വയലാർ: വാഗർത്ഥപ്പൊരുളായ കവിത

ഡോ. കെ ബീന

വയലാർ രാമവർമ്മ

ലയാളത്തിൻ്റെ വിപ്ലവ കവിയായ വയലാർ രാമവർമ്മ ചലച്ചിത്ര ഗാനങ്ങളില്ലാതെ പ്രണയ വരികൾ എഴുതിയിട്ടുണ്ടോ? കവിതകളിൽ കാര്യമായി ഇല്ലെന്ന് തന്നെ പറയാം. രക്തംപുരണ്ട ഗാനം എന്ന കവിതയിൽ പോയിരുന്നില്ലയാൾ ”കാമിനി തൻ പ്രേമമായിക സ്വപ്നക്കളിത്തേരുരുട്ടുവാൻ” എന്നുകൂടി എഴുതി കവിതയുടെ പ്രണയ ദൗത്യത്തെ തിരസ്കരിക്കുന്നുമുണ്ട്. എന്നാലും മാനിഷാദ എന്ന കവിത ആരംഭിക്കുന്നത്:

“ഒന്നാം കൊമ്പത്തു വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു:

കൂട്ടിന്നിളംകിളീ, ചങ്ങാലിപ്പൈങ്കിളീ കൂടുവിട്ടിങ്ങോട്ടു പോരാമോ?”

എന്ന ചോദ്യത്തോടെയാണ്. ആ ഭാഗത്ത് “മഞ്ഞും വീഴുന്നു മാമരം കോച്ചുന്നു നെഞ്ഞത്തെങ്ങാനും ചൂടുണ്ടോ” എന്നും “അങ്ങേക്കൊമ്പത്തെ പൊന്നിലക്കൂട്ടിലേക്ക് എന്നേം കൂടി വിളിക്കാമോ” എന്നുമൊക്കെ ആ ചോദ്യം പല രൂപത്തിൽ ആവർത്തിക്കുന്നുണ്ട്. അപ്പോൾ “അങ്ങേക്കൊമ്പത്തെ പൊന്നില കൂട്ടിലെ ചങ്ങാതി പെണ്ണു നാണിച്ചു” എന്നും അതിന്റെ പ്രതികരണമായി എഴുതുന്നുണ്ട്. പക്ഷേ അത്യന്തം പ്രണയാതുരമായി തുടങ്ങുന്ന ഈ കവിത അവസാനിക്കുന്നതാകട്ടെ മലയാളം ഇന്നുവരെ കേട്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ മുദ്രാവാക്യത്തോടെയാണ്.

മുട്ടിക്കൂടിയിരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനോടാജ്ഞാപിച്ച ആദികാവ്യസന്ദർഭമാണിവിടെ വിഷയീഭവിക്കുന്നത്.

“മാ നിഷാദ പ്രതിഷ്‌ഠാം ത്വമഗമശ്ശാശ്വതീസ്സമാഃ യത് ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം…” ഇതെഴുതിയിട്ട് കവി പ്രഖ്യാപിക്കുന്നത്

“സ്നേഹിക്കയില്ല ഞാൻ,നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും” എന്നാണ്.

പ്രണയത്തിൽ നിന്നാണ് ഈ രാഷ്ട്രീയം രൂപപ്പെട്ടത്. കവിയുടെ പ്രണയം വൈയക്തികമായിരുന്നില്ല.അത് ആദ്യഘട്ടത്തിൽ മനുഷ്യരാശിയോട് മുഴുവനും വികാസഘട്ടത്തിൽ പ്രപഞ്ചത്തോട് മുഴുവനും ആയിരുന്നു.

പ്രേമഗർജനവും പ്രണയത്തുടിപ്പും വിപ്ലവമുദ്രകളും കൽപ്പനാവൈഭവങ്ങളും വാക്കുകളിലൂടെ പരന്നൊഴുക്കി യുഗപുരുഷനായി മാറിയ മലയാളഗാന ലോകത്തിലെ തലതൊട്ടപ്പൻ’ 50 വർഷങ്ങൾക്ക് മുമ്പ് ശരീരം ഉപേക്ഷിച്ചു പോയ ആ വികാരങ്ങൾ, വേദനകൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, നൊമ്പരങ്ങൾ, പ്രണയങ്ങൾ ഒക്കെയൊക്കെ നമ്മിൽ ഓരോരുത്തരിലും ഓരോ തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും ദിനംപ്രതി പ്രത്യക്ഷപ്പെടുന്നു.

