പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

പ്രൊഫ. വി. കാർത്തികേയൻ നായർ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ യുവാക്കളെ ധൈഷണികമായി ആയുധമണിയിച്ച അപൂർവം ചില ധിഷണാശാലികളിൽ അഗ്രഗാമിയായിരുന്നു പി ജി എന്ന രണ്ടക്ഷരങ്ങളിൽ അറിയപ്പെട്ടിരുന്ന പി. ഗോവിന്ദപ്പിള്ള. പാരീസ് വസന്തവും ബൊളീവിയൻ കാടുകളിലെ ചെഗുവേരയുടെ രക്തസാക്ഷിത്വവും ഇന്തോനേഷ്യയിലെ കമ്മ്യൂണിസ്റ്റ് കൂട്ടക്കൊലയും വിയറ്റ്‌നാം യുദ്ധവും ചെക്കോസ്ലോവാക്കിയയിലെ കലാപവും ചൈനയിലെ സാംസ്‌കാരികവിപ്ലവവും യൂറോ കമ്മ്യൂണിസവും കേരളത്തിലെ യുവാക്കളുടെ ബോധമണ്ഡലത്തിലേക്ക് കതിരും പതിരും തിരിച്ച് തിരുകിക്കയറ്റുന്നതിൽ പി ജി വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ഇപ്പോൾ വയോജനങ്ങളായി വളർന്നിരിക്കുന്ന അന്നത്തെ യുവതയുടെ ബോധമണ്ഡലത്തിൽ പി ജിയുടെ സാർവദേശീയ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും മുഴങ്ങുന്ന ശബ്ദത്തിലുള്ള പ്രസംഗങ്ങളും മായാതെയും മങ്ങാതെയും നിലനിൽക്കുന്നു. കെ എസ് എഫും കെ എസ് യുവും ചിലയിടങ്ങളിൽ കെ എസ് സിയും കോളേജ് യൂണിയനുകൾ അടക്കിവാണിരുന്ന ആ ദശകങ്ങളിൽ രാഷ്ട്രീയ വ്യത്യാസമന്യേ സാർവദേശീയതയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും കലയെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും പ്രസംഗിക്കാനായി ക്ഷണിച്ചിരുന്നത് പി ജിയെയായിരുന്നു. വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും കാതുകൂർപ്പിച്ച് പി ജിയുടെ പ്രസംഗങ്ങൾ കേട്ടിരുന്നിട്ടുള്ളത് ഇന്നും ഓർമയിൽ തെളിയുന്നു.

കിട്ടുന്ന കാശുമുഴുവൻ പുസ്തകങ്ങൾ വാങ്ങാനായി ചിലവഴിക്കുകയും കാശുമുടക്കാൻ ശേഷിയുള്ള വ്യക്തികളെക്കൊണ്ടും സ്ഥാപനങ്ങളെക്കൊണ്ടും പുസ്തകം വാങ്ങിപ്പിക്കുകയും ചെയ്യുന്ന മാസ്മരികമായ പ്രേരണാശക്തിയുടെ ഉടമയായിരുന്നു അദ്ദേഹം. ഒരേസമയം ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുന്ന ഒരത്ഭുത പ്രതിഭാസം. സമകാലികരായ പലരും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങളെപ്പറ്റി സുരപാനസദസ്സുകളിലും ചായക്കോപ്പ ഭാഷണങ്ങളിലും വാചാലരാവുകയും അപൂർവം ചിലർ ക്ലിഷ്ടമായ ഭാഷയിൽ ലേഖനങ്ങളെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോൾ ഗഹനങ്ങളായ വിഷയങ്ങളെപ്പറ്റി സരളമായ ഭാഷയിൽ ലേഖനങ്ങളെഴുതി മലയാളികളെ പ്രബുദ്ധരാക്കുകയായിരുന്നു പി ജി. ലോക ഭാഷകളിലുയിർക്കൊള്ളുന്ന പുതുവിജ്ഞാനം ഇംഗ്ലീഷിൽ ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ അറിയിച്ചുകൊണ്ടിരുന്ന ഏക വ്യക്തി പി ജിയായിരുന്നു. സർഗസാഹിത്യത്തെക്കുറിച്ചുമാത്രം ചിലര്‍ പ്രതിപാദിച്ചുകൊണ്ടിരുന്നപ്പോൾ സർഗസാഹിത്യവും വൈജ്ഞാനികസാഹിത്യവും ശാസ്ത്രസാഹിത്യവും അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തിലുണർത്തിയ അനുരണനങ്ങൾ തൂലികത്തുമ്പിലൂടെ ലേഖനങ്ങളായി ഉതിർന്നുവീണ് മലയാളികളെ ഹർഷപുളകിതരാക്കിക്കൊണ്ടിരുന്നു.

ജയിൽവാസകാലത്ത് പരിഭാഷപ്പെടുത്തിയ ‘കാട്ടുകടന്നൽ’ സർഗസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. പിൽക്കാലത്ത് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴൊക്കെ അതേക്കുറിച്ചും ആദ്യം മലയാളത്തിൽ ലേഖനമെഴുതുന്നത് പി ജിയായിരുന്നു.

