
(ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു സമാപിച്ചപ്പോൾ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ് നടത്തിയ പ്രസംഗം)
ലോകം മുഴുവനും തലതിരിച്ചപ്പോഴും കേരളം നൽകിയ പിന്തുണക്കും ഐക്യദാർഢ്യത്തിനും പലസ്തീൻ ജനത കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഈ സമർപ്പണവും മനുഷ്യത്വവും പ്രതിബദ്ധതയും സത്യത്തിന്റെ ഒപ്പം നിൽക്കുന്നതിനും ഗാസയിലെ കുഞ്ഞുങ്ങളോടുമുള്ള ഐക്യദാർഢ്യത്തിനും നന്ദി പറയുന്നു. നമ്മൾ മരിച്ചുപോയ കുഞ്ഞുങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനു മുൻപ് ആരാണ് അവരെ കൊന്നത് എന്നതിനെക്കുറിച്ചും എങ്ങനെയാണ് അവർ കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ച് സംസാരിക്കണം.
ഇസ്രായേലി അധിനിവേശമാണ് ഈ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. യാതൊരുവിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ ഇസ്രയേലിന്റെ മരണയന്ത്രമാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. യാതൊരുതരത്തിലുമുള്ള ദയയുമില്ലാതെ അവർ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയായിരുന്നു. വളരെ ബോധപൂർവമായ ഉദ്ദേശത്തോടെയാണ് അവർ ഈ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയും അവരുടെ പൂർണമായ അറിവോടെയും കൂടിയാണ് ഇത് നടന്നിരിക്കുന്നത്. കുഞ്ഞുങ്ങൾ അങ്ങനെയൊരു പരസ്പര യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടവരല്ല, അവർ യാദൃച്ഛികമായി കൊല ചെയ്യപ്പെട്ടവരല്ല. അവരെ ലക്ഷ്യം വച്ചുതന്നെ കൊല ചെയ്തതാണ്.

ഭയം, വിശപ്പ് എന്നിവ ദിവസങ്ങളോളം അനുഭവിച്ച ശേഷമാണ് അവർ കൊല്ലപ്പെട്ടത്. വെള്ളത്തിനുവേണ്ടി അന്വേഷിച്ചു നടക്കുമ്പോഴാണ് അവർ കൊല ചെയ്യപ്പെട്ടത്. തറയിൽ നിന്നും ധാന്യമണികൾ ശേഖരിക്കുന്നതിനിടയിലാണ് അവർ കൊല്ലപ്പെട്ടത്. അവർ മനുഷ്യാവകാശ പ്രവർത്തകരുടെ സഹായത്തിനായി ഓടുമ്പോഴാണ് കൊല്ലപ്പെട്ടത്. അവരുടെ ശൂന്യമായ വയറുകളിലേക്കും അവരുടെ തലയിലേക്കും ലക്ഷ്യംവച്ച സ്നൈപ്പർ തോക്കുകൾ വഴിയാണ് അവർ കൊല്ലപ്പെട്ടത്. ക്രൂരതയെ സാധാരണവത്കരിച്ച ഒരു അധിനിവേശത്തിന്റെ യഥാർത്ഥ സ്വഭാവമാണ് നാം കണ്ടത്. അവർ കൊലചെയ്ത കുഞ്ഞുങ്ങളുടെ പടങ്ങൾ ദൃശ്യവത്കരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധിനിവേശത്തിന്റെ സൈനികരെയാണ് നാം കാണുന്നത്.

