പുതുനിരത്തിളക്കത്തിലും മഹാനടനം

കെ എ നിധിൻ നാഥ്‌

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ അക്ഷരാർഥത്തിൽ മലയാള സിനിമയുടെ തലമുറ മാറ്റത്തിന്റെ കാഴ്‌ചയായിരുന്നു. പുതിയ കാലത്തിന്റെ ദൃശ്യഭാഷ പേറുന്ന ചിത്രങ്ങളാണ്‌ അവാർഡ്‌ വാരികൂട്ടിയത്‌. എന്നാൽ ഇ‍ൗ മാറ്റത്തിനിടയിലും ഏത്‌ പുതുതലമുറയോടും ഒന്ന്‌ മുട്ടാൻ ശേഷിയുള്ള ‘ന്യൂ ജെൻ’ ആയി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുണ്ട്‌. മലയാള സിനിമയുടെ ‘സീൻ’ മാറ്റിയ മഞ്ഞുമ്മൽ ബോയ്‌സാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്‌. അതിജീവനത്തെ സ‍ൗഹൃദത്തിന്റെ ഇ‍ൗടുറ്റ ഇഴയടുപ്പത്തിന്റെ കരുത്തിൽ സൂക്ഷ്‌മമായും വൈകാരികമായും ആവിഷ്‌കരിച്ച മികവിന്‌ 10 അവാർഡുകളാണ്‌ ലഭിച്ചത്‌. മഞ്ഞുമ്മൽ ബോയ്‌സ്‌ മികച്ച സിനിമയായപ്പോൾ സംവിധാനത്തിനും തിരക്കഥയ്‌ക്കും ചിദംബരം പുരസ്‌കാരം നേടി.

കൊടുമൺ പോറ്റിയും ചാത്തനുമായുള്ള അസാമാന്യ പകർന്നാട്ടത്തിന്‌ മമ്മൂട്ടിയെ തേടി മികച്ച നടനുള്ള പുരസ്‌കാരമെത്തി. ഏഴാം തവണ മികച്ച നടനുള്ള പുരസ്‌കാരമാണ്‌ ഭമ്രയുഗത്തിലെ പ്രകടനത്തിന്‌ ലഭിച്ചത്‌. ഇതിലൂടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ്‌ നേടിയ നടൻ എന്ന ഖ്യാതിയും മമ്മൂട്ടി സ്വന്തമാക്കി.

മനയുടെ മുന്നിൽ ചാരുകസേരയിൽ ഇരുന്ന്‌ മുഖം വശങ്ങളിലേക്ക്‌ ചെരിച്ച്‌ പാതി പല്ലുമാത്രം കാണിച്ച്‌ നിശബ്ദമായി ചിരിക്കുന്ന കൊടുമൺ പോറ്റി കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി തിരശ്ശീലയിൽ കാണുന്ന മമ്മൂട്ടിയായിരുന്നില്ല. ഓരോ തവണയും പുതിയ സിനിമ വരുമ്പോൾ ഇനിയെന്ത്‌ പുതുമയാണ്‌ സമ്മാനിക്കാൻ കഴിയുക എന്ന പ്രേക്ഷക സന്ദേഹത്തോട്‌ പകർന്നാട്ടങ്ങളിലൂടെ മറുപടിയാകുന്ന മമ്മൂട്ടിയുണ്ട്‌. ആ മറുപടികളിൽ ഒന്ന്‌ മാത്രമാണിത്‌.

‘എനിക്കിപ്പോഴും അഭിനയത്തോട്‌ കൊതിയാണ്‌’ എന്ന്‌ പറയുന്ന മഹാനടന്റെ പലകാല കാഴ്‌ചകളിൽ ഒന്നായിരുന്നു ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ചാത്തനും. കാഴ്‌ചയുടെ സിനിമാറ്റിക്‌ സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച ചിത്രത്തിൽ പോറ്റിയായി നിറയുകയും അതിനകത്ത്‌ ചാത്തനായി പകർന്നാടുകയും ചെയ്യുന്ന മികവിനുള്ള അംഗീകാരമായിരുന്നു പുരസ്കാരം. ‘കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ രണ്ട്‌ കഥാപാത്രങ്ങളെ ഒരു ശരീരത്തിൽ ആവാഹിച്ച്‌ അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്, താരപദവിയും പ്രതിച്ഛായയും മറന്ന് ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കിയ പ്രതിനായകവേഷത്തിന്റെ പകര്‍ന്നാട്ട പൂര്‍ണതയ്ക്ക്.’ എന്നാണ്‌ മികച്ച നടനായി തെരഞ്ഞെടുത്തതിനെ ജൂറി വിലയിരുത്തിയത്‌.

