
ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം. ന്യൂയോർക്കിന്റെ തലസ്ഥാനവും അവിടുത്തെ ഏറ്റവുംവലിയ പട്ടണവുമായ ന്യൂയോർക് ഇപ്പോൾ പുതിയ ഒരു രാഷ്ട്രീയഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമാവുകയാണ്. സൊഹ്‌റാൻ ക്വാമി മാംദാനി എന്ന ചെറുപ്പക്കാരനാണ് ആ രാഷ്ട്രീയഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു. 2025 നവംബർ നാലിന് നടന്ന ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ മാംദാനി നേടിയവിജയം, അമേരിക്കൻ രാഷ്ട്രീയത്തിലും ഒരുപക്ഷേ ലോകരാഷ്ട്രീയത്തിലും തുടർചലനങ്ങൾ സൃഷ്ടിച്ചേക്കാം. മേയർ തെരഞ്ഞെടുപ്പിൽ മാംദാനി മുന്നോട്ടുവച്ച മുദ്രാവാക്യവും, അതോടൊപ്പം അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച നിലപാടുകളും, അതിനോടുള്ള അമേരിക്കൻ രാഷ്ട്രീയത്തിന്റെയും ന്യൂയോർക് ജനതയുടെയും പ്രതികരണവും നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഡെമോക്രാറ്റിക് പാർട്ടിക്കാരനും ന്യൂയോർക് മേയറുമായിരുന്ന ആൻഡ്രു കുമോ ലൈംഗീകാപവാദത്തെതുടർന്ന് രാജിവച്ചതോടുകൂടിയാണ് മേയർതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ന്യൂയോർക് സംസ്ഥാനത്തിന്റെ നിയമസഭാംഗമായിരുന്ന സോർഹാൻ മാംദാനിയും മേയർ തെരഞ്ഞടുപ്പിൽ സ്ഥാനാർഥിയാകുമ്പോൾ, അത് ന്യൂയോർക് രാഷ്ട്രീയത്തിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനുശേഷം മാംദാനി മുന്നോട്ടുവച്ച ‘അഫൊർഡബിലിറ്റി’ (“Affordability”) എന്ന മുദ്രാവാക്യം, ലോകരാജ്യങ്ങളുടെമേൽ ട്രംപ് അടിച്ചേൽപ്പിച്ച ഇറക്കുമതിതീരുവമൂലം സാമ്പത്തികപ്രതിസന്ധിയിലായ ന്യൂയോർക് ജനതയുടെ ജീവിതഭാരം കുറയ്ക്കുമെന്ന പ്രതീക്ഷനല്കുന്നതായിരുന്നു. താൻ മേയറായാൽ, ന്യൂയോർക് ജനതയുടെ സാമ്പത്തികദുരിതത്തിന് ആശ്വാസംപകരാൻ, ജനങ്ങൾക്ക് സൗജന്യ ബസ് യാത്ര, വീട്ടുവാടകവർധന മരവിപ്പിക്കൽ, നഗരഭരണത്തിന്റെ നേതൃത്വത്തിൽ നിത്യോപയോഗസാധനങ്ങളുടെ വില്പന, സൗജന്യ ശിശുപരിപാലനം, അതിസമ്പന്നർക്ക് നികുതിചുമത്തൽ, തുടങ്ങിയനടപടികൾ മാംദാനി പ്രഖ്യാപിച്ചു. താൻ കേവലം ഡെമോക്രാറ്റിക് പാർട്ടിയുടെ ഒരു പരമ്പരാഗത നിലപാടുകാരനായ സ്ഥാനാർഥിയല്ലെന്നും, സോഷ്യലിസ്റ്റ് ആശയങ്ങളാണ് തന്നെ നയിക്കുന്നതെന്നും കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളായിരുന്നു അവ. അതോടൊപ്പം സാധാരണഗതിയിൽ രാഷ്ട്രീയഭാവി ആഗ്രഹിക്കുന്ന ഒരു അമേരിക്കൻ രാഷ്ട്രീയനേതാവും ധൈര്യപ്പെടാത്തവിധം, ഇസ്രായേൽ ഭരണകൂടം ഗാസയിൽനടത്തുന്ന വംശഹത്യയെ ശക്തമായി എതിർക്കുന്നയാളാണെന്നുപറയാനും മാംദാനി തയാറായി.

