പാന്റിനും പറയാനുണ്ട് ഒരു പോരാട്ട കഥ

ആർ പാർവതി ദേവി

സ്ത്രീകൾ പാൻറ് അല്ലെങ്കിൽ ട്രൗസർ ധരിക്കുന്നത് ഇന്ന് സാധരണമാണ്. പാശ്ചാത്യ വനിതകളുടെ വസ്ത്രം എന്ന തരത്തിലാണ് പാൻറ് കണക്കാക്കപെടുന്നതെങ്കിലും കേരളത്തിൽ ഉൾപ്പടെ പ്രായഭേദമെന്യേ സ്ത്രീകൾ പാന്റ് ധരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്താണ് പാൻറ് സാധാരണക്കാരുടെയും കൂടി വേഷമായത്. ‘മദാമ്മ’ ആകണമെങ്കിൽ പാന്റിടണം എന്നതായിരുന്നു ഒരു കാലത്തെ സങ്കല്പം.

എന്നാൽ അമേരിക്കയിലും ഫ്രാൻസിലും മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും പാൻറ് ഇട്ടാൽ അറസ്റ്റു ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു. ഫ്രാൻസിൽ പാന്റ് ധരിക്കാൻ സ്ത്രീകൾക്കുണ്ടായിരുന്ന നിരോധനം നീങ്ങിയത് 200 വർഷങ്ങൾക്ക് ശേഷം 2013ൽ മാത്രമാണ്. 1800ൽ ഫ്രാൻസിൽ ഉണ്ടായിരുന്ന നിയമം അനുസരിച്ച് പുരുഷന്മാരുടെ വസ്ത്രം സ്ത്രീ ധരിക്കണമെങ്കിൽ പോലീസിന്റെ അനുമതി മുൻ‌കൂർ വാങ്ങിയിരിക്കണം. 1892ലും 1909ലും വന്ന ചില ഭേദഗതികൾ അനുസരിച്ച് സൈക്കിൾ ഓടിക്കുകയോ കുതിര സവാരി നടത്തുകയോ ചെയ്യുന്ന സ്ത്രീകൾക്ക് പാന്റ് ധരിക്കാം. 1930കളിൽ ഫ്രഞ്ച് ടെന്നീസ് താരമായ ലിലി ഡി അൽവാരെസ് മധ്യത്തിൽ തുന്നൽ ഉള്ള പാവാട (divided skirt) ഇട്ടതിന് വധഭീഷണി വരെ നേരിട്ടു.

അമേലിയ ബ്ലൂമർ

ഫ്രഞ്ച് വിപ്ലവമാണ് ഫ്രാൻ‌സിൽ സ്ത്രീകളെ പാന്റിടാൻ പ്രേരിപ്പിച്ചത്. തൊഴിലാളി വർഗ്ഗത്തിൽ പെട്ട സ്ത്രീകൾ നീളമുള്ള പാന്റ് ധരിച്ചു കൊണ്ട് സമരങ്ങളിൽ പങ്കെടുത്തു. ഇവരെ സാൻസ് കുലോട്ട്സ് എന്നാണ് വിളിച്ചിരുന്നത്. ഇവരുടെ വസ്ത്രത്തെ ഫ്രഞ്ച് സർക്കാർ നിരോധിക്കുകയാണുണ്ടായത്.1930ൽ മെർലിൻ ഡെയ്റ്റ്റിച്ച് എന്ന പ്രശസ്ത ചലച്ചിത്ര നടി ജർമനിയിൽ നിന്നും പാരിസിൽ വന്നിറങ്ങിയത് ‘പുരുഷവേഷത്തിൽ’ ആയിരുന്നു. അന്ന് അവിടുത്തെ പത്രങ്ങളിൽ ഇത് വലിയ വിവാദമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അവരെ അറസ്റ്റ് ചെയ്തുവെന്നാണ് ചിലർ പറയുന്നത്. എന്നാൽ അറസ്റ്റ് ചെയ്തില്ലെങ്കിലും പോലീസ് അവരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു പോലും! ഓർക്കുക കുറ്റം പാന്റ് ധരിച്ചു എന്നത് മാത്രം.

