തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ “മുത്തം മഴൈ ഇൻട്ര് കൊട്ടി തീരാതോ’ എന്ന പാട്ട് ചിന്മയി പാടിയപ്പോൾ അവിടെ ആരംഭിച്ച ചർച്ച വലിയ രാഷ്‌ട്രീയമാനങ്ങളുള്ളതായിരുന്നു. ആ പാട്ടിലെ ഒരു വരി ” ഇന്നും വരും എന്തൻ കഥൈ…’ (എന്റെ കഥ ഇനിയും വരും…) എന്നാണ്. ചിന്മയി ശ്രീപ്രദയുടെ ജീവിതത്തിനോട് അത്രമേൽ ചേർന്നുനിൽക്കുന്നതാണ് ആ വരികൾ. ആരും സ്വപ്‌നം കാണുന്ന ഒരു കരിയറാണ് ചിന്മയിക്ക് ലഭിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത് കന്നത്തിൽ മുത്തമിട്ടാൽ (2002) എന്ന ചിത്രത്തിനായി എ ആർ റഹ്‌മാൻ സംഗീതം നൽകിയ ‘ഒരു ദൈവം തന്ത പൂവേ’ പാട്ട് പാടിയാണ് സിനിമാജീവിതത്തിന് തുടക്കമിട്ടത്. അതിന് സംസ്ഥാന അവാർഡും ലഭിച്ചു. 2006ൽ സില്ലുനു ഒരു കാതൽ ചിത്രത്തിൽ ഭൂമിക ചൗളയ്ക്ക് വേണ്ടി ശബ്ദം നൽകി ശബ്ദനടിയായും അരങ്ങേറ്റം കുറിച്ചു. ഗായികയും ശബ്ദനടിയുമായി നിരവധി ചിത്രങ്ങൾ. ഭാഷയുടെ അതിരുകൾ താണ്ടി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നു. എന്നാൽ അനീതിയ്‌ക്കെതിരെ ശബ്ദം ഉയർത്തിയപ്പോൾ അധികാര കേന്ദ്രങ്ങൾ നിശബ്ദമാക്കാൻ ശ്രമിച്ചു.
മീ ടു മൂവ്‌മെന്റിന്റെ ഭാഗമായുള്ള തുറന്നുപറച്ചിൽ തമിഴ് സിനിമാ മേഖലയെ പിടിച്ചുകുലുക്കി. തമിഴ് സിനിമാ സംഗീതത്തെ അടക്കി ഭരിക്കുന്ന വൈരമുത്തുവിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദം ഉയർത്തി. സമാന അനുഭവം നേരിട്ടവരുടെ ശബ്ദമായി. ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ പ്രസിഡന്റ് രാധാ രവിക്കെതിരെയുള്ള തുറന്നുപറച്ചിലിന്റെ പേരിൽ യൂണിയനിൽ നിന്ന് പുറത്താക്കി. തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. തമിഴ് സിനിമയിൽ പാടുന്നതിൽനിന്നും ഡബ്ബ് ചെയ്യുന്നതിൽനിന്നും വിലക്ക് നേരിടുന്നതിനിടയിലാണ് തഗ് ലൈഫ് എത്തുന്നത്. വിലക്കുള്ളതിനാൽ സിനിമയുടെ ഹിന്ദി, തെലുങ്ക് പതിപ്പിലാണ് ചിന്മയി പാടിയത്. തമിഴിൽ ദീയാണ് പാടിയത്. എന്നാൽ ഓഡിയോ ലോഞ്ചിൽ ദീ എത്താതെയിരുന്നതിനാൽ ചിന്മയി ആണ് ആ പാട്ട് പാടിയത്. യൂട്യൂബിൽ റിലീസായി മണിക്കൂറുകൾക്കകം അഭിനന്ദനം നിറഞ്ഞു. ‘മുത്തു മഴൈ’ എന്ന പാട്ടിന്റെ ദീ പാടിയ തമിഴ് ഒറിജിനൽ ട്രാക്കിനു പകരം ചിന്മയി പാടിയ ട്രാക്ക് ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ ക്യാമ്പയിൻ വരെ തുടങ്ങി.
