
വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്‌മണ്ട് സ്‌പെൻസർ മൂറിന്റെ ഇളയ മകനായി 1898 ജൂലൈ 30ന് ഹെൻട്രി മൂർ ജനിച്ചു. ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ചിത്രവരയിൽ തൽപരനായ ഹെൻട്രിയെ അധ്യാപകർ ശ്രദ്ധിച്ചിരുന്നു. ചിത്രങ്ങൾ വരച്ചുതുടങ്ങിയ അദ്ദേഹം മൈക്കലാഞ്ചലോ ശിൽപങ്ങളുടെ കാഴ്‌ചയിൽനിന്നാണ് ശിൽപകലയിലേക്ക് മാറുന്നത്. പിതാവിന്റെ ആഗ്രഹപ്രകാരം മനസ്സില്ലാമനസ്സോടെ സ്‌കൂൾ അധ്യാപകനാകാനുള്ള കോഴ്‌സിന് ചേർന്നു. 1916ൽ രണ്ടാംലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കോഴ്‌സ് മുടങ്ങി, ഹെൻട്രി ബ്രിട്ടീഷ് പട്ടാളത്തിൽ അംഗമായി. യുദ്ധാവസാനം അദ്ദേഹത്തിന് ലഭിച്ച ഗ്രാന്റിൽനിന്നാണ് കലാപഠനത്തിന് സ്‌കൂൾ ഓഫ് ആർട്ട്‌സിൽ ഹെൻട്രി മൂർ തുടക്കംകുറിക്കുന്നത്; തുടർന്ന് ശിൽപകലാപഠനത്തിലേക്കും. വിഖ്യാത ചിത്രകാരന്മാരുടെ ആധുനികശൈലിയിലുള്ള ചിത്രങ്ങളുടെ കാഴ്‌ചാനുഭവങ്ങളിൽനിന്നാണ് ഹെൻട്രി മൂർ ശിൽപരചനയിൽ സജീവമാകുന്നതും റോയൽ കോളേജ് ഓഫ് ആർട്ട്‌സിൽ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിക്കുന്നതും. പഠനകാലത്ത് പാരമ്പര്യ‐യഥാതഥമായ ശിൽപകലാ ശൈലിയേക്കാൾ ആധുനിക ശിൽപകലാരീതികളോടാണ് അദ്ദേഹം താൽപര്യം കാണിച്ചത്. ആയിടയ്‌ക്കാണ് റോയൽ കോളേജ് ഓഫ് ആർട്ട്‌സിൽ പാർട്ട്‌ടൈം അധ്യാപകനായി ജോലി ലഭിക്കുന്നത്. തുടർന്ന് ഫ്രാൻസിലും ഇറ്റലിയിലും പഠനപര്യടനം നടത്താനുള്ള സ്‌കോളർഷിപ്പ് ലഭിച്ചു. ആ യാത്രകൾ തന്റെ കലാസപര്യയെ കൂടുതൽ സ്‌ഫുടം ചെയ്തെടുക്കുന്നതിന് സഹായകമായിയെന്ന് അദ്ദേഹം പറയുന്നു.
ചാഞ്ഞുകിടക്കുന്ന സ്‌ത്രീകൾ എന്ന ആധുനിക ശൈലിയിലുള്ള ആദ്യശിൽപം 1926ൽ ഹെൻട്രി മൂർ രൂപകൽപന ചെയ്‌തു. ക്യൂബിസ്റ്റ് ശൈലീസങ്കേതങ്ങളുടെ സ്വാധീനവും പ്രാചീന റോമൻ ശിൽപങ്ങളുടെ പിൻബലവും ഈ ശിൽപത്തിൽ തെളിയുന്നതായി നിരൂപകർ അഭിപ്രായപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ അക്കാല രചനയായ അമ്മയും കുഞ്ഞും പരമ്പരയിലും ഇതു കാണാം. സ്‌ത്രീ‐പുരുഷ രൂപങ്ങളിലെ പുതു രൂപപരിണാമ കാഴ്‌ചകൾ പ്രകൃതിയുടെ ഒഴുക്കുകളിലൂടെയുള്ള താളാത്മക യാത്രകളായി മാറുകയായിരുന്നു.
കലയുടെ യഥാർഥ ലക്ഷ്യത്തെയും സാധ്യതകളെയും പറ്റിയുള്ള അവബോധം പകരുന്നതോടൊപ്പം വാസ്‌തുശിൽപകലയിലും ചിത്രശിൽപകലയിലും പ്രകടമാകുന്ന ആധുനിക പ്രവണതകളെ സ്വാംശീകരിച്ച്, ആസ്വാദകരിലേക്ക് ആധുനികകല എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി കലാകാരരുടെ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. അത്തരം പരിശ്രമങ്ങളിലൂടെയുള്ള സഞ്ചാരവഴിയായിരുന്നു അമൂർത്ത രൂപനിർമിതികളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഫിഗറേറ്റീവ് രൂപങ്ങളിൽനിന്നുള്ള രൂപപരിണാമ പ്രക്രിയ കൂടിയായിരുന്നു അദ്ദേഹത്തിന്റെ അമൂർത്ത രൂപനിർമിതികൾ. ഇവിടെ പ്രകൃതി/ഭൂഭാഗ പശ്ചാത്തലങ്ങളിൽനിന്ന് ഇഴചേർന്ന അമൂർത്ത രൂപങ്ങളാണ് അദ്ദേഹത്തിന്റെ ശിൽപങ്ങളിൽ രൂപംകൊള്ളുന്നത്.
