
കലാമണ്ഡലം വൈസ് ചാൻസലർ
പ്രൊഫ.ബി.അനന്തകൃഷ്ണനുമായി
ഡോ.കെ.ജെ.അജയകുമാർ നടത്തിയ അഭിമുഖം
അനന്തകൃഷ്ണൻ ഏറ്റവും അധികം വ്യാപരിച്ചിരുന്നത് ആധുനിക നാടകവേദിയുടെ അക്കാദമിക് മേഖലകളിൽ ആണല്ലോ ? കേരള കലാമണ്ഡലത്തിന്റെ ഘടന പരമ്പരാഗത ശൈലിയിലുള്ളതാണ്.അവിടെ നടക്കുന്നത് സവർണ, ക്ഷേത്രകലാരൂപങ്ങളുടെ പഠനവും പരിപോഷണവും ആണെന്നാണ് പൊതുധാരണ.എങ്ങനെയാണ് ഇതിനോട് പൊരുത്തപ്പെടുന്നത് ?

അടിസ്ഥാനപരമായി എന്റെ പഠനവും ഗവേഷണവും ആധുനിക നാടകവേദിയുമായി ബന്ധപ്പെട്ടതാണെങ്കിലും നാടകം ഉൾപ്പടെ എല്ലാ കലകളും അവതരണകല എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണല്ലോ. അതുകൊണ്ടുതന്നെ ഇവക്കെല്ലാം കുറെ പൊതുവായ ഘടകങ്ങളുണ്ട്. സമഗ്രമായി നോക്കുമ്പോൾ എല്ലാം അവതരണ കലകൾ ആണെന്ന് തന്നെ പറയാം. അവതരണ ശൈലിയുമായി ബന്ധപ്പെട്ടും കാഴ്ചയുമായി ബന്ധപ്പെട്ടും അതിന്റെ ചരിത്രവുമായി ബന്ധപ്പെട്ടും അതിന്റെ പേട്രനേജ് ,അതിന്റെ രാഷ്ട്രീയം എല്ലാം വ്യത്യസ്തമാണെങ്കിലും ഇവ തമ്മിൽ പൊതുവായ കുറെയധികം ഘടകങ്ങളുണ്ട്. ശരീരം കേന്ദ്രമാകുന്ന അവതരണങ്ങളാണിതെല്ലാം . എന്നാൽ പരമ്പരാഗത കലകളുടെ സവിശേഷത അവതരണരീതി തന്നെയാണ്. പെർഫോമൻസ് എന്ന വലിയ തലക്കെട്ടിനു കീഴിൽ കൊണ്ട് വരാൻ കഴിയുന്നതാണ് ഇതെല്ലാം . ആധുനിക നാടകപഠന വിഭാഗവും കഥകളിയുടെ പഠനവുമായി താരതമ്യം ചെയ്യുമ്പോൾ ഒട്ടനേകം സമാനതകൾ കാണാൻ കഴിയും. അവയുടെ ബോധനരീതി പലപ്പോഴും വ്യത്യസ്തമാകും . പക്ഷേ , അവതരണ കലകൾ എന്ന നിലയിൽ രണ്ടും പൊതുവായി പങ്കു വെക്കുന്ന പലതുമുണ്ട്. അതുകൊണ്ടു തന്നെ നാടകത്തിന്റെ പശ്ചാത്തലത്തിൽനിന്നും വരുമ്പോൾ സമഗ്രമായി കലകളെ കാണാൻ കഴിയും. മാത്രമല്ല , കുട്ടികളുടെയും അധ്യാപകരുടെയും പഠനസമ്പ്രദായത്തിന്റെയും ഭാഗത്തു നിന്ന് നോക്കുമ്പോൾ അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങൾ ഇല്ല താനും. മാത്രമല്ല , ആധുനിക നാടകത്തിന്റെ ചരിത്രപരമായ കാര്യങ്ങൾ നമുക്ക് നിരന്തരം പരിഗണിക്കേണ്ടി വരും. ഞാൻ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുമ്പോൾ കഥകളിയുടെ അധ്യാപകരെ ശരീരപരിശീലനത്തിനായി ഇവിടെ നിന്നും കൊണ്ടുപോകാറുണ്ട്. അഭിനയം പഠിപ്പിക്കുമ്പോൾ കൂടിയാട്ടം കലാകാരൻമാരെ പല ഘട്ടങ്ങളിലും ഉപയോഗിക്കാറുണ്ട്. കളരിപ്പയറ്റ് ഗുരുക്കന്മാർ പരിശീലനം നൽകാറുണ്ട്.തെരുക്കൂത്ത് കലാകാരൻമാർ വരുന്നുണ്ട്. ചാവ്, ബുണ്ഡേൽഖണ്ഡ് എന്നീ ആയോധനകലകളുടെ ആൾക്കാർ വരാറുണ്ട്. അപ്പോൾ ആധുനികനാടകവേദിയിൽ അവതരണവുമായി ബന്ധപ്പെട്ട് പരമ്പരാഗതകലകളിലെ മൂല്യവത്തായ പലതും നമ്മൾ സ്വീകരിക്കാറുണ്ട്. അവയെ അതേപോലെ പഠിപ്പിക്കാനല്ല ശ്രമിക്കാറ്. ഉദാഹരണത്തിന് ചാവ് നർത്തകർ വരുന്നത് അത് പഠിപ്പിച്ച് അവതരിപ്പിക്കാൻ വേണ്ടിയല്ല, മറിച്ച് , ശാരീരികമൂല്യങ്ങളെ എങ്ങനെ നിഷ്പാദനം ചെയ്തെടുക്കാമെന്ന് നോക്കുകയും കുട്ടികൾക്ക് ആ ശാരീരികപരിശീലനം എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നുമാണ് നോക്കുന്നത്. അതിൽ നിന്നും കുട്ടികൾക്ക് പ്രചോദനം ലഭിക്കുന്നു. ഒരു സ്രോതസ്സ് എന്ന നിലയിൽ സന്ദർഭാനുസൃതമായി എങ്ങനെ ഇതെല്ലം ഉപയോഗപ്പെടുത്താമെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.
ആധുനികനാടകമേഖലയിലെ ഒരു അക്കാദമിക് സ്കോളറായ പ്രൊഫ.ബി.അനന്തകൃഷ്ണൻ വൈസ് ചാൻസലർ ആകുമ്പോൾ സ്വാഭാവികമായും മലയാളികൾക്ക് വലിയ പ്രതീക്ഷ ഉണ്ടാകും. കാലാനുസൃതമായി കലാമണ്ഡലത്തെ വളർത്തിയെടുക്കുവാൻ എങ്ങനെയാണ് സാധിക്കുക ?
