ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഈ വെടിനിർത്തൽ കരാറിന് ചുക്കാൻപിടിച്ചത്. മൂന്നുവർഷമായി നടക്കുന്ന റഷ്യ-യുക്രെയിൻ യുദ്ധവും ഇരുപതുമാസത്തിലേറെയായിനടക്കുന്ന ഇസ്രായേൽ-പാലസ്തീൻ യുദ്ധവും അവസാനിപ്പിക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ കരാറുകൾ, അതിന്റെ മഷിയുണങ്ങും മുൻപുതന്നെ ലംഘിക്കപ്പെട്ടു. ഇപ്പോഴത്തെ വെടിനിർത്തകരാറിന്റെ ഗതിയെന്താകുമെന്നു കാത്തിരുന്നുകാണാം. കാരണം, യാതൊരു അന്തർദേശീയ നിയമങ്ങളെയും മാനിക്കാത്ത ഇസ്രായേലാണ് കരാറിന്റെ ഒരുഭാഗത്തുള്ളത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനുശേഷവും ഇറാനിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. അതിനെതിരെ ട്രംപ് രൂക്ഷമായി പ്രതികരിക്കുന്നതും ലോകം കണ്ടു.
ഈ സംഭവത്തിലെ ഏറ്റവും രസകരമായ വസ്തുത, ജൂൺ 13ന് ആരംഭിച്ച ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് മുഖ്യകാരണക്കാരൻ ട്രംപ് ആണെന്നതാണ്. ഇറാൻ ആണവപദ്ധതിയെ സംബന്ധിച്ച് ലോകത്തുണ്ടായ തർക്കങ്ങൾ, ബരാക് ഒബാമ പ്രസിഡന്റായിരിക്കെ റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ ഇറാനുമായിനടത്തിയ ചർച്ചകളുടെ ഫലമായി 2015ൽ ഒരു കരാറിലെത്തിയിരുന്നു: ഇറാൻ ആണവക്കരാർ. അതിനെത്തുടർന്ന് അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകവേ, ആ കരാറിൽനിന്നും 2018ൽ ട്രംപ് പ്രസിഡന്റായിരിക്കെ, അമേരിക്ക പിന്മാറുകയും ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയുംചെയ്തതോടെയാണ് കാര്യങ്ങൾ ഇന്നത്തെ പതനത്തിലെത്തിയത്. എന്നാൽ, ഇറാന്റെ ആണവപ്രശ്നത്തെ യുദ്ധത്തിലെത്തിച്ചത് ഇസ്രായേലാണെന്നതിൽ തർക്കമില്ല. ആഗോളരാഷ്ട്രീയത്തിൽ തങ്ങളുടെ മേധാവിത്വം ആരാലും ചോദ്യംചെയ്യപ്പെടാതെ തുടരണമെന്ന അമേരിക്കയുടെ താല്പര്യങ്ങളും, അതിനോടുചേർന്നുനിൽക്കുന്ന ഇസ്രയേലിന്റെ തന്ത്രങ്ങളുമാണ് ഇപ്പോഴത്തെ യുദ്ധത്തിനുകാരണം. ഇറാൻ ആണവായുധം നിര്മിക്കാൻപോകുന്നു, അത് ഇസ്രായേലിന്റെ നിലനിൽപിന് ഭീഷണിയാണെന്നകാര്യം പറഞ്ഞാണ് ഇസ്രായേൽ യുദ്ധം ആരംഭിച്ചത്.
