
ചിമ്പാൻസികളുടെ സുഹൃത്തിന് വിട
പ്രൈമേറ്റോളജിയിലെ അതികായയും ചിമ്പാൻസികളെക്കുറിച്ച് ജീവശാസ്ത്രജ്ഞന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും അറിവ്കേട് നികത്തുന്നതിൽ അനതിസാധാരണമായ പങ്ക് വഹിക്കുകയും ചെയ്ത ഡോ.ജെയിൻ ഗൂഢാൾ വിടപറഞ്ഞു. തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള ഡോ. ജെയിൻ ഗൂഢാൾ, ജീവനുള്ള എല്ലാത്തിനെയും നമ്മുടെ ഭൂമിയെയും സുസ്ഥിരമാക്കാനുള്ള പ്രയത്നത്തിന്റെ ഭാഗമായി നടത്തിക്കൊണ്ടിരുന്ന ഒരു പ്രസംഗ പര്യടനത്തിനിടയിലാണ് അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വെച്ച് നിര്യാതയായത്.
മറ്റ് ജീവശാസ്ത്രജ്ഞന്മാരിൽനിന്നും നരവംശശാസ്തജ്ഞന്മാരിൽനിന്നും ഡോ. ജെയിൻ ഗൂഢാൾ എങ്ങനെയാണ് വ്യത്യസ്ത ആയത്? ജെയിനിന് ജീവശാസ്ത്രത്തിൽ ഡിഗ്രിയൊന്നും ഇല്ലാതിരുന്നത് അവർക്ക് ഒരനുഗ്രഹമായി ഭവിച്ചിട്ടുണ്ടാകാം. അതുകാരണം അവർക്ക് ശാസ്ത്രഗവേഷണത്തിലെ സാധാരണ അക്കാദമിക രീതികളുടെ സ്വാധീനം തീരെ ഇല്ലായിരുന്നു. ഈ വസ്തുത പിന്നീട് അവർക്ക് ഒരനുഗ്രഹമായി. ഒരു ബിസിനസ്സുകാരനായ മോർട്ടിമർ ഹെർബെർട് മോറിസ്-ഗൂഢാളിന്റെയും നോവലിസ്റ്റായ മാർഗരറ്റ് മൈഫാൻവെയുടെയും മകളായിരുന്നെങ്കിലും ജെയ്‌നിന് സർവകലാശാല വിദ്യാഭ്യാസം നേടാനുള്ള സാമ്പത്തിക കഴിവുണ്ടായിരുന്നില്ല. അതിനാൽ അവർക്ക് ടൈപ്പിങ്ങും ചുരുക്കെഴുത്തും (shorthand) സെക്രട്ടറിയായി ജോലിനേടാനുള്ള കോഴ്സും മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളു.

ചെറുപ്പകാലത്ത് ആഫ്രിക്കയിലെ വിവിധ ജീവികളെക്കുറിച്ചുള്ള കഥകളും കാർട്ടൂൺ കഥകളും മറ്റും ജെയിനിനെ വളരെ സ്വാധീനിച്ചിരുന്നു. അതാവാം, ആഫ്രിക്ക കാണണമെന്ന അവരുടെ മോഹത്തിന് കാരണം. അക്കാലത്ത് ആഫ്രിക്കയിൽ താമസമാക്കിയിരുന്ന ഒരു ബാല്യകാല സുഹൃത്ത്, അവിടെ എത്തിയാൽ താമസിക്കാൻ സൗകര്യം നൽകാമെന്ന് വാക്കുകൊടുത്തു. പക്ഷെ ആഫ്രിക്ക കാണണമെങ്കിൽ യാത്രാച്ചിലവുണ്ട്. അതിനായി ജെയിൻ റെസ്റ്റോറന്റുകളിൽ വെയിറ്ററായും ഒരു ഡോക്യൂമെന്ററി കമ്പനിയിൽ സഹായിയായും ജോലിചെയ്ത് യാത്രാച്ചെലവ് സമ്പാദിച്ചു.
