ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

ജി വിജയകുമാർ

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌ പോയത്‌ നിയമവിധേയമായി ലഭിച്ച പാസ്‌പോർട്ട്‌ ഉപയോഗിച്ചായിരുന്നെങ്കിലും മ്യൂണിച്ചിൽവെച്ച്‌ അവർ തീരുമാനിച്ചത്‌ തുടർന്ന്‌ വ്യാജ പാസ്‌പോർട്ട്‌ ഉപയോഗിച്ച്‌ ജീവിക്കാനാണ്‌; അതുപോലെതന്നെ റഷ്യയിൽ നിന്നുള്ള ഞങ്ങളുടെ സഹപ്രവർത്തകർ പിടിക്കപ്പെടാതിരിക്കുന്നതിനും സ്യൂട്ട്‌കേസുകളിൽ റഷ്യയിലേക്ക്‌ നിയമവിരുദ്ധ സാഹിത്യവും കത്തുകളും മറ്റും കൊണ്ടുപോകാൻ കൂടുതൽ സൗകര്യമുണ്ടാക്കുന്നതിനും വേണ്ടി റഷ്യൻ കോളനികളിൽനിന്ന്‌ കഴിയാവുന്നത്ര അകന്ന്‌ കഴിയുകയും ചെയ്‌തു.’’
‐ എൻ കെ ക്രൂപ്‌സ്‌കായ, റെമിനിസൻസ്‌ ഓഫ്‌ ലെനിൻ

ലെനിൻ ജയിലിലും സൈബീരിയയിലുമായിരുന്ന 1896 മുതൽ 1900 വരെയുള്ള കാലത്ത്‌ റഷ്യയിൽ അതിശക്തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. റഷ്യയിൽ മുതലാളിത്തത്തിന്റെ വളർച്ച അനിവാര്യമോ എന്നതായിരുന്നു ചർച്ചചെയ്യപ്പെട്ട ഒരു വിഷയം. റഷ്യൻ സമൂഹം സോഷ്യലിസത്തിലേക്ക്‌ കടക്കാറായിയെന്നും കർഷകർ ചെറുകിട മുതലാളിമാരാവുകയല്ല മറിച്ച്‌, ആദ്യ സോഷ്യലിസ്റ്റുകളായിക്കൊണ്ടിരിക്കുകയാണെന്നുമാണ്‌ നരോദ്‌നിക്കുകൾ വാദിച്ചത്‌. കർഷകർ സ്വത്ത്‌ പൊതുവായിട്ടായിരുന്നു കൈകാര്യം ചെയ്‌തിരുന്നത്‌; അവർ സ്വത്തിന്റെ പുനർവിതരണം നടത്തിയിരുന്നത്‌ സാമൂഹ്യനീതിയെക്കുറിച്ചുള്ള പുരാതനകാലത്തെ തത്വങ്ങൾക്കനുസരിച്ചായിരുന്നു; പ്രാദേശിക കമ്യൂണുകളിലൂടെ ഒരുതരം സ്വയംഭരണ സംവിധാനത്തിനുള്ളിലാണ്‌ അവർ ജീവിക്കുന്നത്‌; കൂട്ടായ്‌മയുടേതായ ഈ മനോഭാവം കോ‐ഓപ്പറേറ്റീവ്‌ വർക്ക്‌ഷോപ്പുകളിലൂടെ വ്യാവസായിക സമൂഹമായി വികസിക്കുകയാണ്‌. കമ്യൂണുകളെയും സഹകരണസംഘങ്ങളെയും പോലുള്ള സ്ഥാപനങ്ങൾ നിലനിൽക്കുന്നതും തുല്യതയെയും സാമൂഹ്യനീതിയെയും ഉയർത്തിപ്പിടിക്കുന്ന കർഷകരുടെ മനോഭാവവും മുതലാളിത്തവികാസം കൂടാതെതന്നെ സോഷ്യലിസത്തിലേക്ക്‌ നേരിട്ട്‌ നീങ്ങാനുള്ള അടിത്തറയാണെന്നും പിന്നെന്തിന്‌ കടുത്ത ചൂഷണത്തിന്‌ വഴിയൊരുക്കുന്ന മുതലാളിത്ത വികാസം അനിവാര്യമാകണം എന്നുമെല്ലാമായിരുന്നു അക്കാലത്തെ പ്രമുഖ നരോദ്‌നിക്‌ സാന്പത്തികവിദഗ്‌ധനായിരുന്ന എൻ എഫ്‌ ഡാനിയേൽസണിനെ പോലെയുള്ളവർ വാദിച്ചത്‌. ജീർണത ബാധിച്ച ഫ്യൂഡലിസത്തിൽനിന്ന്‌ മുതലാളിത്തത്തിലേക്ക്‌ കടക്കാതെതന്നെ റഷ്യയിൽ സോഷ്യലിസം നിലവിൽവരാനുള്ള സാധ്യതയുണ്ടെന്നും ഇക്കൂട്ടർ വാദിച്ചു.

