
എല്ലാ മനുഷ്യർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് അത് തികയില്ല എന്ന് മഹാത്മാഗാന്ധി നിരീക്ഷിച്ചിട്ടുണ്ട്. വിഭവങ്ങളുടെ ക്രമം അല്ലാത്ത വിന്യാസം ചിലരെ ധനികരും മറ്റുചിലരെ ദരിദ്രരുമാക്കുന്നു എന്നുള്ളത് നമ്മുടെ മുന്നിലുള്ള വസ്തുതയാണ്. എന്നാൽ അവരിൽ ചിലർ ജീവിതം നിലനിർത്താൻ ആവശ്യമായത്ര അടിസ്ഥാന വിഭവങ്ങൾ പോലും ലഭിക്കാത്ത അത്ര അവശതയിലാണ്. അങ്ങനെയുള്ള കുടുംബങ്ങൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണെങ്കിലും, “ഇല്ല” എന്നു പറയാൻ കഴിയുന്നില്ല എന്നത് ഒരു വെൽഫയർ സ്റ്റേറ്റിലേക്കുള്ള പ്രയാണത്തിൽ നാം മറികടക്കേണ്ട ഏറ്റവും പ്രധാന കടമ്പകളിൽ ഒന്നായിരുന്നു.
ദാരിദ്ര്യത്തെ നിർവചിക്കുക വളരെ ബുദ്ധിമുട്ടാണ്. നിത്യ ജീവിതത്തിന് ആവശ്യം വേണ്ട വിഭവങ്ങൾ ലഭിക്കാതിരിക്കുക (availabilty), വ്യക്തിപരമോ സാമൂഹ്യമായോ ഉള്ള ഘടകങ്ങൾ അവ നേടുന്നതിന് തടസ്സമാവുക (accessibility), അവ നേടുന്നതിനുള്ള പണം ഇല്ലാതിരിക്കുക (affordability) എന്നിവ എല്ലാം തന്നെ ദാരിദ്ര്യത്തിന്റെ പരിധിയിൽ വരും. വിഭവങ്ങൾ പണം കൊടുത്ത് നേടാൻ കഴിയും എന്ന പൊതുകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, പണമില്ലാത്ത അവസ്ഥ അഥവാ ഫിനാൻഷ്യൽ ഡിപ്രൈവേഷൻ ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള അടിസ്ഥാനസൂചകമായി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും പണത്തിന്റെ ലഭ്യത ദാരിദ്ര്യവുമായി സമപ്പെടുത്താൻ കഴിയില്ല. ഉദാഹരണത്തിന്, പുറത്ത് ജോലിചെയ്യുന്ന മക്കൾ വയ്യാത്ത മാതാപിതാക്കൾക്ക് അയച്ചു കൊടുക്കുന്ന പണം ചിലപ്പോൾ അവർക്ക് ഭക്ഷണ ആവശ്യത്തിന് പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നു വരും. അതുപോലെ സംവിധാനങ്ങൾ തകർക്കപ്പെട്ട യുദ്ധഭൂമിയിൽ ജീവിക്കുന്ന ഒരു കുടുംബം കയ്യിൽ പണമുണ്ടെങ്കിൽ പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകാം. എങ്കിലും കണക്കുകൂട്ടാനുള്ള എളുപ്പവും വ്യാപകമായി ഉപയോഗിക്കാൻ കഴിയും എന്ന വസ്തുതയും കണക്കിലെടുത്ത് നിത്യജീവിതത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തവരെയാണ് ദരിദ്രർ എന്ന് പൊതുവിൽ പറയുന്നത്. ഇടയിൽ പറയട്ടെ, കേരളത്തിൽ ദാരിദ്ര്യത്തിന്റെ കണക്കെടുപ്പുകളിൽ പണം മാത്രം ഒരിക്കലും ഒരു അളവുകോൽ ആയിരുന്നില്ല. നാം ദാരിദ്ര്യം കണക്കാക്കിയ ഇടങ്ങളിലെല്ലാം പണത്തിന്റെ ലഭ്യതയോടൊപ്പം സാമൂഹ്യമായ പിന്നാക്കാവസ്ഥകളും കണക്കിലെടുത്തിട്ടുണ്ട്. അന്തർദേശീയമായി ലോക ബാങ്കിനെ പോലെയുള്ള സംവിധാനങ്ങളും