ആഫ്രിക്ക കാണുക എന്ന തന്റെ സ്വപ്നവുമായി 1957 ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ആഫ്രിക്കയിലെ തന്റെ സുഹൃത്തിന്റെ ഫാമിൽ ജെയിൻ എത്തി. ഒരിക്കൽ സംസാരമധ്യേ എന്തുകൊണ്ട് ജെയിനിന് ലൂയിസ് ലീക്കിയോട് സംസാരിച്ചു നോക്കിക്കൂടാ എന്ന തന്റെ സുഹൃത്തിന്റെ ചോദ്യമാണ് ജെയ്‌നിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. അക്കാലത്ത് ലൂയിസ് ലീക്കിയും ഭാര്യ മേരി ലീക്കിയും ടാൻസാനിയയിലെ ഓൾഡുവായ് മലയിടുക്കുകളിൽ മനുഷ്യ പൂർവികരുടെ ഫോസിൽ അന്വേഷിച്ച് ഉൽഖനനം നടത്തുകയായിരുന്നു. (അവിടെ വെച്ചാണ് 1959 ൽ അവർ പാരാന്ത്രപോസ് ബോയ്‌സി എന്ന മനുഷ്യ പൂർവികന്റെ ഫോസിൽ കണ്ടെടുത്തത്).
ജെയ്‌നിന്റെ ഫോൺവിളി ഒരു വഴിത്തിരിവായിരുന്നു. ലീക്കി ദമ്പതിമാർ ജെയ്‌നിനോട് തങ്ങളുടെ കൂടെ കുറച്ചുകാലം സെക്രട്ടറി ജോലിചെയ്യാനാവുമോ എന്ന് ചോദിച്ചു. ജെയിൻ സമ്മതിച്ചു. ഏകദേശം ഒരുവർഷം ജെയിൻ ലീഗയ് ദമ്പതിമാരുടെ കൂടെ കഴിഞ്ഞു. ഇത് ജെയ്‌നിന്റെ ഒരുതരം ‘പ്രൊബേഷൻ’ ആയിരുന്നു. ലീക്കിമാർക്ക് ജെയ്‌നിന്റെ താല്പര്യങ്ങൾ അടുത്ത് നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ജെയ്‌നിന്റെ മൃഗങ്ങളോടുള്ള സ്നേഹവും അവയെ പറ്റിയുള്ള അറിവും ജോലിയിലുള്ള മിടുക്കും പ്രതികൂല സാഹചര്യങ്ങളിലും തളരാതെ പോംവഴികൾ കണ്ടെത്താനുള്ള കഴിവും അവരെ ആകർഷിച്ചു. അവർ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു പ്രോജെക്ടിന് ജെയിൻ അനുയോജ്യമാണെന്ന് അവർ തീരുമാനിച്ചു. ടാന്സാനിയയിൽ കാടുകളിലെ ചിമ്പാൻസികളുടെ സ്വഭാവവും മറ്റ് രീതികളെയും കുറിച്ച് വിശദമായ ഗവേഷണം നടത്തുകയും അവ എത്രമാത്രം മനുഷ്യരുടെ സ്വഭാവവുമായി ചേരുന്നു എന്നുമൊക്കെ കണ്ടെത്തലായിരുന്നു അവരുടെ ആ പ്രൊജക്ട്.
1958 ൽ ജെയിൻ ഇംഗ്ലണ്ടിലേക്ക് മടങ്ങി.
1960 ൽ ലൂയിസ് ലീക്കി ഉദ്ദേശിച്ച പഠനത്തിനായി അദ്ദേഹത്തിന്ന് വേണ്ട ഫണ്ട് കിട്ടിയപ്പോൾ, അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ജയിനും അമ്മയും അവരുടെ
