അടിത്തട്ട് മനുഷ്യരുടെ ഫെമിനിസ്റ്റ് ബോധ്യപ്രപഞ്ചം വികസിക്കുന്ന വിധം

സിനു സീനത്ത്

ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിൽനിന്നും

ഫെമിനിസം സിദ്ധാന്തം എന്ന നിലയിൽ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ഒരു പുത്തൻ അവബോധം സൃഷ്ടിക്കാൻ മനുഷ്യർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്ത ഒരനുഭവമാണ്. അതിൻ്റെ പരിണാമ വളർച്ച സംവാദങ്ങളുടെയും വിമർശനങ്ങളുടെയും കൂട്ടിച്ചേർക്കലുകളുടേതുമാണ്. എന്നിട്ടും കേരളമടക്കമുള്ള പല ആധുനിക ജനാധിപത്യ സമൂഹങ്ങളിലും ഫെമിനിസം എന്ന സാമൂഹിക വ്യവഹാരത്തെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകളും അബദ്ധജടിലങ്ങളായ മുൻവിധികളുമുണ്ട്. പുരുഷവിരുദ്ധതയുടെയും നിഗ്രഹത്തിന്റെയും (Destruction) അനുഭവമാണ് ഫെമിനിസം എന്നും ഫെമിനിസം എല്ലാ തരത്തിലും കലാപം സൃഷ്ടിക്കുന്നത് – വിമോചനം സാധ്യമാക്കുന്നത് തിരസ്കാരങ്ങളിലൂടെയാണ് എന്നുമുള്ള ഒരു അവബോധം പുരുഷാധിപത്യ സമീപനങ്ങളുടെ കൂടി ഭാഗമായി കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് റിമ കല്ലിങ്കൽ തന്റെ കൗമാരകാലത്ത് വീട്ടിൽ ഡൈനിങ് ടേബിളിൽ അനുഭവിക്കേണ്ടിവന്ന വിവേചനത്തെക്കുറിച്ച് പറയുമ്പോൾ നമുക്കത് അംഗീകരിക്കാനാകാത്തതും അതൊരു ഫലിത ബിന്ദുവായി സാമാന്യ മലയാളികൾക്ക് അനുഭവപ്പെട്ടതും.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

മലയാളത്തിൽ ഫെമിനിസ്റ്റ് മൂല്യങ്ങൾ പ്രമേയമായ നിരവധി ചലച്ചിത്രങ്ങൾ വന്നിട്ടുണ്ട്; പ്രത്യേകിച്ചും സമകാലീന മലയാള സിനിമകളിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ച’നും ‘ജയ ജയ ജയ ജയ ഹേ’യും ‘ഉയരെ’യും ‘ഉള്ളൊഴുക്കും’ അടക്കം പുതിയ കാലം ഇരുകൈയും നീട്ടി സ്വീകരിച്ച നിരവധി ചലച്ചിത്രാനുഭവങ്ങൾ നമുക്കുണ്ട്. മുഖ്യധാര മലയാള ചലച്ചിത്രങ്ങൾ ഫെമിനിസം എന്ന സങ്കൽപ്പത്തെ, വ്യവഹാരത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് കാണാം. എന്നാൽ, ഫെമിനിസത്തെ സംബന്ധിച്ച് ഇതുവരെ നാം പുലർത്തിയ സാമാന്യധാരണകളെ അട്ടിമറിക്കുകയും ഫെമിനിസത്തിന് സ്ത്രീ ശാക്തീകരണത്തിന്റെ അനുഭവമാകുമ്പോൾ തന്നെ – എല്ലാത്തരത്തിലുമുള്ള പുരുഷ മേധാവിത്വ വിശ്വാസങ്ങളോടുമുള്ള കലഹമാകുമ്പോൾ തന്നെ അതിന് ലളിതമായിരിക്കാനും ജനകീയമായിരിക്കാനും കഴിയുമെന്ന് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചലച്ചിത്രം കാണിച്ചുതരുന്നു.

ജയ ജയ ജയ ജയഹേ

അതോടൊപ്പം പൊതുവിൽ ഏറ്റവും ദുർബല എന്ന് വിശ്വാസ സമൂഹങ്ങളാൽ കരുതപ്പെടുന്ന അടിത്തട്ട് സ്ത്രീയിലൂടെ ആരംഭിക്കുകയും പരിണമിക്കുകയും വളരുകയും ചെയ്യാൻ ഫെമിനിസത്തിന് കഴിയും എന്ന് മലയാളികളെ ഓർമ്മിക്കാൻ കഴിയുന്നു എന്നതുമാണ് ഈ ചലച്ചിത്രത്തിന്റെ സവിശേഷത.

