അതിനിർണയവാദം

കെ എസ് രഞ്ജിത്ത്

നുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ. അതോ ബാഹ്യശക്തികളുടെ പ്രവർത്തനങ്ങൾ അവയിൽ അന്തർലീനമായി വർത്തിക്കുന്നുണ്ടോ? സാമൂഹ്യശാസ്ത്രങ്ങളുടെ തത്വചിന്താ മണ്ഡലത്തിലെ (Philosophy of social science) എക്കാലത്തെയും വലിയ ചോദ്യങ്ങളിൽ ഒന്നാണിത്. വ്യക്തിതലത്തിൽ നിന്നും സാമൂഹ്യതലത്തിലേക്ക് മാറിയാലും ഈ ചോദ്യം സംഗതമായി നിൽക്കുന്നു. സാമൂഹിക ചലനങ്ങളുടെയൊക്കെ പിന്നിൽ ഘടനാപരമായ പ്രതിഭാസങ്ങൾ ഒളിഞ്ഞിരുന്നു പ്രവർത്തിക്കുന്നുണ്ടോ. സാമൂഹിക പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിൽ അതല്ലെങ്കിൽ ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളുടെ അർത്ഥമറിയണമെങ്കിൽ ഇത്തരത്തിൽ അന്തർലീനമായി പ്രവർത്തിക്കുന്ന ഘടകങ്ങളെ തിരിച്ചറിയേണ്ടതില്ലേ? അതല്ല ഇത്തരം ചില ഘടകങ്ങളിലേക്ക് നമ്മുടെ പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിഭാസങ്ങളെയും ചുരുക്കികാണുന്നത് ശരിയാണോ. നിർണയവാദം/അതിനിർണയ വാദം ഉയർത്തുന്ന പ്രശ്നമണ്ഡലങ്ങൾ ഇവയാണ്.

ഇത് കുറച്ചുകൂടി വിശദമാക്കുന്ന ചില സവിശേഷ ഉദാഹരണങ്ങളിലേക്ക് കടക്കാം. സാമ്പത്തിക ഘടകങ്ങളാണ് സാമൂഹിക പ്രതിഭാസങ്ങൾക്ക് പിന്നിലുള്ള നിർണായക ഘടകമെന്നതാണ് ഇത്തരത്തിലുള്ള ഒരു വീക്ഷണം. Economic determinism എന്ന് ഇത് വിളിക്കപ്പെടുന്നു. സാമൂഹിക പ്രതിഭാസങ്ങളെ മനസ്സിലാക്കുമ്പോൾ, സാമ്പത്തികമായ ചൂഷണത്തെ ഒരു മുഖ്യ ഘടകമായെടുക്കുന്ന മാർക്സിസ്റ്റ് സാമൂഹിക വീക്ഷണത്തെ ഇതുമായി ചേർത്ത് വായിക്കാൻ പലരും ശ്രമിക്കുന്നത് കാണാം. മാർക്സിസ്റ്റ് വിമർശകർ പലരും ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമാണിത്. ഇതിന്റെ കൂടുതൽ വിശകലനത്തിലേക്ക് വഴിയേ വരാം.