പാചകക്കാരനായ ഡൊമിനിക്കും ടാന്സാനിയയിലെ ഗോമ്പേ സ്ട്രീം ഗെയിം റിസേർവിൽ ചിമ്പാന്സികളെകുറിച്ച് പഠിക്കാനായി എത്തിച്ചേർന്നു. ഇപ്പോൾ അത് ഗോമ്പേ സ്ട്രീം നാഷണൽ പാർക്ക് എന്നറിയപ്പെടുന്നു. ടാന്സാനിയൻ സർക്കാരിന്റെ പ്രത്യേക നിബന്ധനയായിരുന്നു ജെയ്‌നിന്റെ കൂടെ സുരക്ഷക്കായി ഒരു സ്ത്രീ ഉണ്ടായിരിക്കണമെന്നത്. ആദ്യകാലത്ത് ജെയ്‌നിന്റെ പരിശ്രമങ്ങൾ വളരെ കഠിനമായിരുന്നു. ചിമ്പാൻസികളെ കണ്ടെത്താൻ ടാങ്കാനിക്ക തടാക തീരത്തെ കാട്ടിൽ കിലോമീറ്ററുകളോളം അലഞ്ഞ് തിരിയേണ്ടിവന്നു. കണ്ടെത്തിയാലും അവ അടുക്കുകയില്ല. ക്രമേണ ചില ചിമ്പാൻസി കുടുംബങ്ങളുമായി ജെയിൻ സൗഹൃദം സ്ഥാപിച്ചു. ആദ്യം സൗഹൃദം സ്ഥാപിച്ചത് ഒരു വയസ്സൻ ചിമ്പാൻസിയുമായി ആയിരുന്നു. അതിന് ഡേവിഡ് ഗ്രേബിയേർഡ് എന്ന് ജെയിൻ പേരിട്ടു. കൂട്ടത്തിലെ ഏറ്റവും തലമൂത്തയാൾ ജെയിനുമായി സൗഹൃദത്തിലായെങ്കിൽ എന്തിന് ദൂരെ നിൽക്കേണമെന്ന് മറ്റുള്ളവർ ചിന്തിച്ചിട്ടുണ്ടാവാം എന്ന് തോന്നിക്കും വിധം ക്രമേണ ആ ചിമ്പാൻസി കുടുംബത്തിലെ എല്ലാവരും ജയിനുമായി സൗഹൃദത്തിലായി.
രണ്ട് വർഷം ജെയിൻ ഗോമ്പേയിലെ ചിമ്പാൻസികളെ നിരീക്ഷിച്ചു. അക്കാലത്തെ ജെയിൻന്റെ നിരീക്ഷണങ്ങളാണ് അതുവരെയുണ്ടായിരുന്ന, നരവംശശാസ്തജ്ഞരുടെ തെറ്റിദ്ധാരണകളെ തിരുത്തിയത്. പക്ഷെ അവർ ജെയ്നിന്റെ നിരീക്ഷണങ്ങളെ മുഖവിലക്കെടുത്തില്ല. അതിന്റെ കാരണങ്ങൾ വേറെ ആയിരുന്നു.
അക്കാലം വരെ നരവംശ ശാസ്ത്രജ്ഞന്മാർ കരുതിയിരുന്നത് ചിമ്പാൻസികൾ സസ്യഭുക്കുകൾ ആണെന്നാണ്. ചിമ്പാൻസികളെ നേരിട്ട് നിരീക്ഷിക്കാതെ എത്തിച്ചേർന്ന ഒരു നിഗമനമായിരുന്നു അത്. എന്നാൽ തന്റെ രണ്ടുവർഷത്തെ നിരീക്ഷണങ്ങളിലൂടെ അവ മിശ്രഭോജികളാണെന്നും ആവശ്യമെങ്കിൽ അവ വേട്ടയാടാറുണ്ടെന്നും ജെയിൻകണ്ടെത്തി. ഒരിക്കൽ ഒരു കൊളോബസ് കുരങ്ങനെ ഒറ്റപ്പെടുത്തി കൊന്ന് തിന്നുന്നത് ജെയിൻ കണ്ടിരുന്നു. പിന്നീട് മറ്റ് ചില കുരങ്ങന്മാരെയും അവ തിന്നുന്നുണ്ടെന്ന് തെളിഞ്ഞു.

ഡേവിഡ് ഗ്രേ ബിയേർഡും മറ്റ് ചില ചിമ്പാൻസികളും വളയാത്ത പുൽതണ്ടുകൾ ഉപയോഗിച്ച് ചിതല്പുറ്റുകളിൽ നിന്നും ചിതലിനെ പിടിക്കുന്നത് ജെയിൻകണ്ടിരുന്നു. അതായത് ചിമ്പാൻസികൾ “ടൂൾസ്” ഉപയോഗിക്കുന്നുണ്ടെന്ന്തെളിഞ്ഞു. അതുവരെ മനുഷ്യർ മാത്രമാണ് “ഉപകരണങ്ങൾ ഉപയോഗിക്കുന്ന ജീവി” എന്നാണ് കരുതിയിരുന്നത്. ചിമ്പാൻസികൾ ചിതൽ പിടിക്കാനുള്ള ഉപകരണങ്ങളായി പുല്ലും കമ്പുകളും തയ്യാറാക്കുന്നതും ജെയിൻ നിരീക്ഷിച്ചിരുന്നു. (ഈ നിരീക്ഷണം ഉപകരണങ്ങൾ ഉണ്ടാക്കുന്ന ജീവി എന്ന സ്ഥാനത്ത് നിന്നും മനുഷ്യന്റെ സ്ഥാനഭ്രംശത്തിന് ഇടയാക്കി.)