വയലാറും അമ്മ അംബാലിക തമ്പുരാട്ടിയും, ഭാര്യ ഭാരതി തമ്പുരാട്ടിയും

ആ ജീവിതത്തിന്റെ തുടക്കം തന്നെ എത്ര ഉജ്ജ്വലമായിരുന്നു. അഞ്ചു വയസ്സുകാരനെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ അന്നത്തെ എൻട്രൻസ് പരീക്ഷ വയലാർ യു പി സ്കൂളിലെ മത്തായി സാർ എഴുതിപ്പിച്ചു. ഒരു മലയാളം വാക്ക് എഴുതാൻ പറഞ്ഞത് കേട്ട കുട്ടി, മൂന്നാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട, അമ്മ മാത്രം തന്റെ ലോകമായി കണ്ടു നടന്ന അഞ്ചുവയസ്സുകാരൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അവൻ എഴുതിയത് “വസന്തം” എന്നായിരുന്നു. അഞ്ചാം വയസ്സിൽ മനസ്സിൽ വസന്തം പേറി നടന്ന കുരുന്ന്. 101 സൂര്യനമസ്കാരവും പഞ്ചാക്ഷരി മന്ത്രവും കഴിഞ്ഞു മാത്രം പ്രഭാതഭക്ഷണം കഴിച്ചിരുന്ന ഭക്തൻ, സ്നേഹം ജീവജലമാകുന്ന കാഴ്ചകൾ കണ്ടുകണ്ട്, മാനവികതയാൽ പടുത്തുയർത്തപ്പെടേണ്ട മാനുഷികതയുടെ മേന്മ തിരിച്ചറിഞ്ഞ്, സ്വാതന്ത്ര്യസമരത്തിന്റെ തീ ജ്വാലകൾക്കു മുമ്പിൽ വാക്കുകൾകൊണ്ട് അഗ്നി ജ്വാല തീർത്ത അതുല്യ പ്രതിഭ.

വയലാറും ദേവരാജനും യേശുദാസും

മൂന്നാം വയസ്സിലെ അച്ഛന്റെ മരണം പിന്നീട് വരികളിലേക്ക് പകർത്തിയപ്പോൾ ‘ആത്മാവിൽ ഒരു ചിത’യിലൂടെ മലയാളി വായനക്കാരന്റെ നെഞ്ചുപൊള്ളി. പുന്നപ്ര വയലാർ വിപ്ലവ മുന്നേറ്റവും അധികാരിവർഗ്ഗം അതിനെ രക്തത്തിൽ മുക്കിക്കല്ലാൻ ശ്രമിച്ചതും വയലാറിന്റെ കാവ്യഗതിയെ വഴിതിരിച്ച് വിട്ടു. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ചിത്തിര തിരുനാൾ മഹാരാജാവിന് ആശംസകൾ നേർന്നുകൊണ്ട് എഴുതിയ വഞ്ചീശദീപം ആദ്യമായി അച്ചടിച്ച് വന്നപ്പോഴും വയലാർ തിരുമുൽപ്പാട് എന്ന കുടുംബപ്പേരിൽ ഗാന്ധി ആരാധന മനസ്സിൽ നിറച്ചുകൊണ്ട് എഴുതിയ പാദമുദ്രകൾ എന്ന കവിതാസമാഹാരം രചിച്ചപ്പോഴും നമ്മൾക്ക് വായിക്കാൻ കഴിഞ്ഞ വരികൾ അല്ല പിന്നീട് ആ തൂലികയിൽ നിന്നും പിറവികൊണ്ടത്.

“മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു

മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു” എന്ന് ഉറക്കെ പറയാൻ വയലാർ വളർന്നു.