അതിൻറെ ചുവടുപിടിച്ച് നീതി ആയോഗിനെ പോലെയുള്ള ദേശീയ സംവിധാനങ്ങളും ആണ് പൊതുവിൽ പണത്തിന്റെ ലഭ്യത ദാരിദ്ര്യത്തിന്റെ ഒറ്റ അളവുകോലായി ഉപയോഗിക്കുന്നത്. വ്യാപകമായി ഉപയോഗിക്കാൻ കഴിയും എന്നതും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും എന്നതുമാണ് ഈ കണക്കുകൂട്ടലിന്റെ പ്രധാന ആനുകൂല്യങ്ങൾ. എന്നാൽ ചിലപ്പോഴൊക്കെ, ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ എന്ന നോവലിൽ പരാമർശിക്കുന്ന മാതിരി കുരുക്കിന് പാകമായ കഴുത്തുള്ള ആളെ കൊലക്കുറ്റത്തിന് ശിക്ഷിക്കുന്നത് പോലെയാണ് പണം ഉപയോഗിച്ചുള്ള കണക്കെടുപ്പ്. പണത്തിന്റെ ലഭ്യത ദാരിദ്ര്യത്തിന്റെ ഒറ്റ അളവുകോലാണെന്ന് വാദത്തിന് സമ്മതിച്ചാലും, ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ എത്ര പണം ആവശ്യമുണ്ട് എന്നത് ഓരോ സാഹചര്യങ്ങളിലും ഓരോന്നായിരിക്കും. ഓരോ രാജ്യത്തുമുള്ള കറൻസിയുടെ മൂല്യം ചാഞ്ചാടി കളിക്കുന്ന ഒന്നാണ് എന്നതിനാൽ, ഏതാണ്ട് സ്ഥിരമായ മൂല്യമുള്ള അമേരിക്കൻ ഡോളറാണ് പലപ്പോഴും ഈ കണക്കുകൂട്ടലിൽ ഉപയോഗിക്കുക. ഓരോ രാജ്യത്തും വിഭവങ്ങളുടെ വില വ്യത്യാസം കാര്യമായിട്ടുണ്ട് എന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ പർച്ചേസബിൾ പാരിറ്റി അമേരിക്കൻ ഡോളറിൽ കണക്കാക്കുകയാണ് സാധാരണ ചെയ്യുക. അതായത് ദിവസം രണ്ട് ഡോളർ എങ്കിലും കണ്ടെത്താൻ കഴിയാത്തവർ ദരിദ്രരാണ് എന്ന് വിചാരിച്ചാൽ, ഇന്ത്യയിൽ രണ്ട് ഡോളറിന്റെ മൂല്യമായ ഏതാണ്ട് 160 രൂപ ദിവസം കണ്ടെത്താൻ കഴിയാത്തവർ ദരിദ്രരാണ് എന്ന് പറയാൻ കഴിയില്ല. കാരണം രണ്ട് ഡോളറിന് അമേരിക്കയിൽ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഒരുപക്ഷേ 50 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമായി എന്നിരിക്കും. എങ്കിൽ 50 രൂപ കണ്ടെത്താൻ കഴിയാത്തവരെ മാത്രമേ ദരിദ്രരായി കണക്കാക്കുകയുള്ളൂ. പണം എന്ന ഒറ്റ സൂചകം ഉപയോഗിച്ച് ദാരിദ്ര്യം കണക്കാക്കുന്നതിൽ പോലുമുള്ള ചില സങ്കീർണതകൾ മേൽ സൂചിപ്പിച്ചു എന്നു മാത്രമേയുള്ളൂ. മറ്റ് ഒരുപാട് പ്രശ്നങ്ങൾ ഈ കണക്കുകൂട്ടലുകളിൽ ഉണ്ട്. ഒരു രാജ്യത്ത് എത്ര ശതമാനം ദരിദ്രരുണ്ട് എന്നതുപോലെയുള്ള കണക്കുകളിൽ പണത്തിന്റെ ലഭ്യത ദാരിദ്ര്യത്തിന്റെ അളവുകോലായി ഉപയോഗിക്കാമെങ്കിലും ദരിദ്രരെ, പ്രത്യേകിച്ചും അതി ദരിദ്രരെ കണ്ടെത്തി പുനരോധിവസിപ്പിക്കുന്ന പ്രക്രിയകളിൽ പണം മാത്രം ഒരു അളവുകോലായി ഉപയോഗിക്കാൻ കഴിയില്ല. കാരണം, ശാരീരിക, മാനസിക, സാമൂഹിക അവശതകൾ പണം ഉപയോഗിച്ച് പൂർണ്ണമായും നിവർത്തിക്കാൻ കഴിയില്ല.