മറ്റൊരു വസ്ത്രകലാപകാരി അമേരിക്കയിലെ നഴ്സറി ടീച്ചർ ആയ 28 കാരി ഹെലൻ ഹുലിക് ആണ്. ഹെലന്റെ വീട്ടിൽ കള്ളന്മാർ കയറിയ കേസിന്റെ കാര്യത്തിന് കോടതിയിൽ വന്നപ്പോൾ പാൻറ് ധരിച്ചതിന് ജഡ്ജി വാദം മാറ്റി വച്ചു . ഇത് മൂന്നു വട്ടം ആവർത്തിച്ചു. മൂന്നു വട്ടവും പാന്റ് ധരിച്ചു തന്നെ ഹെലൻ കോടതിയിൽ വന്നു. അങ്ങനെ അവരെ അറസ്റ്റു ചെയ്ത് അഞ്ചു ദിവസം തടവിൽ പാർപ്പിച്ചു. പിന്നീട് ഉപരി കോടതി ഹെലനെ മോചിപ്പിക്കുകയായിരുന്നു.

ഇത്തരത്തിൽ ഒറ്റതിരിഞ്ഞ് തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് ഇഷ്ടമുള്ള വസ്ത്രം ധരിച്ച അനവധി ധീരരായ സ്ത്രീകളെ ചരിത്രത്തിൽ കാണാൻ കഴിയുമെങ്കിലും ഈ മേഖലയിൽ ചരിത്രം സൃഷ്ടിച്ചതായി അടയാളപ്പെടുത്തിയിരിക്കുന്ന പേര് അമേലിയ ജെങ്ക്സ്ബ്ലൂമറുടേതാണ്.അക്കാലത്തെ വസ്ത്രധാരണ പ്രസ്ഥാനത്തിന്റെ പേര് തന്നെ ബ്ലൂമറിസം എന്നായി മാറിയിരുന്നു. വിക്റ്റോറിയൻ കാലഘട്ടത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. ധാരാളം ഞൊറിവുകൾ ഉള്ള നാലും അഞ്ചും അടിപ്പാവാടകൾ ആവശ്യമായ പാദം വരെയുള്ള ഉടുപ്പുകൾ മാത്രമേ സ്ത്രീകൾക്ക് ധരിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. 15 കിലോ വരെ ഭാരമുള്ള ഈ ഉടുപ്പ് അരക്കു മേലോട്ട് ശ്വാസംമുട്ടുന്ന തരത്തിൽ ഇറുക്കിക്കെട്ടിയാണ് വക്കുന്നത്. ഇത് സ്ത്രീകൾക്കുണ്ടാക്കുന്ന നിരവധി ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് അമേലിയ പോരാട്ടം നടത്തിയത്.

ന്യൂയോർക്കിലെ സെനേക്ക ഫോൾസ് അമേരിക്കൻ ഫെമിനിസത്തിന്റെ ഈറ്റില്ലമായാണ് അറിയപ്പെടുന്നത്. 1848ൽ അവിടെ ചേർന്ന സ്ത്രീകളുടെ കൺവെൻഷനിൽ ആ പ്രദേശത്തുകാരി കൂടിയായ അമേലിയ പങ്കെടുത്തു. അന്ന് മുതൽ സ്ത്രീശാക്തീകരണ പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമായി അമേലിയ മാറി.