പരമ്പരാഗതകലകളുടെ സ്ഥാപനമെന്നു പറയുമ്പോഴും കലാമണ്ഡലമുണ്ടായ സാമൂഹ്യ സാംസ്‌കാരിക സാഹചര്യം പരിശോധിക്കുമ്പോൾ കേരളത്തിന്റെ ആധുനികതയുടെയും നവോത്ഥാനത്തിന്റെയും ഭാഗമായാണ് അത് സ്ഥാപിതമായതെന്ന് ഓർക്കണം. കാരണം ഫ്യൂഡൽ പേട്രനേജിലുണ്ടായ കഥകളിയെ അതിന്റെ എല്ലാ കലാമൂല്യങ്ങളും സംരക്ഷിക്കാൻ വേണ്ടി എങ്ങനെ ഒരു പുതിയ സന്ദർഭത്തിലേക്ക് കൊണ്ട് വരാമെന്ന ആധുനിക കാഴ്ചപ്പാടോടു കൂടിയാണ് അന്ന് കലാമണ്ഡലം ആരംഭിക്കുന്നത്. അതിനെ നമ്മൾ കേരളത്തിന്റെ ആധുനികതയുടെ ഭാഗമായാണ് കാണേണ്ടത്. ഇതിനു സമാനമായി , ഇതിനു സമാന്തരമായി , ഇതേ സമയത്തു തന്നെ ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിശ്വാസത്തിൽ നിന്നും യുക്തിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായിട്ട് കൂടി കലാമണ്ഡലത്തിന്റെ ആവിർഭാവത്തെ കാണണം . കാരണം ജാതിവ്യവസ്ഥയിൽ ഊന്നിയ ഒരു സംസ്കാരികമേഖലയിൽ നിന്നിരുന്ന ഒരു കലയെ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ രാഷ്ട്രീയലക്ഷ്യമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആ ഒരു സവിശേഷ സന്ദർഭത്തിൽ കാണുമ്പോഴാണിതിന് പ്രസക്തിയുണ്ടാകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനപ്രവണതകൾ രണ്ടു തരത്തിലായിരുന്നു സംഭവിച്ചത്. ഒരു ഭാഗത്ത് ദേശീയതയുടെ ഭാഗമായ പ്രവർത്തനങ്ങൾ ,അതിനൊപ്പം ബ്രിട്ടീഷിതരമായ ആധുനികതയുടെ അന്വേഷണങ്ങൾ. അതെ സമയംതന്നെ നമ്മുടെ തദ്ദേശീയമായ സംസ്കാരങ്ങളെ പുതിയ ആധുനിക കാഴ്ചപ്പാടോടെ എങ്ങനെ കാണാമെന്ന അന്വേഷണവും ഉണ്ടായി. അവയുടെ പരമ്പരാഗത ഘടകങ്ങളെ ഒഴിവാക്കികൊണ്ട് എങ്ങനെ ആധുനികവത്കരിക്കാം എന്ന ചിന്തയിൽ നിന്നാണ് കലാമണ്ഡലം ഉണ്ടാകുന്നത്. അങ്ങനെയാണ് നമ്മൾ അതിനെ കാണേണ്ടത്. അങ്ങനെയാണ് കലാമണ്ഡലത്തിന് ആധുനിക പശ്ചാത്തലം ഉണ്ടാകുന്നത്. അങ്ങനെ അല്ലായിരുന്നെങ്കിൽ കഥകളി ഫ്യൂഡൽ പേട്രനേജിൽ തന്നെ നിലനിന്നു പോകുമായിരുന്നു.ഇതിൽ നിന്നും വ്യത്യസ്തമായി അതിനപ്പുറത്തൊരു കലാമൂല്യം ഉണ്ടെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഏറ്റവും പ്രതിലോമപരമായ ചുറ്റുപാടിൽ നിന്നും അതിനെ മോചിപ്പിക്കേണ്ടതുണ്ടെന്നും അതൊരു രാഷ്ട്രീയ ആവശ്യമാണെന്നും അത് പ്രാദേശിക സംസ്കാരത്തിന്റെ ആവശ്യമാണെന്നും ഉള്ള തിരിച്ചറിവിൽ നിന്നാണിതുണ്ടാകുന്നത്. അതു കൊണ്ടാണ് കലാമണ്ഡലം എന്ന് പറയുന്നത് ഒരു സമകാലികസ്ഥാപനമാണ്, ഇവിടുത്തെ കലകളെല്ലാം സമകാലികമാണ് എന്ന് നാം പറയുന്നത്. നാം പിന്തുടരുന്ന ഏത് പാരമ്പര്യകലയും ഈ കാലഘട്ടത്തിലും പ്രയോഗത്തിലുണ്ട് എന്നതിനർത്ഥം അത് സമകാലികമാണെന്നു തന്നെയാണ് .അത് ഒരിക്കലും പഴയ മൂല്യങ്ങളെ തിരിച്ചുകൊണ്ട് വരാനുള്ള ശ്രമമായി കാണരുത്. അങ്ങനെ ഈ സ്ഥാപനത്തെയും കാണരുത്.
ഞാൻ വരുന്നത് ആധുനിക നാടക അക്കാദമിക് പശ്ചാത്തലത്തിൽ നിന്നാണ്. ഇതിനെല്ലാം പൊതുവായ ചില ഘടകങ്ങൾ ഉണ്ട്. കഥകളി ആയാലും കലാമണ്ഡലത്തിൽ പഠിപ്പിക്കുന്ന മറ്റു കലകൾ ആയാലും ഇവയെല്ലാം തന്നെ അവതരണ കലകൾ ആണ് . ആധുനികനാടകവും മറ്റവതരണകലകളും തമ്മിൽ പങ്കു വെക്കുന്ന ചില പൊതുവായ ഘടകങ്ങളുണ്ട്. ശരീരം മാധ്യമമാകുന്ന കലകൾ ആണിവയെല്ലാം തന്നെ. അതുകൊണ്ട് ഇവയുടെ ക്രാഫ്റ്റിലും പരിശീലനരീതിയിലും പൊതുവായ ഘടകങ്ങളുണ്ട്. മാത്രമല്ല , മൊത്തത്തിൽ പറയുമ്പോൾ ആധുനികപഠന പദ്ധതിയുടെ ഭാഗമാണിതെല്ലാം. ആധുനിക നാടകവേദിക്ക് എഴുതപ്പെട്ട ഒരു വിജ്ഞാനമേഖലയുണ്ടാകും.പക്ഷേ പാരമ്പര്യ കലകൾ കൂടുതലും വായ്മൊഴി പാരമ്പര്യത്തിലൂടെ പകർന്നു വന്നവയാണ്. അതിന്റെയർത്ഥം അതിനു മാറ്റങ്ങൾ ഉണ്ടാകുന്നില്ല എന്നല്ല.കാരണം കലകൾ എല്ലാം മാറ്റത്തിനു വിധേയമാകുന്നവയാണ്. രാഷ്ട്രീയമായും സാമൂഹ്യമായുമുള്ള കാര്യങ്ങൾ കൊണ്ടും സാങ്കേതികവിദ്യ മൂലവും എല്ലാ അവതരണകലകളിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. 1930 ൽ തുടങ്ങിയപ്പോഴത്തെ കലാമണ്ഡലം അല്ല ഇന്നത്തേത്. അവിടുത്തെ പഠനസമ്പ്രദായം , ബോധനരീതി തുടങ്ങി എല്ലാം മാറിയിട്ടുണ്ട്. അത് മാറേണ്ടതാവശ്യമാണ്.മാറിക്കൊണ്ടേ യിരിക്കും. നാടകം പഠിച്ചിട്ടുള്ള ആളെന്ന നിലയിലും ആ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ആളെന്ന നിലയിലും അത് മനസ്സിലാക്കാൻ എളുപ്പമാണ്. അവതരണകലയുടെ പശ്ചാത്തലമുള്ളതു കൊണ്ട് മറ്റു അവതരണകലാരൂപങ്ങളുടെ പ്രവർത്തനരീതി മനസ്സിലാക്കാൻ കഴിയും .കാരണം പ്രധാനമായും ആധുനിക നാടകത്തിനെയും പാരമ്പര്യകലകളെയും വേർതിരിച്ചു നിർത്തുന്നത് പഠനസമ്പ്രദായം, സദസ്സ് ,കാഴ്ചക്കാർ, ആസ്വാദനരീതി ,പിന്നെ ഇതിന്റെ സന്ദർഭങ്ങൾ തുടങ്ങിയവയൊക്കെയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ പഠിപ്പിക്കുന്ന കലകൾ ഒന്നും അന്യമല്ല . എന്റെ നാടകപഠനത്തിന്റെ ഭാഗമായി കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങളാണ് ഇതെല്ലാം . പ്രാഥമികമായി ശരീരമാണിതിന്റെയെല്ലാം അടിസ്ഥാനം.
കാലാനുസൃതമായി കലാമണ്ഡലത്തെ നവീകരിക്കുവാൻ എങ്ങനെയാണ് സാധിക്കുക ?