പ്ലെഖാനോവ്

എന്നാൽ ഈ ആശയങ്ങൾ ശുദ്ധ അസംബന്ധവും യാഥാർഥ്യങ്ങൾക്ക്‌ നിരക്കാത്തതുമാണെന്നാണ്‌ സോഷ്യൽ ഡെമോക്രാറ്റുകൾ വാദിച്ചത്‌. കർഷകർ ഭാവിസമൂഹം കെട്ടിപ്പടുക്കുന്ന ഒരു വിഭാഗമല്ലെന്നും അവർ ഭൂതകാലത്തിന്റെ ആലസ്യത്തിൽ കഴിയുകയാണെന്നും യഥാർഥത്തിൽ ആധുനിക വ്യാവസായിക തൊഴിലാളിവർഗമാണ്‌ ഭാവിയിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്ന വിഭാഗമെന്നും സോഷ്യൽ ഡെമോക്രാറ്റുകൾ വസ്‌തുതകൾ നിരത്തി വാദിച്ചു. പ്രാകൃത കമ്യൂണിസം സ്വത്തുടമസ്ഥതയെ ആധാരമാക്കിയ സാമൂഹ്യവ്യവസ്ഥകൾക്ക്‌ വഴിമാറിക്കൊടുക്കുകയായിരുന്നു എന്നും ഫ്യൂഡലിസവും മുതലാളിത്തവും സോഷ്യലിസവുമെല്ലാം അതിന്റെ പുതിയ രൂപങ്ങളാണെന്നും സോഷ്യൽ ഡെമോക്രാറ്റുകൾ വാദിച്ചു. ഇതിലോരോന്നും മറ്റൊന്നായി വികസിക്കുകയാണെന്നും അങ്ങനെ മുതലാളിത്തം സോഷ്യലിസത്തിലേക്ക്‌ വികസിക്കുമെന്നും മാർക്‌സിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി സോഷ്യൽ ഡെമോക്രാറ്റുകൾ വാദിച്ചു. ലെനിൻ ഈ വാദഗതിക്കാർക്കൊപ്പം അടിയുറച്ചു നിന്നു. 1884ൽ ജി വി പ്ലെഖാനോവ്‌ പ്രസിദ്ധീകരിച്ച Our Differences (നമ്മുടെ ഭിന്നാഭ്രിപ്രായങ്ങൾ) എന്ന കൃതി നരോദ്‌നിക്കുകൾക്കെതിരായ വാദഗദികൾ ഉയർത്തിയ ആദ്യത്തെ ശക്തമായ കൃതിയായിരുന്നു. 1883ൽ പ്ലെഖാനോവുതന്നെ എഴുതിയ Socialism and the Political Struggle (സോഷ്യലിസവും രാഷ്‌ട്രീയസമരവും) ആയിരുന്നു റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റുകാരുടെ നിലപാട്‌ ഉയർത്തിപ്പിടിച്ച ആദ്യകൃതി. പ്ലെഖാനോവ്‌ മുന്നോട്ടുവെച്ച ഉൾക്കാഴ്‌ചകൾക്കൊപ്പമായിരുന്നു തുടക്കത്തിൽ ലെനിൻ.