ഇൻക്യുബിലേറ്ററുകളിലേക്ക് കടത്തിവിടുന്ന വൈദ്യുതി വിച്ഛേദിച്ചുകൊണ്ടാണ് നവജാത ശിശുക്കളെ അവർ കൊലപ്പെടുത്തിയത്. പരിക്കേറ്റ കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഡോക്ടമാരെ അയക്കാൻ സമ്മതിക്കാത്തതുമൂലം നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. മരവിപ്പിക്കുന്ന തണുപ്പും അതിഭീകരമായ ക്ഷീണവും മൂലമാണ് മറ്റു പലരും കൊല്ലപ്പെട്ടത്. ഞാൻ നിങ്ങളോടിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ സഹോദരങ്ങൾ ഗാസയിൽ നിന്ന് എന്നോട് പറയുന്നു വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്ന് മഴവെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്. തണുപ്പ് കൊണ്ട് കുഞ്ഞുങ്ങൾ വിറയ്ക്കുകയാണ്. ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട കുഞ്ഞുങ്ങൾ മറ്റൊരു തരത്തിലുള്ള അതിഭീകരമായ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരിൽ ചില കുഞ്ഞുങ്ങൾ ഉറക്കെ വിളിച്ചു പറയുന്നു ഞങ്ങൾ മരണമാണ് ഈ ജീവിതത്തേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നതെന്ന്. ഇസ്രായേലി അധിനിവേശം ഇതാണ് ചെയ്തത്. ജീവിതത്തെക്കാളും കരുണാർദ്രമാകുന്നത് മരണമാണെന്ന അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെയവർ തള്ളിയിട്ടിരിക്കുകയാണ്. ഇതൊരു ദുരന്തമല്ല ഇതൊരു യുദ്ധ കുറ്റകൃത്യമാണ്. അധിനിവേശ ശക്തികൾ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോ മനുഷ്യത്വത്തിന്റെ പരിധികളോ പോലും കണക്കിലെടുക്കാത്ത ഒരു കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

എങ്കിൽപ്പോലും നിങ്ങളുടെ സാന്നിധ്യം അർത്ഥപൂർണമാണ്. കാരണം നിശബ്ദത തിരഞ്ഞെടുക്കുന്ന ഒരു ലോകത്ത് നിങ്ങൾ നിശ്ശബ്ദരാകാതിരിക്കുവാൻ ശ്രദ്ധിച്ചു. ആധുനിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു അധ്യായത്തിൽ, മനുഷ്യത്വത്തിനുമുൻപിൽ ക്യാമറകളുടെ മുൻപിൽ നമ്മുടെ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനു നേരെ നിങ്ങളുടെ കാതുകൾ കൊട്ടിയടക്കില്ല എന്ന് നിങ്ങൾ തീരുമാനിച്ചു. നിങ്ങളുടെ ഈ ഒത്തുചേരൽ പ്രതീകാത്മകമല്ല, മനഃസാക്ഷിക്കൊപ്പമുള്ള നിൽപ്പാണ്. ഒരു ദിവസം ലോകം ഇതെല്ലം തിരിച്ചറിയും. അപ്പോഴും ആ റെക്കോർഡ് അവിടെയുണ്ടാകും. യാതൊരു കരുണയുമില്ലാതെ ഇസ്രായേലി അധിനിവേശം മൂലം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടപ്പോൾ ആരാണ് അവർക്കൊപ്പം നിന്നത് എന്ന ചോദ്യം ഒരുദിവസം ചരിത്രം ലോകത്തോട് ചോദിക്കും. ആ ഉത്തരങ്ങളുടെ ഒപ്പം നിങ്ങളുടെ ശബ്ദവുമുണ്ടാകും. അതിജീവിക്കപ്പെട്ട ഗാസയിലെ കുഞ്ഞുങ്ങളുടെ നന്ദി നിങ്ങളെ അറിയിക്കുന്നു. അവർക്കറിയാം നിങ്ങളവരെ ഉപേക്ഷിച്ചില്ലെന്ന്. അവരുടെ വേദന നിങ്ങളുൾക്കൊള്ളുന്നുവെന്ന് അവർക്കാറിയാം. അവർക്കറിയാം നിങ്ങളവരെ ഓർക്കുന്നു എന്ന്.
