ശാസ്‌ത്രജ്ഞനായ ചിത്രകാരൻ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പൗരാണിക വിജ്ഞാനത്തിന്റെ വിപുലമായ സംസ്‌കാരങ്ങൾ ഇറ്റലിയിലും പശ്ചിമ യൂറോപ്യൻ ചിത്ര‐ശിൽപകലയിലും ശാസ്‌ത്രരംഗത്തുമൊക്കെ നിറഞ്ഞുനിൽക്കുന്ന സവിശേഷമായ അടയാളപ്പെടുത്തലുകളായി മാറിയ കലയിലെ നവോത്ഥാന കാലഘട്ടം. അവയിലൂടെ നേടിയ ഉണർവും ഊർജവും പ്രസരിപ്പിച്ചുകൊണ്ടാണ്‌ ചിത്രകാരൻ, ശിൽപി, വാസ്‌തുശിൽപി, ശാസ്‌ത്രജ്ഞൻ, എഞ്ചിനീയർ എന്നീ മേഖലകളിലൊക്കെ ശ്രദ്ധേയനായ ലിയനാർഡോ ഡാവിഞ്ചിയുടെ (1452‐1519) കലാജീവിതം രേഖപ്പെടുത്തുന്നത്‌.

1452 ഏപ്രിൽ 15ന്‌ ഇറ്റലിയിലെ വിൻചി നഗരത്തിലെ കർഷകകുടുംബത്തിലാണ്‌ ലിയനാർഡോ ജനിച്ചത്‌. പരിമിതമായ വിദ്യാഭ്യാസം മാത്രം നേടിയ ലിയനാർഡോ കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി ബാല്യകാലത്ത്‌ കൂടുതൽ സമയവും ചെലവഴിച്ചത്‌ കൃഷിയിടങ്ങളിലായിരുന്നു. ചിത്രരചനയിലും സംഗീതത്തിലും മികവുകാട്ടിയിരുന്ന ബാല്യം. കൃഷിയിടങ്ങളിൽ കാണുന്ന പൂന്പാറ്റകൾ, തുന്പികൾ, പക്ഷികൾ തുടങ്ങിയ ജീവജാലങ്ങളെ നിരീക്ഷിക്കുകയും അവയുടെ രേഖാചിത്രങ്ങൾ പകർത്തുകയും ചെയ്‌തുകൊണ്ടായിരുന്നു ചിത്രരചനയിലേക്ക്‌ അദ്ദേഹം കടക്കുന്നത്‌. ഒഴിഞ്ഞ കൃഷിയിടത്ത്‌ ദീർഘനേരം ആകാശത്തേക്ക്‌ നോക്കിക്കിടക്കുക ബാല്യത്തിന്റെ കൗതുകം മാത്രമായിരുന്നില്ല‐ മറിച്ച്‌ തന്റെ സ്‌കെച്ച്‌ബുക്കിൽ, ആകാശത്ത്‌ സ്വതന്ത്രമായി പറന്നുനടക്കുന്ന പക്ഷികളെയും അവയുടെ ചിറകുകളുടെ ചലന പ്രത്യേകതകളെയും സൂക്ഷ്‌മ നിരീക്ഷണം നടത്തി രേഖാചിത്രങ്ങളായി പകർത്തുകയായിരുന്നു. പക്ഷികളുടെ ആകാശസഞ്ചാരത്തിന്റെ നിരന്തരമായ പഠന‐നിരീക്ഷണങ്ങളിലൂടെയാണ്‌ ആകാശവിമാനമടക്കമുള്ള ഡ്രോയിങ്ങുകൾക്ക്‌ അദ്ദേഹം രൂപകൽപന നൽകിയത്‌. വിമാനം കണ്ടുപിടിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്ക്‌ മുന്പ്‌ ലിയനാർഡോ ഡാവിഞ്ചി ആകാശത്തിലൂടെ പറക്കാനാകുന്ന യന്ത്രരൂപത്തിന്റെ മാതൃക ഡ്രോയിങ്ങുകളിലൂടെ തയ്യാറാക്കിയിരുന്നു.