നീതിയ്‌ക്കായി പുറത്തെടുത്ത പോരാട്ടവീറിനെ നിശബ്ദമാക്കാൻ ശ്രമിച്ചവർക്കു നേരെ താൻ ഇനിയും ഉയിർകൊള്ളുമെന്ന പ്രഖ്യാപനം നമ്മൾ കണ്ട/കേട്ട ഉയർത്തെഴുന്നേൽപ്പുകളുടെ കഥകളിൽ ഏറ്റവും മിഴിവേറിയ കാഴ്‌ചയായി തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് വേദി മാറി. ചിന്മയെ എന്നും പിന്തുണച്ചിരുന്ന എ ആർ റഹ്മാനു പോലും തഗ്‌ലൈഫിന്റെ തമിഴ് പതിപ്പിൽ നിന്ന് മാറ്റിനിർത്തേണ്ടിവന്നുവെന്ന യഥാർഥ്യം നിലനിൽക്കേയാണ് ഈ സംഭവവികാസങ്ങളുണ്ടായത്. അതേസമയം ഒരു വർഷത്തിൽ 30 ഓളം സിനിമയിൽ പാടിയിരുന്ന തിരക്കേറിയ ഗായിക എന്ന നിലയിൽ നിന്നാണ് തൊഴിൽ നിഷേധത്തിന്റെ കാലം വരുന്നത്. എന്നാൽ വിജയ് ചിത്രം ബിഗിൽ അടക്കം എ ആർ റഹ്മാൻ ഭാഗമായ സിനിമകളിൽ ചിന്മയി പാടി. ഈ കാലയളവിൽ വലിയ പിന്തുണ നൽകിയ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. 96 അടക്കമുള്ള സിനിമകളിൽ അവസരം നൽകി.
വിജയ്–ലോകേഷ് കനകരാജ് ചിത്രം ലിയോയിൽ മാത്രമാണ് ശബ്ദതാരമായത്. ലിയോയുടെ റിലീസിന് മുന്നോടിയായി ഭരദ്വാജ് രംഗന് ലോകേഷ് നൽകിയ അഭിമുഖം അവസാനിക്കുന്നത് ചിന്മയിയെ കുറിച്ച് പറഞ്ഞാണ്. അവരെ തിരിച്ചുകൊണ്ടുവന്നതിൽ സന്തോഷം എന്ന് ഭരദ്വാജ് പറയുമ്പോൾ ലോകേഷ് പറയുന്ന മറുപടി–- ‘എനിക്ക് വിലക്കിനെക്കുറിച്ച് ഒന്നും അറിയണ്ട എന്നാണ്. ആ കഥാപാത്രത്തിന് പൂർണത കിട്ടാൻ തൃഷയ്‌ക്ക് ചിന്മയി ഡബ് ചെയ്യണം’ എന്നാണ്. വളരെ ഷട്ടിലായി എന്നാൽ അതൊരു കിടിലൻ സ്‌റ്റേറ്റ്‌മെന്റായിരുന്നു. വൈരമുത്തുവിനെതിരെ നടത്തിയ തുറന്നുപറച്ചിലിന്റെ പേരിലാണ് ചിന്മയി വിലക്കപ്പെട്ടത്. ആ തുറന്നുപറച്ചിൽ സിനിമയുടെ മറവിൽ അയാൾ നടത്തിയ ലൈംഗീക അതിക്രമണങ്ങളിലേക്ക് ഒരുപാട് അതിജീവിതമാരുടെ ശബ്ദമായി. എന്നാൽ ഒന്നും സംഭവിക്കാത്ത പോലെ കൂടുതൽ പിന്തുണയോടെ വൈരമുത്തു സിനിമയിലും സമൂഹത്തിലും തുടർന്നതിനിടയിലാണ് ഇതുണ്ടാകുന്നത്.
ഇത്രയും തിരിച്ചടി നേരിട്ടപ്പോഴും നയൻതാരയ്‌ക്കെതിരെ രാധാ രവി നടത്തിയ സ്‌ത്രീവിരുദ്ധ പരാമർശത്തെ എതിർത്ത് ആദ്യം രംഗത്ത് വന്നവരിൽ ഒരാളായിരുന്നു ചിന്മയി. നിലനിൽപ്പിനായി നിലപാടിൽ വിട്ടുവീഴ്‌ചയുണ്ടാകില്ല എന്ന പ്രഖ്യാപനമാണ് ചിന്മയിയുടെ ജീവിതം. ആ പോരാട്ടവീറിനു മുന്നിൽ തകരാത്ത ഒരു അധികാര വിലക്കുകളുമില്ല എന്ന് തെളിക്കുകയാണ് ചിന്മയി. തഗ്‌ലൈഫ് എന്ന ചിത്രം തമിഴിലെ ഏറ്റവും വലിയ പരാജയമാകുമ്പോഴും അവിടെ ചിന്മയി വിജയമാകുന്നത് ഈ ഉൾക്കരുത്തിലും നിലപാടുതറയിലുമാണ്. l