അധ്യായം 4: ആഗോള അസ്തിത്വങ്ങൾ
ആഗോള തലത്തിലുള്ള മാധ്യമങ്ങളുടെ വളർച്ചയുടെ ഭാഗമായി പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം ഇന്ന് ആഗോള അസ്തിത്വങ്ങളായി സ്വയം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ പുസ്തകപ്രസാധനത്തിന്റെയും സംഗീത വിപണിയുടെയും 15 ശതമാനം ഓഹരികൾ നിയന്ത്രിക്കുന്നത് ജർമ്മനിയിൽ നിന്നുള്ള സ്ഥാപനങ്ങളാണ്. “ഞങ്ങൾ വിദേശികൾ അല്ല മറിച്ച് അന്തർദേശീയരാണ്” എന്ന അവകാശവാദമാണ് അവർ ഉയർത്തുന്നത്. ബെർട്ടത്സ്മാൻ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ തോമസ് മിഡ്ലോഫ് അവകാശപ്പെട്ടത് താൻ ജർമൻ പാസ്പോർട്ട് ഉള്ള ഒരു അമേരിക്കക്കാരൻ ആണെന്നാണ്. ബെർട്ടത്സ്മാൻ ഒരു ജർമൻ സ്ഥാപനം അല്ലെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. “ഞങ്ങൾ ഒരു ആഗോളമാധ്യമ സ്ഥാപനമാണ്” എന്നാണ് അവരുടെ അവകാശവാദം. എന്നാൽ അമേരിക്കൻ സ്ഥാപനമായ എ ഓ എ ‐ടൈം വാർണർ ആവട്ടെ “ഞങ്ങളെ ഒരു അമേരിക്കൻ സ്ഥാപനമായല്ല കാണേണ്ടത്, ഞങ്ങൾ ചിന്തിക്കുന്നത് ആഗോളതലത്തിലാണ്” എന്നാണ് പറയുന്നത്.
ആശയപരമായി ഇങ്ങനെയൊരു നിലപാട് എടുക്കുക മാത്രമല്ല അതിനൊപ്പം തന്നെ സ്ഥാപനങ്ങളുടെ ഏകീകരണവും കേന്ദ്രീകരണവും ഇതിന്റെ ഭാഗമായി നടത്തുന്നുമുണ്ട്. ഓരോ മാധ്യമ വ്യവസായത്തിലെയും പ്രമുഖരൊക്കെ തന്നെ വൻകിട ആഗോള മാധ്യമ സമുച്ചയങ്ങളുടെ അനുബന്ധങ്ങളായി മാറുന്നുമുണ്ട്. ഉദാഹരണത്തിന് അമേരിക്കയിലെ വിദ്യാഭ്യാസ സംബന്ധമായ പ്രസാധനങ്ങളൊക്കെ 1980കൾ വരെ നടത്തിയിരുന്നത് രണ്ട് ഡസനിലേറെ സ്ഥാപനങ്ങൾ ആയിരുന്നുവെങ്കിൽ ഇന്നത് നാല് സ്ഥാപനങ്ങൾ മാത്രമായി കുറഞ്ഞിരിക്കുന്നു. സംയോജനങ്ങളുടെയും ഏറ്റെടുക്കലുകളുടേയും നിലവാരം അത്യുന്നതികളിൽ ആണ് നിലനിൽക്കുന്നത്.2000‐ാം ആണ്ടിന്റെ ആദ്യപകുതിയിൽ ആഗോള മാധ്യമങ്ങൾ, ഇന്റർനെറ്റ്, വാർത്താവിനിമയ സംവിധാനങ്ങൾ, എന്നിവയുടെ സംയോജനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും വ്യാപ്തി 300 ബില്യൺ ഡോളർ ആയിരുന്നു. ഇത് തൊട്ടു മുൻവർഷത്തെ ആദ്യപകുതിയിൽ നടന്നതിന്റെ മൂന്നിരട്ടി ആയിരുന്നു. ഒന്നുകിൽ വളരെ പെട്ടെന്ന് വളരെ വേഗം വലുതാവുക,അല്ലെങ്കിൽ മറ്റാരെങ്കിലും വീഴുങ്ങുന്നതിന് വഴിപ്പെട്ടു കൊടുക്കുക എന്നതാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന യുക്തി. നിരവധി വ്യവസായങ്ങളിൽ ഈ പ്രവണത നിലനിൽക്കുന്നുവെന്ന് കാണാനാവും.
