പാപ്പാ ഉമാനാഥ്‌

ഗിരീഷ്‌ ചേനപ്പാടി

മിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലാരാളാണ്‌. നിരവധിതവണ അവർ പൊലീസിന്റെ മർദനമേൽക്കുകയും ജയിൽവാസം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുണ്ട്‌. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ച അവർ 1989ൽ തിരുച്ചിറപ്പള്ളിയിലെ തുരുവെരുമ്പൂർ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സാമാജിക കൂടിയായിരുന്നു അവർ.

1931 ആഗസ്‌ത്‌ അഞ്ചിന്‌ തമിഴ്‌നാട്ടിലെ കാരയ്‌ക്കൽകോവിൽ പത്ത്‌ ഗ്രാമത്തിലാണ്‌ പാപ്പയുടെ ജനനം. പക്കിരിസ്വാമിയെന്നാണ്‌ പിതാവിന്റെ പേര്‌. അമ്മയുടെ പേര്‌ ലക്ഷ്‌മി അമ്മാൾ എന്നും. ധനലക്ഷ്‌മി എന്നാണ്‌ പാപ്പയുടെ യഥാർഥ പേര്‌. പാപ്പാ എന്ന വാക്കിന്‌ തമിഴിൽ കുട്ടി എന്നാണ്‌ അർഥം. ധനലക്ഷ്‌മി എന്ന ഗ്രാമീണ പെൺകുട്ടി തമിഴകത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ട പാപ്പയായി വളർന്നതിനു പിന്നിൽ ത്യാഗവും സമർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളുമുണ്ട്‌. കുട്ടിക്കാലത്ത്‌ ദാരിദ്ര്യം പാപ്പയുടെ ജീവിതത്തെ ദുരിതപൂർണമാക്കി. എന്നാൽ ആ ദുരിതത്തെയും സങ്കടക്കടലിനെയും നിശ്ചയദാർഢ്യത്തിന്റെ കരുത്തായി അവർ മാറ്റി.

പാപ്പായ്‌ക്ക്‌ ഒന്നരവയസ്സുള്ളപ്പോൾ പിതാവ്‌ പക്കിരിസ്വാമി അന്തരിച്ചു. താമസിയാതെ അമ്മ ലക്ഷ്‌മി അമ്മാളും പാപ്പായും തിരിച്ചിറപ്പള്ളിക്കടുത്ത്‌ പൊന്മലയിൽ താമസമാക്കി. അവിടെ പാപ്പായുടെ സഹോദരൻ റെയിൽവേ തൊഴിലാളിയായിരുന്നു. അമ്മ ലക്ഷ്‌മി അമ്മാൾ പപ്പടം, മുറുക്ക്‌, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങളുണ്ടാക്കി റെയിൽവേ തൊഴിലാളികൾക്ക്‌ വിറ്റു. ലക്ഷ്‌മി അമ്മാളുടെ ഈ കൊച്ചു ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ചിരുന്നവരിൽ വളരെ പ്രമുഖരായ തൊഴിലാളി നേതാക്കളുണ്ടായിരുന്നു. എം കല്യാണസുന്ദരം, ജെ പി പുരുഷോത്തമൻ, പരമശിവം, അനന്തൻ നമ്പ്യാർ, ആദികേശവലു റെഡ്യാർ… അങ്ങനെ ആ ലിസ്റ്റ്‌ നീളുന്നു.

നേതാക്കൾക്കും തൊഴിലാളികൾക്കുമെല്ലാം ഭക്ഷണം വിളമ്പി നൽകാൻ ചുറുചുറുക്കോടെ ഓടിനടന്ന്‌ പ്രവർത്തിച്ച ഒരു നാലുവയസ്സുകാരി ഉണ്ടായിരുന്നു‐ ധനലക്ഷ്‌മി. നേതാക്കളും തൊഴിലാളികളും അവളെ സ്‌നേഹവാത്സല്യങ്ങളോടെ പാപ്പാ എന്നു വിളിച്ചു. പാപ്പാ പിന്നീട്‌ പൊതുപ്രവർത്തകയും തൊഴിലാളിനേതാവും കമ്യൂണിസ്റ്റ്‌ നേതാവുമായപ്പോൾ നാട്ടുകാരാകെത്തന്നെ പാപ്പാ എന്ന്‌ സ്‌നേഹാദരങ്ങളോടെ വിളിച്ചു. പാപ്പാ പിന്നീട്‌ ധീരതയുടെയും ത്യാഗത്തിന്റെയും മറുപേരായി മാറി.