എന്താണ് ഇതിന്റെ വസ്തുത? കേവലം ഇറാന്റെ ആണവപദ്ധതിയെ ഇല്ലാതാക്കാൻ മാത്രമുള്ളതാണോ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നുപേരിട്ടിരിക്കുന്ന ഇസ്രയേലിന്റെ സൈനികനീക്കം? 1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായതുമുതൽ 2023 ഒക്ടോബറിൽ ഗാസയിൽ ആരംഭിച്ച പാലസ്തീനികളുടെ വംശഹത്യയുൾപ്പെടെയുള്ള സംഭവങ്ങളും, അതിന് പാശ്ചാത്യരാജ്യങ്ങളും, പ്രത്യേകിച്ച് അമേരിക്കയും നൽകുന്ന സാമ്പത്തിക, സൈനിക, രാഷ്ട്രീയ പിന്തുണയും വെളിവാക്കുന്നത് മറ്റൊരുചിത്രംകൂടിയാണ്. അത് വിരൽചൂണ്ടുന്നത്, അമേരിക്ക നേതൃത്വംനൽകുന്ന ആഗോളരാഷ്ട്രീയക്രമത്തെ ചോദ്യംചെയ്യുന്നവരെയെല്ലാം എന്തുമാർഗ്ഗത്തിലൂടെയും അമർച്ചചെയ്ത് തങ്ങളുടെ മേധാവിത്വം നിലനിർത്താനുള്ള ആഗോളരാഷ്ട്രീയ പദ്ധതിയാണ്. അതിന്റെവേരുകൾ ഇരുപതാംനൂറ്റാണ്ടിന്റെ ഒടുവിൽ അമേരിക്ക തയാറാക്കിയ “പ്രൊജക്റ്റ് ഫോർ ന്യൂ അമേരിക്കൻ സെഞ്ചുറി” എന്ന പദ്ധതിവരെ നീണ്ടുകിടക്കുന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകത്തെ പൂർണമായും അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ളതാണ് ആ പദ്ധതി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ ആ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത് ഇസ്രായേലിനെയാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും അമേരിക്ക ഒരുക്കിക്കൊടുക്കും. അതിന്റെ ഭാഗമാണ് ഇസ്രയേലിന്റെ “വിശാല ഇസ്രായേൽ” എന്ന പദ്ധതിയും. അമേരിക്കൻ ആയുധ, സാമ്പത്തിക, രാഷ്ട്രീയപിന്തുണയിലൂടെയാണ് ഇസ്രായേൽ അത് നടപ്പിലാക്കുന്നത്. പാലസ്തീൻകാർക്കെതിരെയും, ഇറാനെതിരെയും, നടക്കുന്ന ആക്രമണങ്ങൾ ആ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. പാലസ്തീനും, ഇറാനുമെല്ലാം ഇസ്രായേലിന്റെ നിലനില്പിനുഭീഷണിയാണെന്ന വാദമുയർത്തിയാണ് തങ്ങളുടെ രാഷ്ട്രീയതാല്പര്യം നേടാൻ ഇസ്രായേൽ ശ്രമിക്കുന്നത്.
അന്തർദേശീയ പഠനങ്ങളിൽ ‘സെക്യൂരിറ്റൈസേഷൻ’ എന്നൊരു സിദ്ധാന്തമുണ്ട്. ഒരു അന്താരാഷ്ട്രപ്രശ്നം മറ്റുള്ളവർക്ക് ഒരു സുരക്ഷാവെല്ലുവിളിയാണെന്ന് സ്ഥാപിക്കാൻകഴിഞ്ഞാൽ, ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നവർക്ക് ഏത് നിയമവിരുദ്ധമാർഗവും സ്വീകരിക്കാമെന്ന് ആ സിദ്ധാന്തം പറഞ്ഞുവയ്ക്കുന്നു. അന്തർദേശീയരംഗത്ത് മേധാവിത്വംവഹിക്കുന്ന ശാക്തികരാഷ്ട്രങ്ങൾ വളരെനാളുകളായി പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത്. 2003ൽ ഇറാഖിനെ ആക്രമിച്ച്, സദ്ദാം ഹുസ്സൈനെ അധികാരഭ്രഷ്ടാനാക്കാൻ അമേരിക്കയും സഖ്യശക്തികളും പ്രയോഗിച്ചത് ഇത്തരം ഒരു തന്ത്രമാണ്. മനുഷ്യരെ കൂട്ടത്തോടെ കൊല്ലാനാവുന്ന മാരകായുധങ്ങൾ (WMD – Weapons of Mass Destruction) ഇറാഖിലുണ്ടെന്ന് വരുത്തിത്തീർത്താണല്ലോ, അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഇറാഖിൽ ഭരണകൂട അട്ടിമറി (Regime Change) നടത്തിയത്. ഇത് ശത്രുവിനെ ഇല്ലാതാക്കാൻ എല്ലായിടത്തും പ്രയോഗിക്കുന്ന രാഷ്ട്രീയ സൃഗാലതന്ത്രമാണ്.