പലകാലസിനിമയിലൂടെ സഞ്ചരിച്ചതിൽനിന്ന്‌ പകർന്നുകിട്ടിയ അനുഭവത്തിൽ മമ്മൂട്ടി സൃഷ്ടിക്കുന്ന തിരക്കാഴ്‌ചയുണ്ട്‌. പുഴു, റോഷാക്ക്‌, നൻപകൽ നേരത്ത്‌ മയക്കം, കണ്ണൂർ സ്‌ക്വാഡ്‌, കാതൽ, ഭ്രമയുഗം തുടങ്ങിയവയെല്ലാം ഇതിന്റെ നേർസാക്ഷ്യമാണ്‌. വെളുപ്പിനും കറുപ്പിനുമിടയിൽ അധികാരത്തിന്റെയും മോചനത്തിന്റെയും ലോകമാണ്‌ ഭ്രമയുഗം. ഇങ്ങനെ താരശരീരത്തെ മറന്ന്‌ തീർക്കുന്ന തിരനടനത്തിനാണ്‌ ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചത്‌.

​സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി128 ചിത്രങ്ങളാണ് മത്സരിച്ചത്‌. ഇതില്‍ ആറെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഇതില്‍ നിന്നും പ്രാഥമിക ജൂറി 37 സിനിമകളാണ്‌ അവസാന റ‍ൗണ്ടിലേക്ക്‌ തെരഞ്ഞെടുത്തത്‌. അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ള കുട്ടികളുടെ സിനിമ ഉണ്ടായില്ലെന്ന ആശങ്കയും ജൂറി പ്രകടിപ്പിച്ചു. അന്തിമ ജൂറിയുടെ മുമ്പാകെ വന്ന ചിത്രങ്ങളില്‍ ചെറിയൊരു ശതമാനം ചിത്രങ്ങളേ മികവു പുലര്‍ത്തിയുള്ളൂവെന്നത് ആശങ്കാജനകമാണെന്നാണ്‌ ജൂറി വിലയിരുത്തൽ. അതേസമയം മികച്ച സിനിമ, നടൻ, നടി‍, സ്വഭാവ നടൻ, നടി തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച മത്സരമായിരുന്നുവെന്നും ജൂറി പറഞ്ഞു. മലയാള സിനിമ ബോക്‌സ്‌ ഓഫീസിൽ കോടികൾ കൊയ്യുമ്പോഴും ഇവയുടെ നിലവാരത്തിലേക്ക്‌ വിരൽ ചൂണ്ടുന്നതാണ്‌ ജൂറിയുടെ വിമർശനം.

സമീപകാലത്ത്‌ ഒരു സിനിമയ്‌ക്ക്‌ ലഭിക്കുന്ന ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങളാണ്‌ മഞ്ഞുമ്മൽ ബോയ്‌സ്‌ നേടിയത്‌. സംവിധാനം, സിനിമ, അഭിനയം, സാങ്കേതിക മേഖല തുടങ്ങി സർവ മേഖലയിലും മഞ്ഞുമ്മൽ ബോയ്‌സ്‌ നേട്ടമുണ്ടാക്കി. ഗുണാ കേവിൽ കുടുങ്ങിയ സുഭാഷിനെ രക്ഷിച്ചെടുക്കാനുള്ള പരിശ്രമത്തിനൊപ്പം പിരിമുറുക്കത്തിൽ അകപ്പെട്ട പ്രേക്ഷകനെയും രക്ഷിച്ചെടുത്തത്‌ ‘ലൂസടിക്കടാ’ എന്ന ഡയലോഗാണ്‌. അതിനു പിറകേ അസാധ്യമെന്ന്‌ പറഞ്ഞ രക്ഷാപ്രവർത്തനം സാധ്യമായി. ഒരർഥത്തിൽ മലയാള സിനിമയുടെ അസാധ്യമെന്ന്‌ കരുതിയ ബോക്‌സോഫീസ്‌ സാധ്യതകളെക്കൂടിയാണ്‌ ചിത്രം മാറ്റിയത്‌. കലാമൂല്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ തിയറ്ററിൽ ആളുകളെ നിറയ്‌ക്കാം എന്ന്‌ തെളിയിച്ച ചിത്രത്തെ 10 അവാർഡുകളാണ്‌ തേടിയെത്തിയത്‌.

തന്റെ മുന്നിൽ നടക്കുന്ന കാഴ്‌ചകൾ എന്താണെന്ന്‌ തിരിച്ചറിയാൻ കഴിയാതെ ഉഴറുന്ന റീതുവായാണ്‌ വലിയ ഇടവേളയ്‌ക്ക്‌ ശേഷം മലയാള സിനിമയിലേക്ക്‌ ജ്യോതിർമയി തിരിച്ചെത്തിയത്‌. ആ മടങ്ങിവരവിന്‌ ഇരട്ടി സന്തോഷമായി അഭിനയത്തിന്‌ ജൂറി പരാമർശം. ഒപ്പം ഏഴ്‌ അവാർഡുകളുമായി ബോഗെയിൻ വില്ല അവാർഡ്‌ പ്രഖ്യാപനത്തിൽ നിറഞ്ഞുനിന്നു.

അതിമാനുഷിക നായക സങ്കൽപ്പങ്ങളിൽ അഭിരമിച്ചിരുന്നവരിലേക്കാണ്‌ സാധാരണക്കാരനായ ‘ഇവൻ ഏതടാ’ എന്ന്‌ ആളുകൾ പറയുന്ന നായകനെ സൃഷ്ടിക്കുന്ന, നായകനേക്കാൾ നായികയെ ആഘോഷിക്കുന്ന ഗിരീഷ്‌ എ ഡി മാജിക്ക്‌ പ്രേമലു മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയായത്‌.