ദാരിദ്ര്യം എന്നതിനെ തന്നെ നിർവചിക്കുകയും കണക്കാക്കുകയും ചെയ്യുക എന്നത് ദുഷ്കരമാണെന്ന് ഇരിക്കെ അതിദാരിദ്ര്യം എന്നതിന് ദേശീയമായ അന്തർദേശീയമോ ആയ ഒറ്റ മാനദണ്ഡം കൊണ്ടുവരിക അസാധ്യമാണ്. സെൻസസ് സർവ്വേകളിലും മറ്റും ഏറ്റവും കുറച്ച് മാത്രം വരുമാനവും സൗകര്യങ്ങളുമുള്ള അഞ്ചിൽ ഒരു കുടുംബത്തെ (ലോവെസ്റ്റ് ക്വിന്റയിൽ) ആപേക്ഷികമായി ദരിദ്രർ എന്ന് കണക്കാക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഏറ്റവും അവശത അനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനായി മറ്റൊരുകൂട്ടം സൂചകങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഇവ ഒന്നും തന്നെ അതിദാരിദ്ര്യത്തിന്റെ ഗോൾഡ് സ്റ്റാൻഡേർഡ് നിർവ്വചനങ്ങൾ അല്ല. സമൂഹങ്ങളിൽ വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തിൽ അങ്ങേയറ്റം അവശത അനുഭവിക്കുന്ന ആളുകളെ കണ്ടെത്താനും അവരുടെ അവശതകളുടെ കാരണം ആരായാലും മിക്ക അവസരങ്ങളിലും അവ പരിഹരിക്കാനും അത്തരം അവസ്ഥ ഭാവിയിൽ ഉടലെടുക്കാതെ കാക്കാനും ദേശീയ/അന്തർദേശീയ നിർവ്വചനങ്ങൾ ആവശ്യമില്ല എന്നതാണ് മാത്രമല്ല, നമ്മുടെ സവിശേഷ സാഹചര്യങ്ങളിൽ അത് അത്ര ഉപയോഗപ്രദം ആകണം എന്നുമില്ല. അതിദാരിദ്ര്യം എന്നതിന്റെ എന്തെങ്കിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി സാങ്കേതികമായി സമത്വം പാലിക്കുക എന്നതല്ല ഇവിടുത്തെ ലക്ഷ്യം. കേരളത്തിന്റെ നിലനിൽക്കുന്ന സാമൂഹിക സാമ്പത്തിക ഭൂമികയിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന ആളുകളെ കണ്ടെത്തുന്നതിനും അത് പരിഹരിക്കുന്നതിനും രീതിശാസ്ത്രവും സൂചകങ്ങളും ശാസ്ത്രീയമായി രൂപപ്പെടുത്തുകയും അത് സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാക്കുകയും ലക്ഷങ്ങൾ നിർവചിക്കുകയും അത് സമയബന്ധിതമായി നേടിയെടുക്കുകയും ചെയ്തു എന്നതിലാണ് കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ വിജയം. ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യ സ്ഥാനത്തേക്കുള്ള ആദ്യ കടമ്പ കടന്നു എന്നത് മാത്രമാണ് അതിദാരിദ്ര്യനിർമാർജനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആ പടിയുടെ ഉയരം എത്രയാണ് എന്നത് കാലേക്കൂട്ടി നിർവചിക്കപ്പെട്ടതും കേരള സമൂഹത്തിന്റെ മുന്നിലുള്ളതുമാണ്. അറുപത്തിനാലായിരത്തിൽ ചില്വാനം കുടുംബങ്ങളെ കൈപിടിച്ചുയർത്തുക എന്നത് തീർച്ചയായും ഒരു ചെറിയ കടമ്പയല്ല.