ബ്ലൂമേഴ്‌സ് എന്ന് ഇപ്പോഴും അറിയപ്പെടുന്ന വസ്ത്രം അമേലിയയുടെ പേരിലാണ് അറിയപ്പെടുന്നത്. അമേലിയക്ക് ഈ ആശയം ലഭിച്ചത് പ്രശസ്ത ഫെമിനിസ്റ്റ് എലിസബത്ത് മേരി സ്റ്റാന്റണിൽ നിന്നാണ്. സെനേക്ക ഫോൾസ് കൺവെൻഷനിൽ വച്ചാണ് അമേലിയ സ്റ്റാന്റണെ പരിചയപ്പെടുന്നത്. ഒരിക്കൽ സ്റ്റാന്റൻ വന്നത് പൈജാമപോലെയുള്ള ഒരു പാന്റും അതിനു മുകളിൽ അല്പം വിടർന്നു നിൽക്കുന്ന ഫ്രോക്കും ധരിച്ചാണ്. പന്തലൂൺ എന്നും ഇതിന് പേരുണ്ട്. ഇത് അമേലിയക്ക് വളരെ ഇഷ്ടപ്പെട്ടു. സ്ത്രീകളുടെ ചലനങ്ങളെയും നടത്തത്തെയും നിയന്ത്രിക്കുന്ന വസ്ത്രത്തിനുപകരം ഇതാകാമെന്ന് അമേലിയ തീരുമാനിച്ചു. ആദ്യം ഈ വസ്ത്രം ധരിച്ചത് എലിസബത്ത് കാഡി സ്റ്റാന്റൻ ആണെങ്കിലും ഇതിനു രാജ്യവ്യാപകമെന്നല്ല ലോക വ്യാപകമായി തന്നെ പ്രചാരണം നൽകിയത് അമേലിയ ബ്ലൂമേഴ്‌സ് ആണ് .അമേലിയ പത്രാധിപരും ഉടമസ്ഥയുമായ ‘ലില്ലി’ എന്ന വനിതാ പ്രസിദ്ധീകരണത്തിലൂടെ ബ്ലൂമേഴ്‌സ് സ്ത്രീകളിലേക്ക് എത്തി. അമേരിക്കയിൽ സ്ത്രീകൾ തന്നെ നടത്തുന്ന ആദ്യ പ്രസിദ്ധീകരണമാണ് ലില്ലി. പന്തലൂൺ ധരിച്ചു വരുന്ന അമേലിയയെ കാണാൻ ജനം തടിച്ചു കൂടി. ഈ വസ്ത്രവിപ്ലവത്തോട് കഠിനമായ എതിർപ്പാണ് യാഥാസ്ഥിതിക അധികാര കേന്ദ്രങ്ങളിൽ നിന്നുമുണ്ടായത്. പാന്റിട്ടാൽ സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ ആവില്ലെന്ന് അന്നത്തെ ആരോഗ്യമേഖല വിധി എഴുതി. (ഇതേ വാദം കേരളത്തിൽ ഒരു പ്രഭാഷകൻ ആവർത്തിച്ചത് മറക്കാറായിട്ടില്ലല്ലോ) സ്ത്രീത്വം നഷ്ടപ്പെടുത്തുന്ന, സദാചാരരഹിതകൾ ആയ മതവിരുദ്ധരാണീ സ്ത്രീകൾ എന്ന് മുഖ്യധാരാപത്രങ്ങൾ ആക്ഷേപിച്ചു. പുരുഷവേഷം സ്ത്രീകൾ ധരിക്കരുതെന്ന് ബൈബിളിൽ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പൗരോഹിത്യം ഇവരെ ശത്രുപക്ഷത്തു നിർത്തി. എന്നാൽ അമേലിയ കുലുങ്ങിയില്ല.

അമേലിയയാണ് എലിസബത്ത് കാഡി സ്റ്റാന്റന് സൂസൻ ബി ആന്തണി എന്ന മറ്റൊരു പ്രശസ്ത ഫെമിനിസ്റ്റിനെ പരിചയപ്പെടുത്തിയത്. ഇവർ ഇരുവരും ചരിത്രത്തിൽ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പതാകവാഹകരായി അറിയപ്പെട്ടു. അമേലിയയും ഇവർക്കൊപ്പം നിന്നു.