അവാർഡ്‌ നിർണമയത്തിൽ മലയാളത്തിൽ സ്ഥിരം രീതികളെ അപ്പാടെ തകർത്താണ്‌ ഗാന രചനയ്‌ക്ക്‌ റാപ്പർ വേടന്‌ അവാർഡ്‌ ലഭിച്ചത്‌. ‘ആ പാട്ടിന്‌ ജീവനും ജീവിതവുമുണ്ടായിരുന്നു’ എന്നാണ്‌ വേടന്‌ മികച്ച ഗാന രചയിതാവിനുള്ള അവാർഡ്‌ നൽകിയതിനെക്കുറിച്ച്‌ ജൂറി ചെയർമാൻ പ്രകാശ്‌രാജ്‌ പ്രതികരിച്ചത്‌. മലയാള സിനിമയുടെ ഗാനങ്ങളുടെ നടപ്പ്‌ രീതികളോട്‌ കലഹിച്ച വേടന്റെ പാട്ടുകൾക്ക്‌ റാപ്പിനോട്‌ അത്രമേൽ പരിചിതമല്ലാത്തവർ പോലും ഏറ്റുപാടിയിരുന്നു. ‘വിയർപ്പ്‌ തുന്നിയിട്ട കുപ്പായം’ എന്ന മഞ്ഞുമ്മൽ ബോയ്‌സിലെ പാട്ട്‌ നമ്മുടെ പാട്ടുരീതികൾ മാറുന്നതിന്റെ ശബ്ദം കൂടിയായിരുന്നു. ആ ഇടപെടലിനാണ്‌ പുരസ്‌കാര നേട്ടം. ‘സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവൽകൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലൂടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിന്.’ എന്നാണ്‌ ജൂറി പരാമർശം.

വേടൻ ചെയ്യുന്നത് റാപ്പ് സംഗീതമാണ്. അതാണ് ഇന്നത്തെ തലമുറയുടെ ശബ്ദം. സ്ഥിരമായി ശാസ്ത്രീയ സംഗീതങ്ങൾക്കേ പുരസ്‌കാരം ലഭിക്കൂ എന്ന ധാരണ പാടില്ല. ആ സംഗീതത്തിന് ഇന്നത്തെ തലമുറയുടെ കാഴ്‌ചപ്പാടും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്. അതുപോലെ തന്നെ സിനിമയിലെ കഥാപാത്രങ്ങളെയും കഥയെയും ആ പാട്ട്‌ ഉൾക്കൊള്ളുന്നുണ്ടെന്നും പ്രകാശ്‌ രാജ്‌ പറഞ്ഞു.

അഭിനയത്തിന്‌ പ്രത്യേക ജൂറി പരാമർശം ടോവിനോ തോമസ്‌ (എആർഎം), ആസിഫ്‌ അലി

(കിഷ്‌കിന്ധ കാണ്ഡം), ജ്യോതിർമയി (ബോഗയ്‌ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്‌) എന്നിവർ നേടി. പ്രസന്ന വിതാനഗെ സംവിധാനം ചെയ്‌ത പാരഡൈസ്‌ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

സ്‌ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ സംവിധാന മികവിന്‌ പായൽ കപാഡിയ (പ്രഭയായി നിനച്ചതെല്ലാം പുരസ്‌കാരം നേടി. നവാഗത സംവിധായകനായി ഫൈമിനിച്ചി ഫാത്തിമ ഒരുക്കിയ ഫാസിൽ മുഹമ്മദിനെ തെരഞ്ഞെടുത്തു.

സ‍ൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്‌സ്‌), സിദ്ധാർഥ്‌ ഭരതൻ (ഭ്രമയുഗം) എന്നിവർ സ്വഭാവ നടന്മാരായും ലിജോ മോൾ ജോസ്‌ (നടന്ന സംഭവം) സഹനടിയുമായി. മികച്ച കഥാകൃത്ത്: പ്രസന്ന വിതാനഗെ (പാരഡൈസ്‌)മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം.

Hot this week

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

Topics

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

ഹനുമാൻ തെയ്യം

കണ്ണൂർ കാസർഗോഡ് ജില്ലകളിലായി എത്ര തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം...

അടിത്തട്ട് മനുഷ്യരുടെ ഫെമിനിസ്റ്റ് ബോധ്യപ്രപഞ്ചം വികസിക്കുന്ന വിധം

ഫെമിനിസം സിദ്ധാന്തം എന്ന നിലയിൽ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ഒരു പുത്തൻ അവബോധം...

ചരമക്കുറിപ്പ്

ചിമ്പാൻസികളുടെ സുഹൃത്തിന് വിട പ്രൈമേറ്റോളജിയിലെ അതികായയും ചിമ്പാൻസികളെക്കുറിച്ച് ജീവശാസ്ത്രജ്ഞന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും അറിവ്കേട് നികത്തുന്നതിൽ...
spot_img

Related Articles

Popular Categories

spot_imgspot_img