2025 ജൂൺ 13ന് ഇറാനെതിരെ, ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിലും ലോകംകാണുന്നത് ‘സെക്യൂരിറ്റൈസേഷൻ’ എന്ന രാഷ്ട്രീയതന്ത്രമാണ്. ഇറാന്റെ കയ്യിൽ ആണവായുധം ഉണ്ടെന്നും, അത് ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ നിലനിൽപ്പിന് വെല്ലുവിളിയാണെന്നും, അതിനാൽ ഇറാന്റെ ആണവശേഷിയും, അതിനായി നിൽക്കുന്ന ഇറാൻ ഭരണകൂടത്തെയും ഇല്ലാതാക്കണമെന്ന ആവശ്യവുമായാണ് ഇസ്രായേൽ യുദ്ധം ആരംഭിച്ചത്.
ഇറാൻ ഉടൻതന്നെ ആണവായുധം നിർമിക്കുമെന്ന് കഴിഞ്ഞ മുപ്പതുവര്ഷമായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു.1992ൽ ഇസ്രായേൽ പാർലമെന്റിലാണ്, മൂന്നുമുതൽ അഞ്ചുവർഷത്തിനുള്ളിൽ ഇറാൻ ആണവായുധം നിർമിക്കുമെന്ന് ആദ്യമായി അദ്ദേഹം പറഞ്ഞത്. മൂന്നുവർഷം കഴിഞ്ഞ്, 1995ൽ നെതന്യാഹു എഴുതിയ “ഫൈറ്റിങ് ടെററിസം” (Fighting Terrorism) എന്ന ഗ്രന്ഥത്തിലും അദ്ദേഹം അതേകാര്യം വീണ്ടും ആവർത്തിച്ചു. 2002ൽ അമേരിക്കൻ പാർലമെന്റിന്റെ കോൺഗ്രഷണൽ കമ്മറ്റിയുടെ മുൻപാകെ സംസാരിക്കവെ ഇറാഖും, ഇറാനും ഉടൻ ആണവായുധം ഉണ്ടാക്കുമെന്നും, അവരുടെ ആണവപരിപാടി അവസാനിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. (2003ൽ ഇറാഖ് പ്രശ്നം എങ്ങനെയാണ് പരിഹരിച്ചതെന്നു ലോകം കണ്ടതാണല്ലോ.) 2009ൽ നെതന്യാഹു പറഞ്ഞത് രണ്ടുവർഷത്തിനുള്ളിൽ ഇറാൻ ആണവായുധം നിർമിക്കുമെന്നാണ്. 2012ൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി സമ്മേളനത്തിൽ ഒരു ബോംബിന്റെ ചിത്രവുമായി പ്രസംഗിച്ച നെതന്യാഹു പറഞ്ഞത് ആഴ്ചകൾക്കുള്ളിൽ ഇറാൻ ആണവബോംബ് നിർമിക്കുമെന്നാണ്. ട്രംപ് രണ്ടാമതും അധികാരത്തിൽവന്നപ്പോൾ ഇറാനെതിരെ ശക്തമായി നീങ്ങാൻ നെതന്യാഹു തീരുമാനിച്ചു. അതിന്റെ അവസാനത്തെ ഘട്ടമാണ് ഇപ്പോൾ ലോകം കാണുന്നത്. ഇറാൻ ആണവപദ്ധതിയെക്കുറിച്ച് ആരോപണമഉന്നയിക്കുന്ന ഏതെങ്കിലും ഘട്ടത്തിലോ, ഇപ്പോൾപോലുമോ, ഇറാന്റെ കൈവശം ആണവായുധമുണ്ടെന്ന് ഒരുതെളിവും ആരും ഹാജരാക്കിയിട്ടില്ലെന്നതാണ് സത്യം.