ഇരുപത്തിമൂന്നാം വയസ്സിൽ ജനാധിപത്യം എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കുകയും ഇഎംഎസ് നമ്പൂതിരിപ്പാടും സി ഉണ്ണിരാജയും എം ഡിയും പൊറ്റക്കാടും മറ്റും അപരനാമത്തിൽ ലേഖനങ്ങൾ എഴുതുകയും ആദ്യത്തെ രണ്ട് ലക്കം കലാസാംസ്കാരിക വിഷയങ്ങൾ ഭംഗിയായി ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് മാസികയുടെ സ്വഭാവത്തിൽ കാതലായ മാറ്റം പ്രകടമായി. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിരൂക്ഷമായ പൊലീസ് മർദ്ദനമുറകളാൽ വേട്ടയാടപ്പെട്ടിരുന്ന കാലം. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ലളിതമായ ഭാഷയിൽ ശക്തമായി തന്നെ ജനങ്ങളിലേക്ക് എത്തിക്കാൻ മാസിക ശ്രമിച്ചു. വെറും ഏഴുലക്കം മാത്രം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ജനാധിപത്യം വയലാർ രാമവർമ്മയ്ക്ക് അവസാനിപ്പിക്കേണ്ടിവന്നു.

1956 ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ റൈറ്റേഴ്സ് കോൺഫറൻസിൽ ഒരു മണിക്കൂർ നീണ്ട ഇംഗ്ലീഷ് പ്രസംഗം ലോകസാഹിത്യത്തെ, ഇന്ത്യൻ സാഹിത്യത്തെ ആകമാനം തൊട്ടറിഞ്ഞുകൊണ്ട് നടത്തുകയുണ്ടായി. ഇന്ത്യൻ പ്രസിഡന്റ് ഡോ. എസ് രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും കേൾവിക്കാരായി ഉണ്ടായിരുന്നു എന്നുള്ളത് ചരിത്രം. ആ ഒരു യാത്രയുടെ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കവി കാണുന്ന ഇന്ത്യയെ അതിലളിതമായും ചരിത്രത്തെ തൊട്ടറിഞ്ഞും ‘പുരുഷാന്തരങ്ങളിലൂടെ’ എന്ന യാത്രാവിവരണത്തിലൂടെ മലയാളിക്ക് കൈവന്നു. തൻ്റെ ആരാധ്യ പുരുഷനായ ഗാന്ധിജിയെ ഇവിടെ ഇന്ത്യയുടെ മുത്തച്ഛൻ ഉറങ്ങുന്നു എന്ന് അവസാന അധ്യായത്തിൽ അടയാളപ്പെടുത്താനും അദ്ദേഹം മറന്നില്ല.

വയലാറും തോപ്പില്‍ ഭാസിയും

1957 ലാണ് ‘ബലികുടീരങ്ങളെ’ എന്ന വിപ്ലവ കവിത പിറക്കുന്നത്.1857 ലെ ഒന്നാം സ്വാതന്ത്ര്യസമര രക്തസാക്ഷികൾക്ക് ആദരവപ്പിക്കാൻ വേണ്ടി നടത്തിയ അനുസ്മരണ സമ്മേളനത്തിനാണ് ആ കവിത വന്നത്. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപം അന്നാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 29 ആമത്തെ വയസ്സിൽ വയലാർ രാമവർമ്മ എഴുതിയതും പിന്നീട് കെപിഎസിയുടെ അവതരണ ഗാനമായി മറിയതുമായ “ബലികുടീരങ്ങളെ” എന്ന് ആരംഭിക്കുന്ന ഗാനം ഇന്നും മലയാളികളുടെ രക്തത്തിൽ വെളുത്ത പക്ഷത്തിലെ ചന്ദ്രൻ കടലിൽ എന്നപോലെ വേലിയേറ്റമുണ്ടാണ്ടാക്കുന്നു.

