ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച “സ്‌ത്രീകൂട്ടായ്മ’, കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും അവിടെനിന്ന് ദേശീയ, അന്തർദേശീയ വേദികളിലേക്കും നയിച്ച ആശയം, അതാണ് “കുടുംബശ്രീ’. സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ആത്മനിർഭരരാക്കുന്ന പദ്ധതി, ആധുനിക വികസനത്തിന്റെ ലോകോത്തര മാതൃകയാണ്..
കാൽ നൂറ്റാണ്ടിനിപ്പുറം കാലത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട്, ശക്തമായ പരിഷ്‌കരണങ്ങളിലൂടെ പുതിയ ദിശയിൽ മുന്നേറാൻ ഒരുങ്ങുകയാണ്”കുടുംബശ്രീ’. ബൈലോ ഭേദഗതി ചെയ്തും പ്രവർത്തനരീതിയിലെ പുതുമകൾ കൊണ്ടും ജനാധിപത്യപരവും സമഗ്രവുമാക്കി പദ്ധയിയെ മാറ്റുകയാണ് അടുത്ത ലക്ഷ്യം. സമൂഹ വികസനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ജനകീയ മുഖമായി മാറിയ കുടുംബശ്രീ, ഉൾക്കൊള്ളലിന്റെ ദിശയിലേക്ക് കുതിക്കുകയാണ്.
ദരിദ്ര കുടുംബങ്ങളിൽ തുടങ്ങിയ പദ്ധതിയിൽ എല്ലാ കുടുംബങ്ങളെയും ഭാഗമാക്കുകയെന്നാതാണ് പ്രധാന മാറ്റം. ഇതിലൂടെ ഓരോരുത്തർക്കും നവകേരളത്തിലേക്കുള്ള വികസനയാത്രയിൽ ഭാഗമാകാം.
വിദ്യാർഥികളെയും യുവജനത്തെയും കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനുള്ള ഓക്‌സിലറി ഗ്രൂപ്പുകളുടെ വിജയ ഗാഥ തുടരുകയാണ്.ഇൗ ഗ്രൂപ്പുകൾ വിപുലീകരിക്കുന്നതിനും യുവജനങ്ങളെ ശാക്‌തീകരിക്കുന്നതിനുമായി കുടുംബശ്രീ കലാലയങ്ങളിലേക്കും എത്തുന്നുവെന്നതാണ് മറ്റൊന്ന്. പത്തിധികം മാറ്റങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ശക്തമായി കുടുംബശ്രീ മുന്നേറുകയാണ്,
നവയുഗത്തിനായി.
കേവല ദാരിദ്ര്യത്തെ എങ്ങനെ ലഘൂകരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായാണ് 1998ൽ ഇ കെ നായനാർ സർക്കാർ മഹത്തായ സംരംഭത്തിന് തുടക്കമിടുന്നത്. മുതലളിത്ത വ്യവസ്ഥതിയിൽ ദാരിദ്ര്യവും അസമത്വവും നിലനിൽക്കേ ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യത്തിലേക്കുള്ള ആസുത്രണത്തിന് ജനകീയമുഖം കൊണ്ടുവരികയായിരുന്നു പ്രധാനം. ഡോ. ടി എം തോമസ് ഐസക്, എസ് എം വിജയാനന്ദ്, ഡോ പ്രകാശ് ബക്ഷി എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1997-98ലെ സംസ്ഥാന ബജറ്റിൽ “കുടുംബശ്രീ’ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
“സ്‌ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്’ അതായിരുന്നു കുടുംബശ്രീയുടെ കാഴ്‌ചപ്പാട്. “നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടോ-?’ എന്ന ചോദ്യവുമായി കുടുംബശ്രീ സ്‌ത്രീകളിലേക്കെത്തി. സ്വന്തമായി വരുമാനം നേടുക, ആ വരുമാനത്തിൽ നിന്ന് വീട്ടുചെലവുകൾ നടത്തുക, മക്കളെ പഠിപ്പിക്കുക. മുതൽ മുടക്ക് ആലോചിച്ച് ആകുലപ്പെടേണ്ട, ജോലി ചെയ്യാനുള്ള മനസ് മാത്രം മതി മൂലധനമായെന്ന് കുടുംബശ്രീ സ്‌ത്രീകളോട് വിളിച്ചു പറഞ്ഞു.