വേരാ സാസുലിച്ച്

എന്നാൽ ജയിൽവാസകാലത്തും പിന്നീട്‌ സൈബീരിയയിലെ പ്രവാസകാലത്തും നടത്തിയ ആഴത്തിലുള്ള പഠനങ്ങൾ ലെനിന്‌ കൂടുതൽ ഉൾക്കാഴ്‌ച നൽകി. സൈബീരിയയിലായിരിക്കെ അദ്ദേഹം എഴുതിയ ചില ലേഖനങ്ങൾ പ്ലെഖാനോവിന്റെ നിഗമനങ്ങൾക്കെതിരായിരുന്നില്ലെങ്കിലും അതിൽനിന്ന്‌ ഏറെ മുന്നോട്ടുപോകുന്നതും കൂടുതൽ കൃത്യമായ വിലയിരുത്തലുകൾ ഉള്ളതുമായിരുന്നു. 1898ൽ ലെനിൻ എഴുതിയ The Heritage We Renounce (നാം നിരാകരിക്കുന്ന പൈതൃകം, ലെനിൻ സമാഹൃതകൃതികൾ, 1972 വോള്യം 2) എന്ന ലഘുലേഖയിൽ അദ്ദേഹം തന്റെ നിലപാട്‌ സംഗ്രഹിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രധാനമായും നരോദ്‌നിക്കുകളെപ്പോലെ കർഷകരെ റൊമാന്റിക്‌ ഭാവത്തിൽ വൈകാരികമായല്ല ലെനിൻ കണ്ടത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കർഷകർ ഭൂപ്രഭുക്കളുടെയും ഭരണകൂടത്തിന്റെയും അടിച്ചമർത്തലിന്റെ ഇരകളാണ്‌. ദരിദ്രരും അജ്ഞരുമായ കർഷകർ പലപ്പോഴും ഹ്രസ്വകാല ജീവിതമേ ഉണ്ടായിരുന്നുള്ളൂ. ടോൾസ്‌റ്റോയിയെപോലെ പരുക്കൻ ജീവിതാവസ്ഥയുടെ തത്വചിന്തകരായും (homespum philosophers) കർഷകരെ അദ്ദേഹം കണ്ടിരുന്നില്ല. കഴിഞ്ഞകാലത്തെ കടുത്ത മർദനനിയമങ്ങളും നടപടികളുംകൊണ്ട്‌ അവരുടെ ജീവിതത്തെ ഭരണകൂടവും ഫ്യൂഡൽ പ്രഭുക്കളും വരിഞ്ഞുമുറുക്കിയിരുന്നു. 1861ൽ സാർ ചക്രവർത്തി അടിയാളത്തത്തിൽനിന്നും അവരെ മോചിപ്പിച്ച്‌ അവരുടെ അവസ്ഥ കൂടുതൽ വഷളാക്കിയെന്നാണ്‌ ലെനിൻ എഴുതിയത്‌. കമ്യൂണുകളെ കർഷകരുടെ കൂട്ടായ്‌മയുടെയും സഹകരണ മനോഭാവത്തിന്റെയും പ്രതീകങ്ങളായല്ല, മറിച്ച്‌ ഭരണകൂടം അവർക്കുമേൽ അടിച്ചേൽപ്പിച്ച അവർക്ക് അന്യവും കാര്യശേഷിയില്ലാത്തതുമായ സംവിധാനമാണെന്നാണ്‌ ലെനിൻ വ്യക്തമാക്കിയത്‌. ഫ്യൂഡലിസത്തിന്റെ ചങ്ങലക്കണ്ണികൾ പൊട്ടിച്ചെറിഞ്ഞും ഗ്രാമീണസമൂഹത്തെ മുതലാളിത്തത്തിലേക്ക്‌ വികസിക്കാൻ അനുവദിച്ചുംമാത്രമേ കർഷകർക്ക്‌ ഭാവി ഉറപ്പാക്കാനാവൂവെന്നാണ്‌ ലെനിൻ മുന്നോട്ടുവെച്ച അഭിപ്രായം.