മനുഷ്യ‐മൃഗരൂപങ്ങളിൽ യന്ത്രസമാനമായ പ്രവർത്തനങ്ങളാണുള്ളതെന്ന്‌ അദ്ദേഹത്തിന്റെ പഠനങ്ങൾ പറയുന്നു. ജാമിതീയ രൂപങ്ങളിലൂടെയുള്ള മാതൃകകളും രേഖാചിത്രങ്ങളും പഠനങ്ങളുമടങ്ങിയ കണ്ടെത്തലുകൾ ശരിവയ്‌ക്കുന്നതാണ്‌ വിമാനമുൾപ്പെടെ പിൽക്കാലത്തുണ്ടായ കണ്ടുപിടുത്തങ്ങൾ. പീരങ്കികൾ, തോക്കുകൾ തുടങ്ങിയ യുദ്ധോപകരണങ്ങൾ, ആയുധങ്ങൾ, ചക്രങ്ങൾ ഉപയോഗിച്ചുള്ള മറ്റ്‌ ഉപകരണങ്ങൾ എന്നിവ നിർമിക്കാനുള്ള രൂപരേഖകൾ അദ്ദേഹത്തിന്റെ സ്‌കെച്ച്‌ ബുക്കുകളിൽ നിരവധിയുണ്ട്‌. പല മാതൃകകളുടെയും പരിഷ്‌കരിച്ച രൂപങ്ങൾ പിന്നീട്‌ നിർമിക്കപ്പെടുകയുണ്ടായി. യുദ്ധവേളകളിൽ രാജ്യത്തെ രക്ഷിക്കാനുള്ള കോട്ടകളുടെയും ഇളക്കിമാറ്റാവുന്ന താൽക്കാലിക പാലങ്ങളുടെയും മാതൃകകൾ അദ്ദേഹം തയ്യാറാക്കുകയും നിർമിക്കുകയുമുണ്ടായിട്ടുണ്ട്.

മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതശരീരങ്ങൾ ശേഖരിക്കുകയും അവ ശസ്‌ത്രക്രിയ നടത്തി മാംസപേശികളുടെയും എല്ലുകളുടെയും ചലനപ്രത്യേകതകൾ രേഖകളിലൂടെയും കുറിപ്പുകളിലൂടെയും രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ സ്‌കെച്ച്‌ ബുക്കുകൾ നിരവധിയുണ്ട്‌. യന്ത്രങ്ങളുടെ ചലനത്തിനുപയോഗിക്കുന്ന ചക്രങ്ങളുടെ സ്‌കെച്ചുകളടക്കം നിരവധിയായ ഡ്രോയിങ്ങുകളും അതിന്റെ നിർമാണ പ്രവർത്തനരീതികളെക്കുറിച്ചുള്ള കുറിപ്പുകളും ലിയനാർഡോ ഡാവിഞ്ചി തയ്യാറാക്കിയിരുന്നു. (പ്രസ്‌തുത കുറിപ്പുകളെല്ലാം വലത്തുനിന്ന്‌ ഇടത്തോട്ടാണ്‌ എഴുതിയിരിക്കുന്നത്‌) എക്കാലവും ലോകത്തിനു വിലപ്പെട്ട കണ്ടുപിടുത്തങ്ങളും ശാസ്‌ത്രീയ സിദ്ധാന്തങ്ങളും നൂറ്റാണ്ടുകൾക്ക്‌ മുന്പ്‌ തന്റെ കാഴ്‌ചപ്പാടുകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സമ്മാനിച്ച ക്രാന്തദർശിയായ കലാകാരനും ശാസ്‌ത്രജ്ഞനുമായിരുന്നു അദ്ദേഹം. ലിയനാർഡോ ഡാവിഞ്ചിയുടെ സ്വകാര്യജീവിതത്തിൽ പരിക്ഷീണമായ പ്രതിസന്ധിഘട്ടങ്ങൾ നിരവധിയുണ്ടായെങ്കിലും ഇറ്റാലിയൻ ചിത്ര‐ശിൽപകലയോടും നവോത്ഥാനകാല കലയോടുമൊപ്പം സഞ്ചരിക്കുകയും ധൈഷണികമായ ചിന്താധാരകളുടെ പുനരുദ്ധാരണത്തിന്‌ തന്റെ കലയും ജീവിതവും ഉഴിഞ്ഞുവയ്‌ക്കുകയും ചെയ്‌ത വിശ്വോത്തര കലാകാരാനായിരുന്നു ലിയനാർഡോ ഡാവിഞ്ചി.

ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാത രചനകളിൽ പ്രധാനപ്പെട്ട ചിത്രങ്ങാണ്‌ ലാസ്റ്റ്‌ സപ്പർ, മൊണാലിസ, ജലദേവത തുടങ്ങിയവ. ഫ്‌ളോറൻസിൽനിന്ന്‌ മിലാനിലെത്തിയ അദ്ദേഹം മിലാനിലെ സാന്താമരിയ എന്ന പുരോഹിതന്മാരുടെ മഠത്തിലെ ഭക്ഷണശാലയിലെ ചുവരിലാണ്‌ ലാസ്റ്റ്‌ സപ്പർ എന്ന ചിത്രം വരച്ചിരിക്കുന്നത്‌. വിശാലമായ ഹാളിലെ ഒരുവശത്തെ ചുവരുമുഴുവൻ നിറഞ്ഞുനിൽക്കുന്ന ചിത്രമാണ്‌ (460×860 സെന്റിമീറ്റർ വലുപ്പം) ഒടുവിലത്തെ അത്താഴം. അക്കാല ചുവർചിത്രരചനാ സങ്കേതങ്ങളിൽ നിന്ന്‌ മാറി ടെന്പറ നിറങ്ങളുപയോഗിച്ചാണ്‌ അദ്ദേഹം ഈ ചിത്രം വരച്ചിട്ടുള്ളത്‌. നാലുവർഷമെടുത്ത്‌ പൂർത്തിയാക്കിയ ‘ലാസ്റ്റ്‌ സപ്പറി’ന്റെ രചന 1495ലാണ്‌ ആരംഭിച്ചത്‌. ലിയനാർഡോ ഡാവിഞ്ചിക്ക്‌ മുന്പും അതിനുശേഷവുമുള്ള പല ചിത്രകാരന്മാരും ഈ വിഷയം സ്വീകരിച്ച്‌ ചിത്രം വരച്ചിട്ടുണ്ട്‌. യേശുവിനെയും പന്ത്രണ്ട്‌ ശിഷ്യരെയും ഉൾപ്പെടുത്തി ഡാവിഞ്ചി വരച്ച ചിത്രം മറ്റ്‌ ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളെ അപേക്ഷിച്ച്‌ രചനാരീതിയും ആവിഷ്‌കാരരീതിയും കൊണ്ട്‌ ഏറെ പ്രത്യേകതകൾ അവകാശപ്പെടാവുന്നതാണ്‌. പല ചിത്രകാരന്മാരും ജൂദാസ്‌ ഒഴികെയുള്ള അപ്പോസ്‌തലന്മാർക്ക്‌ തലയ്‌ക്കു ചുറ്റും പ്രഭാവലയം തീർത്തിട്ടുണ്ടെങ്കിൽ, അതൊഴിവാക്കി അപ്പോസ്‌തലരുടെ ഓരോ മുഖത്തിന്റെയും (വ്യക്തിയുടെ) സ്വഭാവ സവിശേഷതകളെയും വ്യക്തിത്വത്തെയും പ്രകടമാക്കിക്കൊണ്ടുള്ള ആവിഷ്‌കാരമാണ്‌ ഡാവിഞ്ചി സ്വീകരിച്ചിരിക്കുന്നത്‌. കാതലുള്ള ചിന്തകളോടൊപ്പം ലോകത്തിന്‌ ശാന്തിയും സമാധാനവും ജീവിതദർശനവും പകരുന്ന യേശുവിനോടൊപ്പമുള്ള ഓരോരുത്തരുടെയും അംഗചലനങ്ങളും വേഷവിധാനങ്ങളും ചിത്രതലത്തിലെ രൂപസംവിധാന പ്രത്യേകതകളും നൂറ്റാണ്ടുകളായി ചർച്ചചെയ്യപ്പെടുന്നു. പ്രസ്‌തുത ചിത്രത്തിന്റെ പേഴസ്‌പെക്ടീവ്‌ സിദ്ധാന്തത്തെക്കുറിച്ചുള്ള നവീനമായ കാഴ്‌ചപ്പാടുകളും കലാകാരർ പഠനവിധേയമാക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ചുവർചിത്രരചനാ സങ്കേതങ്ങൾ സ്വീകരിച്ച്‌ ടെന്പറ നിറങ്ങളുപയോഗിച്ചാണ്‌ ചിത്രം പൂർത്തിയാക്കിയതെങ്കിലും ഭിത്തിനിർമാണത്തിലെ അപാകതകൾമൂലം നൂറ്‌ വർഷങ്ങൾ കഴിഞ്ഞപ്പോൾ ചിത്രം മങ്ങിത്തുടങ്ങുകയും നിറക്കൂട്ടുകൾ അടർന്നുവീഴാൻ തുടങ്ങുകയും ചെയ്‌തു. പല പ്രമുഖ ചിത്രകാരന്മാരും ചിത്രം നിലനിർത്താൻ ശ്രമിച്ചെങ്കിലും 1950കളിലാണ്‌ മൗറോ പെല്ലീച്ചിയോളി എന്ന ഇറ്റാലിയൻ ചിത്രകാരൻ ഡാവിഞ്ചി വരച്ച ചിത്രത്തിന്റെ യഥാർഥ പ്രതലം കണ്ടെത്തി ചിത്രത്തിന്റെ തനിമ നിലനിർത്തിയത്‌.