സാങ്കേതികമായ അതിനിർണയവാദമാണ് (Technological determinism) മറ്റൊന്ന്. ഓരോ സമൂഹത്തിലും നിലനിൽക്കുന്ന സാങ്കേതിക വിദ്യകൾ, അതല്ലെങ്കിൽ ഓരോ സമൂഹവും സ്വായത്തമാക്കിയിട്ടുള്ള സാങ്കേതികവിദ്യകൾ ആ സമൂഹത്തിന്റെ രൂപത്തെയും ഭാവത്തെയും നിർണായകമായി ബാധിക്കുന്നു എന്നതാണ് സാങ്കേതിക വിദ്യാമാത്ര വാദികൾ പറയുന്നത്. ഉല്പാദന ശക്തികളുടെ വളർച്ച ഉല്പാദന ബന്ധങ്ങളെ മാറ്റിമറിക്കുന്നു എന്ന മാർക്സിസ്റ്റ് സിദ്ധാന്തത്തെയും ഇതുമായി പലരും ബന്ധിപ്പിക്കാറുണ്ട്. ലോകമാകെ വ്യാപിച്ചു കിടക്കുന്ന വിവര വിനിമയ സാങ്കേതിക വിദ്യകളും മാധ്യമ ശൃംഖലകളും മനുഷ്യരുടെ ചിന്തയെയും പ്രവർത്തനങ്ങളെയും നിർണ്ണയിക്കുന്നു എന്ന വാദവും ഏതാണ്ട് ഇതേ മാനങ്ങളുള്ള ഒന്നാണ്.

മനുഷ്യർ അധിവസിക്കുന്ന ഭൂപ്രദേശവും അവിടെ നിലനിൽക്കുന്ന ആവാസവ്യവസ്ഥയുമാണ് മനുഷ്യപ്രവർത്തനങ്ങളെ നിശ്ചയിക്കുകയും നിർണയിക്കുകയും ചെയുന്നത് എന്നതാണ് മറ്റൊരു തരത്തിലുള്ള അതിനിർണയവാദം. Environmental determinism എന്ന് ഇതിനെ വിളിക്കുന്നു. ഒരു പ്രദേശത്ത് ലഭ്യമായ പ്രകൃതിവിഭവങ്ങൾ, കാലാവസ്ഥ, ഭൂതലപ്രകൃതി എന്നിവയാണ് നിർണായക ഘടകങ്ങൾ എന്നതാണ് ഈ വാദം മുന്നോട്ട് വയ്ക്കുന്നത്. വംശീയമേധാവിത്വപരമായ വാദങ്ങളുടെപോലും ഉറവിടം ഇതിൽ കാണാം.

സാമൂഹിക സ്ഥാപനങ്ങളുടെയും ഘടനകളുടെയും കേവലം അടിമകൾ മാത്രമാണ് മനുഷ്യർ എന്നൊരു വാദവുമുണ്ട് . വ്യക്തികളുടെ പ്രവർത്തനങ്ങൾക്ക് സ്വതന്ത്രമായ നിലനിൽപ്പ് നിഷേധിക്കുന്നവയാണ് ഈ വാദങ്ങൾ.

അതിയായ ലളിതവൽക്കരണത്തിലേക്ക് നമ്മെ നയിക്കുന്നവയാണ് എല്ലാ രീതിയിലുള്ള അതിനിർണയ വാദങ്ങളും. സാമൂഹിക പ്രതിഭാസങ്ങളെയും വ്യക്തികളുടെ പ്രവർത്തനങ്ങളെയും മനസിലാക്കാനുള്ള എളുപ്പവഴിയായിട്ടാണ് ഇവ പലപ്പോഴും വർത്തിക്കുന്നത്. സാമൂഹിക സങ്കീർണതകളെ വളരെ ലളിതമായ സമവാക്യങ്ങളിലേക്ക് ഇവ വെട്ടിച്ചുരുക്കുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ സാമൂഹിക സ്ഥാപനങ്ങളെയും സാമൂഹിക ബന്ധങ്ങളെയും സാങ്കേതികവിദ്യയെയുമൊക്കെ അവനെത്തന്നെ വിഴുങ്ങുന്ന ഒന്നായി ചിത്രീകരിക്കുന്നു. Human Agency എന്ന ഘടകത്തെ പാടെ അവഗണിക്കുന്നു. നിശ്ചലമായ ഒന്നായി സാമൂഹിക ഘടനകളെയും സാങ്കേതികവിദ്യകളെയുമൊക്കെ പരിഗണിക്കുന്നു.