നാം നടപ്പിലാക്കിയ അതിദാരിദ്ര്യനിർമ്മാർജ്ജനയജ്ഞത്തിന്റെ വിശദവിവരങ്ങളും രീതിശാസ്ത്രവും ഈ സമാഹാരത്തിൽ പലയിടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ടാകും എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. കുടുംബങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും വ്യാപകമായി ഉപയോഗിക്കപ്പെട്ട ഒരു ടൂൾ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളാണ്. ഇത്തരം ഒരു പ്രവർത്തനത്തിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ ഉപയോഗിക്കുന്നത് ശാസ്ത്രീയവും നൈതികവും അല്ല എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചില പരാമർശങ്ങൾ കാണുകയുണ്ടായി. സത്യത്തിൽ ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനുകളാണ് നമ്മുടെ അതിദാരിദ്ര്യ നിർമാർജന യജ്ഞവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ശാസ്ത്രീയവും വിവരാതിഷ്ടവും ഉപഭോക്താവിന്റെ ആവശ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ ഉണ്ടാകുന്നതുമാക്കാൻ ഏറ്റവുമധികം സഹായിച്ച ഘടകങ്ങളിൽ ഒന്ന്. പൊതുവിൽ ലഭ്യമല്ലാത്ത അറിവുകളോ വിവരങ്ങളോ കൈവശമുള്ള ആളുകൾ കൃത്യമായ ലക്ഷ്യങ്ങൾ മുൻനിർത്തി തമ്മിൽ നടത്തുന്ന ചർച്ചകളാണ് പൊതുവിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗവേഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനാണ് ഇത് മിക്കപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ പാർട്ടിസിപ്പേറ്ററി ആക്ഷൻ റിസർച്ച് എന്ന് പൊതുവിൽ അറിയപ്പെടുന്ന പങ്കാളിത്ത ഗവേഷണ പ്രവർത്തനങ്ങളിൽ വിവരശേഖരണത്തോടൊപ്പം പ്രശ്നപരിഹാരത്തിനു വേണ്ടിയും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ അത്യന്തം ഉപയോഗപ്രദമായ ടൂളുകളാണ്, ഒരു കത്രിക പോലെ. കത്രിക മുടി വെട്ടുന്നതിന് ഉപയോഗിക്കണോ പേപ്പർ മുറിക്കുന്നതിന് ഉപയോഗിക്കണോ എന്നത് അത് ഉപയോഗിക്കുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ചിരിക്കും, അതനുസരിച്ചുള്ള വ്യത്യാസങ്ങൾ കത്രികയിൽ വരുത്തണമെന്നു മാത്രം. സാധാരണ ഗവേഷണ പ്രവർത്തനങ്ങളിൽ പരിമിതമായ എണ്ണം ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ മാത്രമേ നടത്താറുള്ളൂ. വളരെ ഗഹനമായ നൂതന പ്രശ്നങ്ങളുടെ ചുരുളഴിക്കുന്നതിന് നടത്തുന്ന ഗ്രൗണ്ടഡ് തിയറി ഗവേഷണ പ്രവർത്തനങ്ങളിൽ പോലും നൂറിലധികം ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ അപൂർവ്വമാണ്. എന്നാൽ ഇവിടെ 64000 ൽ ചില്വാനം തനതായ പ്രശ്നങ്ങൾ, ഓരോന്നും അതിൻറെ തായ് രീതിയിൽ വ്യത്യാസമായവയായാണ് നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. പ്രശ്നങ്ങളെയും അവയുടെ പരിഹാരങ്ങളെയും പരിഹരിക്കാൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥയുടെയും സംവിധാനങ്ങളുടെയും കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നതിന് പകരം ആരാണോ ആ പ്രശ്നങ്ങൾ നേരിടുന്നത് അതിന്റെ പരിഹാരമാർഗ്ഗങ്ങൾ അവരോട് തന്നെ ആരായും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന പിന്തുണ സംവിധാനമായി ഉദ്യോഗസ്ഥരും സംവിധാനങ്ങളും മാറുകയും ചെയ്യുക എന്നതാണ് പൊതുവിൽ പാർട്ടിസിപ്പേറ്ററി മാർഗ്ഗത്തിലൂടെയുള്ള പ്രശ്നപരിഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി അതിദാരിദ്ര്യം എന്ന അവസ്ഥയിൽ നിന്നും കരകയറുന്നതിന് ഏത് രീതിയിലാണ് കുടുംബങ്ങളെ സഹായിക്കാൻ കഴിയുക എന്നത് അവരോട് അത്യധികം പ്രാധാന്യമുള്ള ഘടകമാണ്. തീർച്ചയായും ഇത്തരം ഒരു പ്രവർത്തനമാണ് കൂടുതൽ നൈതികം, അല്ലാതെ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിലൂടെ മാത്രം പ്രശ്നങ്ങളെ കാണുകയും ഇവയാണ് അതിനുള്ള പരിഹാരം എന്ന് ഉന്നത തരത്തിൽ തീരുമാനിക്കുകയും ചെയ്യുന്നതല്ല. അതിദാരിദ്ര്യവുമായി ബന്ധപ്പെട്ട നൈതികതയെ, വ്യക്തിയുടെ സ്വകാര്യത എന്ന ഒറ്റ ലെൻസിലൂടെ നോക്കുന്ന കാഴ്ചകളാണ് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടത്. എന്നാൽ പ്രശ്നപരിഹാരത്തിന് അപരന്റെ നേർക്ക് കൈനീട്ടുന്നതിന് പകരം സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്ന ശാക്തീകരണമാണ് ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിൽ നടന്നത്. പ്രാരാബ്ധങ്ങളുടെ നാടുചുഴിയിൽ അലയുന്ന ആളുകളോട് ഞങ്ങൾക്ക് എങ്ങനെ നിങ്ങളെ സഹായിക്കാൻ കഴിയും എന്ന് ചോദിക്കുന്നതാണ് നൈതികത, അല്ലാതെ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ആ ചോദ്യം ഒഴിവാക്കി അവർക്ക് സത്യത്തിൽ ആവശ്യമില്ലാത്ത ഒരു സഹായം ചെയ്യുന്നതല്ല.
അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിനായി ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തിയ ആദ്യ ഇടമല്ല കേരളം. അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു തന്ത്രമാണ്. എന്നാൽ പൊതുവായ പരിമിത എണ്ണം ചർച്ചകൾക്ക് പകരം, ഓരോ കുടുംബവും അനുഭവിക്കുന്ന സവിശേഷ സാഹചര്യങ്ങൾ ഓരോന്നായി വിലയിരുത്തുകയും ഓരോ കുടുംബത്തെയും ശക്തിപ്പെടുത്തുന്നതിനായി ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തുകയും ചെയ്തിട്ടുള്ള പ്രദേശങ്ങൾ ഇല്ല എന്ന് തന്നെ പറയാം. അതിനാൽ വികസനവുമായും ദാരിദ്രനിർമാർജനവുമായും ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഈ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങൾ കൈമാറുകയാണ് വേണ്ടത്. തീർച്ചയായും അത്തരം ഒരു കൈമാറ്റത്തിന് മുൻപ് വ്യക്തിഗതമായ വിവരങ്ങൾ ഒഴിവാക്കുകയും ആളുകളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യണം. മേൽപ്പറഞ്ഞ രീതിയിലുള്ള പഠനങ്ങൾ കേരളത്തിൻറെ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളെ ബഹുദൂരം മുന്നിലേക്ക് നയിക്കും എന്നതിൽ സംശയമില്ല.





