതിയുടെ അംഗീകാരം നേടിക്കഴിഞ്ഞുവെങ്കിലും ഇത് നടപ്പിലാക്കുന്ന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രജയിൽ നിന്ന് പൗരനിലേക്ക് മാർച്ചു ചെയ്ത രണ്ട് പതിറ്റാണ്ടുകൾ ഓർമയാവുകയാണ്. ജനാധിപത്യത്തെ ഉന്മൂലനാശം ചെയ്യുവാൻ സാധ്യതയുള്ള ഒരു നിയമനിർമ്മാണത്തിനെതിരെ അതർഹിക്കുന്ന രീതിയിലൊരു ചെറുത്തുനിൽപ്പ് പൗരസമൂഹത്തിൽ നിന്ന് ഉണ്ടായില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അടിയന്തരപ്രാധാന്യമർഹിക്കുന്ന ഇത്തരം വിഷയങ്ങളിൽ ജനങ്ങളുടെ നിസ്സംഗ മനോഭാവം നവഫാസിസത്തിന് പച്ചപ്പരവതാനി വിരിക്കുന്നതിന് സമാനമാണെന്ന് നാം എന്നാണ് തിരിച്ചറിയുക?. l