നാം കാണുന്ന വസ്തുക്കളും പ്രതിഭാസങ്ങളുമെല്ലാം മാറ്റമില്ലാതെ തുടരുന്നവയാണ് എന്ന അടിസ്ഥാന വിശ്വാസത്തിൽ നിന്നാണ് (basic premises) എല്ലാ തരത്തിലുള്ള അതിനിർണയ വാദങ്ങളും പിറവികൊള്ളുന്നത്. ഒരോ വസ്തുവിലും പ്രതിഭാസത്തിലും അതിന്റെ നിഷേധ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്നും അവ നിരന്തരമായ പരിണാമത്തിനു വിധേയമാവുകയാണ് എന്നതും അതിനിർണയവാദികൾ നിഷേധിക്കുന്നു. സാമൂഹിക പ്രതിഭാസങ്ങൾ ഒന്നുംതന്നെ സ്ഥായിയായവയല്ല എന്നും അവ നിരന്തര പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് എന്നും ഇതിനു കാരണമായി വർത്തിക്കുന്നത് ഒരു ഏജൻസി ആയി വർത്തിക്കുന്ന മനുഷ്യരാണ് എന്നതും ഇവിടെ അവഗണിക്കപ്പെടുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയും വികാസം പ്രാപിച്ച ഒരു ഘട്ടത്തിൽ പോലും തൊട്ടുമുന്നിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ പോലും മനസ്സിലാക്കാൻ സാമൂഹിക ശാസ്ത്രജ്ഞർക്ക് കഴിയാതെ പോകുന്നതും വരച്ചു കാട്ടുന്നത് ഈ വസ്തുതയാണ്. ഇത്രയധികം സൂപ്പർ കംപ്യൂട്ടറുകളും ലോകത്തെ മുഴുവൻ ഡാറ്റയും കൈവശമുണ്ടായിട്ടും 2008 ൽ ഉണ്ടായ സാമ്പത്തികകുഴപ്പം മുൻകൂട്ടി കാണാൻ ലോകത്തെ ഏറ്റവും മുന്തിയ ബിസിനസ്സ് സ്‌കൂളുകളിൽ നിന്നും പരിശീലനം ലഭിച്ച വിദഗ്ധർക്ക് കഴിഞ്ഞില്ല എന്നോർക്കുക.

കാര്യകാരണ ബന്ധങ്ങളുടെ ശൃംഖലകളെ പാടെ അവഗണിക്കുക എന്നതല്ല, മറിച്ച് വളരെ കണിശമായ ഒരു യാന്ത്രിക പദ്ധതിയായി ഭൗതിക ശാസ്ത്രമണ്ഡലത്തെ വിശകലനം ചെയ്യുന്ന അതേ ലാഘവത്തിൽ സാമൂഹിക ശാസ്ത്രത്തെ കൈകാര്യം ചെയ്യാൻ പറ്റുകയില്ല എന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്.

അതിനിർണയവാദത്തെ സംബന്ധിച്ച മാർക്സിസ്റ്റ് വിമർശനം
സാമ്പത്തിക പ്രക്രിയകളെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നവയാണ് മൂലധനം പോലെയുള്ള മാർക്സിന്റെ സുപ്രധാന കൃതികൾ. മുതലാളിത്ത ഉല്പാദനപ്രക്രിയയെയും അതിലടങ്ങിയിട്ടുള്ള ചൂഷണത്തെയും വിശകലനം ചെയ്യുവാൻ മാർക്സ് മുഖ്യമായും സാമ്പത്തിക പ്രക്രിയകളിലാണ് ഊന്നിയത് എന്നത് ശരിയാണ്. പക്ഷെ ഇതിനർത്ഥം സാമ്പത്തിക ഘടകങ്ങൾ മാത്രമാണ് സാമൂഹിക മാറ്റങ്ങൾക്ക് കാരണം എന്നല്ല. ഇത്തരത്തിലൊരു വാദം മൂലധനത്തിൽ ഒരിടത്തും മാർക്സ് മുന്നോട്ട് വെയ്ക്കുന്നുമില്ല. ഇത്തരത്തിലുള്ള പ്രസ്താവങ്ങൾ മാർക്സിന്റെ മറ്റ് കൃതികളിൽ പോലും കാണാനില്ല. യാന്ത്രിക ഭൗതിക വാദത്തിൽ നിന്നും മാർക്സിന്റെ ചിന്തകൾ തെന്നിമാറുന്നത് ഇവിടെയാണ്. ചലനാത്മകമായ (dynamic) പ്രകൃതമുള്ള ഒരു വൈരുദ്ധ്യാത്മക പ്രക്രിയയായിട്ടാണ് സാമൂഹിക മാറ്റങ്ങളെ മാർക്സ് നോക്കികണ്ടത്.

