
വിശ്വമഹാകവി വില്യം ഷേക്‌സ്‌പിയർ ജനിച്ച ദിവസമാണ് വിശ്വോത്തര ചിത്രകാരനായ വില്യം ടർണറും (ജോസഫ് മെല്ലാർഡ് വില്യം ടർണർ) ജനിച്ചത്. മറ്റൊരർഥത്തിൽ ചിത്രകലയിലെ ഷേക്‌സ്‌പിയറായി അറിയപ്പെട്ടിരുന്ന കലാകാരനായിരുന്നു ടർണർ. ലണ്ടനിലെ ഒരു സലൂൺ ഉടമയുടെ മകനായിട്ടാണ് ടർണർ ജനിച്ചത്, 1775 ഏപ്രിൽ 23ന്. ലണ്ടനിൽ മാർഗേറ്റിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പഠനത്തേക്കാൾ ചിത്രംവരയ്‌ക്കാനുള്ള താൽപര്യമായിരുന്നു ബാലനായ ടർണറിന് മുഖ്യം. തന്റെ ഗ്രാമത്തിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴകളും, കടലോരങ്ങളും പ്രഭാത/സായാഹ്നത്തിലെ ആകാശ നിറക്കാഴ്‌ചകളുടെ വൈവിധ്യങ്ങളുമൊക്കെ അദ്ദേഹം ജലച്ചായത്തിലൂടെ വരച്ചു. ഈ ദൃശ്യപ്പൊലിമയുടെ ഉൾക്കരുത്തും ഊർജവുമായിരുന്നു അദ്ദേഹത്തെ ചിത്രകലാവഴികളിലേക്ക് നയിച്ചത്. ബാല്യകാലത്ത് വരച്ച ആദ്യചിത്രങ്ങളേറെയും അലങ്കരിച്ചിരുന്നത് പിതാവിന്റെ സലൂണിലെ ഭിത്തിയിലായിരുന്നു. അതുകണ്ട ചില കലാസ്വാദകരാണ് വില്യം ടർണറുടെ കലയെ തിരിച്ചറിയുന്നതും അങ്ങനെയാണ്. പതിനാറാമത്തെ വയസ്സിൽ റോയൽ അക്കാദമിയിൽ അംഗത്വം ലഭിക്കുന്നതും അവിടത്തെ പ്രധാന കലാകാരന്മാരുടെ കീഴിൽ ചിത്രകലാപഠനത്തിന് അവസരം ലഭിക്കുന്നതും.
ആദ്യകാലത്ത് ജലച്ചായരചനകളിൽ താൽപര്യം കാണിച്ചുവെങ്കിലും പിന്നീട് എണ്ണച്ചായത്തിലേക്ക് മാറി. എണ്ണച്ചായത്തിൽ രചിച്ച ആദ്യചിത്രം തന്നെ റോയൽ അക്കാദമിയിൽ പ്രദർശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഭൂഭാഗ‐പ്രകൃതിദൃശ്യ രചനകളുമായി അദ്ദേഹം ചിത്രകലാരംഗത്ത് സജീവമാവുകയാണുണ്ടായത്. തുടർന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കായി ഭൂഭാഗ ചിത്രങ്ങൾ വരയ്‌ക്കുന്നതിന് വില്യം ടർണറെ ക്ഷണിക്കുകയുണ്ടായി. അതിനായി വിവിധ സ്ഥലങ്ങളും ഇതര രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു. നവീനമായ നിറച്ചാർത്തുകളോടെ നിരവധി പ്രകൃതി ചിത്രങ്ങൾ അക്കാലത്ത് വില്യം ടർണർ വരയ്‌ക്കുകയുണ്ടായി. ജലച്ചായ ചിത്രകലാസങ്കേതത്തിന്റെ കുലപതിയായ പോൾ സാൻബിയുടെ പിൻഗാമി കൂടിയായിരുന്നു വില്യം ടർണർ. ജലച്ചായ രചനാസങ്കേതങ്ങളിലൂടെയുള്ള നിരന്തര പഠനവും പരിശീലനവും അദ്ദേഹത്തെ എണ്ണച്ചായ രചനയിൽ ശ്രദ്ധേയനാക്കി. പ്രകൃതിയെ തൊട്ടറിയുന്ന രചനകൾ ജലച്ചായത്തിലൂടെ ആവിഷ്‌കരിച്ചതെങ്കിൽ അതേരീതിയായിരുന്നു എണ്ണച്ചായത്തിലും അദ്ദേഹം പിന്തുടർന്നത്. വരച്ചുകാട്ടിയത്. വൻകിട ഭൂവുടമകൾ തങ്ങളുടെ സുദീർഘമായ ഭൂഭാഗദൃശ്യങ്ങൾ ചിത്രതലങ്ങളിലേക്കാവിഷ്‌കരിക്കുകയും അവരുടെ വീടുകൾ അലങ്കരിക്കുകയും ചെയ്യുന്ന രീതി അന്ന് നിലനിന്നിരുന്നു. പ്രമുഖരായ ചിത്രകാരരെ ഭൂവുടമകൾ ക്ഷണിച്ച് ചിത്രങ്ങൾ വരച്ചിരുന്നു. വില്യം ടർണറും ഈ രീതിയിലുള്ള പ്രകൃതിദൃശ്യങ്ങൾ ധാരാളം വരച്ചിട്ടുണ്ട്.
ഡച്ച് കലാശൈലി സ്വീകരിച്ചിരുന്ന മുൻകാല ചിത്രകാരന്മാരായ ക്ലോഡ്, റിച്ചാർഡ് വിൽസൺ തുടങ്ങിയ പ്രമുഖരുടെ മാതൃകകളും തന്റെ രചനകൾക്ക് ഊർജം പകർന്നിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രഭാതത്തിന്റെയും സായാഹ്നത്തിന്റെയും വർണമേളന പ്രത്യേകതകളാണ് അദ്ദേഹത്തിന്റെ ഭൂഭാഗ/പ്രകൃതിദൃശ്യ രചനകൾ. മഴയും കാറ്റും മിന്നലൊളിയും മഴമേഘങ്ങളുടെ സഞ്ചാരവുമൊക്കെ പഠിച്ചുകൊണ്ട് അവയെ സൗന്ദര്യാത്മകമായാണ് വില്യം ടർണർ അവതരിപ്പിക്കുന്നത്. സഞ്ചാരപ്രിയനായ ടർണർ വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തുകയും പ്രകൃതിയെ കൂടുതലറിയുകയും ചിത്രതലത്തിലേക്കാവാഹിക്കുകയും ചെയ്‌തതിന്റെ തെളിവുകളായി അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ വിവിധ രാജ്യങ്ങളിലെ ഗ്യാലറികളിൽ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്‌തുവരുന്നു. യാത്രകളിൽ ഓരോ ദിവസവും ഒന്നിലധികം ചിത്രങ്ങൾ അദ്ദേഹം വരയ്‌ക്കുമായിരുന്നു.
അമ്പത് വയസ്സിനുശേഷമുള്ള ടർണറിന്റെ ചിത്രങ്ങളിലെ വർണവിന്യാസങ്ങളും ശ്രദ്ധേയമായിരുന്നു. ആദ്യകാല ചിത്രങ്ങളിൽ ഇരുട്ടിനും വെളിച്ചത്തിനും തുല്യ പ്രാധാന്യം നൽകുകയും പിന്നീട് ഇരുട്ടിന് പ്രാധാന്യം നൽകുന്ന വർണസങ്കലനവുമാണ് അദ്ദേഹം സ്വീകരിച്ചത്. ഇരുണ്ട വർണങ്ങൾ കുറച്ചുപയോഗിക്കുകയും വെളിച്ചത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്നതുമായിരുന്നു പിൽക്കാലത്തുള്ള ടർണറുടെ മുഴുവൻ ചിത്രങ്ങളും. ഓറഞ്ച്, നീല ഇവയുടെ ടോണുകളിലെ വൈവിധ്യവും നിറസമൃദ്ധിയോടെയുള്ള പ്രയോഗവും ഇന്നും കലാവിദ്യാർഥികളുടെ പഠനവിഷയമാണ്. ജലച്ചായവും എണ്ണച്ചായവും ഒരുപോലെ പ്രയോഗിച്ചിരുന്ന കലാകാരനായിരുന്നു വില്യം ടർണർ.