‘സാധാരണ ഫാത്തിമ’യിൽ നിന്ന് ‘ഫെമിനിസ്റ്റ് ഫാത്തിമ’യിലേക്കുള്ള മലബാറിലെ ഇടത്തരം കുടുംബത്തിലെ മുസ്ലിം പെൺകുട്ടിയുടെ ജീവിത പരിണാമമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. എങ്ങനെയാണ് വിശ്വാസ സമൂഹങ്ങളിലും മത പൗരോഹിത്യത്തിന്റെ ബോധ്യങ്ങളിലും ആൺഭരണമുള്ള വീടുകളിലും സാധാരണ സ്ത്രീകൾ ശ്വാസം മുട്ടുന്നത് എന്ന അന്വേഷണം മലയാളചലച്ചിത്രം ഇവിടെ ആരംഭിക്കുന്നു എന്ന് തന്നെ പറയാം. എങ്ങനെയാണ് ഗാർഹസ്ത്യം ഇത്തരം സ്ത്രീകളുടെ നിത്യജീവിതത്തിലെ ഇടപെടലുകളുടെ, അവരുടെ തന്നെ ജീവിത സ്വപ്നങ്ങളെയും വ്യവഹാരങ്ങളയും അവരുടെ നിയന്ത്രണത്തിന് അതീതമാക്കുന്നത് എന്നും ഈ ചലച്ചിത്രം ഏറ്റവും ഭംഗിയായി കാണിച്ചുതരുന്നു.

ഉള്ളൊഴുക്ക്

ഫെമിനിസത്തെ സംബന്ധിച്ച്, ഒരു അവബോധതലത്തിൽ അത് പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് ഏറ്റവും സൂക്ഷ്മവും മൗലികവുമായ ചില നിരീക്ഷണങ്ങൾ ഫെമിനിച്ചി ഫാത്തിമ മുന്നോട്ട് വെക്കുന്നുണ്ട്. ഉപേക്ഷിച്ചു പോകലോ തിരസ്കാരമോ അല്ല യഥാർത്ഥ കലാപമെന്നും അത് ആന്തരികമായി ഒരു സ്ത്രീ ശാക്തീകരിക്കപ്പെടുമ്പോഴാണ് പൂർണാർത്ഥത്തിൽ സാധ്യമാകുന്നത് എന്നും ഈ ചലച്ചിത്രം പറയുന്നു. അത് അവളുടെ നിലപാടുകളിൽ, വർത്തമാനങ്ങളിൽ, സ്വപ്നങ്ങളിൽ, പ്രയോഗങ്ങളിൽ, അവൾ വെക്കുന്ന കാലടികളിൽ അവൾ സ്വയം തിരിച്ചറിയുന്നത് മുതൽ ആരംഭിക്കുന്നു. അത് തുടരുന്നതാകട്ടെ സ്വന്തം ശരീരത്തിനും പ്രവർത്തികൾക്കും സ്വപ്നങ്ങൾക്കും മേൽ തനിക്ക് മാത്രമാണ് പരമാധികാരം എന്ന് തിരിച്ചറിയുന്നതിലൂടെയുമാണ് സാധ്യമാകുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം അടക്കം പുരുഷാധിപത്യത്തോട് കലഹിക്കാൻ സ്ത്രീക്ക് എല്ലാകാലവും ആയുധമാക്കാൻ കഴിയുന്ന സാമ്പത്തിക – വിദ്യാഭ്യാസ സ്വാതന്ത്യമടക്കം എല്ലാ സാധ്യതകളെയും ഒരു സ്ത്രീ എങ്ങനെയാണ് സ്വാംശീകരിക്കുന്നതാണെന്നും അത്തരമൊരു സ്വാംശീകരണം അവളെ സ്വയം പ്രചോദിപ്പിക്കുന്നത് എന്നും ഈ ചലച്ചിത്രം കൃത്യമായി ആവിഷ്കരിക്കുന്നു. അതിനാടകീയതയുടെയും അസാധാരണത്വത്തിന്റെയും കാഴ്ചവട്ടങ്ങളിലൂടെയല്ല ഇവിടെ ഫെമിനിസം ഒരു പ്രായോഗിക പാഠം എന്ന നിലയിൽ സ്വയം അനാവൃതമാകുന്നത്. മറിച്ച് ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു തിരിച്ചറിയലായി ഒരു സാധ്യതയായാണ് ആവിഷ്കരിക്കപ്പെടുന്നത്.