കർഷകജനതയുടെ ആന്തരികമായ താൽപര്യം ചെറുകിട ഉടമസ്ഥതയിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിലായിരിക്കുമെന്നും സോഷ്യലിസമായിരിക്കില്ലെന്നും ലെനിൻ വ്യക്തമാക്കി. ഈ പരിവർത്തനത്തിൽ നേട്ടമുണ്ടാക്കാൻ കഴിയാത്തവർ കർഷകത്തൊഴിലാളി വർഗമായി മാറുമെന്നും ആ വിഭാഗമായിരിക്കും ഗ്രാമീണ തൊഴിലാളിവർഗത്തിന്റെ അടിത്തറയായി മാറുകയെന്നും നഗരങ്ങളിലെ തൊഴിലാളിവർഗത്തിന്റെ സ്വാഭാവിക സഖ്യശക്തിയാകുന്നത്‌ ഇവരായിരിക്കുമെന്നും ലെനിൻ നിരീക്ഷിച്ചു. ഗ്രാമീണ റഷ്യയിലൂടെ മുതലാളിത്തത്തിന്റെ തേരോട്ടമുണ്ടാകുമ്പോൾ കർഷകവർഗം അപ്രത്യക്ഷമാകുമെന്നും അതേസമയം തൊഴിലാളിവർഗമായിരിക്കും സോഷ്യലിസത്തിന്‌ അടിത്തറ പാകുന്നതെന്നും ലെനിൻ വിശദീകരിച്ചു. എന്നാൽ ആദ്യം വേണ്ടത്‌ സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തെ കടപുഴക്കിയെറിഞ്ഞ്‌ ജനാധിപത്യം സ്ഥാപിക്കലാണെന്നും ലെനിൻ ഊന്നിപ്പറയുന്നുണ്ട്‌. സാമൂഹ്യപുരോഗതിയിൽ മുന്നോട്ടുപോകണമെങ്കിൽ അവശ്യംവേണ്ട മുന്നുപാധി രാഷ്‌ട്രീയ ജനാധിപത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. The Urgent Tasks of Our Movement (നമ്മുടെ പ്രസ്ഥാനത്തിന്റെ അടിയന്തര കടമകൾ, 1900 ഡിസംബർ, തിരഞ്ഞെടുത്ത കൃതികൾ, വോള്യം 1) അതിൽ സംശയാതീതമായി ലെനിൻ ഇങ്ങനെ വ്യക്തമാക്കുന്നു‐ ‘‘റഷ്യൻ തൊഴിലാളിവർഗ പാർട്ടിയുടെ അടിയന്തര കടമ സ്വേച്ഛാധിപത്യവാഴ്‌ചയെ തകർത്തെറിയലാണ്‌, രാഷ്‌ട്രീയ സ്വാതന്ത്ര്യം കൈവരിക്കലാണ്‌ എന്ന്‌ സോഷ്യൽ ഡെമോക്രാറ്റുകാർ ആവർത്തിച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌’’.

റഷ്യയിൽ മുതലാളിത്തം വികസിച്ചുവരികയാണെന്നും റഷ്യൻ നഗരങ്ങളിൽ വ്യാവസായിക തൊഴിലാളികൾ കരുത്താർജിച്ചു വരികയാണെന്നും ഗ്രാമീണമേഖലയിലും മുതലാളിത്ത വളർച്ച ക്രമേണ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുമുകളിലാണ്‌ സാറിസ്റ്റ്‌ സ്വേച്ഛാധിപത്യവാഴ്‌ച നിൽക്കുന്നതെന്നും അടിവരയിട്ടു ഉറപ്പിക്കുന്നതാണ്‌ റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം എന്ന ലെനിന്റെ കൃതി. മുതലാളിത്തത്തിനൊപ്പം ഫ്യൂഡലിസവും നിലനിൽക്കുന്ന റഷ്യൻ സമൂഹത്തിൽ തൊഴിലാളിവർഗത്തിന്റെ വിപ്ലവത്തിന്‌ സാധ്യതയുണ്ടെന്നും തൊഴിലാളിവർഗമാണ്‌ റഷ്യയിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള വിപ്ലവത്തിന്‌ നേതൃത്വം നൽകേണ്ടതെന്നുമുള്ള സങ്കൽപ്പനം ലെനിനാണ്‌ കൃത്യമായി മുന്നോട്ടുവെച്ചത്‌. പ്ലെഖാനോവും മറ്റ്‌ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകാരും ഇക്കാര്യത്തിൽ വേണ്ടത്ര വ്യക്തത വരുത്തിയിരുന്നില്ല മാർക്‌സ്‌ 1881ൽ വേരാ സാസുലിച്ചിനെഴുതിയതും പിൽക്കാലത്ത്‌ പ്രസിദ്ധീകരിക്കപ്പെട്ടതുമായ കത്തുകളിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിൽ റഷ്യയിൽ നിലനിന്ന മൂർത്തമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ മൂർത്തമായ വിശകലനം നടത്തി മുന്നോട്ടുപോകാൻ സാസുലിച്ചോ പ്ലെഖാനോവോ ശ്രമിച്ചിരുന്നില്ല. ലെനിനാകട്ടെ, മാർക്‌സിന്റെ ഈ കത്തുകളെക്കുറിച്ച്‌ അന്ന്‌ അറിയുമായിരുന്നില്ലെങ്കിലും റഷ്യൻ സാമൂഹ്യ‐രാഷ്‌ട്രീയ‐സാന്പത്തികസ്ഥിതിയെക്കുറിച്ച്‌ നടത്തിയ മൂർത്തമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തതയോടുകൂടി റഷ്യൻ തൊഴിലാളിവർഗത്തിന്റെ അടിയന്തര കടമകളെയും ഭാവി കടമകളെയുംകുറിച്ച്‌ 1890കളിൽ തന്നെ രേഖപ്പെടുത്തി. അതാണ്‌ ലെനിനിസത്തിന്റെ ബീജാവാപം ‘റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം’ എന്ന കൃതി പ്രസിദ്ധീകരിച്ചതോടെ സംഭവിച്ചുവെന്ന്‌ മുൻപ്‌ സൂചിപ്പിച്ചത്‌. പ്ലെഖാനോവിനെയോ കൗട്‌സ്‌കിയുടെ എർഫർട്ട്‌ പരിപാടിയെയോ യാന്ത്രികമായി പിന്തുടരുകയായിരുന്നില്ല, അതിൽനിന്ന്‌ മുന്നോട്ടുപോവുകയായിരുന്നു ലെനിൻ ചെയ്‌തത്‌. അതുകൊണ്ടാണ്‌ അദ്ദേഹം ഗുരുതുല്യരായി ആദ്യകാലത്ത്‌ പരിഗണിച്ചിരുന്ന പ്ലെഖാനോവുമായും കൗട്‌സ്‌കിയുമായും പിൽക്കാലത്ത്‌ ആശയസംഘട്ടനത്തിൽ ഏർപ്പെടേണ്ടതായി വന്നത്‌.