അമേരിക്കൻ പരമ്പരാഗത രാഷ്ട്രീയസമൂഹത്തിനു ഞെട്ടലുണ്ടാക്കുന്നതാണ് സോഷ്യലിസമെന്ന വാക്കുപോലും. അവിടെ താനൊരു സോഷ്യലിസ്റ്റാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെമുന്നിൽ സമർപ്പിച്ച വാഗ്ധാനങ്ങൾതന്നെ ന്യൂയോർക് ജനതയ്ക്ക് പുതുമയുള്ളതായിരുന്നു. അതുകൊണ്ടുതന്നെയാണ് വമ്പിച്ച ഭൂരിപക്ഷത്തോടെ അവർ മാംദാനിയെ വിജയിപ്പിച്ചത്. സോഷ്യലിസ്റ്റ് ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു സ്ഥാനാർഥി ജയിക്കാൻപാടില്ലെന്ന അമേരിക്കൻ രാഷ്ട്രീയവ്യവസ്ഥിതിയുടെ പൊതുനിലപാടിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് മാംദാനി വിജയിച്ചതെന്നത്, അമേരിക്കൻ രാഷ്ട്രീയത്തിൽ വരാൻപോകുന്ന മാറ്റങ്ങളുടെ സൂചനയാണ്.
ആരൊക്കെയായിരുന്നു മാംദാനിയെ എതിർത്ത പാർട്ടികൾ, സാമ്പത്തികശക്തികൾ, മാധ്യമങ്ങൾ, എന്നിവപരിശോധിച്ചാലാണ് മാംദാനിയുടെ വിജയത്തിന്റെ മഹത്വം മനസിലാകൂ. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനുവേണ്ടി മാംദാനിയോട് മത്സരിച്ച് പരാജയപ്പെട്ട ആൻഡ്രു കുമോ, ന്യൂയോർക്കിലെ ശക്തമായ രാഷ്ട്രീയകുടുംബത്തിലെ അംഗവും കുമോയുടെ പിതാവും ന്യൂയോർക് സംസ്ഥാനത്തിന്റെ ഗവർണറുമായിരുന്നു. മത്സരിക്കാൻ പാർട്ടിസ്ഥാനാർഥിത്വം കിട്ടാതെവന്നപ്പോൾ, കുമോ, സ്വതന്ത്രനായി മത്സരിക്കാൻ രംഗത്തുവരികയായിരുന്നു. ന്യൂയോർക്കിലും ഡെമോക്രാറ്റിക് പാർട്ടിയിലും വലിയ സ്വാധീനമുള്ള രാഷ്ട്രീയകുടുംബാംഗമായതിനാൽ, ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നതർപലരും മാംദാനിയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻപോലും രംഗത്തുവന്നില്ല. അമേരിക്കൻ സെനറ്റിലെ പ്രതിപക്ഷനേതാവായ ചക് ഷൂമർ, മുൻപ്രസിഡന്റ് ബരാക് ഒബാമ എന്നിവർ പിന്തുണയുമായി രംഗത്തുവന്നതേയില്ല. എന്നുമാത്രമല്ല, ഡെമോക്രറ്റിക് പാർട്ടിയുടെ വിമതനായി രംഗത്തുവന്ന ആൻഡ്രു കുമോയെ പിന്തുണച്ചത്, റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരുന്നു. അദ്ദേഹത്തിന്റ പാർട്ടിക്കാരനായ കാർട്ടീസ് സ്ലാവി മേയർസ്ഥാനത്തേക്ക് മത്സരിച്ചിട്ട്, ട്രംപ് അദ്ദേഹത്തെ തിരിഞ്ഞുനോക്കിയതേയില്ല. അതിസമ്പന്നർക്ക് നികുതിയേർപ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയതിനാൽ സമ്പന്നലോബി, മാംദാനിക്കെതിരായിമാറി. വാൾ സ്ട്രീറ്റിലെ ശതകോടീശ്വരനായ ബിൽ ആക്മാനെപ്പോലുള്ളവർ മാംദാനിയെ പരാജയപ്പെടുത്താൻ പണവുമായി രംഗത്തുവന്നു. ‘ന്യൂയോർക് പോസ്റ്റ്’ എന്ന ദിനപ്പത്രം നിരന്തരമായി മാംദാനിക്കെതിരെ വാർത്തകളുമായി സജീവമായിരുന്നു.