ഏറ്റവും കൗതുകകരമായ വസ്തുത ഈ അമേരിക്കൻ ,പാശ്ചാത്യ വനിതകൾക്ക് ആധുനിക വസ്ത്രധാരണം സംബന്ധിച്ച ആശയങ്ങൾ ലഭിച്ചത് പൗരസ്ത്യ നാടുകളിൽ നിന്നായിരുന്നു എന്നതാണ്. ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകൾ വളരെ പണ്ട് മുതൽ, അതായത് ആയിരം വർഷം മുൻപ് മുതൽ പാന്റിനു തുല്യമായ വേഷം അണിഞ്ഞിരുന്നത്രെ! പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ തുർക്കിയിലെ മുസ്ലിം വനിതകൾ ആധുനികരും സ്വതന്ത്രരും ആയിരുന്നുവെന്ന് 1716ൽ അവിടം സന്ദർശിച്ച ലേഡി മേരി വേർട്ടലി മൊൺടാഗു രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് സ്ഥാനപതിയുടെ ഭാര്യ എന്ന നിലയിൽ ഭർത്താവിനൊപ്പം ധാരാളം യാത്ര ചെയ്യാൻ അവർക്ക് അന്ന് അവസരം ലഭിച്ചിരുന്നു. തുർക്കിസ്ത്രീകൾ രാത്രിയിൽ ഒറ്റയ്‌ക്ക് പുറത്തിറങ്ങി നടക്കുകയും ആവശ്യമെങ്കിൽ വിവാഹ മോചനം നേടുകയും പാന്റിന്റെ മാതൃകയിലുള്ള പൈജാമ ധരിക്കുകയും ചെയ്തിരുന്നതായി മേരി വേർട്ടലി എഴുതിയിട്ടുണ്ട്. തുർക്കി ഭാഷയിലും സൽവാർ പൈജാമ എന്നാണ് ആ വേഷത്തെ പറയുന്നത്. ഇന്ത്യയിലേക്ക് അതെത്തിയതും തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. തങ്ങളേക്കാൾ സ്വതന്ത്രർ ആണ് തുർക്കി വനിതകൾ എന്നതിനാൽ വിദ്യാസമ്പന്നരായ പാശ്ചാത്യ വനിതകൾ അവരെ അനുകരിക്കാൻ തുടങ്ങി. ബ്ലൂമേഴ്‌സ് എന്ന വസ്ത്രം നൽകിയ സ്വാതന്ത്ര്യം അന്നത്തെ യുവതികൾ ആവോളം ആസ്വദിച്ചു.

എന്നാൽ 20‐ാം നൂറ്റാണ്ടിൽ പോലും ഔപചാരിക വേഷം ആയി പാന്റിനെ കണക്കാക്കാൻ പാശ്ചാത്യ പുരുഷാധിപത്യ സമൂഹം തയാറായില്ല.

ആദ്യത്തെ വസ്ത്രധാരണ കലാപം അമേലിയയുടെ കാലത്ത് തന്നെ അവസാനിച്ചു. എന്നാൽ ലോകയുദ്ധങ്ങൾ വീണ്ടും പാന്റിനെ തിരിച്ചു കൊണ്ടുവന്നു. യുദ്ധവേളയിൽ പുരുഷന്മാർ സൈന്യത്തിലേക്ക് പോകുകയും സ്ത്രീകൾ വീടിനു പുറത്ത് ജോലി ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്തു. വ്യവസായവിപ്ലവം സൃഷ്ടിച്ച സാമൂഹ്യ സാമ്പത്തിക പരിവർത്തനങ്ങൾ സ്ത്രീകളെ ഫാക്ടറികളിൽ എത്തിച്ചു. സ്വാഭാവികമായും പണി എടുക്കാനുള്ള വസ്ത്രം പാന്റ്‌ ആണെന്ന് വന്നു. ആധുനികതയുടെ മുഖം സ്ത്രീകൾക്ക് ചലന സ്വാതന്ത്ര്യം നല്കുന്നതിനുള്ള ഇടയുണ്ടാക്കി. 1950കളിൽ യുദ്ധം കഴിഞ്ഞപ്പോൾ വീണ്ടും സ്ത്രീകൾ വീടുകളിലേക്കും പരമ്പരാഗത വസ്ത്രങ്ങളിലേക്കും മടങ്ങിപ്പോകുന്ന സ്ഥിതിയായി.

1960‐-70 കാലഘട്ടം പടിഞ്ഞാറൻ രാജ്യങ്ങളിൽ രണ്ടാം ഫെമിനിസ്റ്റ് തരംഗത്തിന് തിരികൊളുത്തി. മുതലാളിത്തം പൂർണമായ അർത്ഥത്തിൽ സ്ഥാപിതമായതോടെ ലിംഗതുല്യതയുടെ മുദ്രാവാക്യം ഫെമിനിസ്റ്റുകൾ കൂടുതൽ ശക്തമായി ഉയർത്തി തുടങ്ങി. അപ്പോഴും പാന്റ്‌ എന്ന വസ്ത്രത്തിന് ബഹുമാന്യത ലഭിച്ചില്ലെന്ന് വേണം കരുതാൻ.