ജെയിൻ തന്റെ ഗവേഷണത്തിലുടനീളം വളരെ ഉയർന്ന രീതികളും നൈതികതയും പുലർത്തി എന്ന കാര്യം ലൂയിസ് ലീക്കി എടുത്തുപറയുന്നുണ്ട്.
ജെയിനിന് ജീവശാസ്ത്രത്തിലോ മറ്റേതെങ്കിലും ശാസ്ത്രവിഷയങ്ങളിലോ അണ്ടർഗ്രാഡ്വേറ്റോ (BSc ക്ക് തുല്യം) ഗ്രാഡ്വേറ്റോ (MSc ക്ക് തുല്യം) ഡിഗ്രി ഇല്ലായിരുന്നു. അവർ ഒരു സെക്രട്ടറിയാവാനുള്ള ഡിപ്ലോമയാണ് നേടിയിരുന്നത് എന്ന് മുൻപ് പറഞ്ഞുവല്ലോ? അതിനാൽ 1962 ൽ ലൂയിസ് ലീക്കിയുടെ നിർദേശ പ്രകാരം അവർ കേംബ്രിഡ്ജ് സർവകലാശാലയിൽ പി.എച്ച്.ഡിക്ക് ചേർന്നു. അണ്ടർഗ്രാഡ്വേറ്റോ ഗ്രാഡ്വേറ്റോ ഡിഗ്രി ഇല്ലാതെ കേംബ്രിഡ്ജ്സർവകലാശാലയിൽ പി.എച്ച്ഡിക്ക് ചേർന്ന എട്ടാമത്തെ സ്കോളറായിരുന്നു അവർ. ലോക പ്രശസ്തരായ ലീക്കി ദമ്പതികളുടെ പിന്തുണ അതിന് സഹായിച്ചിരിക്കാം. എന്നാൽ കേംബ്രിഡ്ജിലെ നരവംശ/ജീവശാസ്ത്ര “ഡോക്ടർമാർക്കും” ജെയിന്റെ രീതികൾ തീരെ ഇഷ്ടപ്പെട്ടില്ല. അവർ അത് തുറന്ന് പറയുകയും ചെയ്തു.
ജെയിൻ ചിമ്പാൻസികൾക്ക് നമ്പറുകൾക്ക് പകരം പേര് നല്കിയതായിരുന്നു ഒന്നാമത്തെ വിയോജിപ്പ്. ജെയിന്റെ പഠന വിധേയമായ കുടുംബത്തിലെ ചിമ്പാൻസികൾക്ക് ഡേവിഡ് ഗ്രേ ബിയേർഡ്, ഫിഫി, ഫ്ലിന്റ്, ഫ്ലോ എന്നൊക്കെയായിരുന്നു പേരുകൾ. ജീവികൾക്ക് പേരിടുന്നത് അശാസ്ത്രീയമാണ് എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്.
രണ്ടാമതായി ചിമ്പാൻസികൾക്ക് സ്നേഹം, സാഹോദര്യം, ദുഃഖം തുടങ്ങിയ വികാരങ്ങൾ ഉണ്ടെന്ന് സമ്മതിക്കാൻ അവർ തയ്യാറായില്ല. മൃഗങ്ങൾക്ക് മനുഷ്യരുടേത് പോലെ വികാരമോ?
അതിനിടെ ജെയിൻ “ചിമ്പാൻസികൾ എന്റെ സുഹൃത്തുക്കൾ” എന്ന ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. അത് വളരെ പ്രശസ്തമായി. ഇതും കേംബ്രിഡ്ജിലെ പ്രൊഫസർമാരെ ചൊടിപ്പിച്ചു.
എങ്കിലും 1966 ൽ ജെയിൻ പി.എച്ച്.ഡി നേടി ഗോമ്പേയിൽ തിരിച്ചെത്തി. അടുത്ത ഇരുപത് വർഷം അവർ അവരുടെ ഗവേഷണം തുടരുകയും ചെയ്തു.
