
ആദ്യരംഗം മുതൽ ഒന്നിൽ നിന്ന് അടുത്തതിലേക്ക് കോർത്ത് കോർത്ത് പോകുന്ന ചിരിയാരവത്തിന്റെ മുഴുനീള കാഴ്‌ചയാണ് ഒറ്റവാക്കിൽ ദി പെറ്റ് ഡിക്ടറ്റീവ്. പ്രേക്ഷകരിൽ ചിരി സൃഷ്ടിക്കുക എന്നത് മാത്രം ലക്ഷ്യമിട്ടാണ് നവാഗതനായ പ്രനീഷ് വിജയൻ പെറ്റ് ഡിറ്റക്ടീവ് ഒരുക്കിയത്. ഓരോ രംഗങ്ങളിലും ചിരി സൃഷ്ടിച്ച് കഥാന്ത്യത്തിലേക്ക് എത്തുമ്പോൾ പൊട്ടിച്ചിരിയാക്കി മാറ്റുന്ന രീതിയിലാണ് സിനിമ ഡിസൈൻ ചെയ്‌തിട്ടുള്ളത്. പതിവ് മലയാള സിനിമയുടെ ചേരുവകളായ പ്രണയം, പാട്ടുകൾ, ആക്ഷൻ, നിരാശ തുടങ്ങിയ എല്ലാം സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ചിരിയാണ് സിനിമയുടെ ഏക ലക്ഷ്യം. ഒരു Riot Comedy ജോണറിൽ രണ്ട് മണിക്കൂറിലധികം സമയം ചിരിയുടെ ആഘോഷം തീർക്കുകയാണ് സിനിമ.
ഒരു സ്വതന്ത്ര ഡിക്ടറ്റീവിന്റെ കഥാപാശ്ചാത്തലമാണ് സിനിമയുടേത്. ടൈറ്റിലിങ് രംഗങ്ങളിൽ അന്താരാഷ്‌ട്ര മാഫിയയെ അവതരിപ്പിച്ച് പിന്നീട് അതിനെ സ്‌പൂഫ് മൂഡിൽ കേരളീയ പശ്ചാത്തലത്തിൽ എത്തിച്ചാണ് സിനിമ തുടങ്ങുന്നത്. കഥാരീതിയും പശ്ചാത്തലവും സിഐഡി മൂസയോട് സാദൃശം തോന്നുന്നതാണ്. എന്നാൽ പെറ്റ് ഡിക്ടറ്റീവ് ആ സമാനതയെ മറികടക്കുന്നത് കഥാവഴിയിലേക്ക് ഓരോ ഘട്ടത്തിലും കടന്നുവരുന്ന കഥാപാത്രങ്ങളും അവരുടെ കഥകളുമാണ്. പല സബ്ബ് പ്ലോട്ടുകളും കടന്നുവരുന്നുണ്ടെങ്കിലും പ്രധാനകഥയിൽ നിന്ന് തെന്നിമാറാതെ കൃത്യമായി അവതരിപ്പിക്കുന്നതിൽ തിരക്കഥ നല്ല പങ്കുവഹിച്ചിട്ടുണ്ട്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ചിത്രത്തിൽ അപ്രതീക്ഷിതമായി സൃഷ്ടിച്ചെടുക്കുന്ന ഓവർ ദി ടോപ്പായ രംഗങ്ങളാണ് സിനിമയുടെ മികവ് ഉയർത്തുന്നത്. സഹരചയിതാവായി ജയ് വിഷ്‌ണുവും സിനിമയുടെ എഴുത്തിനെ സഹായിക്കുന്നുണ്ട്.
പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ടോണി ജോസ് അലൂലയ്ക്ക് (ഷറഫുദ്ധീൻ) മുന്നിലേക്ക് ഒരു കേസ് എത്തുന്നു. അതിനുപിന്നാലെ ടോണി നടത്തുന്ന അന്വേഷണങ്ങളും അതിന്റെ ഭാഗമായി നേരിടുന്ന സംഭവവികാസങ്ങളുമായാണ് സിനിമയുടെ വളർച്ച. സിനിമയിലെ ഓരോ കഥാപാത്രത്തിനും ചിരിപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണുള്ളത്. സിനിമ മുന്നോട്ട് പോകും തോറും കഥാപാത്രങ്ങൾ വർധിക്കുന്ന തലത്തിലാണ് സിനിമ ഡിസൈൻ ചെയ്തിട്ടുള്ളത്. ഷറഫുദീന്റെ കഥാപാത്രം നടത്തുന്ന യാത്രയിലേക്ക് ഓരോ കഥാപാത്രങ്ങളായി കടന്നുവരുകയാണ്. ടോണിയുടെ പ്രണയിനിയായ കൈകേയിയായി അനുപമ പരമേശ്വരനും ഇൻസ്പെക്ടർ രജത് മേനോനായി വിനയ് ഫോർട്ടുമെത്തുന്നു. കൈകേയിയോട് പ്രണയമുള്ള രജത് മേനോൻ ടോണിയെ കുടുക്കാൻ ശ്രമിക്കുന്നതും അതിനെ മറികടക്കാൻ ടോണി നടത്തുന്ന നീക്കങ്ങളുമാണ് ആദ്യം മുതൽ അവസാനം വരെ സിനിമയുടെ ഒരു ഭാഗം. അതിലേക്ക് അന്വേഷണം കൂടി ഉൾചേർത്താണ് സിനിമ ഒരുക്കുന്നത്. ടോണി– രജത് മേനോൻ ഭാഗം ടോം ആൻഡ് ജെറിയുടെ സ്വഭാവത്തിലേക്ക് എത്തുന്നുണ്ട്. ഇതിനോടൊപ്പം തന്നെ വളർത്തു മൃഗങ്ങളെ കണ്ടെത്തി നൽകുന്ന ടോണിയുടെ ഡിക്ടറ്റീവ് ഏജൻസി അധോലോകവുമായി ഏറ്റുമുട്ടുന്നു. എന്ത് ചെയ്‌താലും അത് പ്രശ്‌നങ്ങളിൽ ചെന്ന് വീഴുന്ന, അതിൽ നിന്ന് രക്ഷപെടാനുള്ള തത്രപ്പാടുകൾ കൂടുതൽ കുരുക്കാവുന്ന, കുഴഞ്ഞ് മറിയുന്ന സാഹചര്യത്തിലേക്ക് കഥാഗതി എത്തുന്നു. പിന്നീട് അവിടെ നിന്ന് ഒരു അടിമുടി ചിരി നിറയുന്ന ആക്ഷനും കുഞ്ഞു സസ്‌പെൻസുമായി നിറയുകയാണ് പെറ്റ് ഡിറ്റക്ടീവ്.