എനിക്ക് വിദ്യാഭ്യാസമൊന്നുമില്ല, വീട്ടുജോലിയല്ലാതെ മറ്റൊന്നും വശമില്ലന്ന് പറഞ്ഞവർക്ക് തളരാതെ പൊരുതിക്കയറാനുള്ള പെൺകരുത്തായി കുടുംബശ്രീ മാറി. ഈ കൂട്ടായ്‌മയുടെ വെളിച്ചമെത്താത്ത ഒരു വീടും കേരളത്തിലില്ല. അത്രമേൽ മലയാളികളോട് ചേർന്നുനിൽക്കുന്ന അഭിമാനശ്രീ. ആ വെളിച്ചത്തിൽ നടന്ന് ജീവിതവിജയം നേടിയ ലക്ഷക്കണക്കിന് വനിതകൾ നമുക്ക് ചുറ്റുമുണ്ട്.
നവയുഗത്തിനായി പുതുവഴിയേ..
ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് രൂപകരിച്ചതിനാൽ ദരിദ്രകുടുംബങ്ങൾ മാത്രമായിരുന്നു അംഗങ്ങളെങ്കിൽ ഇനിമുതൽ എല്ലാ കുടുംബങ്ങളും അയൽക്കൂട്ടത്തിൽ അംഗങ്ങളാകും. അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് എത്തിക്കാൻ കുടുംബശ്രീയുടെ പങ്ക് നിർണായകമാണെന്നതാണ് പുതിയ മാറ്റത്തിന്റെ അടിസ്ഥാനം.
എസ്‌സി/എസ്‌ടി, തീരദേശ മേഖലയിലെ കുടുംബങ്ങൾ എന്നിവരെ നിർബന്ധമായും ഉൾച്ചേർക്കണമെന്നതാണ് ഭേദഗതിയിലെ പ്രധാന കാര്യം. ഭിന്നശേഷി അംഗങ്ങൾ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ ഉൾപ്പെടെ അനുയോജ്യമായ പ്രത്യേക അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാക്കണം. പ്രത്യേക അവശത അനുഭവിക്കുന്ന വിഭാഗങ്ങളായ ബധിര– മൂകർ, അന്ധർ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ, എയ്‌ഡ്‌സ് ബാധിതർ, ട്രാൻസ്‌ജെന്റേഴ്‌സ്, വയോജനങ്ങൾ തുടങ്ങിയവർക്കായി പ്രത്യേക അയൽക്കൂട്ടം രൂപീകരിച്ച് സിഡിഎസ് നേതൃത്വത്തിൽ പ്രവർത്തിക്കാനാകും. ഇതിൽ 40 ശതമാനംവരെ പുരുഷന്മാരെയും ഉൾപ്പെടുത്താമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
കലാലയശ്രീ
യുവതികളെ ശാക്തീകരിക്കാനായി കുടുംബശ്രീ കോളേജുകളിലേക്ക്. യുവതി കൂട്ടായ്‌മയായ ഓക്‌സിലറി ഗ്രൂപ്പുകളാണ് കലാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പഠനത്തോടൊപ്പം ജോലി, വരുമാനം എന്നതിലേക്ക് ഓരോ വിദ്യാർഥിനിയെയും എത്തിക്കുകയെന്നതിന്റെ ആദ്യ ചുവടുവയ്‌പാണിത്. കുടുംബശ്രീ പ്രവർത്തനങ്ങളിൽ വിദ്യാർഥിനികളുടെ നൂതന ആശയങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തുക, കേരള സമ്പദ്ഘടനയെ പരിപോഷിപ്പിക്കാൻ വരുമാനം കണ്ടെത്താൻ പുതുതലമുറയെ പ്രാപ്തമാക്കുക, നൂതന തൊഴിൽ സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും പിന്തുണ നൽകുക, പുതിയ കാലത്തെ തൊഴിൽ സംസ്കാരം, സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, വിദ്യാർഥിനികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, സാമൂഹിക ഇടപെടല്‍ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിച്ച് വേദി നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥിനികൾക്ക് പ്രാധാന്യം നൽകിയാകും ഗ്രൂപ്പുകളുടെ രൂപീകരണം. ട്രാൻസ്ജെൻഡർ വനിതകൾക്കും അംഗങ്ങളാകാം. 20 പേരടങ്ങിയ ഒന്നിലേറ ഗ്രൂപ്പുകൾ കോളേജിലുമുണ്ടാകും. കോളേജിലേതുകൂടാതെ നാട്ടിലെ ഓക്‌സിലറി ഗ്രൂപ്പിലും അംഗമാകാം. ഇരട്ട അംഗത്വമുള്ളതിനാൽ കോളേജ് പഠനശേഷം നാട്ടിലെ ഓക്‌സിലറി ഗ്രൂപ്പിൽ തുടരാമെന്ന് ഭേദതിയും ഉൾപ്പെടുത്തി.അംഗങ്ങളിൽ മാനസികോല്ലാസം ഉറപ്പുവരുത്തുന്നതിനൊപ്പം സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ഇടമാക്കി കുടുംബശ്രീയെ മാറ്റുക, വൈജ്ഞാനിക സമ്പദ്ഘടന പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദൗത്യം.