ടർണറുടെ കലയും ജോൺ റസ്‌കിനും
‘ജൂലിയറ്റ് ആന്റ് ഹെർ നഴ്‌സ്’ എന്ന വില്യം ടർണറുടെ വിഖ്യാതമായ പെയിന്റിംഗ് 1836ലാണ് വരച്ചത്. ഇംഗ്ലണ്ടിലെ അക്കാല കലാഭൂമികയിൽ, വ്യത്യസ്‌ത ഇടങ്ങളിൽനിന്നുപോലും ചർച്ചകളുണ്ടാക്കിയ ചിത്രമായിരുന്നു അത്. ഇംഗ്ലണ്ടിലെ പത്രമാധ്യമങ്ങളിൽനിന്നും പ്രതിയോഗികളിൽനിന്നും കടുത്ത വിമർശനങ്ങളുണ്ടായി. പ്രകൃതിദൃശ്യ‐ഭൂഭാഗ രചനയ്‌ക്കുള്ളിലെ വാസ്‌തുശൈലിയും മനുഷ്യരൂപങ്ങളും ചേരുന്ന ദൃശ്യഭംഗിയെയാണ് മാധ്യമങ്ങളും കലാനിരൂപകരും ചോദ്യംചെയ്‌തത്. അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് പ്രമുഖ കലാനിരൂപകൻ കൂടിയായ ജോൺ റസ്‌കിനാണ്. ‘മോഡേൺ പെയിന്റേഴ്‌സ്’ എന്ന 5 വാല്യങ്ങളുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വില്യം ടർണറെക്കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ചരിത്രപ്രധാനമായ സ്ഥലങ്ങളുടെ പ്രത്യേകതയും ഭൂസ്ഥിതി വിവരണാത്മകമായ ചിത്രരൂപ സംവിധാനവും പ്രത്യേകിച്ച് ഈ ചിത്രത്തിലടക്കം പ്രതിഫലിപ്പിച്ചിട്ടുള്ളതായി റസ്‌കിൻ തന്റെ പുസ്‌തകത്തിൽ അടയാളപ്പെടുത്തുന്നു. കാവ്യാത്മകമായ കലാസൃഷ്ടികളുടെ സ്രഷ്ടാവാണ് വില്യം ടർണറെന്ന് നിറച്ചേരുവകളുടെ ഇരുളും വെളിച്ചവും വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം വിമർശകർക്ക് മറുപടിനൽകുന്നുണ്ട്. ‘ഡച്ച് കലാശൈലി’യുടെ പ്രത്യേകതകളും സവിശേഷതയും പ്രസ്‌തുത ചിത്രത്തിൽ എങ്ങനെ സ്വാംശീകരിച്ചിരിക്കുന്നു എന്നും അദ്ദേഹം തന്റെ പുസ്‌തകത്തിൽ സൂചിപ്പിക്കുന്നു.
35‐ാം വയസ്സിൽ തന്നെ റോയൽ അക്കാദമിയിൽ പ്രൊഫസറായ ടർണർ നാൽപതുവർഷത്തിലധികം സ്ഥാപനത്തിൽ തുടർന്നു. 1851 ഡിസംബർ 19ന് കലാലോകത്തോട് അദ്ദേഹം വിടപറഞ്ഞു. l