കലാമണ്ഡലത്തിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട് . കഥകളിക്ക് വേണ്ടി തുടങ്ങിയ ഈ സ്ഥാപനത്തിൽ മറ്റു പല കലകളും കൂട്ടി ചേർത്തിട്ടുണ്ട്. മോഹിനിയാട്ടം തുടങ്ങി.തുള്ളൽ വരുന്നു , കൂടിയാട്ടം വരുന്നു ,പിന്നീട് പഞ്ചവാദ്യം വരുന്നു . കർണാടക സംഗീതം വരുന്നു. ഇതുമായി ബന്ധപ്പെട്ട് അനുബന്ധ വിഷയങ്ങൾ പഠിപ്പിക്കുന്നു. ഉദാഹരണത്തിന് കഥകളിച്ചെണ്ട
പഠിപ്പിക്കുന്നു.മൃദംഗവും മദ്ദളവും പഠിപ്പിക്കുന്നു. ഇങ്ങനെ പല മാറ്റങ്ങളിലൂടെയുമാണ് കലാമണ്ഡലം കടന്നു വന്നിട്ടുള്ളത്. അതുപോലെ തന്നെ 1990 മുതൽ ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ആവശ്യമായ സ്‌കൂൾ വിദ്യാഭ്യാസം ഉണ്ടാകണമെന്ന ലക്ഷ്യത്തോട് കൂടി എട്ടാം ക്‌ളാസിൽ കുട്ടികൾക്ക് പ്രവേശനം നൽകി തുടങ്ങി. പൊതുവിദ്യാഭ്യാസം കലാമണ്ഡലത്തിൽ കൊണ്ടുവന്നു. രണ്ടു വിദ്യാഭ്യാസ സംവിധാനം അവിടെയുണ്ട്. അങ്ങനെ പല മാറ്റങ്ങളും സംഭവിച്ചു. ഏറ്റവും ഒടുവിൽ ഉണ്ടായ ഒരു പ്രധാന മാറ്റം 2007 ൽ ഇതൊരു ഡീംഡ് സർവകലാശാല എന്ന പദവിയിലേക്ക് മാറ്റപ്പെടുന്നു എന്നതാണ് . അതിനു ശേഷം അത്യാവശ്യമായി ഉണ്ടാകേണ്ട ഘടനാപരമായ പല മാറ്റങ്ങളും ഉണ്ട്. ഒരു സർവകലാശാലയാകുമ്പോഴും പരമ്പരാഗതശൈലിയിൽ കലയുടെ അക്കാദമിയായി തുടങ്ങിയ ഒരു ചരിത്രം ഇതിനുണ്ടല്ലോ . അതിൽ നിന്നും മാറി ഒരു സർവകലാശാലയുടെ ഘടനയിലേക്ക് ഇനിയും കലാമണ്ഡലം മാറേണ്ടതുണ്ട്. അത്തരത്തിൽ പൂർണമായ രൂപത്തിൽ അതിപ്പോഴുംഎത്തിയിട്ടില്ലെന്നതാ ണ് എന്റെ ഒരു വർഷത്തെ അനുഭവപരിചയത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. കാരണം ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം ഇവിടെ എട്ടാം ക്‌ളാസ് മുതലാണ് പഠനം തുടങ്ങുന്നത്. അവർ പ്ലസ് ടു കഴിയുന്നു. പിന്നീട് മൂന്ന് വർഷത്തെ ബിരുദപഠനം കഴിയുന്നു. അടുത്ത വർഷം മുതൽ ഇത് നാലു വർഷമാണ്. പിന്നീട് ബിരുദാനന്തരബിരുദം കഴിയുന്നു. അങ്ങനെ വരുമ്പോൾ മഹാകവി വള്ളത്തോൾ ഇത് ആരംഭിക്കുമ്പോൾ രണ്ടു വർഷം ഡിപ്ലോമ ,നാലു വർഷം പോസ്റ്റ് ഡിപ്ലോമ എന്ന തരത്തിൽ ആറു വർഷം ഒരു കുട്ടി പഠിച്ചിരുന്നത് ഇപ്പോൾ ഒരു കുട്ടി പഠിക്കുന്നത് പത്തു വർഷമായി . അന്ന് ആറു വർഷം പഠിപ്പിച്ചിരുന്ന അക്കാദമിക് ഉള്ളടക്കം പത്തു വർഷം പഠിക്കേണ്ടതുണ്ടോയെന്നൊരു ചോദ്യമുണ്ട്. പല വിഷയങ്ങളും പത്തുവർഷത്തെ പഠനം ഇല്ലാതെ തന്നെ കുട്ടികൾ പഠിക്കും. ഉദാഹരണത്തിന് ചുട്ടി തുടങ്ങിയ മേഖലകളുടെ സാധ്യത വളരെ ചെറുതാണ്. അതിൽ മറ്റു ഘടകങ്ങൾ കൂടി ഉൾപ്പെടുത്താതെ മുന്നോട്ടു പോയാൽ ചില ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതെ പോലെ മറ്റു പല വിഷയങ്ങളും ഈ പത്തു വർഷം പഠിപ്പിക്കേണ്ടതുണ്ടോ അതോ, അവരൊരു ഡിഗ്രി കഴിഞ്ഞു പുതിയ മേഖലയിലേക്ക് പോകുകയാണോ വേണ്ടത് ? അങ്ങനെയുള്ള ചില നിർണായകചോദ്യങ്ങളുണ്ട്. അതോടൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസസമ്പ്രദായത്തിലേക്ക് വരുമ്പോൾ നമ്മൾ ഒരു കലാകാരൻ എന്ന നിലയിൽ ക്രാഫ്റ്റ് മാത്രമാണോ പഠിപ്പിക്കേണ്ടത് അല്ലെങ്കിൽ ഇതിന്റെ ഒരു വിപുലീകരണം എന്ന നിലയിൽ കലാപ്രാഗത്ഭ്യം ഉണ്ടാക്കിയെടുക്കയാണോ വേണ്ടത് ? അതോടൊപ്പം തന്നെ മറ്റൊരു കാര്യം അതൊരു informed practice ആകേണ്ടതില്ലേ എന്നതാണ്.ഒരു കാലഘട്ടത്തിൽ കല പഠിപ്പിച്ചിരുന്നത് അവതരണത്തിന് വേണ്ടി മാത്രമായിരുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ informed performers നെ ആണ് നിർമിച്ചെടുക്കേണ്ടത് . അതിപ്പോഴത്തെ അവസ്ഥയിൽ എത്രമാത്രം സാധ്യമാകുമെന്ന് സംശയമാണ് . മാത്രമല്ല ഇപ്പോഴത്തെ സമ്പ്രദായത്തിൽ പഠിച്ചിറങ്ങുന്ന ഒരു കുട്ടി ആഗോള സാഹചര്യത്തിൽ എങ്ങനെ ഉപജീവനമാർഗം കണ്ടെത്തും എന്നതും പ്രശ്നമാണ്. അതുകൊണ്ട് കലയുടെ മൂല്യങ്ങൾ ഒട്ടും നഷ്ടപ്പെടാതെ തന്നെ കുറേകൂടി വിപുലീകൃതമായ മേഖലകളിൽ പ്രവർത്തിക്കാനാകണം എന്നതും സാധാരണ ഒരു ജീവിതക്രമത്തിൽ അവതരണകലയെ അതിന്റെ ഭാഗമാക്കിമാറ്റാൻ എങ്ങനെ കഴിയുമെന്നും നോക്കേണ്ടതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംസ്കാരത്തെ നമ്മുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാക്കി മാറ്റാൻ എങ്ങനെ കഴിയുമെന്നത് പ്രസക്തമാവുന്ന ഒരു കാലമാണിത്. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കേണ്ടത്. അതിന് ഏറ്റവുമാവശ്യം സർവകലാശാലാ ഘടനയിലേക്ക് കൊണ്ട് വരിക എന്നതാണ് .