
ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട് അറുപതു വർഷത്തെ ചരിത്രമാണ് ഈ കലാരൂപത്തിന് അവകാശപ്പെടാനുള്ളത്. തികച്ചും നൂതനവും സങ്കീർണതയും നിറഞ്ഞ ആവിഷ്കരണമാണ് ഇതിന്റെ പ്രത്യേകത. ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു കൊണ്ട് ഏറെ ആകർഷകമായി പയ്യന്നൂരിലെ കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചരട്കുത്തികോൽക്കാളി അവതരിപ്പിച്ചു കൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. കളിയിൽ ഏർപ്പെട്ടിരിക്കുന്ന ഏവരുടെയും കൈകളിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നാട്ടിയ സ്തൂപത്തിൽ നിന്നും താഴ്ത്തിയിട്ട ചരട് പിടിച്ചിട്ടുണ്ടാകും. കളിയുടെ താളത്തിനൊത്ത് ചരട് മുകളിൽ നിന്നും താഴോട്ട് മടഞ്ഞുകൊണ്ടിരിക്കുകയും അത് കളിയുടെ മൂർദ്ധന്യത്തിൽ വലയായി രൂപപ്പെടുകയും ചെയ്യുന്ന പ്രത്യേകതയും ഈ കളിക്കുണ്ട്. കളിയുടെ പകുതി കഴിയുന്നതോടെ വലയുടെ കുടുക്കുകളിൽ നിന്നും ചരട് പതുക്കെ അയഞ്ഞു കൊണ്ടിരിക്കുകയും ഒടുവിൽ പൂർവസ്ഥിതി ആവുകയും ചെയ്യുന്നതാണ് കളിയുടെ പ്രത്യേകത.. ഒരേ നിറത്തിലും ആകൃതിയിലും ഉള്ള വസ്ത്രധാരണവും ചരടുകളുടെ നിറത്തിന്റെ പ്രത്യേകതയും കാണികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. കോൽ എന്നത് വടിയും കാളി എന്നത് നൃത്തവുമാണ്. വടി എടുത്തുള്ള നൃത്തം എന്ന നിലയിലാണ് കോൽക്കളിയെ ചരിത്രം അടയാളപ്പെടുത്തുന്നത്.
കേരള സംഗീത നാടക അകാദമി 1999 ൽ പുരസ്‌കാരം നൽകി ആദരിച്ച ഇടവലത്തു കുഞ്ഞികണ്ണ പൊതുവാൾ കോൽക്കളി മേഖലയിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിത്വമാണ്. സംഗീത നാടക അകാദമി ഫെലോലോഷിപ്പ് നൽകി ആദരിച്ച കെ ശിവകുമാർ ചരട് കുത്തികോൽക്കളിക്കു സമീപ കാലത്ത് പ്രചുര പ്രചാരം നേടുന്നതിൽ നൽകിയ സംഭാവന ഏറെ മികച്ചതാണ്. നൂറുകണക്കിന് ജനങ്ങളെ അണിനിരത്തി ഈ കലാരൂപത്തെ കൂടുതൽ ജനകീയമാക്കുവാനാണ് ശ്രമിച്ചത്.

കോൽകളിയും ചരടുകുത്തി കോൽകളിയും തമ്മിൽ പ്രകടമായ ഏറെ വ്യത്യാസങ്ങളുണ്ട്. വടക്കേമലബാറിലെ കോൽക്കളിയുടെ ചരിത്രം ഏതാണ്ട് ഇരുനൂറ്റി അൻപതു വർഷത്തെ പാരമ്പര്യം അവകാശപ്പെടാൻ സാധിക്കുന്നതാണ്. കാർഷിക ജോലിയുമായി പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ കലാരൂപത്തിന്റെ ആവിർഭാവം എന്ന് അനുമാനിക്കുന്നു. സാധാരണ കോൽക്കളിയിൽ നാടൻപാട്ടിന്റെ താളത്തിനൊത്തു ഇരുകൈയിലുമുള്ള ചെറിയ വടിയിൽ കൊട്ടിക്കൊണ്ട് ആരംഭിക്കുകയാണ് പതിവ്. പാട്ടിന്റെ വേഗം വർധിക്കുന്നതിനനുസരിച്ചു കളിക്കാരുടെ ചലനം വേഗത്തിലാവുകയും ഏറെ ആനന്ദത്തിൽ ആക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ചടുല വേഗം ചരട്കുത്തികോൽക്കളിയിൽ പ്രകടമാവാറില്ല.