ഈ ചലച്ചിത്രത്തിന്റെ സവിശേഷത ഈ ചലച്ചിത്രം പ്രസംഗ സിനിമയല്ല എന്നതാണ്. ഈ ചലച്ചിത്രം രാഷ്ട്രീയം പ്രസംഗിക്കുന്നില്ല. ഈ സിനിമ ഫെമിനിസത്തെ ഒരു സിദ്ധാന്തമായും ഫെമിനിസത്തെ ഒരു ഉപരി മധ്യവർഗ അനുഭവമായും വിപ്ലവവത്കരിക്കുന്നില്ല. പകരം എങ്ങനെയാണ് അടിത്തട്ടു മനുഷ്യരുടെ ജീവിതത്തിൽ, അവരുടെ സ്വയം പര്യാപ്തതയിൽ, അവരുടെ സ്വപ്നങ്ങളിൽ, അവരുടെ സംഘർഷങ്ങളിൽ, അവരുടെ വ്യക്തിത്വവികാസത്തിൽ ഒക്കെയും ഫെമിനിസ്റ്റ് ബോധ്യപ്രപഞ്ചങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് ഈ ചലച്ചിത്രം അന്വേഷിക്കുന്നത്. കേന്ദ്രകഥാപാത്രമായ ഫാത്തിമ കേരളത്തിലെ ഏതൊരു മധ്യവർഗ്ഗ – ശരാശരി വിശ്വാസ പ്രമാണങ്ങളിൽ അധിഷ്ഠിതമായി ജീവിക്കുന്ന കുടുംബങ്ങളിലെ ഭാര്യമാരുടെയും അമ്മമാരുടെയും പ്രതീകമാണ്. കഥാപാത്രത്തിന് ഫാത്തിമ എന്ന പേരിന് പകരം ഏതൊരു പേര് നൽകിയാലും ഏതൊരു സാമൂഹിക അനുഭവങ്ങളിലേക്കും പരിവർത്തനം ചെയ്യാൻ പറ്റുന്ന കഥയായി ഈ ചലച്ചിത്രം മാറുന്നു. എങ്കിലും ആത്യന്തികമായി ആണധികാരത്തോട് കലഹിക്കുയും ആ കലഹത്തിൽ നർമ്മം ഒരു മാധ്യമമായി ഉപയോഗിക്കുകയും ചെയ്യുന്ന വിപ്ലവം എന്നത്, വിമോചനം എന്നത് ആത്യന്തികമായി സ്വയം തിരിച്ചറിയലാണെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഫെമിനിസത്തിന്റെ അവബോധ പ്രപഞ്ചത്തെ കൂടുതൽ വിസ്തൃതമാക്കുന്ന ഒരു കാഴ്ചാനുഭവമാണ് ഫെമിനിച്ചി ഫാത്തിമ. ഈ ചലച്ചിത്രം കൂടുതൽ കാഴ്ചക്കാരെ അർഹിക്കുന്നു. കൂടുതൽ പുരസ്കാരങ്ങൾ വിവിധ ചലച്ചിത്രമേളകളിലും കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലും ഈ ചലച്ചിത്രം നേടുമ്പോൾ ആത്യന്തികമായി പുതിയ കാഴ്ചക്കാരെ ഈ സിനിമയ്ക്ക് ലഭിക്കും എന്നും ആ കാഴ്ചാനുഭവം ഒരു സാംസ്കാരിക അനുഭവവും വിദ്യാഭ്യാസ അനുഭവവുമായി നമ്മളെ മെച്ചപ്പെട്ട സ്ത്രീപക്ഷ മനുഷ്യരാക്കുമെന്നുമാണ് ഒരു ചലച്ചിത്രപ്രേമി എന്ന നിലയിൽ എന്റെ പ്രതീക്ഷ.

Hot this week

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

Topics

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ...

മരിച്ചവർക്കായുള്ള കവിത

ഡീയസ് ഇ‍ൗറേ എന്ന ലാറ്റിൻ വാക്കിന്റെ അർഥം മരിച്ചവർക്ക്‌ വേണ്ടിയുള്ള കവിത...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ...

സ്ഥാപനഭഞ്ജകനായ കെ ലോലൻ

സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ...

അമേരിക്കയിലെ സോഷ്യലിസ്റ്റ് മേയർ

ആഗോളമുതലാളിത്തത്തിന്റെ തലസ്ഥാനമാണ് അമേരിക്ക. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കാണ് ലോകത്തിന്റെയാകെ സാമ്പത്തികചലനങ്ങളുടെ ഉത്ഭവകേന്ദ്രം....

പുതുനിരത്തിളക്കത്തിലും മഹാനടനം

സംസ്ഥാന ചലച്ചിത്ര അവാർഡ്‌ അക്ഷരാർഥത്തിൽ മലയാള സിനിമയുടെ തലമുറ മാറ്റത്തിന്റെ കാഴ്‌ചയായിരുന്നു....

ഹനുമാൻ തെയ്യം

കണ്ണൂർ കാസർഗോഡ് ജില്ലകളിലായി എത്ര തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം...

ചരമക്കുറിപ്പ്

ചിമ്പാൻസികളുടെ സുഹൃത്തിന് വിട പ്രൈമേറ്റോളജിയിലെ അതികായയും ചിമ്പാൻസികളെക്കുറിച്ച് ജീവശാസ്ത്രജ്ഞന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും അറിവ്കേട് നികത്തുന്നതിൽ...
spot_img

Related Articles

Popular Categories

spot_imgspot_img