ത്രില്ലറുകൾ കുറവായിരുന്ന ഇടത്തുനിന്ന് മലയാള സിനിമ മാറി. ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്ന ജോണറായി ത്രില്ലർ മാറി. എന്നാൽ ഇൗ ശ്രേണിയിൽ ഇറങ്ങുന്ന സിനിമകളിൽ അധികവും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണ്. ആരാണ് കുറ്റവാളി, എങ്ങനെയാണ് സംഭവിച്ചത് എന്ന ഉത്തരത്തിനായുള്ള അന്വേഷണം മാത്രമായി ചുരുങ്ങുകയാണ്. അതിനപ്പുറമുള്ള ആകാംക്ഷയും മികവും ഉണ്ടാകുന്നില്ല. കഥാന്ത്യം എത്തുന്ന ട്വിസ്റ്റ് പ്രേക്ഷകനെ ഞെട്ടിച്ചാൽ ഹിറ്റടിക്കാൻ എളുപ്പമാണ്. അതുപോലെ തന്നെ പ്രേക്ഷക ഉൗഹത്തിന് കീഴ്‌പ്പെട്ടാൽ പരാജയപ്പെടുകയും ചെയ്യും. പ്രേക്ഷകനെ ട്വിസ്റ്റിനായി കാത്തിരിക്കാൻ പ്രേരിപ്പിക്കുകയും അതിൽ ഞെട്ടിക്കുകയും ചെയ്യുന്ന സുരക്ഷിത ഫോർമുലയിൽ വിജയകരമായി സിനിമ സാധ്യമാക്കുന്ന ആളാണ് ജിത്തു ജോസഫ്. ആ ധൈര്യം തന്നെയാണ് മിറാഷിലുമുള്ളത്.
സ്വതന്ത്ര മാധ്യമപ്രവർത്തകനായ അശ്വിനായാണ് ആസിഫ് അലി എത്തുന്നത്. സത്യത്തെ കളങ്കപ്പെടുത്തുന്നതിനു പകരം വസ്തുതകൾ വെളിപ്പെടുത്തുന്ന ഒരു ഓൺലൈൻ മീഡിയ ഹൗസ് നടത്തുകയാണ്. ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ മരണത്തെക്കുറിച്ചും അതിൽ ഉടലെടുക്കുന്ന സംശയങ്ങൾക്കും ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾക്കും പിന്നാലെ അശ്വിൻ അന്വേഷണം ആരംഭിക്കുന്നു. മരിച്ചയാളുടെ പ്രതിശ്രുത വധുവായ അഭിരാമിയുടെ (അപർണ ബാലമുരളി) സഹായം തേടുന്നു. പിന്നീട് അഭിരാമിയെ സഹായിക്കാനായി ഒപ്പംചേരുന്നു. സത്യം കണ്ടെത്താനുള്ള അശ്വിന്റെയും അഭിരാമിയുടെയും യാത്രയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത മിറാഷ്. ത്രില്ലറുകളുടെ സ്ഥിരം പാറ്റേൺ പരിചിതമായ പ്രേക്ഷകന് സിനിമയുടെ ട്വിസ്റ്റുകളും സസ്‌പെൻസുകളും തിരിച്ചറിയാൻ കഴിയുന്നതാണ്. കഥാവഴിയുടെ തുടക്കത്തിൽ തന്നെ ഇത് മനസ്സിലാകുകയും ചെയ്യും. വലിയ എന്തോ സംഭവമായി കൊണ്ടുവരുകയും വലിയ വെളിപ്പെടുത്തൽ പോലെ അവതരിപ്പിക്കുന്ന തിരക്കഥാ രീതി സിനിമയെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റ് എത്തിച്ച് സിനിമയുടെ ഗ്രാഫ് ഉയർത്താനുള്ള ഗിമ്മിക്ക് നിറഞ്ഞതാണ് തിരക്കഥ. എന്നാൽ വളരെ സാധാരണ രീതിയിലുള്ള അവതരണവും പുതുമയില്ലാത്ത എഴുത്തും ആ ശ്രമത്തെ പിറകോട്ടടിപ്പിക്കുന്നുണ്ട്. സിനിമയെ അടുത്ത ഘട്ടത്തിലേക്ക് മാറ്റുന്ന തലത്തിൽ അവതരിപ്പിക്കുന്ന ‘ഞെട്ടിക്കുന്ന’ വെളിപ്പെടുത്തലുകൾ പലപ്പോഴും ഫ-ലം കാണുന്നില്ല. കഥാഗതിയെ പുതിയ ഇടങ്ങളിലേക്ക് മാറ്റിവിടാൻ മാത്രമേ ഇത് ഉപകരിക്കുന്നുള്ളു.
പല binge watch പടങ്ങളിൽ, പ്രത്യേകിച്ച് വെബ് സീരിസുകളിൽ വരുന്ന രംഗങ്ങളെപ്പോലെയാണ് ട്വിസ്റ്റുകൾ കടന്നുപോകുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ എത്തുന്നുണ്ട്. എപ്പോഴാണ് ‘ട്വിസ്റ്റ്’ എത്തുന്നത് എന്നതിലേക്ക് ഒതുങ്ങുകയാണ് പ്രേക്ഷക കാഴ്‌ച.
ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സാധാരണ രംഗങ്ങളിലൂടെയും കാഴ്‌ചയിലൂടെയുമാണ് ത്രില്ലറുകൾ അവതരിപ്പിക്കുക. എന്നാൽ ജീത്തു ജോസഫിന്റെ സിനിമകളെല്ലാം സംഭാഷണ കേന്ദ്രീകൃതമാണ്. സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയ ദൃശ്യമടക്കമുള്ളവയിൽ അതുണ്ട്. വാക്കുകൾ/സംഭാഷണങ്ങളിലൂടെ സൂക്ഷ്‌മമായി ഒളിപ്പിക്കുന്ന ബുദ്ധിപൂർവമായ തന്ത്രമുണ്ട് ജീത്തു ജോസഫ് സിനിമകളിൽ. ദൃശ്യത്തിൽ ധ്യാനം കൂടാൻ പോയ തീയതി സംബന്ധിച്ച് അത്തരമൊന്ന് സൃഷ്ടിച്ചിട്ടുണ്ട്. വ്യത്യസ്ത തീയതികൾ പറഞ്ഞുകൊണ്ട് ജോർജ്‌കുട്ടി ഒന്നിലധികം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രമാണ് സിനിമയുടെ അടിസ്ഥാനം. മിറാഷിലും ഇൗ രീതി ഡിഎൻഎ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. നമ്മൾ ഒടുവിൽ ആ വ്യക്തിയെ കണ്ടെത്തി എന്ന് കരുതുമ്പോൾ ഒരു ട്വിസ്റ്റ് കൂടി നൽകും.
മുൻ സിനിമകളിൽ നമ്മൾ ശരിക്കും ചിന്തിക്കാത്ത എന്തെങ്കിലും ചെയ്തുകൊണ്ട് ഒരു ‘വൗ’ ഫാക്ടർ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ മിറാഷിൽ ട്വിസ്റ്റുകൾക്ക് ഒരു കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. ട്വിസ്റ്റിൽ മാത്രം ശ്രദ്ധ നൽകി അതിന്റെ മറവിൽ സിനിമ മുന്നോട്ട് കൊണ്ടുപോയി ആളുകളെ കബളിപ്പിക്കാമെന്ന ധാരണയാണ് തിരിച്ചടിയാകുന്നത്. തിരക്കഥയിലെ പോരായ്‌മകളെ മറികടക്കാൻ കഴിയുന്ന മികവ് സംവിധാനത്തിലും ഇല്ലെന്നതാണ് സിനിമയ്‌ക്ക് തിരിച്ചടിയാകുന്നത്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്‍ജുന്‍ ഗോപന്‍ എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖതാരങ്ങള്‍. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മിറാഷ്. ഓരോ സിനിമ കഴിയുംതോറും നടൻ എന്ന നിലയിൽ അടുത്ത തലത്തിലേക്ക് ഉയരുകയാണ് ആസിഫ് അലി. അത് അശ്വിനിലുമുണ്ട്.
മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയ മികച്ച ത്രില്ലർ ചിത്രം കിഷ്‌കിന്ധാകാണ്ഡമായിരുന്നു. ആ സിനിമയുടെ മികവ് ത്രില്ലറിന്റെ രീതിയിലുള്ള ആഖ്യാനത്തെ പിൻപറ്റുമ്പോഴും ഒരിടത്തുപോലും അനാവശ്യ ഗിമ്മിക് ഉപയോഗിക്കുന്നില്ല എന്നതാണ്. ഈ സിനിമാറ്റിക്ക് സത്യസന്ധത കാഴ്‌ചാസമയം മുഴുവൻ പ്രേക്ഷകനെ സിനിമയുടെ ഭൂമികളിൽ കൃത്യമായി തളച്ചിടാൻ കഴിയുകയും ചെയ്‌തു. കിഷ്‌കിന്ധാകാണ്ഡം പുലർത്തിയ സത്യസന്ധതയാണ് മിറാഷിൽ ഇല്ലാത്തതും. ത്രില്ലറുകളുടെ എണ്ണം മലയാളത്തിൽ കൂടിയെങ്കിലും പ്രേക്ഷകനെ തൃപ്‌തിപ്പെടുത്തുന്നവ വളരെ ചുരുക്കമാണ്. ത്രില്ലറുകൾ പല ഭാഷകളിൽ കാണുന്നവരിലേക്കാണ് മിറാഷ് അടക്കമുള്ള പടങ്ങൾ വരുന്നത്. അതിനാൽ തന്നെ ഊഹത്തിന് വിടാതെയുള്ള പിടിച്ചിരുത്തൽ ശ്രമകരമാണ്. എല്ലാത്തരം സിനിമകളും കാണുന്ന ഒടിടി കാല പ്രേക്ഷകനിലേക്കാണ് സിനിമ എത്തുന്നതെന്ന ബോധ്യത്തോടെയാകണം സിനിമ ഒരുക്കേണ്ടതെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നാണ് മിറാഷിന്റെ ബോക്‌സോഫീസ് പ്രകടനം ഓർമിപ്പിക്കുന്നത്. l