മറ്റൊരു പ്രധാനപ്പെട്ട ചിത്രമാണ്‌ ‘മൊണാലിസ’. 1503ൽ വരയ്‌ക്കാനാരംഭിച്ച ഈ ചിത്രം ലിസ എന്ന യുവതിയെ മാതൃകയാക്കി സൗന്ദര്യത്തിന്റെ പൂർണത ആവാഹിച്ചവതരിപ്പിക്കുകയായിരുന്നു. സ്‌ത്രീത്വത്തിന്റെ അനശ്വരവും അപ്രമേയവുമായ ആകർഷണശക്തിയായി മൊണാലിസയെ ക്യാൻവാസിലേക്ക്‌ പകർത്താൻ അദ്ദേഹം മൂന്നു വർഷമെടുത്തു. ആ ചിത്രത്തിന്റെ മുഖത്ത്‌ വിരിയുന്ന ഗൂഢസ്‌മിതത്തിന്റെ വ്യാഖ്യാനവും പഠനവും നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. വിശുദ്ധ കന്യാമേരിയും കുഞ്ഞും, ബിയാട്രീസിന്റെ മുഖചിത്രം, അഞ്ചു വൃദ്ധന്മാർ, ഏഞ്ചൽ ആനി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ഫ്രാൻസിലാണ്‌ ഡാവിഞ്ചി തന്റെ അവസാനനാളുകൾ കഴിച്ചത്‌. 1519 മെയ്‌ 20ന്‌ അറുപത്തേഴാമത്തെ വയസ്സിൽ അദ്ദേഹം കലാലോകത്തോട്‌ വിടപറഞ്ഞു. l

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

Topics

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

വയലാർ: വാഗർത്ഥപ്പൊരുളായ കവിത

മലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളിലല്ലാതെ പ്രണയ വരികൾ...

കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായമായി ബോച്ചെയുടെ അരങ്ങേറ്റം

കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ള ഉദാത്തമായ ഒരു സാമൂഹിക സാധ്യതയായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്....

സോഷ്യലിസ്റ്റ് വികസനത്തിലേക്കുള്ള മുന്നേറ്റത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

വിപ്ലവവിജയത്തിൻ്റെ 100 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2049ൽ ചൈനയെ ആധുനിക വികസിത...
spot_img

Related Articles

Popular Categories

spot_imgspot_img