മുതലാളിത്തത്തിൽനിന്ന്‌ സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന്‌ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവംതന്നെ അനാവശ്യമാണെന്നും മുതലാളിത്തം സ്വാഭാവികമായി സോഷ്യലിസമായി പരിവർത്തനം ചെയ്യപ്പെടുമെന്നും അതുകൊണ്ട്‌ തൊഴിലാളിവർഗം സ്വന്തം സാന്പത്തികാവശ്യങ്ങളിൽ കേന്ദ്രീകരിച്ചുള്ള സമരങ്ങളിൽ മാത്രം ഏർപ്പെട്ടാൽ മതിയെന്നുമുള്ള എഡ്വേർഡ്‌ ബേൺസ്റ്റീന്റെ റിവിഷനിസ്റ്റ്‌ ആശയങ്ങളുടെ വക്താക്കളോടും (അവരെ ഇക്കണോമിസ്റ്റുകൾ‐ കേവല സാന്പത്തിക സമരവാദികൾ‐ എന്നാണ്‌ ലെനിനും മറ്റു സോഷ്യൽ ഡെമോക്രാറ്റുകകളും വിളിച്ചത്‌) പൊരുതിയാണ്‌ ലെനിൻ തന്റെ സങ്കൽപനങ്ങൾ മുന്നോട്ടുവെച്ചത്‌. ലെനിൻ തന്റെ സൈബീരിയൻ വാസകാലം വായനയിലും എഴുത്തിലും മാത്രമായി മുഴുകി കഴിയുകയായിരുന്നില്ല. സുഷെൻസ്‌കോയിലെ സാമൂഹ്യജീവിതത്തിലും അതിലൂടെ രാഷ്‌ട്രീയജീവിതത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. സുഷെൻസ്‌കോയിൽ എത്തിയ ഉടൻതന്നെ ലെനിൻ അവിടെ അദ്ദേഹത്തിന്‌ കാണാൻ കഴിഞ്ഞ വിദ്യാഭ്യാസമുള്ള ഏക വ്യക്തിയെന്ന നിലയിൽ അവിടത്തെ സ്‌കൂൾ അധ്യാപകനുമായി നല്ല ബന്ധം സ്ഥാപിച്ചു. ആ അധ്യാപകനാകട്ടെ, സ്ഥലത്തെ പ്രമാണിമാരായി കരുതപ്പെട്ടിരുന്ന പുരോഹിതനുമായും ഒന്നുരണ്ട്‌ കടയുടമകളുമായും മാത്രമായിരുന്നു ബന്ധമുണ്ടായിരുന്നത്‌. അവർക്കൊന്നുംതന്നെ ആ നാട്ടിലെ സാമൂഹ്യജീവിതവുമായോ ജനങ്ങളുടെ പ്രശ്‌നങ്ങളുമായോ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ലെനിൻ തന്റെ ബന്ധങ്ങൾ ഈ ചുരുക്കം ചിലരിൽ ഒതുക്കിനിർത്തുകയായിരുന്നില്ല; അദ്ദേഹം വേട്ടയാടാൻ പോയപ്പോഴെല്ലാം പ്രദേശത്തെ കർഷകരിൽ ചിലരെയും കൂടെ കൂട്ടുകയും അവരിൽനിന്ന്‌ സൈബീരിയയിൽ കർഷകർ നേരിടുന്ന കടുത്ത ചൂഷണത്തെയും അടിമസമാനമായ അടിച്ചമർത്തലുകളെയുംകുറിച്ച്‌ മനസ്സിലാക്കുകയും ചെയ്‌തു.