അതേ പോലെ തന്നെ ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികളെ ഏതൊരു കലാസന്ദർഭത്തിലും ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്‌തരാക്കുക എന്നതും ആലോചിക്കേണ്ടതാണ്. വളരെ പ്രാധാന്യമുള്ള മറ്റൊരു കാര്യം ആവിർഭവിച്ച ചുറ്റുപാടുകളിലെ പല ഘടനാപരമായ അംശങ്ങളും ഈ കലാരൂപങ്ങളുടെ അകത്തേക്കു കയറി വന്നിട്ടുണ്ട് എന്നതാണ് . അത് പലപ്പോഴും ഒരു ബാധ്യതയായി മാറാറുണ്ട്. അതിൽ നിന്നും പുറത്തേക്ക് കടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു പ്രത്യേക സാമൂഹ്യഘടനയിൽ കളരി എന്ന സങ്കല്പം നടന്നു വന്നിരുന്നത് രണ്ടു കുട്ടികളും ഒരു ആശാനും എന്ന നിലയിലായിരുന്നു. അതിനു വിവിധ കാരണങ്ങൾ ഉണ്ടാകാം. അതിനു ജാതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഉണ്ടാകാം.പക്ഷേ ആധുനിക ചുറ്റുപാടിലേക്ക് വന്നപ്പോഴും ആ ഘടനക്ക് ഒരു മാറ്റവും വരുത്താതെ ഇവിടെയും ഒരു കളരി സ്ഥാപിക്കുകയാണ് ചെയ്തത്. ആധുനിക സ്ഥാപനത്തിനുള്ള ഒരു പഠനപദ്ധതിയോ അടിസ്ഥാനസൗകര്യമോ ഇവിടെ ഉണ്ടായിട്ടില്ല. അത് കളരിയായി തന്നെ ഇങ്ങോട്ടു വരുകയും അന്നത്തെ അതേ രീതി പിന്തുടരുകയുമാണുണ്ടായത്. പാരമ്പര്യം എന്ന നിലയിലാണ് തുടർന്ന് പോയത്. എന്നാൽ അതാണോ പാരമ്പര്യം എന്നൊരു ചോദ്യമുണ്ട്. അതെപ്പോഴും ചോദിക്കേണ്ട ചോദ്യമാണ്. നമ്മൾ ഒരു ഘടനയെ ഇങ്ങോട്ടു പകർത്തുമ്പോൾ അതിനെ പാരമ്പര്യമായി കാണാൻ പറ്റുമോ ? ഇത് പക്ഷേ,പലപ്പോഴും മറ്റു പല പാരമ്പര്യ വൈജ്ഞാനിക വിഷയങ്ങളിലും സംഭവിച്ചിട്ടുമില്ല. ഉദാഹരണത്തിന് ആയുർവ്വേദം മെഡിക്കൽ കോളേജിലേക്ക് വരുമ്പോൾ പുതിയ ഘടനയിലേക്കാണ് വരുന്നത്. എന്നാൽ കഥകളി ഇവിടേക്ക് വരുമ്പോൾ അക്കാലത്ത് ഏത് രക്ഷാകർതൃത്വത്തിൽ നിന്നാണോ വന്നത് അത് അതേപോലെ പകർത്താൻ ശ്രമിച്ചു. അത് മാറേണ്ട കാര്യം തന്നെയാണ്.ഉദാഹരണത്തിന് കളരിയെന്നത് നാലഞ്ച് കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന സ്റ്റുഡിയോ സമ്പ്രദായത്തിലേക്ക് വരണം. സ്റ്റുഡിയോ നമ്മൾ നിർമിക്കണം. അതൊരിക്കലും അധ്യാപക വിദ്യാർത്ഥി ബന്ധത്തെയോ അവരുടെ പഠന ക്രമത്തെയോ ഒന്നും ബാധിക്കുന്നതല്ല .കുട്ടികളുടെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുകയാണ് . പുതിയ തലമുറയിലെ കുട്ടികളാണ് വരുന്നത്. ആ ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന പാഠ്യപദ്ധതി ഇന്നിപ്പോൾ പ്രസക്തമാകണമെന്നില്ല.ഇത് കലാമണ്ഡലം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ്. മാറി മാറിവരുന്ന കുട്ടികൾക്ക് അനുസൃതമായി പഠനപദ്ധതി മാറ്റുന്നുണ്ടോ എന്ന ചോദ്യം ഉണ്ട് . കുട്ടികൾ മാറുന്നു, തലമുറകൾ മാറുന്നു, സാങ്കേതിക വിദ്യ മാറുന്നു, കുട്ടികളുടെ ദൈനംദിന അനുഭവങ്ങൾ വ്യത്യസ്തമാണ്. അങ്ങനെ ഒരു ചുറ്റുപാടിൽ പഴയ ബോധനസമ്പ്രദായം എത്രമാത്രം പ്രയോഗക്ഷമം ആണെന്ന ആലോചനകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മാറ്റങ്ങൾ അനിവാര്യമാണ്. അത് അധ്യാപകരിലൂടെയാണ് നടക്കേണ്ടത്. മറ്റുള്ള വിഷയങ്ങൾ മനസ്സിലാക്കുമ്പോഴാണ് നമുക്ക് നമ്മുടെ സ്വന്തം വിഷയത്തിന്റെ മൂല്യം മനസ്സിലാകുക. അതിനുള്ള സാഹചര്യം ഇപ്പോൾ ഇ വിടെയില്ല. ഒറ്റപ്പെട്ട രീതിയിലാണ് ഓരോ വിഷയവും പഠിക്കുന്നത്. മറ്റു വിഷയങ്ങളുമായി ബന്ധമില്ലാതെ പഠിക്കുമ്പോൾ അതിന്റെ സാധ്യത ഏറ്റവും പരിമിതമായ ഒരു മണ്ഡലത്തിലാണ് നിൽക്കുന്നത്. അങ്ങനെ ഒരു മാറ്റം ഉണ്ടാകാതെ ക്രിയാത്മകമായ മാറ്റം അസാധ്യമാണ്.ഇത് സ്ഥാപനത്തിന്റെ ഭാഗമായവരെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്. ഏതു കാലഘട്ടത്തിലാണ് ഈ കല നിലനിൽക്കുന്നത് .ഏത് കാലത്തിനു വേണ്ടിയുള്ള കലാകാരന്മാരെയാണ് നമ്മൾ നിർമിക്കുന്നത് ? അതിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ തലം മനസിലാക്കുകയും സമൂഹത്തിൽ നടക്കുന്ന എല്ലാ മാറ്റങ്ങളെയും നമ്മൾ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.
തുടർന്ന് പോരുന്ന രീതിയിൽ നിന്നും മാറുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ പ്രശ്നങ്ങൾ ഉണ്ട്. സമീപകാലത്ത് ഒന്ന് രണ്ടു സംഭവങ്ങൾ കലാമണ്ഡലത്തിൽ നടന്നല്ലോ. ഒന്ന് ക്യാന്റീനിൽ മാംസാഹാരം നൽകുവാൻ തീരുമാനിച്ചത്. നടന്നു വന്ന രീതിയിൽ നിന്നുള്ള വിച്ഛേദമാണത് എന്നതിന് സംശയമില്ല.ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഭക്ഷണം ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണല്ലോ. ഇക്കാലത്ത് ധീരമായ ഇത്തരം ഒരു തീരുമാനം എടുക്കാൻ സാധിച്ചുവെന്നതും അതു മറ്റുള്ളവർ അംഗീകരിച്ചുവെന്നതും എടുത്തുപറയേണ്ടതാണ്. യാഥാസ്ഥിതികമായി ചിന്തിക്കുന്നചിലർക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. എന്നാലും ഇത്തരത്തിലുള്ള കൂടുതൽ തീരുമാനങ്ങൾ അവിടെ നടക്കേണ്ടതുണ്ടെന്ന് തോന്നുന്നു ?