ആ വിപ്ലവബോധത്തെ നയിച്ചിരുന്നത് ശാസ്ത്രബോധവും യുക്തിചിന്തയുമായിരുന്നു എന്ന് എല്ലാ കവിതകളുടെയും ഓരോ വരിയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. ആദ്ധ്യാത്മിക ശാസ്ത്രവും ഭൗതികശാസ്ത്രവും ഇഴചേർന്ന ചിന്താഗതി തന്റെ വരികളിൽ പ്രകടമാക്കാൻ കവി എന്നും ശ്രദ്ധിച്ചിരുന്നു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിന് മുൻപേ അദ്ദേഹം എഴുതി:

“ഭൂമിയെ വന്നു വലം വച്ചൊരുനാൾ

പുന്തിൾക്കല പാടി

പറഞ്ഞയക്കൂ ദേവീ, മനുഷ്യനെ

ഒരിക്കൽ ഇതിലേകൂടി”

ശാസ്ത്രബോധവും യുക്തിചിന്തയും എത്രത്തോളം കവിയിൽ ഉണർന്നിരുന്നു എന്നതിന് എത്രയോ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. അതുപോലെ തന്നെ ദുരന്തം വിതക്കുന്ന യുദ്ധങ്ങൾ ‘നാഗസാക്കിയിലെ കുരിശി’ലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. “ചക്രവാളത്തിന്റെ മതിൽക്കെട്ടിന്മേൽ കൈയും കുത്തി നിന്ന് പ്രപഞ്ചത്തിൻ ഭ്രമണം നിയന്ത്രിക്കാൻ കഴിയുന്ന കരുത്താണ് ശാസ്ത്രം മനുഷ്യന് വാഗ്ദാനം ചെയ്യുന്നതെന്ന് കവി വിശ്വസിക്കുന്നു” എന്ന് വയലാറിനെ ആധികാരികമായി പഠിച്ച ശ്രീ.കെ.ജയകുമാർ ഐ എ എസ് അടയാളപ്പെടുത്തുന്നുണ്ട്.

‘പതറാത്ത, തളരാത്ത

കൈകളാൽ നാടിന്

പുതിയൊരു ജീവിതം

നെയ്തെടുക്കാൻ’

ശാസ്ത്രത്തിൻ്റെ സഹായത്തോടെ മാത്രമേ കഴിയുകയുള്ളൂവെന്ന ബോധ്യം വയലാർക്കവിതയുടെ ഹൃദയത്തിൽ മിടിക്കുന്നു എന്ന് നമ്മൾ ഓർക്കണം.

“ചന്ദനപ്പല്ലക്കിൽ വീട് കാണാൻ വന്ന അപ്സര രാജകുമാരാ ……” എന്നെഴുതിക്കൊണ്ട് പാലാട്ട് കോമനിലൂടെ സിനിമാഗാനരംഗത്തേക്ക് നിമിഷനേരംപോലും വെറുതെ കളയാൻ സമയമില്ലാത്ത രചനാലോകത്തിലേക്ക് വയലാർ നടന്നുകയറി. 15 വർഷം കൊണ്ട് മൂവായിരത്തോളം ഗാനങ്ങൾ മലയാളമണ്ണിൽ പിറന്നു. അക്കാലഘട്ടത്തിലെ അദ്ദേഹത്തെ അദ്ദേഹം തന്നെ അടയാളപ്പെടുത്തിയത് തുലാവർഷം പോലെയാണ് ഞാൻ എന്നായിരുന്നു :

“തുലാവർഷം പോലെയാണ് ഞാൻ ആ സമയം. എഴുത്ത് തുടങ്ങുംവരെ നല്ല വെയിലായിരിക്കും. തുടങ്ങിയാൽ പിന്നെ കാറ്റും കോളും പേമാരിയും ഇടിയും മിന്നലും ഒക്കെ. കാലവർഷത്തെ വെള്ളം ഒഴുകിപ്പോകും. തുലാവർഷത്തെ വെള്ളമാ ഭൂമിയിൽ കിടക്കുക. വേനൽക്കാലത്തേക്കുള്ള കരുതലാ അത്. വേനലിൽ ദാഹം കൊണ്ട് വലയുമ്പോൾ ജനം കുടിക്കുന്നത് ഈ തുലാവർഷമഴയിലെ വെള്ളമാ.”

