
“What’s in a name?”
William Shakespeare
റോമിയോ ആൻ്റ് ജൂലിയറ്റ് എന്ന നാടകത്തിൽ വില്യം ഷേക്സ്പിയർ ജൂലിയറ്റിലൂടെ ചോദിക്കുന്ന ചോദ്യമാണ് ഒരു പേരിൽ എന്തിരിക്കുന്നു എന്നത് ? ഒരു റോസാപ്പൂവിനെ എന്തു പേരിട്ടു വിളിച്ചാലും അതിന്റെ സുഗന്ധം അതുപോലെയുണ്ടാകും എന്ന് ജൂലിയറ്റ് വീണ്ടും പറയുന്നു. എന്നാൽ പേരുകൾ വെറും പേരുകൾ മാത്രമല്ലെന്ന് തെളിയിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഗുജറാത്ത് കലാപകാലത്ത് വഴിനീളെ പേരുകൾ ചോദിച്ച് മുസ്ലീങ്ങളെ ആക്രമിച്ചതിന്റെ നേർസാക്ഷ്യങ്ങൾ കലാപത്തെ അതിജീവിച്ചവർ രേഖപ്പെടുത്തിയിട്ടുണ്ട്. സമകാലിക ലോകത്ത് ഓരോ പേരുകളും ഉറക്കെ പറയേണ്ട രാഷ്ട്രീയ നിലപാടുകൾ കൂടിയാണ്.
2023 ഒക്‌ടോബർ മുതൽ ഇസ്രായേൽ ആരംഭിച്ച ഗാസ യുദ്ധത്തിൽ ഇതുവരെ ഏകദേശം 20000ലധികം കുട്ടികൾ കൊല്ലപ്പെട്ടെന്നാണ് കണക്കാക്കുന്നത്. ‘ഗാസയുടെ പേരുകൾ’ എന്ന കൂട്ടായ്മയിലൂടെ പലസ്തീനിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളോട് കേരളമൊട്ടാകെ ചേർന്നുനിന്നത് അവരുടെ പേരുകൾ വായിച്ചുകൊണ്ടാണ്. ചിന്ത വാരിക പത്രാധിപസമിതി അംഗവും ചലച്ചിത്രകാരനും എഴുത്തുകാരനുമായിരുന്ന ചിന്ത രവീന്ദ്രന്റെ ഓർമ്മ നിലനിർത്താൻ രൂപീകരിക്കപ്പെട്ട ചിന്ത രവി ഫൗണ്ടേഷനാണ് ഇത്തരമൊരു പരിപാടി രൂപകൽപ്പന ചെയ്തത്. കേരളത്തിലെ 14 ജില്ലകളിൽ പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മകൾ രൂപീകരിച്ചാണ് ചിന്താ രവി ഫൗണ്ടേഷൻ പരിപാടികൾ സംഘടിപ്പിച്ചത്. മാധ്യമപ്രവർത്തകനായ ശശികുമാർ, എഴുത്തുകാരൻ എൻഎസ് മാധവൻ എന്നിവർ പരിപാടിയുടെ മുഖ്യസംഘാടകരായി മുന്നിലുണ്ടായിരുന്നു. നെയിംസ് ഓഫ് ഗാസ എന്ന പേരിൽ സെപ്റ്റംബറിൽ ബെൽജിയൻ തലസ്ഥാനമായ ബ്രസ്സൽസിൽ നടന്ന സമ്മേളനത്തോട് സമാനമായാണ് കേരളത്തിലും ഐക്യദാർഢ്യം സംഘടിപ്പിച്ചത്. ഇസ്രായേലിലെ സയണിസ്റ്റുകൾ നടത്തിയ വംശഹത്യയ്ക്ക് മുന്നിൽ നമ്മുടെ മാനവികതാബോധത്തെ പണയം വയ്ക്കില്ല എന്ന പ്രഖ്യാപനമാണ് ഇരുപതിനായിരത്തോളം കുട്ടികളുടെ പേര് വായിച്ചുകൊണ്ട് കേരളം നടത്തിയത്.