മാംസാഹാരവുമായി ബന്ധപ്പെട്ട ഒരു സംവാദം അവിടെ നടക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ കുറെ കാലമായി കുട്ടികൾ ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഒരു കാര്യമാണത്. അതിന്റെ ഒരു കാരണം ക്യാമ്പസിലെ മറ്റുള്ളവർക്ക് മാംസാഹാരം കിട്ടുന്നുണ്ട് . ഉദാഹരണത്തിന് അധ്യാപകരുടെയും അനധ്യാപകരുടെയും ക്വർട്ടേഴ്‌സുകൾ ഉണ്ട്. അവിടെയൊക്കെ അവർ മാംസാഹാരം പുറത്തു നിന്നും കൊണ്ട് വരുന്നുണ്ട് , ചിലർ പാചകം ചെയ്യുന്നുണ്ട്. കുട്ടികൾക്ക് മാത്രം എന്ത് കൊണ്ടീ വിലക്ക് എന്നത് ന്യായമായ ഒരു ചോദ്യമാണ്. മാത്രമല്ല അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഒരു പൊതുസ്ഥാപനത്തിൽ കഴിക്കാനുള്ള അവകാശം കുട്ടികളുടെ ഭരണഘടനാപരമായ അവകാശമാണ്.
പഴയ കാലത്ത് ഒരുപക്ഷേ ഗുരുകുല സമ്പ്രദായത്തിലും കളരി സമ്പ്രദായത്തിലും മാംസാഹാരം അനുവദിച്ചിട്ടുണ്ടാവില്ല. പക്ഷേ ജനങ്ങളുടെ നികുതിപ്പണവും സർക്കാരിന്റെ ഫണ്ടും ഉപയോഗിച്ചു നടത്തുന്ന ഒരു സ്ഥാപനത്തിന് ഉത്തരവാദിത്വം ഉണ്ട്.അത് നമ്മൾ നിർവഹിച്ചുവെന്നു മാത്രം. അതിനൊരു വിവാദത്തിന്റെ കാര്യമൊന്നുമില്ല. കാരണം ഭക്ഷണം കഴിക്കാനുള്ള അവകാശം എല്ലാവർക്കുമുള്ളതാണ്. മുൻപ് ഉയർന്നു വന്ന മറ്റൊരു വാദം ഇത് ക്ഷേത്രകല ആണെന്നാണ് .ഇത് ക്ഷേത്രകലകൾ പഠിപ്പിക്കുന്ന ഒരു സ്ഥാപനമല്ല, ഒരിക്കലും ആയിരുന്നുമില്ല. കലാമണ്ഡലം ക്ഷേത്രകലകൾക്കുള്ള സ്ഥാപനമാണെന്ന് എവിടെയും പറയുന്നുമില്ല , അതല്ല താനും . ക്ഷേത്രകലകൾക്കുള്ളതാണെങ്കിൽ ഇതിന്റെ സ്ഥാനം ദേവസ്വം ബോർഡിന് കീഴിലാകണം . അല്ലാതെ യു ജി സി യുടെ കീഴിലുള്ള ഒരു സർവകലാശാല ആകാൻ പാടില്ല. സർവകലാശാല എന്നിതിനെ വിളിക്കാനും പാടില്ല. കലാമണ്ഡലത്തിൽ ഒരു പൗരസമൂഹത്തിലെ എല്ലാ നിയമങ്ങളും ബാധകമാകണം .അവിടെയുള്ള എല്ലാ സ്വാതന്ത്ര്യവും കലാമണ്ഡലത്തിൽ ഉണ്ടാകണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ക്ഷേത്രകലകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ കൂടിയാട്ടം തുടങ്ങി. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഒരു അനുഷ്ഠാനരൂപമാണ് കൂടിയാട്ടം . എന്നാൽ ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ക്ഷേത്രങ്ങളിൽ കലാവതരണം നടത്താൻ അവകാശമില്ല. അവർക്ക് അടിയന്തിര കൂത്ത് നടത്താനുള്ള അവകാശമില്ല. ഇവിടെ നിന്നും പഠിച്ചിറങ്ങിയ പദ്മശ്രീ ശിവൻ നമ്പൂതിരിയെ പോലെയുള്ള പ്രഗത്ഭരായ കലാകാരന്മാർക്ക് പോലും അടിയന്തിര കൂത്ത് നടത്താൻ അവകാശമില്ലല്ലോ. അപ്പോൾ പിന്നെ ക്ഷേത്രവുമായി ഇതിനുള്ള ബന്ധം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല .അങ്ങനെ ഒരു ബന്ധം ഇല്ല. ഇതൊരു പൊതുസ്ഥാപനമാണ്, സർക്കാർ നടത്തുന്ന മറ്റെല്ലാ സ്ഥാപനങ്ങളുടെയും ഒപ്പമുള്ള ഒരു സ്ഥാപനം. ജൻഡർ പ്രശ്നങ്ങളും ഇവിടെ ഉണ്ടായിരുന്നു. കഥകളി സ്ത്രീകൾക്ക് അനുവദിച്ചിരുന്നില്ല ഒരു കാലത്ത്. സ്ത്രീകൾ വരുന്നതിനെതിരെ യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നും ധാരാളം എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. ചവറ പാറുക്കുട്ടിയെപ്പോലെയുള്ളവർ ഇതൊക്കെ ചെറുത്തുനിന്ന് കൊണ്ട് കഥകളിയിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ വനിതാ കഥകളി സംഘങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ രണ്ടോ മൂന്നോ വർഷം മുൻപ് കലാമണ്ഡലം ധീരമായ ഒരു തീരുമാനം എടുത്തു . പെൺകുട്ടികൾക്ക് കഥകളിക്കും കഥകളി സംഗീതത്തിനും പ്രവേശനം കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ നേരത്തെ തന്നെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പോലെയുള്ള മറ്റൊരു പ്രശ്നമായിരുന്നു പുരുഷന്മാർക്ക് മോഹിനിയാട്ടത്തിൽ പ്രവേശനം നൽകുന്നില്ല എന്നത്. അടുത്തയിടെ ചേർന്ന എക്സിക്യൂട്ടീവ് ബോർഡ് കൂടി അതിനും മാറ്റം വരുത്തി. ജൻഡർ ന്യൂട്രൽ ആയ പ്രവേശനനയം അംഗീകരിച്ചിട്ടുണ്ട്. അപ്പോൾ മാറ്റങ്ങൾ വന്നേ കഴിയൂ. തുല്യത, സമത്വം എന്നതൊക്കെ ഒരു സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തമബോധ്യത്തിൽ നിന്നാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇത് ഞാനായിട്ട് ഒറ്റയ്ക്ക് എടുക്കുന്നതല്ല കൂട്ടായിട്ടെടുക്കുന്നതാണ് . ഒരു ബോർഡുണ്ട്. അധ്യാപകരുടെ കൂട്ടായ്മയുണ്ട്. ഇവരുടെയെല്ലാം ബോധ്യമാണ്,മൗലികാവകാശങ്ങളുടെ സംരക്ഷണമാണ് ഞങ്ങൾ ചെയ്തിട്ടുള്ളത് .
പിന്നെ മറ്റൊന്ന്,ഇത് കേരള കലാമണ്ഡലമാണ് . ഇവിടെ കഥകളി മാത്രമല്ല ഉള്ളത്. മറ്റനേകം കലകൾ ഉണ്ട്. അവയെ പരിപോഷിപ്പിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം കൂടി കലാമണ്ഡലത്തിനുണ്ട്. ഈ കലാലയം കുറച്ച് അവതരണരൂപങ്ങൾക്ക് വേണ്ടി മാത്രം ആണെന്ന ഒരു ധാരണയുണ്ട് . അതു മാറണം . അതിനുള്ള ശ്രമങ്ങളും നടക്കണം .ഇവിടെയുള്ള കുട്ടികൾക്ക് ജീവനോപാധികൾ കണ്ടെത്താൻ കഴിയണം. അതിനു മറ്റു കലാരൂപങ്ങൾ കൂടി ഇവിടെ ഉണ്ടാകണം .