ഇക്കാര്യത്തിൽ ഏംഗൽസിന്റെ ചിന്തകളും വിഭിന്നമായിരുന്നില്ല. മനുഷ്യന്റെ കരങ്ങൾ അധ്വാനിക്കാനുള്ളവ മാത്രമല്ല അധ്വാനത്തിന്റെ ഉല്പന്നം കൂടിയാണ് എന്നാണ് പ്രകൃതിയുടെ വൈരുധ്യാത്മകത എന്ന കൃതിയിൽ ഇത് സംബന്ധിച്ച് ഏംഗൽസ് എഴുതിയത്. (“man’s hands are not a tool for labor but also a product of labor’) പരസപരം പ്രതിപ്രവർത്തിക്കുന്ന ഒന്നായി സമൂഹത്തിലുള്ള മനുഷ്യന്റെ ഇടപെടലിനെ നോക്കി കാണുന്ന ചിന്തയാണിത്. അതിനിർണയ വാദങ്ങളെ മറികടക്കുന്ന മാർക്സിസ്റ്റ് രീതിശാസ്ത്രത്തെ ഇതിൽ കണ്ടെത്താം.

പ്രകൃതിശക്തികളുടെ കൈയിലെ പാവകൾ മാത്രമായി, ചില സാമ്പത്തിക നിയമങ്ങൾക്കനുസാരിയായി നിലകൊള്ളുന്ന passive spectator മാത്രമാണ് മനുഷ്യൻ എന്ന യാന്ത്രിക നിരീക്ഷണം ചില സാമൂഹിക ശാസ്ത്രജ്ഞർ വെച്ച് പുലർത്താറുണ്ട്. യാന്ത്രിക ഭൗതികവാദമാണിത്. എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും അടിസ്ഥാനപരമായി റദ്ദു ചെയുന്ന ഒരു വാദമാണിത് . “Men make their own history, but they do not make it as they please; they do not make it under self-selected circumstances, but under circumstances existing already, given and transmitted from the past.’ എന്ന മാർക്സിന്റെ വിഖ്യാതമായ ഒരു പ്രസ്താവനയുണ്ട് (The Eighteenth Brumaire of Louis Bonaparte. Karl Marx 1852). മനുഷ്യൻ അവന്റെ ചരിത്രം സ്വയം നിർണ്ണയിക്കുന്നു എന്ന ഈ പ്രസ്താവന എല്ലാ തരത്തിലുള്ള അതിനിർണയ വാദങ്ങളെയും കടപുഴക്കിയെറിയാൻ പര്യാപ്തമാണ് . സാമൂഹിക ഘടനകളും അതിൽ പങ്കാളികളാവുന്ന മനുഷ്യരും (social structure and agents) തമ്മിലുള്ള ബന്ധത്തെ ഇതിൽ വായിച്ചെടുക്കാം. സമൂഹത്തെ മാറ്റിമറിക്കാനുള്ള പ്രവർത്തനങ്ങൾക്കായുള്ള ഊർജം ഇതുവഴി മാത്രമേ കണ്ടെത്താനാവുകയുള്ളൂ. l

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img