മറ്റു പ്രധാന മാറ്റങ്ങൾ..
•കുടുംബശ്രീ വിലയിരുത്തൽ സമിതിയെ സിഡിഎസ് സംയോജന വികസന സമിതി എന്നു പുനർനാമകരണംചെയ്‌തു.
•വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ എഡിഎസ് സംയോജന വികസന സമിതിയും •സാമ്പത്തിക കാര്യങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഓഡിറ്റ് സമിതിയും രൂപീകരിക്കണം.
•സിഡിഎസ് ചെയർപേഴ്‌സൺമാർക്ക് ഓണറേറിയത്തോടെ ആറുമാസം പ്രസവാവധി അനുവദിക്കാം. •കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ വായ്‌പാ കുടിശ്ശികയുള്ളവർക്കും പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവർക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തിലേക്ക് മത്സരിക്കാൻ കഴിയില്ല
സാമൂഹിക പ്രവർത്തനത്തിന്റെ ബൃഹദ് ശൃംഖല
ഓരോ തദ്ദേശവാർഡിലും പത്തുമുതൽ ഇരുപതുവരെ സ്ത്രീകൾ അംഗങ്ങളായ അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാനതലം. ഈ അയൽക്കൂട്ടങ്ങളെ ഉൾപ്പെടുത്തി ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികളും (എഡിഎസ്) എഡിഎസുകൾ ചേർന്ന് കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളും (സിഡിഎസ്) ഉൾപ്പെടുന്ന ത്രിതല സംഘടനാ സംവിധാനമാണ് കുടുംബശ്രീയുടേത്. നിലവിൽ മൂന്നുലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകളുണ്ട് കുടുംബശ്രീയിൽ. പാർശ്വവത്കരിക്കപ്പെട്ടവരെമാത്രമല്ല, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരെയെല്ലാം കുടുംബശ്രീ ചേർത്തുപിടിക്കുന്നു.
പുതിയ വരുമാനമാർഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ കണ്ടെത്തുന്നു. അവർക്ക് സ്വന്തംകാലിൽ നിൽക്കാനാവുന്നു. അവർക്ക് എത്താനാവാത്ത ഇടങ്ങളില്ല. സൂക്ഷ്‌മസംരംഭങ്ങൾ, അയൽക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്‌പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾ നേരിടേണ്ടിവരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കൽ, അവരുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽശേഷിയും കാര്യശേഷിയും വർധിപ്പിച്ചാണ് മുന്നേറ്റം.
