ജാതി എന്ന അധികാരം

കെ എ നിധിൻ നാഥ്‌

മാരി സെൽവരാജ്‌

മാരി സെൽവരാജ്‌ ‘മറക്കവേ നിനക്കറേൻ’ എന്ന ആത്മകഥാശമുള്ള പുസ്‌തകത്തിൽ താൻ നേരിട്ട ജാതി വിവേചനങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ജീവിതത്തിൽ നേരിട്ട ജാതി മൂലമുള്ള അതിക്രമണങ്ങൾ, അവഗണനകൾ, ദുരിതങ്ങൾ, പീഡനങ്ങൾ ഇവയെല്ലാം പിന്നീട്‌ സിനിമയിലൂടെ മാരി സെൽവരാജ്‌ പറയാൻ തുടങ്ങി. വിശപ്പ്‌, അധ്വാനം, അധികാരം, ഭൂമി എന്നിവയിൽ ഊന്നിയുള്ള രാഷ്ട്രീയക്കാഴ്ചകളാണ് മാരി സെൽവരാജ്‌ ചിത്രങ്ങൾ. ആദ്യ സിനിമയായ പരിയേറും പെരുമാൾ ബിഎ ബിഎൽ മേലേ ഒരു കോട്, കർണൻ, മാമന്നൻ, വാഴൈ എന്നിവയുടെ തുടർച്ചയാണ്‌ ബൈസൻ കാലമാടൻ. കിട്ടൻ എന്ന ദളിതൻ മികച്ച കബഡി താരമാണ്‌. എന്നാൽ ജാതി അയാളുടെ കഴിവുകൾക്ക്‌ മുന്നിൽ തടസം സൃഷ്ടിക്കുന്നുണ്ട്‌. ഇതിനെതിരെ നടക്കുന്ന / നടത്തുന്ന പോരും പോരാട്ടവുമാണ്‌ ചിത്രം. മന്നാത്തി ഗണേഷൻ എന്ന തമിഴ്‌ നാട്ടിൽ നിന്നുള്ള കബഡി താരത്തിന്റെ ജീവിതത്തിനെ ആസ്‌പദമാക്കിയാണ്‌ സിനിമ ഒരുക്കിയത്‌. തമിഴ്‌ നാട്ടിൽ നിന്ന്‌ അർജുന അവാർഡ്‌ നേടിയ ആദ്യ ആളാണ്‌ ഗണേഷൻ.