ക്രൂപ്‌സ്‌കായയുടെ ഓർമക്കുറിപ്പുകളിൽ പ്രാദേശിക പ്രശ്‌നങ്ങളിൽ ലെനിൻ നടത്തിയ ഇടപെടലുകളെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. ഞായറാഴ്‌ചകളിൽ ലെനിൻ കർഷകരെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ ധാരണയുള്ളവരാക്കാനായി നീതിന്യായപരമായ ചില ആശയവിനിമയങ്ങൾ (Judicial consultations) നടത്താറുണ്ടായിരുന്നു. അവരുടെ വ്യക്തിഗതവും അനൗപചാരികവുമായ പ്രശ്‌നങ്ങളും പരിഗണിക്കപ്പെട്ടിരുന്നു. പലപ്പോഴും കുറ്റകൃത്യങ്ങൾക്ക്‌ വിധേയരാകുന്നവർ ഉല്യാനോവിനോട്‌ താൻ പരാതി പറയുമെന്ന്‌ ഭീഷണിപ്പെടുത്തുമ്പോൾ കുറ്റവാളി പിന്തിരിയാറുണ്ടെന്ന്‌ ക്രൂപ്‌സ്‌കായ രേഖപ്പെടുത്തുന്നുണ്ട്‌. ഇത്തരം വ്യവഹാരങ്ങൾ നടത്തുന്നതിന്‌ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയതൊന്നുമല്ലെങ്കിലും അധികൃതർ അതിലൊന്നും ഇടപെട്ടിരുന്നില്ലയെന്നാണ്‌ ക്രൂപ്‌സ്‌കായ പറയുന്നത്‌. സൈബീരിയയിലെ ഭൂമിശാസ്‌ത്രപരമായ സവിശേഷതകൾ കാണാനായി യാത്രചെയ്യാൻ അധികൃതർ ആ ദന്പതിമാർക്ക്‌ അനുവാദം നൽകാറുണ്ടായിരുന്നു. ഇത്തരം അവസരങ്ങൾ അവർ മറ്റു പ്രവാസികളുമായി ബന്ധപ്പെടാൻ കൂടി ഉപയോഗിച്ചു. ഒരിക്കൽ അവർ മറ്റു പ്രവാസികളുമായി ചേർന്ന്‌ യോഗം നടത്തുകയും സോഷ്യൽ ഡെമോക്രാറ്റുകാർക്കിടയിൽ നിലനിന്നിരുന്ന ചില തർക്കപ്രശ്‌നങ്ങളെക്കുറിച്ച്‌ ചർച്ചചെയ്‌ത്‌ പ്രമേയം പാസാക്കുകപോലും ചെയ്‌തു. ഇതിനർഥം അവരുടെ സൈബീരിയൻ ജീവിതം സർവസ്വതന്ത്രമായിരുന്നുവെന്നല്ല. ചിലപ്പോഴെല്ലാം റഷ്യൻ പൊലീസിന്റെ സെർച്ചുകളും നടന്നിരുന്നു. അതിനെയെല്ലാം മറികടന്നായിരുന്നു ലെനിന്റെ ഇടപെടലുകൾ. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൊന്നും ഇടപെട്ടതിന്റെ പേരിൽ ലെനിൻ പിടിക്കപ്പെട്ടിരുന്നില്ല. തന്മൂലം ലെനിന്റെ സൈബീരിയൻ നാടുകടത്തൽ കാലം നീട്ടിയിരുന്നില്ല. 1900 ഫെബ്രുവരി 11ന്‌ ലെനിനും കുടുംബവും തങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. 320 കിലോമീറ്റർ നീണ്ട ആദ്യഘട്ടം കുതിരപ്പുറത്തായിരുന്നു യാത്ര. യെനസി (Yenissei) നദിയുടെ കരയിലൂടെയായിരുന്നു യാത്ര. നിലാവുള്ള രാത്രികളായിരുന്നതിനാൽ രാത്രിയിലും യാത്ര തുടർന്നിരുന്നതായി ക്രൂപ്‌സ്‌കായ ഓർമിക്കുന്നുണ്ട്‌. റോഡുള്ള പ്രദേശത്ത്‌ എത്തിയപ്പോൾ കുതിരപ്പുറത്തുനിന്ന്‌ അവർ തുടർന്നുള്ള യാത്ര കുതിരവണ്ടിയിലാക്കി. ഒടുവിൽ അവർ ട്രാൻസ്‌ സൈബീരിയ എക്‌സ്‌പ്രസ്‌ എത്തുന്ന അവസാന സ്‌റ്റേഷനായ അയിൻസ്‌കിലെത്തി. അവിടെനിന്ന്‌ ഏതാനും ദിവസം ട്രെയിനിൽ യാത്ര ചെയ്‌താൽ അവർക്ക്‌ മോസ്‌കോയിലും പിന്നെയും ഒരുദിവസത്തെ യാത്രകൂടി കഴിഞ്ഞാൽ സെന്റ്‌പീറ്റേഴ്‌സ്‌ബെർഗിലും എത്താമായിരുന്നു. എന്നാൽ അവർ ഇരുവർക്കും മോസ്‌കോയിലേക്കോ സെന്റ്‌പീറ്റേഴ്‌സ്‌ബെർഗിലേക്കോ കടക്കാൻ അനുവാദമുണ്ടായിരുന്നില്ല.