അമ്മ

വയലാർ ഈസ്റ്റ് പി ഒ

ചേർത്തല

കേരളം – ഇത് തന്റെ എല്ലാമെല്ലാമായ അമ്മയ്ക്ക് വയലാർ കത്തെഴുതുമ്പോൾ വയ്ക്കുന്ന വിലാസം. എക്കാലത്തെയും തന്റെ ലോകം അമ്മയായിരുന്നു എന്ന് അനേകമനേകം അറിവടയാളങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് വയലാർ കടന്നുപോയത്. ദാമ്പത്യ ജീവിതത്തിൽ ചന്ദ്രമതി തമ്പുരാട്ടിയും പിന്നീട് ഭാരതി തമ്പുരാട്ടിയും ഒപ്പം ചേരുമ്പോഴും നാലു മക്കളുടെ അച്ഛനാകുമ്പോഴും അമ്മയെ ചേർത്തുപിടിച്ച ആ കരങ്ങൾ കവിയുടെ വരികളിലും വാക്കുകളിലും നിറഞ്ഞുനിൽക്കുന്നത് കാണാൻ കഴിയും.

18 വർഷത്തെ ദാമ്പത്യജീവിതം, നിഴൽ പോലെ കൂടെ നടന്ന നിമിഷങ്ങളെ കവിയുടെ സഹധർമ്മിണി ഭാരതി തമ്പുരാട്ടി ഇന്ദ്രധനുസ്സിൻ തീരത്ത് എന്ന ഓർമ്മക്കുറിപ്പിൽ ഹൃദയത്തിൻ്റെ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺമക്കളോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേക വാത്സല്യവും ഏക മകനോടുള്ള കർശന സ്വഭാവങ്ങളും പ്രത്യേകം കാണാൻ കഴിയും.

“രണ്ട് സിഗരറ്റ് അമ്പലനടയിൽ നിന്ന് വലിക്കണമെന്ന് നേർച്ചയുണ്ടെന്ന്” അമ്പലത്തിലെ ജീവനക്കാരനോട് സമാധാനപൂർവ്വം മറുപടി പറഞ്ഞ വയലാറിൻ്റെ നർമ്മഭാഷണങ്ങളെക്കുറിച്ച് ഭാരതി തമ്പുരാട്ടി പറയുന്നു. അമ്മയെയും ഭാര്യയെയും മക്കളെയും ഗുരുവായൂർ അമ്പലത്തിനകത്ത് കയറ്റിവിട്ടതിനുശേഷം അവരെക്കാത്ത് പുറത്തുനിന്ന് സിഗരറ്റ് വലിച്ച വയലാറിനെ ശാസിക്കുന്ന ജീവനക്കാരന് കൊടുത്ത മറുപടിയായിരുന്നു അത്.

വയലാറിൻ്റെ ദർശനം എന്തെന്ന് മറുത്തൊന്ന് ചിന്തിക്കാൻ ഇടതരാത്തവിധം അദ്ദേഹം തന്നെ രേഖപ്പെടുത്തി വച്ചു ‘അദ്ധ്വാനത്തിൻ വിയർപ്പാണു ഞാൻ’ എന്ന കവിതയിലൂടെ :

“മൂടിക്കെട്ടിയ മൗനമല്ല, നിഴലിൻ

നീലത്തടാകങ്ങളിൽ

വാടിക്കൂമ്പിയ മോഹഭംഗമലരിൻ

മൊട്ടല്ല, മൂത്തല്ല ഞാൻ

കാടിന്നുള്ളിലരിച്ചു വീണ വെയില-

ല്ലന്തർമുഖധ്യാനമാം

കൂടിന്നുള്ളിലെ നിദ്രയല്ല, പുലർകാല- ത്തിൻ ചുവപ്പാണു ഞാൻ

മുറ്റത്തെത്തുളസിത്തറയ്ക്കലെരിയും

തൃക്കൽവിളക്കല്ല, വെൺ-

കൊറ്റപ്പൂങ്കുടചൂടി വാണ നൃപവം-

ശത്തിൻ വിഴുപ്പല്ല ഞാൻ

ഒറ്റയ്ക്കല്ല, മനുഷ്യമാനസദിവാ-

സ്വപ്നങ്ങൾതൻ പൊൻകതിർ-

ക്കറ്റക്കെട്ടു ചുമന്നുവന്ന യുഗസ-

ത്യത്തിൻ വിയർപ്പാണു ഞാൻ….”