വൈവിധ്യങ്ങളിലേക്ക്
സാമൂഹികപുരോഗതിയുടെ ഓരോ മേഖലയിലും കുടുംബശ്രീക്കൂട്ടായ്‌മയുടെ അടയാളപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. അടിസ്ഥാന വിവരശേഖരണത്തിനുള്ള റിസോഴ്‌സ് പേഴ്‌സണായി കുടുംബശ്രീ മാറിക്കഴിഞ്ഞു. ലഘുസമ്പാദ്യപദ്ധതിമുതൽ അത് തുടങ്ങുന്നു. സ്ത്രീകളുടെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തൽ, യുവാക്കൾക്ക് സോഫ്റ്റ് സ്‌കില്ലിൽ പരിശീലനം നൽകുന്ന കണക്‌ട് ടു വർക്ക്, മൈക്രോഫിനാൻസ്, ലഘുസംരംഭങ്ങളിൽ ഏർപ്പെടുത്തുന്ന ലിങ്കേജ് ബാങ്കിങ്, അങ്കണവാടികളിൽ പോഷകാഹാരം എത്തിക്കുന്ന അമൃതം ഫുഡ് സപ്ലിമെന്റ്, ജനകീയ ഹോട്ടൽ, ജീവിതശൈലീ രോഗങ്ങൾ ബുദ്ധിമുട്ടിക്കുന്നവർക്ക് സഹായമായി സാന്ത്വനപരിചരണം, ഹരിതകർമസേനയിലൂടെ വരുമാനം കണ്ടെത്തലും മാലിന്യനിർമാർജനത്തിൽ പങ്കാളിയാകലും പാർശ്വവത്കൃത വിഭാഗങ്ങളിൽപ്പെട്ട അവിവാഹിതരായ അമ്മമാർ, ട്രാൻസ്ജെൻഡേഴ്സ്, മാനസികവൈകല്യം നേരിടുന്ന കുട്ടികൾ, അവരുടെ അമ്മമാർ, കിടപ്പുരോഗികൾ, തുടങ്ങിയവർക്ക് സൂക്ഷ്‌മസംരംഭങ്ങൾ ഒരുക്കുന്ന പ്രത്യാശ, ഭവനനിർമാണ ഗ്രൂപ്പുകൾ, നിർമാണസാധനങ്ങളുടെ ഉൽപാദനയൂണിറ്റുകൾ എന്നിവ പ്രവർത്തനമേഖലകളിൽ മികവ് അടയാളപ്പെടുത്തിയതാണ്. കൂടാതെ ബാലസഭ, ബഡ്‌സ് സ്ഥാപനങ്ങൾ, ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പുനരധിവാസവും ഉറപ്പാക്കുന്ന ജെൻഡർ, കാർഷികമേഖലയിലെയും മൃഗസംരക്ഷണമേഖലയിലെയും പ്രവർത്തനങ്ങളും കേരള ചിക്കനുമൊക്കെ കുടുംബശ്രീയുടെ പ്രവർത്തനരംഗങ്ങളിൽ ചിലതാണ്.
പുരുഷന്മാർക്കുമാത്രം സാധ്യമായിരുന്ന കിണർനിർമാണം ഉൾപ്പെടെയുള്ളവ കുടുംബശ്രീ ഏറ്റെടുത്തു. കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും വിവിധ സേവനങ്ങൾക്ക് കുടുംബശ്രീയുണ്ട്. 28 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും കുടുംബശ്രീ മാതൃക ഏറ്റെടുത്തു. കോവിഡ് മഹാമാരിയിലും പ്രളയകാലത്തും വയനാട് ദുരന്തത്തിലും ഈ പെൺകൂട്ടായ്‌മയുടെ കൈയൊപ്പ് സേവനമേഖലയിലുണ്ടായി.
ചേർത്തു പിടിച്ചു യുവതയേയും
യുവതികളുടെ ഉപജീവന ഉന്നമനത്തിന് പുതുഇടം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചു. കുടുംബശ്രീ അംഗത്വം ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ രണ്ടാമതൊരാൾക്ക് അംഗത്വം ലഭിക്കില്ല. അതിനാൽ കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം യുവതികൾക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പല പദ്ധതികളുടെയും ഗുണഫലങ്ങൾ ലഭ്യമാകുന്നില്ല. ഈ പരിമിതികൾ മറികടക്കാനാണ് ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം. അഭ്യസ്തവിദ്യരായ യുവതികൾക്ക് നൂതനമായ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം വിവിധ തൊഴിൽ രംഗത്ത് മുന്നേറാൻ കഴിയുംവിധം അവരെ നൈപുണ്യമുള്ളവരാക്കി മാറ്റാനും കഴിഞ്ഞു. സ്ത്രീധന പീഡനം ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് സംവദിക്കാനും അവയെ ഫലപ്രദമായി പ്രതിരോധിക്കാനുമുള്ള കരുത്തുറ്റ വേദികളായി ഓക്സിലറി ഗ്രൂപ്പുകളെ രൂപപ്പെടുത്താനായി. 18നും 40നുമിടയിൽ പ്രായമുള്ളവർ ഗ്രൂപ്പിന്റെ ഭാഗമാണ്.