രസകരമായ പ്രകടനങ്ങൾ കൂടിയാണ് പെറ്റ് ഡിക്ടറ്റീവിന്റെ മികവ്. ആകെ കുടുങ്ങി നിൽക്കുന്ന ടോണിയെ ഷറഫുദ്ധീൻ നന്നായി അവതരിപ്പിച്ചു. ചിരിപ്പിക്കുകയും കോമിക് ടച്ചിൽ സംഘട്ടനരംഗങ്ങൾ ചെയ്യുന്നതിലും ഷറഫുദീൻ എന്ന നടൻ നിറഞ്ഞ് നിൽക്കുന്നുണ്ട്. രണ്ട് അടരുകളുള്ള വിജയരാഘവൻ അവതരിപ്പിച്ച ദിൽരാജ് എന്ന കഥാപാത്രം എടുത്ത് പറയേണ്ട ഒന്നാണ്. വിജയരാഘവന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രങ്ങളിൽ ഒന്നാണിത്. രൺജി പണിക്കരുടെ അലൂല എന്ന കഥാപാത്രവും വിനയ്ഫോർട്ട്, ജോമോൻ ജ്യോതിർ, വിനായകൻ, നിഷാന്ത് സാഗർ, ഷോബി തിലകൻ, ഭഗത് മാനുവൽ, സഞ്ജു, നിലീൻ സാന്ദ്ര എന്നിവരും കഥാപാത്രങ്ങളെ മികച്ചതാക്കി. അനുപമയുടെ കൈകേയിയും മുഴുനീള റോളിൽ തിളങ്ങുന്നുണ്ട്. എടുത്ത് പറയേണ്ട പ്രകടനം വിനായകന്റെ യാക്കത്ത് അലി ആണ്. വിനായകനിലെ ഇന്റർനാഷ്ണൽ ആക്ടർ എന്ന സാധ്യത വളരെ ജൈവീകമായി ഇവിടെ സാധ്യമാക്കുന്നുണ്ട്. ഒരേ സമയം തദ്ദേശീയമായും അതിനപ്പുറവുമായി യാക്കത്ത് അലി മാറുന്നുണ്ട്. മാനറിസങ്ങളും പെരുമാറ്റവുമെല്ലാം അത്രമേൽ മികച്ചതാണ്.
ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും രാജേഷ് മുരുകേശന്റെ സംഗീതവും സിനിമയുടെ താളവും വേഗവുമാകുന്നുണ്ട്. അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായകാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ചിരി രംഗങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ എഡിറ്റിങ് നല്ല പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ വരവുകൾ രസച്ചരട് മുറിയാതെ സുക്ഷിക്കുന്നതിൽ. ആക്ഷനും കോമഡിയും ചേർന്ന് ചേർന്ന് നിൽക്കുന്ന സിനിമയുടെ സുപ്രധാന രംഗങ്ങളിൽ കലൈ കിങ്‌സൺ ഒരുക്കിയ സംഘട്ടനരംഗങ്ങൾ കൈയ്യടി അർഹിക്കുന്നുണ്ട്.
സിഐഡി മൂസ, വെട്ടം, പറക്കും തളിക തുടങ്ങി പല സിനിമകളുടെയും നിഴൽ പെറ്റ് ഡിറ്റക്റ്റീവിലുണ്ട്. എന്നാൽ പ്രനീഷ് വിജയന്റെ മിടുക്ക് അതിനെയെല്ലാം മറികടന്ന് പുതുമ സൃഷ്ടിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ പ്രിയദർശനും സംഘവുമെല്ലാം നിരന്തരം വിജയം സൃഷ്ടിച്ച മാതൃകയിലാണ് ചിത്രം. എന്നാൽ മലയാള സിനിമയുടെ നവതരംഗത്തിൽ ന്യൂ ജനറേഷൻ പ്രേക്ഷകരുടെ കടന്ന് വരവിൽ ഇല്ലാതായി പോയ ജോണറുകളുടെ സ്വഭാവത്തിൽ പുതിയ തലമുറ പ്രേക്ഷകരെ കൂടി തൃപ്‌ത്തിപ്പെടുത്തുന്ന തലത്തിലേക്ക് ഉയരാനായതാണ് പെറ്റ് ഡിറ്റക്റ്റീവിന്റെ നേട്ടം.