തീർച്ചയായും കലാമണ്ഡലത്തിൽ കാലത്തിനനുസരിച്ച് പുതിയ ചുവടുവെപ്പുകൾ ഉണ്ടാകുകയും പുതിയ തീരുമാനങ്ങൾ ഉണ്ടാകുകയും ചെയ്യും എന്ന് തന്നെ പ്രതീക്ഷിക്കാം . ഇനി നമുക്ക് താങ്കൾ വ്യാപരിച്ച മറ്റു മേഖലകളെ കുറിച്ച് കൂടി സംസാരിക്കാമെന്ന് കരുതുന്നു.
പത്തുമുപ്പതു വർഷമായി നാടകപഠനമേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഒരു സ്കോളർ ആണ് ബി.അനന്തകൃഷ്‍ണൻ . ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള സർവകലാശാലകളിൽ ഫാക്കൽറ്റിയായും അക്കാദമിക് സമിതികളിൽ അംഗം എന്ന നിലയിലും പ്രവർത്തിച്ചു.നിരവധി സെലക്ഷൻ കമ്മിറ്റികളിൽ അംഗമായിരുന്നു. ഇന്ത്യക്കകത്തും വിദേശത്തുമുള്ള അനേകം സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ശില്പശാലകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യൻ നാടകപഠനമേഖലയെ വിലയിരുത്തുമോ ?
ഇന്ത്യൻ നാടകപഠനം എന്ന ആധുനിക മേഖലയെ കുറിച്ച് ഒരു ആധികാരിക ചരിത്രം നമുക്കില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ മുൻപിലുള്ളത് ചേലനാട്ട് അച്യുതമേനോന്റെ പുസ്തകമാണ്. അതിലാണ് നാടകപഠനത്തിന്റെ തുടക്കം. പതിനെട്ടാം നൂറ്റാണ്ടിൽ ശാകുന്തളം ഇംഗ്ലീഷിലേക്ക് സർ വില്യം ജോൺസ് വിവർത്തനം ചെയ്തിട്ടുണ്ട്. ഇറ്റാലിയനിലേക്കുൾപ്പടെ അത് വിവർത്തനം ചെയ്യപ്പെട്ടു. എന്നിട്ടും മലയാളത്തിൽ ശകുന്തളം ഉണ്ടാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ മാത്രമാണ്. അതാണ് നമ്മുടെ നാടകരംഗത്തിന്റെ പ്രശ്നം. ഇന്ത്യയിൽ സംസ്കൃതത്തിൽ ഉണ്ടായ പല നാടകങ്ങളും നമുക്ക് ലഭിക്കുന്നില്ല. ഇരുപതാം നൂറ്റാണ്ടോടെയാണ് സംസ്കൃതത്തിലെ പല നാടകങ്ങളും നമ്മൾ പരിചയപ്പെടുന്നത്. മാത്രമല്ല നാടകപഠനം എന്നൊരു മേഖല ഇനിയും വികസിച്ചിട്ടില്ല. നാടകം വിട്ടിട്ട് അവതരണം എന്നത് നോക്കൂ. കഥകളിയെയും കൂടിയാട്ടത്തെയും കുറിച്ച് മലയാളികൾ എഴുതിയ വളരെ കുറച്ച് ഗ്രന്ഥങ്ങൾ മാത്രമേയുള്ളൂ. മലയാള ഭാഷയിൽ ഉണ്ടാകാം. എന്നാൽ അന്തരാഷ്ട്ര അക്കാദമിക മേഖലയിൽ വിശകലന രീതികൾ ഒന്നും ലഭ്യമല്ലെന്നു തന്നെ പറയാം. പുറത്തുള്ള സർവ്വകലാശാലകളിൽ നമ്മുടെ നാടകമേഖലയെ കുറിച്ച് സുപ്രധാനമായ ചില പുസ്തകങ്ങൾ വന്നിട്ടുണ്ട്. അടുത്തയിടെ എം.വി നാരായണനും മറ്റും കൂടിയാട്ടത്തെയും പാരമ്പര്യകലകളെയും കുറിച്ച് എഴുതിയിട്ടുണ്ട്. അതല്ലാതെ ഗൗരവമായ പഠനങ്ങൾ എത്രമാത്രം ഉണ്ടെന്ന് സംശയമാണ്. തീരെ ഇല്ലെന്നല്ല. അതിനു പ്രധാന കാരണം നമ്മുടെ നാടക അക്കാദമിക് പണ്ഡിതർ വളരെ പിന്നിലാണ് എന്നതാണ് . കോളനിയാനന്തര രാജ്യങ്ങളിലെല്ലാം കാണുന്ന ഒരു കാര്യമുണ്ട്. അധിനിവേശ രാജ്യങ്ങളിലെ സർവകലാശാലാപഠന രീതി ഇവിടെ പകർത്തി വച്ചിട്ടേയുള്ളൂ. ഇതൊരു വൈജ്ഞാനിക മേഖലയായി ഇപ്പോഴും കണ്ടിട്ടില്ല. അത് ഇന്ത്യയിലെ എല്ലാ നാടക പദ്ധതികളിലും കാണാൻ കഴിയും.ഇവിടെ നമ്മൾ കാലഹരണപെട്ട പഠനങ്ങളും സിദ്ധാന്തങ്ങളും പ്രയോഗങ്ങളുമാണ് പഠിപ്പിക്കുന്നത്. ആ രീതി ഗവേഷണത്തെയും വിജ്ഞാനനിർമിതിയെയും ബാധിച്ചിട്ടുണ്ട്. നാടകം മാത്രമായി പഠിപ്പിക്കാൻ കഴിയില്ല. അത് മറ്റു ഘടകങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ പഠിക്കാൻ കഴിയൂ. ഉദാഹരണത്തിന് ആഗോളതലത്തിൽ നാടകം പഠിക്കുന്നത് നരവംശശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ്. അത് പോലെ സാമൂഹ്യശാസ്ത്രങ്ങളുമായുള്ള ബന്ധം പഠിക്കേണ്ടതാണ്. അതുകൊണ്ടാണ് നാടകത്തെ ഒറ്റക്ക് അടർത്തിമാറ്റി പഠിക്കാൻ കഴിയില്ലെന്ന് പറയുന്നത്.ഇതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നവും. അത് പാഠ്യപദ്ധതി മുതൽ തുടങ്ങും.ദേശീയ തലത്തിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ മുതൽ നോക്കിയാൽ ആധുനിക നാടകത്തെ ഒരു ക്‌ളാസിക്കൽ രൂപമായിട്ടാണ് കാണുന്നതെന്ന് മനസ്സിലാകും. അതുകൊണ്ടു തന്നെ ഒരു കൊളോണിയൽ ആധുനികതയുടെ ഭാഗമായിട്ടാണ് സർവകലാശാല തലത്തിൽ പോലും നാടകം നിൽക്കുന്നത്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനങ്ങളും നാടകത്തെ അങ്ങനെയാണ് കൊണ്ടുനടക്കുന്നത്. പാരമ്പര്യത്തോടും നമ്മുടെ സമീപനം അങ്ങനെ തന്നെയാണല്ലോ. വാർപ്പുമാതൃകാരീതിയിലാണ് നാടകപഠനം പോകുന്നത്. ഇബ്രാഹിം അൽകാസിക്ക് ശേഷം അക്കാദമിക് തലത്തിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ഉൾപ്പടെ എന്ത് മാറ്റം ഉണ്ടായി എന്നത് ചിന്തിക്കേണ്ടതാണ് . ഇടക്ക് ബി വി കാരാന്ത് , അനുരാധ കപൂർ തുടങ്ങിയവരുടെ ഇടപെടൽ ഉണ്ടായിയെന്നത് ശരിയാണ്. എന്നാൽ ഇതൊക്കെ പുതിയ കാലത്തിൽ എത്രമാത്രം പ്രതിഫലനം ഉണ്ടാക്കി എന്നത് സംശയമാണ്. നമ്മുടെ നാടകത്തിന് വേണ്ടിയുള്ള ദേശീയ സ്ഥാപനങ്ങൾ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എത്രമാത്രം പരിഷ്കരിക്കപ്പെട്ടു? നമ്മൾ ആധുനികവത്കരിക്കപ്പെട്ടു ? ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കാരണം ഏതൊരു വിഷയത്തിനും അതിനെ നിർണയിക്കുന്ന ഒരു ചട്ടക്കൂട് ഉണ്ടാകും .അതിനെ നിർമിക്കുന്ന ചില നിർമ്മാണപരമായ തത്വങ്ങളും ചട്ടങ്ങളും ഉണ്ടാകും. പക്ഷേ നിർഭാഗ്യവശാൽ നാടകത്തെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും ബോധ്യപ്പെടുന്ന ഒരു നിർമ്മിതതത്വമില്ല ( Organising principle ). അവിടെയാണ് അക്കാദമികർക്ക് ഏറ്റവും വലിയ പ്രശ്നം തോന്നുന്നത്. ഉദാഹരണത്തിന് മഹാരാഷ്ട്രയിലെ നാടകപഠനപദ്ധതി നോക്കിയാൽ ശരീരശാസ്ത്രം ഒരു വിഷയമാണ്. യഥാർത്ഥത്തിൽ അത് പഠിക്കേണ്ടതാണ്. എന്നാൽ ഇന്ത്യയിലെ മറ്റൊരിടത്തും ഇത് കാണാൻ കഴിയില്ല.മഹാരാഷ്ട്രയിൽ മാത്രം ഈയൊരു വിഷയം നാടകപഠനത്തിന്റെ ഭാഗമായി വരാനുള്ള പ്രധാന കാരണം മഹാരാഷ്ട്രയിലെ നാടക രംഗത്തും അക്കാദമിക് രംഗത്തുമുള്ള ഡോക്ടർമാരുടെ സാന്നിധ്യമാണ്. അങ്ങനെ ഓരോ സ്ഥലത്തിനുമനുസരിച്ച് അവരുടെ താല്പര്യങ്ങൾക്കും സൗകര്യങ്ങൾക്കുമനുസരിച്ച് അറിവിന്റെ പരിധികൾക്കുള്ളിൽനിന്നുകൊണ്ട് ഓരോ സ്ഥലങ്ങളിലും ഓരോ തരത്തിലുള്ള Organising principle കൾ ഉണ്ടാവുന്നതായി കാണാം. പ്രാദേശിക വൈജ്ഞാനികസവിശേഷതകൾക്കനുസരിച്ചും പഠനപദ്ധതി രൂപപ്പെടുത്താം . വൈവിധ്യമെന്നൊക്കെ ഇതിനെ കുറിച്ച് വാദങ്ങൾ ഉണ്ട്. പക്ഷേ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വിഷയം പഠിക്കുമ്പോൾ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില മൂലതത്വങ്ങളും ആശയങ്ങളുമുണ്ട് .അത് എല്ലാ വിഷയങ്ങൾക്കുമുണ്ട്. അതിനെ കുറിച്ചൊരു പൊതുധാരണ ഉണ്ടാകണം. പിന്നീട് അതിനകത്ത് സ്പെഷ്യലൈസേഷൻ ആകാം. ഉദാഹരണത്തിന് സ്റ്റൈലൈസ്ഡ് ആക്ടിങിന് ഏറ്റവും കൂടുതൽ പരിശീലനം നല്കാൻ കഴിയുന്നത് കേരളത്തിനാണ് . പാഠത്തിനു പ്രാധാന്യം കൊടുക്കുന്ന രീതി മഹാരാഷ്ട്രയ്ക്കു ഉണ്ടാകാം.അങ്ങനെ ഓരോ സ്ഥലത്തിനും ഓരോ തരത്തിലുള്ള നാടകരൂപങ്ങൾക്ക് സാധ്യതയുണ്ട്. പക്ഷേ അത് വിഷയത്തിന്റെ മൂലതത്വങ്ങൾ അവഗണിച്ചു കൊണ്ടാകരുത്.അതാണ് നമ്മൾ നേരിടുന്ന ഒരു പ്രശ്നം. ഇങ്ങനെയാകുമ്പോൾ നാടകപഠനത്തെ ഗൗരവമായി ആരും കണക്കാക്കില്ല. കലാകാരർ അങ്ങനെ ജനിക്കുന്നതാണ്, അല്ലാതെ പരിശീലിപ്പിക്കപ്പെടുന്നവരല്ല എന്നൊരു സങ്കൽപ്പത്തിലേക്ക് പോയാൽ അത് അതിഭൗതികതലത്തിലേക്കാകും പോകുക. അതെന്തോ,എവിടെ നിന്നോ കിട്ടുന്ന ഒരു ദിവ്യമായ കഴിവാണെന്ന് ധരിച്ചു കളയും. നമ്മൾ അവഗണിക്കുന്ന വസ്തുത നാടകം പഠിക്കുക എന്ന് പറയുന്നത് ഒരു ക്രാഫ്റ്റ് പഠിക്കൽ ആണെന്ന കാര്യമാണ് . ഒരു നാടകസ്‌കൂളിനും ക്രിയാത്മകത പഠിപ്പിക്കാൻ പറ്റില്ല. നൈപുണികൾ ആണ് പരിശീലിപ്പിക്കേണ്ടത്. നമ്മുടെ പരിശീലനത്തിന്റെ പ്രശ്നം അധ്യാപകകേന്ദ്രീകൃതമായ പരിശീലനങ്ങളാണ് കൂടുതൽ നാടകപരിശീലന സ്ഥാപനങ്ങളിലും നടക്കുന്നതെന്നതാണ്. .അവയൊന്നും വിദ്യാർഥികേന്ദ്രീകൃതമല്ല .നാടകം മനസ്സിനെ സ്പർശിക്കുന്ന കലാരൂപമാണ്. അവിടെ കുട്ടികളെ മനസ്സിലാക്കാതെ പരിശീലനം നൽകുന്നത് ഏറ്റവും വലിയ ദ്രോഹമാണ് .കുട്ടിക്ക് ഉചിതമല്ലാത്തതൊന്നും നമ്മൾ അടിച്ചേൽപ്പിക്കരുത്. നാടകത്തിൽ പ്രത്യേകിച്ചും വിദ്യാർഥികേന്ദ്രീകൃത പരിശീലനമാണ് വേണ്ടത്. കുട്ടിയുടെ സാദ്ധ്യതകൾ എത്രയാണെന്ന് നമ്മൾ പരിശോധിക്കണം .അതിനായിരിക്കണം നമ്മൾ ഊന്നൽ നൽകുന്നത്. അധ്യാപകർ എല്ലായ്പ്പോഴും കുട്ടികൾക്ക് നൽകുന്ന ഒരു ധാരണ “നിങ്ങൾ നിരന്തരം തോൽക്കാൻ ഇടയുണ്ട്” എന്നതാണ്. ശരീരവും മനസ്സുമെല്ലാം ചേർന്ന് പ്രവർത്തിക്കേണ്ട നാടകപഠനത്തിൽ പ്രത്യേകിച്ചും ഈ സമീപനം കുട്ടിയുടെ ആത്മവിശ്വാസം ഇല്ലാതാക്കും. വിജയം /പരാജയം എന്ന ദ്വന്ദം കൊണ്ടുവന്നാലൊരിക്കലും ഒരു കുട്ടിയെ നടൻ ആക്കി മാറ്റാൻ കഴിയില്ല. അധ്യായനത്തിൽ വിജയവും പരാജയവും കടന്നു വരാൻ അനുവദിക്കരുത്.