ഒക്ടോബർ 2ന് കൊച്ചിയിൽ ആരംഭിച്ച ‘ഗാസയുടെ പേരുകൾ’ നവംബർ 16ന് തിരുവനന്തപുരം മാനവീയം വീഥിയിലാണ് സമാപിച്ചത്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അനീതികളിലൊന്നാണ് ഗാസയിൽ അരങ്ങേറുന്നത്. ശബ്ദമുയർത്താൻ ഒരുവേദി കണ്ടെത്തണമെന്ന് ഞങ്ങൾ കരുതി. അപ്പോഴാണ് ബെൽജിയത്തിലെ ഒരു പരിപാടി ശ്രദ്ധയിൽപ്പെട്ടതെന്നും അതിന് സമാനമായി കേരളത്തിലാകെ ഗാസയോട് ഐക്യപ്പെടുന്നവരുടെ കൂട്ടായ്മകൾ രൂപീകരിച്ച് പരിപാടി സംഘടിപ്പിക്കണമെന്ന് ആലോചിച്ചതെന്ന് പരിപാടിയുടെ മുഖ്യസംഘാടകനായ എൻ.എസ് മാധവൻ പറഞ്ഞു. ഇന്ത്യ എപ്പോഴും പലസ്തീന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണെന്നും സ്വതന്ത്ര്യവും സുരക്ഷിതവും സമാധാനപരവുമായ പലസ്തീനായി പരിശ്രമിക്കുന്നത് തുടരണമെന്നുമുള്ള അഭിപ്രായമാണ് കൂട്ടായ്മ പങ്കുവെച്ചത്. കേരളത്തിലെ ശ്രദ്ധേയരായ എഴുത്തുകാർ, കലാകാരർ, സിനിമാപ്രവർത്തകർ, മാധ്യമപ്രവർത്തകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവർ സംഘാടനത്തിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നിലുണ്ടായിരുന്നു. പാട്ടുകൾ, ഇൻസ്റ്റലേഷനുകൾ, ചലച്ചിത്രപ്രദർശനം, വരയരങ്ങുകൾ തുടങ്ങി വൈവിധ്യമാർന്ന കലാവിഷ്കാരങ്ങൾ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു. കഫിയ ധരിച്ചാണ് കൊല്ലപ്പെട്ട കുട്ടികളുടെ പേര് വായിക്കാൻ ഓരോരുത്തരും വേദിയിലെത്തിയത്. വൈകാരികമായ നിമിഷങ്ങളാണ് ഓരോ പേരുകളും വായിക്കുന്നവരിൽ രൂപപ്പെട്ടത്. പലരും വായിച്ചു പൂർത്തിയാക്കാനാകാതെ വിതുമ്പി. കേരളത്തിൻ്റെ പൊതുജീവിതത്തിന്റെ പരിച്ഛേദം പരിപാടികളിലെല്ലാം പ്രകടമായിരുന്നു.

തിരുവനന്തപുരത്ത് നടന്ന സമാപന കൂട്ടായ്മയിൽ പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടത് അനുതാപമോ സഹതാപമോ അല്ല. അവർക്ക് വേണ്ടത് സുരക്ഷിതമായ ഭാവിയാണ്. അതിനായി കൂട്ടായ ചിന്തയിലൂടെ സഹകരണത്തിലൂടെ പ്രായോഗിക പദ്ധതി ആവിഷ്കരിക്കുകയാണ് വേണ്ടത്. കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ചു പറയുമ്പോൾ കാരണക്കാർ ആരാണ് എന്നതാണ് ആദ്യം പറയേണ്ടത്. ഇസ്രായേൽ അധിനിവേശ ശക്തികൾ ബോധപൂർവം കുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് വെടിവയ്ക്കുകയാണ്. ആരാണ് ഗാസയിലെ കൂട്ടക്കൊലക്കെതിരെ ശബ്ദം ഉയർത്തിയതെന്ന് ചരിത്രം ചോദിക്കുമ്പോൾ കേരളം അതിൽ ഉണ്ടാകും. പശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെ ഗാസയിലെ കുഞ്ഞുങ്ങളെയും ജനതയെയും അവഗണിച്ചപ്പോൾ കേരളം അവർക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല. കേരളത്തിന്റെ പിന്തുണക്കും ഐക്യദാർഢ്യത്തിനും പലസ്തീൻ ജനത കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സമാപന പരിപാടിയിൽ ഉടനീളം സദസ്സിനൊപ്പം പങ്കെടുത്തത് രാഷ്ട്രീയമായ കേരളത്തിൻ്റെ നിലപാട് പ്രകടിപ്പിക്കലായിരുന്നു. നിങ്ങൾ ഞങ്ങൾക്കൊപ്പം നിലകൊണ്ടത് ഞങ്ങളുടെ വേദനകളിലും സാന്ത്വനവും കരുത്തുമാണെന്ന് പലസ്തീൻ അംബാസിഡർ സൂചിപ്പിക്കുമ്പോൾ ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നിമിഷമായി മാറി.

ഗാസയിലെ പേരുകൾ വായിച്ച് പൂർത്തിയാകുന്നില്ല. ഓരോ കുഞ്ഞുങ്ങളുടെ പേരും ചരിത്രത്തിൻ്റെ ഭാഗമാവുകയാണ്. അമീർ അസീസിന്റെ വരികൾ ഓർമ്മിപ്പിക്കുന്നതുപോലെ “സകലതും ഓർത്തുവയ്ക്കപ്പെടും, സകലതിനെ കുറിച്ചും ഓർത്തുവെക്കപ്പെടും”.