സാമ്പത്തികക്ലേശം മൂലം മൂന്നാം ക്ലാസിൽ പാപ്പായ്‌ക്ക്‌ പഠിത്തം ഉപേക്ഷിക്കേണ്ടിവന്നു. പൊന്മലയിൽ ബാലസംഘത്തിന്റെ യൂണിറ്റ്‌ പ്രവർത്തനം ആരംഭിച്ചതോടെ പാപ്പാ ബാലസംഘത്തിന്റെ സജീവ പ്രവർത്തകയായി. ബ്രിട്ടീഷ്‌ സർക്കാരിനെതിരെ നടന്ന പ്രതിഷേധപ്രകടനത്തിൽ പാപ്പായും ആവേശത്തോടെ പങ്കെടുത്തു. പ്രകടനക്കാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പാപ്പായ്‌ക്ക്‌ പ്രായപൂർത്തിയാകാത്തതിനാൽ അവരെ വെറുതെവിട്ടു.

1945ൽ ഉറയൂരിൽ ശിങ്കാരാവേലു എന്നയാൾ തന്റെ വീടിനുമുകളിൽ ചെങ്കൊടി ഉയർത്തി. അതിനെതിരെ കോൺഗ്രസ്‌ പ്രവർത്തകർ രംഗത്തുവന്നു. ചെങ്കൊടി അഴിച്ചുമാറ്റണമെന്ന്‌ അവർ ആവശ്യപ്പെട്ടു. എന്നാൽ ശിങ്കാരവേലു ആ ആവശ്യം നിരസിച്ചു. ഉയർത്തിയ ചെങ്കൊടി അവിടെത്തന്നെ പാറിക്കളിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ ഗുണ്ടകൾ അദ്ദേഹത്തിനുമേൽ ചാടിവീണു. അവർ ശിങ്കാരവേലുവിനെ കുത്തിക്കൊന്നു.

ശിങ്കാരവേലു കൊല്ലപ്പെട്ടതോടെ വ്യാപകമായ പ്രതിഷേധം അലയടിച്ചു. തൊഴിലാളികൾ മൃതദേഹവുമായി വിലാപയാത്ര നടത്തി. വിലാപയാത്രയ്‌ക്കുനേരെ പൊലീസ്‌ ആക്രമണം നടത്തി. വിലാപയാത്രയിൽ പങ്കെടുത്ത പാപ്പായ്‌ക്കും അമ്മയ്‌ക്കും പൊലീസിന്റെ ക്രൂരമായ മർദനമേറ്റു. പ്രകടനത്തിൽ പങ്കെടുത്ത ഇരുപത്‌ റെയിൽവേ തൊഴിലാളികളെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ തൊഴിലാളികൾ 1946 ജൂൺ‐ജൂലൈ മാസങ്ങളിൽ പണിമുടക്കി. പൊന്മലയിലുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ കുടുംബങ്ങളെ സംരക്ഷിക്കാൻ ഫണ്ടുപിരിവു നടത്താൻ മഹിളാസംഘം തീരുമാനിച്ചു. അതനുസരിച്ച്‌ പാപ്പായും അമ്മയും ഉൾപ്പെടെയുള്ള മഹിളാസംഘം പ്രവർത്തകർ ഫണ്ടു പിരിവ്‌ നടത്തി. പാപ്പായുടെ അമ്മയെയും മറ്റ്‌ ഏഴ്‌ വനിതാ സഖാക്കളെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ തിരിച്ചിറപ്പള്ളി ജയിലിലടച്ചു.