അമൂർത്ത ശിൽപങ്ങളുടെ സ്രഷ്ടാവെന്ന നിലയിൽ പത്രമാധ്യമങ്ങളും കലാനിരൂപകരും ഹെൻട്രി മൂറിനെ വിമർശിച്ചു. ഇതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. അദ്ദേഹം സ്വതന്ത്രമായി തന്റെ കലാസൃഷ്ടികളിലൂടെ തന്റെ സർഗയാത്ര തുടർന്നുകൊണ്ടേയിരുന്നു.
ഹെൻട്രി മൂറിന്റെ ചിത്രങ്ങളിൽ, രേഖാചിത്രങ്ങൾ ശ്രദ്ധേയമാണ്. യുദ്ധകാല ഭീകരതയിൽ ആരംഭിച്ച ഷെൽട്ടർ ഡ്രോയിംഗുകളും കാസ്റ്റിൽഫോർഡ് കൽക്കരി ഖനി തൊഴിലാളികളുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ശിൽപങ്ങൾപോലെ തന്നെ ചിത്രകലാരംഗത്തെ മികവിന്റെ ഉദാഹരണമായി കലാസ്വാദകർ വിലയിരുത്തുന്നു. അസ്വസ്ഥരും പീഡിതരുമായ ഖനിത്തൊഴിലാളികളുടെ ജീവിതം പകർത്തിയ ചിത്രങ്ങൾ സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നവയാണ്.
ഹെൻട്രി മൂറിന്റെ ശ്രദ്ധേയമായ ശിൽപപ്രദർശനം 1946ൽ ന്യൂയോർക്ക് സിറ്റിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലാണ് സംഘടിപ്പിക്കപ്പെട്ടത്. കലാലോകത്തിന്റെ പ്രശംസപിടിച്ചുപറ്റിയ അദ്ദേഹത്തിന് 1948ലെ വെനീസ് ബിനാലെയിൽ പുരസ്‌കാരം ലഭിച്ചതോടെയാണ് ഹെൻട്രി മൂർ യൂറോപ്പിലാകെ പ്രശസ്‌തനായത്. ഇറ്റലി, ചിക്കാഗോ എന്നീ രാജ്യങ്ങൾ കലാരംഗത്തെ പരമോന്നത ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചു. ന്യൂയോർക്കിലെ ലിങ്കൺ സെന്ററിനു വേണ്ടിയും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലേക്കും ചെയ്‌ത ശിൽപങ്ങളും അദ്ദേഹത്തിന്റെ പ്രമുഖ രചനകളിൽപെടുന്നു. മഡോണ ആന്റ് ചൈൽഡ്, കിംഗ് ആന്റ് ക്വീൻ, വാരിയർ വിത്ത് ഷീൽഡ്, റീക്ലൈനിംഗ് ഫിഗർ, ഇറ്റലിയിലെ കരാരയിൽ കരിങ്കല്ലിൽ ചെയ്‌ത ഗാർഡൻ ശിൽപങ്ങളടക്കം ഹെൻട്രി മൂറിനെ വിശ്വോത്തര കലാകാരപദവിയിലേക്കുയർത്തിയ മികച്ച രചനകളിൽ ചിലതുമാത്രമാണ്. നിരവധി ഏകാംഗ ശിൽപപ്രദർശനങ്ങളും വിവിധ രാജ്യങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. 1986 ആഗസ്‌ത് 31ന് എൺപത്തിയെട്ടാം വയസിൽ ഹെൻട്രി മൂർ നിര്യാതനായി.
ഫാമിലി ഗ്രൂപ്പ്
കുടുംബജീവിതത്തിലും ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയിരുന്ന ഹെൻട്രി മൂർ കുടുംബമെന്ന മനോഹരമായ സങ്കൽപത്തെ എക്കാലവും ചേർത്തുപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവാഹത്തിന് 14 വർഷങ്ങത്തിനുശേഷം ജനിച്ച ഏക മകളുടെ വേർപാട് (പതിനാറാം വയസ്സിൽ) അദ്ദേഹത്തെ തളർത്തി. കുടുംബബന്ധങ്ങളുടെ പ്രാധാന്യം തുളുന്പുന്നതും ഉൾക്കരുത്ത് പ്രകടമാക്കുന്നതുമായ ശിൽപങ്ങൾക്ക് അദ്ദേഹം പ്രാധാന്യം കൊടുത്തത് ഈ കാലത്താണ്. നവീനമായ കാഴ്‌ചയുടെ പൂർണത ദർശിക്കുന്നവയായിരുന്നു ഫാമിലി ഗ്രൂപ്പ് പരന്പരകൾ. നിരന്തരമായി വരച്ച രേഖാചിത്രങ്ങളിൽനിന്ന് പുതുരൂപങ്ങൾ ശിൽപങ്ങളിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു പിന്നീട്. ആദ്യ മോഡലുകൾ കളിമണ്ണിലും ലോഹത്തിലുമായി ആവർത്തിച്ച് ചെയ്‌തശേഷമാണ് അവസാന രൂപത്തിലേക്ക് അദ്ദേഹം എത്തിയത്. ഫിഗറേറ്റീവ് രൂപങ്ങളിൽനിന്നും ഭൗതിക (വസ്‌തു) രൂപങ്ങളിൽനിന്ന് സ്വാംശീകരിച്ച മാതൃകകളിൽ പ്രകൃതിയുടെ താളഭംഗി നിലനിർത്തിയാണ് ശിൽപപരന്പരകൾ അദ്ദേഹം പൂർണതയിലെത്തിച്ചത്. മാനുഷികമൂല്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നവയായിരുന്നു ഈ ശിൽപങ്ങളെല്ലാം. പ്രകൃതിക്കനുയോജ്യമായ ജനങ്ങളിഷ്ടപ്പെടുന്ന വലിയ ശിൽപങ്ങളും ഈ വിഷയം കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റേതായുണ്ട്. l