ഇറാൻ രഹസ്യമായി ആണവായുധം നിർമിക്കുന്നുവെന്നും, ആണവ നിർവ്യാപനക്കരാറിൽ ഒപ്പിട്ട രാജ്യമെന്നതിനാൽ ഇറാൻ അതിനുതുനിയുന്നത് നിയമവിരുദ്ധമാണെന്നും, അതിനാൽ ആയുധംപ്രയോഗിച്ച് അതിനെ ഇല്ലാതാക്കുമെന്നുമാണ് ഇസ്രായേൽ പറയുന്നത്. ഇങ്ങനെ പറയാനും പ്രവർത്തിക്കാനും ഇസ്രായേലിന് രാഷ്ട്രീയമായും ധാർമികമായും അധികാരമുണ്ടോ? ഇല്ല എന്നതാണ് വസ്തുത. കാരണങ്ങൾ രണ്ടാണ്. ഒന്ന്, ഒരു രാജ്യം അനധികൃതമായി ആണവായുധം ഉണ്ടാക്കിയാൽ ഐ.എ.ഇ.എ.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്ര രക്ഷാസമിതിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഏതെങ്കിലും ഒരു രാജ്യത്തിന് സ്വമേധയാ ഇറാനെതിരെ ഒരു നീക്കവുംനടത്താൻ അധികാരമില്ല. കാരണം, ഇറാൻ ആണവായുധം വികസിപ്പിച്ചുവെന്നു ഔദ്യോഗികമായി പറയേണ്ട അന്തർദേശീയസ്ഥാപനമായ ഐ.എ.ഇ.എ., ഇറാൻ ആണവായുധം വികസിപ്പിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അമേരിക്കയുടെ ദേശീയ ഇന്റലിജൻസിന്റെ മേധാവിയായ തുളസി ഗബാർഡുപോലും ഈ മാർച്ചുമാസം പറഞ്ഞത്, ഇറാന്റെ കൈവശം ആണവായുധം ഇല്ല എന്നാണ്. അതിനാൽ ഇറാനെതിരായ ഇസ്രായേലിന്റെ നീക്കം രാഷ്ട്രീയമായി അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണ്.
ഇറാനെതിരെ ആണവായുധവിഷയത്തിൽ വാളോങ്ങാൻ ധാർമികമായി കഴിയുന്ന രാജ്യമാണോ ഇസ്രായേൽ? അല്ല എന്നതാണ് വസ്തുത. കാരണം, അന്താരാഷ്ട്രനിയമങ്ങളെ ലംഘിച്ചുകൊണ്ട്, 1967ൽ രഹസ്യമായി ആണവായുധം ഉണ്ടാക്കിയരാജ്യമാണ് ഇസ്രായേൽ. ഈ രഹസ്യം അറിയാവുന്ന അമേരിക്ക അത് മറച്ചുവച്ചുകൊണ്ടാണ്, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെക്കൊണ്ട് ആണവ നിർവ്യാപനക്കരാറിൽ (എൻ.പി.റ്റി.) 1968ൽ ഒപ്പിടുവിച്ചത്. ഇസ്രയേലിന്റെ കയ്യിൽ ആണവായുധം ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ എൻ.പി.റ്റി.യിൽ ഒപ്പിടുമായിരുന്നില്ല. 1986ൽ ഇസ്രായേലി ആണവ സാങ്കേതികവിദഗ്ധനും ആണവപദ്ധതിയിൽ പ്രവർത്തിച്ച വ്യക്തിയുമായ മൊർദെക്കായ് വനൂനു ലോകത്തോട് വിളിച്ചുപറഞ്ഞപ്പോഴാണ് ഇസ്രയേലിന്റെ ആണവപദ്ധതികൾ ലോകമറിഞ്ഞത്. അങ്ങനെ രഹസ്യമായി ആണവായുധം ഉണ്ടാക്കിയിട്ടും ഇതുവരെ തങ്ങൾ ആണാവായുധം കൈവശമുള്ള രാജ്യമാണെന്ന് പ്രഖ്യാപിക്കാത്ത രാജ്യമാണ് ഇസ്രായേൽ. അവർക്ക് ഇറാനെ ആണവായുധത്തിന്റെപേരിൽ ആക്രമിക്കാൻ എന്ത് ധാർമിക അവകാശമാണുള്ളത്? ഇങ്ങനെ അന്തർദേശീയ നിയമങ്ങളെ കാറ്റില്പറത്തുന്ന, രാഷ്ട്രഭീകരതയ്ക്ക് പേരുകേട്ട രാജ്യമാണ് ലോകസമാധാനത്തിനും, ആഗോളസമ്പദ് വ്യവസ്ഥയ്ക്കും ആഘാതമേല്പിക്കുന്ന ഒരു യുദ്ധത്തിലേക്ക് ലോകത്തെ വലിച്ചിഴച്ചത്.