1969ലാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവായ ഷാർലെറ്റ് റീഡ് അമേരിക്കൻ കോൺഗ്രസിൽ ആദ്യമായി ബെൽബോട്ടം പാന്റ് ധരിച്ചു വന്നത്.

1978ൽ ഫ്രാൻസിലെ ദേശീയ അസംബ്ലിയിൽ പാർലമെന്റംഗമായ ഫ്രഞ്ച് കമ്മ്യുണിസ്റ് പാർട്ടി നേതാവ് ഷാൻതാൾ ലെബ്‌ലാൻ ആദ്യമായി പാൻറ് ധരിച്ചു വന്നത് വലിയ കോളിളക്കമുണ്ടാക്കി. ആദ്യം അവരെ ഉള്ളിലേക്ക് കടത്തിയില്ല.1993 ൽ മാത്രമേ ‘പാൻറ് അവകാശം’ നേടാൻ അമേരിക്കൻ വനിതകൾക്ക് സാധിച്ചുള്ളൂ. 1992 ൽ കാരൾ മൊസ്‌ലി ബ്രൗൺ എന്ന ആഫ്രിക്കൻ അമേരിക്കൻ സെനറ്റർ പാർലമെന്റിൽ വന്നപ്പോൾ അതും റെക്കോർഡായിരുന്നു. അന്നവർക്ക് പാൻറ് ധരിക്കുന്നത് ചട്ട വിരുദ്ധമാണെന്ന് അറിയില്ലായിരുന്നു. പക്ഷേ അക്കൊല്ലം തന്നെ കാരൾ മൊസ്‌ലി ബ്രൗണും മറ്റൊരു സെനറ്റർ ആയ ബാർബറ മിക്‌ലെസ്‌കിയും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് പാന്റ്‌ ധരിച്ചു വരുകയും ഏറെ വൈകാതെ സ്ത്രീകളുടെ പാന്റിനു മേലുള്ള നിരോധനം പിൻവലിക്കുകയും ചെയ്തു. 1990 കൾക്കൊടുവിൽ ഹിലരി ക്ലിന്റൺ തന്റെ ഔപചാരിക വസ്ത്രം ആയി പാന്റ്‌ ധരിച്ചപ്പോഴാണ് അമേരിക്കയുടെ യാഥാസ്ഥിതിക സമൂഹം പാന്റിനു മാന്യത നൽകിയത്.

കേരളത്തിലെ മാറുമറയ്‌ക്കൽ സമരം ഉൾപ്പടെ ലോക സ്ത്രീശാക്തീകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിഭാജ്യ അധ്യായമാണ് വസ്ത്രധാരണസ്വാതന്ത്ര്യസമരങ്ങൾ. പുരുഷാധിപത്യപരമായ മതവും ജാതിയും ഇന്നും ഇന്ത്യയിൽ സ്ത്രീകളുടെ വസ്ത്രത്തിനു മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. എന്നാൽ അത്തരം നിയന്ത്രണങ്ങൾക്ക് തങ്ങൾ വഴങ്ങുന്നില്ലെന്നും ഏത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കരുതുമ്പോഴും സൂക്ഷ്മപരിശോധനയിൽ അതങ്ങനെയല്ലെന്ന് വ്യക്തമാകുന്നു. ഇന്ന് സാധാരണ മനുഷ്യന്റെ ജീവിതം വിപണി നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ സ്ത്രീകളുടെ വേഷം കൂടുതൽ പ്രശ്നസങ്കീർണമാണ്. നമ്മുടെ ഇഷ്ടം അല്ലെങ്കിൽ താത്പര്യമാണ് വസ്ത്രധാരണത്തെ നിർണയിക്കുന്നതെന്ന് നമ്മൾ കരുതുന്നു. എന്നാൽ ഇഷ്ടം സൃഷ്ടിച്ചത് ആരാണെന്നു കൂടി തിരിച്ചറിയേണ്ടത് ചൂഷണത്തിന്റെ ചങ്ങലകളിൽ നിന്നും വിമോചിതരാകാൻ ആവശ്യമാണ്. l

Hot this week

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

Topics

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ്‌ എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...
spot_img

Related Articles

Popular Categories

spot_imgspot_img