മുൻ സിനിമകളുടെ രാഷ്‌ട്രീയ കാഴ്‌ചാ തുടർച്ച ബൈസനിലുമുണ്ട്‌. ബൈസനിലെ കിട്ടൻ (ദ്രുവ്‌ വിക്രം) നിയമ കലാലയത്തിൽ പോയാൽ അത്‌ ‘പരിയേറും പെരുമാളാ’കും. വിദ്യാഭ്യാസത്തിനായി പൊരുതിയാൽ ‘കർണനാ’കും. രാഷ്‌ട്രീയ അധികാരത്തിലെത്തിയാൽ ‘മാമ്മന്ന’നുമാകും സൂക്ഷ്‌മമായി സൃഷ്ടിച്ചിട്ടുള്ള അടയാളങ്ങളിലൂടെ കാലവും ദേശവും ജീവിതവുമെല്ലാം ഒരുപോലെയാണെന്ന്‌ പറഞ്ഞുവയ്ക്കുന്നുണ്ട്‌ ഓരോ മാരിസെൽവരാജ്‌ ചിത്രങ്ങളും. വിദ്യാഭ്യാസത്തിന്റെയും പ്രതിരോധത്തിന്റെയും സമൂഹത്തിൽ സ്വയം അടയാളപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയിൽ ഊന്നുന്ന കഥപറച്ചിൽ മുഖ്യധാര സൃഷ്ടിച്ചിട്ടുള്ള സാംസ്‌കാരിക മേധാവിത്വത്തിന്‌ പ്രതിസംസ്‌കാരം സൃഷ്ടിക്കുന്നുണ്ട്‌. താരകേന്ദ്രീകൃത വമ്പൻ കെട്ടുകാഴ്‌ചയിൽ അധിഷ്‌ഠിതമായ സിനിമകൾ പടച്ചുവിടുന്ന സിനിമാഭൂമികയിൽത്തന്നെയാണ്‌ അത്‌ സാധ്യമാക്കുന്നത്‌. സിനിമയിലൂടെയുള്ള ഈ ഇടപെടൽ തമിഴിലെ പൊളിറ്റിക്കൽ ഫിലിം മേക്കർമാരിൽ ഏറ്റവും മിടുക്കുള്ളയാളായി മാരി സെൽവരാജിനെ ഉയർത്തുന്നുണ്ട്‌. സിനിമയിൽ റാപ്പ്‌ അടക്കം ഉപയോഗിച്ചുള്ള പാട്ടുകളുടെ ഉപയോഗം എടുത്തു പറയേണ്ടതാണ്‌. കഥാഘടനയിലേക്ക്‌ സിനിമാറ്റിക് മൂലകങ്ങൾ കൃത്യമായി സന്നിവേശിപ്പിച്ചുള്ള പരിചരണം. എന്നാൽ, ഉള്ളടക്കത്തിന്‌ ഇളക്കം തട്ടാതെ, ശക്തമായി പറയുകയും ചെയ്യും. വൈകാരികമായ അടിത്തറയിൽനിന്ന്‌ സിനിമയുടെ രസച്ചരട്‌ മുറുക്കുന്ന സിഗ്നേച്ചർ മേക്കിങ്‌ ശൈലിയാണ്‌ മറ്റുള്ളവരിൽനിന്ന്‌ മാരി സെൽവരാജിനെ വേറിട്ട്‌ നിർത്തുന്നത്‌.

മാരിയുടെ മുൻസിനിമകളുടെ രാഷ്‌ട്രീയ അടിത്തറ അംബേദ്‌കറാണ്‌. എന്നാൽ, വാഴൈയിൽ അത്‌ കമ്യൂണിസത്തിലേക്ക്‌ വളന്നിരുന്നു. ബൈസനിൽ കൃത്യമായി ചെങ്കൊടിയും പാർടി ഓഫീസുകളും അടയാളമാകുന്നുണ്ട്‌. തന്റെ അച്ഛന്റെ സഹോദരൻ കമ്യൂണിസ്റ്റായിരുന്നെന്നും അതിൽനിന്ന്‌ ലഭിച്ച ബോധ്യങ്ങളുംകൂടിയാണ്‌ രാഷ്‌ട്രീയ അടിത്തറ സൃഷ്ടിച്ചതെന്നുമുള്ള മാരി സെൽവരാജിന്റെ വാക്കുകൾ സിനിമയിലും പ്രതിഫലിക്കുന്നുണ്ട്‌.  ‘കമ്യൂണിസ്റ്റുകാർ നമുക്കുവേണ്ടി പോരാടുമെന്ന്‌  ഉറപ്പുണ്ട്‌. വാഴൈയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതാണ്. അച്ഛന്റെ അമൂല്യമായ സമ്പത്തായതിനാൽ ശിവനേന്ദൻ ആ കൊടിയെ സ്‌നേഹിക്കുന്നു.  ആ കൊടിയെ അവനുമായി ചേർത്തുവയ്ക്കുന്നു. തന്റെ ജനങ്ങൾക്കുവേണ്ടി കനി (കലൈയരശൻ) സംസാരിക്കുമെന്ന്‌ ശിവനേന്ദൻ വിശ്വസിക്കുന്നതിനാലാണ്‌ അവൻ സൂക്ഷിക്കുന്ന അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്‌ത ബാഡ്‌ജ്‌ കനിക്ക്‌ നൽകുന്നത്‌.  ഈ ചിഹ്നത്തെ വിശ്വസിക്കാം എന്നതാണ് അധഃസ്ഥിതരുടെ പ്രതീക്ഷ. പ്രേക്ഷകർക്കും അങ്ങനെയുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. തൊഴിലാളിവർഗത്തിന് തങ്ങളോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് സിനിമ കാണുന്ന കമ്യൂണിസ്റ്റുകാർക്കും മനസ്സിലാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അവരിലുള്ള ആ പ്രതീക്ഷ അത്ര വലിയ കാര്യമാണ്, അത് അത്ര എളുപ്പം ഉണ്ടാകുന്നതല്ല’, സിനിമയിലെ കമ്യൂണിസ്റ്റ്‌ ചിഹ്നങ്ങളും ആശയങ്ങളും കടന്നുവന്നതിനെക്കുറിച്ച്‌ സംവിധയാകൻ മാരിസെൽവരാജ്‌ ഒരു അഭിമുഖത്തിൽ ഇങ്ങനെയാണ്‌ പ്രതികരിച്ചത്‌. അത്‌ ബൈസനിലും തുടരുകയാണ്‌ ദളിതനായതിനാൽ മികച്ച കബഡി താരമായിട്ടും കിട്ടൻ അവഗണിക്കപ്പെടുകയാണ്‌. ഇ‍ൗ അവഗണനയിൽ അവൻ അതിജീവിക്കുന്നത്‌ ഓടിയിട്ടാണ്‌. വിഷയം മാറുന്നത്‌ വരെ ഓടുമ്പോൾ ആ കാഴ്‌ചകൾക്കൊപ്പം പല കുറി പോകുന്നത്‌ ചെങ്കൊടിയും പാർടി ഓഫീസുമാണ്‌. അത്‌ കേവല കാഴ്‌ചക്കപ്പുറമുള്ള രാഷ്‌ട്രീയമാണ്‌.