1948ൽ റെയിൽവേ തൊഴിലാളികളുടെ അവകാശങ്ങൾ പലതും സർക്കാർ റദ്ദാക്കി. അതിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്കാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വം നൽകിയത്‌. ആ വർഷം ഫെബ്രുവരിയിൽ പാർട്ടിയെ സർക്കാർ നിരോധിച്ചുവല്ലോ. പാർട്ടി നേതാക്കളെയും ട്രേഡ്‌ യൂണിയൻ പ്രവർത്തകരെയും കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു.

പാപ്പായും അമ്മയും താമസിയാതെ ചെന്നൈയിൽ (അന്നത്തെ മദ്രാസ്‌) എത്തി. ഈ കാലയളവിലാണ്‌ ആർ ഉമാനാഥ്‌ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നൈയിൽ എത്തിയത്‌. അവിടെവച്ചാണ്‌ പാപ്പായും ഉമാനാഥും പരിചയപ്പെടുന്നത്‌. ആ പരിചയം വളർന്നാണ്‌ ഇരുവരും വിവാഹിതരായത്‌.

1950ൽ പാപ്പായും ഉമാനാഥും ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ കഴിഞ്ഞ സ്ഥലം പൊലീസ്‌ മണത്തറിഞ്ഞു. ഒരുദിവസം പൊലീസ്‌ അവിടം വളഞ്ഞു. ഉമാനാഥും പാപ്പായും അമ്മ ലക്ഷ്‌മി അമ്മാളും അറസ്റ്റിലായി. പൊലീസിന്റെ ക്രൂരമായ മർദനങ്ങൾക്കാണ്‌ അവർ ഇരയായത്‌.

ജയിലിൽ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളാണ്‌ അരങ്ങേറിയത്‌. തെല്ലുപോലും മനുഷ്യത്വമില്ലാത്ത പെരുമാറ്റമായിരുന്നു അധികൃതരിൽനിന്നുണ്ടായത്‌. വളരെ മോശപ്പെട്ട ഭക്ഷണം, വൃത്തിഹീനമായ ജയിൽ പ്രദേശങ്ങൾ. തൊട്ടതിനും പിടിച്ചതിനുമെല്ലാം ക്രൂരമായി മർദിക്കുന്ന ജയിൽ അധികൃതർ. ജയിലിലെ ക്രൂരതകൾക്കെതിരെ പാപ്പായും ഉമാനാഥും ലക്ഷ്‌മി അമ്മാളും ഉൾപ്പെടെയുള്ള തടവുകാർ നിരാഹാരസത്യഗ്രഹം നടത്തി. തടവുകാരിൽ പലരുടെയും ആരോഗ്യനില വഷളായി. എന്നിട്ടും അധികൃതർ അനങ്ങിയില്ല. നിരാഹാരത്തിന്റെ 23‐ാം ദിവസം ലക്ഷ്‌മി അമ്മാൾ അന്തരിച്ചു.

അമ്മയുടെ വേർപാട്‌ കനത്ത ആഘാതമാണ്‌ പാപ്പായിൽ സൃഷ്ടിച്ചത്‌. ജയിലിലെ മറ്റൊരു സെല്ലിൽ അടയ്‌ക്കപ്പെട്ട പാപ്പായെ സ്വന്തം മാതാവിന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാൻപോലും ജയിൽ അധികൃതർ അനുവദിച്ചില്ല.

അധികാരികളുടെ വേട്ടയാടലുകൾക്കോ ഭീഷണികൾക്കോ ഒന്നും പാപ്പയെ തളർത്താനായില്ല. ജയിൽമോചിതയായ പാപ്പാ പൊന്മലയിലെത്തി ട്രേഡ്‌ യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായി.

1952ൽ പാപ്പായും ആർ ഉമാനാഥും തമ്മിലുള്ള വിവാഹം നടന്നു. പരസ്‌പരം മനസ്സിലാക്കിയും സ്‌നേഹിച്ചുമുള്ള അവരുടെ ജീവിതം പാർട്ടിപ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവെക്കുകയായിരുന്നു. ദമ്പതികൾ എന്നതിലുപരി സമരസഖാക്കളായിരുന്നു അവർ ഇരുവരും.