ഈ കേന്ദ്രീകരണം മൂലം മാധ്യമരംഗത്ത് ലക്കും ലഗാനുമില്ലാത്ത വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിൽ ഇന്ന് ആധിപത്യം വഹിക്കുന്നത് ഏഴ് ബഹുരാഷ്ട്ര കോർപ്പറേഷനുകളാണ്. ഡിസ്നി, എ ഒ എ‐ടൈം വാർണർ, സോണി, ന്യൂസ് കോർപ്പറേഷൻ, വയാക്കോം, വിവെണ്ടി, ബെർടെത്സ്മാൻ എന്നിവയാണവ. ഇരുപത് കൊല്ലം മുമ്പുവരെ ഈ സ്ഥാപനങ്ങൾക്കൊന്നും തന്നെ ഇന്നത്തെ നിലയിലുള്ള ഒരു നിലനില്പ് ഉണ്ടായിരുന്നില്ല. ഇന്ന് അവയെല്ലാം തന്നെ ലോകത്തിലെ ഏറ്റവും വലിയ 300 ധനകാര്യേതര സ്ഥാപനങ്ങളിൽ പെടുന്നവയാണ്. ഇവയൊക്കെ അമേരിക്ക കേന്ദ്രമായാണ് പ്രവർത്തിക്കുന്നതെങ്കിലും അവയിൽ മൂന്നെണ്ണം മാത്രമാണ് യഥാർത്ഥത്തിൽ അമേരിക്കൻ സ്ഥാപനങ്ങൾ. ഇവയാണ് ലോകത്തിലെ പ്രധാനപ്പെട്ട ഫിലിം സ്റ്റുഡിയോകളുടെ ഉടമസ്ഥർ. ഇവയാണ് ലോകത്തിലെ സംഗീത വിപണിയുടെ 80‐ 85 ശതമാനം കയ്യടക്കി വെച്ചിരിക്കുന്നത്. പുസ്തക പ്രസാധനത്തിലും വ്യാപാരമാഗ സിനുകളുടെ പ്രസാധനത്തിലും നിർണായകമായ പങ്കുവഹിക്കുന്നത് ഈ സ്ഥാപനങ്ങൾ തന്നെയാണ്. ലോകത്തിലെ പ്രധാനപ്പെട്ട വ്യാപാര കേബിൾ ടിവി ചാനലുകളുടെയും ഉടമസ്ഥർ ഇവർ തന്നെയാണ്.
ഈ കേന്ദ്രീകരണ പ്രവണത ഇനിയും വർദ്ധിക്കാനാണ് ഇടയുള്ളത്. ഈ ഏഴ് സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ള ഒരു മ്യൂച്വൽ ഫണ്ട് സ്ഥാപനമാണ് ക്യാപ്പിറ്റൽ റിസർച്ച് ആൻഡ് മാനേജ്മെന്റ്. അതിൻറെ എക്സിക്യൂട്ടീവ് ആയ ഗോൾഡൻ ക്രോ ഫോർഡ് പറഞ്ഞത് ഇങ്ങനെയാണ്. “വലിയ സ്ഥാപനങ്ങൾ മാത്രം അതിജീവിക്കുന്നതും ലംബമായി ഉദ്ഗ്രഥിക്കപ്പെട്ടിട്ടുള്ളതുമായ ഒരു ലോകത്തിലേക്കാണ് നാം നീങ്ങുന്നത് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.” ബഹുരാഷ്ട്ര കുത്തകകളൊക്കെ ചിന്തിക്കുന്നത് സമാനമായാണ്. അതുകൊണ്ടാണ് ദേശാന്തരീയ സംയോജനങ്ങൾ വൻതോതിൽ തന്നെ നടന്നുകൊണ്ടിരിക്കുന്നത്. റൂപ്പർട്ട് മർഡോക്കിന്റെ ന്യൂസ് കോർപ്പറേഷന് ഏഷ്യ മുതൽ യൂറോപ്പ് വരെയും അവിടെനിന്ന് ലാറ്റിനമേരിക്ക വരെയും ഒക്കെ സാറ്റലൈറ്റ് ടിവി സർവീസുകൾ ഉണ്ട്. അദ്ദേഹത്തിൻറെ സ്റ്റാർട്ട് ടിവിയാണ് ഏഴ് ഭാഷകളിലായി 30 ചാനലുകളുമായി ഏഷ്യയിൽ മുന്നിട്ടുനിൽക്കുന്നത്. ന്യൂസ് കോർപ്പറേഷന്റെ ചൈനയിലെ സ്ഥാപനമായ ഫീനിക്സ് ടിവിയിൽ 45% ഓഹരിയാണ് അവർക്കുള്ളത്. പലവർഷങ്ങളിലും 80 ശതമാനമാണ് വരുമാന വർധന ഉണ്ടാവുന്നത്. 45 ദശലക്ഷം കുടുംബങ്ങളിലാണ് ചൈനയിൽ അവർ എത്തിച്ചേരുന്നത്. ട്വന്റിയത് സെഞ്ച്വറി ഫോക്സ് ഫിലിംസ്, ഫോക്സ് ടിവി നെറ്റ്വർക്ക്, ഹാർപ്പർ കോളിൻസ് പബ്ലിഷേഴ്സ്, ടി വി സ്റ്റേഷനുകൾ, കേബിൾ ടി വി ചാനലുകൾ, മാഗസിനുകൾ, 130 ലേറെ ദിനപത്രങ്ങൾ, പ്രൊഫഷണൽ സ്പോർട്സ് ടീമുകൾ ഒക്കെ അടങ്ങിയ ഒരു ബ്രഹ്മാണ്ഡ സ്ഥാപനമാണ് ന്യൂസ് കോർപ്പറേഷൻ. മറ്റുള്ളവയും ഒട്ടും മോശമല്ല. l