മാത്രമല്ല, ലെനിന്റെ നാടുകടത്തൽ കാലം അവസാനിച്ചിരുന്നെങ്കിലും ക്രൂപ്‌സ്‌കായയ്‌ക്ക്‌ സൈബീരിയൻ വാസം പിന്നെയും കുറച്ചുകാലംകൂടി തുടരേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്‌ അവർ ഉറാൽസ്‌ പർവതപ്രദേശത്തെ ഉഫയിൽ കുറച്ചുകാലംകൂടി തങ്ങാൻ നിർബന്ധിതയായിരുന്നു. 1900 ഫെബ്രുവരി 18ന്‌ ആ കുടുംബം ഉഫയിൽ എത്തി. ഏറെ ദുഃഖത്തോടെ അവിടെവെച്ച്‌ അവർക്ക്‌ ഇരുവർക്കും രണ്ടുവഴിക്ക്‌ തിരിയേണ്ടതായി വന്നു. മോസ്‌കോയും സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗും പോലുള്ള പ്രധാന നഗരങ്ങളിലൊന്നും ലെനിന്‌ കടക്കാൻ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട്‌ വടക്കു പടിഞ്ഞാറൻ റഷ്യയിലെ പ്‌സുക്കോവിൽ (Pskov) അവർ താമസമാക്കി. തൽക്കാലം വരുമാനത്തിനായി ബ്യൂറോ ഓഫ്‌ സ്റ്റാറ്റിസ്റ്റിക്‌സിൽ ലെനിന്‌ ഒരു സർക്കാർ ജോലിയും ലഭിച്ചു. പക്ഷേ അവിടെ സ്വസ്ഥമായി ഒതുങ്ങിക്കൂടുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനവുമായി ബന്ധം സ്ഥാപിക്കാൻ ലെനിൻ വെന്പൽകൊള്ളുകയായിരുന്നു. അതിനായി ഫെബ്രുവരിയിലും മാർച്ചിലും അധികൃതരുടെ കണ്ണുവെട്ടിച്ച്‌ അദ്ദേഹം മോസ്‌കോയിലും സെന്റ്‌പീറ്റേഴ്‌സ്‌ബെർഗിലും ചില യാത്രകൾ നടത്തി. എന്നാൽ ജൂണിൽ നടത്തിയ ഇത്തരമൊരു യാത്ര പൊലീസിന്റെ കണ്ണിൽപെടുകയും അറസ്റ്റിലാവുകയും ചെയ്‌തു. 10 ദിവസത്തെ ജയിൽവാസമാണ്‌ ആ നിയമവിരുദ്ധ യാത്രയ്‌ക്ക്‌ ശിക്ഷയായി ലഭിച്ചത്‌.