കബഡി കളിക്കുന്ന കിട്ടന്റെ ജാതി അറിയാൻ ‘നീ എവിടെ നിന്നാണ്‌ വരുന്നത്‌’ എന്ന്‌ ചോദിക്കുന്നുണ്ട്‌. അയാളുടെ മികവിനപ്പുറത്തേക്ക്‌ ജാതി ‘മൂല്യ’മാകുന്നുണ്ട്‌. വാഴൈയിൽ വിശന്ന്‌ വലഞ്ഞുവരുന്ന ശിവനേന്ദൻ വാഴത്തോട്ടത്തിൽനിന്ന്‌ പഴം എടുത്ത്‌ കഴിക്കുന്നുണ്ട്‌. സ്ഥലം ഉടമയെന്ന്‌ തോന്നിപ്പിക്കുന്ന ഒരാൾ വന്ന്‌ ശിവനേന്ദനെ മർദിക്കുന്നത്‌ ‘നീ എവിടെ നിന്നാണ്‌’ എന്ന്‌ ചോദിച്ചാണ്‌. പുളിയംകുളം എന്ന മറുപടി അയാളുടെ ദേഷ്യത്തെ ഇരട്ടിപ്പിക്കുന്നുണ്ട്‌. പരിയേറും പെരുമാളിലും സമാനമായ ഒരു രംഗമുണ്ട്‌. ബസിൽ യാത്ര ചെയ്യവെ നായകനായ  പരിയനോട്‌ (കതിർ) നീ എവിടെ നിന്നാണെന്ന്‌ തൊട്ടടുത്ത സീറ്റിലിരുന്ന ആൾ ചോദിക്കുന്നുണ്ട്‌. പുളിയംകുളം എന്ന മറുപടിയിൽ അയാൾ എഴുന്നേറ്റ്‌ മാറുകയാണ്‌. ഇത്തരത്തിലുള്ള വിവേചന കാഴ്‌ചകളുടെ തുറന്നുകാട്ടൽകൂടിയാണ്‌ മാരി സെൽവരാജ്‌ ചിത്രങ്ങൾ. ബൈസനിൽ പുളിയംകുളം എന്ന്‌ പറയുന്നില്ലെങ്കിലും മറ്റു സിനിമയിൽ കാണിച്ച ആ ഭൂമികയിൽ തന്നെയാണ്‌ കഥ നടക്കുന്നത്‌.