1986 ന് ശേഷം ഡോ. ജെയിൻ ഗൂഢാൾ ശാസ്ത്രജ്ഞ എന്നതിലുപരി വന്യ ജീവി സംരക്ഷണവും ചിമ്പാൻസികളുടെയും മറ്റ്പ്രൈമേറ്റുകളുടെയും ആവാസവ്യവസ്ഥ നശിപ്പിക്കുന്നത് തടയാനുള്ള പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. 1977 ൽ സ്ഥാപിച്ച ജെയിൻ ഗൂഢാൾ ഇൻസ്റ്റിട്യൂട്ടിലൂടെയാണ് അവർ പ്രവർത്തിച്ചത്. ലോകമെങ്ങും യാത്ര ചെയ്ത് പ്രഭാഷണങ്ങൾ നടത്തി മൃഗങ്ങളുടെ ആവാസവ്യവസ്ഥനിലനിർത്താനുള്ള അക്ഷീണ പരിശ്രമങ്ങൾ തുടർന്നു. അത്തരമൊരു പ്രഭാഷണ പരമ്പര നടത്തുന്ന യാത്രയിലായിരുന്നു ഒക്ടോബർ 1 ആം തിയതി അവർ അന്തരിച്ചത്. ഡോ. ജെയിൻ ഗൂഢാളിന്റെ വേർപാട് ചിമ്പാൻസികൾക്ക് മാത്രമല്ല ശാസ്ത്രലോകത്തിനും നമുക്കും ഒരു തീരാനഷ്ടം തന്നെയാണ്.

ട്രൈമേറ്റ്സ് (Trimates) അഥവാ ലീക്കിയുടെ മാലാഖമാർ (Leakey’s angels )
ലൂയിസ് ലീക്കിയുടെയും മേരി ലീക്കിയുടെയും വ്യക്തിത്വത്തിലും ഗവേഷണത്തിലും ആകൃഷ്ടരായി പ്രൈമേറ്റുകളിലെ “വലിയവരെ” കുറിച്ച്- ഗൊറില്ല, ഒറങ്ങുട്ടാൻ, ചിമ്പാൻസി- നിരീക്ഷണ ഗവേഷണം നടത്താൻ ഇറങ്ങിത്തിരിച്ച മൂന്ന് സ്ത്രീ ഗവേഷകരാണ് ജെയിൻ ഗൂഢാൾ , ഡയാൻ ഫോസ്സി, ബിറൂട്ട് ഗ്ലാഡിക്കസ് എന്നിവർ. തമാശയായി ലീക്കിയുടെ മാലാഖമാർ (Leaky’s angels ) എന്നും ലീക്കി തന്നെ അവരെക്കുറിച്ച് ഉപയോഗിക്കാറുള്ള ട്രൈമേറ്റ്സ് (Trimates) (Tri primates എന്നതിന്റെ ചുരുക്കം) എന്നും അറിയപ്പെട്ട ഇവരിൽ ജെയിൻ ഗൂഢാൾ ടാന്സാനിയയിലെ ചിമ്പാൻസികളെക്കുറിച്ചും ഡയാൻ ഫോസ്സി റുവാണ്ടയിലെ ഗോറില്ലകളെ കുറിച്ചും ബിറൂട്ട് ഗ്ലാഡിക്കസ് ഇന്തോനേഷ്യയിലെ ഒറങ്ങുട്ടാനെ കുറിച്ചും ഗവേഷണം നടത്തി.
കൂടുതൽ ശ്രദ്ധയോടെയും കാര്യക്ഷമമായും നിഷ്ഠയോടെ പ്രവർത്തിക്കുന്നതിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിലാണ് എന്ന് ലൂയിസ് ലീക്കി വിശ്വസിച്ചിരുന്നു. അതിനാലാവാം അദ്ദേഹം ഈ മൂന്ന് സ്ത്രീകളെ പ്രൈമേറ്റ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഇവരിൽ ഡയാൻ ഫോസ്സി 1985 ൽ റുവാണ്ടയിലെ ഗോറില്ലകളെ കൊല്ലുന്ന (poachers) വരുടെ കൈകളാൽ വധിക്കപ്പെട്ടു. ജെയിൻ ഈ വർഷം ഒക്ടോബർ 1 ന്ന് വിടവാങ്ങി. ബിറൂട്ട് ഗ്ലാഡിക്കസ് ഇപ്പോഴും ഗവേഷണം തുടരുന്നു.