നിരന്തരമായ പൊലീസ്‌ നിരീക്ഷണത്തിനും ചോദ്യംചെയ്യലുകൾക്കും വിധേയനായിരുന്നതിനാൽ റഷ്യയിൽ തന്റെ പ്രവർത്തനം തുടരുക അസാധ്യമാണെന്ന്‌ അദ്ദേഹം കണ്ടു. ഒടുവിൽ റഷ്യയിൽനിന്ന്‌ പശ്ചിമ യൂറോപ്പിലേക്ക്‌ പോവുകയാണ്‌ തന്റെ രാഷ്‌ട്രീയപ്രവർത്തനം തുടരാൻ അഭികാമ്യമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. 10 ദിവസത്തെ ജയിൽവാസം കഴിഞ്ഞയുടൻ തന്നെ അദ്ദേഹം രോഗബാധിതയായിരുന്ന ക്രൂപ്‌സ്‌കായയെ കാണാനായി ഉഫയിലേക്ക്‌ പോയി. അവിടെ ആറാഴ്‌ചക്കാലം താമസിച്ചു. നിഷ്‌നി നൊവ്‌ഗറോഡും (Nizhny Novgorod) സമാറയും വഴിയുള്ള യാത്രയ്‌ക്കിടയിൽ ഓരോ സ്ഥലത്തെയും സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രവർത്തകരുമായി ബന്ധപ്പെടാനും അദ്ദേഹം ശ്രദ്ധിച്ചു. ഒടുവിൽ പൊസോൾസ്‌കിൽ കഴിയുകയായിരുന്ന തന്റെ മാതാവിനെയും മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ചശേഷം 1900 ജൂലൈ 29ന്‌ അദ്ദേഹം റഷ്യയോട്‌ വിടപറഞ്ഞ്‌ പശ്ചിമയൂറോപ്പിലേക്ക്‌ യാത്രതിരിച്ചു. 1917ലെ ഒക്ടോബർ വിപ്ലവത്തിനു മുന്പുവരെ സുദീർഘമായ ഈ പ്രവാസജീവിതം തുടർന്നു.

ജർമനിയിലും സ്വിറ്റ്‌സർലണ്ടിലും ഫ്രാൻസിലും ബ്രിട്ടനിലുമായിരുന്നു അക്കാലത്ത്‌ റഷ്യയിൽനിന്നുള്ള രാഷ്‌ട്രീയ പ്രവാസികൾ ഏറെയും കഴിഞ്ഞിരുന്നത്‌. ഇതിൽ എവിടെ തങ്ങണമെന്ന തീരുമാനത്തിലെത്താൻ പല ഘടകങ്ങളും പരിശോധിക്കണമായിരുന്നു. ആദ്യപരിഗണന നൽകിയത്‌ പ്ലെഖാനോവും അക്‌സൽറോഡും പാർത്തിരുന്ന, കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചിരുന്ന സ്വിറ്റ്‌സർലണ്ടിൽ പാർപ്പുറപ്പിക്കുന്നതിനായിരുന്നു. എന്നാൽ, ആഴ്‌ചകൾക്കകം അദ്ദേഹത്തിന്റെ പ്രതീക്ഷകളാകെ തെറ്റി. അടുത്ത ലക്ഷ്യം ബവേറിയ ആയിരുന്നു. തൽക്കാലത്തേക്ക്‌ തങ്ങാനുള്ള ഒരിടമായാണ്‌ ലെനിൻ ബവേറിയയിലേക്ക്‌ പോയത്‌. അധികം വൈകാതെതന്നെ അവിടെനിന്ന്‌ അദ്ദേഹം മ്യൂണിച്ചിലേക്ക്‌ മാറി. അവിടേക്ക്‌ മാറാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രൊജക്ടായ ഇസ്‌ക്ര (തീപ്പൊരി) പ്രസിദ്ധീകരിക്കാൻ വേണ്ട, സൗകര്യമുള്ള ഇടമെന്ന നിലയ്‌ക്കാണ്‌. l

(തുടരും)

Hot this week

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...

Topics

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...

അതിദാരിദ്ര്യ നിർമ്മാർജ്ജനം: പരിശീലന ശൃംഖല വിപുലം

ജനകീയാസൂത്രണത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും തുടർച്ചയായി മികച്ച ജന പങ്കാളിത്തത്തോടെ നടന്ന പ്രവർത്തനമാണ്...

പേരുകൾ വെറും പേരുകൾ മാത്രമല്ല; ഗാസയെ ഏറ്റെടുത്ത് കേരളം

“What's in a name?'' William Shakespeare റോമിയോ ആൻ്റ് ജൂലിയറ്റ് എന്ന നാടകത്തിൽ...

മരിച്ചവനു വേണ്ടിയുള്ള യുദ്ധങ്ങള്‍

മനുഷ്യര്‍ കൃഷി ചെയ്യാനും കൂട്ടം ചേര്‍ന്ന് ജീവിക്കാനും തുടങ്ങിയ കാലം മുതല്‍...
spot_img

Related Articles

Popular Categories

spot_imgspot_img