മറ്റു സിനിമകളിൽ എന്ന പോലെ നിറങ്ങളില്ലാതെ കറുപ്പും വെള്ളുപ്പും ചേർത്ത്‌ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ ജാതിയുടെ കാലം വരച്ചിടുന്നുണ്ട്‌.

Caste And Religion are Against Humanity- (ജാതിയും മതവും മാനവികതയ്ക്ക് എതിരാണ്) എന്ന ടൈറ്റിലോടെയാണ്‌ പരിയേറും പെരുമാൾ ആരംഭിക്കുന്നത്‌. കുതിരപ്പുറത്ത്‌ ഏറിവരുന്ന ദൈവം എന്നതാണ്‌ ‘പരിയേറും പെരുമാളി’നെക്കുറിച്ചുള്ള വിശ്വാസം.  നൈരാശ്യം  നിറഞ്ഞ വാഴൈയിലെ ആദ്യ ഫ്രെയിമിന്‌ സമാനമായി ‘നീങ്ക നീങ്കളാ ഇറുക്കിറ വരൈക്കും നാൻ നായാതാൻ ഇറുക്കണംന്ന് നീങ്ക എതിർപ്പാക്കുറ വറൈക്കും ഇങ്കെ എതുവുമേ മാറാത്, ഇപ്പടിയേ താൻ ഇറുക്കും’ എന്ന്‌ പറഞ്ഞാണ്‌ പരിയേറും പെരുമാൾ അവസാനിച്ചത്‌.

ബൈസനിൽ കഴിവും മെറിറ്റുനും മുകളിൽ ജാതിയുണ്ട്‌ എന്ന്‌ നിരന്തരം ഓർമകളെറിയുന്നുണ്ട്‌. എന്നാൽ മാറാത്തവരെ മാറ്റണം, അതിനായി പൊരുതണം എന്ന ആഹ്വാനവുമുണ്ട്‌. ജാതി മേൽക്കോയ്‌മ നിലനിൽക്കുന്ന നാട്ടിൽ ഒന്നും മാറില്ലെന്ന നിരാശ പ്രതിഫലിച്ചാണ്‌ ആദ്യ ചിത്രം അവസാനിച്ചതെങ്കിൽ സംവിധായകൻ ആഗ്രഹിച്ച സാമൂഹ്യമാറ്റങ്ങൾക്ക്‌  പിന്നീട്‌  സിനിമാറ്റിക് രൂപം നൽകുകകൂടി ചെയ്യുന്നുണ്ട്‌. തങ്ങൾ നേരിടുന്ന അനീതിയെ നേരിടാൻ തങ്ങളിൽ നിന്നൊരുവൻ വരുമെന്ന പ്രതീക്ഷയാണ്‌ കർണൻ. അടിച്ചമർത്താൻ ശ്രമിക്കുന്നവരിൽനിന്ന്‌ രക്ഷിക്കാൻ തങ്ങളുടെ കുലദേവതയുടെ വാളുമേന്തി കുതിരപ്പുറത്ത്‌ നായകനായ കർണൻ (ധനുഷ്‌) വരുന്നുണ്ട്‌. തലകുനിച്ച്‌ പിൻമാറാതെ തലനിവർത്തിനിന്ന്‌ പൊരുതാനുള്ള ആഹ്വാനമാകുന്നുണ്ട്‌ കർണൻ. അടിച്ചമർത്തപ്പെടുന്ന ജനത അതിനെ പ്രതിരോധിക്കാൻ തിരിച്ചടിക്കണമെന്ന പ്രഖ്യാപനാണ്‌ വാഴൈ. അതിൽ നിന്ന്‌ ഒരു പടി കൂടി കടന്ന്‌ മോദിഫൈഡ്‌ ഇന്ത്യയിൽ യുദ്ധ സമാനമായ ‘ഇന്ത്യ– പാക്‌’ കബഡി മത്സരത്തിൽ ഇന്ത്യയെ ജയിപ്പിക്കാൻ കിട്ടൻ കളത്തിലിറങ്ങുന്നുണ്ട്‌.