കേരളത്തിലെ പ്രിയപ്പെട്ട മനുഷ്യരെ, ഞാൻ നിങ്ങളുടെ മുൻപിൽ നിന്നുകൊണ്ടെന്റെ ശബ്ദമുയർത്തുന്നത് അനുതാപം ഏറ്റവും ആവിശ്യമാണെന്ന് പറയാനാണ്. നിങ്ങളുടെ സാന്നിധ്യം വളരെ വ്യക്തമായ ഒരു സന്ദേശം ഉയർത്തുന്നു. പലസ്തീനിലെ കുഞ്ഞുങ്ങളോടുള്ള ഐക്യദാർഢ്യം നമ്മൾ പ്രഖ്യാപിക്കുന്നു. ഏറ്റവും കാലികവും ഏറ്റവും അത്യാവശ്യവുമായ ഒരു സന്ദേശമാണ്. പക്ഷെ അതുമാത്രം പോര. പലസ്തീനിലെ ജനങ്ങളും കുഞ്ഞുങ്ങളും അനുതാപത്തിനും സഹതാപത്തിനുമപ്പുറം അർഹിക്കുന്നുണ്ട്. അവർക്ക് ആവിശ്യം യഥാർത്ഥത്തിലുള്ള ഒരു ഭാവിയാണ്. ഏറ്റവും കൃത്യമായ പ്രായോഗിക പദ്ധതികളില്ലെങ്കിൽ; താഴെത്തട്ടിൽ നിന്നുകൊണ്ട് അവരെ പിന്തുണയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ ഭാവി സാക്ഷാത്കരിക്കാൻ കഴിയില്ല. ഈ ഒരു സ്പിരിറ്റ് കണക്കിലെടുത്തുകൊണ്ട് നമുക്കെല്ലാവർക്കും ഒരുമിച്ചു ചിന്തിക്കാം. ഒരുമിച്ചു സഹകരിച്ചുകൊണ്ട് നമ്മുക്ക് പദ്ധതികൾക്ക് മുൻകൈ എടുക്കുകയും അവ നടപ്പിലാക്കുകയും അവ ഏകോപിപ്പിക്കുകയും ചെയ്തുകൊണ്ട് പലസ്തീനിലെ കുഞ്ഞുങ്ങളുടെ ജീവിതം അവരുടെ ദുരിതം ഇല്ലാതാക്കിക്കൊണ്ട് അവരുടെ ജീവിതം പുനർനിർമ്മിക്കുവാൻ അവരെ സഹായിക്കുകയും ചെയ്യാം. അവർക്കൊപ്പം നിൽക്കുന്നതിന് നന്ദി. നിശബ്ദത ഇല്ലാതാക്കിയതിന് നിങ്ങൾക്ക് നന്ദി. മനുഷ്യനെന്നുള്ള നിലയ്ക്ക് നമുക്കെല്ലാവർക്കും ഒരേ തരത്തിലുള്ള പങ്കുവയ്ക്കപ്പെടേണ്ട ഭാവിയാണുള്ളത്. നമ്മുക്ക് അതിനുവേണ്ടി ഒരുമിച്ചു നിൽക്കാം. ആരും സുരക്ഷിതരല്ല ഒരാളെങ്കിലും അരക്ഷിതനാണെങ്കിൽ. ഈ ലോകത്തെ ഓർമ്മിപ്പിക്കുന്നതിന് നന്ദിയുണ്ട്. കാരണം കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലി അധിനിവേശം, കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന കുറ്റകൃത്യം , മനുഷ്യവംശം ഒരിക്കലും അംഗീകരിക്കുന്നതോ മറക്കുന്നതോ അല്ലെന്ന് ഓർമ്മിപ്പിക്കുന്നതിന് നന്ദിയുണ്ട്. കേരളത്തിനും ഇന്ത്യക്കും നന്ദി. നിങ്ങളുടെ സൗഹൃദവും ഐക്യദാർഢ്യവും വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലും എത്രയോ വലുതാണ്.
വിവർത്തനം : ആർ പാർവതി ദേവി