പുന്നപ്ര വയലാർ സമര സ്മാരകം

1946 ലെ പുന്നപ്ര വയലാർ കലാപത്തിന് ശേഷം എല്ലാവർഷവും ഒക്ടോബർ 27ന് അനുസ്മരണ പരിപാടികളിൽ മുഴുവൻ സമയ പങ്കാളിയായിരുന്ന വയലാർ അതേ ഒക്ടോബർ മാസം 27ന് വിട പറഞ്ഞത് എന്തുകൊണ്ടായിരിക്കാം. രക്തസാക്ഷി ദിനത്തിൽ ഈ മൃത്യുസാക്ഷി മലയാളിയുടെ തീരാനഷ്ടം.

ആയിരത്തിലധികം പുറങ്ങളിലായി പരന്ന് കിടക്കുന്ന ആ സാഹിത്യ സർവ്വസ്വം ആകെ പരിശോധിച്ചാലും സാധാരണ മനുഷ്യന് ദുർഗ്രാഹ്യമായ ഒരു വാക്കോ വരിയോ കാണില്ല. ആ ബിംബകൽപ്പനകളൊക്കെത്തന്നെ അചുംബിതമായിരിക്കുമ്പോഴും മനുഷ്യന്റെ നിത്യജീവിതത്തിലൂടെ കടന്ന് പോകുന്നവ തന്നെ. വാക്കും അർത്ഥവും തമ്മിൽ അത്രമേൽ ഇഴപിരിഞ്ഞ് ഒന്നായിരിക്കുന്നു. അദ്വൈതത്തിന്റെ കാവ്യരൂപം. കവിതയും കവിയും ഒന്നായിരിക്കുന്നത് പോലെ തന്നെ കവിതയും രാഷ്ട്രീയവും ഒന്നായിരിക്കുന്നു. ഏതർത്ഥത്തിൽ നോക്കിയാലും അത് വാഗർത്ഥപ്പൊരുളായ കവിത തന്നെ.

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

Topics

വർഗസമരവും മാധ്യമങ്ങളും‐ 7

ആഗോള മാധ്യമ വ്യവസ്ഥയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം സങ്കീർണമായ ഒന്നാണ്. 1970കളിൽ...

എം കെ പന്ഥെ

പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായ നേതാവാണ്‌ എം കെ പന്ഥെ....

യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും നടുവിൽ റോസയെ വായിക്കുമ്പോൾ

പോളണ്ടിൽ ജനിച്ച് പിന്നീട് ജർമൻ പൗരത്വം സ്വീകരിച്ച പ്രമുഖയായ മാർക്സിസ്റ്റ്‌ സൈദ്ധാന്തികയും...

അതിദാരിദ്ര്യം പുറത്ത്… ആത്മാഭിമാനം അകത്ത്…

  2021 മെയ്‌ ഇരുപതിന്‌, കേരളത്തിന്റെ പന്ത്രണ്ടാമത്‌ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി...

മുതല തെയ്യം

ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന...

കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായമായി ബോച്ചെയുടെ അരങ്ങേറ്റം

കായികമേളകൾ ജനങ്ങളെ ഒരുമിപ്പിക്കുവാനുള്ള ഉദാത്തമായ ഒരു സാമൂഹിക സാധ്യതയായാണ് എല്ലാക്കാലത്തും പരിഗണിക്കപ്പെടുന്നത്....

സോഷ്യലിസ്റ്റ് വികസനത്തിലേക്കുള്ള മുന്നേറ്റത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

വിപ്ലവവിജയത്തിൻ്റെ 100 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2049ൽ ചൈനയെ ആധുനിക വികസിത...

വർഗസമരവും മാധ്യമങ്ങളും‐ 7

മാധ്യമരംഗത്തെ കേന്ദ്രീകരണം ആഗോള മാധ്യമരംഗത്ത് നടന്നിട്ടുള്ള കേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം നാം...
spot_img

Related Articles

Popular Categories

spot_imgspot_img