മാമന്നൻ ഭരണഘടനയിലും ജനാധിപത്യത്തിലും ഊന്നിയാണ്‌ നിലക്കൊള്ളുന്നത്‌. അവഗണനയെയും അധിക്ഷേപത്തെയും ജനാധിപത്യം മുറുകെ പിടിച്ച്‌ തോൽപ്പിക്കാമെന്നാണ്‌ മാമന്നൻ പറഞ്ഞുവയ്‌ക്കുന്നത്‌. ദളിത്‌ എംഎൽഎയായ മാമന്നൻ (വടിവേലു) സ്വന്തം പാർട്ടിയിൽ നേരിടുന്ന വിവേചനങ്ങളാണ്‌ ഇതിവൃത്തം. അതിനെ ജനാധിപത്യ പാതയിൽ ചെറുത്തുതോൽപ്പിക്കുന്നു.  അവകാശങ്ങൾ നേടിയെടുക്കണമെന്ന അംബേദ്‌കറേറ്റ്‌ ചിന്തയും പങ്കിടുന്നു. അതേസമയം തമിഴ്‌ സിനിമ സൃഷ്ടിച്ച വിവേചനത്തെയും ചിത്രം ചെറുക്കുന്നുണ്ട്‌. തമിഴിലെ ഏക്കാലത്തെയും ഹിറ്റുകളിലൊന്നായ തേവർ മകൻ സൃഷ്ടിച്ച ജാതീയതയ്‌ക്കുള്ള തിരുത്തുകൂടിയാണിത്‌. തേവർ മകൻമാർ സൃഷ്ടിച്ച ഇസകിമാരുടെ ഭൂമികയിലാണ്‌ മാമന്നൻ തല ഉയർത്തി നിൽക്കുന്നത്‌. പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള വടിവേലുവിനെ നായക ഹീറോയിക്‌ നിർമിതികളിൽ പരിഹാസ കഥാപാത്രമായി സൃഷ്ടിക്കുന്ന സിനിമാ വ്യവസായത്തിനു മുന്നിൽക്കൂടിയാണ്‌ നായകനായ മാമന്നനായി അവതരിപ്പിച്ചത്‌. സിനിമ കേവലം ആസ്വാദനം മാത്രമാണെന്ന ചിന്താധാരയോടാണ്‌ പരിയേറും പെരുമാൾ മുതൽ ബൈസൻ വരെയുള്ള സിനിമകളിലൂടെ മാരി സെൽവരാജ്‌ കലഹിക്കുന്നത്‌. സിനിമ സൃഷ്ടിച്ചെടുത്ത ജാതി, തൊഴിലാളിവിരുദ്ധ നായകത്വ ബിംബങ്ങളെ തച്ചുതകർക്കുന്ന സിനിമാറ്റിക്‌ മറുപടി നിറയുന്ന രാഷ്‌ട്രീയ പ്രസ്‌താവനയായിക്കൂടി തന്റെ സിനിമകളെ  മാരി സെൽവരാജ്  മാറ്റുന്നു. രാഷ്ട്രീയ സാംസ്കാരിക പ്രതീകങ്ങളുടെ ചലച്ചിത്രഭാഷ സൃഷ്ടിച്ചെടുക്കുന്നതിൽ മാരി സെൽവരാജിന്റെ ക്രാഫ്‌റ്റ്‌സ്‌മാൻഷിപ്പാണ്‌ ഇതിന്‌ കരുത്ത്‌.

Hot this week

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...

സമരം തന്നെ ബദൽ ; പുതിയ തൊഴിലുറപ്പ് നിയമം ഗ്രാമീണ സമ്പദ്ഘടനയുടെ മരണ വാറണ്ട്

    ഇന്ത്യൻ ദേശീയ രാഷ്ട്രീയം ഇന്ന് വലിയ മാറ്റങ്ങളുടെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നവഉദാരവത്കരണ...