നാടകത്തോടും നാടകപഠനത്തോടും താത്പര്യമുള്ള പുതിയ തലമുറയിൽ പെട്ട കുട്ടികളോട് എന്താണ് പറയാനുള്ളത് ??
കഴിഞ്ഞ പത്തു വർഷമായി നാടകം പഠിക്കാൻ വരുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഹൈദരാബാദ് സർവകലാശാലയിൽ 2000 ൽ പത്ത് കുട്ടികൾ പഠിക്കാൻ വന്നിരുന്ന സ്ഥാനത്ത് നാനൂറോളം അപേക്ഷകരാണിപ്പോൾ ഉള്ളത്. ഇത് തന്നെയാണ് പോണ്ടിച്ചേരിയിലേയും സ്ഥിതി. ലോകറാങ്കിങ്ങിൽ ഹൈദരാബാദ് സർവകലാശാലയുടെ സ്ഥാനം ഇപ്പോൾ 116 ആണ് .ആദ്യമായിട്ടാണ് ലോക റാങ്കിങ്ങിൽ ഇന്ത്യയിലെ ഒരു പെർഫോമിംഗ് ആർട്സ് വകുപ്പ് വരുന്നത്. അങ്ങനെ ആഗോളമായി ഇന്ത്യൻ നാടകത്തിനു അംഗീകാരം ലഭിക്കുന്നുണ്ട്. സ്വകാര്യ സർവകലാശാലകളിലും നാടകപഠനം ഇപ്പോൾ കൂടുതൽ പ്രാധാന്യം നേടുന്നുണ്ട്. കുട്ടികൾ പുതിയ കാലഘട്ടത്തിൽ നാടകം ഗൗരവമുള്ള പഠനവിഷയമായി ഇപ്പോൾ കാണുന്നുണ്ട്. മാത്രമല്ല , അവതരണം , സദസ്സ് ഇതിനൊക്കെ മൂല്യം കൂടുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന റീലിലും, മറ്റു പലതരം വിഡിയോകളിലും പെർഫോമൻസിന്റെ ഘടകം കാണാൻ കഴിയും. നടകാവതരണത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയും കൂടുതൽ കാണാൻ ഇപ്പോൾ കഴിയുന്നുണ്ട്. മാത്രമല്ല , നാടകത്തിനു കൂടുതൽ സാധ്യത ഉണ്ട് .
കാരണം മറ്റു കലാരൂപങ്ങളെ ഉൾച്ചേർക്കാനുള്ള സാദ്ധ്യതകൾ , ഒപ്പം പരമ്പരാഗതമായി വന്നിരുന്ന പാഠം ,അവതരണം എന്നതിൽ നിന്നും മാറി പുതിയ ആശയത്തിലേക്ക് വരുന്ന പ്രവണത …. ഇതൊക്കെ ഇന്ത്യൻ നാടക വേദിക്ക് തന്നെ മാറ്റം കൊണ്ടുവരാൻ കഴിയുന്ന തലമുറയാണിപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ അനുരണനങ്ങൾ പല നാടക വേദിയിലും കാണാൻ കഴിയുന്നുണ്ട്. ഉദാഹരണത്തിന് മുൻപ് നമ്മൾ ഷേക്‌സ്‌പിയറിന്റെ ടെക്സ്റ്റ് , ബ്രെഹ്തിന്റെ ടെക്സ്റ്റ് അല്ലെങ്കിൽ സി എൻ ശ്രീകണ്ഠൻ നായർ ,പൊൻകുന്നം വർക്കി, കെ ടി മുഹമ്മദ് ,പി ജെ ആന്റണി ഇവരുടെ പാഠത്തെ നാടകം ആക്കുകയാണ് ചെയ്തിരുന്നത്. അതൊക്കെ മാറി. ഇവിടെയൊരു സംഘർഷമുണ്ട് . സാക്ഷരതയും അവതരണവും തമ്മിലുള്ള സംഘർഷം . നാടകത്തിൽ തന്നെ മാറ്റം വരുന്ന സാഹചര്യത്തിൽ പുതിയ കുട്ടികൾ നാടകത്തിൽ വരേണ്ടത് ആവശ്യമാണ്.ഇന്നത്തെ സാംസ്‌കാരിക സാഹചര്യത്തിൽ നാടകത്തിനു ചെയ്യാനാകുന്ന കാര്യങ്ങൾ മറ്റൊരു കലാരൂപത്തിനും ചെയ്യാൻ
കഴിയില്ല.
കാരണം ഒന്ന് ഇതൊരു തത്സമയവതരണകലാരൂപമാണ് , ശരീരം ജനങ്ങളുമായി നേരിട്ട് ഇടപെടുന്നു .ഒപ്പം ഡിജിറ്റൽ മേഖലയുമായുള്ള ബന്ധം .

നാടകം എന്നത് ഏകമുഖമായാണ് പലരും കാണുന്നത്. യഥാർത്ഥത്തിൽ അതിന് ബഹുമുഖ തലങ്ങളാണുള്ളത് . അത് നമ്മൾ ശ്രദ്ധിക്കാറില്ല. ഇപ്പോൾ കുട്ടികളുടെ നാടകരംഗത്ത് ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകാം . അപ്പ്ളൈഡ് തീയേറ്ററിൽ അവിടെയും ഇവിടെയും ചില മാറ്റങ്ങൾ ഉണ്ടാകാം . വികസനത്തിനുള്ള നാടകം, സാമൂഹ്യമാറ്റത്തിനുള്ള നാടകം എന്നിങ്ങനെ പല മേഖലകൾ ഉണ്ട്. ഇത്തരത്തിലുള്ള സ്പെഷ്യലൈസേഷൻ വരുന്നില്ല. ഏറ്റവും നിർഭാഗ്യകരമായ കാര്യം എല്ലാവർക്കും ഒന്നുകിൽ നടൻ ആകണം , അല്ലെങ്കിൽ സംവിധായകനാകണം . എന്നാൽ നടൻ എന്ന പ്രതിഭാസം പ്രൊഫഷണൽ നാടകങ്ങളിൽ ഒഴിച്ച് ഒരിക്കലും ഇന്ത്യൻ നാടകവേദിയിൽ സാമ്പത്തികമായി മെച്ചമുള്ള ഒരു കാര്യവുമല്ല. പല തദ്ദേശീയ സംസ്കാരങ്ങളിലെയും സ്ഥിതിയതാണ്. ചിലപ്പോൾ ബംഗാളിലോ മഹാരാഷ്ട്രയിലോ അതുണ്ടാകാം . എന്നാൽ മറ്റെവിടെയും ഇല്ലെന്ന് തന്നെ പറയാം. അങ്ങനെവരുമ്പോൾ നാടകത്തെ ഒറ്റ ശാഖയായി കാണരുത്. അതിനു മറ്റനേകം ഘടകങ്ങളുണ്ട്. ഉദാഹരണത്തിന് വസ്ത്രവിധാനം , പ്രകാശ വിതാനം , തിയേറ്റർ ആർക്കിടെക്ചർ , അല്ലെങ്കിൽ സംഗീതം , പെർഫോമൻസ്‍ ആർട് ..ഇതെല്ലം നാടകത്തിന്റെ ഭാഗമാണ് . പലതരത്തിലുള്ള അവതരണ ബന്ധങ്ങൾ ഉണ്ട്. അത്തരത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടത്. നടൻ ആകാൻ വേണ്ടിയോ സംവിധായകൻ ആകാൻ വേണ്ടിയോ നാടകത്തിൽ ഡിഗ്രി എടുക്കുക എന്നതിൽ അർത്ഥമില്ല. അതിന്റെ സമയം കഴിഞ്ഞു. നാടകത്തിൽ ഒരു ബഹുമുഖ അസ്തിത്വം ഉണ്ടാകണം. അതിനാണ് പുതിയ തലമുറ ശ്രമിക്കേണ്ടത്.