ഇതിനെല്ലാം ഉപരിയായി, മാംദാനിക്കെതിരായി മുന്നിൽനിന്നു പടനയിച്ചത്, പ്രസിഡന്റ് ട്രംപുതന്നെയായിരുന്നു. മാംദാനിയെ ‘കമ്മ്യുണിസ്റ്റ് ഭ്രാന്തൻ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാംദാനി വിജയിച്ചാൽ, ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് നല്കില്ലെനും ട്രംപ് പ്രഖ്യാപിച്ചു. അതിനുപുറമെ, ഇസ്രായേൽ വിരുദ്ധനാണ് മാംദാനിയെന്നും, ഒരു യഹൂദൻപോലും മാംദാനിക്ക് വോട്ടുചെയ്യരുതെന്നും, തെരഞ്ഞെടുപ്പുദിവസവും, സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രംപ് ആവശ്യപ്പെട്ടു. എല്ലാത്തരത്തിലും പരാജയപ്പെടുത്താൻ നോക്കിയിട്ടും, ട്രംപിന്റെകൂടി സംസ്ഥാനമായ ന്യൂയോർക്കിലെ ജനത മാംദാനിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്, ട്രംപിനുള്ള മുന്നറിയിപ്പാണ്. ട്രംപിനുമാത്രമല്ല, മാംദാനിയെ വിജയിപ്പിക്കാൻ ആത്മാർഥമായി രംഗത്തിറങ്ങാതിരുന്ന ഡെമോക്രാറ്റിക് പാർട്ടിക്കുള്ള മുന്നറിയിപ്പുകൂടിയാണ് മാംദാനിയുടെ ത്രസിപ്പിക്കുന്ന വിജയം.

അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായ ന്യൂയോർക്കിലെ ജനത എന്തുകൊണ്ടാണ് സോഷ്യലിസത്തോട് കൂറുപ്രഖ്യാപിച്ച ഒരു സ്ഥാനാർഥിയ്ക്ക് വോട്ടുചെയ്തത്? നവഉദാരവാദനയങ്ങൾ പിന്തുടരുന്ന രാഷ്ട്രങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ ഓരോദിനംകഴിയുംതോറും കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന യാഥാർഥ്യത്തിലേക്കാണ് അത് വിരൽചൂണ്ടുന്നത്. രാജ്യത്തെ അതിസമ്പന്നർ അഭൂതപൂർവമായി വളരുമ്പോൾ, അമേരിക്കയിലെ തൊഴിലെടുക്കുന്നവരുടെ വരുമാനം വർധിക്കുന്നില്ലെന്നുമാത്രമല്ല, അവരുടെ ജീവിതച്ചെലവ് ഓരോമാസവും വർദ്ധിക്കുന്നു. ട്രംപ് നടപ്പിലാക്കിയ ഇറക്കുമതിച്ചുങ്കം, സാധാരണജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയതിന്റെ തെളിവാണ്, മാംദാനി മുന്നോട്ടുവച്ച സോഷ്യലിസ്റ്റ് നയങ്ങളെ പിന്തുണച്ചതിലൂടെ ന്യൂയോർക് ജനത കാട്ടിത്തരുന്നത്.
നവഉദാരവാദ നയങ്ങളും, പ്രൊട്ടക്ഷനിസ്റ്റ് നയങ്ങളും പിന്തുടരുന്ന രാജ്യങ്ങളിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾ വര്ധിക്കുന്നകാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. ലോകത്തൊട്ടാകെ തൊഴിലാളികളും സാധാരണക്കാരും സമരപാതയിലാണ്. മുതലാളിത്തം നേരിടുന്ന പ്രതിസന്ധി, ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയാൽ പരിഹാരമാകില്ലെന്നതിന്റെ ഏറ്റവുംവലിയ തെളിവാണ്, ട്രംപിന്റെ മൂക്കിനുതാഴെ സോഷ്യലിസ്റ്റ് നേതാവായ സൊഹ്‌റാൻ മാംദാനി നേടിയ വിജയം. ആ ചരിത്രവിജയം അമേരിക്കയിൽനിന്നു മറ്റിടങ്ങളിലേക്ക് പടരുന്നകാലം വിദൂരമല്ല.