കെ. ദാമോദരൻ സ്മൃതി :പ്രസക്തി നഷ്ടമാകാതെ പാട്ടബാക്കി

നാടകസാഹിത്യവും നാടകരംഗവും പലവിധത്തിലുള്ള വെല്ലുവിളികൾ നേരിട്ട കാലത്താണ് 1937-ൽ മലയാളത്തിലെ ആദ്യ...

മുതലാളിത്തം നിലനിൽപ്പിനായി സോഷ്യലിസത്തെ കടമെടുക്കുമ്പോൾ

വ്യവസ്ഥിതികളുടെ ശുദ്ധരൂപം എന്നത് പലപ്പോഴും പാഠപുസ്തകങ്ങളിൽ മാത്രമുള്ള ഒന്നാണ്. മുതലാളിത്തം, സോഷ്യലിസം,...

ആശുപത്രി സ്വകാര്യവൽക്കരണത്തിനെതിരെ കർണാടകത്തിൽ മനുഷ്യച്ചങ്ങല

ഇന്ത്യയുടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ വെളിവാക്കപ്പെട്ടത്‌...

Topics

മേഘം വന്ന് തൊടാതെ പോകുമ്പോൾ ….

കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ...

സമരം തന്നെ ബദൽ ; പുതിയ തൊഴിലുറപ്പ് നിയമം ഗ്രാമീണ സമ്പദ്ഘടനയുടെ മരണ വാറണ്ട്

    ഇന്ത്യൻ ദേശീയ രാഷ്ട്രീയം ഇന്ന് വലിയ മാറ്റങ്ങളുടെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നവഉദാരവത്കരണ...

കെ. ദാമോദരൻ സ്മൃതി :പ്രസക്തി നഷ്ടമാകാതെ പാട്ടബാക്കി

നാടകസാഹിത്യവും നാടകരംഗവും പലവിധത്തിലുള്ള വെല്ലുവിളികൾ നേരിട്ട കാലത്താണ് 1937-ൽ മലയാളത്തിലെ ആദ്യ...

മുതലാളിത്തം നിലനിൽപ്പിനായി സോഷ്യലിസത്തെ കടമെടുക്കുമ്പോൾ

വ്യവസ്ഥിതികളുടെ ശുദ്ധരൂപം എന്നത് പലപ്പോഴും പാഠപുസ്തകങ്ങളിൽ മാത്രമുള്ള ഒന്നാണ്. മുതലാളിത്തം, സോഷ്യലിസം,...

ആശുപത്രി സ്വകാര്യവൽക്കരണത്തിനെതിരെ കർണാടകത്തിൽ മനുഷ്യച്ചങ്ങല

ഇന്ത്യയുടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ വെളിവാക്കപ്പെട്ടത്‌...

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ഹിമാചലിൽ എസ്‌എഫ്‌ഐ പ്രതിഷേധം

ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട്‌ പരീക്ഷാ ക്രമക്കേടുകളും അഴിമതിയും തുടരുകയാണ്‌....

അൻപത് വയസ്സിനിടയിലെ അവിശ്വസനീയ ജീവിതം

കോടമഞ്ഞിനൊപ്പം തണുത്ത കാറ്റ്, കാറ്റിന് യൂക്കാലിയുടെ ഗന്ധം, വഴിനീളെ  വേലികളിൽ പൂത്തുലഞ്ഞ...

കാഴ്ചകൾക്കപ്പുറമുള്ള ലോകം

സിനിമയെന്നാൽ ഒരു ഗ്ലാമർ ലോകമാണെന്ന പൊതുധാരണകളെ തകർക്കുന്ന ‘സിനിമയ്‌ക്കുള്ള ഒരു വിദ്വേഷ...
spot_img

Related Articles

Popular Categories

spot_imgspot_img