മറ്റു ജീവികൾ ആഹാരത്തിനുവേണ്ടി മാത്രം ഇരകളെ കൊല്ലുകയും പ്രത്യുല്പാദനത്തിനുവേണ്ടി മാത്രം ഇണചേരുകയും ചെയ്യുന്ന ശീലമുള്ളപ്പോൾ ‘നഗ്നവാനര’നായ നരൻ സഹജീവികളെ കൊല്ലുന്നതിനുവേണ്ടി മാത്രം ആയുധങ്ങളുണ്ടാക്കുകയും നിരങ്കുശമായി ഇണചേരുകയും ഇവ രണ്ടും ആദായകരമായ വാണിജ്യമായിത്തീർന്നുവെന്നും നമ്മോട് ആദ്യം പറഞ്ഞ ഡസ്മണ്ട് മോറിസിന്റെ ‘നഗ്‌നവാനരൻ’ എന്ന കൃതി പ്രസിദ്ധീകൃതമായ ഉടനെ അതേപ്പറ്റി ലേഖനമെഴുതിയത് പി ജിയായിരുന്നു. ഡസ്മണ്ട് മോറിസിന്റെ ഗ്രന്ഥപരമ്പര മുഴുവൻ പിന്നീട് പരിഭാഷപ്പെടുത്താൻ മറ്റൊരു പണ്ഡിതനെ പ്രേരിപ്പിച്ചത് ഈ ലേഖനമായിരുന്നിരിക്കണം. ജെ ഡി ബർണലിന്റെ ‘ശാസ്ത്രം ചരിത്രത്തിൽ’ എന്ന കൃതിയേയും പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹത്തിന്റെ പുത്രൻ മാർടിൻ ബർണൽ രചിച്ച ‘കറുത്ത അഥീന’യേയും മലയാളികളിലെത്തിച്ചതും മറ്റാരുമല്ല. ഗ്രീക്കുകാരുടെ സൗന്ദര്യദേവതയായ സ്വർണത്തലമുടിയും പളുങ്ക് കൺമണികളും നീണ്ട നാസികയും വെണ്മയേറിയ ഉടലുമുള്ള അഥീന ഉത്തരാഫ്രിക്കയിൽ നിന്ന് മധ്യധരണ്യാഴി മുറിച്ചു കടന്ന് അയോണിയ ദ്വീപുകൾ വഴി ഗ്രീസിലെത്തിയ കറുത്ത വർഗക്കാരുടെ പിൻമുറക്കാരിയാണെന്നും ശ്യാമസുന്ദരി ക്ലിയോപാട്രയുടെ മുൻഗാമിയാണെന്നും മാർട്ടിൻ ബർണൽ എഴുതിയപ്പോൾ അത് എഡ്വേർഡ് സെയ്ദിന്റെ ‘പൗരസ്ത്യവാദ’ത്തെ സാധൂകരിക്കുന്നതായി. പിന്നീട് സമീർ അമീൻ ‘യൂറോ കേന്ദ്രവാദ’ത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്തു. ഈ കൃതികളേയും അവകളിലടങ്ങിയിരിക്കുന്ന വൈജ്ഞാനിക സാഹിത്യത്തേയും മലയാളികൾക്കു പരിചയപ്പെടുത്താൻ പി ജില്ലാതെ മറ്റാരാണുണ്ടായിരുന്നത്.

യൂറോപ്യബാഹ്യസമൂഹത്തിൽ കൊളോണിയൽ അധിനിവേശം ചെലുത്തിയ ധൈഷണികാധിപത്യം പാഠപുസ്തകങ്ങളിലൂടെ ഈ രാജ്യങ്ങളിലെ നിരവധി തലമുറകളുടെ ബോധമണ്ഡലത്തെ സ്വാധീനിച്ചപ്പോൾ തമസ്‌കരിക്കപ്പെട്ട തദ്ദേശീയ വിജ്ഞാനത്തെ ഖനനം ചെയ്ത് കണ്ടെടുക്കുന്നതിന് ‘ശാസ്ത്രവും നാഗരീകതയും ചൈനയിൽ’ എന്ന പുസ്തകപരമ്പരയിലൂടെ ജോസഫ് നീഥാമും കൊളമ്പസ് അമേരിക്കയിലെത്തുന്നതിനു മുമ്പേ ചൈനീസ് നാവികർ ദക്ഷിണാഫ്രിക്കൻ മുനമ്പുചുറ്റി അറ്റ്‌ലാന്റിക് മുറിച്ചുകടന്ന് തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തെത്തിയിരുന്നുവെന്ന് ഗവീൻ മെൻസീസും പറയുമ്പോൾ അതേപ്പറ്റി മലയാളത്തിൽ ആദ്യം ലേഖനമെഴുതിയത് പി ജിയായിരുന്നു. അതോടൊപ്പം തന്നെ എന്താണ് പാശ്ചാത്യവൈജ്ഞാനിക വിപ്ലവമെന്ന് വിവരിക്കേണ്ടതും ആവശ്യമായിരുന്നു. അങ്ങിനെയാണ് ‘വൈജ്ഞാനിക വിപ്ലവം – ഒരു സാംസ്‌കാരിക ചരിത്രം’ എന്ന കൃതി പി ജി പ്രസിദ്ധീകരിക്കുന്നത്. ഈ കൃതിക്കു മുമ്പേ പ്രസിദ്ധീകരിച്ചതാണെങ്കിലും അതിന്റെ ഭാഗമാണ് ‘മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്ര’വും.