1962ൽ ഇന്ത്യ‐ചൈന അതിർത്തിസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാപ്പാ അറസ്റ്റ്‌ ചെയ്യപ്പെട്ടു.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ പാപ്പായും ഉമാനാഥും സിപിഐ എം പക്ഷത്ത്‌ ശക്തമായി നിലകൊണ്ടു. പാർട്ടി പ്രവർത്തകരിൽ മിക്കവരെയും സിപിഐ എം പക്ഷത്ത്‌ ഉറപ്പിച്ചുനിർത്താൻ ഇരുവരുടെയും കൂട്ടായ ശ്രമങ്ങൾക്ക്‌ സാധിച്ചു.

1973 മുതൽ പാപ്പാ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നതനേതാക്കളിലൊരാളാണ്‌. ആദ്യം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറിയായും പിന്നീട്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പാപ്പാ പ്രവർത്തിച്ചു. പ്രസ്ഥാനത്തെ സമരസംഘടനയായി വളർത്തിയെടുക്കുന്നതിൽ സുശീലാ ഗോപാലനൊപ്പം തോളോടുതോൾ ചേർന്ന്‌ അവർ പ്രവർത്തിച്ചു.

2002 മാർച്ച്‌ 19 മുതൽ 24 വരെ ഹൈദരാബാദിൽ നടന്ന സിപിഐ എം പതിനേഴാം പാർട്ടി കോൺഗ്രസിൽ പാപ്പാ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ മരിക്കുന്നതുവരെ അവർ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

2010 ഡിസംബർ 17ന്‌ പാപ്പാ ഉമാനാഥ്‌ അന്ത്യശ്വാസം വലിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം യു വാസുകി ഉൾപ്പെടെ മൂന്ന്‌ മക്കളാണ്‌ ഉമാനാഥ്‌‐പാപ്പാ ദമ്പതികൾക്കുള്ളത്‌. യു നേത്രാവതി, യു നിർമലറാണി എന്നിവരാണ്‌ മറ്റു മക്കൾ. l

Hot this week

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

Topics

പി ജി: തളരാതെ വായിച്ചു വളർന്നൊരാൾ

കോളേജ് ക്യാമ്പസ്സുകളും സമൂഹവും തമ്മിലുള്ള നാഭീ-നാളബന്ധം സർഗാത്മകമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അറുപതുകളിലും...

ഹെൻട്രി മൂറിന്റെ അമൂർത്ത ശിൽപങ്ങൾ

വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട്‌ സ്‌പെൻസർ മൂറിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 9

സൈബീരിയയിൽനിന്ന്‌ യൂറോപ്പിലേക്ക് ജി വിജയകുമാർ ‘‘വ്‌ളാദിമീർ ഇലിച്ചും മാർത്തോവും പൊത്രേസോവും വിദേശത്തേക്ക്‌...

വർഗസമരവും മാധ്യമങ്ങളും

ഉള്ളടക്കത്തിന്റെ കേന്ദ്രീകരണം‐ 10 2015ലെ മെയ്ക്ക് ഇൻ ഇന്ത്യ (മീഡിയ ആൻഡ് എന്റർടൈൻമെന്റ്...

കേരളം ഗാസയ്ക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല

  (ചിന്ത രവി ഫൗണ്ടേഷൻ നടത്തിയ ഗാസ ഐക്യ ദാർഢ്യ പരിപാടി തിരുവനന്തപുരത്തു...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട്...

അതിദാരിദ്ര്യ നിർമ്മാർജ്ജനവും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും

എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല...

അതിദാരിദ്ര്യ നിർമ്മാർജ്ജനം: പരിശീലന ശൃംഖല വിപുലം

ജനകീയാസൂത്രണത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും തുടർച്ചയായി മികച്ച ജന പങ്കാളിത്തത്തോടെ നടന്ന പ്രവർത്തനമാണ്...
spot_img

Related Articles

Popular Categories

spot_imgspot_img