സംഘർഷം കൂടുതൽ സങ്കീര്ണമായത് ആദ്യത്തെ പത്തുദിവസം ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽനിന്നും അകന്നുനിന്ന അമേരിക്ക, പെട്ടെന്ന് ആക്രമണവുമായി രംഗത്തുവന്നതോടെയാണ്. ഇറാന്റെ നഥൻസ്, ഇസ്ഫഹാൻ, ഫോർദോ, എന്നീ ആണവഗവേഷണകേന്ദ്രങ്ങളിൽ സമ്പുഷ്‌ടീകരിച്ച യുറേനിയം, ആണവായുധം നിർമിക്കാൻ പര്യാപ്തമാണെന്ന ഇസ്രായേലിന്റെ നിലപാട് ഏറ്റെടുത്തുകൊണ്ടാണ് അമേരിക്ക ആക്രമണവുമായിരംഗത്തുവന്നത്. ജൂൺ പതിമൂന്നിന് പുലർച്ചെ അമേരിക്കൻ പോർവിമാനങ്ങൾ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് മൂന്നു ആണവ കേന്ദ്രങ്ങളെയും ആക്രമിച്ചു. ഇസ്രായേലിന്റെ ആഗ്രഹപ്രകാരം ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതിനുശേഷമാണ് വെടിനിർത്തൽ പദ്ധതിയുമായി ട്രംപ് രംഗത്തുവന്നത്.
ഇറാനെതിരെ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണം ഉദ്ദേശിച്ചതിനെതിരായ ദിശയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. എത്രയുംവേഗം ഇറാൻ ആണവ ആയുധം നിർമിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഇറാനിൽ നിന്നും ഉയരുന്നത്. ആണവായുധം ഇല്ലാത്ത രാജ്യങ്ങളും അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും സാധ്യതയുണ്ട്. ചെറുതെങ്കിലും, ദുർബലമായ വടക്കൻ കൊറിയയെ അമേരിക്കപോലും ആക്രമിക്കാൻ ധൈര്യം കാട്ടാത്തത്, അവരുടെ കയ്യിൽ ആണവായുധം ഉള്ളതുകൊണ്ടാണെന്ന തിരിച്ചറിവിലേക്ക് ചെറിയ രാജ്യങ്ങൾ എത്തിച്ചേരുകയാണ്. വെടിനിർത്തൽ കരാർ ലോകത്തിന് ആശ്വാസകരമാണെങ്കിലും ഇസ്രായേലും ഇറാനും തമ്മിലുള്ള തർക്കങ്ങൾ തുടർന്നും നിലനിൽക്കും. അമേരിക്ക ഇസ്രയേലിന്റെ പക്ഷത്ത് നിലയുറപ്പിക്കയുംചെയ്യും. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ അടിത്തറ പാലസ്തീൻ രാഷ്ട്രസ്വപ്നമാണ്. ആ പ്രശ്‌നംകൂടി അന്തിമമായി പരിഹരിക്കാത്തിടത്തോളം, പശ്ചിമേഷ്യ പുകഞ്ഞുകൊണ്ടേയിരിക്കും. ചിലപ്പോൾ പൊട്ടിത്തെറിക്കയുംചെയ്യും.