ജാതി-ജന്മി-നാടുവാഴി-പൗരോഹിത്യ വ്യവസ്ഥ രൂഢമൂലമായിരുന്ന ഇന്ത്യൻ സമൂഹത്തിന്റെ പഠനത്തിന് മാർക്‌സിസത്തെ എങ്ങിനെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ തർക്കങ്ങളുണ്ടായിരുന്നു. എസ് ഡാങ്കേയും അംബേദ്ക്കറും തമ്മിലും ഡാങ്കേയും കൊസാംബിയും തമ്മിലും തർക്കിച്ചത് മാർക്‌സിസം എന്ന അപഗ്രഥനോപകരണം എങ്ങിനെ പ്രയോഗിച്ചുകൂടാ എന്നതിനെപ്പറ്റിയായിരുന്നു. മാർക്‌സിസ്റ്റ് ദർശനത്തിലെ അടിത്തറയും ആരൂഢവും എന്ന സങ്കല്പനം ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്ക് വ്യക്തമായത് അന്റോണിയോ ഗ്രാംഷിയുടെ ജയിൽക്കുറിപ്പുകൾ 1950-കളിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമായതോടെയാണ്. ഗ്രാംഷിയൻ നീതിശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യനവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ പിന്നേയും പതിറ്റാണ്ടുകൾക്കു ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ഗ്രാംഷിയൻ പഠനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. രണജിത് ഗുഹയും കൂട്ടരും ചേർന്ന് പ്രസിദ്ധീകരിച്ച ‘കീഴാളചരിത്ര’ പരമ്പര ഇക്കാര്യത്തിൽ ഏറെ സംഭാവന നൽകുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ വേണം ഭക്തിപ്രസ്ഥാനത്തെക്കുറിച്ച് ഇംഗ്ലീഷിലും കേരളീയ നവോത്ഥാനത്തെക്കുറിച്ച് അഞ്ചുവാല്യങ്ങൾ മലയാളത്തിലും പി ജി എഴുതിയ പുസ്തകങ്ങൾ പ്രസക്തമാകുന്നത്. കുരുടന്മാർ ആനയെ തൊട്ടുമാത്രം മനസ്സിലാക്കിയതുപോലെ കേരളീയ നവോത്ഥാനത്തെക്കുറിച്ച് പറയുന്നവരെല്ലാം വ്യക്തിമാഹാത്മ്യത്തിലൂന്നി തർക്കവിതകർക്കങ്ങളിലേർപ്പെടുമ്പോൾ കൊളോണിയലിസവും നാടുവാഴിത്തവും ജന്മിത്തവും ഇല്ലാതായ കേരളത്തിൽ എന്തുകൊണ്ട് ജാതിബോധവും പൗരോഹിത്യവും ശക്തമായി നിൽക്കുന്നു എന്ന് പരിശോധിക്കാനുള്ള ഉപകരണമാണ് ഗ്രാംഷിയൻ ചിന്ത. അതിന്റെ പ്രയോഗം പി ജിയുടെ നവോത്ഥാന ഗ്രന്ഥപരമ്പരയിൽ നമുക്ക് വായിക്കാനാകും.

നിയമസഭാ സാമാജികൻ ഗ്രന്ഥശാലാ പ്രവർത്തകൻ, പുരോഗമനസാഹിത്യസംഘം പ്രവർത്തകൻ, സാക്ഷരതാ പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ഗ്രന്ഥകാരൻ, സർവോപരി മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു പി. ഗോവിന്ദപ്പിള്ള. സാങ്കേതികവിദ്യയിലൂന്നിയ കലാരൂപം എന്ന നിലയിൽ ചലച്ചിത്രത്തെ സമീപിക്കുകയും അതിനെ അത്തരത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഏത് പ്രവൃത്തിയും ആവർത്തിച്ചു ചെയ്യുമ്പോൾ തളരുകയും വിരസത അനുഭവപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്. എന്നാൽ തളരാതെ വായിച്ചുകൊണ്ട് വളർന്ന മഹദ്‌വ്യക്തിയായിരുന്നു പി ജി.

Hot this week

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

Topics

പാപ്പാ ഉമാനാഥ്‌

തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...

അതിദാരിദ്ര്യ നിർമ്മാർജ്ജനം: പരിശീലന ശൃംഖല വിപുലം

ജനകീയാസൂത്രണത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും തുടർച്ചയായി മികച്ച ജന പങ്കാളിത്തത്തോടെ നടന്ന പ്രവർത്തനമാണ്...
spot_img

Related Articles

Popular Categories

spot_imgspot_img